ഈ പെണ്‍കുട്ടികളെ ഇനിയും പീഡിപ്പിക്കരുത്!

പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ നിയമ സഹായമോ പുനരധിവാസത്തിനുള്ള അവസരമോ ലഭിക്കുന്നില്ല. നിയമങ്ങളുടെ പഴുതും സ്വാധീനവും ഉപയോഗിച്ച് പീഡകരില്‍ ഭൂരിഭാഗവും രക്ഷപ്പെടുകയും ഇപ്പോഴും ഇരകള്‍ക്കു പിന്നാലെ പായുകയും ചെയ്യുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ നാടിന്റെ പേരു പോലും അശ്ലീലമെന്ന നിലക്കാണിപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. തെറ്റുകാരി ഇരയെന്ന വിചിത്രമായ വ്യവസ്ഥ-ദീപാ ഷാജി എഴുതുന്നു

 

 

കേരളത്തിന്റെ മനസാക്ഷിയില്‍ ആഴമുള്ള മുറിവു തീര്‍ത്ത സൂര്യനെല്ലി ലൈംഗിക പീഡനം കഴിഞ്ഞിട്ടിപ്പോള്‍ ഒന്നര പതിറ്റാണ്ടായി. ഈ കാലയളവില്‍ അനേകം പെണ്‍കുട്ടികള്‍ക്ക് സമാന ദുരന്തമുണ്ടായി. അനേകം സെക്സ് റാക്കറ്റുകള്‍ പിറവിയെടുത്തു. തഴച്ചു വളര്‍ന്നു. അവരുടെ കെണികളില്‍ വീഴുന്ന പെണ്‍കുട്ടികള്‍ ജീവിത കാലം മുഴുവന്‍ ദുരിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയോ മരിക്കുകയോ ചെയ്തു. പൊലീസും കോടതികളും മാധ്യമങ്ങളും ‘അവള്‍ക്കൊന്നു കരഞ്ഞു കൂടെ’ എന്ന പഴയ യുക്തി കൊണ്ട് ഇപ്പോഴും ഇരകള്‍ക്കു മേല്‍ കാര്‍ക്കിച്ചു തുപ്പുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴും ഈ അനുഷ്ഠാനങ്ങളില്‍ ഒരു മാറ്റവും ഉണ്ടാവുന്നില്ല. ഈ അവസ്ഥകളില്‍ മാറ്റമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും നടക്കുന്നില്ല. ഇത്ര കാലം കഴിഞ്ഞിട്ടും കേരളീയ സമൂഹം ഈ ഇരകളുടെ പില്‍ക്കാല ജീവിതം ഗൌരവമായി കണ്ടിട്ടില്ല.

പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ നിയമ സഹായമോ പുനരധിവാസത്തിനുള്ള അവസരമോ ലഭിക്കുന്നില്ല. നിയമങ്ങളുടെ പഴുതും സ്വാധീനവും ഉപയോഗിച്ച് പീഡകരില്‍ ഭൂരിഭാഗവും രക്ഷപ്പെടുകയും ഇപ്പോഴും ഇരകള്‍ക്കു പിന്നാലെ പായുകയും ചെയ്യുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ നാടിന്റെ പേരു പോലും അശ്ലീലമെന്ന നിലക്കാണിപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. തെറ്റുകാരി ഇരയെന്ന വിചിത്രമായ വ്യവസ്ഥ.

സ്ത്രീകള്‍ ,കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന ദുര്‍ബലര്‍ക്കെതിരയുള്ള കുറ്റ കൃത്യങ്ങളെയും, തുടര്‍ന്നുള്ള മരണമോ അതിനോടടുത്തതോ ആയ സങ്കീര്‍ണ്ണ അവസ്ഥകളെയും നാം പീഡനം എന്ന പേരിട്ടു ലളിതവല്കരിക്കുകയും ബോധപൂര്‍വം മറവിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയുകയുമാണ്.
ചില പ്രത്യേക അവസരങ്ങളില്‍ മാത്രം അവയ്ക്ക് മാധ്യമ ശ്രദ്ധയും തുടര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള സാധ്യതകളും ഉണ്ടാകുന്നു. അപ്പോള്‍ അവ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നു.

ദീപാ ഷാജി

ഇവിടെയിങ്ങനെ
ലൈംഗിക അക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങളോടൊപ്പംതന്നെ പ്രധാനമാണ് അക്രമത്തിന് ഇരയായവരുടെ പുനര്‍ ജീവനത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കല്‍. കേരള ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ 2011 ജൂണ്‍ വരെയുള്ള കണക്കില്‍ 173 കുഞ്ഞുങ്ങളും 546 സ്ത്രീകളും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട് . ഇതിലെ ഏറ്റവും ദുഖകരമായ ഒരു കാര്യം ഇരകളെ തെളിവെടുപ്പെന്ന പേരില്‍ പോലീസ് വാഹനത്തില്‍ അക്രമം നടന്ന എല്ലാ സ്ഥലങ്ങളിലും കാഴ്ച വസ്തുക്കളായി കൊണ്ട് നടക്കുന്ന ദുരവസ്ഥ ആണ് . ട്രാഫിക് ജാം വരെ ഉണ്ടാക്കിയാണ് മൊബൈല്‍ ക്യമറ കണ്ണുകളുമായി ജനക്കൂട്ടം ഈ തെളിവെടുപ്പ് മഹോത്സവം ആഘോഷമാക്കി മാറ്റുന്നത്.

ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍, അക്കാര്യം പരാതിപ്പെട്ടു കഴിഞ്ഞാല്‍ തുടര്‍ന്ന് ഇരകളുടെ കഷ്ടകാലമാണ് എന്നതാണ് കേരളത്തിലെ അവസ്ഥ. ഈ ഹത ഭാഗ്യരുടെ പേരില്‍ അവരുടെ ജന്മ സ്ഥലം പോലും തുടര്‍ പീഡനങ്ങള്‍ക്ക് വിധേയമാകുന്നു.(സൂര്യനെല്ലി, കവിയൂര്‍, കോത മംഗലം, വിതുര …ഓര്‍ക്കുക).ജീവിത കാലമത്രയും അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിന്റെ കണ്ണുകളെ ഭയന്ന് അടച്ചിട്ട മുറികളില്‍ ജീവിച്ചു തീര്‍ക്കേണ്ടിയും വരുന്നു.

അവിടെയങ്ങനെ
എന്നാല്‍, വിദേശ രാജ്യങ്ങളിലൊന്നും ഇതല്ല അവസ്ഥ. ലൈംഗിക അക്രമങ്ങള്‍ക്ക് വിധേയരാകുന്നവരെ സഹായിക്കാന്‍ പല വിദേശ രാജ്യങ്ങളിലും ധാരാളം സ്ഥാപനങ്ങള്‍ ഉണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ പൊതുവേ SARC(sexual assault referral centre) എന്നാണ് അറിയപ്പെടുന്നത്. ഇത്തരം സംവിധാനം ആദ്യമായി തുടങ്ങിയത് ഓസ്ട്രേലിയയില്‍ ആണ്, ലൈംഗിക അക്രമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നവര്‍ക്ക് ഒരു ഫോണ്‍ കാള്‍ വഴി ഈ സെന്ററുമായി ബന്ധപ്പെടാം. 24 മണിക്കൂര്‍ ഹോട്ട് ലൈന്‍ സംവിധാനവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘവും അവിടെ ഉണ്ടാകും. അക്രമത്തിന് വിധേയയായ സ്ത്രീയെ സ്ഥാപനത്തിന്റെ വാഹനത്തില്‍ ഉടന്‍ തന്നെസെന്ററില്‍ എത്തിക്കും.മനസ്സിന് ഏറ്റവും ലാഘവത്വം നല്‍കുന്ന സാഹചര്യം അവിടെ ഒരുക്കിയിരിക്കും. 72 മണിക്കൂറിനുള്ളില്‍ medical/ forensic തെളിവുകള്‍ ശേഖരിക്കുന്നു.

പിന്നീട് ആവശ്യമാകുന്നത്ര തവണ കൌണ്‍സലിംഗ് നല്‍കുന്നു. ഗര്‍ഭ ധാരണം തടയാനുള്ള മാര്‍ഗങ്ങള്‍, hiv പോലെയുള്ള പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കുവാനുള്ള പരിശോധനകള്‍, പ്രതിരോധ ചികിത്സകള്‍ . എല്ലാം സൌജന്യമായി നല്‍കുന്നു.
മെഡിക്കല്‍ ഡയറക്ടര്‍ ,വക്കീല്‍ ,സാമൂഹിക പ്രവര്‍ത്തകര്‍ , മെഡിക്കല്‍ കൌണ്‍സലേഴ്സ്, വിദഗ്ദരായ സാന്ത്വന പ്രവര്‍ത്തകര്‍, യൂനിഫോം ധരിക്കാത്ത പോലീസുകാര്‍ എന്നിവരെല്ലാം അടങ്ങുന്നതായിരിക്കും സെന്ററിലെ ടീം. ഉണ്ടാകും. ഇവരുടെയെല്ലാം ഒത്തൊരുമിച്ചുള്ള സേവനം ഇരക്ക് തുടര്‍ ജീവിതത്തിലേക്കുള്ള പാത സുഗമമമാക്കുന്നു. ഏകദേശം രണ്ടാഴ്ച ആണ് മിക്ക രാജ്യത്തും സെന്ററിന്റെ സേവനം ലഭ്യമാകുന്നത്.

കുട്ടികളുടെ പുനരധിവാസം
ആക്രമിക്കപ്പെട്ടത് കുഞ്ഞുങ്ങള്‍ ആണെങ്കിലോ. നഴ്സറി സ്കൂളിന്റെ മാതൃകയില്‍ ആയിരിക്കും അവര്‍ക്കായുള്ള സെന്റര്‍. പൂക്കളുള്ള ഉടുപ്പും റിബ്ബണും ഒക്കെ ധരിച്ച പോലീസും ,കൌണ്‍സലേഴ്സും കുട്ടിയോടൊപ്പം ഇരുന്നും കളിച്ചും താമസിച്ചും ഒക്കെ സാവകാശമാണ് വിവരങ്ങള്‍ ചോദിച്ചറിയുന്നതും വീഡിയോ റിക്കോഡിംഗ് നടത്തുന്നതും. സംരക്ഷകര്‍ ആകേണ്ട രക്ഷിതാക്കളും കൌെമാരം പിന്നിടാത്ത കളിക്കൂട്ടുകാര്‍ വരെ പീഡകരോ അവരുടെ സഹായികളോ ആകുന്ന സാഹചര്യങ്ങളില്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്ന സാഹചര്യങ്ങളില്‍ ഇത് ഏറെ പ്രസക്തമാണ്.

പീഡന കേസുകളില്‍ ഇരകളുടെ പില്‍ക്കാല ജീവിതം ഇനിയെങ്കിലും നാം ഗൌരവമായി കാണേണ്ടതുണ്ട്. ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമായ ശേഷവും ഇരകള്‍ തുടര്‍ച്ചയായ പല തരം പീഡനങ്ങള്‍ക്ക് വിധേയമാവുന്നു എന്നത് സമൂഹം എന്ന നിലയില്‍ നമുക്ക് അപമാനമാണ്.

3 thoughts on “ഈ പെണ്‍കുട്ടികളെ ഇനിയും പീഡിപ്പിക്കരുത്!

  1. Keralathil ithinayi NIRBHAYA enna peril Sammoohya kshema vakuppu oru project arambhikkunnu,. thankalude sahakaranam pratheekshikkunnu. bandhappeduka……………9846448055

  2. ലൈംഗിക അക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങളോടൊപ്പംതന്നെ പ്രധാനമാണ് അക്രമത്തിന് ഇരയായവരുടെ പുനര്‍ ജീവനത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കല്‍.

Leave a Reply

Your email address will not be published. Required fields are marked *