തലയില്‍ മുണ്ടിടാതെ ഒരു കമ്യൂണിസ്റ്റിന് വിശ്വാസി ആയിക്കൂടേ?

മുഖ്യധാരാ മാര്‍ക്സിസത്തിന്റെ ആവിഷ്കാരം മുഖ്യധാരാ സിനിമയില്‍ എന്ന ദീര്‍ഘ പഠനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണം. ചുവന്ന താരങ്ങളും രക്ത നക്ഷത്രങ്ങളും എന്ന പേരിട്ട ആമുഖ ലേഖനത്തിന്റെ അവസാന ഭാഗമാണിത്. മറ്റ് അഞ്ച് ഭാഗങ്ങള്‍ നേരത്തെ നാലാമിടം പ്രസിദ്ധീകരിച്ചു

കമ്യൂണിസ്റ്റുകാരുടെ ദൈവാരാധനയെ പരിഹസിക്കുന്നതില്‍ നര്‍മത്തിന്റെ നിര്‍ദോഷകരമായ അംശങ്ങള്‍ ഉണ്ടാവാം. എന്നാല്‍ വൈരുധ്യാത്മക ഭൌതികവാദത്തിലും ശാസ്ത്രീയ സോഷ്യലിസത്തിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മുഴുവന്‍ കമ്യൂണിസ്റ്റുകാരുമെന്നും അവര്‍ മതവിശ്വാസിയാവുന്നതില്‍ വൈരുധ്യമുണ്ടെന്നുമുള്ള ചിന്ത തികച്ചും അടിസ്ഥാനരഹിതമാണ്. എന്നാല്‍ ഇപ്പോഴും കേരളത്തിലെ സാംസ്കാരിക, വിനോദ മാധ്യമവ്യവസായം വിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തകരുടെ കമ്യൂണിസ്റ്റ് അസ്തിത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.-എന്‍.പി സജീഷ് എഴുതുന്നു

സന്ദേശം

കുടുംബം, വിശ്വാസം, കമ്യൂണിസം

‘സന്ദേശ’ത്തില്‍ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോവുന്ന പാര്‍ട്ടി നേതാവിനെ പരിഹസിക്കുന്നുണ്ട്.
കുമാരപ്പിള്ള (ശങ്കരാടി): അടിസ്ഥാനപരമായിട്ട് നമ്മുടെ പാര്‍ട്ടിക്ക് കല്യാണം ഇഷ്ടമല്ല.
രോഷത്തോടെ പ്രഭാകരന്‍ (ശ്രീനിവാസന്‍ ): പറയുന്നത് ഒന്ന്, പ്രവര്‍ത്തിക്കുന്നത് വേറൊന്ന്. ദൈവമില്ല, അമ്പലമില്ല എന്നൊക്കെ വിളിച്ചുകൂവും. എന്നിട്ട് ആരും കാണാതെ തലയില്‍ മുണ്ടും പുതച്ച് തൊഴാന്‍ പോവും.
കുമാരപ്പിള്ള: ആര്?
പ്രഭാകരന്‍: സാറു തന്നെ. തൃച്ചമ്പടി അമ്പലത്തില് എന്നും കാലത്ത് സാറ് തൊഴാന്‍ പോവുന്നത് ഞാന്‍ കാണാറുണ്ട്.
കുമാരപ്പിള്ള: താനിതെങ്ങനെ കണ്ടു?
പ്രഭാകരന്‍: ഞാനും രഹസ്യമായിട്ട് തൊഴാന്‍ പോവാറുണ്ട്.

കമ്യൂണിസ്റ്റുകാരുടെ ദൈവാരാധനയെ പരിഹസിക്കുന്നതില്‍ നര്‍മത്തിന്റെ നിര്‍ദോഷകരമായ അംശങ്ങള്‍ ഉണ്ടാവാം. എന്നാല്‍ വൈരുധ്യാത്മക ഭൌതികവാദത്തിലും ശാസ്ത്രീയ സോഷ്യലിസത്തിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മുഴുവന്‍ കമ്യൂണിസ്റ്റുകാരുമെന്നും അവര്‍ മതവിശ്വാസിയാവുന്നതില്‍ വൈരുധ്യമുണ്ടെന്നുമുള്ള ചിന്ത തികച്ചും അടിസ്ഥാനരഹിതമാണ്. മതനിരപേക്ഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ മതങ്ങളെ നിഷേധിച്ചുകൊണ്ട് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കു നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ഇ.എം.എസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും കേരളത്തിലെ സാംസ്കാരിക, വിനോദ മാധ്യമവ്യവസായം വിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തകരുടെ കമ്യൂണിസ്റ്റ് അസ്തിത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

അതിന്റെ സമീപകാല ഉദാഹരണങ്ങളാണ് എ.പി. അബ്ദുല്ലക്കുട്ടി എം.പി ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ പോയതും വൈത്തീശ്വരനിലെ നാഡിജ്യോതിഷത്തില്‍ പ്രസിദ്ധി നേടിയ സന്ന്യാസിയെ സന്ദര്‍ശിച്ചതും സംബന്ധിച്ച വിവാദം, മത്തായിചാക്കോ അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്ന വിവാദം തുടങ്ങിയവ. പി. ഗോവിന്ദപിള്ള അമൃതാനന്ദമയിയെയും സായിബാബയെയും സന്ദര്‍ശിച്ചതും ടി.കെ. ഹംസ ഹജ്ജ് കര്‍മം നിര്‍വഹിച്ചതുമായി ബന്ധപ്പെട്ടും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എ.കെ. ബാലനും ബിനോയ് വിശ്വവും അമൃതാനന്ദമയിയോടൊപ്പം ചടങ്ങില്‍ പങ്കെടുത്തതും വാര്‍ത്തയായിരുന്നു. കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം പൂമൂടല്‍ കര്‍മം നിര്‍വഹിച്ചത് വന്‍വിവാദത്തിനു വഴിമരുന്നിട്ടു. പ്രമാദമായ ആരോപണം തനിക്കെതിരെ ഉന്നയിച്ചതുപോലെയാണ് അന്ന് കോടിയേരി പ്രതികരിച്ചത്. ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് പറയുകയും ചെയ്തു.

ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ തീക്ഷ്ണയാഥാര്‍ഥ്യങ്ങളിലൂടെയും കടന്നുപോകുന്ന വ്യക്തികളെന്ന നിലയില്‍ പാരമ്പര്യമായി കൈവന്ന വിശ്വാസധാര അബോധതലത്തില്‍ വഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. അതൊരു കുറ്റമായി കാണാന്‍ കഴിയില്ല. ക്ലാസിക്കല്‍ കമ്യൂണിസത്തിന്റെ അയവില്ലാത്ത ഘടനയില്‍നിന്ന് വ്യവസ്ഥാപിത ഇടതുപക്ഷം പുറത്തുവന്നിട്ട് കാലമേറെയായി. പ്രത്യയശാസ്ത്ര നിലപാടുകളില്‍ സൈദ്ധാന്തിക അടിത്തറയില്‍നിന്നുള്ള പ്രകടമായ വ്യതിയാനങ്ങള്‍ ആവാമെങ്കില്‍ എന്തുകൊണ്ട് വിശ്വാസങ്ങളില്‍ അതു പാടില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

സന്ദേശം

മധ്യവര്‍ഗ അരാഷ്ട്രീയത
‘സന്ദേശം’ പോലുള്ള ചിത്രങ്ങളിലൂടെ മധ്യവര്‍ഗത്തിന്റെ സഹജമായ അരാഷ്ട്രീയതയെ പ്രീണിപ്പിച്ചു നിര്‍ത്തുകയായിരുന്നു സത്യന്‍ അന്തിക്കാട്. കുടുംബഘടനയെ ആദര്‍ശാത്മകമായി നിലനിര്‍ത്തുകയും രാഷ്ട്രീയത്തെ കുടുംബസംവിധാനത്തിന്റെ സുരക്ഷിതമായ സംസ്ഥാപനത്തിനു ശേഷം പരിഗണിക്കാവുന്ന ഒന്നായി കാണുകയും ചെയ്യുന്ന മധ്യവര്‍ഗബോധം ഈ ചിത്രങ്ങളെ ചൂഴ്ന്നുനിന്നിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തെ കുടുംബത്തില്‍ അശാന്തി സൃഷ്ടിക്കുന്ന ഒന്നായി കാണുന്ന സിനിമയാണ് ‘സന്ദേശം’.

വലതുപക്ഷ അരാഷ്ട്രീയവാദത്തിന്റെ രചനാത്മകമായ ചലച്ചിത്രഭാഷ്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും കമ്യൂണിസത്തിന്റെ ചരിത്രപരമായ ഉപലബ്ധികളില്‍ തങ്ങള്‍ ഊറ്റം കൊള്ളുന്നുവെന്ന് ചലച്ചിത്രബാഹ്യമായ വ്യവഹാരങ്ങളില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വ്യക്തമാക്കുന്നുണ്ട്. കലാകാരന്മാരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ ആന്തരിക വൈരുധ്യങ്ങളെ ഇത് പ്രകടമാക്കുന്നു.

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും സ്വന്തം ജന്മഗ്രാമങ്ങളായ അന്തിക്കാടിന്റെയും പാട്യത്തിന്റെയും കമ്യൂണിസ്റ്റ് പാരമ്പര്യത്തെക്കുറിച്ചു പറയുന്ന സംഭാഷണത്തില്‍ നിന്ന് (കമ്യൂണിസ്റ്റു ഗ്രാമങ്ങളില്‍നിന്നു രണ്ടു കഥാപാത്രങ്ങള്‍, പച്ചക്കുതിര, 2008 മേയ്):
സത്യന്‍ അന്തിക്കാട്: കേരളത്തില്‍ ആദ്യമായി ട്രേഡ് യൂനിയന്‍ ഉണ്ടാക്കിയത് അന്തിക്കാടാണ്. അന്തിക്കാട് ചെത്തുതൊഴിലാളി യൂനിയന്‍. ജോസ് ചടയന്‍മുറിയുടെ നേതൃത്വത്തില്‍. അന്തിക്കാട് അറിയപ്പെടുന്നത് ചെത്തും കള്ളും കമ്യൂണിസവുമായാണ്.

ശ്രീനി: നമ്മള്‍ ഇടതുപക്ഷത്തെ മാത്രമാണ് വിമര്‍ശിക്കുന്നതെന്ന് ഒരു പരാതിയുണ്ട്. അവരെ മാത്രമേ വിമര്‍ശിച്ചെങ്കിലും നേരെയാക്കാനാവൂ. അവരേ നേരെയാവാന്‍ സാധ്യതയുള്ളൂ എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും തോന്നുന്നതുകൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എപ്പോഴും വിമര്‍ശനവിധേയരായിക്കൊണ്ടിരിക്കുന്നത്.
സത്യന്‍: തിരുത്താനും തിരുത്തപ്പെടാനും നമ്മള്‍ ആഗ്രഹിക്കുന്നത് കമ്യൂണിസ്റ്റുകളെയാണ്.

ശ്രീനി: ഭൂപരിഷ്കരണം പോലെ കേരളചരിത്രത്തില്‍ മുമ്പോ പിമ്പോ ഉണ്ടാവാത്ത ഒരു സാമൂഹികമാറ്റം കൊണ്ടുവന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റു പാര്‍ട്ടി. അതിനോടുള്ള പ്രതീക്ഷയാണ് അതിനോടുള്ള നിരന്തരമായ വിമര്‍ശനവും.

പാര്‍ട്ടി എന്തെങ്കിലും ശരി ചെയ്തതായി സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ സിനിമകളില്‍ നാം കാണുന്നില്ല. ഒരു ശരിയും ചെയ്യാത്തപ്പോഴും ഇരുവരുടെയും മനസ്സില്‍ (മനസ്സില്‍ മാത്രം. സിനിമയില്‍ ഇല്ല) പാര്‍ട്ടി വലിയ ഒരു ശരിയും പ്രതീക്ഷയുമായി നില്‍ക്കുന്നു!

രാഷ്ട്രീയ ഗൃഹാതുരത
വോള്‍ഫ് ഗാംഗ് ബെക്കറിന്റെ ജര്‍മന്‍ചിത്രമായ ‘ഗുഡ്ബൈ ലെനിനി’ല്‍ (2003) ബര്‍ലിന്‍ മതിലിന്റെ പതനവും മുതലാളിത്തത്തിന്റെ വിജയവും ഹൃദ്രോഗിയായ അമ്മ അറിയാതിരിക്കാന്‍ വീട്ടിനുള്ളില്‍ പഴയ സോഷ്യലിസ്റ്റ് ജര്‍മനിയുടെ മാതൃക സൃഷ്ടിക്കുകയാണ് കേന്ദ്രകഥാപാത്രമായ അലക്സ്. രാഷ്ട്രീയമായ ദിശാമാറ്റം അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകയില്‍ വൈകാരിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ പാടുപെടുന്ന മകന്‍ അമ്മയുടെ രാഷ്ട്രീയമായ ഭൂതകാലാഭിരതിയെ തൃപ്തിപ്പെടുത്തുകയാണ്.

നെയ്ത്തുകാരന്‍

“ഗുഡ്ബൈ ലെനിന്‍’ പോലുള്ള കമ്യൂണിസ്റ്റ് ഗൃഹാതുര സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന ഏകമലയാള ചിത്രമായിരിക്കും “നെയ്ത്തുകാരന്‍'(പ്രിയനന്ദനന്‍, 2001) ചരിത്രത്തോടൊപ്പം നടന്ന ഇ.എം.എസിന് തിരമലയാളം നല്‍കിയ ഏറ്റവും നല്ല ശ്രദ്ധാഞ്ജലിയാണത്. കേരളത്തിന്റെ ആധുനിക കാലത്തെയും ചരിത്രത്തെയും നെയ്തെടുത്ത നെയ്ത്തുകാരനാണ് ഇ.എം.എസ് എന്ന എം.എന്‍. വിജയന്റെ വിലയിരുത്തലാണ് ചിത്രത്തിന് ‘നെയ്ത്തുകാരന്‍’ എന്നു പേരിടാന്‍ അണിയറശില്‍പികളെ പ്രേരിപ്പിച്ചത്.

ഇ.എം.എസ് എന്ന ചരിത്രപുരുഷന്റെ മരണത്തെ തീവ്രമായി അനുഭവിക്കുന്ന നെയ്ത്തുകാരനായ അപ്പമേസ്ത്രി (മുരളി)യാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരതീക്ഷ്ണമായ ഇന്നലെകളിലേക്കും അതില്‍ ഇ.എം.എസ് വഹിച്ച നിര്‍ണായകപങ്കിലേക്കും അനുഭവത്തിന്റെ ഊഷ്മാവു പ്രവഹിക്കുന്ന ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുകയായിരുന്നു പ്രിയനന്ദനന്‍.

ഇ.എം.എസിന്റെ ആത്മകഥ നാടിന്റെ രാഷ്ട്രീയചരിത്രമായതുപോലെ ഇ.എം.എസിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇടതുപക്ഷ കേരളത്തിന്റെ രാഷ്ട്രീയാഖ്യാനമായി മാറുന്നുണ്ട് ഇവിടെ. കുടുംബത്തിനകത്ത് ഒരു പഴയകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ അന്യവത്കരിക്കപ്പെടുന്നതും മാറിവന്ന നാഗരികതയില്‍ പുതുതലമുറ ചരിത്രത്തോട് കുറ്റകരമായ വൈമുഖ്യം കാട്ടുന്നതും അരാഷ്ട്രീയമായി മാറിക്കഴിഞ്ഞ അന്തരീക്ഷത്തിലേക്ക് ഫാഷിസം കടന്നുവരുന്നതും പ്രാതിനിധ്യസ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ ധ്വനിപ്രധാനമായി അവതരിപ്പിച്ചിട്ടുണ്ട്.

ബലികുടീരങ്ങളുടെ തമോമണ്ഡലങ്ങളില്‍നിന്ന് അസ്വസ്ഥതയോടെ പിടഞ്ഞുണര്‍ന്ന് ആകാശത്തേക്കു മുഷ്ടിയെറിഞ്ഞ് മുദ്രാവാക്യം മുഴക്കാന്‍ രക്തസാക്ഷികളെ പ്രേരിപ്പിക്കുന്ന ദൃശ്യശില്‍പങ്ങള്‍ ഇനിയും പിറവിയെടുക്കേണ്ടിയിരിക്കുന്നു.

ഈ പഠനം ഇവിടെ അവസാനിക്കുന്നു.

മറ്റ് ഭാഗങ്ങള്‍

ഒന്നാം ഭാഗം

ചുവന്ന താരങ്ങളും രക്തനക്ഷത്രങ്ങളും

രണ്ടാം ഭാഗം

പുന്നപ്ര വയലാറും മാദക മേനിയും തമ്മിലെന്ത്

മൂന്നാം ഭാഗം

വാജ്പേയിയും വരവേല്‍പ്പിലെ മോഹന്‍ലാലും

നാലാം ഭാഗം
‘പണിമുടക്ക്‌’ മുതല്‍ ‘സ്‌റ്റാലിന്‍ ശിവദാസ്‌’ വരെ

അഞ്ചാം ഭാഗം

എ.കെ.ജിയും വി.എസും മലയാള സിനിമയില്‍ ചെയ്തതെന്ത്?

References
1) Seeing is Believing, Selected Writings on Cinema, Chidananda Das Gupta, Penguin Books India Pvt Ltd
2) പി. ഭാസ്കരന്‍, സംഗീതസ്മൃതികള്‍, പേജ് 39, ഒലിവ്
3) ഡോ. ടി.കെ. രാമചന്ദ്രന്‍, കാഴ്ചയുടെ കോയ്മ. പേജ് 13. മാതൃഭൂമി ബുക്സ്
4) “കമ്യൂണിസ്റ്റ് കവിത്രയം’. ഡോ.എം. ആര്‍. ചന്ദ്രശേഖരന്‍, കറന്റ് ബുക്സ്, തൃശൂര്‍
5) സിവില്‍ സമൂഹവും ഇടതുപക്ഷവും, ഡോ.ടി.ടി. ശ്രീകുമാര്‍, ഒലിവ്
6) വെളിച്ചത്തിന്റെ സുഗന്ധം തേടി. പി.എന്‍. മേനോന്‍, പെന്‍ ബുക്സ്, 2001
7) നെയ്ത്തുകാരനിലെ രാഷ്ട്രീയം. പി. സോമന്‍. സര്‍ഗസ്മരണിക, 2003
8 മലബാറിലെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം, ജി.ഡി. നായര്‍, ഇ.എം.എസ്. പഠനകേന്ദ്രം, പയ്യന്നൂര്‍
9) നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം 1901 2000 വാല്യം രണ്ട്, ജന. എഡി: എം.എന്‍ വിജയന്‍. കേരളസാഹിത്യ അക്കാദമി
10) മുഖാമുഖം, തിരക്കഥ, അടൂര്‍ ഗോപാലകൃഷ്ണന്‍, ഡി.സി. ബുക്സ്, 1985
11) ജനാധിപത്യവും കമ്യൂണിസവും, ഡോ.എം.ജി.എസ് നാരായണന്‍, പൂര്‍ണ പബ്ലിക്കേഷന്‍സ്
12) സര്‍ സി.പിയും സ്വതന്ത്രതിരുവിതാംകൂറും, പ്രൊഫ.എ. ശ്രീധരമേനോന്‍, പേജ് 30, ഡി.സി. ബുക്സ്
13) ഗീത, ഗൌരിയമ്മയുമായുള്ള അഭിമുഖം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 8^14, 2007
14) കമ്യൂണിസ്റ്റു ഗ്രാമങ്ങളില്‍നിന്നു രണ്ടു കഥാപാത്രങ്ങള്‍, പച്ചക്കുതിര, 2008 മേയ്
15) മീനമാസത്തിലെ സൂര്യന്‍, ലെനിന്‍ രാജേന്ദ്രന്‍, ചിന്ത പബ്ലിഷേഴ്സ്, പേജ് 8.

3 thoughts on “തലയില്‍ മുണ്ടിടാതെ ഒരു കമ്യൂണിസ്റ്റിന് വിശ്വാസി ആയിക്കൂടേ?

  1. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തീരുമാനിക്കുന്നതല്ലല്ലോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ?

  2. സത്യം പറഞ്ഞാല്‍ കമ്മ്യൂണിസം ഒരു മതം തന്നെയാണ്. ദൈവം ഇല്ലാത്ത മതം. രക്തസാക്ഷികളും, മുഖ്യപുരോഹിതരും എല്ലാമുള്ള മതം.

Leave a Reply

Your email address will not be published. Required fields are marked *