മലയാള സിനിമയില്‍ ഫാഷിസം വരുന്നു

സിനിമാ സമരത്തിനു മറുമരുന്നു കാണാന്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ മുന്‍കൈയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലെ ഒരു തീരുമാനമാണ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി. സിനിമാ രംഗത്ത് അച്ചടക്കം സ്ഥാപിക്കുക എന്ന മറവില്‍ സമ്പൂര്‍ണ മാടമ്പിത്തത്തിന് വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ആരു സിനിമ എടുക്കണമെന്ന് തീരുമാനിക്കാന്‍ സിനിമാ മാടമ്പിമാര്‍ക്ക് അവസരം നല്‍കുന്ന ഈ വ്യവസ്ഥ സമ്പൂര്‍ണ ഫാഷിസ്റ്റ് കാലത്തിന്റെ തുടക്കമാണ്-ആശിഷ് എഴുതുന്നു

 

 

ഒടുക്കം സിനിമാ മാടമ്പികള്‍ വിജയിച്ചു. ഇനി മലയാള സിനിമ പൂര്‍ണമായും തങ്ങളുടെ വരുതിയില്‍. ഒരു വരത്തനും അവിടെ വന്നു കളിക്കില്ല. ഒരു സന്തോഷ് പണ്ഡിറ്റും ആഘോഷിക്കപ്പെടില്ല. തമിഴും ഹിന്ദിയും ഇംഗ്ലീഷും ലോകസിനിമയും കണ്ട് ആവേശഭരിതരായി ഒരു ചെറുപ്പക്കാരനും നേരെ സിനിമയെടുക്കാന്‍ വരില്ല. ഇനി എല്ലാം തങ്ങള്‍ തീരുമാനിക്കും. ആരു സിനിമയെടുക്കണം, എന്തു തരം സിനിമ എടുക്കണം, ആരെയൊക്കെ വെച്ച് സിനിമ എടുക്കണം എന്നെല്ലാം തങ്ങള്‍ നിശ്ചയിക്കും. അതിനുള്ള വഴി ഇതാ മലയാള സിനിമയില്‍ രൂപം കൊണ്ടു കഴിഞ്ഞു-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി. അതാണ് പുതിയ കുതന്ത്രത്തിന്റെ ഓമനപ്പേര്.

സിനിമാ സമരത്തിന്റെ മറവില്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഫെഫ്കയുടെയും നിര്‍മാതാക്കളുടെയും യോഗത്തിലാണ് ഇതിനുള്ള കുറുക്കു വഴികള്‍ക്ക് രൂപം കൊടുത്തത്. മലയാള സിനിമാ വ്യവസായത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിക്കാന്‍ ഒരു സമിതി എന്ന നിലയിലാണ് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ചലച്ചിത്ര നിര്‍മാണ രംഗത്ത് അച്ചടക്കം ഉണ്ടാക്കുക, തട്ടിപ്പുകള്‍ നിയന്ത്രിക്കുക എന്നിങ്ങനെ മധുര മനോഹരമായ കാര്യങ്ങളാണ് ഇതിനായി പുറത്തു പറയുന്നത്.

പുതിയ സമിതി
പദ്ധതി ഇതാ ഇങ്ങനെയാണ്: ചലച്ചിത്ര നിര്‍മാണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപവല്‍കരിക്കും. നിര്‍മാതക്കളുടെയും അമ്മ, ഫെഫ്ക്ക എന്നീ സംഘടനകളുടെയും പ്രതിനിധികള്‍ അടങ്ങിയതായിരിക്കും സമിതി. ആറു പ്രതിനിധികളും ഒരു സര്‍ക്കാര്‍ പ്രതിനിധിയും. ഇനി മുതല്‍ സിനിമ എടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം ഈ സമിതിക്കു മുമ്പാകെ ഹാജരാവണം. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും
സമിതി യോഗം. സംവിധായകനും നിര്‍മാതാവും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും ഒരുമിച്ച് സമിതി യോഗത്തില്‍ ഹാജരായി ചിത്രീകരണം സംബന്ധിച്ച് വിശദീകരിക്കണം. ഈ നിര്‍മാതാവ് നേരത്തെ പ്രതിഫലമോ, മറ്റ് അവകാശങ്ങളോ സംബന്ധിച്ച് ബാധ്യത വരുത്തിയ ആളാണെങ്കില്‍ അപ്പോള്‍ പിടികൂടും. പഴയ പ്രശ്നങ്ങള്‍ കമ്മിറ്റിയിലെ പരിണതപ്രജ്ഞര്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കും. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം സമിതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നിര്‍മാണം തുടങ്ങാനാവൂ. അനുമതി ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് സിനിമ എടുക്കാന്‍ കഴിയില്ല. ഇതാണ് പദ്ധതി. ഇതാണ് മലയാള സിനിമ രക്ഷപ്പെടുത്താനുള്ള ഒറ്റമൂലി എന്ന നിലയില്‍ ചില മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയത്.

പുതിയ ചങ്ങല
ഈ വ്യവസ്ഥകള്‍ പറയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. ഇനി ആര്‍ക്കും സ്വന്തം ഇഷ്ട പ്രകാരം സിനിമ എടുത്ത് പ്രദര്‍ശിപ്പിക്കാനാവില്ല. ഒരു സിനിമയുടെ ആശയവുമായി രംഗത്തിറങ്ങണമെങ്കില്‍പോലും മുഖ്യധാരാ സിനിമാക്കാരുടെ ഈ സംഘടനകളുടെ അനുമതി തേടേണ്ടിവരും. ഇത്തിരി കൂടി തെളിച്ചു പറഞ്ഞാല്‍, സംഘടനാ മാടമ്പികള്‍ക്ക് മുന്നില്‍ ഏറാന്‍ മൂളുന്നവര്‍ക്കോ മൂളാന്‍ തയാറാകുന്നവര്‍ക്കോ അല്ലാതെ ആര്‍ക്കുമിനി മലയാളസിനിമയുടെ ഫ്രെയിമിലേക്ക് കടന്നുവരാനാവില്ല. അങ്ങനെ ചിന്തിക്കാനും.

ഒറ്റ നോട്ടത്തില്‍ ഇത് അച്ചടക്കത്തോടെ മുന്നൊരുക്കത്തോടെ സിനിമയെടുക്കാന്‍ സഹായിക്കുന്ന മഹത്തായ സംവിധാനമാണെന്ന തോന്നലുണ്ടാക്കും. ചില്ലറ തര്‍ക്കങ്ങള്‍ ഈ വേദിയില്‍വെച്ച് രമ്യതയിലെത്തിക്കാനുമാകും. എന്നാല്‍, അതിനപ്പുറം ഭീഷണമായ ചില സന്ദേശങ്ങളാണ് ഈ പുതിയ തീരുമാനം നല്‍കുന്നത്. ഈ മൂന്ന് സംഘടനയെയും വെറുപ്പിച്ച് ആരും സിനിമാ രംഗത്തേക്ക് കടന്നുവരേണ്ടെന്നത് അതിലൊന്ന് മാത്രമാണ്.

പറ്റിയ നേരം
നിരവധി ചെറുപ്പക്കാര്‍ സിനിമയിലേക്ക് കടന്നു വരികയും പുത്തന്‍ പരീക്ഷണങ്ങളുടെ അന്യസംസ്ഥാന മാതൃകകള്‍ മലയാളത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന അതേ സമയത്താണ് പുതിയ സര്‍വാധികാരികള്‍ ചങ്ങലകളുമായി വരുന്നത്. സന്തോഷ് പണ്ഡിറ്റിനെ പോലെ ഒരാളുടെ സിനിമ മുഖ്യധാരാ സിനിമാക്കാരുടെ സകല അപ്രീതിക്കുമിടയില്‍ വിജയിക്കുകയും തമിഴ് , ഹിന്ദി സിനിമകളുടെ ജൈത്രയാത്രയില്‍ മലയാള സിനിമക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകുകയും ചെയ്യുന്ന സമയം കൂടിയാണിത്. ഇവക്കെല്ലാമുള്ള കൂച്ചു വിലങ്ങായിരിക്കും സിനിമാ മാടമ്പിമാരുടെ പുതിയ സമിതി.
പുതിയവര്‍ക്കു മാത്രമല്ല, മാത്രമല്ല, നിലവിലെ സംഘടനാ സെറ്റപ്പിനു പുറത്തുള്ള ഒരാള്‍ക്കും സിനിമ എടുക്കാന്‍ കഴിയാതാവും. ഉദാഹരണത്തിന്, ഇപ്പോള്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ അംഗമായ ഒരാള്‍ എന്തെങ്കിലും തീരുമാനത്തെ എതിര്‍ത്ത് പുറത്തുപോവുന്നുവെന്ന് കരുതുക, അടുത്തൊരു പടം പിടിക്കാന്‍ അയാള്‍ ഒരു പാട് കാലുകള്‍ പിടിക്കേണ്ടി വരും. കണ്‍സള്‍ട്ടേറ്റിംഗ് കമ്മിറ്റിക്ക് മുന്നില്‍ പുതിയ സിനിമ അവതരിപ്പിച്ച് താന്‍ പുറത്തുപോയ സംഘടനയുടെ കൂടി അനുമതിയോടെ മാത്രമേ അയാള്‍ക്ക് സിനിമ തുടങ്ങാന്‍ കഴിയൂ. ഫെഫ്കയില്‍ നിന്നോ അമ്മയില്‍ നിന്നോ പുറത്തു വരുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.

സമ്പൂര്‍ണ കീഴടങ്ങല്‍
ചുരുക്കത്തില്‍, സംഘടനകള്‍ക്കും നേതൃത്വത്തിനുമെതിരെ ഒരു ശബ്ദവും ഇനി ഉയരില്ല. പറയുന്നത് കേള്‍ക്കാത്തവര്‍ വേറെ പണി നോക്കണം. കുറച്ചുനാള്‍ മുമ്പ് മുഖ്യധാരാ സിനിമാക്കാരോട് കലഹിച്ച സംവിധായകന്‍ വിനയന്റെ സിനിമ മുടക്കാന്‍ മേല്‍പ്പറഞ്ഞ സംഘടനകള്‍ നടത്തിയ ശ്രമങ്ങളുടെ മുന്നനുഭവങ്ങള്‍ ഓര്‍ക്കുമ്പോഴാണ് ഇതിന്റെ ഭീകരത മനസിലാവുക. സാഷ്ടാംഗം കാലില്‍ വീണ് മാപ്പിരക്കാത്തവരുടെ കാര്യം ഇനി കട്ടപ്പൊക!

സിനിമാ മോഹവുമായി വരുന്ന യുവാക്കളോ, പ്രസ്ഥാനങ്ങളോ ഈ സംഘടനാപ്രമാണിമാര്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ അവര്‍ക്കും മലയാള സിനിമയിലേക്ക് നോ എന്‍ട്രി തന്നെ. പടച്ചുവിട്ടത് നല്ലതോ മോശമോ എന്നതും ഈ അണ്ണന്‍മാര്‍ തീരുമാനിക്കും. സന്തോഷ് പണ്ഡിറ്റിനെപോലെ ആരുടെയും അനുവാദം വാങ്ങാതെ സ്വന്തം ഇഷ്ടമനുസരിച്ച് പടം പിടിക്കുന്നവരും ഇനി കൂച്ചു വിലങ്ങിലാവും. എന്തിന്, ഇന്ത്യന്‍ നിയമപ്രകാരം ആര്‍ക്കും സിനിമയുമായി കേറിചെല്ലാവുന്ന സെന്‍സര്‍ ബോര്‍ഡില്‍ പോകണമെങ്കില്‍ പോലും സംഘടനകളുടെ ശിപാര്‍ശ കത്ത് വേണം എന്നതാവും ഇനി സ്ഥിതി.

(വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്ന് സാങ്കേതികമേഖലയില്‍ പണി പഠിച്ചു വന്ന യുവാക്കള്‍ക്ക് സംഘടനാംഗത്വം ഇല്ലാത്തതിനാല്‍ ടൈറ്റിലില്‍ പേര് വെക്കാന്‍ പോലും സമ്മതിക്കാത്തവരാണ് ഇവര്‍. സംഘടനാ അംഗമല്ലാത്തവന്‍ ഒന്നുമല്ല. നിര്‍മാതാവിനും സംവിധായകനും ദയതോന്നിയാല്‍ ടൈറ്റില്‍ കാര്‍ഡില്‍ വല്ല ‘ഷോട്ട്സ്’ എന്നോ ‘കട്ട്സ്’ എന്നോ കൊടുക്കുകയായിരുന്നു നടപ്പു രീതി. ഇനി, ഈ പുതിയ ചങ്ങല കൂടി വന്നാല്‍, പിന്നെ എന്താവും അവസ്ഥയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.)
അതായത്, ഇനി മലയാള സിനിമയില്‍ സംഘടനകളെ അനുസരിക്കാത്തവര്‍ ഉണ്ടാകില്ല. മേലില്‍ തര്‍ക്കങ്ങളുണ്ടാകില്ല, എതിര്‍പ്പുകളുണ്ടാകില്ല, സന്തോഷ് പണ്ഡിറ്റുമാരും വിനയന്‍മാരും ഉണ്ടാവില്ല. സ്വപ്നം കണ്ടതുപോലെ തര്‍ക്കരഹിതവും സുന്ദരവുമായൊരു സിനിമാരംഗം. മലയാളത്തില്‍ ഇനി അതിന്റെ കാലമാണ്!

7 thoughts on “മലയാള സിനിമയില്‍ ഫാഷിസം വരുന്നു

 1. അങ്ങനെ ഒരു സംഗതി ഉണ്ടോ … മലയാളം സിനിമയുടെ യഥാര്‍ത്ഥ ഉള്ളു കള്ളികള്‍ ഒന്നും അറിയില്ലെങ്കിലും, എനിക്ക് തോന്നുന്നത് .. ഇത് ഒരു തര്‍ക്ക പരിഹാര സമിതി ആയി പ്രവര്‍ത്തിക്കും എന്നാണു .. അതായത് – ഈ സംഘടനയുടെ മുന്നില്‍ വന്നു “എല്ലാം” പറഞ്ഞു ഉറപ്പിച്ചു കഴിഞ്ഞു നിര്‍മാണം തുടങ്ങി കഴിഞ്ഞാല്‍ പിന്നീടുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും സംഘടനയുടെ ഇടപെടല്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ആവശ്യപ്പെടാന്‍ പറ്റും … മറിച്ചു സംഘടനയുടെ അനുവാദമില്ലാതെ സിനിമ പിടിക്കുന്നവര്‍ക്ക് തര്‍ക്കങ്ങള്‍ ഒക്കെ ഉള്ളില്‍ തന്നെ തീര്‍ക്കേണ്ടി വരും … അങ്ങനെ ഒരു സമ്പ്രദായം ആണെങ്കില്‍ വലിയ പ്രശ്നമുണ്ടാവില്ല എന്ന് തോന്നുന്നു …

  • ഇതെന്തു തോന്നലാണ് സലില്‍.
   സലില്‍ എഴുതിയ കമന്റില്‍ തന്നെയുണ്ടല്ലോ
   കാര്യം ഇത്ര സിംപിള്‍ അല്ലെന്ന്.
   തര്‍ക്കം പരിഹരിക്കേണ്ടത് അതുണ്ടാവുമ്പോഴല്ലേ.
   തുടങ്ങും മുമ്പ് സിനമാ തര്‍ക്കം തീര്‍ക്കുക എങ്ങനെയാണ്.
   സിനിമ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍
   ഇവര്‍ക്ക് എന്തവകാശം. ഇതാണോ തര്‍ക്ക പരിഹാരം.

 2. “സന്തോഷ് പണ്ഡിറ്റുമാരും വിനയന്‍മാരും ഉണ്ടാവില്ല”…

  ആ വാചകം വേണ്ടിയിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ കുന്തം ഉണ്ടാവട്ടെ എന്ന് ചില പ്രേക്ഷകരെങ്കിലും കരുതിയേക്കാം…

 3. ചില പ്രാദേശിക ഭാഷ സിനിമകളെ ഹിന്ദി സിനിമ ഇല്ലാതാക്കുന്നുണ്ട് അതുപോലെ മലയാളത്തിനും സംഭവിച്ചേക്കാം ഞങ്ങള്‍ പ്രേക്ഷകര്‍ക്കു വേണ്ടത് പുതിയ ആളുകളുടെ ഫ്രഷ്‌ സിനിമകളാണ് അല്ലാതെ സിനിമ തമ്പുരാക്കന്മാരെ രണ്ടര മണിക്കൂര്‍ സ്ക്രീനില്‍ കണ്ടുകൊണ്ടു ഇരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല

 4. സംഘടനകളുടെ അപ്രമാദിത്യം മാത്രമേ ഇവിടെ നിലനില്‍ക്കൂ

 5. ഇടതുപക്ഷക്കാരെയാണ് ചവിട്ടേണ്ടത്. ബജറ്റും ആഗ്രഹവുമുണ്ടെങ്കില്‍ പടം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെ പടം പ്രദര്‍ശിപ്പിക്കാനുമുള്ള ഒരു സംവിധാനം അല്ലെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ട ഗൌരവപരമായ സ്ഥിതി വിശേഷം രണ്ടു വര്‍ഷം മുന്പുണ്ടായിരുന്നു. അവര്‍ ഒന്നും ചെയ്തില്ല.ചലച്ചിത്ര അക്കാദമിയുടെ ഒരു പരിപാടിക്ക‌് കണ്ണൂരില്‍ വന്ന മുന്പത്തെ വൈസ് ചെയര്‍മാന്‍ വികെ ജോസഫിനോട് ഈ കുറിപ്പുകാരന്‍ അത് സൂചിപ്പിച്ചപ്പോള്‍ സാറിന് ആ ആശയം മനസ്സിലായതു പോലുമില്ല

Leave a Reply

Your email address will not be published. Required fields are marked *