ബോംബുകളെക്കുറിച്ച് ചില വിചാരങ്ങള്‍

മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ക്കിടെ ജലബോംബ് എന്നെവിടെയോ വായിച്ചപ്പോഴാണ് കൈകളിരുന്നിടം ഒളിപ്പിച്ച് നടക്കുന്ന സുഹൃത്തുക്കളെ ഓര്‍ത്തത്. 116 വര്‍ഷങ്ങള്‍ക്കപ്പുറത്ത് സ്ഥാപിക്കപ്പെട്ട ബോംബ് മാറ്റുന്നത് നല്ലത് തന്നെ. അവിടെ പുതിയ ബോംബുണ്ടാക്കണമെന്നതല്ലേ നമ്മുടെ ആവശ്യം. അതല്ലാതെ വഴിയില്ലേ എന്ന് ചോദിക്കുന്ന എത്രയോ നാട്ടുകാരുണ്ട്. അണക്കെട്ട് ഉണ്ടാക്കാതെ തന്നെ തമിഴ്നാടിന് വെള്ളം കൊടുക്കാനാകും എന്ന് വാദിക്കുന്നവരും ഉണ്ട്. പക്ഷെ തല്‍ക്കാലത്തേക്കെങ്കിലും ആരും അവരെ കേള്‍ക്കുന്നേയില്ല- സനീഷ് എഴുതുന്നു

 

 

തലശ്ശേരിയില്‍ തീവണ്ടിയിറങ്ങും, ബസ് സ്റ്റാന്റിലെത്തി പാനൂരിലേക്ക് ബസ്സ് കയറും. കോട്ടയത്ത് നിന്നോ, തിരുവനന്തപുരത്ത് നിന്നോ, കൊച്ചിയില്‍ നിന്നോ ആകും വരുന്നത്. തീവണ്ടിയാത്ര ക്ഷീണിപ്പിച്ചിട്ടുണ്ടാകും. അത് കൊണ്ട് പാനൂരില്‍ എത്തിയാലുടനെ ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോകണം എന്നുറപ്പിച്ചാണ് ബസ്സില്‍ ഇരിക്കുക. പത്ത് നാല്‍പ്പത് മിനിട്ടെടുക്കും ബസ്സ് പാനൂരില്‍ എത്താന്‍. അങ്ങാടിയില്‍ ചിലപ്പോള്‍ ഓട്ടോ ഉണ്ടാകില്ല.നടക്കേണ്ടി വരും. ചില ദിവസങ്ങളില്‍ ഓട്ടോ ഉണ്ടെങ്കിലും നടക്കാന്‍ തന്നെയാണ് തോന്നുക.അങ്ങനെ കോട്ടയത്തെ പഠന കാലം തൊട്ട്,ഇതു വരെ ഒട്ടുമിക്കവാറും നാട്ടു യാത്രകളില്‍ പാനൂരില്‍ നിന്ന് മൊകേരിയിലെ വീട്ടിലേക്കുള്ള യാത്രനടന്നു തന്നെയാകാറാണ് പതിവ്. പരിചയക്കാരെ കണ്ട് കണ്ട് നടക്കാം.

പകല്‍ നേരങ്ങളിലാണ് നടപ്പെങ്കില്‍ മിക്കവാറും അവനെയും കാണും.
അടുത്ത സുഹൃത്തല്ല, എങ്കിലും ചെറുപ്പം മുതലേ അറിയുന്നവനാണ്. .പാന്റും ഷര്‍ട്ടുമിട്ട് കടവരാന്തയിലോ,ബസ് സ്റ്റോപ്പിലോ ആണ് ഉണ്ടാകുക. മുഴുക്കൈയന്‍ ഷര്‍ട്ടാണ് ഇടുക.കൈകള്‍ പാന്റിന്റെ പോക്കറ്റിനകത്ത് തിരുകിയ നിലയിലാകും. നല്ല സ്നേഹത്തോടെ പരിചയമുള്ള ചിരി ചിരിക്കും , അവന്‍. എങ്കിലും മുഖത്തുണ്ടല്ലോ ആഴത്തിലുള്ള, ഒളിച്ചു വെയ്ക്കാനാകാത്ത സങ്കടമെന്തോ എന്ന് എനിക്ക് തോന്നും.ഇങ്ങനെയല്ലാതെ, അതായത് കൈകള്‍ പുറത്ത് കാട്ടി നല്ല ആത്മ വിശ്വാസത്തോടെ അവനെ കണ്ടിട്ടുണ്ടല്ലോ മുമ്പ് എന്നും ഓര്‍ക്കും.നേര്‍ത്ത് വരുന്ന സങ്കടം പുറത്ത് കാട്ടാതെ ഞാനും ചിരിക്കും. ഇപ്പോള്‍ ഷര്‍ട്ടിന്റെ മുഴുക്കൈകള്‍ പാന്റിന്‍ പോക്കറ്റുകളിലേക്ക് തിരുകി അവന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് ഒരു ശാരീരികമായ ഇല്ലായ്മയാണ്.അവന് കൈപ്പത്തികള്‍ ഇല്ല. ബോംബ് ഉണ്ടാക്കുന്നതിനിടെ അത്പൊട്ടി തകര്‍ന്ന് തെറിച്ച് പോയതാണ് കൈകള്‍.

ഞാനീ നടന്ന് പോകുന്ന അരമണിക്കൂര്‍ ദൂരത്തിനിടയില്‍ ബോംബുണ്ടാക്കുന്നതിനിടെ ഇങ്ങനെ പരിക്കേറ്റ അഞ്ചോ , ആറോ പേരുണ്ടെന്ന് എഴുതുമ്പോള്‍ നിങ്ങള്‍ക്ക് അതിശയോക്തിയെന്ന് തോന്നാം. എന്റെ നാട്ടുകാര്‍ക്ക് തോന്നില്ല. സത്യമാണത്.

സിപിഐഎം , ബിജെപി സംഘര്‍ഷം ഏറ്റവും തീവ്രമായി നിന്ന കാലത്ത് പരസ്പരം ആളെ കൊല്ലാന്‍ ബോംബ് ഉണ്ടാക്കുകയായിരുന്നു ഇവരുടെ പണി. അവരവരുടെ പാര്‍ട്ടിക്ക് വേണ്ടി ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇതും തങ്ങളുടെദൌത്യമാണെന്ന് കരുതി അവര്‍ ഏറ്റെടുത്തു. കുന്നിന്‍ പുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍, വെള്ളമൊഴുക്ക് നിലച്ച കനാലില്‍ ചെറിയ പാലത്തിനടിയില്‍, കൊയ്തൊഴിഞ്ഞ പാടത്ത് അവര്‍ അവരുടെ ജോലിയില്‍ ഏര്‍പ്പെട്ടു. അങ്ങനെയൊരു ദിവസം ബോംബ് പൊട്ടിയാണ് അവന്റെ കൈ പോയത്. ഇത്ര വലിയ സ്ഫോടനമുണ്ടായിട്ട് കൈക്ക് മാത്രം പരിക്ക് പറ്റിയതെങ്ങനെയെടാ എന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
“ഹ ഹ…എനിക്ക് വേറെവിടെയും ഒന്നും പറ്റാത്തതിലാണ് നിനക്ക് വിഷമം അല്ലേ…”എന്ന് ചിരിച്ച് അവന്‍ അപകടത്തെക്കുറിച്ച് കൃത്യമായി വിശദീകരിച്ച് തന്നു.

വെടിമരുന്നും, കുപ്പിച്ചില്ലുകളും ഓട്ടിന്‍ പൊടിയും എല്ലാം നിറച്ച് ചാക്കുനൂലു കൊണ്ട് വരിഞ്ഞ് മുറുക്കുകയാണ് ബോംബുണ്ടാക്കുന്നതിന്റെ അവസാന പണി. അത് ചെയ്യുമ്പോള്‍ ഒരു തെങ്ങിനെ കെട്ടിപ്പിടിച്ച് നിന്ന് കൈകള്‍ തെങ്ങിനപ്പുറത്തിട്ടാണ് ബോംബ് കെട്ടുക. പൊട്ടിയാല്‍ കൈ മാത്രമേ പോകൂ. ആ സാഹസകാലത്തെ ഓര്‍ത്ത് ശരിക്കും അവന്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് മാഞ്ഞത് എന്നെ വേദനിപ്പിച്ചു. ഏത് പണിയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വരുന്ന ഒരു അനായാസത ഉണ്ടല്ലോ.അത് വരുമ്പോള്‍ ചിലര്‍ തെങ്ങിന്‍ സുരക്ഷ ഒഴിവാക്കി സാധാരണ പോലെ അങ്ങ് കെട്ടും. ചെറിയ അലസത. ചിലപ്പോള്‍ അപകടമുണ്ടാകും.ഒന്നോ രണ്ടോ പേര്‍ മരിക്കും. അവരുടെ പാര്‍ട്ടി പിറ്റേന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കും. പ്രവര്‍ത്തകരെ മറ്റവര്‍ ബോംബെറിഞ്ഞ് കൊന്നു എന്ന് പറഞ്ഞ്.

പാനൂരിലും ചുറ്റുവട്ടത്തും ഉള്ള പെയിന്റ് നരച്ച പല ബസ് സ്റോപ്പുകളും ആരുടെ ഓര്‍മ്മ ഉണര്‍ത്താനാണോ വെച്ചിരിക്കുന്നത്, അവരില്‍ ചിലരെങ്കിലും ഇങ്ങനെ സ്വന്തം കൈപ്പിഴ കൊണ്ട് മരിച്ചവരാണ്.

രാഷ്ട്രീയ പ്രവര്‍ത്തനമോ അതിന്റെ ആവേശമോ കുറഞ്ഞിട്ടില്ല ഞങ്ങളുടെ നാട്ടില്‍ . അംഗഭംഗം സംഭവിക്കലിന്റെയും, കൊലപാതകങ്ങളുടെയും, സ്വയംഹത്യകളുടെയും ആ നട്ടപ്രാന്തന്‍ കാലം കഴിഞ്ഞു പോയെന്ന് തോന്നുന്നു. ആ കാലത്തിന്റെ തെളിഞ്ഞ അടയാളമായി രണ്ട് പാര്‍ട്ടിയിലും ഉള്ള എന്റെ സുഹൃത്തുക്കള്‍ ഷര്‍ട്ടിന്‍ മുഴുക്കൈകള്‍ പാന്റിന്റെ പോക്കറ്റിലിട്ട് നടക്കുന്നു.

മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ക്കിടെ ജലബോംബ് എന്നെവിടെയോ വായിച്ചപ്പോഴാണ് കൈകളിരുന്നിടം ഒളിപ്പിച്ച് നടക്കുന്ന സുഹൃത്തുക്കളെ ഓര്‍ത്തത്. 116 വര്‍ഷങ്ങള്‍ക്കപ്പുറത്ത് സ്ഥാപിക്കപ്പെട്ട ബോംബ് മാറ്റുന്നത് നല്ലത് തന്നെ. അവിടെ പുതിയ ബോംബുണ്ടാക്കണമെന്നതല്ലേ നമ്മുടെ ആവശ്യം. അതല്ലാതെ വഴിയില്ലേ എന്ന് ചോദിക്കുന്ന എത്രയോ നാട്ടുകാരുണ്ട്. അണക്കെട്ട് ഉണ്ടാക്കാതെ തന്നെ തമിഴ്നാടിന് വെള്ളം കൊടുക്കാനാകും എന്ന് വാദിക്കുന്നവരും ഉണ്ട്. പക്ഷെ തല്‍ക്കാലത്തേക്കെങ്കിലും ആരും അവരെ കേള്‍ക്കുന്നേയില്ല.

കൂടംകുളത്തെ ആണവനിലയം ഒരു പ്രശ്നവുമുണ്ടാക്കില്ല എന്ന് വാദിക്കുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ മുഖത്തുമുണ്ട് ബോംബിനോടുള്ള താല്‍പര്യം, കൈപ്പത്തിയില്ലാത്ത സുഹൃത്തിന്റെ മുഖത്തെന്ന പോലെ . അപകട ശേഷം അണക്കെട്ട് വാദികള്‍ക്കും
ആണവനിലയവാദികള്‍ക്കും മാത്രമേ കൈകള്‍ പോക്കറ്റിലൊളിപ്പിക്കേണ്ടി വരൂ എന്നായിരുന്നെങ്കില്‍ കാര്യമാക്കേണ്ടിയിരുന്നില്ല.ഇതിപ്പോ അങ്ങനെ അല്ലല്ലോ.ഉണ്ടാക്കുന്നവരെയും ഉണ്ടാക്കണമെന്ന് വാദിക്കുന്നവരെയും മാത്രമല്ലല്ലോ , ബോംബുകള്‍ ബാധിക്കുക. അത്കൊണ്ട് കൂടംകുളത്ത് സമരമിരിക്കുന്നവര്‍ക്കും , അണക്കെട്ട് വിരുദ്ധര്‍ക്കും വിനീതമായ ഒരു സലാം.

—————————————

വഹ് നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മര്‍ത്യ ജന്‍മം ക്ഷണഭംഗുരം
ചക്ഷു ശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കും പോലെ
കാലാഹിനാ പരിഗ്രസ്ഥമാം ലോകവു-
മാലോല ചേതസ്സാ ഭോഗങ്ങള്‍ തേടുന്നു..

(ചുട്ടുപഴുത്ത ഇരുമ്പു കമ്പിമേല്‍ വീണ വെള്ളത്തുള്ളി പോലെ ക്ഷണ നേരത്തേക്കുള്ളതാണ് മനുഷ്യ ജീവിതം. എന്നിട്ടും, പാമ്പിന്‍ വായില്‍ അകപ്പെട്ട നേരത്തും ഇരയ്ക്കായി തവള വാ പിളര്‍ക്കുന്നത് പോലെ കാലത്താല്‍ ബന്ധനസ്ഥനായ ലോകരും ചഞ്ചലമായ മനസ്സോടെ സുഖങ്ങള്‍ തേടുന്നു.)

കാര്യമുണ്ടായിട്ടല്ല…. ചുമ്മാ.. ഈ കുറിപ്പിന് അങ്ങനെയെങ്കിലും ഒരു ഗരിമവരട്ടെ എന്ന് കരുതി ചേര്‍ത്തെന്നേ ഉള്ളൂ. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ എംഎ ക്ളാസ്സില്‍ ഒരിക്കലും മറക്കാനാവാത്ത വിധം ഈ വരികളുടെ അര്‍ത്ഥം പറഞ്ഞ് തന്ന ഡി വിനയചന്ദ്രന്‍ സാറിന് നന്ദി. ഓരോ കാലത്തും അര്‍ത്ഥം വീണ്ടും വീണ്ടും വ്യക്തമാക്കിത്തരുന്ന, പോക്കറ്റില്‍ കൈകളിട്ട് നടക്കുന്ന മറ്റ് മാഷന്‍മാര്‍ക്കും നന്ദി.

16 thoughts on “ബോംബുകളെക്കുറിച്ച് ചില വിചാരങ്ങള്‍

 1. സനീഷ്
  ചെറുപ്പം മുതലുള്ള കാര്യങ്ങളെ വ്യതസ്തമായ കണ്ണിലൂടെ കാണുക എന്നതും അനുവാചകന്റെ മനസിലേക്ക് അസ്വസ്ഥതകള്‍ പകരുക എന്നതിലും വിജയിച്ചിരിക്കുന്നു.
  നന്നായിരിക്കുന്നു….
  സഭാഷ്!

 2. മനുഷ്യ ബന്ധങ്ങളില്‍ അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും സൂക്ഷിക്കുന്നവരാണ് കണ്ണൂരുകാര്‍ , ചങ്ക് പറിച്ചു കൊടുക്കും പോലെ സ്നേഹിക്കുന്നവര്‍ ,ആതിഥേയ മര്യാദയില്‍ പേരുകേട്ടവര്‍ ,നാടിന്‍റെ വിമോചന പോരാട്ടങ്ങളില്‍ ധീരമായ അധ്യായം എഴുതി ചേര്‍ത്തവര്‍ , ജന്മിതവും നാടുവാഴിത്തവും,സാമ്രാജിയ്തുവും നടത്തിയ ക്രുരമായ വേട്ടയടലുകളില്‍ തളരാതെ പൊരുതി നിന്നവര്‍ ,സ്വന്തം നാടിന്നു വേണ്ടി പോരാട്ട കളങ്ങളില്‍ പട വെട്ടി ചത്തവര്‍ ,സ്വാര്‍ത്ഥ മോഹങ്ങളില്ലാതെ വീടും കുടുമ്പവും ഉപേക്ഷിച്ചു നാടിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍ ,
  വായനശാലകളും ഗ്രന്ഥലയങ്ങളും,കലാ സമിതികളും സമര്ദ്ദമായ നാട്ടിന്‍ പുറങ്ങള്‍ ,സ്ത്രീധനമടക്കമുള്ള തിന്മകള്‍ വേര് പിടിക്കാത്ത മണ്ണ് . ചുരുക്കിയനെങ്കിലും കണ്ണൂര്‍ എന്നാല്‍ ഇതുകൂടിയനെന്നോര്‍ക്കുക , ബോംബുകളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് എഴുതി മറ്റു ജില്ലക്കാരുടെ മുന്നില്‍ കണ്ണൂരിനെ അപകീര്‍ത്തി പ്പെടുതുന്നവര്‍ ,നന്മകളാല്‍ സമര്ദ്ദമായ ഒരു നാടിന്‍റെ സമാനതകള്‍ ഇല്ലാത്ത സംസ്കാരത്തെ കുറിച്ച് കൂടി ഓര്‍ക്കുക.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും ,എട്വേര്ദ് ബ്രന്നനും,പി കൃഷ്ന്നപിള്ളയും തൊട്ടറിഞ്ഞ നെഞ്ചോട്‌ ചേര്‍ത്ത് വെച്ച മണ്ണാണ് കണ്ണൂര്‍ എന്നെങ്കിലും പുതു തലമുറ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിയണം ,

  • പക്ഷേ ഇപ്പോഴത്തെ കണ്ണൂര്‍ രാഷ്ട്രീയ ഫാഷിസം കൊണ്ട് മലീമസം.

 3. akathulla kazchappaadukal vilichu parayan, vaayanakkarante purathu poster ottikkuvan upayogicha pasha mullapperiyarum- bomb wallposterum aayippille saneeshe….sandesam athaathu kaalaghattathil nalkan madikkunnavar nilavile saahacharriyathe vyabicharikkunnavaranu. oppam pazhayakala yathartyangal vismarikkunnavarum.

 4. സനീഷ്. പറഞ്ഞത് ഡാമിനെ പറ്റി യാന്നെങ്കിലും.. സത്യത്തിന്റെ മൂര്‍ത്തി പധങ്ങളിലയിരുന്നു സനീഷിന്റെ യാത്ര. എന്റെ അനുഭവത്തില്‍ നാനും ഇതു പോലെ എന്റെ ചുറ്റുപാടുകളില്‍ കണ്ടു മുട്ടാറുണ്ട്, നല്ല സ്നേഹമുള്ളവര്‍ നല്ല സൌമ്യമായ് പെരുമാറുന്നവര്‍, എന്നാല്‍ തന്റെ പാര്‍ടിക്കുവേണ്ടി ചന്ഗില്‍ ചോര നിറച്ചു നടന്നവര്‍, കൈ വിരലുകള്‍ പോയവര്‍ കഴുത്തിന്‌ വെട്ടു കിട്ടി മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തുഴെഞ്ഞെതിയവ്ര്‍, ഒരു തെറ്റും ചെയ്യാതെ കേസില്‍ അകപ്പെട്ടു നാട് വിട്ടോടെണ്ടി വന്നവര്‍. പാര്‍ട്ടി പോരുകളില്‍ കൊല ചെയ്യ്തവരുടെ മൃത പ്രായരയിട്ടും പശിയാടെക്കാന്‍ വേണ്ടി വേലയ്ക്കു പോകുന്ന അമ്മ മാര്‍, എന്നാല്‍ ഏതൊക്കെ ആരുടെ വിജയത്തിന് വേണ്ടി യാണോ അവര്‍ ച്യ്തത് അവരുടെ ഒരു സഹായവും കിട്ടാത്ത കുടുംബങ്ങള്‍… ഉണ്ട് സനീഷ് നാനും വേദനയോടെ സഹതാപത്തോടെ അവരെ കണ്ടു നില്‍ക്കാറുണ്ട്…എന്ത് ചെയ്യാന്‍ ഇതു നിമിഷവും പൊട്ടിവീഴുന്ന ഒരു വാള്‍ തലയ്ക്കു മീതെ തൂങ്ങി യാണ് ഓരോ കണ്ണൂര്‍ കാരനും ജീവിക്കുന്നത് ഇതു സത്യം തന്നെ യാണ്..
  ആനുകാലിക മായ എഴുത്തിന്റെ പറുദീസാ യിലേക്ക് പറന്നുയരാന്‍ സനീഷ് നു എല്ലാ ഭാവുകങ്ങളും ..
  HARIS

 5. സഹനങ്ങളുടെ പാതയില്‍ ഗോപുരം പോലെ ……

  ‘കടുത്ത വേദനകളിലും ഒരിക്കല്പോലും ഞാന് കരഞ്ഞിട്ടില്ല. നിലവിളിക്കാന് തോന്നിയ പല സമയങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്, ഒരു തുള്ളി കണ്ണീര്പോലും എന്റെ കണ്ണില് പൊടിഞ്ഞിട്ടില്ല. കൂത്തുപറമ്പ് പോരാളി ഒരു പ്രതിസന്ധിയിലും ദുര്ബലനാകരുതെന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്…’ കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രം പുതുക്കുടി പുഷ്പന്റെ ഓര്മപുസ്തകം ‘പുഷ്പന്: സഹനത്തിന്റെ മഹാസൂര്യന്’ വരികള്ക്കിടയില് സമകാലിക രാഷ്ട്രീയ വിമര്ശം കരുതുന്നു. കഴുത്തിനുതാഴെ തളര്ന്ന് 17 വര്ഷമായി ഒരേ കിടപ്പില് കഴിയുന്ന പുഷ്പന് തന്റെ സഹനപര്വം വിവരിക്കുകയാണ് പുസ്തകത്തില്.

  ചിരി എന്ന സഹനായുധത്തെക്കുറിച്ച് പുഷ്പന് ഇങ്ങനെ എഴുതുന്നു: ‘ചിരിക്കുക, വേദനകളിലൂടെ നിരന്തരം കടന്നുപോകുമ്പോഴും അതു നിലനിര്ത്താന് എനിക്ക് കഴിഞ്ഞിട്ടുണ്ട്. ചിരി, ജീവിതത്തിന് പകരുന്ന ധൈര്യം ചെറുതല്ല. നൂല്പാലത്തിലൂടെയാണ് എന്റെ ജീവിതയാത്രയെങ്കിലും ഓരോ നിമിഷവും ഞാന് ചിരിച്ചിട്ടുണ്ട്. ഇതായിരുന്നു എന്റെ ബലം. എല്ലാ വേദനകളെയും ചെറുതാക്കിയ ചിരി, സഖാക്കളേ, നിങ്ങളെനിക്കുതന്ന സ്നേഹത്തിന് പകരമായിരുന്നു’.

  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത വികാരവായ്പോടെ അക്ഷരങ്ങളിലാക്കിയ പുഷ്പന്, സഹനവഴിയിലെ ഊര്ജ സ്രോതസ്സിനെക്കുറിച്ച് പല അധ്യായങ്ങളിലും വിവരിക്കുന്നുണ്ട്. ബംഗളൂരുവില് ജോലി ചെയ്യുന്നതിന്റെ ഇടവേളയില് നാട്ടിലെത്തിയപ്പോഴാണ് 1994 നവംബര് 25 എന്ന ദിനം പുഷ്പന്റെ ജീവിതം മാറ്റിമറിച്ചത്. ജോലിയുടെ ഇടവേളയില് പങ്കെടുക്കാന് കഴിയുന്ന സമരമെന്ന രീതിയിലാണ് ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തില് പങ്കെടുക്കാന് പോയത്. അന്നത്തെ യു.ഡി.എഫ് സര്ക്കാറിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധമറിയിക്കാന് പ്രതീകാത്മകമായി കറുത്ത തൂവാല കെട്ടല് മാത്രമാണ് ഉദ്ദേശിച്ചത്. അധികാരത്തിന്റെ അഹങ്കാരത്തില് എം.വി രാഘവന് ചെയ്തുകൂട്ടിയ മഹാപാതകമായിരുന്നു കൂത്തുപറമ്പില് അഞ്ച് യുവാക്കളുടെ ജീവനെടുത്തതെന്ന് പുഷ്പന് പറയുന്നു.

  സുഷുമ്നാ നാഡിക്ക് വെടിയേറ്റ് ശരീരം തളര്ന്ന് കിടപ്പായ തന്നെ കാണാന് 17 വര്ഷത്തിനിടെ ഒരു യു.ഡി.എഫ് നേതാവുപോലും എത്തിയില്ല. ഒരിക്കല് കണ്ണൂര് ആയുര്വേദ ആശുപത്രിയില് ചികിത്സയിലായിരിക്കെ, സി.എം.പി നേതാവ് സി.പി. മൂസാന്കുട്ടിയെ കണ്ടു. എങ്ങനെയാണ് പരിക്കുപറ്റിയതെന്ന് ആളെ തിരിച്ചറിയാതെ അദ്ദേഹം ചോദിച്ചു. കൂത്തുപറമ്പില് വെടിയേറ്റതാണെന്ന് പറഞ്ഞതോടെ മൂസാന്കുട്ടിയുടെ മുഖത്ത് കുറ്റബോധം നിഴലിച്ചതായും യാത്ര പോലും പറയാതെ പെട്ടെന്ന് കടന്നുപോയെന്നും പുഷ്പന് എഴുതുന്നു.

  പ്രസ്ഥാനത്തോട് ഒരു മൊട്ടുസൂചിക്കുപോലും പരിഭവം പറയേണ്ട സ്ഥിതി വന്നിട്ടില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ബന്ധുക്കള്ക്കും തന്റെ അനുജന് പ്രകാശനും ജോലി നല്കിയത്, വീട്ടിലേക്കുള്ള വഴി നന്നാക്കിയത്, മേനപ്രത്തെ വോള്ട്ടേജ് ക്ഷാമം പരിഹരിച്ചത് എന്നിങ്ങനെ എല്.ഡി.എഫ് സര്ക്കാര് സഹായങ്ങള് അനുവദിച്ചതിനും പ്രസ്ഥാനം തന്റെ ചികിത്സക്കുള്ള ഭാരിച്ച സാമ്പത്തിക ബാധ്യത വഹിച്ചതിനുമുള്ള നന്ദിയും പുസ്തകത്തിലുണ്ട്.

 6. ഒരുപാട് നന്നായിട്ടുണ്ട് സനീഷ്. ഒപ്പം, നടന്നുവന്ന വഴികളിലെ ഓര്‍മ്മപ്പെടലുകളും ഒപ്പംനടന്നവരെ ഓര്‍മ്മപ്ടുത്തലും … നമ്മുടെ നാട് എത്രമാത്രം നഷ്ട്ടപെടുത്തി ?? താങ്കളുടെ ഭാഷയില്‍ നാട്ടുകാരെയും ? എല്ലാവരും ‘കുഴപ്പക്കരല്ല അല്ലെ സനീഷ്’ ??
  എല്ലാ ഭാവുകങ്ങളും ,ഇനിയും പ്രതീക്ഷിക്കട്ടെ….

  abdulnasar kummankode

 7. സനീഷേ.. പണ്ട് ബ്രെന്നേന്‍ കോളേജില്‍ ഇത് പോലത്തെ പണി കംമുനിസത്തിനു വേണ്ടി എടുക്കുമ്പോ ഇതൊന്നും ആലോചിചില്ലേ ? ഇപ്പഴാണോ ബോധോദയം ഉണ്ടായത് ?

Leave a Reply

Your email address will not be published. Required fields are marked *