വര്‍ഗീയതക്കും വിഷമഴക്കും മുന്നില്‍ പതറാതെ

1992ല്‍ അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം കലാപങ്ങള്‍ ഉണ്ടായി. മതനിരപേക്ഷതക്ക് പേരുകേട്ട കേരളത്തില്‍ കാസര്‍കോട് ജില്ലയിലാണ് ഈ സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ കാര്യമായി ഉണ്ടായത്. കലാപത്തില്‍ കാസര്‍കോട്ട് ഏറെ പേര്‍ കൊല്ലപ്പെട്ടു. ഈ കേസുകള്‍ ഒന്നൊഴികെ ഇരുവിഭാഗവും ഒരു മേശക്ക് ഇരുവശവും ഇരുന്ന് ഒത്തുതീര്‍പ്പാക്കിയത് പില്‍ക്കാല ചരിത്രം.
ഈ സംഭവത്തിന് ശേഷമാണ് കാസര്‍കോടിന്റെ പലഭാഗങ്ങളിലും മതപരമായി ചേരിതിരിവു വര്‍ധിച്ചത്. മനുഷ്യര്‍ കണ്ടാല്‍ മിണ്ടാതായി. അതിശയോക്തിയല്ല. അങ്ങനെ തന്നെയാണ് സംഭവിച്ചത്. പരസ്പരം മിണ്ടാത്ത മതവിഭാഗീയത ഒരു നാടിനെ സംബന്ധിച്ചിടത്താളം പുകയുന്ന അഗ്നിപര്‍വതമാണ്. ഏതുസമയത്തും പൊട്ടിത്തെറിക്കുന്ന ഒന്ന്.
ഇനിയാണ് നാം കാണേണ്ടത് ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ടാകും എന്ന് ന്യുട്ടണ്‍ പറഞ്ഞതു തന്നെയാണ് ശരി. മതവിദ്വേഷത്തിന്റെ മൌനത്തിനെതിരെയുള പ്രതിപ്രവര്‍ത്തനമായി മുളിയാറിലൊരു വലിയ ഉണര്‍വ് ദൃശ്യമായി.
ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ അവിടെ രൂപം കൊണ്ടു. അവര്‍ മിണ്ടാത്തവരെ, കണ്ടാല്‍ ചിരിക്കാത്തവരെ സംഘടിപ്പിച്ച് പുഞ്ചിരി ക്ലബ്ബ് ഉണ്ടാക്കി. ഇന്ന് മുളിയാറുകാര്‍ക്ക് ചിരിക്കാനല്ലാതെ അറിയില്ലെന്ന് പുഞ്ചിരി ക്ലബ്ബിന്റെ പ്രവര്‍ത്തകന്‍ കെ.ബി. മുഹമ്മദ് കുഞ്ഞി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
പക്ഷെ അവരുടെ ചിരികെടുത്താന്‍ മറ്റൊരു വിഷം മുന്നില്‍ വന്നു. എന്‍ഡോസള്‍ഫാന്‍. മുളി’ആര്‍’ കണ്ണീര്‍ പുഴയായി. എന്നാല്‍ അവര്‍ ചിരി നിര്‍ത്തിയില്ല. അവരുടെ ചിരി സമരമഴയായി പെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തില്‍ ആദ്യമായി ഒരു ചാല് കീറിയത് പുഞ്ചിരി ക്ലബ്ബ് ആയിരുന്നു.പിന്നീടങ്ങോട്ടും അവര്‍ പോരാട്ടത്തില്‍ സജീവമായിരുന്നു.
യുവാക്കളുടെ കൂട്ടായ്മകളും ക്ലബ്ബുകളും മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുഞ്ചിരി ക്ലബ് അനേകം പുതു സാധ്യതകളാണ് തുറന്നിടുന്നത്. ക്ലബ്ബുകള്‍ ആയാല്‍ ഇങ്ങനെയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *