പൂനെയിലെ രാത്രികള്‍

നാലാമിടം പ്രസിദ്ധീകരിച്ച ‘സ്ത്രീകള്‍, രാത്രികള്‍\ കവര്‍ സ്റ്റോറിക്ക് മികച്ച പ്രതികരണങ്ങളായിരുന്നു. ധാരാളം പേര്‍ അനുഭവങ്ങളും നിരീക്ഷണങ്ങളും ഞങ്ങള്‍ക്ക് അയച്ചു. അവയില്‍ മികച്ച ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുന്നു. കോഴിക്കോട്ട് അധ്യാപിക ഷാഹിന കെ. റഫീഖിന്റേതാണ് ഈ കുറിപ്പ്

 

ഷാഹിന കെ.റഫീഖ്

 

ഒരു കൂമന്‍ജന്മം ആണ് എന്റേത്. രാത്രി വൈകി മാത്രം ഉറങ്ങുന്ന ശീലം പണ്ടേയുണ്ട്. അടച്ചിട്ട മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ പുസ്തകങ്ങളിലൂടെ, കിനാവുകളിലുടെ ഒരുപാട് യാത്രകള്‍. രാത്രി മഴയും നിലാവുമൊക്കെ ആ ജനല്‍പുറത്തു കണ്ട് തൃപ്തിയടഞ്ഞു. ഒരിക്കലും രാത്രി ഒറ്റയ്ക്ക് പുറത്തു പോവണം എന്നു തോന്നിയിട്ടില്ല, വൈകീട്ട് 6 മണി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ദേഹത്ത് പതിക്കുന്ന നോട്ടങ്ങളും തിരക്കുള്ള ബസിലെ ആണിന്റെ ചൂരുമൊക്കെ ഭയപ്പെട്ടിരുന്നതു കൊണ്ടാവാം. പ്രീഡിഗ്രീകാലത്ത് ഒരിക്കല്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി സൊറ പറഞ്ഞിരുന്ന് നേരം വൈകിയ കാര്യം ഇപ്പോഴും ഓര്‍മയുണ്ട്. ആറു മണി കഴിഞ്ഞു അവളുടെ വീട്ടില്‍ നിന്നിറങ്ങാന്‍. എന്റെ വീട്ടിലേക്ക് അര മണിക്കൂര്‍ ബസ് യാത്രയുണ്ട്. അന്ന് എന്റെ ഹൃദയം എതു ഇന്‍സ്ട്രുമെന്റാണ് കൊട്ടിയത് എന്നറിയില്ല! തട്ടാതെ, മുട്ടാതെ എന്നെ വീട്ടിലെത്തിക്കാന്‍ ഞാന്‍ പെട്ട പാട്! ബസിനു വേഗം പോര എന്നു തോന്നിയ എതോ നിമിഷത്തില്‍ എന്റെ മനസ്സ് ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് ഓടിത്തുടങ്ങിയിരുന്നു.
പഠിക്കുന്ന കാലത്ത് മുഴുവന്‍ ക്ലാസ് കഴിഞ്ഞാല്‍ ‘കിളി’യുമായി പടവെട്ടി എങ്ങനെയെങ്കിലും ബസില്‍ കയറി പറ്റുക, വീട്ടിലെത്തുക എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ഹൈദരാബാദിലെ (EFLU) എം.ഫില്‍ പഠനകാലമാണ് തികച്ചും വ്യത്യസ്തമായ ഒരു കാമ്പസ് അനുഭവം തന്നത്. രാത്രി ഉറക്കമില്ലാത്ത കാമ്പസ്. ഒരു പെണ്ണ് ശരീരം കൊണ്ടുനടക്കുന്നു എന്ന് ഒരിക്കലും ഓര്‍മിപ്പിക്കാത്ത ഒരു കലാലയം. എതു വസ്ത്രവും ധരിക്കാം, മാറത്തു നിന്ന് ഷാള്‍ സ്ഥാനം തെറ്റിയോ എന്നു വേവലാതി പ്പെടേണ്ട. വല്ലാത്ത ഒരു സ്വതന്ത്യ്രം തന്നെ ആയിരുന്നു അത്. ആ കാമ്പസ് മുഴുവന്‍ നട്ടപ്പതിരയ്ക്ക് പാട്ടുപാടി നടന്നിട്ടുണ്ട്, പാതിരയ്ക്കു തുറക്കുന്ന തട്ടുകടയില്‍നിന്ന് ബ്രെഡ് ഓംലെറ്റും കട്ടന്‍ചായയും കഴിച്ചിട്ടുണ്ട്.

പിന്നീട് അധ്യാപികവേഷത്തില്‍ കുട്ടികളെയുംകൊണ്ടുള്ള ഒരു യാത്രയും മറക്കാനാവാത്തതാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ. പകുതി കായലിലേക്ക് പണിതുവെച്ച റിസോര്‍ട്ടില്‍ ഒരു രാത്രി വൈകി എല്ലാവരും ഉറക്കമായപ്പോള്‍ ഞങ്ങള്‍ ചെറിയ ഒരു പെണ്‍കൂട്ടം എന്തൊക്കെയൊ പറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്ന്, തികച്ചും അപ്രതീക്ഷിതമായി, ഞങ്ങള്‍ക്കുവേണ്ടി മാത്രം എന്നപോലെ പെയ്ത ഒരു മഴ അവിടത്തെ മരപ്പാലത്തില്‍ കയറിനിന്ന് ഞങ്ങള്‍ മുഴുവന്‍ കൊണ്ടു. പിറ്റേന്നു രാത്രി പുഴയോരത്തെ ഒരു റിസോര്‍ട്ടിലായിരുന്നു. എതു യാത്രയിലും കാല്‍ നനച്ചു തൃപ്തിപ്പെടേണ്ട പുഴ(/കടല്) അന്നു ഞങ്ങളുടേതായിരുന്നു. ആ രാത്രി നക്ഷത്രങ്ങള്‍ കണ്ട്, പുഴയുടെ തണുപ്പറിഞ്ഞ്, അവളുടെ പാട്ടു കേട്ടു എത്ര നേരം കിടന്നിട്ടുണ്ടാവും! ആര്‍ക്കും മതിവരുന്നില്ലായിരുന്നു. (യാത്ര കഴിഞ്ഞ് എത്തിയപ്പോള്‍ ആവേശത്തോടെ പറഞ്ഞ കഥകള്‍ കേട്ട് ഒരു ആണ്‍സുഹൃത്ത് പേടിപ്പിച്ചിട്ടുണ്ട്, ‘ഒന്നും സേഫ് അല്ല, രാത്രി ഇരുട്ടില്‍ പോലും ഷൂട്ട് ചെയ്യാന്‍ പറ്റിയ കാമറകള്‍ ഉണ്ട്, മരത്തിന്റെ മുകളില്‍ വച്ചിട്ടുണ്ടാവും’ എന്നൊക്കെ. “ഇനി പറഞ്ഞിട്ടു കാര്യമില്ല, ‘അഭിനയിച്ചു’ കഴിഞ്ഞു. ‘പരിചയമുള്ള മുഖം കാണുകയാണെങ്കില്‍ പറയണേ” എന്നു ഞാനും പറഞ്ഞു!) യാത്രയുടെ അവസാനദിവസം നാട്ടികബീച്ചില്‍ കവിതകള്‍ മൂളി, കഥകള്‍ പറഞ്ഞ് ഒരു രാത്രി മുഴുവന്‍. തിരിച്ചു പോരുമ്പോള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സങ്കടമായിരുന്നു, ഇങ്ങനെ ഒരു രാത്രി ഇനി ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവില്ല എന്നോര്‍ത്ത്.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വേറെ ഒരു ദുനിയാവ് തന്നെ ആയിരുന്നു, ഫിലിം അപ്രീസിയേഷന്‍ കോഴ്സിന് ഇന്ത്യയുടെ എലാ ഭാഗത്തു നിന്നും വന്നവര്‍, പിന്നെ ശ്രിലങ്കയില്‍നിന്നും ബംഗ്ലാദേശില്‍നിന്നും ഒന്നുരണ്ടു പേര്‍. എന്നും 4-5 മണി വരെ ക്ലാസ്സ്, അതിനു ശേഷം നാഷനല്‍ ഫിലിം ആര്‍ക്കൈവ്സിന്റെ ഗംഭീര തിയറ്ററില്‍ ദിവസവും രണ്ടു സിനിമ. അതൊരു സ്വപ്നം തന്നെ അയിരുന്നു എനിക്ക്. സിനിമകളും ചര്‍ച്ചകളുമായി കുറെ ദിവസങ്ങള്‍. രാത്രി 10 മണിക്കും തനിയെ ഹോട്ടലില്‍ പോയി ഭക്ഷനം കഴിക്കാം, ഐസ് കാന്‍ഡി നുണഞ്ഞ് റോഡിലുടെ നടക്കാം. ജോണ്‍ എബ്രഹം ഒക്കെ ഇരുന്ന ‘വിസ്ഡം ട്രീ’യുടെ കീഴില്‍ ഇരുന്ന് കാമ്പസിന്റെ രാത്രിബഹളങ്ങളില്‍ മുഴുകാം.

ആ വേനല്‍ചൂടിലേക്ക് പൊടുന്നനെ ആര്‍ത്തലച്ചുവന്ന ഒരു മഴ. എല്ലാ ദൃശ്യങ്ങളും കാമറയില്‍ പകര്‍ത്തി വെക്കാറുള്ള എനിക്ക്് അന്ന് ആ മഴയെ ഫ്രീസ് ചെയ്തുവെയ്ക്കാന്‍ തോന്നിയില്ല. മഴയോട് പ്രണയം തോന്നിയ ആ സായാഹ്നത്തില്‍ പെയ്ത മഴ മുഴുവന്‍ ഞാന്‍ വീഡിയോവില്‍ പകര്‍ത്തി. സാധാരണ കോള്‍ഡ് കോഫി കുടിക്കാറുള്ള ‘സൈക്ക’യില്‍ അന്ന് ചൂടുകാപ്പിക്കായിരുന്നു തിരക്ക്! NFAI യിലേക്കുള്ള നടത്തത്തിനിടയില്‍ മഴ വെള്ളം കുടിച്ച് എന്റെ ചെരിപ്പ് മോക്ഷം പ്രാപിച്ചു, അതു പൊട്ടി! രണ്ടു ഫിലിം സ്ക്രീനിങ്ങും കഴിഞ്ഞ് ചെരിപ്പ് വാങ്ങാന്‍ poyi. പഞ്ചാബി ധാബയിലെ ഭക്ഷണവും കഴിഞ്ഞ് ഇറങ്ങുമ്പോള്‍ നേരം വൈകിയിരുന്നു, ഓട്ടോ അന്വേഷിച്ചു നടന്നു നടന്നു എത്തിയത് ബുധവാര്‍ പേട്ടില്‍, അവിടത്തെ ഒരു ചിന്ന റെഡ്സ്ട്രീറ്റ്. സിനിമകളില്‍ മാത്രം കണ്ടു ശീലിച്ച ഒരു കാഴ്ച. ശരീരം വില്ക്കാന്‍ നില്ക്കുന്ന സ്ത്രീകള്‍, സാരി ഉടുത്ത് മുല്ലപ്പൂ ചൂടിയവരുണ്ട്, ജീന്‍സ് ഇട്ടവരുണ്ട്. വല്ലാത്ത ഒരു കാഴ്ചയായിരുന്നു അത്. പേടിയോടെ ഞാന്‍ സുഹൃത്തിന്റെ കൈ പിടിച്ചമര്‍ത്തി, നാലു ചുവരുകളുടെ സുരക്ഷയെ കുറിച്ച് ഓര്‍ത്തു.

കുറെ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് എഴുതിയ ലേഖനം ഓര്‍മ വരുന്നു. കോഴിക്കോടന്‍ ജീവിതത്തെ കുറിച്ചായിരുന്നു അത്. ഇവിടത്തെ നാടക കൂട്ടായ്മ/ചര്‍ച്ചകളെ കുറിച്ച്, രാത്രിയില്‍ ഉറക്കമില്ലാതെ കേട്ടിരുന്ന മെഹ്ഫിലുകളെ കുറിച്ച്, ആണുങ്ങളുടെ (ആണുങ്ങള്‍ക്കു മാത്രം സാധ്യമായ) സൌഹൃദ കൂട്ടങ്ങളെ കുറിച്ച്, അങ്ങനെ അങ്ങനെ. ഇപ്പോള്‍ കോഴിക്കോടിനു നഷ്ടമായ ആ ഇടങ്ങളെ കുറിച്ചുള്ള ഒരു സങ്കടം പറച്ചിലായിരുന്നു ആ ലേഖനം. ഞാന്‍ അതു വായിച്ച് ഒരു പാട് സന്തോഷിച്ചു, ഇനി മതി, നിങ്ങള്‍ ഒരുപാട് സന്തോഷിച്ചില്ലേ, ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒന്നു എത്തിനോക്കാന്‍ പോലും പറ്റാത്ത ആ ലോകം ഇനി ഒരിക്കലും തിരിച്ചുവരാതെ ഇരിക്കട്ടെ എന്നും പ്രാര്‍ഥിച്ചു, ജിപ്സിയെ പോലെ അലഞ്ഞുനടക്കാന്‍ ആഗ്രഹിക്കുന്ന, പെണ്‍ശരീരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ മനസ്സുകള്‍ക്കും വേണ്ടി.

വിവാഹം സ്ത്രീകളെ കൂടുതല്‍ തളച്ചിടുന്നു എന്ന് എപ്പോഴും കേട്ടിട്ടുണ്ട്,എന്നാല്‍ എനിക്ക് വീണ്ടുകിട്ടുന്ന ഒറ്റയ്ക്കുള്ള യാത്രകളും നിലാവുവീണ വഴികളും ഒക്കെ സമ്മാനിച്ചത് ഈ വിവാഹമാണ്. എവിടെ പോയാലും, പൂച്ചയെ നാടുകടത്തുന്ന പോലെ തിരിച്ചുവരും എന്ന പേടി മാത്രമേ ഉള്ളൂ എന്ന് എന്റെ കെട്ട്യോന്റെ ഭാഷ്യം! ഒമ്പതു മണിക്ക് കിടന്നുറങ്ങുന്ന ഒരു പെണ്ണിനെ കെട്ടണം എന്നും!

15 thoughts on “പൂനെയിലെ രാത്രികള്‍

  • This is a great illustration of the life experience and with all the odds around still found the ray of fullfilament. great job and well done

 1. നല്ല ലേഖനം…വായിച്ചപ്പോ തോന്നി, ബാംഗ്ലൂര്‍ ഓ ഹൈടരാബാദിലോ മറ്റോ മാറി താമസിച്ചാലോ എന്ന്… ഇവിടെ കേരളത്തിലെകാളും പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ആയി നടക്കാലോ.
  ഇവിടെ മലബാര്‍ പോലെ ഉള്ള പ്രാകൃത സ്ഥലങ്ങളില്‍ കഴിഞ്ഞു ജീവിതം ഇല്ലാണ്ടാക്കണ്ടല്ലോ (നമുക്ക് ചെയ്യാവുന്നത് ചെയ്യാം, ബാക്കി വിധി പോലെ). ഇവിടുത്തെ ആണുങ്ങളുടെ മുഖത്ത് നോക്കാത്ത, എന്തോ മാതിരി സ്വഭാവവും പെരുമാറ്റവും കാണിക്കുന്ന പെണ്ണുങ്ങള്‍ എനിക്കും വെറുപ്പായി കഴിഞ്ഞിട്ട് കാലം കുറെയായി. നല്ല സ്ത്രീ സൌഹൃദം മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മലബാര്‍ പോലെ ഉള്ള സ്ഥലങ്ങളില്‍ ഡ്രൈവര്‍മാര്‍, ബെക്കറിക്കാര്‍ ഇവരൊക്കെയാണ് പെണ്ണുങ്ങളുടെ സുഹൃത്തുക്കള്‍. അല്ലെങ്കില്‍ പിന്നെ നാണം കെട്ടു പിറകില്‍ നടന്നു ‘വളക്കണം’. പെണ്ണുങ്ങളോട് സംസാരിക്കുന്നതിനെ ഇവിടെ വളക്കുക എന്നാണു പറയുക. നായിന് കൊടുക്കുന്ന പരിഗണന പോലും ഇവിടെ പെണ്ണുങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് കൊടുക്കൂല. ഒരു തരം രോഗാതുരാര്‍. അവരുടെ പിറകില്‍ ഒളിപ്പിച്ചു നടന്നു വളച്ചു എടുക്കുന്നവരും ആയി അവര്‍ക്ക് വലിയ സൌഹൃദമാണ്. ഇത്തരക്കാര്‍ ഒക്കെ ആണ് ഹീറോകള്‍. വ്യക്തിത്തം ഇല്ലാത്ത ഒരു സ്ത്രീ സമൂഹത്തില്‍ ആണ് കഴിയുന്നത് എന്നാ യാഥാര്‍ത്ഥ്യം മനസ്സില്‍ ഉറപ്പിച്ചാല്‍ മാത്രമേ ഇവിടെ ജീവിക്കാന്‍ പറ്റൂ.

 2. നന്നായിരിക്കുന്നു 🙂 എന്റെ ആശംസകള്‍ , ഇനിയും കൂടുതല്‍ ലേഖനം പ്രതീഷിക്കുന്നു.
  ഒരു കൂമന്‍ജന്മം പെണ്ണിനെ കെട്ടി വിവാഹശേഷം തളച്ചിടാതെ ജീവിതം തുടരുന്ന എന്റെ പ്രിയ സഹോദരന് സ്തുതി .

 3. ഒത്തിരി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം കൊതിപ്പിക്കുകയും ചെയ്ത ഒരു കൊച്ചു ലേഖനം……..എന്‍റെ ഓര്‍മയിലെ സുന്ദരിയായ ഷാഹിന മിസ്സിനെ പോലെ തന്നെ beautiful ആയിട്ടുണ്ട് ഈ ലേഖനം…….ആശംസകള്‍….

 4. Dear Shahina,

  Congratz! Nice read. I don’t know how to comment. U inform an idiot like me that night is often more enjoyable than a day. Keep on writing such fine pieces.

  avira, limewire

 5. Kure kaalamayi parayan vechathe vayichathe pole……….paranjalum paranjalum theerathe amarshangal iniyum baaki……
  night remains richly coloured than the day…
  just loved the writing dear…keep posting…paavam mashe…!!

 6. നന്നായി തോന്നി….
  എന്റെ പെങ്ങളും ഞാനും തര്‍ക്കിക്കുന്നത്‌ പോലെ തോന്നി ….. സത്യമായിട്ടും കേരളത്തിനെ നിങ്ങള്‍ ഇത്രക്കും പേടിക്കുന്നുണ്ടോ??
  കേരളത്തില്‍ മാത്രമോ ഇങ്ങനെ?? വേറെ എവിടെയും ഒന്നും ഇല്ലാ??

Leave a Reply

Your email address will not be published. Required fields are marked *