ചാനലിനറിയുമോ മലയാളി ജീവിതം?

നാളെ ഒരു ചരിത്രവിദ്യാര്‍ഥി നമ്മുടെ തലമുറയെപ്പറ്റി പഠിക്കുമ്പോള്‍ ആദ്യം കിട്ടുന്ന തെളിവുകള്‍ ടിവി ചാനലുകളുടെ ആര്‍ക്കൈവ്സും കുറെ മലയാള പടങ്ങളുമൊക്കെത്തന്നെയാവും. നമ്മള്‍ ജീവിച്ച ജീവിതം ഇതില്‍നിന്നൊക്കെ അവര്‍ക്ക് കിട്ടുമോ?-ജസ്റ്റിന്‍ മാത്യു എഴുതുന്നു

 

 

കേരളത്തില്‍ ജനിച്ച, മുപ്പത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ള ആണുങ്ങള്‍ താഴെ കാണുന്ന ലിസ്റ്റ് ഒന്ന് നോക്കുക. അതില്‍ പറയുന്ന ഫോട്ടോകളും, തമാശുകളും സാഹിത്യകൃതികളും, യൂട്യുബ് വീഡിയോകളും ഒപ്പം അവയെപ്പറ്റി നടന്ന കുറെ ചര്‍ച്ചകളും മാത്രം വെച്ച് നമ്മുടെ മാനസ്സിക വ്യവഹാരത്തെയും ജീവിതത്തെയും വിലയിരുത്താന്‍ പറ്റുമോ എന്ന് നോക്കുക:
1. സീമയുടെ അവളുടെ രാവുകള്‍ എന്ന സിനിമയിലെ പ്രശസ്തമായ ചില രംഗങ്ങള്‍
2. സില്‍ക്ക് സ്മിത
3. പമ്മന്‍റെ നോവലുകള്‍
4. ഷക്കീല പടങ്ങള്‍ (അതിനെ വെല്ലുന്ന പല മുഖ്യധാര സിനിമകളും)
5. നമ്പൂതിരി ഫലിതങ്ങള്‍
6. മോണിക്ക ലെവിന്‍സ്കിയുടെ ‘വെളിപ്പെടുത്തലുകളുടെ’ മലയാള പരിഭാഷ
7. കാരണവര്‍ വധവും അതിന്‍റെ കാരണങ്ങളും തുടര്‍ന്ന് നടന്ന അറസ്റ്റുകളും സംബന്ധിച്ച വിശദവിവരങ്ങള്‍.
8. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും
9. രഞ്ജിനി ഹരിദാസിനെ ജഗതി കളിയാക്കിയ സാംസ്കാരികഭൂകമ്പം
10. പ്രിഥ്വിരാജ് വീരത്വം
11. മമ്മൂട്ടിയുടെ ‘ആണത്തം’
12. മോഹന്‍ലാല്‍ വക ‘തത്വശാസ്ത്രം’

ഈ ലിസ്റ്റ് ഇങ്ങനെ വലിച്ചുനീട്ടാം. ഇതൊക്കെയാണ് നമ്മള്‍ ജീവിക്കുന്ന കാലത്തെപ്പറ്റി ടിവിയിലും ഇന്റര്‍നെറ്റിലും ഏറ്റവും ‘സുലഭമായ’ വിവരങ്ങള്‍. ഇത്തരം വാര്‍ത്തകള്‍ ഒന്നും വിടാതെ പിന്തുടര്‍ന്നിരുന്ന പണ്ടത്തെ സിനിമാവാരികകളുടെയും ആഴ്ച്ചപ്പതിപ്പുകളുടെയും ഇന്നത്തെ തുടര്‍ച്ച കേബിള്‍ ടിവി ചാനലുകളും ഓണ്‍ലൈന്‍ മാസികകളുമാണ്.

പത്തു വര്ഷം മുന്‍പുവരെ ആഴ്ചയില്‍ ഒരുവട്ടം മുറുക്കാന്‍കടയില്‍ പോയി വാങ്ങി വായിച്ചിരുന്ന ഇത്തരം സംഗതികള്‍ ഇന്ന് ഇരുപത്തിനാലുമണിക്കൂറും ആളുകളെ തേടിവന്നുകൊണ്ടേയിരിക്കുന്നു.
മുകളില്‍ പറഞ്ഞതരത്തിലുള്ള കുറെ ‘വാര്‍ത്തകള്‍’ വെച്ചിട്ടാണ് ‘മലയാളികളുടെ സാംസ്കാരിക പ്രശ്നങ്ങള്‍’ നമ്മുടെ ടി.വി ചാനലുകളും മാസികകളും ഓണ്‍ലൈന്‍ ഉരുപ്പടികളും രൂപപ്പെടുത്തുന്നത്. ഇതൊന്നും ഇടുക്കിയിലെ ഏലക്കാടുകളില്‍ പണിയെടുക്കുന്നവരുടെയോ, കൊച്ചിതുറമുഖത്തെ അനേകം തൊഴിലാളികളുടെ അനുഭവമല്ല, കൊല്ലത്ത് കയര്‍ പിരിക്കുന്നവരുടെയോ, മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയോ, ഇടമലക്കുടിയിലെ ആദിവാസി ഊരുകളുടെയോ, വയനാട്ടിലെ കര്‍ഷകതൊഴിലാളിയുടെയോ, കേരളത്തില്‍ നിറയെയുള്ള അന്യദേശ തൊഴിലാളികളുടെയോ, കേരളത്തിനു പുറത്തുപണിയെടുക്കുന്ന അന്യദേശമലയാളിയുടെയോ പ്രധാനവാര്‍ത്തയല്ല.

നാളെ ഒരു ചരിത്രവിദ്യാര്‍ഥി നമ്മുടെ തലമുറയെപ്പറ്റി പഠിക്കുമ്പോള്‍ ആദ്യം കിട്ടുന്ന തെളിവുകള്‍ ടിവി ചാനലുകളുടെ ആര്‍ക്കൈവ്സും കുറെ മലയാള പടങ്ങളുമൊക്കെത്തന്നെയാവും. നമ്മള്‍ ജീവിച്ച ജീവിതം ഇതില്‍നിന്നൊക്കെ അവര്‍ക്ക് കിട്ടുമോ?

നരസിംഹറാവുവിന്റെയും, മന്മോഹന്റെയും പരിഷ്ക്കരണങ്ങള്‍ അംബാനിമാരെ ആകാശംമുട്ടെ വളര്‍ത്തുകയും, നമ്മളുടെ മുന്‍തലമുറ നടത്തികൊണ്ടിരുന്ന പലചരക്കുകടക്കു മുന്‍പില്‍ അവര്‍ സൂപ്പര്‍മാര്‍ക്കറ്റ് പണിയുകയും ചെയ്ത കാലത്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ നോക്കുന്ന ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയാണോ?
മലയാളികളുടെ ആസ്വാദനനിലവാരം തീരുമാനിക്കുനതിനുള്ള അവകാശം ഈ മാധ്യമ തമ്പുരാക്കന്‍മാര്‍ മൊത്തക്കച്ചവടത്തിനെടുത്തിരിക്കുകയാണ്. അവര്‍ തീരുമാനിക്കും എന്താണ് നമമുടെ ജീവിതമെന്ന്. എന്ത് കാണണമെന്ന്. എന്തു വായിക്കണമെന്ന്. എന്ത് അറിയണമെന്ന്. അതിനവര്‍ ‘അറിയാനുള്ള അവകാശം’ എന്നൊക്കെ വീമ്പു പറയുകയും ചെയ്യും.

സഹ്യപര്‍വ്വതത്തിനും അറബിക്കടലിനുമിടയില്‍ ജനിച്ച ആളുകളുടെ സാംസ്ക്കാരിക പ്രശനങ്ങളും ആസ്വാദനനിലവാരവും. വ്യത്യസ്തമെന്ന് പറഞ്ഞു അവതരിപ്പിക്കുന്ന ഓരോ പുതിയചാനലും അവരുടെ പ്രധാന സമയം നീക്കിവെയ്ക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കിട്ടുന്ന പ്രാധാന്യം കാണിക്കുന്നത്. ഇത്തരം ചില സംഭവങ്ങളെ ചുറ്റിപ്പറ്റി ആളെ വിളിച്ചുകൂട്ടി ചര്‍ച്ചകള്‍ നടത്തിയും, തമ്മില്‍ തല്ലുണ്ടാക്കിയും കോമഡിപരിപാടികള്‍ ചെയ്തും വലിയ വാര്‍ത്താതരംഗങ്ങള്‍ ഉണ്ടാക്കിവിടുന്നതിന്റെ ആവശ്യമുണ്ടോ?

ഇത് പറയാനുള്ള കാരണം മലയാളത്തിലെ കേബിള്‍ടിവി ചാനലുകളിലും ഓണ്‍ലെന്‍ മാസികകളിലും വന്നുകൊണ്ടിരിക്കുന്ന ചില ‘പ്രധാന’ ചര്‍ച്ചകളാണ്.

രണ്ട് രീതിയിലാണ് പ്രധാനമായും മലയാളി സമൂഹ്യജീവിതത്തിപ്പറ്റിയുള്ള വിശകലനങ്ങള്‍ നടക്കുന്നത്.

ഒന്ന്, മലയാളി സംസ്ക്കാരം രഞ്ജിനി ഹരിദാസ്, സന്തോഷ്‌ പണ്ഡിറ്റ്‌, പ്രിഥ്വിരാജ്, മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി ഏതാനും പേരുടെ കൈകളിലാണെന്നു തോന്നും വിധം വന്നുകൊണ്ടേയിരിക്കുന്ന ‘പഠനഗവേഷണങ്ങള്‍’.
ഇവരുടെ ക്രിയകളും, വിക്രിയകളുമാണ് ഒരു നാടിനെ നയിക്കുന്നത് എന്ന രീതിയിലാണ് കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കപ്പെടുന്നത്. കഴിഞ്ഞ ഒരുമാസം മലയാളത്തിലെ ചാനലുകളില്‍ എത്രതവണയാണ് ‘മലയാളസിനിമയെ സന്തോഷ് പണ്ഡിറ്റ് പെരുവഴിയിലാക്കിയോ’ എന്ന പേരില്‍ ആളെ വിളിച്ചുകൂട്ടി തമ്മില്‍ തല്ലുണ്ടാക്കിയത്?

രണ്ട്, കേരളത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എങ്ങനെയാവണമെന്നും സദാചാര-അനാചാര പ്രശങ്ങളെ എങ്ങനെ നേരിടണമെന്നുമുള്ളതുമാണ്. ഗള്‍ഫുകാരന്റെ ഭാര്യയുടെ സദാചാരം കോട്ടം തട്ടാത്തതും, രഞ്ജിനി ഹരിദാസ്‌ സാരിയുടുക്കുന്നതുമായ ഒരു സമത്വ സുന്ദര കേരളവുമാണ് ചാനല്‍ ചര്‍ച്ചകള്‍ മലയാളികള്‍ക്ക് വേണ്ടി സ്വപ്നം കാണുന്നത്.

‘കുഞ്ഞാലിക്കുട്ടിക്കേസ്’ ചര്‍ച്ച നടത്താന്‍ വേണ്ടി ഡിന്നര്‍ സമയ വാര്‍ത്തക്കിടയില്‍ അര മണിക്കൂര്‍ മാറ്റിവെയ്ക്കാന്‍ ചാനലുകള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ല. അത്രയ്ക്ക് വലുതാണ്‌ മലയാളി ‘സദാചാരം’ നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകള്‍ വഹിക്കുന്ന പങ്ക്. റൌഫ് വാ തുറന്നാല്‍ അത് ബ്രേക്കിംഗ് ന്യുസാണ്. കുഞ്ഞാലിക്കുട്ടി സംഭവവും മറ്റും പിന്തുടരാന്‍ കാണിക്കുന്ന വ്യഗ്രത ഏതെങ്കിലും ഭൂസമരത്തിന്റെ കാര്യത്തില്‍ നമ്മുടെ ജനപ്രിയ ടിവികളും അവരുടെ താരമൂല്യമുള്ള അവതാരകരും, സ്ഥിരം ചര്‍ച്ചതൊഴിലാളികളും കാണിക്കുന്നുണ്ടോ എന്ന് നോക്കുക.

ശുംഭന്‍, പൊട്ടന്‍, മാക്രി തുടങ്ങി പല വാക്കുകളുടെയും അര്‍ത്ഥതലങ്ങളെപ്പറ്റി കൂലംകുഷമായി ആലോചിക്കുക, ചര്‍ച്ച നടത്തുക എന്നതാണ് ഏറ്റവും വലിയ സാംസ്കാരിക ഉത്തരവാദിത്വം. കേരളത്തെപ്പറ്റി ഗൌരവമായി പഠിക്കുകയും ആലോചിക്കുകയും ചെയ്യുന്ന എത്രപേര്‍ ഇത്തരം ചര്‍ച്ചകളില്‍ കാര്യഗൌരവമുള്ള അഭിപ്രായം പറയാന്‍ മുന്നോട്ടുവരും? വന്നാല്‍ത്തന്നെ ചാനല്‍ അവതാരകരുടെയും കുറെ സ്ഥിരം ചര്‍ച്ചതൊഴിലാളികളുടെയും’ വാചകക്കസര്‍ത്തിനുമുന്‍പില്‍ ഒന്നും മനസ്സിലാവാതെ ക്യാമറയില്‍ നോക്കിയിരുന്ന് കിട്ടുന്ന യാത്രപ്പടിയും വാങ്ങി വീട്ടില്‍പോകും.

പണ്ട് ക്ലാസ്സിക്കല്‍ ഗ്രീസിലെ അസംബ്ലികളില്‍ ഒരു രീതിയുണ്ടായിരുന്നു. അവിടെ ആര് സത്യം പറയുന്നു എന്നതിന് വലിയ വിലയൊന്നുമില്ല. മറിച്ച്, യുക്തികൊണ്ട് ആര് ആരെ പറഞ്ഞുതോല്‍പ്പിക്കുന്നു എന്നതിലാണ് കാര്യം. മലയാളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ കണ്ടിട്ട് ഇതേ അനുഭവം ഉണ്ടാകാത്തവര്‍ ഈ കുറിപ്പിന് താഴെ എന്നെ തെറിവിളിക്കട്ടെ.

കഴിഞ്ഞ ദിവസം മറ്റൊരു വാര്‍ത്തവന്നു; വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട്ടിലെ കര്‍ഷകര്‍ നടത്തുന്ന ആത്മഹത്യകള്‍ എല്ലാം കാര്‍ഷിക പ്രതിസന്ധി മൂലമല്ല എന്ന് ഉടന്‍ തന്നെ കേരള മുഖ്യമന്ത്രി. ചാനല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചു. എത്ര മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചോ പ്രതികൂലിച്ചോ വിശകലങ്ങള്‍ നടത്തി? എത്ര ചാനലുകള്‍ ഈ വാര്‍ത്തയെപ്പറ്റി ആധികാരികമായി പറയാന്‍ പറ്റുന്ന ആളുകളെ കണ്ടെത്തി ചര്‍ച്ച നടത്തി? നിങ്ങള്‍ ഒന്ന് കണക്കുകൂട്ടുക, കഴിഞ്ഞ ഒരു മാസമായി സന്തോഷ് പണ്ഡിറ്റിനും, മലയാളസിനിമക്കും കിട്ടിയ പ്രാധാന്യവും, ഇപ്പോള്‍ പറഞ്ഞതരത്തിലുള്ള വാര്‍ത്തക്ക് കിട്ടിയ പ്രാധാന്യവും.

ചൂടന്‍ വാര്‍ത്തകളുടെ സമ്പദ്ശാസ്ത്രം
മലയാളത്തിലെ ഒരു പുരോഗമനചാനല്‍ എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ‘ഇന്ത്യവിഷനില്‍’ കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു പ്രധാന വാര്‍ത്ത വന്നു. കേരളത്തില്‍ വന്നു ജോലിചെയ്യുന്ന ഒരു അന്യദേശതൊഴിലാളി കോട്ടയം മെഡിക്കല്‍കോളേജിന്‍റെ വരാന്തയില്‍ ചികിത്സകിട്ടാതെ മരിച്ചു. വ്യക്തിപരമായ ആവശ്യങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യവിഷന്‍ ക്യാമറമാന്‍ മരിച്ച പത്തൊന്‍പതു വയസ്സുകാരന്‍റെ കൂടെയുള്ള ചെറിയകുട്ടി എങ്ങനെയാണ് ആശുപത്രിവരാന്തയിലിരുന്ന് കൃത്രിമശ്വാസോച്ഛാസം കൊടുക്കുന്നതെന്നും കുട്ടി തളര്‍ന്നുറങ്ങിയപ്പോള്‍ രോഗി ശ്വാസം കിട്ടാതെ വലിച്ച് മരണത്തോട് മല്ലിടുന്നതുമായ രംഗങ്ങള്‍ ഉറക്കമിളച്ച് പകര്‍ത്തി ചൂടന്‍ വാര്‍ത്തയായി കൊടുക്കുകയും, ചാനല്‍ ഒന്‍പതുമണി വാര്‍ത്തയില്‍ അര മണിക്കൂര്‍ മാറ്റിവെച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. മലയാളി എന്തുകൊണ്ട് മനുഷ്യത്വമില്ലാത്തവരായി എന്ന് നെഞ്ചത്തടിച്ചു കരഞ്ഞു. (ക്യാമറ താഴെവെച്ച് അന്യനാട്ടുകാരനെ രക്ഷിക്കാന്‍ ആശുപത്രി അധികാരികളെ കാണാമായിരുന്ന ക്യാമറാമാന്‍റെ ‘മനുഷ്യത്വം’ പറഞ്ഞുതേഞ്ഞ ഒരു വിഷയമായതുകൊണ്ട് വീണ്ടും പറയുന്നില്ല).

ചാനലിലെ പ്രധാന വാര്‍ത്തയായി ഇത് അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ‘അരമണിക്കൂര്‍’ വന്‍ ചര്‍ച്ച നടന്നു. രാഷ്ട്രിയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ തന്നെ പങ്കെടുത്തു. എല്ലാവരും അന്യദേശ തൊഴിലാളികളെയോര്‍ത്തു കണ്ണീര്‍ വാര്‍ത്തു. പക്ഷെ, ആ ചൂടന്‍ വാര്‍ത്തകള്‍ക്ക് ശേഷം എന്ത് സംഭവിച്ചു? മുകളില്‍ പറഞ്ഞ ചാനല്‍ അതിനുശേഷം എത്ര പരിപാടികള്‍ ഇതിനു തുടര്‍ച്ചയായി കൊടുത്തു? ആ വാര്‍ത്തയെ പിന്തുടര്‍ന്ന് എത്ര മാധ്യമങ്ങള്‍ ആളെവിളിച്ചു കൂട്ടി ചര്‍ച്ച നടത്തി? പ്രിഥ്വിരാജിന്‍റെ ഭാര്യയുടെ നാവില്‍നിന്ന് വീണ ഒരു
വാചകമാവട്ടെ ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ചാനലുകളും, ചില മുന്‍നിര പത്രങ്ങളും വ്യാകുലപ്പെടുന്നപോലെ ‘സാംസ്കാരികമൂല്യച്യുതി’ മലയാളികളുടെ മാത്രം പ്രശനമല്ല. ചൂടന്‍ വാര്‍ത്തകളുടെ സമ്പത്ശാസ്ത്രമാണ് ‘സദാചാരസംരക്ഷണത്തിന്’ പല മാധ്യമങ്ങളെയും പ്രേരിപ്പിക്കുന്നത് . ബ്രിട്ടിഷ് രാജകുമാരി ഡയാനയ്ക്ക് ജീവന്‍ വരെ നഷ്ട്ടപ്പെട്ടത്‌ അവരെപ്പറ്റിയുള്ള ഗോസ്സിപ്പ് വാര്‍ത്തകളുടെ വിപണിമൂല്യംകൊണ്ടാണ്.

ഇന്ത്യന്‍ നഗരങ്ങളിലെ മുന്‍നിര പത്രങ്ങള്‍ എത്ര പ്രാധാന്യത്തോടെയാണ് ഐശ്വര്യ റായി 11.11.11നു പ്രസവിക്കില്ലേയെന്നു വേവലാതിപ്പെട്ടത്. ദി ഹൂട്ട് എന്ന ഓണ്‍ലൈന്‍ മാസികയുടെ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഐശര്യയുടെ പ്രസവവാര്‍ത്ത പ്രധാന മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് 4.3 ലക്ഷം തവണയാണ്.

നമ്മുടെ ചാനലുകളും, പത്രങ്ങളും സാധാരണമനുഷ്യരെപ്പറ്റിയും അവരുടെ പ്രശങ്ങളെപ്പറ്റിയും വേവലാതിപ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തട്ടെ. സന്തോഷ്‌ പണ്ഡിറ്റ് മലയാള സിനിമയെ നശിപ്പിക്കുമോ എന്നതല്ല, മറിച്ച് മാന്യമായി ജീവിക്കാന്‍ വേണ്ട തൊഴില്‍ കിട്ടുമോ എന്നതാണ് മലയാളി ചെറുപ്പക്കാരെ അലട്ടുന്ന പ്രധാനപ്രശനം. സ്വന്തം മണ്ണില്‍നിന്ന് ഇറക്കിവിടപ്പെടുമോ എന്ന പേടിയും, മണ്ണിനുവേണ്ടിനടത്തുന്ന സമരങ്ങളുമൊക്കെ വാര്‍ത്തയാവട്ടെ, ചര്‍ച്ചയാവട്ടെ.

പക്ഷെ അതൊക്കെ പറഞ്ഞാല്‍ സര്‍ക്കുലഷനും, കാഴ്ചക്കാരുടെ എണ്ണവും കുറയും. കാശുമുടക്കി ചാനല്‍ തുടങ്ങിയ മുതലാളിമാര്‍ സമ്മതിക്കില്ല. അതുകൊണ്ട് അങ്ങനെയൊന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല, നവസാമ്രജ്യത്തോടൊപ്പം കടന്നുവരുന്ന ‘ടാബ്ലോയിഡ്’ സംസ്ക്കാരവും മൂന്നാംപേജു വിപ്ലവങ്ങളും വെച്ച് സാംസ്കാരിക പ്രശ്നങ്ങളും മൂല്യത്തര്ച്ചയുമായി അവതരിപ്പിച്ചു കണ്ണുനീര്‍ വാര്‍ക്കാതിരിക്കുക.

12 thoughts on “ചാനലിനറിയുമോ മലയാളി ജീവിതം?

 1. ഇതൊക്കെ സംഭവം ശരി തന്നെ , മാധ്യമങ്ങളോടുള്ള കലിപ്പ് മൊത്തം എഴുത്തില്‍ കാണാനുണ്ട്. പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ
  യുടുബില്‍ ഇതൊക്കെ ആള്‍ക്കാര്‍ കാണുന്നു എന്നതാണല്ലോ പ്രശ്നം. (ഇത് കണ്ടു ഒരു ചരിത്ര വിദ്യാര്‍ഥിക്ക് വഴിതെറ്റി പോകും എന്നുള്ള ആശങ്ക), എന്ത് കൊണ്ട് കുറെ മലയാളകവിതകളും, നാടന്‍ കലാരൂപങ്ങളും, നാടന്‍ കളികളും അങ്ങനെ കുറെ നല്ല കാര്യങ്ങള്‍ യുടുബില്‍ അപ്‌ലോഡ്‌ ചെയ്യുന്നില്ല (ആരെങ്കിലും ചെയ്തോ എന്ന് അറിയില്ല എന്നതാണ് സത്യം)

  1 . യുട്യൂബ് സൌജന്യമാണ്
  2 . എല്ലാവരുടെയും കയ്യില്‍ ക്യാമറ ഫോണ്‍ ഉണ്ട്

  പിന്നെന്താ പ്രശ്നം? ആര്‍ക്കും താല്പര്യമില്ല. ചാനല്‍ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഭവമാണ്, അവിടെ ലാഭമാണ് പ്രധാനം. ചുവര്‍ ഉണ്ടെങ്കിലെ ചിത്രം എഴുതാന്‍ പറ്റു. ആര്‍ക്കും വേണ്ടാത്ത കാര്യങ്ങള്‍ ഒക്കെ കാശ് മുടക്കി റെക്കോര്‍ഡ്‌ ചെയ്തിട്ട് വെറുതെ കളയാന്‍ അവര്‍ക്കെന്താ തലയ്ക്കു ഓളം ആണോ ?
  സന്തോഷ്‌ പണ്ഡിറ്റ്‌ യുട്യൂബ് ഉപയോഗിച്ചാണ്‌ പ്രശസ്തന്‍ ആയതു. ഒരു സിനിമ വരെ ഒറ്റയ്ക്ക് പുറത്തിറക്കി [ക്വാളിറ്റി ഇവിടെ പ്രശ്നം അല്ല എന്നത് തെളിയിച്ചില്ലേ]

 2. ചാനലിനു അറിയാവുന്നത് ഒന്നു മാത്രമേയുള്ളൂ ” റെറ്റിങ്ങ് ” . അതു മാത്രമാണ് അവരുടെ പരമമായ ലക്‌ഷ്യം. അതിനു വേണ്ടി എന്തു ചെയ്യാനും അവര്‍ ഒരുക്കവുമാണ്. വാര്‍ത്തകള്‍ സൃഷ്ടിചു പെരുപ്പിക്കുമ്പോള്‍ ജീവിതമോ, മരണമോ ഒന്നും അവര്‍ക്ക് ബാധകമല്ല. തലമുറകളെ മുഴുകള്‍ അബദ്ധ ജല്പനങ്ങളില്‍ നിറച്ചു അവര്‍ വാര്‍ത്തെടുക്കുന്നത് യാഥാര്‍ത്‌ധ്യ ബോധമില്ലാത്ത ഒരു മരവിച്ച ജനതയെയാണ്‌ .

 3. മറ്റൊരു മീഡിയ വിശേഷം ഇവിടെ അവതരിപ്പിക്കുന്നു. അറിയപ്പെടുന്ന കേമന്‍ മീഡ്യകള്‍ വരെ സ്ത്രീയുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിലൂടെ എന്ത് സാംസ്‌കാരിക നേട്ടമാണ് പ്രതീക്ഷിക്കുന്നത്? ഏറ്റവും പഴയ മലയാള പത്രങ്ങള്‍ ഉള്പടെയുള്ളവയെക്കുരിച്ചാണ് ഞാന്‍ പറയുന്നത്. ഇത് പ്രദര്ഷിപ്പിചില്ലെങ്കില്‍ പത്രം വിറ്റഴിയില്ലേ? ഇത് കണ്ടിട്ട് ഗോവിണ്ടചാമിമാര്‍ എങ്ങനെ സൌമ്യമാരെ ജീവിക്കാന്‍ അനുവദിക്കും? വര്‍ദ്ധിച്ചുവരുന്ന പീടനങ്ങളുടെ കാരണത്തില്‍ മീഡിയകളുടെ പങ്കു വളരെ വലുതാണ്.

 4. Hi Justine,

  Your argument is valid, but how do you explain the pictures imbibed in your article. The presentation of article killed by itself.

  You may need a better editor!!!

 5. ഈ പറഞ്ഞ വിഷയങ്ങളൊക്കെ കുറച്ചു ദിവസം ലൈവ് ആയി നില്‍ക്കും അത് കഴിയുമ്പോള്‍ അടുത്തത് അല്ലാതെ ഇതിനെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നുമായി കൂട്ടി കെട്ടേണ്ട കാര്യമില്ല

 6. Santhosh Pandit in the Manaorama channel discussion (or its insurgence against him) told that he gave what the Kerala movie viewers deserved. I agree with him.

  On the same note, I think, the reputed media are also doing the same. If the kerala public were offended by the media when they offer them substandard program, they would not watch them. But they lap them up.

  Honestly, if you read the so called news or cultural items that come up in Kerala’s popular news papers through the eye of the media in many countries, they would not be different from SP’s Krishnan &Radha.

  Of course, You are citing a huge problem of Kerala. But first of all, we should look into what is Kerala’s standard and what is its history?

 7. ithellam ennum undu.undaayikondrikkukayum cheyum. athu samoohathinte orubhagam anu. avalude raavukalkku munpu sex films vannittille? silk smithakku munpu sexy nadi maar undaayttille? appol ithellam ennum undayirunnu athorthu vyakulapedenda kaaryam undennu thonnunnilla

 8. ഒരു പക്ഷെ ഇടതു പക്ഷത്തെ ഇകഴ്ടനുള്ള മാധ്യമ ശ്രമങ്ങള്‍ക്കിടെ എപ്പോഴൊക്കെയോ അറിഞ്ഞോ അറിയാതെയോ പ്രത്യയ ശാസ്ത്ര ചര്‍ച്ചകളും ideologistic ആയി ചിന്തിക്കുന്നതും പഴഞ്ചന്‍ മുരട്ടു ഏര്‍പ്പാടാണെന്ന് പുതിയ തലമുറയെ പഠിപ്പിച്ചു വെച്ചിട്ടില്ലേ? സന്ദേശം പോലെയുള്ള സിനിമകള്‍ ഇതില്‍ വലിയ പങ്കു വഹിചിട്ടുമുണ്ട്. ഈ തലമുറയാണ് ഇന്ന് മാധ്യമ രംഗവും മറ്റും കൈയാളുന്നത്.

 9. അവര്‍ ഒടുവില്‍ എന്നെ തേടി വരുമ്പോള്‍ എനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ഉണ്ടാവില്ല!!!

 10. മാധ്യമങ്ങള്‍ നമ്മെ എത്ര മാത്രം വഴി തെറ്റിക്കുന്നു എന്നുള്ള വസ്തുത നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും വഴിമാറി മൂന്നാംകിട ഗോസിപ്പ് വാര്‍ത്തകള്‍ക്കും,മറ്റും പുറകെ പോകുന്ന നമ്മുടെ ചിന്താഗതി മാറ്റാന്‍ സമയം അതിക്രമിച്ചു കഴിഞ്ഞു.!!!!

Leave a Reply

Your email address will not be published. Required fields are marked *