ചുണ്ണാമ്പു ചിറയ്ക്കപ്പുറമിപ്പുറം

മുല്ലപ്പെരിയാര്‍ അണക്കൈട്ടുമായി ബന്ധപ്പെട്ട വിഷയം തമിഴനും മലയാളിക്കുമിടയിലെ വംശീയ മുറിവായി മാറി തുടങ്ങിയിരിക്കുന്നു. ശത്രു രാജ്യക്കാരെ പോലെ പരസ്പരം പുറംതിരിഞ്ഞു നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍. വൈക്കോയെ പോലുള്ള രാഷ്ട്രീയക്കാര്‍ തമിഴ്നാട്ടില്‍ കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ്. തമിഴ് ജനതയോടുള്ള വിദ്വേഷം ഊതിപ്പെരുപ്പിക്കാന്‍ ഇവിടെയുമുണ്ട് ബോധപൂര്‍വമായ ശ്രമങ്ങള്‍. പാതി മലയാളിയും പാതി തമിഴുമായ ഒരുവള്‍ ഈ അവസ്ഥയെ കാണുന്നത് എങ്ങനെയാവും? മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജോലി ചെയ്യുന്ന ശാലിനി പദ്മ ആ അവസ്ഥയെക്കുറിച്ച് എഴുതുന്നു. മുല്ലപ്പെരിയാറിനു മറുകരയില്‍ കഴിയുന്ന കറുപ്പഴഗ് എന്ന മുതിര്‍ന്ന തമിഴ് കര്‍ഷകന്റെ വാക്കുകളും ഈ എഴുത്തില്‍ കടന്നു വരുന്നു

30 ലക്ഷം മനുഷ്യരുടെ ജീവന്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍, ഉന്നതങ്ങളില്‍ നിന്നുള്ള അന്തിമ തീരുമാനം അടുത്തെങ്ങും ഉണ്ടാവില്ല എന്ന
തിരിച്ചറിവില്‍ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങുന്നു.

തമിഴ് നാട്ടില്‍ മുളച്ചതെല്ലാം മുള്ളും ജനിച്ചതെല്ലാം കള്ളന്മാരും ആണെന്നു മലയാളിയും “കൊലയാളിയെ നംബലാം, ആനാല്‍ മലയാളിയെ നംബക്കൂടാത് ” എന്ന രീതിയില്‍ തമിഴരും സ്ഥിതിഗതികളെ വിലയിരുത്തുമ്പോള്‍, പ്രക്ഷോഭങ്ങള്‍
ഭാഷകള്‍ തമ്മിലുള്ള തെരുവ് യുദ്ധങ്ങളിലെയ്ക്ക് വഴുതുന്നു.

അത്തരം ഒരണപൊട്ടലിന്റെ ദു:സൂചനകളില്‍ നടുങ്ങുന്ന ഞങ്ങളെപ്പോലെ ചില ജീവിതങ്ങള്‍. രക്തത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും തമിഴും മലയാളവും വേര്‍പിരിച്ചെടുക്കാനാവാത്ത വണ്ണം സ്വന്തബന്ധങ്ങളും സുഹൃത്തുക്കളും ജീവിതവും രണ്ടിടത്തായി ചിതറിക്കിടക്കുന്നവര്‍. ഇടുക്കിയില്‍ ജനക്കൂട്ടത്തിന്റെ രോഷം കൂലിപ്പണിക്കാരായ ചില തമിഴ് തൊഴിലാളികളുടെ നേരെ തിരിഞ്ഞു എന്ന അറിവ്, ഒരേസമയം ഭീതിയും നിരാശയും ജനിപ്പിയ്ക്കുന്നു. രണ്ടു സംസ്ഥാനങ്ങളുടെയും രാഷ്ട്രീയത്തിന്റെ പ്രായോഗിക വശങ്ങള്‍ അറിയാവുന്ന സാധാരക്കാര്‍ എന്ന നിലയില്‍ അത്തരം ഒരു ഭയം അസ്ഥാനത്തല്ല താനും..

രണ്ടു കക്ഷികളും മാറി മാറി ഭരിയ്ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയപശ്ചാത്തലം തമിഴ് നാടിന്റേതില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ്.
ഇവിടെ പ്രശ്നങ്ങള്‍ വൈകാരികമായി കൈകാര്യം ചെയ്യപ്പെടുന്നവയാണ്. ഭാഷയില്‍ അധിഷ്ഠിതമായ സാംസ്‌കാരികപൈതൃകത്തെ അതിന്റെ ഏറ്റവും അസംസ്കൃതമായ അവസ്ഥയില്‍ ഉപയോഗിച്ചാണ്‌ തമിഴ് നാട്ടില്‍ ഓരോ തെരഞ്ഞെടുപ്പും കഴിഞ്ഞുപോവുന്നത്.

ശാലിനി പദ്മ

അത് ഒരു ശരാശരി തമിഴന്റെ കഴിവുകേടാണെങ്കില്‍ അതേ കഴിവുകേട് മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നിടത് മലയാളിയും നേരിടുന്നുണ്ട്. അതീവ സങ്കീര്‍ണ്ണവും പരസ്പര ബന്ധിതവുമായ ഒരു ആവാസവ്യവസ്ഥയിലാണ് തമിഴ് രാഷ്ട്രീയവും ജീവിതവും നിലനില്ക്കുന്നത്. ഒന്നില്‍ വരുന്ന ഏതു തരം തിരയിളക്കങ്ങളും മറ്റൊന്നിനെ സാരമായി സ്വാധീനിയ്ക്കുന്നു. പുറത്തു നിന്നുള്ള പക്വമല്ലാത്ത ഏതൊരു ഇടപെടലിനെതിരെയും ഇവിടെ ഒരു നേതാവിന് വാക്കുരച്ചു തീ കത്തിയ്ക്കാനാവും.

മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ജലസേചനത്തിനുപയോഗിയ്ക്കുന്ന തമിഴ് നാടിന്‍റെ കാര്‍ഷിക മേഖലകളിലെ ജനങ്ങളെ വൈക്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് പ്രക്ഷോഭപരിപാടികള്‍ നടത്തണം എന്നാവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ കര്‍ഷകരെ സമീപിയ്ക്കുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞതറിഞാണ് കറുപ്പഴഗിനെ ഫോണില്‍ വിളിച്ചത്.

ശിവഗംഗയില്‍ ഏക്കറുകളോളം സ്ഥലത്ത് തക്കാളിയും പച്ചമുളകും ഉള്‍പ്പടെ കേരളത്തിനടക്കം അന്യ സംസ്ഥാനങ്ങളിലെയ്ക്ക് കയറ്റി അയക്കുന്നതിനായി ഭക്ഷ്യ വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിയ്ക്കുന്ന ഒരു പരമ്പരാഗത കര്‍ഷകകുടുംബത്തിലെ ഇന്നത്തെ കാരണവരാണ് കറുപ്പഴഗ്. സുഹൃത്തും സഹപാഠിയുമായ രത്തിനവല്ലിയുടെ പിതാവ്.

മുല്ലപ്പെരിയാര്‍ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിയ്ക്കപ്പെടുന്നു എന്ന കാര്യത്തില്‍ തമിഴ് നാട്ടില്‍ തര്‍ക്കമില്ല. എന്നാല്‍, സാധാരണ ഭാരതീയന് സര്‍ക്കാരുകളോടുള്ള മതിപ്പ് ഇവിടെയും വ്യക്തമാണ്‌. ആദ്യം രാഷ്ട്രീയം പറയുന്നത് നിര്‍ത്തി, ജനങ്ങളുടെ ജീവനെ പറ്റി ചിന്തിയ്ക്കുവാനാണ് കറുപ്പഴഗ് പറയുന്നത്.

നോക്കൂ, എത്ര ആളുകള്‍ കരഞ്ഞും കാലുപിടിച്ചും മാസങ്ങളോളം നടന്നിട്ടും, കൂടംകുളത്ത് അവര്‍ ഇനി ആ പദ്ധതി ഉപേക്ഷിയ്കും

എന്ന് തോന്നുന്നുണ്ടോ, ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇവിടെ ഇത്രയൊക്കെ വിലയേ ഉള്ളൂ. ഇവര്‍ക്ക് വികസനം മാത്രം മതി. ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള വികസനത്തെക്കുറിച്ച് അറിയാവുന്ന നേതാക്കള്‍ എത്രപേരുണ്ട്? കൂടംകുളം സമരത്തെ അനുകൂലിച്ച് കേരളത്തില്‍ നിന്നുയര്‍ന്ന ശബ്ദങ്ങളെക്കുറിച്ച് കറുപ്പിന് നല്ല അഭിപ്രായമാണ്.

എത്ര മനുഷ്യരുടെ ജീവിതത്തിന്റെ പ്രശ്നമാണ്. ഇപ്പോഴല്ല നമ്മള്‍ അഭിപ്രായസമന്വയത്തിന് ശ്രമിയ്ക്കേണ്ടത്. 1887-ല്‍ തുടങ്ങിയ
മുല്ലപ്പെരിയാര്‍ നിര്‍മാണം, 1895-ല്‍ ആണ് പൂര്‍ത്തിയാവുന്നത്. എത്ര സമയം എടുത്തു എന്ന് നോക്കൂ, 136 അടി കവിഞ്ഞു ഒഴുകാന്‍ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നമ്മള്‍ പുതിയ ഡാമിന് വേണ്ടി മുറവിളി കൂട്ടുന്നത്‌ മണ്ടത്തരമല്ലേ?

കോടതികള്‍ എന്ത് ചെയ്യുകയാണ്? ദിവസവും ഓരോ അഭിപ്രായങ്ങള്‍ പുറത്തുവിടുന്ന വിദഗ്ദ്ധരോട്, യഥാര്‍ത്ഥ സ്ഥിതി ബോധിപ്പിയ്ക്കാന്‍ ജുഡീഷറിയ്ക്ക് ആവശ്യപ്പെടാവുന്നതാണ്. (വിദഗ്ദ്ധരെ വിശ്വസിയ്ക്കരുത് എന്ന് ചിരിയോടെ പറയുന്നു- കൂടംകുളത്ത് വന്ന വിദഗ്ദ്ധരെക്കുറിച്ച് അറിഞ്ഞുകൂടേ എന്ന് കൂട്ടിച്ചേര്‍ക്കുന്നു).

സ്ഥിതി നിയന്ത്രണാതീതമാവുകയാണെങ്കില്‍ നമ്മള്‍ ദുരിതാശ്വാസ നടപടികളാണ് ആദ്യം സ്വീകരിയ്ക്കേണ്ടത്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടരുതെന്ന് മാധ്യമങ്ങളോടും പറയാം.

ഇനി പുതിയ ഡാം നിര്‍മിയ്ക്കാനുള്ള അനുമതി കിട്ടിയാലും നമ്മള്‍ക്ക് സന്തോഷം തന്നെ. എത്ര തൊഴില്‍ അവസരങ്ങളാണ് വരിക? ശാരീരികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ അയല്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ വേണ്ടി വരില്ലേ? ജോലിയില്ലാത്ത നമ്മുടെ കുട്ടികള്‍ക്ക് ഒരു ജോലിയും ആവും. ഡാം പണി തീരുന്നത് വരെ വൈഗയില്‍ നിന്നോ, പദ്ധതി മുന്നോട്ടു തന്നെ പോവുന്നു എങ്കില്‍ , കൂടംകുളത്ത് നിന്നോ വൈദ്യുതി എടുത്തുകൂടേ എന്ന് കറുപ്പ്.

ജയലളിതയുടെ കോലം കത്തിയ്ക്കുന്നതിനെ കുറിച്ച് “ആ അമ്മ ഏതോ കഷ്ട കാലത്താണ് ഭരണത്തില്‍ ഏറിയത്, 3 പേരുടെ വധശിക്ഷ കൊണ്ടുതന്നെ അവര്‍ ബുദ്ധിമുട്ടിയിരിയ്ക്കുന്നു. ഇപ്പോള്‍ മുല്ലപ്പെരിയാറും. തമിഴനും മലയാളിയും മാറി മാറി കത്തിച്ചു കൊണ്ടിരിയ്ക്കുന്നു. ഇവിടുത്തെ അവസ്ഥകള്‍ കുഞ്ഞിനും അറിയാമല്ലോ, നമ്മള്‍ രണ്ടു സംസ്ഥാനങ്ങളും സംയമനം പാലിയ്ക്കണം.” എന്ന്.

കഷ്ട കാലങ്ങളില്‍ നമ്മള്‍ പരസ്പരം സഹായിയ്ക്കുകയാണ് വേണ്ടത്. കേരളജനതയുടെ കൂടെ ഞങ്ങള്‍ ഉണ്ട്. എത്ര വണ്ടികളാണ് ഓരോ ദിവസവും വാളയാര്‍ കടന്നു വരുന്നത് ! സ്പര്‍ധ നമുക്ക് വേണ്ട. ഞങ്ങള്‍ പ്രാര്‍ഥിയ്ക്കുന്നുണ്ട്. വൈക്കോയുടെ സമരത്തിന്‌ പോവുന്നില്ലേ എന്ന ചോദ്യത്തിന് പോ കുഞ്ഞേ, മണ്ണില്‍ പണിയെടുക്കുന്നവന് മനുഷ്യന്റെ മനസ് അറിഞ്ഞുകൂടെ എന്നു ഉത്തരം.

മലയാളിയും തമിഴനും നിയമങ്ങളും പാട്ടക്കരാറും കേന്ദ്ര മന്ത്രിമാരും എല്ലാം ഒത്തു തീര്‍പ്പിലെത്തും വരേയ്ക്ക് മുല്ലപ്പെരിയാറിന് താഴെ ഒരു
ജനത ജീവിച്ചിരിയ്ക്കാന്‍ എല്ലാ മനുഷ്യരും ഒത്തു ചേര്‍ന്ന് പ്രാര്‍ഥിയ്ക്കുന്നു. അതില്‍ തമിഴരുണ്ട്, മലയാളിയുണ്ട്, തമിഴും മലയാളവും
അല്ലാത്ത വെറും മനുഷ്യരുണ്ട്‌. അവരുടെ നിശബ്ദമായ ജീവിതങ്ങളുണ്ട്‌.കഷ്ടതയുടെ ഈ അടിയന്തരാവസ്ഥയില്‍ ഞങ്ങളെപ്പോലുള്ളവര്‍
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് വേണ്ടി പ്രചാരണം നടത്തുന്നു.
അണക്കെട്ടിനപ്പുറം. തമിഴ് നാട്ടില്‍. ഭാഷകളുടെ അണപൊട്ടാന്‍ അനുവദിയ്ക്കരുത് എന്നത ഞങ്ങളുടെ വ്യക്തിപരമായ സ്വാര്‍ഥതയല്ല, പരസ്പരം വേര്‍പിരിയ്ക്കാനാവാത്ത രണ്ടു സംസ്കാരങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിയ്ക്കുന്ന പ്രതീക്ഷയും വിശ്വാസവും കാത്തു സൂക്ഷിയ്ക്കാന്‍ ഈ വിഷമഘട്ടത്തില്‍ ഞങ്ങളെക്കൊണ്ട് സാധിയ്ക്കും എന്ന ആത്മവിശ്വാസമാണ്‌.

MORE STORIES ON MULLAPPERIYAR

ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍\വി.എ സംഗീത്

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും\ടി.സി രാജേഷ്

അരുത്, നാം ശത്രുക്കളല്ല\പി.ബി അനൂപ്

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം\ കെ.പി ജയകുമാര്‍

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം\സവാദ് റഹ്മാന്‍

ചുണ്ണാമ്പു ചിറയ്ക്കപ്പുറമിപ്പുറം\ശാലിനി പദ്മ

5 thoughts on “ചുണ്ണാമ്പു ചിറയ്ക്കപ്പുറമിപ്പുറം

 1. നാടുമുഴുവന്‍ ഉന്‍മാദത്തിലമരുമ്പോള്‍
  കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് പറഞ്ഞു കൊടുക്കാന്‍, മനുഷ്യത്വത്തെക്കുറിച്ച് പറയാന്‍ ആരെങ്കിലും ഉണ്ടാവുക എന്നത് അനിവാര്യമാണ്. ഈ ലേഖനം അത്തരത്തിലൊരു ശ്രമമാണ്. അഭിനന്ദനങ്ങള്‍

 2. ‎…നീയും, എന്നോ കണ്ടൊരു ദു:സ്വപ്നം……. മറിയുന്ന താളുകള്‍….., നീതി നിക്ഷേധം……,വാദ പ്രതിവാദങ്ങള്‍… പ്രളയം…… ലക്ഷങ്ങളുടെ ജല സമാധി…..
  ഒടുവില്‍……………………………,
  ഒരു പഴകിയ
  പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
  കൊലക്കളത്തിലെ
  അവസാന ജഡവും
  പുതക്കപെടുന്നു………

 3. പ്രിയ ശാലിനി..

  സങ്കുചിതമായ വാദ പ്രതിവാദങ്ങൾക്കപ്പുറം സാധാരണ മനുഷ്യരുടെ സ്വപ്നങ്ങൾക്ക് ഒരു നിറമാണ്..അതു തിരിച്ചറിയാൻ മറന്ന് പോകുന്നു എന്നതാണ് നമ്മുടെയൊക്കെ പരാജയവും…

  മികച്ച വായനാനുഭവം..നന്ദി..

 4. വിദഗ്ദ്ധരെ വിശ്വസിയ്ക്കരുത് എന്ന് ചിരിയോടെ പറയുന്നു- കൂടംകുളത്ത് വന്ന വിദഗ്ദ്ധരെക്കുറിച്ച് അറിഞ്ഞുകൂടേ….. 🙂
  സംയമനത്തോടെയുള്ള എഴുത്ത്…. സ്നേഹം…. സന്തോഷം 🙂

Leave a Reply

Your email address will not be published. Required fields are marked *