പെണ്ണ് എഴുതുമ്പോള്‍ മാത്രം തെളിയുന്ന ഞരമ്പുകള്‍

ആധുനിക സൌദി ചെറുകഥാ സാഹിത്യത്തിലെ എഴുത്തമ്മ ശരീഫ അല്‍ ശംലാന്റെ രചനാ ലോകം. ആറു ചെറുകഥാ സമാഹാരങ്ങള്‍ രചിച്ച അവരുടെ എഴുത്തു ലോകത്തെ കവിയും എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ് പരിചയപ്പെടുത്തുന്നു. ഒപ്പം, ശരീഫ അല്‍ ശംലാന്‍ എഴുതിയ ഒരു ‘ജീവിതത്തില്‍നിന്നുള്ള കഷണങ്ങള്‍ എന്ന കഥയുടെ മലയാള പരിഭാഷ. വിവര്‍ത്തനം: മുസഫര്‍ അഹമ്മദ്. ഇല്ലസ്ട്രേഷന്‍സ്: ഒ.ബി നാസര്‍

 

 

പെണ്ണ് എഴുതുമ്പോള്‍ മാത്രം തെളിയുന്ന ഞരമ്പുകള്‍
ആധുനിക സൌദി ചെറുകഥാ സാഹിത്യത്തിലെ എഴുത്തമ്മയാണ് ശരീഫ അല്‍ ശംലാന്‍. ആധുനിക അറബി പെണ്ണെഴുത്തിലും അവര്‍ മുന്‍നിരയില്‍ തന്നെ. പെണ്ണ് എഴുതുമ്പോള്‍ മാത്രം തെളിഞ്ഞ് കാണാവുന്ന ഞരമ്പുകള്‍ അവരുടെ ചെറുകഥാ ലോകത്ത് പടര്‍ന്നും പരന്നും കിടക്കുന്നു.

സൌദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യാ തലസ്ഥാനമായ ദമാമിലാണ് ശംലാന്‍ പാര്‍ക്കുന്നത്. പല ദമാം സന്ദര്‍ശനങ്ങളിലും അവരെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവരുടെ ചിത്രവും കിട്ടിയില്ല. ശംലാന്റെ ഒരു ചെറുകഥ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുന്നത് അവരുടെ സാഹിത്യ ലോകം വായനക്കാര്‍ക്ക് പരിചയപ്പെടാന്‍ സഹായിക്കുമെന്ന് കരുതുകയാണ്.

ഈ കഥയുടെ അറബ് ഇംഗ്ളീഷ് വിവര്‍ത്തക ദല്‍യ കൊഹന്‍ മോര്‍ ഇങ്ങിനെ അഭിപ്രായപ്പെടുന്നു
“ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു യുവതിയുടെ കണ്ണിലൂടെ ‘ഒരു ജീവിതത്തില്‍ നിന്നുള്ള കഷണങ്ങള്‍’ലോകത്തെ അവതരിപ്പിക്കുന്നു. കഥയിലെ നായികയുടെ ജീവിതം അനാഥത്വം, അപമാനം, അവമതി, ഇരയാക്കപ്പെടല്‍ എന്നിവയുടെ കേന്ദ്രമാണ്. പിതാവ് അവളെ നിരക്ഷരയാക്കി വളര്‍ത്തുന്നു. ഇളയമ്മ അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈന്തപ്പനത്തോട്ടം വില്‍ക്കുന്നു. ഡോക്ടര്‍ അവളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നു. നഴ്സ് അവളുടെ മരുന്നുകള്‍ മോഷ്ടിക്കുന്നു. പരിചാരകന്‍ അവളുടെ ഭക്ഷണപ്പൊതിയില്‍ ചെറുകളവുകള്‍ നടത്തുന്നു. നിരന്തരമായ അനീതി നായികയുടെ വ്യക്തിത്വത്തെ കൊത്തി നുറുക്കുന്നു, അവള്‍ക്ക് ഭ്രാന്തിയാവുകയല്ലാതെ മറ്റു വഴിയില്ല എന്നു വരുന്നു. എന്നാല്‍ ആ ഭ്രാന്ത് ചിത്തരോഗാശുപത്രിയില്‍ രോഗിയില്‍ ശാക്തീകരണമായി മാറുന്നു, അവിടെ വെച്ച് അവള്‍ തന്റെ ശബ്ദം പ്രത്യേക രീതിയില്‍ തിരിച്ചെടുക്കുന്നു.”

1946ല്‍ സൌദി- ഇറാഖ് അതിര്‍ത്തിയിലെ സുബൈറിലാണ് ശരീഫ അല്‍ ശംലാന്‍ ജനിച്ചത്. 1968ല്‍ ബഗ്ദാദ് യൂണിവേഴ്സിറ്റിയില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ ശംലാന്‍ ദമാമില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ മേധാവി ആയിരുന്നു. ആറ് ചെറുകഥാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രാദേശിക പത്രങ്ങളിലും മാസികകളിലും അവര്‍ ലേഖനങ്ങള്‍ എഴുതുന്നു.

 

 

ഒരു
ജീവിതത്തില്‍
നിന്നുള്ള
കഷണങ്ങള്‍

വര: ഒ.ബി. നാസര്‍

ഒന്നാമത്തെ കഷണം
എനിക്ക് ഇരുപതു വയസ്സായി. അക്കാര്യം ഉറപ്പാണ്. പത്തു വയസ്സുള്ളപ്പോഴാണ് എന്റെ ഉമ്മ മരിച്ചത്. ഇവിടേക്ക് കൊണ്ടു വരുമ്പോള്‍ വയസ്സ് 17. എന്റെ പ്രായം തിട്ടപ്പെടുത്തുന്നതില്‍ ഒരിക്കലും തെറ്റു പറ്റില്ല. കാരണം എല്ലാ കൊല്ലവും ഞാന്‍ ഓരോ ഈത്തപ്പനകള്‍ നടാറുണ്ട്. ഇവിടെയെത്തിയിട്ട് മൂന്നു വര്‍ഷമായി. എന്റെ പിതാവ് ഇതിനിടെ ചില തവണ എന്നെ കാണാന്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങള്‍ റമദാന്‍ അവസാനത്തിലാണ് സാധാരണ ഉണ്ടാകാറ്.
മറ്റൊരു കഷണം
ഇന്ന് അറഫാ ദിനമാണ്. നാളെയാണ് ബലി പെരുന്നാള്‍. അവര്‍ ഇവിടം അലങ്കരിക്കുന്നത് ബലി പെരുന്നാളിന്റെ പേരിലല്ല. ഡയറക്ടറുടെ സന്ദര്‍ശനം കണക്കിലെടുത്താണ്.
ഞാന്‍ കടലാസിനും പേനക്കും അഭ്യര്‍ഥിച്ചു. എനിക്ക് എന്റെ ഉമ്മക്ക് ദീര്‍ഘമായ ഒരു കത്തെഴുതാനുണ്ടായിരുന്നു. ഉപ്പാക്ക് ഒരു ആശംസ കാര്‍ഡ് അയക്കാനും. അവര്‍ എന്റെ ആവശ്യം തള്ളി. ഞാന്‍ ഡയറക്ടര്‍ക്ക് പരാതി കത്ത് എഴുതി നല്‍കുമെന്ന് അവര്‍ ഭയപ്പെട്ടു. അത് കേട്ട് എന്റെ ഉള്ളില്‍ ഞാന്‍ നിറഞ്ഞു ചിരിച്ചു, എനിക്കെഴുതാന്‍ അറിയില്ലല്ലോ.

 

 

മറ്റൊരു കഷണം കൂടി
ഡയറക്ടറെ വീക്ഷിക്കുമ്പോള്‍ എനിക്ക് വന്‍ തോതില്‍ ചിരി പൊട്ടി. അയാള്‍ ഒരു ഡംബുകാരനാണെന്ന് തോന്നി, ശരിക്കുമൊരു ഡംബുകാരന്‍. അദ്ദേഹത്തിന്റെ ഇരുഭാഗത്തും പുരുഷ നഴ്സുമാര്‍ അംഗരക്ഷകരെപ്പോലെ നിന്നിരുന്നു. തിളങ്ങുന്ന വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട്. ഡയറക്ടര്‍ എന്റെ അടുത്ത് എത്താനായപ്പോള്‍ മുഖ്യ ഡോക്ടര്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പറഞ്ഞു ” അവള്‍ അപകടകാരിയാണ്”.
ഡയറക്ടറുടെ മനോഹരമായ മേല്‍ക്കുപ്പായം തൊടാനായി ഞാന്‍ കൈ നീട്ടി. തിടുക്കത്തില്‍ മുഖത്തൊരു ചിരു വരുത്തി അദ്ദേഹം ചോദിച്ചു, ചെറുപ്പക്കാരീ, നിനക്ക് എന്താണ് വേണ്ടത്?
ആ പുറംകുപ്പായത്തില്‍ ഒന്നു സ്പര്‍ശിക്കണം.
എന്തിന്?
ചെവി അടുത്ത് കൊണ്ട് വരാന്‍ ഞാന്‍ ആംഗ്യം കാട്ടി. പിന്നീട് ചെവിയില്‍ പറഞ്ഞു, അത് വിറ്റാല്‍ എന്തു കിട്ടുമെന്നും ആ പണം എന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് മിഠായി വാങ്ങാന്‍ തികയുമോ എന്നുമറിയാനാണ്.
അദ്ദേഹം ചിരിച്ചു, പിന്നീട് നടന്നു നീങ്ങി.
മുഖ്യ ഡോക്ടറുടെ കണ്ണില്‍ അപ്പോഴും ഭീതി തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.
ഉച്ചസ്ഥായില്‍ ഒരു കഷണം
മുഖ്യ ഡോക്ടറുടെ നില്‍പ്പ് എന്നില്‍ ചിരി ഉണര്‍ത്തി. ഞാന്‍ നഖങ്ങള്‍ കൊണ്ട് വരഞ്ഞ ഭൂപടം ഡോക്ടറുടെ മുഖത്തുണ്ട്. ഒരിക്കല്‍ അയാള്‍ എന്റെ മാനമെടുക്കാന്‍ വന്നു. മൂക്ക് തകര്‍ക്കാന്‍ നോക്കി, നടന്നില്ല. അന്ന് ആകെ കഴിഞ്ഞത് അയാളുടെ രക്തം കൊണ്ട് ഡോക്ടറുടെ മുഖത്ത് വര്‍ണം ചാത്താനായി എന്നതാണ്.
ഒരു ചെറിയ കഷണം
വിതരണക്കാരി ഭക്ഷണം കൊണ്ടു വന്നു. ഞാനൊന്നും ചോദിച്ചില്ല.
അവള്‍ പറഞ്ഞു ഇറച്ചിക്കഷണം അയല്‍വാസിയുടെ പട്ടിക്ക് കൊടുത്തു. അതിന് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു.
‘പട്ടിക്ക് അതിനുള്ള അര്‍ഹതയുണ്ട്’ ഞാന്‍ പറഞ്ഞു.

 

 

തിരശ്ചീനമായ കഷണം
നഴ്സ് പതിവുപോലെ കയ്യിലൊരു സിറിഞ്ചുമായി വന്നു. അത് എന്റെ കൈ ഞരമ്പില്‍ കുത്തിവെക്കേണ്ടതിനു പകരം കയ്യിലുണ്ടായിരുന്ന, വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ചിരുന്ന മറ്റൊരു ട്യൂബിലേക്ക് മരുന്ന് പകര്‍ന്നു. ഞാനത് കാര്യമാക്കിയില്ല. സത്യമാണ് ആ ഇഞ്ചക്ഷന്‍ എന്നെ സുന്ദരമായ ലോകത്തേക്ക് കൊണ്ടു പോകുന്നു… വലിയൊരു പ്രപഞ്ചത്തിലേക്ക്, പക്ഷെ കുറച്ചു കഴിയുമ്പോള്‍ അതെന്നെ ഇരുട്ടില്‍ തള്ളുന്നു. ഭയാനകമായ തലവേദന എന്നെ കൊത്തിപ്പറിക്കുന്നു.
ഞാന്‍ നഴ്സിനോട് പറഞ്ഞു, നിങ്ങള്‍ ഈത്തപ്പനയുടെ മുള്ളുകള്‍ കൊണ്ടു വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
എന്തിന്? അവര്‍ അശ്രദ്ധമായി ചോദിച്ചു.
ആ മുള്ളുകള്‍ കൊണ്ട് എന്റെ കിടക്കക്ക് ചുറ്റും ഒരു വേലി ഉണ്ടാക്കാമായിരുന്നു. ഞാന്‍ മറുപടി പറഞ്ഞു.
ഞാനവരുടെ വയറ്റില്‍ നുള്ളി. അവര്‍ക്ക് ശ്വാസം മുട്ടി. പൊടുന്നെ ഷാള്‍ കൊണ്ട് പുതച്ചു, തിടുക്കത്തില്‍ പുറത്തേക്കിറങ്ങി നഴ്സ് രക്ഷപ്പെട്ടു.

 

 

വേദനയുള്ള കഷണം
ഒരു ദിവസം ഉപ്പ എനിക്ക് കുറച്ചു വളകള്‍ കൊണ്ടു വന്നു. ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വളകള്‍ കൂട്ടുകാരികളെ കാണിച്ചു. രണ്ടാനമ്മ എനിക്ക് മാലകളും പാദസരങ്ങളും വളകളും സമ്മാനിക്കാറുണ്ടായിരുന്നു. പക്ഷെ, ഞാനതിന് വലിയ വില കല്‍പിക്കാറുണ്ടായിരുന്നില്ല. എന്റെ ഉപ്പ സമ്പന്നനായതിലും ഞാന്‍ ആതീവ സന്തുഷ്ടയായിരുന്നു. വളകളെ താലോലിച്ച് ഒരിടത്തിരുന്നു. സൂര്യവെളിച്ചത്തില്‍ അവ തിളങ്ങി.
വലിയൊരു ശബ്ദം ഉയര്‍ന്നു. കൂറ്റന്‍ ട്രാക്ടര്‍ ഞങ്ങളുടെ പൂന്തോട്ടം ഉഴുതു മറിക്കുകയായിരുന്നു. അത് എന്റെ ഈത്തപ്പനകളെ ലക്ഷ്യമിട്ട് ഉരുളാന്‍ തുടങ്ങി. ഞാന്‍ അലറി, വീണ്ടും അലറി… പിന്നീട് ഓടി, ട്രാക്ടറിന് മുന്നില്‍ ചെന്ന് ഇരുന്നു. രണ്ടാനമ്മ എന്നെ അവിടെ നിന്ന് വലിച്ചിഴച്ചു, അവര്‍ പറഞ്ഞു, പൂന്തോട്ടം നമ്മള്‍ വിറ്റു. അവരവിടം റോഡാക്കാന്‍ പോവുകയാണ്. ഞാന്‍ അവരുടെ മുടി പിടിച്ചു വലിച്ചു, മുഖത്ത് നഖംകൊണ്ട് മാന്തി. അവര്‍ ചോദിച്ചു” ആ വളകള്‍ എവിടെ നിന്ന് വന്നുവെന്ന് നീ ചോദിച്ചുവോ”? ഞാന്‍ ആ വളകള്‍ ട്രാക്ടര്‍ ചക്രത്തിനടിയിലേക്ക് വലിച്ചെറിഞ്ഞു, അതിനു ശേഷമാണ് എന്നെ ഇവിടേക്ക് കൊണ്ടു വന്നത്.
അവസാന കഷണം
ഭക്ഷണ വിതരണക്കാരി എന്റെ അടുത്ത് വന്ന് പറഞ്ഞു ” അവര്‍ നിന്നെക്കുറിച്ച് പത്രങ്ങളില്‍ എഴുതിയിരിക്കുന്നു”
എന്ത്?ഞാന്‍ ചോദിച്ചു.
” ഡയറക്ടര്‍ നിന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് മിഠായികള്‍ അയച്ചു കൊടുത്തു”
” കുട്ടികള്‍ സന്തുഷ്ടരാണോ” ഞാന്‍ ചോദിച്ചു
അതെ, അവള്‍ പറഞ്ഞു “നന്ദി അറിയിച്ച് അവര്‍ ഡയറക്ടര്‍ക്ക് ടെലഗ്രാം അയച്ചിട്ടുണ്ട്”

3 thoughts on “പെണ്ണ് എഴുതുമ്പോള്‍ മാത്രം തെളിയുന്ന ഞരമ്പുകള്‍

  1. ചിതറിപോയ ഒരു ജീവിതത്തിന്റെ നേര്‍ചിത്രം പരിഭാഷയിലും ഭംഗി ചോരാതെ,നന്ദി ശ്രീ.മുസാഫിര്‍.

Leave a Reply

Your email address will not be published. Required fields are marked *