വാള്‍മാര്‍ട്ടും കൂട്ടരും നമ്മുടെ കട പൂട്ടുമോ?

കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഇന്ത്യയിലെ റീട്ടെയില്‍ മേഖലയുടെ ചിത്രത്തില്‍ കാര്യമായ മാറ്റം കൊണ്ടു വരുമോ? മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ സാധ്യത കുറവാണെന്നാവും ഉത്തരം. എന്നു മാത്രമല്ല തോമസുകുട്ടിയും ഗോപാലന്‍ ചേട്ടനും അബ്ദുള്ളക്കയും വാഴുന്ന ഇന്ത്യന്‍ ചില്ലറ വില്‍പ്പന വിപണി പിടിക്കുകയെന്നത് വാള്‍മാര്‍ട്ടിനെന്നല്ല ഒരു ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമനും അത്ര എളുപ്പമല്ല

 

 

പുലി വരുന്നേ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചൊന്നുമല്ല ഒഴുകി തീര്‍ന്നത്. ഒടുവില്‍ ആ പുലി എത്തി. ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ വൈകാതെ വാള്‍മാര്‍ട്ടും ടെസ്കോയും പോലുള്ള ബഹുരാഷ്ട്ര ഭീമന്മാര്‍ ഇന്ത്യയില്‍ എത്താനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

ടെലികോം മേഖലയിലെ മുന്‍ നിര കമ്പനിയായ ഭാരതിയുമായി കൈകോര്‍ക്കുമെന്ന് വാള്‍മാര്‍ട്ട് നേരത്തെ പ്രഖ്യപിച്ചിട്ടുമുണ്ട്.
മന്ത്രസഭാ യോഗ തീരുമാനം വന്നതോടെ പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ അത് ശക്തി പ്രാപിക്കുമെന്നും പ്രതീക്ഷിക്കാം. പക്ഷെ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഇന്ത്യയിലെ റീട്ടെയില്‍ മേഖലയുടെ ചിത്രത്തില്‍ കാര്യമായ മാറ്റം കൊണ്ടു വരുമോ? മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ സാധ്യത കുറവാണെന്നാവും ഉത്തരം. എന്നു മാത്രമല്ല തോമസുകുട്ടിയും ഗോപാലന്‍ ചേട്ടനും അബ്ദുള്ളക്കയും വാഴുന്ന ഇന്ത്യന്‍ ചില്ലറ വില്‍പ്പന വിപണി പിടിക്കുകയെന്നത് വാള്‍മാര്‍ട്ടിനെന്നല്ല ഒരു ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമനും അത്ര എളുപ്പമല്ല.

മുമ്പും റീട്ടെയില്‍ വില്‍പ്പന മേഖലയില്‍ നിന്ന് സമാനമായ പ്രതിഷേധ സ്വരം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു ഇന്ത്യയിലെ കേര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് റീട്ടെയില്‍ വിപണിയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയപ്പോഴായിരുന്നു അത്. അനുമതി വന്നയുടന്‍ റിലയന്‍സ് ഗ്രൂപ്പും ബിര്‍ലയുമെല്ലാം റീട്ടെയില്‍ ശൃംഖലകളുമായി രംഗത്തുവന്നെങ്കിലും മൂന്നു വര്‍ഷത്തോളം പിന്നിടുമ്പോള്‍ ഇവര്‍ക്ക് നിരത്താനുള്ളത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ്. എന്നു മാത്രമല്ല തോമസുകുട്ടിക്കും ഗോപാലന്‍ ചേട്ടനും അബ്ദുള്ളക്കക്കും ഒരു പോറല്‍ പോലും ഏറ്റുമില്ല. റിലയന്‍സിനും ബിര്‍ലക്കും ചെയ്യാന്‍ കഴിയാത്തത് വാള്‍മാര്‍ട്ടിനും ടെസ്കോയ്ക്കും കഴിയുമോ? ഇല്ലെന്നു തന്നെ ഏറെക്കുറെ ഉറപ്പിച്ചു പറയാം.

പ്രതിവര്‍ഷം ഏകദേശം 30 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയിലെ ചില്ലറ വില്‍പ്പന വിപണി. തുകയുടെ ഈ വലുപ്പമാണ് വിദേശ ഭീമന്മാരെ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. അടുത്തയിടെ യു.എസ് പ്രസിഡന്റ് ബറാക ഒബാമ ഇന്ത്യയില്‍ എത്തിയപ്പോള്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഇന്ത്യ ചില്ലറ വില്‍പ്പന വിപണി വിദേശ നിക്ഷേപത്തിനായി തുറക്കണമെന്നതായിരുന്നു.
എന്നാല്‍ രണ്ടു കാര്യത്തിലാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത്. വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ഭീമന്മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ പോകുന്നതും ഈ രണ്ടു കാര്യങ്ങളില്‍ തന്നെയായിരിക്കും.

വലുപ്പം പോലെ തന്നെ അതിവിശാലമാണ് ഇന്ത്യയിലെ ചില്ലറ വിപണി. ഇവിടെ ഒരു പരിധിക്കപ്പുറം റീട്ടെയില്‍ ശൃംഖലകള്‍ വ്യാപിക്കുക എളുപ്പമല്ല. സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വരുന്ന ചെലവിന് അനുസരിച്ച് വില്‍പ്പന ലഭിക്കുന്നില്ല എന്നതാണ് റിലയന്‍സിന്റെത് ഉള്‍പ്പെടെയുള്ള അനുഭവം.
ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനോഭാവമാണ് റീട്ടെയില്‍ ഭീമന്മാര്‍ക്ക് ഭീഷണയാകാനിടയുള്ള മറ്റൊരു ഘടകം. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളില്‍ നിന്ന് വിശാലമായ വാങ്ങലുകളെക്കള്‍ ഉപരി അപ്പപ്പോള്‍ വേണ്ട വസ്തുക്കള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ഉപഭോക്താക്കളും. ആകെ ഉപഭോക്താക്കളില്‍ 10 ശതമാനത്തോളമേ സൂപ്പര്‍ മാര്‍ക്കറുകള്‍ ഇഷ്ടപ്പെടുന്നവരുളളൂ. വാള്‍മാര്‍ട്ടും ടെസ്കോയും വന്നാലും ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും വരാന്‍ പോകുന്നുമില്ല.
അതുകൊണ്ടുതന്നെ ഇവരെ കാത്തിരിക്കുന്നതും റിലയന്‍സിന്റെ അനുഭവം തന്നെ.

2 thoughts on “വാള്‍മാര്‍ട്ടും കൂട്ടരും നമ്മുടെ കട പൂട്ടുമോ?

  1. കാര്യമൊക്കെ ശരി തന്നെ. അടുത്ത കാലത്തൊന്നും അവര്‍ക്ക് വിപണി പിടിക്കാന്‍ പറ്റില്ല. പക്ഷെ ദീര്‍ഘ കാലത്തേക്കോ? നാഗരിക സംസ്കാരം വളരും തോറും കുത്തകകളുടെ വിപണിയും വളരും. ചെറുകിടക്കാര്‍ ശോഷിക്കുകയും ചെയ്യും. ഇന്ത്യയുടെ നഗരവല്‍ക്കരണം എത്ര വേഗത്തില്‍ നടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്.

Leave a Reply

Your email address will not be published. Required fields are marked *