മമ്മൂട്ടിയുടെ മോന്‍ സല്‍മാനും കുമാരന്റെ മോന്‍ കുഞ്ഞാണ്ടിയും…

പറഞ്ഞുവന്നത് അപ്പന്‍മാരെപ്പറ്റിയാണ്, ചെത്തുകാരന്‍ കുമാരനായാലും കുമാരന്റെ മോന്‍ കുഞ്ഞാണ്ടിയായാലും ഇനി സാക്ഷാല്‍ ബാലകൃഷ്ണപിള്ളയോ കെ.എം മാണിയോ ആയാലും ഭാവിയിലേക്കുള്ള ചൂണ്ട മക്കളാണ്. മനുഷ്യ പ്രകൃതമാണത്, തെറ്റു പറഞ്ഞുകൂടാ. തനിക്ക് കഴിഞ്ഞതിനപ്പുറം നേടാന്‍ അപ്പന്‍മാരാല്‍ നേര്‍ച്ചനേരപ്പെട്ട കുഞ്ഞാടുകളാവുന്നു ഓരോ മക്കളും-അന്നമ്മക്കുട്ടി എഴുതുന്നു

അലറിക്കരയുന്ന കുഞ്ഞാണ്ടിയെ അച്ഛന്‍ വലിച്ചിഴച്ചോണ്ടു വന്ന് മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചോട്ടില്‍ നിര്‍ത്തി. പിന്നെ അഴ കെട്ടീരുന്ന ഇഴക്കയര്‍ അരിശത്തില്‍ പൊട്ടിച്ചെടുത്ത് അവനെ മാവിലേക്കു ചേര്‍ത്തുകെട്ടി. ശേഷം, വലിയൊരു കാപ്പിക്കൊമ്പ് ഒടിച്ചെടുത്ത് ഇലയൂരി വടിയാക്കി, അര്‍ധനഗ്നനായ കുഞ്ഞാണ്ടിയുടെ ചന്തിക്കിട്ട് ആയത്തിലൊന്ന് പെടച്ച് അച്ഛന്‍ കുമാരന്‍ ചോദ്യംചെയ്യല്‍ തുടങ്ങി.
‘എടാ നായീന്റെ മോനേ, നെനക്കിവിടെ എന്തിന്റെ കൊറവാടാ?’
ദാര്‍ശനിക മാനങ്ങളുള്ള ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കേവലം നാലാം ക്ലാസുകാരനായ കുഞ്ഞാണ്ടിക്കു കഴിഞ്ഞില്ല. ഫലം, പടേ! എന്നു വീണ്ടുമൊരടി പൊട്ടി. നഗ്നമായ തുടയിലൊരു ചുവന്ന സിംബല്‍ കൂടി. പെട്ടെന്നു വോളിയം കൂടിയൊരു കെല്‍ട്രോണ്‍ റേഡിയോ പോലെ കുഞ്ഞാണ്ടി ഒന്നുകൂടി ഉച്ചത്തില്‍ അലറി, അവന്റെ തൊണ്ടയിലെ സ്പീക്കറിന്റെ പരമാവധി കഴിവില്‍ നാടു വിറച്ചു. (സാഹിത്യഭംഗിയില്‍ പറഞ്ഞാല്‍, മാവിന്‍കൊമ്പിലെ പഞ്ചവര്‍ണക്കിളികള്‍ മാമ്പഴത്തീറ്റ മതിയാക്കി ചിറകടിച്ചു പറന്നു !). ഈ സന്ദര്‍ഭത്തില്‍ പ്രകൃതിവര്‍ണനയ്ക്ക് വലിയ സ്കോപ്പ് ഇല്ലാത്തതിനാല്‍ രംഗഭൂമിയിലേക്ക് തിരിച്ചുവരാം…

നെനക്ക് പഠിക്കാന്‍ പൊസ്തകം ഇല്ലേടാ….?
ഉണ്ണാനും ഉടുക്കാനും ഇല്ലേടാ….?
എന്തിന്റെ കൊറവാടാ കഴുവേറീ….?
വിചാരണയും അലമുറയും തുടര്‍ന്നു. ഊരിപ്പോവുന്ന നിക്കര്‍ പിടിക്കണോ ഒലിച്ചിറങ്ങുന്ന മൂക്കു തുടക്കണോ അതോ വന്ദ്യപിതാവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണോ അതല്ല കൂടുതല്‍ ഉച്ചത്തില്‍ കരയണോ എന്നറിയാതെ ആകെ കണ്‍ഫ്യൂഷനിലായിരുന്നു ബന്ധനസ്ഥനായ കുഞ്ഞാണ്ടി. അവന്റെ സിക്സ് പാക്ക് ബോഡിയില്‍ കാപ്പി വടി പിന്നേയും സര്‍വേ നടത്തി അടയാളമിട്ടു! ചന്തിയില്‍ അതിരടയാളങ്ങള്‍ പതിഞ്ഞു. ഇത്ര വലിയ ശിക്ഷകിട്ടാന്‍ തക്ക കുറ്റമൊന്നും സത്യത്തില്‍ പാവം കുഞ്ഞാണ്ടി ചെയ്തിരുന്നില്ല. എന്തെങ്കിലും ചെയ്തതിനല്ല, പരീക്ഷാ പേപ്പറില്‍ ഒന്നും ചെയ്യാതിരുന്നതിന്റെ പേരിലാണ് അവന്റെ അപ്പന്‍ ചെത്തുകാരന്‍ കുമാരന്‍ ഈ ക്രൂര ശിക്ഷ നടപ്പാക്കുന്നത്.

കുഞ്ഞാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന പ്രകടനം മലയാളം പേപ്പറിലായിരുന്നു, അമ്പതില്‍ അഞ്ച്. എല്ലാ പരീക്ഷകളിലും അവന്റെ കണക്കു പേപ്പറില്‍ പൂജ്യം ആയിരുന്നു ‘അവിഭാജ്യഘടകം’. ഹിറ്റ്ലര്‍ ജൂതന്‍മാരെ എന്ന പോലെ കത്തോലിക്കാ സഭ കമ്യൂണിസ്റ്റുകാരെ എന്ന പോലെ വി.എസ് അച്യുതാനന്ദന്‍ ബാലകൃഷ്ണപിള്ളയെ എന്ന പോലെ കുഞ്ഞാണ്ടി അക്കാലത്ത് കണക്കിനെ വെറുത്തിരുന്നു. കണക്ക് മാഷന്‍മാരെ അവന്‍ നികൃഷ്ടജീവികളായി കരുതി, മാഷന്‍മാര്‍ അവനേയും. മിക്ക ക്ലാസിലും അവനെ സാറന്‍മാര്‍ ‘പൊട്ടന്‍’ എന്നു വിശേഷിപ്പിച്ചു. ‘പട്ടികജാതിക്കാരന്‍’ എന്നോ ‘ഷെഡ്യൂള്‍ഡ് കാസ്റ്റ്’ എന്നോ വിളിച്ചതായി ഓര്‍ക്കുന്നില്ല. ഞാനും എന്റെ അമ്മച്ചിയും ഉള്‍പ്പെടെ വലിയൊരു സംഘം പതിവുപോലെ നാലുവശത്തേയും വേലിക്കല്‍ നിന്ന് ‘കുഞ്ഞാണ്ടി വധം’ നിശബ്ദമായി, ഒരു ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സ് പോലെ ഏകാഗ്രതയോടെ കാണുകയാണ്. അന്നും ഇന്നത്തേപോലെ കണ്ടുനില്‍ക്കലായിരുന്നു നാട്ടുകാര്‍ക്ക് ആനന്ദം. മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ ഇല്ലാത്തതിനാല്‍ റെക്കോഡ് ചെയ്യല്‍ ഇല്ലായിരുന്നു എന്നു മാത്രം.

കുഞ്ഞാണ്ടി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്
എനിക്ക് എന്തായാലും വല്ലാത്ത സങ്കടം വന്നു, കാരണം കുഞ്ഞാണ്ടി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്നുവെച്ചാല്‍ പള്ളിക്കൂടത്തിലേക്കും തിരിച്ചും ‘ഫ്രണ്ടില്‍’ നടന്ന് എനിക്ക് വഴി കാട്ടുന്നവന്‍. വഴിയരികിലെ സകലമാന മരക്കൊമ്പിലും വേട്ടയാടി കുഞ്ഞാണ്ടി പള്ളിക്കൂടത്തിലെത്തുമ്പോള്‍ ഉച്ചക്കുള്ള ഉപ്പുമാവ് വിതരണമായിട്ടുണ്ടാവും. എന്നാലും വല്യമ്മച്ചി അവനെയായിരുന്നു എന്റെ പൈലറ്റ് വാഹനമായി നിശ്ചയിച്ചിരുന്നത്. അങ്ങനെയുള്ള എന്റെ പ്രിയ ചങ്ങാതിയാണ് നിറയെ ഉറുമ്പുള്ള മാവിന്‍ ചോട്ടില്‍ അലമുറയിടുന്നത്. റിയലി ക്രൂവല്‍! ബട്ട് അന്നു വെറും മൂന്നാം ക്ലാസുകാരിയായ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

മാത്രമല്ല, കുഞ്ഞാണ്ടി മര്‍ദനം തടയാനെത്തിയ അവന്റെ അമ്മ കമലാക്ഷിയെ ചെത്തുകാരന്‍ കുമാരന്‍, മഹാഭാരതം സീരിയലിലെ ദുശാസനന്‍ പാഞ്ചാലിയെ എന്നമാതിരി, മുടിക്കു കുത്തിപ്പിടിച്ച് മുതുകത്തിട്ട് കുത്തുന്നത് ഞാന്‍ കണ്ടിരുന്നു. ‘നിന്റെയൊരുത്തീടെ കുറ്റം കൊണ്ടാണ് ചെക്കന്‍ ഇങ്ങനെ തലതിരിഞ്ഞത്’ എന്നൊരു വിധി പ്രഖ്യാപനവും ഹൈക്കോടതിയെപ്പോലെ തിടുക്കത്തില്‍ കുമാരന്‍ നടത്തിയിരുന്നു. പാവം കമലാക്ഷി! കൂമ്പിനിടി വാങ്ങി മുറ്റത്തിന്റെ കോണിലിരുന്ന് വലിയവായില്‍ നിലവിളിച്ചുകൊണ്ടിരുന്നു. മകനുള്ള ശിക്ഷ അപ്പന്റെ കോടതി നടപ്പാക്കുമ്പോള്‍ അതില്‍ ഇടപെടുന്നതുപോലെ കടുത്ത ‘കോടതിയലക്ഷ്യം’ വേറെയില്ലെന്ന് കമലാക്ഷിക്കു മനസിലായിരിക്കണം. പാവം അമ്മ മനസ്! ഫെമിനിസം, ഗാര്‍ഹിക പീഡനം, വനിതാ കമ്മീഷന്‍ എന്നൊന്നുമുള്ള വാക്കുകള്‍ അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. ജെ. ദേവിക, ഗീത, കോണ്‍സ്റ്റബിള്‍ വിനയ തുടങ്ങിയവരെയൊന്നും അന്ന് എനിക്കു പരിചയവും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ എടാ കുമാരാ നിന്റെ കളി ഞാന്‍ അന്നേ നിര്‍ത്തിയേനേ…..

ഒരോ ഓണപരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കും ശേഷവും എന്റെ പ്രിയ മിത്രം കുഞ്ഞാണ്ടി മാവിന്‍ ചോട്ടിലെ ഈ തടവറ പീഡനം അനുഭവിച്ചുകൊണ്ടിരുന്നു.
‘എന്തിനാടാ കുമാരാ അവനെ ഇങ്ങനിട്ട് തല്ലുന്നത്….?’ സഹികെട്ട് ഒരു ദിവസം എന്റെ വല്യമ്മച്ചി ഇടപെട്ടു. ഞങ്ങളുടെ പറമ്പില്‍ പണിക്കു വരാറുള്ള കുമാരന്‍ അമ്മച്ചിയോട് മോശമായി ഒന്നും പറയില്ലെന്ന ചെറിയൊരു സാധ്യതയിലാണ് ആ ഇടപെടല്‍. കുമാരന്‍ അടി നിര്‍ത്തി പെട്ടെന്നൊരു ‘ബ്രേക്ക്’ എടുത്തു. പിന്നെ കള്ളിന്റെ ലഹരിയില്‍ വികാരാധീനനായി ഇപ്രകാരം മൊഴിഞ്ഞു: ‘പിള്ളേരെങ്കിലും പഠിച്ച് കരപറ്റാനല്ലിയോ അമ്മച്ചീ നമ്മളീ രാപകല്‍ കഷ്ടപ്പെടുന്നേ. അവനും നാളെ തെങ്ങീക്കേറി ചെത്തുകാരനായി നടന്നാ മതിയെങ്കീ പിന്നേ നമ്മളെന്തിനാ ഇങ്ങനെ പ്രയാസപ്പെടുന്നേ. എനിക്കോ പഠിക്കാനൊത്തില്ല. അവനെങ്കിലും നാലക്ഷരം പഠിച്ച് കണ്ണു തെളിയട്ടേന്നു വെച്ചാ പള്ളിക്കൂടത്തീ…..’ സംഗതികളുടെ സംഗ്രഹം പെട്ടെന്ന് അമ്മച്ചിയെ ബോധിപ്പിച്ച് കുമാരന്‍ വീണ്ടും മോങ്ങികൊണ്ടിരുന്ന മോനെ തല്ലുന്ന പരിപാടി പുനരാരംഭിച്ചു.

സായാഹ്ന തല്ലുകളുടെ അച്ഛാ…
കുഞ്ഞാണ്ടി അനുഭവിക്കേണ്ടിവന്ന ആ താഡന-പീഡനങ്ങളുടെ മനഃശാസ്ത്രം ഇന്നിപ്പോള്‍ എനിക്കു മനസിലാവുന്നു. കള്ളു ചെത്തല്‍ എന്ന തന്റെ പൈതൃകത്തൊഴിലില്‍ നിന്ന് മകന്‍ രക്ഷപ്പെടണമെന്ന പിതാവിന്റെ മോഹമാണ് മാവിന്‍ചോട്ടിലെ അടിച്ചൂടായി കുഞ്ഞാണ്ടിയെ പൊതിഞ്ഞത്. ആറാം ക്ലാസുവരേയും കൊല്ലത്തില്‍ മൂന്നു ടേമിലും ഈ ‘സീരിയല്‍’ തുടര്‍ന്നു പോന്നു. അപ്പോഴേക്കും മീശ കുരുത്തു തുടങ്ങിയ കുഞ്ഞാണ്ടി ഒരുദിവസം നയം പ്രഖ്യാപിച്ചു: ‘സായാഹ്ന തല്ലുകളുടെ അച്ഛാ, വിട തരിക, മാവിന്‍ചോട്ടിലെ ഈ പരിപാടി ഇനി അങ്ങ് കയ്യില്‍ വെച്ചിരുന്നാല്‍ മതി, ഞാന്‍ എന്റെ പാട്ടിനു പോവാണ്…’ അനന്തരം സാമ്പ്രദായിക അധ്യയനത്തിന്റെ വിരസത വിട്ട് കുഞ്ഞാണ്ടി സ്വന്തം വഴി തെരഞ്ഞെടുത്തു. എന്നുവെച്ചാല്‍ നാട്ടിലെ ചീട്ടുകളിക്കൂട്ടത്തില്‍ സജീവമായി.

കുമാരന്റെ ആഗ്രഹം പോലെ കുഞ്ഞാണ്ടി ചെത്തുകാരനായില്ല. പകരം നല്ലൊരു വാറ്റുകാരനായി. അതു പൊലീസ് പിടിച്ചപ്പോള്‍ പിന്നെ ഓട്ടോക്കാരനായി, കൂലിപ്പണിക്കാരനായി, ഇപ്പോള്‍ തട്ടുകടക്കാരനാണ്. അടുത്തിടെ കുഞ്ഞാണ്ടിയെ കണ്ടു. രാവിലെ തിടുക്കത്തില്‍ തന്റെ രണ്ടു മക്കളെ പള്ളിക്കൂടത്തിലേക്കാനായി ഓട്ടോയില്‍ കൊണ്ടുപോകുന്നു. വണ്ടി നിര്‍ത്തി കുശലാന്വേഷണങ്ങള്‍ക്കിടെ കുഞ്ഞാണ്ടി പറഞ്ഞു: ‘രണ്ടു പേരും ഒരു വിധം പഠിക്കും അന്നമ്മക്കൊച്ചേ, പഠിക്കുന്നെടത്തോളം പഠിപ്പിക്കണം….’ കാലം ആവര്‍ത്തിക്കുകയാണ്, മക്കളെക്കുറിച്ചുള്ള അച്ഛന്‍മാരുടെ സ്വപ്നങ്ങളും.

ദുല്‍കര്‍ സല്‍മാന്‍

മടിയില്‍ നിന്നു വളര്‍ന്ന അടക്കാമരം
പറഞ്ഞുവന്നത് അപ്പന്‍മാരെപ്പറ്റിയാണ്, ചെത്തുകാരന്‍ കുമാരനായാലും കുമാരന്റെ മോന്‍ കുഞ്ഞാണ്ടിയായാലും ഇനി സാക്ഷാല്‍ ബാലകൃഷ്ണപിള്ളയോ കെ.എം മാണിയോ ആയാലും ഭാവിയിലേക്കുള്ള ചൂണ്ട മക്കളാണ്. മനുഷ്യ പ്രകൃതമാണത്, തെറ്റു പറഞ്ഞുകൂടാ. തനിക്ക് കഴിഞ്ഞതിനപ്പുറം നേടാന്‍ അപ്പന്‍മാരാല്‍ നേര്‍ച്ചനേരപ്പെട്ട കുഞ്ഞാടുകളാവുന്നു ഓരോ മക്കളും. ഹിസ്റ്ററി ബുക്ക് ഒന്നോടിച്ചു നോക്കിയാല്‍ പല കോലങ്ങളില്‍ ചരിത്രത്തിന്റെ ഈ ‘റിപ്പറ്റീഷന്‍’ കാണാം. മോന്‍ തന്നെപ്പോലെ ചെത്തുകാരനാവരുതെന്നും ഗുമസ്തനോ വക്കീലോ മാഷോ ആവണമെന്നും കുമാരന്‍മാര്‍ മോഹിക്കുന്നു. മോന്‍ തന്നെക്കാള്‍ വലിയ അധികാരിയും കൂടുതല്‍ അണികളുടെ അനിഷേധ്യ നേതാവുമാകണമെന്ന് ബാലകൃഷ്ണപിള്ളയും കെ.എം മാണിയും കൊതിക്കുന്നു.

രാഷ്ട്രീയം വേണ്ടെന്ന് ഉപദേശിച്ച് ഗള്‍ഫിലേക്കു വിമാനം കയറ്റിവിട്ടതാണ് മോന്‍ മുരളിയെ അച്ഛന്‍ കരുണാകരന്‍. ഗതി പിടിക്കാതെ ബൂമറാങ് പോലെ മോന്‍ തിരിച്ചെത്തിയപ്പോള്‍ ‘എങ്കില്‍ പിന്നെ വഴി രാഷ്ട്രീയം തന്നെ’ എന്നുപദേശിച്ചത് പുത്രസ്നേഹിയായ അച്ഛന്‍ തന്നെ. അതിന്റെ ഫലം അച്ഛന്‍ പില്‍ക്കാലത്ത് അനുഭവിച്ചത് ചരിത്രത്തിന്റെ ഒരു ക്രൂവല്‍ ഐറണി. കൊട്ടാരക്കര ആസ്ഥാനമായ നാട്ടുരാജ്യം നിലനിര്‍ത്താന്‍ മോനെ തട്ടിലിറക്കിയ ബാലകൃഷ്ണപിള്ള പിതാവിന്റെ ഇന്നത്തെ ഗതി ഭാവിയില്‍ എല്ലാ അച്ഛന്‍മാര്‍ക്കും ഒരു പാഠമാവേണ്ടതാണ്. ഭാവിതലമുറക്കായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താവുന്ന പാഠം! ‘മടിയില്‍ നിന്നു വളര്‍ന്ന അടക്കാമരം’ എന്നു പാഠത്തിനു പേരിടാം.

ഇനി മക്കളുടെ കാലമാണ്
എന്തൊക്കെയായാലും കേരളത്തില്‍ ഇനി മക്കളുടെ കാലമാണ് വരാന്‍ പോകുന്നത്. അച്ഛന്റെ മണ്ഡലം നിലനിര്‍ത്തി ഒരു മന്ത്രിസഭയെത്തന്നെ അകാല മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു മകന്‍ പിറവത്ത് പടയോട്ടത്തിനിറങ്ങുന്നു. പാലായിലൊരു പിതാവ് ‘റൂട്ടടക്കം ബസ് വില്‍പനക്ക് ‘ എന്നതുപോലെ ആയിരക്കണക്കിന് അണികളെയടക്കം ഒരു ബ്രാക്കറ്റ് പാര്‍ട്ടി ജോസ് മോന് തത്വത്തില്‍ കൈമാറിക്കഴിഞ്ഞു. അച്ഛനോളം ‘ഈഡുള്ള’ നേതാവാകാനുള്ള ഹൈജംപ് ശ്രമങ്ങള്‍ ഹൈബിയെ എവിടെയെങ്കിലുമൊക്കെ എത്തിക്കുന്നതിന്റെ ലക്ഷണങ്ങളാണ് തെളിയുന്നത്. മാര്‍ക്സിസം^ലെനിനിസത്തിന്റെ വൈരുധ്യാത്മക ഭൌതികവാദ തിയറി പ്രകാരം വൈരുധ്യങ്ങളുടെ നീണ്ട ഏറ്റുമുട്ടലാണ് ഇഹലോക ജീവിതം. അതിനാല്‍ കമ്യൂണിസ്റ്റുകാരന്റെ മകന് രാഷ്ട്രീയമല്ല, ഐ.എച്ച്.ആര്‍.ഡി കസേരയാണ് സുരക്ഷിതം എന്ന തൊഴിലാളിവര്‍ഗ കണ്ടെത്തല്‍ നടത്തിയ സഖാവ് വി.എസ് ആണ് കേരളത്തിലെ അച്ഛന്‍മാരില്‍ വേറിട്ടൊരു മാതൃക.

‘സൂപ്പര്‍ സണ്‍’
രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും ഉദാഹരണങ്ങള്‍ വര്‍ധിക്കുകയാണ്. വിനീത് ശ്രീനിവാസനും വിജയ് യേശുദാസും കളംപിടിച്ചു കഴിഞ്ഞു. തങ്ങളായിട്ട് ഒരു ശുപാര്‍ശപോലും ചെയ്തിട്ടില്ലെന്നും മക്കള്‍ അവരുടെ കഴിവില്‍ തിളങ്ങുകയാണെന്നും അവരുടെ അച്ഛന്‍മാര്‍ പറയുന്നു. അതു നേരായിരിക്കാം. എന്നാലിതാ ഇപ്പോള്‍, ഒരു വര്‍ഷം നീണ്ട രഹസ്യ അഭിനയ പരിശീലനത്തിനും റിഹേഴ്സലിനും ശേഷം ‘സൂപ്പര്‍ സണ്‍’ സിനിമയിലേക്കു വരികയാണ്. മകന്റെ അരങ്ങേറ്റം അത്യുജ്ജ്വലമാക്കാനുള്ള തല പുകയ്ക്കലുകളിലായിരുന്നു മമ്മൂട്ടി ഏറെക്കാലമായി എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ‘സെക്കന്റ്ഷോ’, ‘ഉസ്താദ്ഹോട്ടല്‍’ എന്നീ സിനിമകള്‍ തന്റെ താരസിംഹാസനം മകന് കൈമാറാനുള്ള ഒരു പിതാവിന്റെ ഹൃദയസ്പന്ദനങ്ങള്‍ കൂടി വെളിപ്പെടുത്തും. മോഹന്‍ലാലിന്റെ മകന്‍ പ്രണവും ഉടന്‍ വരുന്നുവെന്ന് ചലച്ചിത്ര മാസികകളുടെ പ്രവചനം. കാലം കുതിച്ചുപായുന്നു, സിംഹാസനങ്ങള്‍ ഒഴിയാന്‍ കാലമായി. അവിടെ മക്കളെ ഇരുത്താനായാല്‍ ആത്മസംതൃപ്തിയോടെ വാര്‍ധക്യകാലം വിശ്രമിക്കാം. റിഹേഴ്സല്‍ ക്യാമ്പില്‍ പഠിച്ചെടുക്കാവുന്ന അഭിനയമേ സിനിമക്ക് ആവശ്യമുള്ളൂ. സിനിമയില്‍ അഭിനയമല്ല, ഉപായമാണ് വേണ്ടത്. അത് സൂപ്പര്‍താരങ്ങളോളം അറിയാവുന്നവര്‍ ആരുണ്ട്?

11 thoughts on “മമ്മൂട്ടിയുടെ മോന്‍ സല്‍മാനും കുമാരന്റെ മോന്‍ കുഞ്ഞാണ്ടിയും…

  1. ഇത്രയും കാലം അപ്പനെ സഹിച്ചു ഇനി മകനെയും സഹിക്കണോ

  2. വളരെ ഇഷ്ടപ്പെട്ടു !!
    ഞാനും ഒരഛനാണ് . ഇടക്കിടെ എന്റെ ദേഹത്തും കുമാരന്‍ ആവേശിക്കാറുണ്ട് !!!

  3. അധകൃതനും ,ദുര്‍ബലനും ആയ നായകനോട് ഒരു പൈങ്ങ്കിളി പ്രേമം ഇല്ലായിരുന്നു എന്നതൊഴിച്ചാല്‍ ഈ ഫ്യൂടല്‍ ക്ലീഷേ ഒരു പാട് കേട്ട് കഴിഞ്ഞതാണല്ലോ.ഈ പീ.സീ ജോര്‍ജ് സ്റ്റൈല്‍ ഒഴിവാക്കാമായിരുന്നു.

  4. ചരിത്രം അങ്ങനെയാണ്, ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും. കണ്ട് മടുത്തിട്ട് മാറി ഇരിക്കാമെന്ന് വെച്ചാലോ അതിനും വേണ്ടേ ഒരിടം.. ഒരു നാലാമിടം ? എഴുത്ത് വളരെ നന്നായി .

  5. സിംഹാസനങ്ങള്‍ ഒഴിയാന്‍ കാലമായി. അവിടെ മക്കളെ ഇരുത്താനായാല്‍ ആത്മസംതൃപ്തിയോടെ വാര്‍ധക്യകാലം വിശ്രമിക്കാം. റിഹേഴ്സല്‍ ക്യാമ്പില്‍ പഠിച്ചെടുക്കാവുന്ന അഭിനയമേ സിനിമക്ക് ആവശ്യമുള്ളൂ. സിനിമയില്‍ അഭിനയമല്ല, ഉപായമാണ് വേണ്ടത്. അത് സൂപ്പര്‍താരങ്ങളോളം അറിയാവുന്നവര്‍ ആരുണ്ട്

  6. സിനിമയില്‍ അഭിനയം വേണ്ട ഉപായം മതി എന്ന്..!! അതും വിചാരിച്ചു പോയാ പെട്ടീ കിടക്കും. നടന്മാരോട് അസൂയ മൂത്താല്‍ എന്തും എഴുതാം എന്നായി അല്ലെ? നടക്കട്ടെ.. നടക്കട്ടെ.

  7. വളരെ നല്ല എഴുത്തു അപ്പനെ സഹിച്ചു ഇനി മോനും കഷ്ടം ……………..

Leave a Reply

Your email address will not be published. Required fields are marked *