സ്ത്രീകള്‍, അബ്രാഹ്മണര്‍ എന്നിവരുടെ വിദ്യാഭ്യാസവും അതിന്‌ നേരിടേണ്ടിവന്ന എതിര്‍പ്പുകളും

ഇന്ന് നവംബര്‍ 28, മഹാത്മാ ജോതിബാ ഫുലെയുടെ ചരമദിനം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അധ്യാപികയായ പരിമള വി റാവു എഴുതിയ “Educating women and Non-Brahmins as ‘Loss of Nationality’: Bal Gangadhar Tilak and the Nationalist Agenda in Maharashtra” എന്ന പ്രബന്ധത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്. ന്യൂഡല്‍ഹിയിലെ Centre for Women’s Development Studies ആണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്-കെ എസ് സുദീപ് എഴുതുന്നു

[ആദ്യം ഫെയ്സ്ബുക്കിലും പിന്നീട് റൌണ്ട് ടേബിള്‍ ഇന്ത്യ എന്ന പോര്‍ട്ടലിലും ഈ പഠനം പരിചയപ്പെടുത്തിയ അനൂപ്‌ കുമാറിന് നന്ദി. ]

ഇന്ത്യയില്‍ സ്ത്രീകള്‍ക്കും അബ്രാഹ്മണര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതിലും അവര്‍ സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് വരുന്നതിലും നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചവരാണ് ജോതിബാ ഫുലെയും സാവിത്രിബായ് ഫുലെയും. 1848-ല്‍ പൂനെയില്‍ അവര്‍ സ്ഥാപിച്ച പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂള്‍ ഇന്ത്യയില്‍ത്തന്നെ അത്തരത്തില്‍ രണ്ടാമത്തേതായിരുന്നു. അവിടെ പ്രധാനാധ്യാപികയായിരുന്ന സാവിത്രിബായ് ഫുലെ ഇന്ത്യയിലെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ അധ്യാപികയായിരുന്നു എന്ന് കരുതപ്പെടുന്നു. അതേ വര്‍ഷം തന്നെ ശൂദ്രര്‍ക്കും അതിശൂദ്രര്‍ക്കും വേണ്ടി അവര്‍ ഒരു സ്കൂള്‍ കൂടി സ്ഥാപിച്ചു. 1851-ല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മറ്റൊരു സ്കൂള്‍ തുടങ്ങി. അദ്ദേഹം വിധവകളുടെ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കുകയും സ്ത്രീശിശുഹത്യ തടയാന്‍ നവജാത ശിശുക്കള്‍ക്കുവേണ്ടി ഒരു ഭവനം സ്ഥാപിക്കുകയും ചെയ്തു.

രാഷ്ട്രീയാന്തരീക്ഷം

1818-ലെ ഖഡ്കി യുദ്ധത്തോടെ (Battle of Khadki/Kirkee) മഹാരാഷ്ട്രയില്‍ പേഷ്വായുടെ ഭരണം അവസാനിച്ചു. ഡെക്കാന്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായി. അതോടെ ലിംഗപരവും ജാതീയവുമായ വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള പുരോഗമനവാദികളുടെ ശ്രമങ്ങള്‍ ശക്തമായി. ഈ നീക്കങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചവരില്‍ പ്രമുഖനായിരുന്നു ജോതിബാ ഫുലെ എന്ന് അനുയായികള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ശ്രീ ജോതിറാവു ഫുലെ.

യുക്തി, സമത്വം എന്നീ മൂല്യങ്ങളെ ആധാരമാക്കി അദ്ദേഹം ഹൈന്ദവസംസ്കാരത്തെ വിലയിരുത്തി. അതുകൊണ്ടുതന്നെ, ആ സംസ്കാരത്തിന്റെ ഭാഗമായതും ഈ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ തികഞ്ഞ അസമത്വത്തിലൂന്നിയ ജാതി, കുടുംബവ്യവസ്ഥ, പുരുഷന്റെ കീഴില്‍ പുരുഷന്റെ ഇഷ്ടത്തിന്‌ കഴിയേണ്ടവരാണ് സ്ത്രീകള്‍ എന്ന സങ്കല്പം, സ്ത്രീകളുടെ വിദ്യാഭാസത്തിനുണ്ടായിരുന്ന നിരോധനം, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈധവ്യം, ശൈശവവിവാഹം തുടങ്ങിയ കാര്യങ്ങളെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു.

പുരുഷന്മാര്‍ സ്ത്രീകളെ അവിദ്യയുടെ ഇരുട്ടില്‍ നിര്‍ത്തിയത് തങ്ങളുടെ മേധാവിത്വം നഷ്ടപ്പെട്ടുപോവാതിരിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. സാവിത്രിബായ് ഫുലെ, താരാബായ് ഷിന്‍ഡെ, പണ്ഡിത രമാബായി തുടങ്ങി ആധുനിക ഇന്ത്യയിലെ ആദ്യകാല ഫെമിനിസ്റ്റുകളില്‍ പലരുമായും അദ്ദേഹം യോജിച്ചു പ്രവര്‍ത്തിച്ചു. സ്ത്രീകളായിരുന്നു വേദങ്ങളോ വിശുദ്ധഗ്രന്ഥങ്ങളോ എഴുതിയിരുന്നതെങ്കില്‍ സ്ത്രീകളുടെ ന്യായമായ അവകാശങ്ങള്‍ അവഗണിക്കാന്‍ പുരുഷന്മാര്‍ക്ക് കഴിയുകയില്ലായിരുന്നുവെന്നും അവര്‍ എപ്പോഴും സ്വന്തം അവകാശങ്ങളെപ്പറ്റി മാത്രം വാചാലരാവുകയില്ലായിരുന്നു എന്നും അദ്ദേഹം വാദിച്ചു.

ജോതിബാ ഫുലെയും സാവിത്രിബായ് ഫുലെയും.


എതിര്‍പ്പുകള്‍

ബാലഗംഗാധര തിലകന്റെ നേതൃത്വത്തിലുള്ള ദേശീയതാവാദികള്‍ 1881 മുതല്‍ 1920 വരെയുള്ള കാലത്ത് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകളെയും അബ്രാഹ്മണര്‍ക്ക് വിദ്യാഭ്യാസത്തിന്‌ അവസരം നല്‍കുന്നതിനെയും സ്ഥിരമായി എതിര്‍ത്തുപോന്നു. ആകെയുണ്ടായിരുന്ന പതിനൊന്നില്‍ ഒന്‍പതു നഗരസഭകളിലും നിര്‍ബ്ബന്ധിത വിദ്യാഭ്യാസത്തിനുള്ള നീക്കത്തെ അവര്‍ എതിര്‍ത്തുതോല്‍പ്പിച്ചു. [കടപ്പാട്: Mahratta എന്ന പേരില്‍ താന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രത്തില്‍ തിലകന്‍ തന്നെ എഴുതിയ കുറിപ്പുകള്‍].

വിഷ്ണുശാസ്ത്രി ചിപ്ലുന്‍കര്‍, വി എന്‍ മണ്ഡലിക്, ബാലഗംഗാധര തിലകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ദേശീയതാവാദികള്‍
പുരോഗമനപരമായ എല്ലാ നീക്കങ്ങളെയും അത് ദേശീയതയ്ക്കെതിരാണെന്നും ദേശവിരുദ്ധമാണെന്നും പറഞ്ഞ്‌ എതിര്‍ത്തുപോന്നു.

ജാതിസമ്പ്രദായം ഹിന്ദു സമൂഹത്തിന്റെ ആണിക്കല്ലാണെന്നും ജാതിയെ കുറച്ചുകാണുന്നത് ഹിന്ദു സമൂഹത്തെത്തന്നെ കുറച്ചുകാണലാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഉന്മൂലനം ചെയ്യണമെന്നു വാദിച്ച ഫുലെ ദേശത്തിന്റെ ശത്രുവും ബ്രിട്ടീഷുകാരുടെ എജന്റുമായി മുദ്രകുത്തപ്പെട്ടു. (അതുകൊണ്ടായിരിക്കാം ഫുലെയുടെ പേര് നാം ഇന്നും പാഠപുസ്തകങ്ങളില്‍ കാണാത്തത്, ‘സ്വരാജ് എന്റെ ജന്മാവകാശമാണ്’ എന്ന് പറഞ്ഞ ‘ലോകമാന്യ’ തിലകനെപ്പറ്റി പ്രൈമറി ക്ലാസ്സുകള്‍ തൊട്ടേ പഠിക്കുമ്പോഴും).

നിര്‍ബ്ബന്ധിത പ്രാഥമികവിദ്യാഭ്യാസത്തെയും തിലകന്‍ വിചിത്രമായ വാദങ്ങളുന്നയിച്ച് എതിര്‍ത്തു. എഴുത്തും വായനയും ചരിത്രവും ഭൂമിശാസ്ത്രവും കണക്കുമൊക്കെ പഠിക്കുന്നത് കര്‍ഷകരുടെ മക്കള്‍ക്ക്‌ ദോഷകരമായിരിക്കും എന്നും ഓരോരുത്തരും അവരുടെ പരമ്പരാഗതമായ തൊഴിലുകളാണ് പഠിക്കേണ്ടത് എന്നും അദ്ദേഹം വാദിച്ചു. സമൂഹത്തിലെ മേലേക്കിടയിലുള്ളവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനും ഉദ്യോഗങ്ങള്‍ക്കും മത്സരിക്കേണ്ടിവരുന്നത് ഒഴിവാക്കുകയായിരുന്നിരിക്കാം അവരുടെ ലക്ഷ്യം.

സര്‍ക്കാര്‍ സ്കൂളുകളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ പാടില്ലെന്നും നികുതിയടയ്ക്കുന്നവരാണ് ആ പണം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് എന്നും ശ്രീ തിലകന്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണം എന്ന് സര്‍ക്കാരിന് നിര്‍ബന്ധമാണെങ്കില്‍ ഓരോരുത്തര്‍ക്കും അവരുടെ സമൂഹത്തിലെ സ്ഥാനമനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഹണ്‍ടര്‍ കമ്മീഷന്‍

1881-ല്‍ വിദ്യാഭ്യാസത്തിന്റെ മാധ്യമം ഏത് ഭാഷയായിരിക്കണം എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിനുള്ള പങ്ക്‌ എന്തായിരിക്കണം എന്നുമൊക്കെ തീരുമാനിക്കാന്‍ ഹണ്‍ടര്‍ കമ്മീഷന്‍ നിയമിക്കപ്പെട്ടു. ശൂദ്രര്‍, മഹാര്‍ / മാന്‍ഗ് സമുദായക്കാര്‍, മുസ്ലീങ്ങള്‍ എന്നിവരുടെ സാമൂഹ്യസ്ഥിതി മോശമാണെന്നും അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയും ഫുലെ കമ്മീഷനെ ധരിപ്പിച്ചു.

മഹാര്‍ / മാന്‍ഗ് സമുദായക്കാര്‍ക്ക് സ്കൂളുകളില്‍ പ്രവേശനം നല്‍കുന്നതിനെ തിലകന്‍ എതിര്‍ത്തു. വികാരജീവികളായ ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരും പ്രായോഗികബുദ്ധിയില്ലാത്ത ചില നാടന്‍ പുരോഗമനവാദികളും ചേര്‍ന്ന് മഹാര്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ വിടാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹൈന്ദവ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ വിദേശ സര്‍ക്കാരിനെയും ഇംഗ്ലീഷ് ചിന്തകള്‍ ബാധിച്ച പരിഷ്കര്‍ത്താക്കളെയും തങ്ങള്‍ ദേശീയതാവാദികള്‍ അനുവദിക്കില്ല എന്നദ്ദേഹം അടിവരയിട്ടുപറഞ്ഞു. (സ്ത്രീകളുടെ വിദ്യാഭ്യാസത്തെപ്പറ്റി, വിദ്യാഭ്യാസം സ്ത്രീകളെ അസാന്മാര്‍ഗ്ഗികരാക്കും എന്നും ശ്രീ തിലകന്‍ പറയുകയുണ്ടായി.)

പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് 1884-ല്‍ ഹണ്‍ടര്‍ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ ഫുലെയുടെ സ്വാധീനം

ജോതിബാ ഫുലെയുടെ ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പില്‍ക്കാല സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ പ്രമുഖനാണ് ഡോ. ബി ആര്‍ അംബേദ്‌കര്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പലരും തങ്ങളുടെ ചരിത്രപുസ്തകങ്ങളുടെ താളുകളില്‍ നിന്ന് ഏതാണ്ടൊഴിവാക്കിയെങ്കിലും ജന്മസംസ്ഥാനമായ മഹാരാഷ്ട്രയിലും ബി എസ് പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലും വീടുകളില്‍ പോലും പരിചിതമായൊരു പേരാണ് ജോതിബാ ഫുലെയുടേത്‌. അദ്ദേഹം എഴുതിയ ‘അടിമത്തം’ (ഗുലാംഗിരി), ‘കൃഷിക്കാരന്റെ ചാട്ടവാര്‍’ (ശേട്കരാച്ച്യ ആസുദ്) എന്നീ പുസ്തകങ്ങള്‍ ഇന്നും ഏറെ വായിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *