പലതുള്ളി ചലച്ചിത്രങ്ങള്‍

സിനിമയില്‍ വമ്പിച്ചൊരു പരീക്ഷണത്തിന് ഈ വര്‍ഷം ലോകം സാക്ഷിയായി. പങ്കാളിത്തം കൊണ്ട് സിനിമയുടെ ചരിത്രത്തെ അതിജയിച്ച രണ്ട് ഡോക്യുമെന്ററികള്‍ പിറന്നു. ശീലങ്ങളെ അട്ടിമറിക്കുന്ന അദ്ഭുതങ്ങള്‍. ഒറ്റക്കൊറ്റക്കുള്ള സര്‍ഗാത്മക വൃത്തിയുടെ പതിവുപാതയില്‍ ഇടിമുഴക്കം പോലെ, വന്‍ കൂട്ടായ്മകളുടെ പുതുഭാവുകത്വം കടന്നു വരുന്നതിന്റെ സാക്ഷ്യങ്ങള്‍ തന്നെയാണ് ഈ ചിത്രങ്ങള്‍. രാഷ്ട്രീയത്തില്‍ മാത്രമല്ല കലയിലും ജനാധിപത്യം സാധ്യമാണെന്ന് ഇവ വിളംബരം ചെയ്യുന്നു-വര്‍ഗീസ് ആന്റണി എഴുതുന്നു

one day on-earth poster

മാറ്റങ്ങളുടെ ലോകത്ത് ആദ്യം മാറുന്നത് ഭാവുകത്വമാണ്. നമ്മെക്കാള്‍ ഒരടി മുന്നില്‍ അതോടുന്നു. കലയിലെ ഓരോ പരീക്ഷണവും ഈ നിലയിലുള്ള പരിശ്രമങ്ങള്‍ തന്നെയാണ്. സിനിമയില്‍ അത്തരമൊരു പരീക്ഷണത്തിന് ഈ വര്‍ഷം ലോകം സാക്ഷിയായി. പങ്കാളിത്തം കൊണ്ട് സിനിമയുടെ ചരിത്രത്തെ അതിജയിച്ച രണ്ട് ഡോക്യുമെന്ററികള്‍ പിറന്നു. ശീലങ്ങളെ അട്ടിമറിക്കുന്ന അദ്ഭുതങ്ങള്‍.

ഇതില്‍, ആദ്യ സിനിമ ജനുവരിയില്‍ ചിത്രീകരിച്ചു. Life In a Day എന്ന് അതിനു പേര്. 80000 ത്തോളം ആളുകള്‍ ഒന്നിച്ചു നിര്‍മിച്ച ആ ചിത്രം ജനുവരി 27ന് റിലീസ് ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ 11ാം തീയതി രണ്ടാമത്തെ സിനിമ പിറന്നു. അമേരിക്ക കേന്ദ്രമായി രൂപം കൊണ്ട One Day on Earth എന്ന ആ സിനിമയില്‍ പല സ്ഥലങ്ങളിലുള്ള പതിനായിരക്കണക്കിന് മനുഷ്യര്‍ പങ്കാളികളായി. ഒറ്റക്കൊറ്റക്കുള്ള സര്‍ഗാത്മക വൃത്തിയുടെ പതിവുപാതയില്‍ ഇടിമുഴക്കം പോലെ, വന്‍ കൂട്ടായ്മകളുടെ പുതുഭാവുകത്വം കടന്നു വരുന്നതിന്റെ സാക്ഷ്യങ്ങള്‍ തന്നെയാണ് ഈ ചിത്രങ്ങള്‍. രാഷ്ട്രീയത്തില്‍ മാത്രമല്ല കലയിലും ജനാധിപത്യം സാധ്യമാണെന്ന് ഇവ വിളംബരം ചെയ്യുന്നു.

ജീവിതത്തിലെ ഒരു ദിനം
അഞ്ചാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി യുട്യൂബാണ് Life In a Day നിര്‍മ്മിച്ചത്. കെവിന്‍ മക്ഡൊണാള്‍ഡ് എന്ന സംവിധായകന്റെ ഭ്രാന്തന്‍ ആശയമായിരുന്നു ഇത്തരമൊരു പരീക്ഷണത്തിന് വഴിയൊരുക്കിയത്. ഭൂമിയിലെ ഒരു ദിവസത്തെ ജീവിതത്തെ രേഖപ്പെടുത്താന്‍ കഴിയുമോ എന്നതായിരുന്നു അന്വേഷണം. ഇതിനായി 2010 ജൂലൈ 24 എന്ന യൂട്യൂബ് ജന്‍മദിനം അവര്‍ തെരഞ്ഞെടുത്തു. യൂട്യൂബ് വഴിയും പത്രങ്ങള്‍, ടെലിവിഷനുകള്‍ എന്നിവ വഴിയും ഇതിനായി മാസങ്ങള്‍ നീണ്ട പ്രചരണം നടന്നു. ലോകത്താര്‍ക്കും സിനിമയില്‍ പങ്കാളികളാകാം എന്നതായിരുന്നു വാഗ്ദാനം.

ചെയ്യേണ്ടതിത്രമാത്രം. ക്യാമറയെടുക്കുക. എന്തെങ്കിലും പകര്‍ത്തുക. നിങ്ങള്‍ എന്ത് ജോലി ചെയ്യുന്നുവെന്നതോ ഏത് ക്യാമറ കൊണ്ട് ചിത്രീകരിക്കുന്നുവെന്നതോ പ്രശ്നമല്ല. പകര്‍ത്തുന്നത് ഭൂഗോളത്തിലെ ജീവിതവുമായി ബന്ധമുള്ളതെന്തെങ്കിലും ആകണമെന്നേയുള്ളു. അത് യുട്യൂബില്‍ അപ്്ലോഡ് ചെയ്യുക. ഇതായിരുന്നു പരസ്യം. ലോകമെങ്ങുമുള്ള 80000 ത്തോളം ആളുകള്‍ സിനിമയില്‍ പങ്കാളികളായി. ആകെ 4500ഓളം മണിക്കൂര്‍ വീഡിയോ ലഭിച്ചു. 192 രാജ്യങ്ങളില്‍ നിന്നുള്ള ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍.

ജീവന്റെ അപാര വൈവിധ്യങ്ങളാണ് Life In a Day എന്ന ചിത്രം. അതിരുകള്‍ ഇല്ലാത്ത ലോകത്തിന്റെ ഒന്നര മണിക്കൂര്‍ മായക്കാഴ്ച. മനുഷ്യന്‍ എന്ന ചെറിയ വാക്കിന്റെ വലിയ അര്‍ത്ഥത്തില്‍ കാഴ്ചക്കാരെ കുരുക്കിയിടാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്. വിചിത്രമായ ജീവിതാവസ്ഥകളുടെ കൊളാഷാണ് ഇത്. ഡോക്യുമെന്ററിയുടെ ആഖ്യാനത്തെ മറികടന്ന് ഫിക്ഷന്റെ വൈകാരിക തലത്തിലേക്ക് ഇടക്കെങ്കിലും ചിത്രം കടന്നുചെല്ലുന്നു. ജപ്പാനിലെ, അമ്മ മരിച്ച കുഞ്ഞിന്റെ പ്രഭാതം വേദനയുണര്‍ത്തുന്ന ദൃശ്യങ്ങളിലൊന്നാണ്. അംഗോളയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരായ സ്ത്രീകളും അഫ്ഗാനിസ്ഥാനില്‍ ആയോധനകല പരിശീലിക്കുന്ന പെണ്‍കുട്ടികളും കൊറിയക്കാരനായ ലോകസഞ്ചാരിയും അവരുടെ ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചകളാണ്. ഭക്ഷണ ശീലങ്ങളും വസ്ത്രധാരണവും ആരാധനാ രീതികളും തുടങ്ങി വിവിധ സമൂഹങ്ങള്‍ അനുവര്‍ത്തിക്കുന്ന സംസ്കാരിക സവിശേഷതകളിലേക്ക് സിനിമ കടന്നുചെല്ലുന്നു. മനുഷ്യരെ വേര്‍തിരിക്കാനുള്ള കാരണങ്ങള്‍ എത്ര കുറവാണെന്നും ഒരുമിപ്പിക്കാനുള്ള കാരണങ്ങള്‍ എത്രയേറെയാണെന്നും ഈ ഡോക്യുമെന്ററി ആവര്‍ത്തിക്കുന്നു.
മാസങ്ങള്‍ നീണ്ട എഡിറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി Life In a Day ഈ വര്‍ഷം ജനുവരി 27ന് തീയേറ്ററുകളില്‍ എത്തി. പിന്നീട് ഈ ചിത്രം യുട്യൂബ് തങ്ങളുടെ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. 90 മിനിറ്റു ദൈര്‍ഘ്യമുള്ള ആ ചിത്രം ഇപ്പോഴും യുട്യൂബില്‍ സൌജന്യമായി കാണാനാകും.

ഭൂമിയിലെ ഒരു ദിനം
അമേരിക്കന്‍ സിനിമാ വിദ്യാര്‍ത്ഥികളായ കൈല്‍ റുഡിക്, ബ്രാന്‍ഡണ്‍ ലിറ്റ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് one day on earth സാധ്യമാക്കിയത്. 11.11.11 എന്ന കൌതുകം അകമേ വഹിക്കുന്ന ഈ മാസം 11നാണ് ചിത്രീകരിച്ചത്. one day on earth എന്നു പേരിട്ട പദ്ധതിയില്‍ ഐക്യരാഷ്ട്ര സഭയും യുനസ്കോയും നാസയും റെഡ്ക്രോസുമുള്‍പ്പെടെ 60ഓളം സംഘടനകളും സ്ഥാപനങ്ങളും പങ്കെടുത്തു. 11ാ തിയതിയിലെ 24 മണിക്കൂര്‍ സമയഖണ്ഡത്തിനിടെ ഭൂമിയിലെ ജീവിതത്തിന്റെ മുഹൂര്‍ത്തങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്. ആയിരക്കണക്കിന് മണിക്കൂര്‍ വീഡിയോ ഇതിനകം അപ് ലോഡ് ചെയ്തുകഴിഞ്ഞു. (കൃത്യമായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു). പരിചയ സമ്പന്നരായ സംവിധായകര്‍ മുതല്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും ഈ പരിശ്രമത്തില്‍ പങ്കാളികളായി. ഇതിനായി നാസയിലെ ശാസ്ത്രകാരന്‍മാര്‍ ബഹിരാകാശത്തു നിന്നുപോലും ഭൂമിയെ ചിത്രീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ 95 രാജ്യങ്ങളിലെ ഓഫീസുകളില്‍ ചിത്രീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി . റെഡ്ക്രോസ് അവരുടെ ഒന്നരക്കോടിയോളം അംഗങ്ങളോട് പദ്ധതിയില്‍ സഹകരിക്കാന്‍ ആഹ്വാനം ചെയ്തു. എഡിറ്റിംഗും അനുബന്ധ ജോലികളും പൂര്‍ത്തിയാക്കി ചിത്രം അടുത്ത ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക. റിലീസിംഗിനും വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നുണ്ട്. 120 രാജ്യങ്ങളില്‍ ഒരേദിവസം ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.

ഭൂഗോളത്തിന്റെ വൈവിധ്യവും, ജീവിതാവസ്ഥകളും രേഖപ്പെടുത്തുക എന്നതായിരുന്നു ചിത്ര നിര്‍മാണത്തിന്റെ ലക്ഷ്യം. ജനനവും മരണവും മുതല്‍ പ്രഭാതവും പ്രദോഷവും വരെ ചിത്രീകരണ വിഷയങ്ങളായി. രണ്ടര വര്‍ഷം മുന്‍പ് പ്രചരണമാരംഭിച്ച സംരംഭത്തിന് ലോകമെങ്ങുമുള്ള സിനിമാ സ്നേഹികള്‍ അകമഴിഞ്ഞ പിന്തുണ തന്നെ നല്‍കി. വീഡിയോ ഷെയറിംഗില്‍ യുട്യൂബിന്റെ എതിരാളികളായ വിമിയോയും (vimeo), നിങ്ങ ് (ning) എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോം സൈറ്റുമാണ് പദ്ധതിക്ക് സാങ്കേതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചലിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് മനുഷ്യത്വത്തെ ഒപ്പിയെടുക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു. ‘We don’t want to just creat a film, we are trying to create a movement’^ഡോക്യുമെന്ററി സംവിധായകനും മുഖ്യ സൂത്രധാരനുമായ കൈല്‍ റുഡിക് ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.

പങ്കാളിത്ത സിനിമ
സിനിമ എന്ന കലയ്ക്ക് പതിനൊന്ന് ദശാബ്ദത്തിന്റെ ചരിത്രമേയുള്ളു. അതിനാല്‍, അതിന്റെ വ്യാകരണം നമ്മുടെ ഏതൊരു ഭാഷയേക്കാള്‍ ശിശു സമാനമാണ്. ചിലര്‍ക്കിത് പരിമിതിയല്ല. തുറന്ന സാധ്യതയാണ്. കന്നിമണ്ണു കിട്ടിയ കര്‍ഷകനേപ്പോലെയായിരുന്നു ഐസന്‍സ്റീന്‍. ഒരുപക്ഷേ, അദ്ദേഹം സൃഷ്ടിച്ച കാഴ്ചയുടെ കലാപത്തിന് അപ്പുറമുള്ളതൊന്നുമായിരിക്കില്ല ഈ ഡോക്യുമെന്ററികള്‍ തുറക്കുന്ന സാധ്യതകള്‍. പക്ഷേ അത് സിനിമയെ ഒരടിയെങ്കിലും മുന്നോട്ട് നയിക്കുമെന്ന് ഉറപ്പാണ്. ദൃശ്യ-ശബ്ദങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയ ജീവിതത്തിന്റെ ഡയറിക്കുറിപ്പുകളാകും ഈ ഡോക്യുമെന്ററികള്‍ എന്നുറപ്പാണ്. പങ്കാളിത്തത്തിന്റെ സൌകര്യങ്ങളില്‍ നിന്നല്ലാതെ ഇത്തരം നേട്ടങ്ങള്‍ നമുക്ക് ആര്‍ജ്ജിക്കാനാകില്ല.

യുട്യൂബിന്റെ തന്നെ പരിശ്രമ ഫലമായി 2009 ഏപ്രില്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ നടത്തിയ സിംഫണി ഓര്‍ക്കസ്ട്ര ഉച്ചകോടി ആഗോള പങ്കാളിത്തംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സിഡ്നി ഓപ്പറാ ഹൌസില്‍ ഇതിന്റെ രണ്ടാം സീസണ്‍ അരങ്ങേറി. ഇതില്‍ 33 രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 101 പേരാണ് പങ്കെടുത്തത്. ലോകത്ത് ഏറ്റവുമധികം പേര്‍ ലൈവായും അല്ലാതെയും കണ്ട സംഗീത പരിപാടി എന്ന റെക്കോഡ് സിഡ്നി സിംഫണി ഓര്‍ക്കസ്ട്രക്കാണ്. ഇതും യൂട്യൂബില്‍ ലഭ്യമാണ്.

കൂട്ടുപരീക്ഷണങ്ങളുടെ ലാബുകള്‍
കലയില്‍ മാത്രമല്ല ശാസ്ത്രത്തിലും നമുക്ക് ഇത്തരം പങ്കാളിത്ത ജനാധിപത്യത്തിന്റെ ഉദാഹരണങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും. ഫിസിക്സിന്റെ അടിസ്ഥാന തത്വങ്ങളില്‍ ചോദ്യങ്ങളുയര്‍ത്തിയ പരീക്ഷണങ്ങള്‍ക്ക് വേദിയായ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ ഇത്തരത്തിലൊന്നാണ്. പതിനായിരത്തോളം ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരുമടങ്ങുന്ന സംഘമാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 100 രാജ്യങ്ങള്‍ നേരിട്ട് ഇതില്‍ സഹകരിക്കുന്നു. 27 കിലോമീറ്റര്‍ നീളമുള്ള ഒരു ടണല്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ പരീക്ഷണശാല.

Large Hadron Collider

ഇതേക്കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയ ദിവസങ്ങളില്‍ നടത്തിയ സംസാരത്തില്‍, അമേരിക്കയില്‍ സയന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന കൂട്ടുകാരന്‍ അജിത് പരമേശ്വരന്‍ പറഞ്ഞു^’മനുഷ്യന് ഒറ്റക്ക് നേടാവുന്ന അറിവുകളില്‍ പലതും നാം ആര്‍ജിച്ചു കഴിഞ്ഞു. ഇനിയും ചിലതുണ്ടായേക്കാം. എങ്കിലും കൂട്ടായ പരിശ്രമങ്ങളും ബൃഹത്തായ പദ്ധതികളുമാവശ്യമാണ്. ശാസ്ത്രലോകം അത് തിരിച്ചറിഞ്ഞിട്ടുണ്ട്’-പെരിന്തല്‍മണ്ണക്കാരനായ അജിത് പ്രവര്‍ത്തിക്കുന്ന ലൈഗോ സയന്റിഫിക് കൊളാബറേഷനില്‍ 800 ശാസ്ത്രജ്ഞരുണ്ട്. 13 രാജ്യങ്ങളും 60 അന്തര്‍ദേശിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍ സഹകരിക്കുന്നു. പ്രപഞ്ചത്തിന്റെ അജ്ഞാത സീമകളില്‍ നിന്ന് ഭൂമിയെ കടന്നുപോകുന്ന ഗ്രാവിറ്റേഷണല്‍ വേവ്സിനേക്കുറിച്ച് പഠിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

കലയില്‍ ഏകാകികളുടെ സര്‍ഗാത്മകതയുടെ കാലം കഴിഞ്ഞെന്ന് ആരും പറയില്ല. പക്ഷേ കൂട്ടംചേര്‍ന്ന് നാം ചിലത് നേടാനുണ്ടെന്ന് ഈ പരിശ്രമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ജനകീയ പങ്കാളിത്തം ഒരു കലയേയും മഹത്വത്തിലേക്ക് ഉയര്‍ത്തണമെന്നില്ല. അതുവരെ ദര്‍ശിക്കാത്തൊരു വഴിയിലേക്ക് ആസ്വാദകനേയും അയാളുടെ ആസ്വാദന നിലവാരത്തേയും അത് നയിച്ചേക്കാം. ഭാവുകത്വത്തിന്റെ ഒരു സ്ഫോടനം നമുക്കിടയില്‍ സംഭവിക്കുന്നുണ്ട്. കലയിലും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും രാഷ്ട്രീയത്തിലും അത് പുതിയൊരു നിലവാരത്തിന്റെ സാധ്യത നല്‍കുന്നു. രാഷ്ട്രീയമായ ഉള്‍ക്കനത്തോടെ, സാര്‍ദേശീയമായ ജൈവബോധത്തോടെ നാമതില്‍ പങ്കാളികളാകുന്നോ എന്നതാണ് നമ്മോടു തന്നെയുള്ള ചോദ്യം.

3 thoughts on “പലതുള്ളി ചലച്ചിത്രങ്ങള്‍

  1. വര്‍ക്കീ, നീയും ആര്ട്ടിക്കിലും സുന്ദരനായിട്ടുണ്ട് !

  2. പുതിയ ചിന്തകള്‍ വേറിട്ട കാഴ്ചകളിലേക്ക് വഴി തുറക്കുന്നു. നല്ല ആര്‍ട്ടിക്കിള്‍ !!

Leave a Reply

Your email address will not be published. Required fields are marked *