നൊവാര്‍ടിസിനും സുപ്രീംകോടതിക്കുമിടയില്‍ ഇവരുടെ ജീവിതം; മരണവും

 
 
 
 
കാന്‍സര്‍ മരുന്നിന്റെ പേറ്റന്റു അവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ജനപക്ഷത്തുനിന്ന് ഒരിടപെടല്‍.. പി.പി പ്രശാന്തിന്റെ വിലയിരുത്തല്‍
 
 
വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍ മരുന്നുവില കുതിച്ചുകയറും. ജീവന്‍ രക്ഷാമരുന്നുകള്‍ പോലും കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും. പ്രത്യാഘാതം ഇന്ത്യയില്‍ മാത്രമായിരിക്കില്ല. വികസ്വര അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് രോഗികളായിരിക്കും മരുന്നു കിട്ടാതെ പിടഞ്ഞു തീരുക -പി.പി പ്രശാന്തിന്റെ വിലയിരുത്തല്‍
 
 

 
 
ഒന്നല്ല,ഒരായിരം സാധു മനുഷ്യരുടെ പ്രാര്‍ഥനയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ കാരുണ്യത്തിനായി കേഴുന്നത്. കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസ് ഇവരുടെ മരണക്കുരുക്കാകുമോ എന്നതിലാണ് ആശങ്ക. അവസാന വാദത്തിനായി സുപ്രീം കോടതിയുടെ പരിഗണനയിലുള്ള, സ്വിസ് കമ്പനി നൊവാര്‍ടിസ് നല്‍കിയ കേസാണ് ഇന്ത്യയിലെയും ലോകത്തെമ്പാടുമുള്ള എച്ച്.ഐ.വി.,കാന്‍സര്‍ രോഗികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. ആറുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരായ കേസ് സുപ്രീം കോടതിയിലെത്തിയത്. കാന്‍സറിനെതിരായ ഔഷധം ഇമാനിറ്റിബ് മീസില്ലേറ്റിന്റെ പുതുരൂപം ഗ്ലീവെക് എന്ന ബ്രാന്‍ഡില്‍ നൊവാര്‍ടിസ് വിപണിയിലിറക്കിയിരുന്നു. ഇതിന് പാറ്റന്റ് ലഭിക്കണമെന്നതാണ് കമ്പനിയുടെ ആവശ്യം. 2005 ലെ പേറ്റന്റ് ഭേദഗതി പ്രകാരം പേറ്റന്റ് അനുവദിക്കാനാകില്ലെന്ന കീഴ്കോടതിയുടെയും പാറ്റന്റ് അതോറിറ്റിയുടെയും വിധി ചോദ്യം ചെയ്താണ് ഇപ്പോള്‍ നൊവാര്‍ടിസ് നിയമയുദ്ധത്തിലേര്‍പ്പെടുന്നത്.

മരണക്കുരുക്കിന്റെ പ്രസക്തി
പേറ്റന്റ് അനുവദിക്കപ്പെട്ടാല്‍ കേസിന് കാരണമാക്കിയ കാന്‍സര്‍ മരുന്നിന്റെ കുത്തകാവകാശം നൊവാര്‍ടിസ് ലഭിക്കും. ഇതേ വഴിയെ മറ്റുകമ്പനികളും നിരന്നാല്‍ കുത്തനെയുള്ള മരുന്നു വിലവര്‍ധനയായിരിക്കും ഫലം. വിധി നിര്‍ണയകമാകുന്നത് ഇന്ത്യക്കെന്നല്ല; വികസ്വര^അവികസിത രാജ്യങ്ങള്‍ക്കെല്ലാമാണ് . ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്കില്‍ മരുന്നെത്തിക്കുന്നവരില്‍ മുമ്പന്‍ ഇന്ത്യയാണ് എന്നതാണിതിന് കാരണം. 2005ലാണ് ലോക വ്യാപാര സംഘടനയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് നമ്മള്‍ പേറ്റന്റ് കരാറില്‍ ഒപ്പുവെച്ചത് . തുടര്‍ന്ന് ഉല്‍പന്ന പേറ്റന്റ് നിലവില്‍ വന്നു. ജീവന്‍രക്ഷാമരുന്നുകളുള്‍പ്പെടെ വില കുത്തനെ കുതിച്ചുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 2005 ല്‍ പുതിയ പേറ്റന്റ് നിയമത്തില്‍ സെക്ഷന്‍ 3(ഡി) ഉള്‍പ്പെടുത്തിയത്. പാതുജനാരോഗ്യം സംരക്ഷിക്കാനും ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതയും വിലകയറ്റവും നിയന്ത്രിക്കാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.

2005ലെ പേറ്റന്റ് ഭേദഗതി ബില്‍
2005 ജനുവരി ഒന്നിന് മുമ്പ് ഉല്‍പാദിപ്പിച്ച് വിപണിയിലിറക്കിയ ഇന്ത്യന്‍ കമ്പനികളുടെ ഔഷധങ്ങള്‍ക്ക് റോയല്‍റ്റി നല്‍കി തുടര്‍ന്നും ഉപയോഗിക്കാം. 20 വര്‍ഷത്തെ പേറ്റന്റ് കാലാവധി അവസാനിക്കുന്ന മുറക്ക് പേറ്റന്റ് പുതുക്കി കാലാവധി തുടരാനുള്ള കമ്പനികളുടെ തന്ത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള നിര്‍ദേശം ഭേദഗതിയിലുണ്ട്. തികച്ചും പുതിയ ഔഷധത്തിനേ ഭേദഗതിയിലൂടെ പേറ്റന്റ് ചെയ്യാനാകൂ. അറിയപ്പെടുന്ന ഔഷധത്തിന്റെ ഉപയോഗക്ഷമതയെ(efficacy) വര്‍ധിപ്പിക്കാത്ത, ഔഷധത്തിന്റെ പുതിയ രൂപത്തിലുള്ള കണ്ടുപിടുത്തം പേറ്റന്റ് ചെയ്യാന്‍ സാധിക്കില്ല. പേറ്റന്റ് കാലാവധി പുതുക്കാനുള്ള കമ്പനികളുടെ കുറുക്കുവഴിയാണ് പേറ്റന്റ് ഭേദഗതിയോടെ ഇല്ലാതായത്.
1999ലെ പേറ്റന്റ് ഭേദഗതിയിലെ കുത്തക വിപണനാവകാശത്തിന് തടയിടാന്‍ ഇടതുപാര്‍ട്ടികളുള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിലായിരുന്നു ഭേദഗതി. 1995 ന്ശേഷം പേറ്റന്റ് ലഭിച്ച കമ്പനികള്‍ക്ക് സമ്പൂര്‍ണ വിപണനാവകാശം നല്‍കിയാല്‍ ഇന്ത്യന്‍ കമ്പനികളുടെ വിലകുറഞ്ഞ ഔഷധങ്ങള്‍ റോയല്‍റ്റി നല്‍കി ഉല്‍പാദനം തുടരാം. 1995 ന് ശേഷം കാന്‍സര്‍ ചികില്‍സക്കുള്ള ഗ്ലീവെക് എന്ന മരുന്ന് സ്വിസ് കമ്പനിയായ നൊവാര്‍ടിസിന് മാത്രമേ ഉല്‍പാദിപ്പിക്കാനാവൂവെന്ന അവസ്ഥ ഈ ഭേദഗതിയോടെ ഇല്ലാതായി. ഈ ഭേദഗതിയാണ് ഇപ്പോള്‍ നൊവാര്‍ടിസ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത്.ന ിലവിലെ മരുന്നുകളില്‍ ചെറിയ മാറ്റംവരുത്തി പുതിയ മരുന്നാക്കി പേറ്റന്റ് എടുക്കുന്ന പ്രക്രിയയെ തടയിടാന്‍ കര്‍ശന നിര്‍ദേശങ്ങളോടുകൂടിയതാണ് സെക്ഷന്‍ 3(ഡി).

ഇന്ത്യന്‍ പാറ്റന്റിന്റെ നിലനില്‍പ്പ് യുദ്ധം
2006 ലാണ് ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫിസ് നൊവാര്‍ടിസ് എന്ന സ്വിസ് ബഹുരാഷ്ട്ര ഭീമന്റെ പേറ്റന്റ് അപേക്ഷ നിരസിക്കുന്നത്. കാന്‍സറിനുള്ള ഔഷധമെന്ന നിലയില്‍ ഇമാറ്റിനിബ് എന്ന ജനറിക് മരുന്നിന്റെ ക്രിസ്റ്റലൈന്‍ സോള്‍ട്ടായ ഇമാറ്റിനിബ് മെസലേറ്റ് , ‘ഗ്ലിവെക് ‘എന്ന ബ്രാന്‍ഡ് നെയിമോടെ പേറ്റന്റിനായി സമര്‍പ്പിച്ചു.തുടര്‍ന്ന് ഇന്ത്യന്‍ പേറ്റന്റ് അപ്പലേറ്റ് ബോര്‍ഡും നൊവാര്‍ടിസിന്റെ അപേക്ഷ നിരസിച്ചു. പഴയ മരുന്ന് പുതിയ രൂപത്തിലാക്കിയുള്ള കമ്പനിയുടെ ശ്രമത്തിന് പേറ്റന്റ് നല്‍കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. ‘ഗ്ലിവെക്’ തികച്ചും പുതിയ ഉല്‍പന്നമാണെന്നും പേറ്റന്‍സിക്ക് അര്‍ഹതയുണ്ടെന്നുമാണ് നൊവാര്‍ടിസ് വാദിക്കുന്നത്.2007ല്‍ മദ്രാസ് ഹൈകോടതിയില്‍ പേറ്റന്റ്ഭേദഗതിക്കെതിരെ നൊവാര്‍ടിസ് ഹരജി ഫയല്‍ ചെയ്തു. തുടര്‍ന്ന് 2009 ലാണ് കമ്പനി സുപ്രീംകോടതിയില്‍ പേറ്റന്റ് മാനദണ്ഡത്തെ ചോദ്യംചെയ്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഹരജി ഫയല്‍ ചെയ്തത്.

എന്തുകൊണ്ട് ഇന്ത്യന്‍ മരുന്ന്
ലോകത്ത് വിതരണം ചെയ്യുന്ന എച്ച്.ഐ.വി വരാതിരിക്കാനുള്ള മരുന്നുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളില്‍ 92 ശതമാനവും ഇന്ത്യന്‍ മരുന്നുകളാണ്. ആഫ്രിക്കയിലെ ദരിദ്ര രോഗികളിലേക്കെത്തുന്നതും ഇന്ത്യന്‍ മരുന്നാണ്. വിലക്കുറവും വ്യാപകമായ ഉല്‍പാദനം നടക്കുന്നതുമാണിതിന് കാരണം.

പ്രതിഷേധം ശക്തം
കാന്‍സര്‍ പേഷ്യന്‍സ് എയ്ഡ് അസോസിയേഷന്‍ എന്ന സംഘടനക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയാണ് തുടക്കം മുതലേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. കര്‍ണാടകയിലെ ഡ്രഗ് ആക്ഷന്‍ ഫോറം, ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വി\എയ്ഡ്സ് , പോസിറ്റീവ് വിമന്‍സ് നെറ്റ്വര്‍ക്ക്, പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ്, ദെല്‍ഹിനെറ്റ്വര്‍ക്ക് പോസിറ്റീവ് പീപ്പിള്‍ എന്നീ സംഘടനകളും പ്രതിഷേധങ്ങളില്‍ അണിനിരന്നു.

മാപ്പുനല്‍കാനാകാത്ത സര്‍ക്കാര്‍ നിലപാട്
ജീവവായുവിനായുള്ള നിസ്സഹായരുടെ പ്രാര്‍ഥന സര്‍ക്കാര്‍ ചെവികൊള്ളുന്നില്ല. കുറ്റകരമായ അനാസ്ഥയാണ് കേസ് കൈകാര്യം ചെയ്യുന്നതിന് കേന്ദ്രം വരുത്തുന്നത്. സുപ്രം കോടതിയില്‍ കേസിനായി അറ്റോര്‍ണി ജനറല്‍ ഹാജരാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുനടന്നില്ല. നൊവാര്‍ടിസിന്വേണ്ടി ഹാജരായതോ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും.
വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍ മരുന്നുവില കുതിച്ചുകയറും. ജീവന്‍ രക്ഷാമരുന്നുകള്‍ പോലും കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും. പ്രത്യാഘാതം ഇന്ത്യയില്‍ മാത്രമായിരിക്കില്ല. വികസ്വര- അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് രോഗികളായിരിക്കും മരുന്നു കിട്ടാതെ പിടഞ്ഞു തീരുക.

One thought on “നൊവാര്‍ടിസിനും സുപ്രീംകോടതിക്കുമിടയില്‍ ഇവരുടെ ജീവിതം; മരണവും

  1. There is no need for enemies for this country beyond its borders so long as we have the kind of people we have in government managing its affairs. And this no doubt includes the judiciary too!

Leave a Reply

Your email address will not be published. Required fields are marked *