അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം

നാലു രാത്രി മുന്‍പ് ദല്‍ഹിയിലൊരു സമ്മേളന നഗരിക്ക് തീപിടിച്ച് 16 മനുഷ്യര്‍ വെന്തു മരിച്ചു. പടക്കം പൊട്ടിയാല്‍ പോലും അട്ടിമറിയെന്ന് ഭയക്കേണ്ട പട്ടണത്തില്‍ ഈ തീപ്പിടിത്തത്തെക്കുറിച്ച് യാതൊരു ദുരൂഹതയുമില്ല, ആശങ്കയുമില്ല-തീപിടിച്ചത് ഹിജഡകളുടെ സമ്മേളനപ്പന്തലിനായിരുന്നല്ലോ.സഹായം ചോദിച്ച് വിളിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല എന്നാണ് ദേഹമാസകലം പൊളളലേറ്റ് ആശുപത്രിത്തിണ്ണയില്‍ കിടക്കുന്ന പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. -സവാദ് റഹ്മാന്‍ എഴുതുന്നു

 

ന്യൂദല്‍ഹിയില്‍ അപകടമുണ്ടായ വേദിക്കു പുറത്ത് നിലവിളിക്കുന്ന ഹിജഡ photo courtesy: Kevin Frayer / AP

 

കെട്ടുപൊട്ടിയാല്‍ ആദ്യമൊലിച്ചുപോകുമെന്ന് ദുരന്ത ജ്യോതിഷികള്‍ പേടിപ്പിക്കുന്ന പട്ടണങ്ങളിലൊന്നിലിരുന്നാണ് ഈ കുറിപ്പടിച്ചു കൂട്ടുന്നതെന്നതിനാല്‍ ഈ നിമിഷം വരെ ഡാം ഒരു കുഴപ്പവുമില്ലാതെ നില്‍ക്കുന്നു എന്ന കാര്യത്തില്‍ damn sure! പക്ഷെ ഫെയ്സ്ബുക്കോ, മെയിലോ,ടി.വിയോ എന്തിന് ഫോണിലെ മെസേജ് ഇന്‍ബോക്സോ തുറന്നാലോ? പുതിയ ഡാമിനായി രാഷ്ട്രീയ പ്രമാണിമാരുടെ നെഞ്ചത്തിടിച്ചു കരച്ചിലുകള്‍…ഡാമു പൊട്ടാതിരിക്കാന്‍ സൈബര്‍ പ്രാര്‍ഥനാ യോഗങ്ങള്‍… ബൈക്ക് റാലി, തെരുവുനാടകം, ഡാമു പൊട്ടുമ്പോള്‍ വാഴവെട്ടാന്‍ നില്‍ക്കുന്നവന്റെ സിനിമാ പരസ്യങ്ങള്‍ .. അങ്ങിനെയങ്ങിനെ അടുത്ത ബെല്‍ മുഴങ്ങുന്നതോടെ മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന പ്രതീതി!

rebuild mullaperiyar save millions of human life…………എന്നു തുടങ്ങുന്ന പെരിയാറോളം നീളമുള്ള എസ്.എം.എസ് ഇന്നലെ വന്നു ചാടിയത് 24 തവണ!സാധാരണ ടിന്റുമോന്‍,സര്‍ദാര്‍ജി ഫലിതങ്ങള്‍ മാത്രം അയക്കുന്ന സുഹൃത്തും ഇന്നലെ അയച്ചത് മുല്ലപ്പെരിയാറിനുവേണ്ടിയുള്ള മുദ്രാവാക്യം.ഇതില്‍ ചിരിക്കാനൊന്നുമില്ലല്ലോ എന്ന് മറുപടി കൊടുത്തപ്പോള്‍ അതയാളുടെ ഹൃദയത്തില്‍ ചെന്നുകൊണ്ടു, ഉടനെ വന്നു വിളി:രാജ്യം നാശത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ ക്രൂരമായി പ്രതികരിച്ചതില്‍ പ്രതിഷേധമറിയിക്കാന്‍

‘എന്നതാ ഭായീ പറയുന്നേ, ഡാം പൊട്ടില്ലാന്ന് നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ പറ്റുമോ”?
പൊട്ടിയേക്കാം, ലോകത്തിനു മുന്നില്‍ അമേരിക്കയുടെ ആനക്കൊമ്പുകളായി നിന്ന ട്വിന്‍ ടവറുകള്‍ പൊട്ടുമെന്ന്, പൊട്ടണമെന്ന് ഫിഡല്‍ കാസ്ട്രോയോ ആയത്തുല്ലാ ഖുമൈനിയോ പോലും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല, പക്ഷെ പൊട്ടുക മാത്രമല്ല, പൊടിയായിപ്പോയില്ലേ
”എന്നാലും ഭായീ, ഇത് നമ്മുടെ നാട്ടില്‍…, എറണാകുളവും കോട്ടയവുമടക്കം നാലു ജില്ലകള്‍.. ആളുകളുടെ ജീവനും സ്വത്തും…., നാണ്യവിളകള്‍…”

അവിടെയാണ് പോയിന്റ്. വിമാനത്താവളങ്ങള്‍ പണിയാന്‍, കണ്ടെയ്നര്‍ ടെര്‍മിനലിന്, വ്യവസായ പാര്‍ക്കു പണിയാന്‍, സ്മാര്‍ട്സിറ്റിക്ക്,ഗ്യാസ് അതോറിറ്റിയുടെ വാതകപ്പൈപ്പുകളിടാന്‍, ദേശീയപാതക്ക് വീതികൂട്ടാന്‍ ഇങ്ങിനെ ഓരോ പദ്ധതികളുടെ പേരില്‍ ഏതു നിമിഷവും കുടിയിറക്കപ്പെടാവുന്നവരുടെ പകുതി വരില്ല ഞാനുള്‍പ്പെടെയുള്ള മുല്ലപ്പെരിയാര്‍ പ്രശ്നബാധിതര്‍. ഈ രാജ്യത്തെ കാത്തു നില്‍ക്കുന്ന ഏക ദുരന്തവുമല്ല മുല്ലപ്പെരിയാര്‍. ആയിരം ഡാമുകള്‍ പൊട്ടുന്നതിനേക്കാള്‍ വലിയ ദുരന്തത്തിനു വഴിവെക്കുന്ന ആണവ നിലയങ്ങള്‍ക്കെതിരെ ജെയ്താപൂരും കൂടംകുളവും സമരം തുടങ്ങിയിട്ടു നാളുകളായി.

ആ ജീവന്‍മരണ പോരാട്ടത്തെ പിന്തുണച്ച് ഈ പറയുന്ന രാജ്യസ്നേഹികളിലൊരാളുടെയും ഒരു വരി എസ്.എം.എസുപോലും കണ്ടിട്ടില്ല. ശുക്ലാ സെന്നോ ഡോ.ഉദയകുമാറോ അനിവറോ അയച്ചു തന്ന കൂടംകുളം അപ്ഡേറ്റുകളേറെയും നമ്മുടെ മെയില്‍ബോക്സിനുള്ളില്‍ അണ്‍റീഡ് മെയിലുകളായി കിടക്കുന്നു. വൈകാതെ അവ സ്പാം^ട്രാഷ് ഫോള്‍ഡറുകളിലെത്തും. ഭൂമിയേയും മനുഷ്യനെയും ബാധിക്കുന്ന ഏതൊരു വിഷമത്തിലും വേദനിക്കുന്ന അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു പറ്റം മനുഷ്യര്‍ പതിച്ച പോസ്റ്ററുകളും അവര്‍ നടത്തിയ ജാഥകളുമല്ലാതെ കൂടംകുളം കേരളത്തിന്റെ വ്യാകുലതകളുടെ ഏഴയലത്തുപോലുമെത്തിയില്ല.

രാജ്യത്തോട്, ഭൂമിയോട് വരാനിരിക്കുന്ന തലമുറകളോട് അനീതി കാട്ടരുതെന്ന് മുദ്രാവാക്യം വിളിച്ച, കൂടംകുളം നിലയത്തിനെതിരെ അഹിംസാ മാര്‍ഗത്തില്‍ അടിയുറച്ച് സമരം ചെയ്ത മനുഷ്യ സ്നേഹികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നു-അതിനെ എതിര്‍ത്ത് ഒരു വരി പ്രസ്താവനപോലും ഒരു കോണില്‍ നിന്നും വന്നതായി കണ്ടില്ല. പകരം അണുനിലയം അല്ലാതെ നമ്മുടെ ഊര്‍ജക്കമ്മിക്ക് പരിഹാരമെന്ത് എന്ന ചോദ്യങ്ങള്‍, രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ചില ത്യാഗങ്ങളൊക്കെ വേണ്ടേ തുടങ്ങിയ സാരോപദേശ പ്രസംഗങ്ങള്‍.

 

തീപിടിത്തത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും എത്തിച്ച ആശുപത്രിക്കു പുറത്ത് പൊട്ടിക്കരയുന്ന ഹിജഡയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ photo courtesy: Kevin Frayer / AP

 

2

നാലു രാത്രി മുന്‍പ് ദല്‍ഹിയിലൊരു സമ്മേളന നഗരിക്ക് തീപിടിച്ച് 16 മനുഷ്യര്‍ വെന്തു മരിച്ചു. പടക്കം പൊട്ടിയാല്‍ പോലും അട്ടിമറിയെന്ന് ഭയക്കേണ്ട പട്ടണത്തില്‍ ഈ തീപ്പിടിത്തത്തെക്കുറിച്ച് യാതൊരു ദുരൂഹതയുമില്ല, ആശങ്കയുമില്ല^തീപിടിച്ചത് ഹിജഡകളുടെ സമ്മേളനപ്പന്തലിനായിരുന്നല്ലോ.സഹായം ചോദിച്ച് വിളിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല എന്നാണ് ദേഹമാസകലം പൊളളലേറ്റ് ആശുപത്രിത്തിണ്ണയില്‍ കിടക്കുന്ന പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.ദുരന്തം ഒഴിവാക്കുന്നതില്‍ വീഴ്ച കാണിച്ചവര്‍ക്കെതിരെ നടപടിയില്ല, പകരം സംഘാടകര്‍ക്കെതിരെ കേസ്.

ജീവശാസ്ത്രപരമായ പ്രത്യേകതകളുടെ പേരില്‍ സ്വന്തം കുടുംബങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട കുറെ മനുഷ്യരാണ് അവിടെ സമ്മേളിച്ചിരുന്നത്. വരാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി പ്രാര്‍ഥനകളുമായാണ് അവരവിടെ കൂടിയത്. ഉത്തരേന്ത്യന്‍ തീവണ്ടികളില്‍ ഭിക്ഷചോദിച്ചു വരുന്ന ശല്യങ്ങള്‍ എന്നാണ് ഹിജഡകള്‍ക്ക് മലയാളി കല്‍പ്പിക്കുന്ന അര്‍ഥം. കൃത്യമായ അഭിപ്രായമില്ലാത്തവരെ വിശേഷിപ്പിക്കാനും ആദ്യം മനസിലെത്തുക ഈ പേരു തന്നെ- തെക്കനേഷ്യയിലെ ഏതൊരു പരിസ്ഥിതി മനുഷ്യാവകാശ പ്രശ്നങ്ങളിലും കൃത്യമായ ഇരപക്ഷ നിലപാടെടുക്കുന്നവരാണ് ഈ സമൂഹം എന്ന് നെവര്‍മൈന്റ് മലയാളി എങ്ങിനെയറിയാന്‍?

2008ല്‍ രാജ്യത്തെ നടുക്കി ദല്‍ഹി സ്ഫോടനം നടക്കവെ അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ നാലു തവണ കുപ്പായം മാറ്റുന്ന തിരക്കിലായിരുന്നുവെങ്കില്‍ ചോരയില്‍ കുളിച്ചു കിടന്ന ദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ ആദ്യമോടിയെത്തിയവരില്‍ ഹിജഡക്കൂട്ടങ്ങളുണ്ടായിരുന്നുവെന്നും രക്തദാനത്തിന് സന്നദ്ധത അറിയിച്ച അവരെ ആശുപത്രിക്കാര്‍ അപമാനിച്ച് ഓടിക്കുകയായിരുന്നെന്നും എത്രപേരോര്‍ക്കാന്‍?

അരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്. ആണും പെണ്ണും അല്ലാത്തവരെങ്കില്‍ ഒന്നിനും കൊള്ളാത്ത കെട്ടവര്‍. അങ്ങിനെയുള്ളവര്‍ പഠിച്ചാലെന്ത്, കഴിച്ചാലെന്ത്? ജീവിച്ചാലെന്ത് ചത്താലെന്ത്

അരക്കെട്ടിലെ ലിംഗമല്ല, നെഞ്ചിന്‍കൂട്ടിനുള്ളില്‍ തുടിക്കുന്ന, അന്യന്റെ വേദന തിരിച്ചറിയുന്ന ഹൃദയമാണ് മനുഷ്യര്‍ക്ക് നിര്‍ബന്ധമായും വേണ്ടതെന്ന് എന്നാണു നമ്മള്‍ തിരിച്ചറിയുക?

MORE STORIES ON MULLAPPERIYAR

ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍\വി.എ സംഗീത്

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും\ടി.സി രാജേഷ്

അരുത്, നാം ശത്രുക്കളല്ല\പി.ബി അനൂപ്

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം\ കെ.പി ജയകുമാര്‍

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം\സവാദ് റഹ്മാന്‍

38 thoughts on “അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം

 1. അരക്കെട്ടിലെ ലിംഗമല്ല, നെഞ്ചിന്‍കൂട്ടിനുള്ളില്‍ തുടിക്കുന്ന, അന്യന്റെ വേദന തിരിച്ചറിയുന്ന ഹൃദയമാണ് മനുഷ്യര്‍ക്ക് നിര്‍ബന്ധമായും വേണ്ടതെന്ന് എന്നാണു നമ്മള്‍ തിരിച്ചറിയുക?….
  Hats off Savad Bhai….. Hugs and luv 🙂

 2. Really liked. താങ്കളുടെ വാക്കുകളുടെ മൂര്‍ച്ചയില്‍ ഞാന്‍ പണ്ടേ സന്തുഷ്ടനാണ്. അതിപ്പോ അല്പം കൂടെ കൂടി.

 3. പറയാനുള്ളത് to the point ആയി എഴുതാനറിയാവുന്ന ഒരാളുമില്ലേ നാലാമിടത്തിൽ? കാടും പടലും തല്ലലുകൾ ഒഴിച്ചു നിർത്തിയാൽ മൂന്നോ നാലോ വാചകങ്ങളിൽ ഒതുങ്ങുന്ന content മാത്രമേ പല ആർട്ടികിൾസിനുമുള്ളൂ. For example this.

 4. ചുരുക്കിപ്പറഞ്ഞാൽ കൂടംകുളം സംഭവത്തിനെപ്പറ്റി മലയാളി അഭിപ്രായം പറഞ്ഞില്ല, അതോണ്ട് മുല്ലപ്പെരിയാറിനെപ്പറ്റി അഭിപ്രായം പറയാൻ അവകാശമില്ല. രാജ്യത്തെ മറ്റ് പ്രശ്നങ്ങളെപ്പറ്റി അഭിപ്രായം പറയാത്തതുകൊണ്ട് അഴിമതിക്കെതിരേ അണ്ണാ ഹസാരെ മിണ്ടിപ്പോകരുത് എന്ന അതേ ലൈൻ. ഭേഷ്. സവാദിനെപ്പോലെ നാലു പേർ മതി മുല്ലപ്പെരിയാർ സമരത്തെ ഇങ്ങനെ അവഹേളിച്ച് ഇല്ലാതെയാക്കാൻ.

  • മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴനെ കണ്ടാല്‍ പച്ചക്ക് തീകൊളുത്തണം’ എന്ന മട്ടില്‍ മലയാളിയും മലയാളിയുടെ ശവമടക്ക് നടത്തണമെന്ന് തമിഴ്നാട്ടുകാരും പറയുന്ന വിധത്തില്‍ കപട ദേശീയതയുടെ ആഘോഷമായി ഈ ഇഷ്യൂ വളര്‍ത്തുന്നത് അണ പൊട്ടുന്നത് പോലെ തന്നെ ഭീകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കും

 5. ആയുസ്സെത്തി എന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്ന പറയുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രശ്നത്തില്‍ മലയാളി പ്രതിഷേധിക്കുന്നതില്‍ എന്താണു തെറ്റ് ?
  തമിഴ്‌നാടു ഗവണ്മെന്റിനെ കേന്ദ്രഭരണകൂടം പിന്‍‌താങ്ങുന്നത് ആരെ പേടിച്ചാണ്?
  കേരള സംസ്ഥാനത്തിലെ ജനങ്ങള്‍ക്കു വേണ്ടി, അതു മുല്ലപ്പെരിയാറായാലും എന്‍ഡോ സള്‍ഫാനായാലും , പാര്‍ലമെന്റില്‍ സംസാരിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണു നാം എം പി മാരെ തെരഞ്ഞെടുത്ത് ദില്ലിയിലേയ്ക്ക് അയച്ചിരിക്കുന്നത്?
  മേധാ പട്കറോ അണ്ണാ ഹസാരെയോ അരുന്ധതി റോയിയോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റു പ്രമുഖരോ ഇന്ത്യയിലെ എല്ലാ പൊതു ജന പ്രശ്നങ്ങളിലും അഭിപ്രായം പറയണമെന്നുണ്ടോ?
  ഹര്‍ത്താല്‍ ഒഴികെ കാര്യമായ പ്രതികരണനടപടികളൊന്നും തന്നെ നടത്താത്ത മലയാളികള്‍ , ഇക്കാര്യത്തില്‍ ഒന്നു സമരം ചെയ്യുന്നത് ഏതു രീതിയിലാണ് അപഹാസ്യമാകുന്നത്?
  അമേരിക്കന്‍ ടവറുകളും മുല്ലപ്പെരിയാറും ഏതു വിധത്തിലാണു സമാനത കൈവരിക്കുന്നത്?
  ശിവരാജ് പാട്ടീല്‍ കുപ്പായങ്ങള്‍ മാറുന്നതും മറ്റു ചിലര്‍ കുപ്പായങ്ങളില്‍ ഒളിച്ചിരുന്നതും നാം കണ്ടിട്ടുള്ള കാഴ്ചകള്‍ തന്നെയാണ്. ഇവിടെ ജനപക്ഷത്തിനായി എത്ര നേതാക്കള്‍ ഉണ്ട് എന്നു ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. അതുകൊണ്ടു തന്നെ ജനങ്ങള്‍ ഒന്നിക്കുകയേ രക്ഷയുള്ളു, ഹൃദയമാണു വേണ്ടതെന്നത് സത്യം , അതു കൂടംകുളത്തായാലും മുല്ലപ്പെരിയാറിലായാലും .

  • ആയുസ്സെത്തിയെന്ന് ബോധ്യമായാല്‍ പ്രതിഷേധിക്കണം. പക്ഷേ, മുല്ലപ്പെരിയാറില്‍ ഈ അവസ്ഥ ഇന്നുണ്ടായതല്ല. 1998ലെ അവസ്ഥയില്‍നിന്ന് ഇപ്പോഴും ഒന്നും മാറിയിട്ടില്ല. മാറിയത് സാഹചര്യങ്ങളാണ്. നാടകം പോലൊരു സിനിമ വരുന്നു. അര്‍ഥ വിവരങ്ങളും സത്യങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് കൂട്ടിച്ചേര്‍ത്ത് മനുഷ്യരെ പേടിപ്പിക്കും വിധം പ്രചാരണം നടക്കുന്നു. ഇന്ന് തന്നെ പുതിയ ഡാം പണിയണമെന്ന് മുറവിളി ഉയരുന്നു. അതെങ്ങിനെ പ്രായോഗികമാണ്, ഭൂകമ്പ മേഖലയില്‍ ഇത്തരം വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം പ്രായോഗികമാണ് എന്നതടക്കമുള്ള ചോദ്യങ്ങളൊന്നും ഉയരുന്നില്ല. പകരം തമിഴ് ജനതയെ ശത്രുരാജ്യക്കാരെ പോലെ കാണുന്ന പ്രചാരണങ്ങള്‍ കൊടുമ്പിരി കൊള്ളുന്നു. വിയോജിപ്പിന്റെ സ്വരങ്ങളെയെല്ലാം തമിഴന്റെ കാശു വാങ്ങിയുണ്ടാക്കുന്ന തെന്ന് ആക്ഷേപിക്കുന്നു. നമുക്ക് നെറ്റിലിരുന്ന് ചുമ്മാ പ്രതിഷേധിച്ചാല്‍ മതി. ഈ പ്രചാരണങ്ങള്‍ വിതക്കുന്ന ഭയാശങ്കകളെ, അത് ഈ പ്രദേശത്തെ മനുഷ്യര്‍ക്ക് സമ്മാനിക്കുന്ന മരണഭീതികളെ കാണേണ്ട, ഈ ഭീതിക്കു മറവില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നടത്തുന്ന കോടികളുടെ കച്ചവടലക്ഷ്യങ്ങളുടെ പ്രത്യാഘാതങ്ങള്‍ കാണേണ്ട കാര്യമില്ല. ഈ ആശങ്കകളെ ചൂണ്ടിക്കാട്ടുമ്പോള്‍ മിണ്ടിപ്പോവരുതെന്ന് ധാര്‍ഷ്ഠ്യം കാണിക്കുന്നത് എന്തിന്റെ ലക്ഷണമാണ്.

 6. ഹിജഡകളുടെയും സ്വവര്‍ഗഭോഗികളുടെയും ലൈംഗികത്തൊഴിലാളികളുടെയുമൊക്കെ പ്രശ്‌നങ്ങള്‍ എന്തിന്റെയും ംമുന്നില്‍ വാഴ്ത്തപ്പെടണമെന്നാണ് മറ്റേതൊരു ബുദ്ധിജീവിയെപ്പോലെ ഇതെഴുതിയവന്റെയും ആഗ്രഹം. ശരിതന്നെ. അവരുടെയൊക്കെ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങള്‍ തന്നെ. അതുകൊണ്ട്, ഇടുക്കിയില്‍ കുടിയേറി താമസിച്ചവര്‍ മുല്ലപ്പെരിയാര്‍ പൊട്ടിവരുന്ന വെള്ളത്തില്‍ ഒലിച്ചുപോകണമെന്നു വാശിപിടിക്കുന്നതില്‍ എന്താണര്‍ഥം. സവാദ് റഹ്മാന്‍ എഴുതിയ ലേഖനം, ഇതുപോലെ ന്യൂനപക്ഷമെന്ന് നടിക്കുന്ന അല്ലെങ്കില്‍ മുദ്രകുത്തപ്പെടുന്നവര്‍ക്കുവേണ്ടി എഴുതപ്പെടുന്ന കാക്കത്തൊള്ളായിരാമത്തെ ലേഖനമാണ്. ഇതിന്റെയൊക്കെ ഉദ്ദേശ്യം ബൗദ്ധികമായ കപട നാട്യമാണെന്നു പറയുന്നതില്‍ ദുഃഖമുണ്ട്. കൂടംകുളത്ത് വരാന്‍ പോകുന്ന ആണവനിലയത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് ഓശാനപാടാന്‍ ഇവരുണ്ട്. എന്നാല്‍, നൂറ്റാണ്ടിലേറെയായി ഭീഷണിപ്പെടുത്തുന്ന മുല്ലപ്പെരിയാറിനെക്കുറിച്ച് പറയുമ്പോള്‍ അത് രാഷ്ട്രീയ സമ്മര്‍ദമാകും ഇത്തരക്കാര്‍ക്ക്. ആരാന്റെ പ്രശ്‌നം നമ്മുടേതാക്കി അതില്‍ വേദനകൊള്ളുന്ന കപട ബുദ്ധിജീവിനാട്യം മലയാളിക്കുമാത്രമാണ്. മുല്ലപ്പെരിയാര്‍ പൊട്ടിവന്നാല്‍, തന്റെ കൊച്ചിക്ക് കുഴപ്പം വരില്ലെന്ന സവാദ് റഹ്മാന്റേതടക്കമുള്ള ബുദ്ധിജീവികളുടെ വിശ്വാസമാണ് ഇത്തരം ലേഖനങ്ങള്‍ക്കുപിന്നില്‍.
  അരക്കെട്ടിലെ ലിംഗമല്ല, നെഞ്ചിന്‍കൂട്ടിനുള്ളില്‍ തുടിക്കുന്ന, അന്യന്റെ വേദന തിരിച്ചറിയുന്ന ഹൃദയമാണ് മനുഷ്യര്‍ക്ക് നിര്‍ബന്ധമായും വേണ്ടതെന്ന് എന്നാണു നമ്മള്‍ തിരിച്ചറിയുക? എന്നെഴുതുമ്പോള്‍ വള്ളക്കടവിലും വണ്ടിപ്പെരിയാറിലും അഞ്ചുമലയിലും അയ്യപ്പന്‍ കോവിലിലും ഉപ്പുതറയിലും അതിനുകീഴെ ഇടുക്കി അണകളിലേതെങ്കിലുമൊന്ന് പൊട്ടിയാല്‍ ഒലിച്ചുപോകുന്ന അസംഖ്യം ഗ്രാമങ്ങളിലേതിലെങ്കിലും താമസിക്കുന്നവന്റെ വേദന എന്തുകൊണ്ടാണ് ഈ ബുദ്ധിജീവിള്‍ക്ക് പ്രശ്‌നമല്ലാതാകുന്നത്. ഡല്‍ഹിയിലെ തീപ്പിടുത്തത്തില്‍ മരിച്ചത് ഹിജഡകളായതുകൊണ്ടാമാത്രമാണ് ഈ ലേഖകനടക്കമുള്ളവര്‍ക്ക് അതില്‍ വേദന ഇത്രയും കടുത്തത്. അവിടെ മറ്റാരെങ്കിലുമാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ നാലാമിടത്തില്‍ ഇത്തരമൊരു ബുദ്ധിജീവി വിലാപം വരില്ലായിരുന്നുവെന്ന് സാധാരണ വായനക്കാരനായ എനിക്കുറപ്പുണ്ട്. കാരണം, ഇതുപോലുള്ള ബുദ്ധിജീവി സുഹൃത്തുക്കളുടെ ഹൃദയവിശാലത അത്രയ്ക്കും ഇവിടുത്തെ സാധാരണ ജീവിതങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.

 7. Hats off Savad !!!
  അക്ഷരങ്ങള്‍ നെഞ്ജിടിപ്പാകുന്നു ഈ വായനയില്‍ !

 8. അല്പം അധികമായി പോകുമെന്നറിയാം എങ്കിലും പറയുകയാണ്, ഈ പറയപ്പെടുന്ന നാലു ജില്ലകളും കേരളത്തിലെ ഉന്നത വര്‍ഗ സംവരണ അച്ചായന്‍ മാര്‍ ധാരള ഉണ്ട്, (മറ്റുള്ളവരും ഉണ്ട്) അവരെക്കൂടി നന്നായി ബാധിക്കും എന്ന് കണ്ടപ്പോഴാണ് ഇത്ര ഇളക്കം ഇന്റെര്‍നെറ്റിലും ഫെയ്സിബൂക്കിലും ഇങ്ങനെ പ്രജരണം നടത്താന്‍ കീഴാള അധസ്ഥിതര്‍ക്ക് കഴിയില്ലല്ലോ? അത് തന്നെ അതിന്റെ തെളിവ്. അല്ലെങ്കില്‍ കറുത്തവനെ (കീഴാളനെ) പട്ടികളെ തല്ലിക്കൊല്ലുന്നത് പോലെ ഇപ്പോഴും തല്ലിക്കൊല്ലുന്നു, ആരും അതൊന്നും അരുന്നുപോലും ഇല്ല അറിനജ്ലും ഇവനെ ചകാനുള്ളത് താനേ എന്നാ ഭാവം.

  ലേഖകന്‍ ചൂണ്ടിക്കാട്ടിയ അമിത പ്രസക്തി നല്‍കല്‍ ഒരു തെറ്റായ നിരീക്ഷണമല്ല

 9. ഒരു മാധ്യമ ബുജി …ഈ ലേഖനം
  ഹിജടയുടെ പ്രശ്നം അത് എശുതെ പ്രതികര്ക്കൂ ..പക്ഷെ കേരളത്തിലെ ഒരു പ്രസ്നാതെക്കുറിച്ച് പ്രതികരിക്കാന്‍ കുറെ മാധ്യമ പരിഷകളുടെ അനുവാദം വേണം പോലും..

 10. നടക്കാന്‍ ഏറെ സാധ്യതയുള്ള ഒരു ദുരന്തത്തെ മുന്‍കൂട്ടി കാണാനും അത് ഒഴിവാക്കാന്‍ വേണ്ടത് ചെയ്യാനും ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നും ഇല്ല.. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചിട്ട് കാര്യമില്ല. അമേരിക്ക പോലത്തെ ഒരു സ്ഥലമല്ല കേരളം. അവിടെയായിരുന്നു ഇതെങ്കില്‍ പത്ത് ഡാം ഇതിനോടകം പണി തുടങ്ങിയേനെ.. എന്തായാലും ബുദ്ധിജീവി ആവാന്‍ നടത്തിയ ശ്രമത്തെ അഭിനന്ദിക്കുന്നു… ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം…

 11. പ്രിയരെ,
  പ്രതികരണങ്ങള്‍ക്ക്, വിമര്‍ശങ്ങള്‍ക്ക്,സ്നേഹത്തിന് നന്ദി

  ഇടുക്കി ജില്ലയുടെ പല പ്രദേശങ്ങളിലെയും ജനങ്ങള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയിലാണ് കഴിഞ്ഞുപോരുന്നത്.
  ഈ ദുരവസ്ഥക്ക് ഇടുക്കിയോളം തന്നെ പഴക്കമുണ്ട്.നല്ല റോഡില്ല, കോളേജില്ല. ഏതു മാനദണ്ഡങ്ങളിലും പിന്നോക്കം. കിലോമീറ്ററുകളോളം നടന്നും ഓടിയും സ്കൂളില്‍ പോകുന്ന ശീലം കൊണ്ടാണ് അവിടുത്തെ കുട്ടികള്‍ കായികമേളകളില്‍ ഒന്നാമതെത്തുന്നത്.മുല്ലപ്പെരിയാര്‍ മുല്ലപ്പെരിയാര്‍ എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം പറയുന്നവര്‍ പുറം ലോകത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന വട്ടവട എന്ന ഇടുക്കി ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ആവോ. രണ്ടുരൂപാ അരി കൊടുക്കുന്ന കേരളത്തില്‍ അതു വാങ്ങാന്‍ പോലും പൈസയില്ലാത്ത ആളുകളെ കാണണമെങ്കില്‍ ഫെയ്സ്ബുക്കില്‍ നിന്നിറങ്ങി നിങ്ങള്‍ ഇടുക്കിയിലേക്ക് വരണം. സ്കൂള്‍ യൂണീഫോം വാങ്ങാന്‍ ഗതിയില്ലാത്തതിന് ഇവിടെ വേളാങ്കണ്ണി എന്നൊരു കുഞ്ഞുപെങ്ങള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. നമ്മള്‍ രാവിലെ ബെഡ്ഡിലിരുന്ന് കടുപ്പമുള്ള ചായ കുടിക്കുമ്പോള്‍ ആ തേയിലയുണ്ടാക്കാന്‍ തേയിലത്തോട്ടത്തില്‍ എല്ലുമുറിഞ്ഞ് പണിത മനുഷ്യരുടെ അടുപ്പുപോലും എരിയാറില്ല. മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഈ പ്രദേശങ്ങള്‍ അധികം താമസിയാതെ കൂട്ടമരണത്തിനിരയായും. അത്രയധികമാണ് ഇടുക്കിയിലെ തോട്ടത്തില്‍ വരുത്തന്‍ മുതലാളിമാര്‍ വന്ന് തളിക്കുന്ന മാരക കീടനാശിനികള്‍. മണ്ണില്‍ നിങ്ങള്‍ തളിച്ച വിഷം മൂലം അവര്‍ പിടഞ്ഞു മരിക്കുന്നതില്‍ ആര്‍ക്കും സങ്കടമില്ല-ഡാം തകര്‍ന്നാല്‍ മുതലാളിമാരുടെ തോട്ടങ്ങളും റിസോട്ടുകളും,എറണാകുളത്തും കോട്ടയത്തും അഡ്വാന്‍സ് കൊടുത്തിട്ടിരിക്കുന്ന ഫ്ലാറ്റുകളും നശിക്കുമെന്ന ഭയത്തിലാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ മുറവിളി കൂട്ടുന്നത്. നിങ്ങളുടെ സമ്പത്ത് രക്ഷിക്കാന്‍ നിങ്ങള്‍ മുറവിളി കൂട്ടിക്കോളൂ, പക്ഷെ അവഗണനകൊണ്ട് നിങ്ങള്‍ ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുന്ന ഇടുക്കിക്കാരുടെ ചിലവില്‍ ദയവായി എഴുതരുത്.

  • പ്രിയ സവാദ്,
   ഏതൊരു സാമൂഹിക പ്രശ്നത്തിലും ആദ്യമായി പ്രതികരിക്കുക അതിന്‍റെ ഗുണഭോക്താക്കളും ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവരും ആണ്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച വിഷയത്തില്‍ ഇടപെടേണ്ടത് അതിനു ചുറ്റുമുള്ള ജനങ്ങള്‍ തന്നെയാണ്.
   അതിനെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക് പറ്റുമോ?
   പ്രതികരിക്കാത്ത ഒരു സമൂഹം നമുക്കെന്തിനാണ്.

   വട്ടവടയിലെ ജനങ്ങളുടെ ദുരിതം എന്താണ്?
   ഇന്നും സ്ത്രീകള്‍ വിറകുകെട്ടുമായി സ്വന്തം വീടിന്‍റെ തറയെക്കാള്‍ മിനുസമാര്‍ന്ന റോഡിലൂടെ കാല്‍നടയായി പോകുന്നു. ആര്‍ക്കുവേണ്ടിയാണ് ഈ റോഡ്‌?
   ആരൊക്കെയാണ് ഭൂഉടമകള്‍? ജനങ്ങള്‍ പ്രതികരിക്കണം.
   അതോ അവിടെ ഭൂരിഭാഗം ജനങ്ങള്‍ തമിഴ് സംസാരിക്കുന്നവര്‍ ആയതു കൊണ്ട് അവരുടെ കാര്യംനമുക്ക് വേണ്ടേ എന്നുണ്ടോ?
   ആരാണ് ഇന്ന് ഹിജഡകള്‍, സമൂഹമോ അതോ ഭരണകൂടമോ?

 12. ഹിജഡകൽ നേരിടുന്ന അവഗണനയെക്കുറിച്ച് എഴുതിയതിൽ നന്ദി. അവരുടെ ഇടയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സംഘടനയ്ക്ക് വേണ്ടി പ്രവർത്തിയ്ക്കുന്നതിനാൽ മുൻപ് കണ്ട കാഴ്ചകളേക്കാൾ അവരെ മനസിലാക്കുവാൻ സാധിയ്ക്കുന്നു. അവരോടുള്ള അവഗണനയും മേലാളന്മാരോടുള്ള പരിഗണനയും ലേഖനത്തിൽ വിമർശിച്ചിരിയ്ക്കുന്നു. അഭിനന്ദനം. ഇനിയും മൂർച്ചയുള്ള ലേഖനങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

 13. ഇതാ വീണ്ടും ഇടുക്കിയെകുരിച്ചുള്ള ഒരു ഒരു രോദനം … രാഷ്ട്രന്തരിയ ബുദ്ധിജീവികള് ലോക്കല്‍ മനിപുലറ്റെര്സും പറഞ്ഞു കൊണ്ടിരുന്നത് വനം വെട്ടി പ്രകൃതിയെ നശിപ്പിച്ച അച്ചായന്മാരുടെ കഥകള്‍ … കഥകള്‍ , വരുത്താന്‍ മാരെന്നും പിന്നെ മുതലാളിയെന്നും മാധ്യമ പാണന്മാര്‍ പാട്ട് തുടങ്ങിയിട്ട് കാലം കുറെ ആയി കുടിയെട്ടകാരനെകുരിചോന്നുമറിയാതെ… വെറുതെ ഉന്നത വര്‍ഗം, കീഴാളന്‍ എന്നുപറയുന്നു .. നിങ്ങളൊക്കെ ആണ് ദന്തഗോപുര വാസികള്‍ എന്ന് പറയുന്നത്… ഇടുക്കിയില്‍ വളര്‍ന്ന എനിക്ക് ഒരു അപേക്ഷയുണ്ടേ ഞാഗല്‍ക്കുവേണ്ടി ആരെങ്ങിലും ഫേസ് ബൂകിലോ എവെടെയെങ്കിലും ഒക്കെ മുരവിളികൂടികൊള്ളട്ടെ … കുറഞ്ഞ പക്ഷം അവരൊന്നും ഹിജദല്കീലത നീതി നിങ്ങള്‍ക്കും കിട്ടുകില്ല എന്ന് പറയുന്നില്ലലോ .ഹിജഡകളെ സംരക്ഷിചോല് .. ഇടിക്കിയെ അവനൃടെ വിധിക്ക് ..വിട്ടേക്കു.. … കൂടുതലൊന്നും എഴുതാനില്ല ..മൂല്ലപെരുയാരില് മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി എന്ന് ഞങ്ങള്‍ക്കറിയാം ..മുല്ലപ്പ്രിയര്‍ പോട്ടിഅല്‍ ആവെള്ളം ഇടുക്കിയിലെതന്‍ വേണ്ടത് 4 മണിക്കൂര്‍ ആ സമയം കൊണ്ട് ചെറു തോണിയുടെ ഷട്ടര്‍ തുറന്നു പ്രഷര്‍ അഡ്ജസ്റ്റ് ചെയാം അങ്ങനെ കേരളത്തെ രക്ഷപെടുത്താം …കൊച്ചിയെന്ന മെട്രോയും അവിടുത്തെ മാധ്യമ പുങ്ങവന്മാര്‍ക്കും ….. പക്ഷെ മുല്ലപെരിയരിനു കീഷേ ഉള്ള ഞങ്ങളുടെ കാര്യത്തിന് വട്ടവടയില്‍ വേവിച്ചെടുത് പരിഹാരങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു ….

 14. പുതിയ ഡാം വേണമെന്ന് മുറവിളി കൂട്ടുന്ന ആള്‍ക്കൂട്ടത്തിനൊപ്പം ചേരാതെ ഇതുപോലെ ശക്തമായ സ്റ്റാന്റ് എടുക്കുവാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്.
  നിലപാട് മൂര്‍ച്ചയോടെ എഴുതി ഫലിപ്പിക്കാനും കഴിഞ്ഞു.
  എല്ലാവരും ആട്ടിയോടിക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി എഴുതിയതിന് അഭിനന്ദനങ്ങള്‍.

 15. കൂടംകുളം ആനവനിലയത്തിനെതിരെയോ ഹിജഡ സമ്മേളനത്തിലെ തീപിടുത്തത്തെ പറ്റിയോ ഒന്നും പറഞ്ഞില്ല എന്ന ഒറ്റ കാരണം കൊണ്ട് മലയാളി അവന്റെ നാട്ടില്‍ വന്നു ഭവിക്കാന്‍ സാധ്യതയുള്ള ഒരു മഹാവിപത്തിനെതിരെ ഒരക്ഷരം ഉരിയാടരുത് എന്നാണോ സവാദ് ഭായി പറയുന്നേ? രാഷ്ട്രീയക്കാരന് അത് ഏത്‌ നാട്ടിലെ ആയാലും അവന്റേതായ താല്പര്യങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഒരു ശരാശരി നാട്ടുകാരന്‍ അവന്റെ നാടിനെ ബാധിക്കുന്ന വിഷയങ്ങളില്‍ ചിലപ്പോള്‍ വൈകാരികമായി തന്നെ ഇടപെട്ടു പോകും….

 16. പൊതുവേ ഒന്നിനെതിരെയും പ്രതികരിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവരാണ് ശരാശരി മലയാളികള്‍. ജീവന്‍ പോകുമെന്ന് തോന്നുമ്പോഴെങ്കിലും
  തിരിഞ്ഞു നില്ക്കാന്‍ അവരെ അനുവദിക്കുക. പതിനാറ് ഹിജിടകളുടെ ജീവനും മുപ്പതു ലക്ഷം ആനിന്റ്നെയും പെണ്ണിന്റെയും ജീവനും തമ്മില്‍ താരതമ്യം ചെയ്യേണ്ട. എല്ലാം കഴിഞ്ഞു ദുരിതാശ്വാസം ശേഖരിച്ചു ശീളിച്ചവരാന് നാം.ഒരു ജീവനും പകരം വെക്കാനാവില്ല. താങ്കള്‍ക്ക് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ജയലളിതയെക്കാള്‍ ഉറപ്പുണ്ടാകാം. എങ്കിലും ……………….

 17. താങ്കളുടെ അമര്‍ഷം വരികളില്‍ കത്തുന്നു നല്ലത് … അന്യന്റെ വേദന തിരിച്ചറിഞ്ഞാല്‍ മാത്രം പോര അതുമായി താദാത്മ്യം പ്രപിക്കുന്നതിലേക്ക് മനുഷ്യന്‍ എത്തിച്ചേരുക അല്ലെ വേണ്ടത് ? അപ്പോള്‍ മാത്രമേ അവര്‍ക്ക് എന്തിനോടും പ്രതികരണം നടത്താന്‍ കഴിയു ..അല്ലെങ്കില്‍ അത് കേവലം സഹതാപം മാത്രം ആയി പോകും .അമേരിക്കയിലെ ടവറുകള്‍ പൊടിയായി പോയപ്പോലും ടാവരിനോറൊപ്പം പോടിയായത് കുറെ മനുഷ്യര്‍ തന്നെ ആയിരുന്നു . മുല്ലപെരിയാരിനോടു ചേര്‍ന്ന് കുറച്ചു നാളുകള്‍ ആയി ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് താങ്കള്‍ അറിയുന്നില്ലേ ? എവിടെ ഒകെ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായപ്പോലും ഇത് പോലെ ചെറിയ ചലനങ്ങള്‍ ഉണ്ടായിരുന്നത് ഓര്‍ക്കണം . കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഴയോടൊപ്പം ഭൂമി കുലുക്കവും കാറ്റും ഉണ്ടായി ചെറിയ കുട്ടികളെയും എടുത്തു തുറസ്സായ സ്ഥലങ്ങളില്‍ വെളിച്ചം പോലും ഇല്ലാതെ കഴിച്ചു കൂട്ടി നേരം വെളുപ്പിച്ച ഇടുക്കിയിലെ ആളുകള്‍ …അവരുടെ മുകളില്‍ അനുവദനീയമായ പരിധിയിലധികം വെള്ളം നിറഞ്ഞ കാലപ്പഴക്കം ചെന്ന ഒരു ഡാം നിലനില്‍ക്കുന്നത്… അവരും കേരളത്തില്‍ തന്നെയാണ് ..ഇന്ത്യയില്‍ തന്നെ ആണ് .. അണക്കെട്ടുകള്‍ക്കും വികസനങ്ങള്‍ക്കും ആയി സ്വന്തം അസ്ഥിത്വം നഷ്ടപെട്ട വലിയൊരു ജനത എല്ലായിടത് ഉണ്ട് എന്നുള്ള സത്യം വിസ്മരിക്കാതെ തന്നെ നമ്മള്‍ ഈ വരാനിരിക്കുന്ന വിപത്തിനെതിരെ പ്രതികരിക്കുന്നതില്‍ എന്താണ് തെറ്റ് ?

 18. ഹിജടകളുടെ ദുരിടത്തില്‍ പങ്കു ചെര്‍ന്നദ് നല്ല കാര്യം തന്നെ..പക്ഷെ അതു കൊണ്ട് മുല്ലപെരിയാര്‍ പോലൊരു ഇഷ്യൂവില്‍ ഇടപെടരുത് എന്ന് പറയുന്നദ് ശെരിയല്ല..താങ്കള്‍ പറഞ്ഞതു പോലെയാണ് ഇടുക്കിയുടെ അവസ്ഥ എങ്കില്‍ അതു പുറംലോകത്തെ അറിയിക്കേണ്ടേ ചുമതല നിങ്ങള്‍ മാദ്യമ പ്രവര്തകര്‍ക്കാന്.എങ്കിലേ സാദാരനകാരനായ എന്നെ പോലുള്ള ആള്‍കാര്‍ അതറിയു..അതാല്ലാടെ rating കൂടാന്‍ വേണ്ടി സന്തോഷ് പണ്ഡിതന് പിറകെ നിങ്ങള്‍ പോകുന്പോള്‍ ഞങ്ങള്‍ സടരനകാരന് പ്രതികരിക്കാന്‍ facebook പോലെയുള്ള നെറ്വോര്‍കിംഗ് സൈറ്റുകള്‍ മാത്രം..ഇന്ന് സമൂഹത്തില്‍ നടക്കുന്ന പല പുരോഗതി പ്രക്ഷോഭങ്ങളുടെയും ഉറവിടം ഫയ്സ്ബൂക് തന്നെയാണ്..എനിക്ക് പറയാനുലാദ് ഒറ്റകാര്യം മാത്രം..പുറം ലോകത്തെയും അഗം ലോകത്തെയും വാര്‍ത്തകള്‍ നിങ്ങള്‍ എതിചാലെ ഞങ്ങള്‍ അറിയൂ.അതു ചെയ്യാതെ നിങ്ങള്‍ ഇതു അറിഞ്ഞോ അല്ലെങ്കില്‍ നിങ്ങള്‍ എന്തു കൊണ്ട് പ്രതികരിച്ചില്ല എന്ന് മാത്രം ചോദിച്ചതു കൊണ്ട് യാതൊരു പ്രയോജനവുമില്ല..മാത്രമല്ല മുല്ലപെരിയാര്‍ എന്നാ വിഷയത്തില്‍ ഞാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ പ്രതികരിക്കുനാദ് ഞങ്ങളുടെ സ്വത്തോ അല്ലെങ്കില്‍ സമ്പത്തോ പോകുമം എന്ന് പെടിച്ചട്ടല്ല…മറിച്ചു നിങ്ങള്‍ വിവരിച്ചതിന്റെ പതിനായിരം മടങ്ങ്‌ വലിപ്പമുള്ള ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്

 19. Really dont understand what is the issue in malayalis protesting for the decommissioning of Mullaperiyar dam…Atleast in this timeperiod, when sms and FB activities can bring more public attention and more political attention, what if we get sanction for a new dam…people can live peacefully..this article is just to downplay the concerns and fears of lakhs of malayalees..this is not the right topic for u to show your concern over unattended hijadas and other issues…we have a life threatening issue in Kerala…as opposed to the nuclear projects that r not yet in…pls let us fight…pls dont mock us…

 20. a new generation writer, shallow, hollow, aimless, the writer is trying to write some thing like our old writers. if he is a writer at least he should have the sense that all human issues are issues, if some issues doesn’t get attention that doesn’t mean no other issues should not be attended.

 21. First of all let me thank Savadbai for such an excellent article. At no point the author argued ‘mullaperiyar’ is not a core issue. He only says we have neglected many a core issues in the past.
  we must rise to be a humanbeing. Savadbai keep going. All the best.

 22. പ്രിയ സുഹൃത്തെ…താങ്കളുടെ ഭാഷാ സമ്പത്തും സാഹിത്യ പ്രയോഗങ്ങളും നന്നായിട്ടുണ്ട്..പക്ഷെ അത് ഉപയോഗിക്കുന്നത് ആവശ്യത്തിനല്ല എന്നു മാത്രം..

  ആണായാലും,പെണ്ണായാലും,ഹിജഡയായാലും അവർ മനുഷ്യരാണ്.
  മനുഷ്യരുടെ ദുരിതങ്ങളിൽ പ്രതികരിക്കുക തന്നെ വേണം..അതാണ് മനുഷ്യത്ത്വം.പക്ഷെ..താങ്കൾ മുന്നോട്ട് വെച്ച ലൈംഗിക ന്യൂനപക്ഷങ്ങളും,മുല്ലപ്പെരിയാറും എവിടെ കൂട്ടിമുട്ടുന്നു എന്ന് മനസ്സിലാകുന്നില്ല.

  പറയാൻ ഉദ്ദേശിച്ചത് എന്താണെന്നും പിടി കിട്ടിയില്ല..

  കുടംകുളത്തെ പറ്റി മിൺറ്റിയില്ലെങ്കിൽ മുല്ലപ്പെരിയാറിനെ പറ്റി മിണ്ടരുത്…അതോ മുല്ലപ്പെരിയാറിനെ പറ്റി സംസാരിക്കണമെങ്കിൽ ആദ്യം കൂടംകുളത്തെയും ,ലൈംഗിക ന്യൂനപക്ഷങ്ങളെയും പറ്റി സംസാരിക്കണമെന്നോ…

  ഒന്നു മാനുഷികവും,സാമുഹികവും ആയ പ്രശ്നമെങ്കിൽ മറ്റൊന്ന് ഒരു ജനതയെ ആകെമാനം ബാധിച്ചേക്കാവുന്ന പ്രശ്നമാണ്.
  മലയാളികൾ ആകെമാനം ഇതിൽ പ്രതികരിക്കുന്നുവെന്നത് അവർക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയാം എന്നതു കൊണ്ടാണ്..താങ്കൾ പറഞ്ഞ ദുരന്തം സംഭവിച്ചത് കേരളത്തിൽ ആയിരുന്നുവെങ്കിൽ ആരും പ്രതികരിക്കുകയില്ല എന്നു കരുതാൻ ബുദ്ധിമുട്ടാണ്..

  വ്യത്യസ്തയ്ക്കു വേണ്ടി ഒഴുക്കിനെതിരെ നീന്തുന്നത് നല്ലതാണ്..പക്ഷെ ഇത്തരത്തിൽ ചെയ്യാതിരിക്കുക…

 23. ദുരന്തങ്ങള്‍ അവനവന്റെ തലയില്‍ തട്ടുമ്പോള്‍ മാത്രം അത് പ്രശ്നവും മാധ്യമ നിലവിളികളും ആവുന്നതിനെ
  വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് ലേഖകന്‍
  ഇവിടെ കാണുന്ന എതിര്‍ വാദങ്ങള്‍ ഈ പോസ്ടിനോദ് ഉള്ളതിനേക്കാള്‍ ഏറെ
  തമിഴനോടുള്ള അസഹിഷ്ണുത ആണ്
  ഭാവുകങ്ങള്‍

 24. കേരളത്തിന്‍റെ സ്ഥാനത്ത് മറ്റേതെങ്കിലും സംസ്ഥാനത്തിലാണ് ഇത്ര വലിയ ഒരു പ്രശ്നം ഉണ്ടായിരുന്നത് എങ്കില്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങളും ഇതിനകം അവര്‍ കൈക്കൊള്ളുമായിരുന്നു..ഉന്നത ചര്‍ച്ചകളുടെയും വിദഗ്ദ അഭിപ്രായങ്ങളുടെയും എന്നേ തിരുത്തി കുറിക്കേണ്ടിയിരുന്ന ഒരു കരാറിന്‍റെയും പിറകേ പായുന്ന കേരളത്തിന്‍റെ ഭരണകൂടം ഈ പ്രഹസനങ്ങളെല്ലാം നിര്‍ത്തി പുതിയ ഡാം പണിയുന്ന കാര്യത്തില്‍ , നിഷ്പക്ഷമായ ഒരു നിലപാട് എടുക്കാന്‍ തയ്യാറാവുകയാണ് എങ്ഖില്‍ തീര്‍ച്ചയായും ഈ പ്രശ്നം ഇനിയും നീട്ടിവലിക്കാതെ പരിഹരിക്കാന്‍ കഴിയും. പക്ഷേ അതിന് നട്ടെല്ലുള്ള മന്തിസഭ തന്നെ വേണം.

  ജയലളിതയുടെ ഭിക്ഷക്കായി കൈ നീട്ടി നില്‍ക്കുന്നത് പോലെയല്ലേ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാട്.. അവര്‍ ഒന്നും തരില്ല എന്ന് പറഞ്ഞാല്‍ ശൂന്യമായ ഭിക്ഷാ പാത്രവും കൊണ്ട് വീണ്ടും കേരളത്തിലേക്ക്…….ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  സ്വന്തം നാട്ടില്‍ , സ്വന്തം ചിലവില്‍ നിര്‍മാണം നടത്തുന്നതിന് അന്യന്‍റെ കനിവും കാരുണ്യവും കാത്തിരിക്കുന്നു.. ജന സമ്പര്‍ക്ക പരിപാടി എന്ന നാടകത്തിന് കൊടുക്കുന്ന പ്രാധാന്യത്തിന്‍റെ ഒരു ശതമാനമെങ്കിലും അരക്കോടിയോളം വരുന്ന സ്വന്തം ജനങ്ങളുടെ ജീവന് കല്‍പിച്ചിരുന്നെങ്കില്‍…………………

  ഒരായിരം കള്ള പ്രസ്താവനകള്‍ നടത്തുന്നതിനെക്കാളും മെച്ചമല്ലേ ഒന്നെങ്കിലും നടപ്പിലാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്നത്?????????

  അതോ ഇത്രയും വിലയേ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് നമ്മുടെ സ്വന്തം ഭരണകൂടം കല്‍പിക്കുന്നുള്ളൂ എന്നുണ്ടോ???????

  എന്തായാലും നമുക്കിനി ചെയ്യാന്‍ ഒന്നു മാത്രം. അതി ദാരുണമായ ഒരു ദുരന്തത്തില്‍ നിന്ന് മദ്ധ്യ കേരളത്തെ രക്ഷിക്കാനായി സര്‍വ ശക്തനോട് പ്രാര്‍ത്ഥിക്കാം….. അതോടൊപ്പം ,, ഉമ്മന്‍ ചാണ്ടിയുടെ ഭിക്ഷാ പാത്രത്തില്‍ ജയലളിതയുടെ വക എന്തെങ്കിലും കിട്ടാനും,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 25. അരക്കെട്ടിലെ ലിംഗമല്ല, നെഞ്ചിന്‍കൂട്ടിനുള്ളില്‍ തുടിക്കുന്ന, അന്യന്റെ വേദന തിരിച്ചറിയുന്ന ഹൃദയമാണ് മനുഷ്യര്‍ക്ക് നിര്‍ബന്ധമായും വേണ്ടതെന്ന് എന്നാണു നമ്മള്‍ തിരിച്ചറിയുക?

  • മനുഷ്യന്‍ വളര്‍ന്നു ബുദ്ധിയും കഴിവും വളര്‍ന്നു പക്ഷെ മനസിലെ നന്മ അത് എവിടെയോപോയി

 26. you have to rethink this whole issue ! kashthamanu thante chinthagathi. ethu evide prasidheekarikkila annariyam ennalum ethra nishturamakaruthu manasu alpamengilum munthukam keralathodu kanikkam.

 27. ee lekhanavum vaayichondaan dhandapaani kodathiyil vaadhikkan poyath
  paavam, ennitt ellavarum angere kuttam parayunnu

 28. കേരളം മൊത്തം മുല്ലപെരിയാര്‍ തരംഗം ആഞ്ഞടിക്കുന്ന ഈ വേളയില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്‍ ചന്ഗൂട്ടം കാണിച്ച താങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ഒരു ഒത്തൊരുമയും സാമുഹിക പ്രതിബദ്ധതയും സ്വന്തം വീട്ടില്‍ വെള്ളം കേറും എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് മലയാളികള്‍ കാണിച്ചു തുടങ്ങിയത്. ഒട്ടനവധി അടിസ്ഥാന പ്രശ്നങ്ങള്‍ വിസ്മരിക്കുന്ന നമ്മള്‍ ഇതിനു പിറകെ കൊടിയും പിടിച്ചു മുദ്രാവാക്യവും വിളിച്ചു പോകുനത് അപഹാസ്യം എന്നെ പറയാനാകു.

 29. savad bhai…thankal parayunnadh shari thanne…bt..mullapperiyaar dam..avdathe janaghale badhikkunna vishayamaanu.. adh nammal ellarum..orumichu neridanam..pinne..ee kudam kulam..prashnam..madhyamanghalil varunnadhinu mumb..10 divasam..idhine kurich bhodhavalkkaranam nadathaan..cyclil..ernakulam..to tvm.vare pokuvaan bhagyamundaayi…annu aa yathrayil manassilayittund..keralathile..janathayude..bhudhiyum..swarthadhayum..

Leave a Reply

Your email address will not be published. Required fields are marked *