പാര്‍ട്ടി മെംബര്‍ഷിപ്പ് @ 1994

പിതാവിനെ പുത്രന്‍ തിരസ്കരിക്കുകയെന്നത് ആയിരക്കണക്കിന് കൊല്ലങ്ങള്‍ മുമ്പേ നിലനിന്ന ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ്, ‘ആത്യന്തികമായ ശരി’ എന്ന ന്യായം മനസിലുറപ്പിച്ച് ഞാനും എന്റെ പിതാവിനെ നന്നേ ചെറുപ്പത്തില്‍ തന്നെ പേരുവെട്ടി പുറത്തുനിര്‍ത്തിയിരുന്നു.
ആ ഊര്‍ജ്ജം ഊതിക്കത്തിക്കുന്നതിനായി അദ്ദേഹം കുടിക്കാത്ത സാധനങ്ങളൊക്കെയും ഞാന്‍ കുടിച്ചു നടന്നു. വല്ല കല്ല്യാണത്തിനോ മറ്റോ പോയ്വരുമ്പോള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ സുഹൃത്തുക്കള്‍ സമ്മാനിച്ച സിഗരറ്റ് വലിക്കാതെ ബാക്കിയായിരുന്നു. ഇതൊക്കെ ഒട്ടും ‘മാന്‍ലി’ അല്ലാത്ത കാര്യങ്ങളായി കണ്ടതിനാല്‍ സിഗരറ്റ് വലി ഉള്‍പ്പെടെ-ബൈനറി ഓപസിറ്റ് ആയ എല്ലാ കാര്യങ്ങളും ഞാന്‍ ആവേശപൂര്‍വം ചെയ്തുനടന്നു.
അതുകൊണ്ടു തന്നെ തന്റെ മതവും പ്രത്യയശാസ്ത്രവുമായി പിതാവ് കൊണ്ടുനടന്നിരുന്ന ‘കമ്മ്യൂണിസ’വുമായി (അത് സി.പി.എമ്മിസവുമായിരുന്നു!) യാതൊരു ബന്ധവും വേണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. ആ ആശയത്തിന് ഇത്രയും ബോറന്‍മാരെ താങ്ങാന്‍ കഴിയുമെങ്കില്‍ അതിനകത്തേക്ക് പോകുന്നത് ആത്മഹത്യാപരമാകും എന്നതായിരുന്നു ന്യായം.
എന്നാല്‍, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എ.കെ.ജിയുടെ ‘എന്റെ ജീവിതകഥ’ വായിച്ചതുമുതല്‍ ഉള്ളില്‍ ചില രാസപരിണാമങ്ങള്‍ സംഭവിച്ചു. അതങ്ങനെ നീറി നീറിക്കിടക്കുന്ന സമയത്തെ പ്രീഡിഗ്രി കാലത്താണ് മീഞ്ചന്ത ആട്സ് കോളജിന്റെ ഒരു മരച്ചുവട്ടില്‍ വച്ച് ദീപക് നാരായണന്‍ എന്ന സുഹൃത്ത് കെ.ജി. ശങ്കരപ്പിള്ളയുടെ ചില കവിതകള്‍ വായിച്ചുകേള്‍പ്പിക്കുന്നത്.

‘ഈ നിശബ്ദ മണിക്കൂറിന്റെ
ആഴങ്ങളില്‍, വസന്തത്തിന്റെ
ഇടിമുഴക്കമുണ്ട്’
-എന്ന വരികേട്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ നിലം വിട്ടു പൊന്തി. പിന്നെ വായനയോട് വായനയാണ്. അതിനൊടുവില്‍, ഇനി എസ്.എഫ്.ഐയും പാര്‍ട്ടിയുമല്ലാതിരിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന സ്വയം ബോധ്യത്തില്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തനമായി. (എന്റെ അസ്വസ്ഥതകളും പാതിരാത്രി കയറിവരുന്ന സുഹൃത്തുക്കളുമായുള്ള ചര്‍ച്ചകളും കണ്ട് ‘പയ്യന്‍ വഴി വിട്ട് നക്സലൈറ്റാകാന്‍’ പോകുകയാണെന്ന് പിതാവ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനോടു പറഞ്ഞിരുന്നു.) സോവിയറ്റ് യൂനിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും തകര്‍ന്നതിന്റെ നിരാശ പുകകെട്ടിയ കണ്ണുകളായിരുന്നു അന്ന് സഖാക്കളുടേത്.
കൂടുതല്‍ ക്ലാരിറ്റിക്കുവേണ്ടി വീണ്ടും വീണ്ടും പാര്‍ട്ടി സാഹിത്യവും പ്രോഗ്രസീവ് പബ്ലിക്കേഷന്‍സിന്റെ മനോഹരങ്ങളായ പുസ്തകങ്ങളും രാവുപകലാക്കി വായിക്കും. നേരം വെളുത്താല്‍ പിക്കറ്റിംഗ്, ധര്‍ണ, പ്രതിഷേധ പ്രകടനം തുടങ്ങിയ കാര്യങ്ങള്‍. ഈ സജീവതക്കിടെ 19 വയസിലേക്കു കടക്കുമ്പോഴാണ് ഗ്രൂപ്പ്, കാന്‍ഡിഡേറ്റ് മെംബര്‍ഷിപ്പുകളുടെ കടമ്പ കടന്ന് ഞാന്‍ ഉള്‍പ്പെടെ ഏതാണ്ട് ആറുപേര്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പാര്‍ട്ടി മെംബര്‍ഷിപ്പ് കിട്ടുന്നത്.
അന്നത്തെ ഒരു വൈകുന്നേരം ആശാരിക്കണ്ടി കൃഷ്ണന്‍ എന്ന ദേശാഭിമാനി ഏജന്റു കൂടിയായ സഖാവിന്റെ വീട്ടില്‍ വച്ചായിരുന്നു ആ ചടങ്ങ്. മെംബര്‍ഷിപ്പ് നല്‍കാന്‍ എത്തിയത് ജില്ലയിലെ പ്രമുഖ നേതാവായ കെ.കെ. കുഞ്ഞിക്കണാരന്‍. നിലപാടിലെ കാര്‍ക്കശ്യം, വരട്ടുതത്വവാദം,നീതിബോധം തുടങ്ങിയ കാര്യങ്ങള്‍ക്ക് അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. മെംബര്‍ഷിപ്പ് നല്‍കുന്നതിന്റെ മുന്നോടിയായി അദ്ദേഹം കമ്മ്യൂണിസ്റ്റ് സദാചാരത്തെക്കുറിച്ച് അരമണിക്കൂര്‍ സംസാരിച്ചു.
ലൂഷാവ്ഖിയുടെ ‘എങ്ങിനെ നല്ല കമ്മ്യൂണിസ്റ്റാകാം’ എന്ന പുസ്തകം വായിക്കണമെന്നും അത് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിനകത്തെ ‘ദേശാഭിമാനി’ ബുക്സ്റ്റാളില്‍ ലഭ്യമാണെന്നും പറഞ്ഞു. ഒടുക്കം, പാര്‍ട്ടി അംഗത്വമെന്ന പദവിയിലേക്ക് വരും മുമ്പ്, ഏതെങ്കിലും സഖാവ് മദ്യപാനം, മയക്കുമരുന്ന്, സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിയിട്ടുണ്ടെങ്കില്‍ അത് ഏറ്റു പറയണമെന്ന് പറഞ്ഞു.
മദ്യപനും സമൂഹവും തമ്മില്‍ ഒരിക്കലും ഒരു ‘കോഡിയല്‍’ ബന്ധം ഉണ്ടാവാത്തത് മദ്യപാനത്തിന്റെ വിപ്ലവസ്വഭാവം കൊണ്ടാണെന്ന് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ അന്ന് നല്ല പോലെ കള്ളുകുടിച്ചിട്ടുണ്ട്. ആ യോഗത്തില്‍ മെംബര്‍ഷിപ്പ് ഏറ്റുവാങ്ങാനായി വന്ന പല സഖാക്കളും ഞാനും ചേര്‍ന്ന് വിവിധ വാറ്റുകേന്ദ്രങ്ങളില്‍ പോയി ‘പ്രൊലിറ്റേറിയന്‍ ജീവിതം’ മോന്തിക്കുടിച്ചിട്ടുണ്ട്.
പക്ഷേ കുമ്പസാരത്തിന്റെ ഊഴം വന്നപ്പോള്‍ എല്ലാവരും ‘ജീവിതത്തില്‍ മദ്യപിക്കേണ്ട ഒരവസം ഇന്നേ വരെ ഉണ്ടായിട്ടില്ല’ എന്ന മട്ടില്‍ സംസാരിച്ചു. ആറാമനായിരുന്ന ഞാന്‍. എന്റെ ഊഴത്തില്‍ ‘മദ്യപന്റെ അപരലോകവും മാര്‍ക്സിന്റെ അപരലോകവും എതാണ്ട് ഒന്നു തന്നെയാണെന്നും മദ്യവിരുദ്ധ സദാചാരം തൊഴിലാളി വര്‍ഗസദാചാമല്ലെന്നും’ വാദിച്ചു. നിലനില്‍ക്കുന്ന സാമൂഹിക ക്രമം താങ്ങിനിര്‍ത്തുന്ന ചില ബൂര്‍ഷ്വാ ദുരാചാരങ്ങള്‍ക്ക് വിടുപണി ചെയ്യേണ്ട ബാധ്യത കമ്മ്യൂണിസ്റ്റുകള്‍ക്കില്ലെന്നും അതുകൊണ്ട് ഞാന്‍ ‘ഫിറ്റാ’കാറുണ്ടെന്നും പറഞ്ഞു.
കള്ളു കുടിച്ചാല്‍ എന്താണ് തെറ്റെന്നും അതെങ്ങിനെയാണ് ആന്റി മാര്‍ക്സിസ്റ്റ് ആകുന്നതെന്നും ചോദിച്ച് ഞാന്‍ നിര്‍ത്തി.
പിന്നെ ഒരു രണ്ടു മിനിറ്റുനേരത്തേക്ക് ശ്മശാന മൂകതയായിരുന്നു. കെ. കെ, ലോക്കല്‍ കമ്മിറ്റി മെംബറെയും ബ്രാഞ്ച് സെക്രട്ടറിയേയും കൂട്ടി യോഗം നടന്ന വീടിന്റെ ഉള്ളിലേക്ക് പോയി. മിനിറ്റുകള്‍ക്കു ശേഷം തിരിച്ചെത്തി നയം വ്യക്തമാക്കി. അതിങ്ങനെയായിരുന്നു:
“സഖാവ് കാര്യശേഷിയും ബുദ്ധിയുമുള്ള ആളാണ്. പക്ഷേ, ചിന്തകള്‍ കാടുകയറാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവിടെ മദ്യപാനത്തിന്റെ പ്രശ്നം തന്നെ നോക്കുക. സഖാവ് അംഗമാകാന്‍ പോകുന്നത് ഒരു വിപ്ലവ രാഷ്ട്രീയ പാര്‍ട്ടിയിലേക്കാണ്.എന്നു വച്ചാല്‍ രാജ്യത്തെ കോടാനുകോടി ജനങ്ങളെ വര്‍ഗസമരപാതയില്‍ അണിനിരത്തി ശത്രുപക്ഷത്തിനെതിരെ പടനയിക്കേണ്ട ആള്‍. നമ്മള്‍ വിപ്ലവം ആസൂത്രണം ചെയ്ത് എന്തിനും തയാറായി നില്‍ക്കുന്ന ഒരു ഘട്ടത്തില്‍ സഖാവ് കള്ളുകുടിച്ച് ഫിറ്റായാല്‍ എന്തുചെയ്യും? അപ്പോള്‍ വര്‍ഗ ശത്രുക്കള്‍ സഖാവില്‍ നിന്ന് വിപ്ലവ രഹസ്യം ചോര്‍ത്തില്ലെന്ന് എന്താണുറപ്പ്? ഇതുകൊണ്ടു തന്നെയാണ് നമ്മള്‍ മദ്യപാനം കമ്മ്യൂണിസ്റ്റ് സദാചാരത്തിന് നിരക്കുന്നതല്ലെന്ന് പറയുന്നത്”. – കെ. കെ. നിര്‍ത്തി. എല്ലാവരും സംതൃപ്തരായി.ഞങ്ങളെല്ലാം മെംബര്‍മാരായി. പക്ഷേ വിപ്ലവപ്രവര്‍ത്തനങ്ങള്‍ ഒന്നും ആസൂത്രണം ചെയ്യേണ്ടി വരാഞ്ഞതിനാല്‍ കള്ളുകുടി മാത്രം നിര്‍ബാധം, അനസ്യൂതം തുടര്‍ന്നു.

PS: ഞങ്ങളെ ബോധവല്‍ക്കരിച്ച കെ.കെ പിന്നീട് വി.എസ് ഗ്രൂപ്പില്‍ പെട്ട് പാര്‍ട്ടിക്ക് അനഭിമിതനായി. പാര്‍ട്ടി പുറത്താക്കിയ അദ്ദേഹം ഇടതുപക്ഷ ഏകോപന സമിതിയുടെ സ്ഥാപക നേതാവാണ്.

3 thoughts on “പാര്‍ട്ടി മെംബര്‍ഷിപ്പ് @ 1994

Leave a Reply

Your email address will not be published. Required fields are marked *