ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ പറയുന്നു: എന്നെ അവര്‍ വേട്ടയാടി

പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയായിരുന്നു. അക്ഷരാര്‍ഥത്തില്‍ അവരെന്നെ വേട്ടയാടി. ഓരോരുത്തരുടെയും പ്രസ്റ്റീജ് സംരക്ഷിക്കുന്നതിന് വേണ്ടി എന്നെയും എന്റെ സിനിമയെയും കരിവാരിത്തേക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാതലായ പ്രശ്നങ്ങളോ ജൂറിയുടെ ഭിന്നാഭിപ്രായമോ പരിഗണിക്കാതെ കൊടും കുറ്റവാളി ആണെന്ന മട്ടിലായിരുന്നു പ്രചാരണം. മലയാളത്തിലെ ഒതു ഫിലിം മേക്കറും ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടുണ്ടാവില്ല-തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് വിവാദങ്ങളെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട ആദിമധ്യാന്തം എന്ന സിനിമയുടെ സംവിധായകന്‍ ഷെറി സംസാരിക്കുന്നു

ഷെറി

ഷെറിയെക്കുറിച്ച്
കണ്ണൂര്‍ സ്വദേശിയായ ഷെറി 2005ല്‍ ‘സൂര്യകാന്തി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ആ വര്‍ഷത്തെ മൂന്ന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ അതിനായിരുന്നു. പിന്നീട് ‘ഗീതാഗോവിന്ദം’ എന്ന പ്രൊജക്റ്റ് തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. അതിനു ശേഷം ‘കടല്‍ത്തീരത്ത്’. ചലച്ചിത്ര അക്കാദമി നടത്തിയ രാജ്യാന്തര ഹ്രസ്വ ചിത്രമേളയില്‍ മികച്ച സിനിമക്കുള്ള പുരസ്കാരം അതിനായിരുന്നു. രണ്ട് ദേശീയ പുരസ്കാരങ്ങളും അതിനെ തേടിയെത്തി. ഒപ്പം മറ്റു പലയിടങ്ങളിലുമായി 12 ഓളം അവാര്‍ഡുകള്‍ വേറെയും. ഇതിനു ശേഷമാണ് ‘ദ ലാസ്റ്റ് ലീഫ് ‘എന്ന ഹ്രസ്വ ചിത്രമെടുത്തത്. കന്യാസ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗാനുരാഗമായിരുന്നു വിഷയം. ചിത്രം പൂര്‍ത്തിയായെങ്കിലും സഭയുടെയും മറ്റും എതിര്‍പ്പു കാരണം അത് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ചലച്ചിത്രമേളക്ക് സമര്‍പ്പിച്ചെങ്കിലും പ്രശ്നമാവുമെന്ന് ഭയന്ന് അത് പരിഗണിക്കപ്പെട്ടില്ല. അതിനു ശേഷമാണ് ‘ദി റിട്ടേണ്‍’ എന്ന ഷോര്‍ട്ട് ഫിലിമെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അതിനായിരുന്നു. പിന്നെയാണ് ഫീച്ചര്‍ ഫിലിമിലേക്ക് കടന്നത്. ആദ്യ ഫീച്ചര്‍ ഫിലിമാണ് ‘ആദിമധ്യാന്തം’

ഷെറി

താങ്കളുടെ സിനിമ ഇപ്പോള്‍ മല്‍സര വിഭാഗത്തിലില്ല. എന്താണ് സംഭവിച്ചത്?

‘ആദിമധ്യാന്തം’ എന്റെ ആദ്യ മുഴുനീള ഫീച്ചര്‍ ഫിലിമാണ്. ചലച്ചിത്രമേളയിലെ മല്‍സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആ ചിത്രം ഇപ്പോള്‍ പുറത്താണ്. മലയാള മനോരമ ചാനലും സിനിമാ മന്ത്രി ഗണേഷ്കുമാറും അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും ചേര്‍ന്ന് നടത്തിയ പ്രചാരണങ്ങളെയും ആസൂത്രിത ശ്രമങ്ങളെയും തുടര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത എന്റെ സിനിമ അക്കാദമി ഒഴിവാക്കിയത്.

എന്തു കൊണ്ട് ആദിമധ്യാന്തം? നിങ്ങളെങ്ങനെ അവരുടെ ശത്രുവായി?
ചലച്ചിത്ര അക്കാദമിക്കുള്ളില്‍ നടക്കുന്ന ചേരിപ്പോരും ഗ്രൂപ്പിസവുമാണ് കാരണം. സത്യത്തില്‍ ഇത് എനിക്കെതിരായ ആക്രമണമായിരുന്നില്ല. പുതുതായി അക്കാദമിയിലെത്തിയവരും നേരത്തെയുള്ളവരും തമ്മിലുള്ള വടംവലിയില്‍ ഞാനും എന്റെ സിനിമയും ബലയാടാക്കപ്പെടുകയായിരുന്നു. ഫെസ്റ്റിവല്‍ ഡയരക്ടര്‍ ബീനാപോളായിരുന്നു അവരുടെ ടാര്‍ജറ്റ്. അവരെ അക്കാദമിയില്‍നിന്ന് പുറത്താക്കണം. അതിനായിരുന്നു ശ്രമം.

ബീനാ പോളും ആദിമധ്യാന്തവും തമ്മിലെന്താണ്?
പരമാവധി കുറഞ്ഞ ചെലവില്‍ സിനിമ എടുക്കാനായിരുന്നു എന്റെ ശ്രമം. എസ്.ഡി ഫോര്‍മാറ്റില്‍ ചെയ്തശേഷം ഫിലിമിലേക്ക് മാറ്റല്‍. എഡിറ്റിങ് ജോലികള്‍ക്ക് ബീന പോളിനെയാണ് ഞാനാദ്യം സമീപ്പിച്ചത്. അവര്‍ സമ്മതിച്ചു. അവരുടെ കുറിപ്പ് പ്രകാരമാണ് സലീഷ് എന്ന സുഹൃത്ത് ചിത്രത്തിന്റെ ഓണ്‍ലൈന്‍ എഡിറ്റിങ് നടത്തിയത്. സ്പോട്ട് എഡിറ്റിങ് ചെയ്ത ശേഷം അന്തി വര്‍ക്കുകള്‍ക്കായി ഡി.വി.ഡി ഞാനവരെ ഏല്‍പ്പിച്ചു. എന്നാല്‍ അവര്‍ തിരക്കിലായിരുന്നു. ചിത്രം കണ്ടശേഷം, ഓണ്‍ലൈന്‍ എഡിറ്റിങ് നന്നായി, അയാള്‍ തന്നെ ബാക്കി വര്‍ക്ക് ചെയ്യട്ടെ എന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇത്ര നന്നായി എഡിറ്റിങ് ചെയ്ത ആളുടെ പേരില്‍ തന്നെ സിനിമ ഇറക്കുന്നതാവും നല്ലതെന്നും അവര്‍ പറഞ്ഞു. സിനിമ സമര്‍പ്പിക്കുമ്പോഴുള്ള സത്യവാങ്മൂലത്തില്‍ ബീനാപോളിന്റെ പേരും പിന്നീട് ടൈറ്റിലില്‍ സലീഷിന്റെ പേരും വന്നത് ഇങ്ങനെയാണ്. സത്യവാങ്മൂലം തെറ്റെന്ന് പറയാന്‍ ഇടവരുത്തിയത് ഇതിനാലാണ്.

ബീനാപോള്‍

അപ്പോള്‍, ബീനാ പോളല്ല എഡിറ്റര്‍. എന്നിട്ടും നിങ്ങള്‍ ടാര്‍ജറ്റ് ചെയ്യപ്പെട്ടത് എന്താണ്?
ഈ മാറ്റം അക്കാദമിക്കുള്ളിലെ അധികമാരും അറിഞ്ഞിരുന്നില്ല. ബീനാ പോള്‍ തന്നെയാണ് എഡിറ്ററെന്നാണ് അവര്‍ കരുതിയത്. ഡെപ്യൂട്ടി ഡയരക്ടര്‍ അഭിനയിച്ചു എന്ന സാധ്യതയും ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു. സജിത മഠത്തില്‍ നല്ല അഭിനേത്രിയാണെന്നോ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകയാണെന്നോ പോലും ഓര്‍ക്കാതെയാണ് അവര്‍ കരു നീക്കിയത്. അങ്ങനെ, തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചില ആളില്ലാ എസ്.എംഎസുകള്‍ പോയി. അവിഹിത സ്വാധീനം ഉപയോഗിച്ചാണ് സിനിമ മേളയില്‍ ഇടം നേടിയതെന്നായിരുന്നു പ്രചാരണം. തെളിവായി ഈ രണ്ടു കാര്യങ്ങളും. ബീന പോള്‍, സജിത മഠത്തില്‍. എന്നാല്‍, മാധ്യമങ്ങളൊന്നും ഇത് ഏറ്റു പിടിച്ചില്ല. പക്ഷേ, പലരും എന്നോട് ഇക്കാര്യം അന്വേഷിച്ചു. സത്യാവസ്ഥ ഞാന്‍ പറയുകയും ചെയ്തു. എന്നാല്‍, അണിയറയില്‍ എന്താണ് ഒരുങ്ങുന്നത് എന്ന കാര്യം അന്നേരം അറിയില്ലായിരുന്നു.

പിന്നെയാണോ ചാനല്‍ വാര്‍ത്ത വന്നത്

അതെ, മനോരമ ന്യൂസ് ചാനലിനെയാണ് അവര്‍ ഉപയോഗിച്ചത്. ഡയരക്ടര്‍ക്കും ഡെപ്യൂട്ടി ഡയരക്ടര്‍ക്കും താല്‍പ്പര്യമുള്ള സിനിമ അവിഹിതമായി തിരുകി കയറ്റിയതായി അവര്‍ വാര്‍ത്ത നല്‍കി. എന്നാല്‍, ഇത് പൊളിഞ്ഞതോടെ അവര്‍ പ്ലേറ്റ് മാറ്റി. അപൂര്‍ണമായാണ് സിനിമ സമര്‍പ്പിച്ചതെന്നായി പിന്നത്തെ ആരോപണം. അങ്ങനെയല്ല എന്നു വന്നപ്പോള്‍ ന്യായീകരിക്കാന്‍ ചിത്രാഞ്ജലിയിലെ ലോഗ് ബുക്ക് ആയുധമാക്കി. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ മറ്റ് ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടു. മന്ത്രിയെ അവര്‍ ഇടപെടുവിച്ചു. കേട്ട ഉടന്‍, സംഭവം അന്വേഷിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പിറ്റേന്ന് തന്നെ ചാനലുകാര്‍ ഫോളോ ചെയ്തു. സിനിമ വിളിച്ചുവരുത്തി കണ്ടെന്നും അത് അപൂര്‍ണവും നിറയെ സങ്കേതിക പ്രശ്നങ്ങളുള്ളതുമാണെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. മല്‍സര വിഭാഗത്തില്‍നിന്ന് സിനിമ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മന്ത്രിക്ക് അധികാരമുണ്ടെന്നോ കമ്മിറ്റി പരിഗണിച്ച ചിത്രം തോന്നുംപടി പ്രദര്‍ശിപ്പിക്കാന്‍ മന്ത്രിക്ക് ആരധികാരം നല്‍കിയെന്നോ ആരും ചോദിച്ചില്ല. പിന്നെ, ഇത് വിവാദമായി. മന്ത്രി എനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ ഞാന്‍ മറുപടി പറഞ്ഞതോടെ അദ്ദേഹം എന്നെ ശത്രുവായി കണക്കു കൂട്ടി. എന്തു വില കൊടുത്തും സിനിമ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നെ, അക്കാദമി ചെയര്‍മാന്‍ തന്റെ അധികാരം ഉപയോഗിച്ച് സിനിമ ഒഴിവാക്കി.

ചാനലുകാരും മന്ത്രിയും ചെയര്‍മാനുമൊക്കെ ഇങ്ങനെ വേട്ടയാടാന്‍ എന്താണ് കാരണം

അതെനിക്ക് കൃത്യമായി അറിയില്ല. മനസ്സിലായത് ഒരു കാര്യമാണ്. അവരുടെ ഈഗോ വെല്ലുവിളിക്കപ്പെട്ടു. പറയുന്ന കാര്യം തെളിയിക്കാനുള്ള ബാധ്യത അവര്‍ക്കു വന്നു. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതോടെ സ്വയം അപഹാസ്യരാവുമെന്ന് മനസ്സിലാക്കി അവര്‍ കൂടുതല്‍ കൂടുതല്‍ ആക്രമിക്കുകയായിരുന്നു. ഈഗോയ്ക്ക് മുറിവേറ്റവര്‍ നടത്തിയ നിരന്തര വേട്ടയാടല്‍ മാത്രമായിരുന്നു നടന്നതെല്ലാം.

അവര്‍ പറയുന്നതിലൊന്നും സത്യത്തില്‍ ഒരു കാര്യവുമില്ലേ
എഡിറ്റ് ചെയ്ത പരിപൂര്‍ണ സിനിമയാണ് ഞാന്‍ അക്കാദമിക്ക് സബ്മിറ്റ് ചെയ്തത്. അപൂര്‍ണമായിരുന്നില്ല അത്. അത്തരമൊരു പരാതി ഒരു ഘട്ടത്തിലും അതിനെതിരെ ഉയര്‍ന്നിരുന്നില്ല. സിനിമ പരിഗണിച്ച ജൂറിയും ഇക്കാര്യം പറയുന്നില്ല. പൂര്‍ണമായ സിനിമയാണ് തങ്ങള്‍ കണ്ടതെന്നാണ് ജൂറി അംഗങ്ങള്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, അക്കാര്യം പറഞ്ഞാണ് എന്റെ സിനിമ തള്ളിയത്.
ഈ വാദം നിലനില്‍ക്കില്ല എന്നു മനസ്സിലായപ്പോള്‍ സബ് ടൈറ്റില്‍ ഇല്ല എന്നൊക്കെ പറയാന്‍ തുടങ്ങി. ശരിയാണ്, സബ്ടൈറ്റില്‍ ചെയ്തിരുന്നില്ല. പക്ഷേ, അത് നിര്‍ബന്ധമായിരുന്നില്ല എന്ന് സെലക്ഷന്‍ കമ്മിറ്റി തന്നെ വ്യക്തമാക്കിയതാണ്. മാത്രമല്ല, രണ്ട് ചിത്രങ്ങള്‍ ഒഴിച്ചാല്‍ പരിഗണിക്കപ്പെട്ട മറ്റ് ചിത്രങ്ങള്‍ക്കൊന്നും സബ് ടൈറ്റില്‍ ഇല്ലായിരുന്നു. സത്യവാങ്മൂലത്തിന്റെ കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചതാണ്. എല്ലാ ആരോപണങ്ങളും പാളി എന്നു ബോധ്യമായതിനാലാണ് ഹൈക്കോടതിയില്‍ അവര്‍ സബ്ടൈറ്റില്‍ സത്യവാങ് മൂല കാര്യങ്ങള്‍^തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ – വലിച്ചിഴച്ചത്.

ഗണേഷ് കുമാര്‍

ആരും നിങ്ങളുടെ വേര്‍ഷന്‍ കേട്ടില്ലേ?

മനോരമ ചാനല്‍ മാത്രമായിരുന്നു ഇതു പോലെ ആക്രമണം അഴിച്ചു വിട്ടത്. തങ്ങള്‍ എക്സ്ക്ലൂസീവ് എന്നു പറഞ്ഞ് ഇറക്കിയ സ്റ്റോറിക്ക് ഇംപാക്റ്റ് ഉണ്ടായി എന്നു വരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ചാനലുകള്‍ തമ്മിലുള്ള മല്‍സരത്തിന്റെ ഫലമായിരുന്നു ഇത്. എന്നാല്‍, മിക്ക ചാനലുകളും മനോരമ ഒഴിച്ചുള്ള പത്രങ്ങളും എന്റെ വേര്‍ഷന്‍ കേള്‍ക്കുകയും സത്യാവസ്ഥ മനസ്സിലാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മനോരമ ചാനല്‍ ഇന്നു വരെ എന്നോട് ഒരു കാര്യവും അന്വേഷിച്ചിട്ടില്ല. ഏത് ക്രിമിനലാണെങ്കിലും അവരുടെ ഭാഷ്യം കൊടുക്കണമെന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന വസ്തുത എന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടേയില്ല. അക്കാദമിയിലെ ഏതോ ചിലര്‍ പ്രചരിപ്പിച്ച തെറ്റായ കാര്യം വലിയ കണ്ടെത്തലായി അവതരിപ്പിച്ച്, ചിത്രാഞ്ജലിയില്‍ ഞാന്‍ ഷൂട്ടിങ് നടത്തി എന്ന് വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ ഞാനവരെ അങ്ങോട്ട് വിളിച്ചിരുന്നു.
വിവേക് എന്നൊരാളായിരുന്നു വാര്‍ത്ത ചെയ്തത്. അയാളെ വിളിച്ച് ഞാന്‍ സത്യാവസ്ഥ മുഴുവന്‍ പറഞ്ഞു. ഇതു മുഴുവന്‍ കേട്ട് അയാള്‍ ഫോണ്‍ വെച്ചെങ്കിലും പിറ്റേ ദിവസം ചാനല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. ആര്‍ക്കോ വേണ്ടി വാര്‍ത്ത കെട്ടിച്ചമച്ച ചാനല്‍ തങ്ങള്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാനായിരുന്നു പിന്നീടുള്ള അഭ്യാസങ്ങള്‍ നടത്തിയത്. മന്ത്രിയെ കണ്ടും ഇടപെടുവിച്ചും സ്വന്തമായി വാര്‍ത്ത ചമച്ച അവര്‍ പിന്നീട് ഈ സിനിമയെ ഫെസ്റ്റിവലില്‍നിന്ന് പുറത്താക്കി ആഘോഷിച്ചു.
ഗോവിന്ദച്ചാമിയൊക്കെ പ്രത്യക്ഷപ്പെട്ട കുറ്റപത്രം എന്ന അരമണിക്കൂര്‍ പരിപാടിയില്‍ ഒരു ദിവസം ഞാനായിരുന്നു . എന്തോ വലിയ ക്രിമിനലിനെ എന്നപോലൊണ് അവര്‍ എന്നെ അവതരിപ്പിച്ചത്. എന്റെ വിശ്വാസ്യത തകര്‍ക്കാനും സിനിമയുടെ സാധ്യതകള്‍ ഇല്ലാതാക്കാനും ആസൂത്രിതവും വൈരാഗ്യത്തോടു കൂടിയതുമായ സമീപനമാണ് ചാനല്‍ സ്വീകരിച്ചത്.

മറ്റെന്തെങ്കിലും കാരണങ്ങള്‍ ഇതിനു പിറകിലുണ്ടോ? വ്യക്തിപരമായ വൈരാഗ്യം?

എനിക്കറിയില്ല. എന്തെങ്കിലും കാരണം ഉണ്ടോ എന്ന്. കണ്ണൂരുകാരനായ ഏതോ സിപി.എമ്മുകാരനാണ് ഞാനെന്നും ജയിലിലൊക്കെ കിടന്നിട്ടുണ്ടെന്നുമൊക്കെ ആരൊക്കെയോ ചാനലുകാരെ ധരിപ്പിച്ചുവെന്ന് ചിലര്‍ എന്നോട് പറഞ്ഞിരുന്നു. ശരിയാണോ എന്നറിയില്ല. ഞാന്‍ അങ്ങനെയുള്ള ഒരാളേയല്ല എന്ന് നാട്ടിലെ മനോരമക്കാരെ വിളിച്ചു ചോദിച്ചാല്‍ അറിയാവുന്നതാണ്. അതവര്‍ ചെയ്തില്ലെന്നു വേണം കരുതാന്‍.
അത്തരം അബദ്ധ ധാരണകളാണാവാം എന്നെ വേട്ടയാടാനുള്ള നിമിത്തമായത് എന്നാണ് സംശയം. അതല്ലാതെ മറ്റു കാരണമൊന്നും എനിക്ക് ബോധ്യമാവുന്നില്ല.

മന്ത്രിയോ?
മാധ്യമങ്ങളുടെ മുന്നില്‍ ആളാവുക, കാര്യശേഷിയുള്ള ആളെന്ന് കാണിക്കുക ഇതാക്കെയായിരിക്കാം മന്ത്രിയുടെ ഇടപെടലിനു പിന്നില്‍. ജൂറി കണ്ട് തെരഞ്ഞെടുത്ത ശേഷം ബാഹ്യ ശക്തികളുടെ പ്രേരണ മൂലം മന്ത്രി ഇടപെടുക എന്നത് ചരിത്രത്തിലാദ്യമാണ്. മന്ത്രി സ്വന്തം വീട്ടിലേക്ക് സിനിമ വിളിച്ചു വരുത്തി മാധ്യമങ്ങള്‍ക്കു മുന്നില്‍ പെര്‍ഫോമന്‍സ് നടത്തുന്നതും ആദ്യമാണ്. സിനിമ കണ്ടപ്പോള്‍ പരിശോധനയില്‍ തനിക്ക് ബോധ്യമായ കുറേ കുറ്റങ്ങളെന്നായിരുന്നു പറച്ചില്‍. എന്നാല്‍, പിന്നീട് അക്കാദമി പറഞ്ഞതൊന്നും ഈ കാരണങ്ങള്‍ ആയിരുന്നില്ല.

മന്ത്രി ഒരു ഡി.വി.ഡി കാണിച്ചിരുന്നല്ലോ? നിങ്ങള്‍ അക്കാദമിക്ക് സമര്‍പ്പിച്ചതു തന്നെയാണോ അത്?
അല്ല. ഞാന്‍ സമര്‍പ്പിച്ച ഡി.വി.ഡി പൂര്‍ണമായിരുന്നു. മന്ത്രി പറയുന്നത് അത് അങ്ങനെയല്ല എന്നാണല്ലോ. ജൂറി അംഗങ്ങള്‍ കണ്ടത് അപൂര്‍ണമായ ഡി.വി.ഡി ആണെന്നാണ് മന്ത്രി ആരോപിച്ചത്. അത് തെറ്റെന്ന് സെലക്ഷന്‍ കമ്മിറ്റി തന്നെ വ്യക്തമാക്കിയതാണ്.

അപ്പോള്‍ മന്ത്രി കാണിച്ച ഡി.വി.ഡി ഏതാണ്?

അറിയില്ല. എവിടെ നിന്നാണ് മന്ത്രിക്ക് ആ ഡി.വി.ഡി കിട്ടിയതെന്ന് വ്യക്തമാക്കേണ്ടത് മന്ത്രിയാണ്. അത് മന്ത്രി വ്യക്തമാക്കണം. എന്നാല്‍, ഇപ്പോള്‍ അതിനെ കുറിച്ച് മന്ത്രി ഒരക്ഷരം പറയുന്നില്ല.
സ്പോട്ട് എഡിറ്റ് ചെയ്ത ശേഷമുള്ള ഡി.വി.ഡി ബീനാ പോളിന് നല്‍കിയിരുന്നു. താന്‍ എഡിറ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അത് ബീനയുടെ കൈയില്‍ തന്നെ ഉണ്ടായിരുന്നു. ഇതാണോ മന്ത്രി ഉപയോഗിച്ചതെന്ന് എനിക്കറിയില്ല. അത് ആണെങ്കില്‍ പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ല. മന്ത്രി അത് കണ്ടില്ലെന്നും കേള്‍ക്കുന്നുണ്ട്. അത് രസകരമായ കഥയാണ്.

എന്ത് കഥ?
ഡി.വി.ഡി കിട്ടിയപ്പോള്‍ മന്ത്രി അത് പരിശോധിക്കാന്‍ വിശ്വസ്ഥ വൃത്തത്തില്‍പെട്ട ഒരു സീരിയലുകാരനെ ഏല്‍പ്പിച്ചത്രെ. സിനിമയില്‍ സൌണ്ട് ട്രാക്ക് എന്ന ഒന്നില്ല എന്നായിരുന്നത്രെ മൂപ്പരുടെ റിപ്പോര്‍ട്ട്. അതിലാണ് തമാശ.
ഈ സിനിമ ഒരു ബധിര ബാലന്റെ കഥയാണ്. അവന് ഇയര്‍ ഫോണില്ലാതെ കേള്‍ക്കാനാവില്ല.ഈ അവസ്ഥ കാട്ടുന്നതിനായി സിനിമയുടെ തുടക്കത്തില്‍ ഏതാണ്ട് 15 മിനിറ്റോളം ശബ്ദം ഉപയോഗിച്ചിട്ടില്ല. പിന്നീട് അവന്‍ ഇയര്‍ഫോണ്‍ വെക്കുന്ന ദൃശ്യം വരുമ്പോള്‍ മാത്രമാണ് സൌണ്ട് ട്രാക്കില്‍ ശബ്ദം വരുന്നത്. ഇത് സിനിമയുടെ ക്രാഫ്റ്റാണ്.
നമ്മുടെ സീരിയലുകാരന്‍ ഇത് കണ്ടു തുടങ്ങി. ആദ്യ അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ശബ്ദം വരുന്നില്ല. ഒട്ടും താമസിക്കാതെ അങ്ങേര്‍ വിധിയെഴുതി. ഇത് അപൂര്‍ണം. സൌണ്ട് ട്രാക്കില്ല. പത്ത് മിനിറ്റു കൂടി കഴിഞ്ഞ് നായക കഥാപാത്രം ഇയര്‍ ഫോണ്‍ വെക്കുമ്പോള്‍ ശബ്്ദം വരുമെന്ന കാര്യം അങ്ങേര്‍ക്കറിയില്ലല്ലോ. അയാളുടെ റിപ്പോര്‍ട്ട് കേട്ടാണ് മന്ത്രി സിനിമ അപൂര്‍ണമെന്ന് വിധി പറഞ്ഞതും സിനിമ ഒഴിവാക്കുമെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതുമെന്നാണ് അറിയുന്നത്.
ഇത്തരമൊരു തമാശ എന്നാല്‍, മാധ്യമങ്ങള്‍ക്കൊന്നും മനസ്സിലായില്ല. ജൂറിക്ക് മനസ്സിലായി. അതു കൊണ്ടാണ് സിനിമ ഒഴിവാക്കിയതിനെതിരെ അവര്‍ രംഗത്തു വന്നത്. ചിത്രം പൂര്‍ണമാണെന്ന് ജൂറി സംശയമില്ലാത്ത വിധം വ്യക്തമാക്കിയതും. എന്നാല്‍, സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ മന്ത്രിക്ക് ഇതല്ലാതെ മാര്‍ഗമില്ലായിരുന്നു.

പ്രിയദര്‍ശന്‍

പ്രിയദര്‍ശനോ? അദ്ദേഹവും സിനിമ കണ്ടില്ലേ?

അറിയില്ല. പ്രിയദര്‍ശനൊക്കെ ഈ നിലപാട് എടുക്കുന്നത് മന്ത്രിയുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് അറിയുന്നത്. ചാനലില്‍ ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മന്ത്രിക്ക് തീരെ പിടിക്കാത്തതിനാല്‍ അദ്ദേഹം അക്കാദമിക്കുമേല്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നതെന്നാണ് അറിയുന്നത്. ഈ സിനിമ മേളയില്‍ വന്നാല്‍, പിന്നെ അക്കാദമി തന്നെ വേണ്ടെന്നു വെക്കും എന്ന മട്ടിലൊക്കെയാണത്രെ മന്ത്രിയുടെ പരാമര്‍ശങ്ങള്‍. അതിനാല്‍, എന്റെ സിനിമ ഒഴിവാക്കാനുള്ള കാരണം കണ്ടു പിടിക്കല്‍ മാത്രമായിരുന്നു പ്രിയദര്‍ശന്‍ അടക്കമുള്ളവരുടെ ജോലി. അതവര്‍ നന്നായി ചെയ്തു എന്നേയുള്ളൂ.

ബീനാ പോള്‍ ഇതില്‍ ഇടപെട്ടില്ലേ?

അവരും നിസ്സഹായയാണ്. കസേര തെറിപ്പിക്കുമെന്ന ഭീഷണിയാണത്രെ. വെറുമൊരു ആരോപണമാണ് മന്ത്രിയുടെ ഈഗോയായും പിന്നീട് ശത്രുതയായും മാറിയത്. ഒരു കാരണവശാലും എന്റെ സിനിമ കാണിക്കരുതെന്നാണ് മന്ത്രിയുടെ ശാസനം. ഇതിന്റെ ഭാഗമായാണ് ബീന പോള്‍ എന്നെ തള്ളിപ്പറഞ്ഞത്. അവര്‍ ഒരു ദിവസം വിളിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിലാണ് താനെന്നും നിങ്ങള്‍ക്കെതിരെ കേസു നല്‍കണ്ടിേ വരുമെന്നുമൊക്കെ അവര്‍ പറഞ്ഞു. നിങ്ങള്‍ കേസു നല്‍കിക്കോളൂ എന്ന് ഞാന്‍ മറുപടി നല്‍കി. ഫോണ്‍ വെച്ച് കുറച്ചു കഴിഞ്ഞ് വീണ്ടും അവര്‍ വിളിച്ചു. ഞാന്‍ കേസ് നല്‍കുന്നില്ലെന്ന് പറഞ്ഞു.

കോടതി എന്ത് കാര്യമാണ് പരിഗണിച്ചത്?

പടം അപൂര്‍ണമാണെന്ന് പറഞ്ഞല്ല കോടതി തള്ളിയത്. അക്കാദമി കോടതിയില്‍ രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഇല്ല, സത്യവാങ്മൂലത്തില്‍ പിഴവുണ്ടായി. ഇതില്‍ എന്റെ ന്യായം വ്യക്തമായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ പ്രസ്താവനയടക്കം തെളിവായിരുന്നു. എന്നാല്‍, വിധി മറിച്ചായിരുന്നു.

എങ്ങനെയാണ് ഈ പീഡനകാലം അഭിമുഖീകരിച്ചത്?

കള്ളന്‍ എന്നു പറഞ്ഞായിരുന്നു എന്നെ വേട്ടയാടിയത്. സിനിമയുടെ പേരില്‍ കള്ളത്തരം കാണിച്ചു എന്ന ആരോപണം. ഓരോന്നും പൊളിയുമ്പോഴും പുതിയ പുതിയ ആരോപണങ്ങളുമായി അവര്‍ വന്നു. ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍.
പുറത്തു പറഞ്ഞില്ല എന്നേയുള്ളൂ, ഈ സിനിമ എടുക്കാന്‍ എനിക്കുണ്ടായ സാമ്പത്തിക ബാധ്യതകള്‍ വലുതാണ്. സ്റ്റില്‍ ക്യാമറയുടെ എച്ച്.ഡി വീഡിയോ സൌകര്യം ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍. 12 ലക്ഷം രൂപക്ക് ചിത്രീകരണം പൂര്‍ത്തിയായി. എന്നാല്‍, ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചെയ്ത ചിത്രം ഫിലിമിലേക്ക് മാറ്റുന്നതിന ഏതാണ്ട് പത്തു ലക്ഷത്തോളം രൂപ ആവശ്യമായി വന്നു. സ്ഥലം വിറ്റാണ് ഈ സിനിമ ഞാന്‍ പൂര്‍ത്തീകരിച്ചത്. ഫെസ്റ്റിവലില്‍ ഇത് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്നാല്‍ സമാധാനമായിരുന്നു. പക്ഷേ, ഒരു തെറ്റും ചെയ്യാതെ എന്നെ നിരന്തരം വേട്ടയാടുകയും സിനിമ ഒഴിവാക്കുകയും ചെയ്തതോടെ തളര്‍ന്നു.
പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയായിരുന്നു. അക്ഷരാര്‍ഥത്തില്‍ അവരെന്നെ വേട്ടയാടി. ഓരോരുത്തരുടെയും പ്രസ്റ്റീജ് സംരക്ഷിക്കുന്നതിന് വേണ്ടി എന്നെയും എന്റെ സിനിമയെയും കരിവാരിത്തേക്കുകയും വേട്ടയാടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാതലായ പ്രശ്നങ്ങളോ ജൂറിയുടെ ഭിന്നാഭിപ്രായ
മോ പരിഗണിക്കാതെ കൊടും കുറ്റവാളി ആണെന്ന മട്ടിലായിരുന്നു പ്രചാരണം.
മലയാളത്തിലെ ഒതു ഫിലിം മേക്കറും ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടുണ്ടാവില്ല.
മോളുടെ കാര്യം ഓര്‍ത്തായിരുന്നു എന്റെ സങ്കടമെല്ലാം.അവളുടെ അച്ഛന്‍ ഒറ്റ ദിനം കൊണ്ട് കള്ളനെ പോലെ മുദ്രകുത്തപ്പെടുകയാണ്. കള്ളന്റെ മോള്‍ എന്ന വിളി അവള്‍ കേള്‍ക്കേണ്ടി വരുമല്ലോ എന്നായിരുന്നു ആശങ്ക.

തിരുവനന്തപുരത്ത് നടന്ന പ്രിവ്യൂവില്‍ നല്ല അഭിപ്രായമായിരുന്നല്ലേ. ഇപ്പോള്‍ എന്തു തോന്നുന്നു?

ഇന്നലെ സിനിമ തിരുവനന്തപുരത്ത് പ്രദര്‍ശിച്ചപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. സിനിമ കണ്ട നിരവധി പ്രമുഖര്‍ ഇക്കാര്യത്തില്‍ പോസിറ്റീവായി ഇടപെട്ടു.
അക്കാദമിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മരിക്കുംവരെ നിരാഹാരം കിടക്കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍, ചലച്ചിത്രം, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്നും ഫെസ്റ്റിവല്‍ തുടങ്ങിമ്പോള്‍ വലിയൊരു പ്രക്ഷോഭമായി മാറ്റാമെന്നും പറഞ്ഞു.
കള്ളനല്ല ഞാനെന്നും സ്വാധീനം ഉപയോഗിച്ച് മാത്രം സിനിമ രക്ഷപ്പെടുത്തേണ്ട അവസ്ഥ എനിക്കില്ലെന്നും കുറേ മനുഷ്യര്‍ തിരിച്ചറിഞ്ഞു എന്നത് ഉണ്ടാക്കുന്ന സമാധാനം ചെറുതല്ല.

MORE  STORIES

MORE STORIES

ചലച്ചിത്രമേളകളെക്കൊണ്ട് എന്ത് പ്രയോജനം?

ഡെലിഗേറ്റുകളെ ഭയക്കുന്നതാര്?

ലൈഫ് ടൈം അച്ചീവ്മെന്റിന് ആളെ ആവശ്യമുണ്ട്

ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ പറയുന്നു: എന്നെ അവര്‍ വേട്ടയാടി

ആദിമധ്യാന്തം: ഒരു സിനിമാ കൊലപാതകത്തിന്റെ കഥ

അക്കാദമി വിജയം ആട്ടക്കഥ

13 thoughts on “ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ പറയുന്നു: എന്നെ അവര്‍ വേട്ടയാടി

 1. ഷെറിയോട്,
  ഈ സിനിമ നല്ലതാണെന്ന വിശ്വാസമുണ്ടെനിൽ ഇതുപോലുള്ള ഊത്ത ഫെസ്റ്റിവലുകളിൽ സബ്മിറ്റ് ചെയ്യാൻ നിൽക്കാതെ വൃത്തിയായി സബ്ടൈറ്റിൽ ചെയ്ത് ഏതെങ്കിലും നല്ല വിദേശഫെസ്റ്റിവലിൽ സബ്മിറ്റ് ചെയ്യരുതോ?

 2. അഹങ്കാരിയും, താന്തോന്നിയും,സംസകാരശൂന്യനുമായ ഒരു മന്ത്രി കൂടെ വാലാട്ടാന്‍ ഒറ്റക്കണനും, അന്ധനും, ബധിരനും, മൂകനുമായ കുറെ ചെന്നായ്ക്കളും.

 3. എന്നെപ്പോലെ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഈ കാര്യത്തില്‍ എന്ത്‌ ചെയ്യാനാവുമെന്ന് അറിയില്ല. ഒന്ന് മാത്രം പറയാം. ഈഗോ ഇല്ലാത്ത, ദുരുദ്ദേശങ്ങളൊന്നും ഇല്ലാത്ത കുറേ പേര്‍ താങ്കളുടെ കൂടെയുണ്ട്‌.

 4. എത്ര ഭീകരം! കേരളം ഒരു കാഫ്‌ക കണ്ട്രിയാണ്‌ എന്നതിന്റെ തെളിവിലേക്കായി ഇതും. വേറിട്ട സിനിമാ അന്വേഷണങ്ങളുടെ ഒരു platform ആകാൻ കഴിയാത്ത ഫിലിം ഫെസ്റ്റിവൽ ആര്ർക്കുവേണ്ടിയാണ്‌? കേരളത്തിലെ സങ്കുചിത രാഷ്ട്രീയതകൾക്കും അജണ്ടകൾക്കും പുറത്ത്‌ ചെറുപ്പക്കാരായ സിനിമാക്കാരും ആസ്വാദകരും എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

 5. ഷെറിയോട് ഒരു വാക്ക്…ഈ പഹയന്മാരുടെ ഇടയില്‍ പടം പിടിച്ജത് തന്നെ അബദ്ധം…പോരെങ്കില്‍ തിന്നുന്ന ഒരു മന്ത്രിയും..കഴിവുള്ളവരെ കൂവി ഇരുത്തുന്ന ഊളകള്‍ ആണ് രംഗത്ത് നിറയെ…അപ്പോള്‍ കൊള്ളാവുന്ന വേറെ വഴി നോക്കൂ..

 6. സന്തോഷ്‌ പണ്ടിട്ടിനു വേണ്ടി ചിലവാക്കിയ ഊര്‍ജതില്‍ കുറച്ചെങ്കിലും ഈ ചലച്ചിത്രകാരന് വേണ്ടി നമ്മള്‍ ചിലവാകെണ്ടാതാണ് … രാഷ്ട്രീയം മൂത്ത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഇവരെയൊക്കെ കഴുതകള്‍ എന്ന് വിളിച്ചാല്‍ കഴുതകള്‍ നമ്മളെ വഴി നടക്കാന്‍ സമ്മതിക്കില്ല

 7. നിങ്ങള്‍ ഈ ചിത്രം റിലീസ് ചെയ്യൂ, അല്ലെങ്കില്‍ യൂട്യൂബ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കൂ ഞങ്ങള്‍ കാണാന്‍ തയ്യാറാണ്. മനോരമക്ക് മുന്നില്‍ പരാജയപ്പെടരുത്

 8. കേരളത്തില്‍ നടന്നു വന്ന വിവിധ ചലച്ചിത്ര മേളകളുടെയും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളുടെയും സൃഷ്ടി ആണ് ഷെറി. ആ സൃഷ്ടിയെ തന്നെ നാം കൊന്നു കൊലവിളിക്കുന്നു.

 9. ചലച്ചിത്ര മേളയില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മന്ത്രിക്കെന്താണ് പണി ?

 10. ഇതൊക്കെ കേള്‍കുമ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ ….’നെക്സല്‍’ ആവാന്‍ തോനുന്നു ….നാറികള്‍ …!!!അതിനെങ്ങനെ .!!.കട്ടുതിന്നലെ ശീലമുള്ളൂ ..അപ്പൊ ഉണ്ടാക്കിതിന്നുന്നവരെ കാണുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകും ….സ്വാഭാവികം !!!!

 11. Dear sherry.
  Arudeyum anuvaadam illaathe film irakkaam. ipo panditinte pole oraal cheythille.? thaankalum cheyyu.. kaanandavar kandaal mathi. send it to film fairs. dont worry about what people say. believe in urself. and dont wait for anybody’s certificate.
  be bold . you can achieve. !!!!!
  dONT wait for sympathy too…….!!

 12. sherikk aa chithram melayil ulppeduthunnathinekkaal kootuthal coverage rejectcheithappol kitti. urvasi saapam upakaaramaayi ennu parayoo. contactinte video festil njaanum sheriyum onnichndaayirunnu

Leave a Reply

Your email address will not be published. Required fields are marked *