ആദിമധ്യാന്തം: ഒരു സിനിമാ കൊലപാതകത്തിന്റെ കഥ

ആസൂത്രിതമായ വേട്ടയിലൂടെ മേളയില്‍നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട ആദിമധ്യാന്തം എന്ന സിനിമക്കു മേലുള്ള കുറ്റാരോപണങ്ങള്‍ ഒരു പാടാണ്. ശേഷിയില്ലാതെ, സ്വാധീനം ചെലുത്തി മേളയില്‍ കടന്നു എന്നതു മുതല്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അസമയത്ത് കണ്ടു എന്നതടക്കം അനാശാസ്യ കുറ്റങ്ങള്‍ അനവധി. നിരവധി ചാനല്‍ അപസര്‍പ്പക വീരന്‍മാര്‍ കൈയ്മെയ് മറന്ന് നടത്തിയ പരാക്രമങ്ങളുടെ ഫലമായി ഒറ്റയടിക്ക് ചലച്ചിത്രമേളയില്‍നിന്ന് പുറത്താക്കപ്പെട്ട ആ സിനിമയെക്കുറിച്ചും അതിനുവന്നുപെട്ട ദുരന്തത്തെക്കുറിച്ചുമുള്ള അന്വേഷണം-സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 

 

ലോക സിനിമാ ചക്രവാളത്തില്‍ മലയാള സിനിമക്ക് ഇടം തേടാനുള്ള പ്രയാണത്തില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ശിരസ്സില്‍ ഒരു പൊന്‍ തൂവല്‍ കൂടി. 16 വര്‍ഷമായി തുടരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ ഒരു മലയാള സിനിമയെ പോലും ഉള്‍പ്പെടുത്താതെയാണ് ഇക്കുറി അക്കാദമി വന്‍ മുന്നേറ്റം നടത്തിയത്. സിനിമക്കായി പ്രത്യേക മന്ത്രിയെ അണിയിച്ചൊരുക്കി ഇറക്കിയ അതേ വര്‍ഷത്തില്‍ തന്നെയാണ് ഇത് എന്നത് ശുഭപ്രതീക്ഷകളാണ് തരുന്നത്. 83 ചിത്രം സംവിധാനം ചെയ്തതിന്റെ വീരസ്യം പറയുന്ന അക്കാദമി ചെയര്‍മാനും അഭിമാനിക്കാനുള്ള അവസരമാണിത്.

വെറുതെ ഇല്ലാതാവുകയായായിരുന്നില്ല മേളയിലെമലയാള സിനിമകള്‍. പതിവു പോലെ പ്രഗത്ഭര്‍ അടങ്ങുന്ന ഒരു സമിതിയെ മേളയിലേക്കുള്ള മലയാള സിനിമ തെരഞ്ഞെടുക്കാന്‍ നിയോഗിച്ചിരുന്നു. അവരുടെ മുന്നില്‍ 29 സിനിമകള്‍ വന്നു. അതില്‍നിന്ന് ഒമ്പത് സിനിമകള്‍ കമ്മിറ്റി തെരഞ്ഞെടുത്തു. ദേശീയ പുരസ്കാരം നേടിയ ആദാമിന്റെ മകന്‍ അബു, ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെറിയുടെ ആദ്യ മുഴുനീള ഫീച്ചര്‍ ഫിലിം ആദിമധ്യാന്തം എന്നീ രണ്ട് സിനിമകളാണ് കമ്മിറ്റി മല്‍സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ആദ്യം തന്നെ, ആദിമധ്യാന്തത്തിന്റെ കഥ കഴിച്ചു. ഓരോ ദിവസവും ഓരോന്ന് എന്ന മട്ടില്‍ പൊന്തി വന്ന അടിസ്ഥാന രഹിതമായ അനവധി ആരോപണങ്ങള്‍ ആയുധമാക്കിയാണ് ഈ അരുംകൊല ഭംഗിയായി നിര്‍വഹിച്ചത്. മലയാളത്തിന്റെ പ്രമുഖ ചാനലും സാക്ഷാല്‍ സിനിമാ മന്ത്രിയും അക്കാദമി ചെയര്‍മാനും അക്കാദമിയിലെ നിലയവിദ്വാന്‍മാരുമെല്ലാം ചേര്‍ന്ന ക്വട്ടേഷന്‍ സംഘമാണ് മലയാളത്തിന്റെ അഭിമാനം കാക്കുന്നതിന് ഈ കൊല ഭംഗിയായി നിര്‍വഹിച്ചത്.

രണ്ടാമത്തെ കൊല ഇത്തിരി വൈകിയായിരുന്നു. ആദ്യ സിനിമയെ കുരുക്കിലാക്കിയ സാങ്കേതികതകള്‍ തന്നെയാണ് രണ്ടാം സിനിമക്കും കൊലക്കയറാക്കിയത്. ആരുമല്ലാത്ത ഒരുത്തന്‍ എടുത്ത, ആരുമല്ലാത്ത ഒരു ‘കോമാളി’ നായകനായ സിനിമക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ തന്നെ ചുളിഞ്ഞ പുരികം ഗോവയില്‍നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലും ആ ചിത്രം പുരസ്കാരം നേടിയതോടെ ഏതാണ്ട് ഇല്ലാതായ അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് സാങ്കേതിക കാര്യങ്ങള്‍ നിരത്തി അക്കാദമി ഈ ചിത്രത്തിന്റെ കഴുത്തറുത്തത്. ബഹുമാനപ്പെട്ട ചെയര്‍മാന്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ഇക്കാര്യം പ്രഖ്യാപിച്ചത്. തന്റെ സിനിമക്ക് നേരത്തെ ഇതേ അനുഭവമുണ്ടായ പശ്ചാത്തലത്തില്‍ മറ്റൊരുത്തനും ആളാവണ്ട എന്ന നിലക്കായിരുന്നു ചെയര്‍മാന്റെ പ്രഖ്യാപനം.

ആദാമിന്റെ മകന്‍ അബുവിനാണെങ്കില്‍, അംഗീകാരങ്ങളുടെ പൊന്‍ തിളക്കം കൊണ്ട് ഈ അരുംകൊല മറക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ആദിമധ്യാന്തം എന്ന പാവം സിനിമക്കോ? ആസൂത്രിത വേട്ടയിലൂടെ മേളയില്‍നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട ആ സിനിമക്കു മേലുള്ള കുറ്റാരോപണങ്ങള്‍ ഒരു പാടാണ്. സ്വാധീനം ചെലുത്തി മേളയില്‍ കടന്നു എന്നതു മുതല്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അസമയത്ത് കണ്ടു എന്നതടക്കം അനാശാസ്യ കുറ്റങ്ങള്‍ അനവധി. നിരവധി ചാനല്‍ അപസര്‍പ്പക വീരന്‍മാര്‍ കൈയ്മെയ് മറന്ന് നടത്തിയ പരാക്രമങ്ങളുടെ ഫലമായി ഒറ്റയടിക്ക് കൊല്ലപ്പെട്ട ആ സിനിമയെക്കുറിച്ചും അതിനുവന്നുപെട്ട ദുരന്തത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ ജനത എന്ന നിലക്ക് നമ്മളെ കുറിച്ചും നാമുണ്ടാക്കുന്ന സിനിമകളെ കുറിച്ചും നമ്മുടെ ഫെസ്റ്റിവല്‍ അരങ്ങുകളെക്കുറിച്ചും അസാധാരണ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ സഹായകമാവാനിടയുണ്ട്.

ആദിമധ്യാന്തത്തിലെ രംഗം

ആദിമധ്യാന്തം
ദേശീയ, സംസ്ഥാന തലങ്ങളില്‍ പുരസ്കാരങ്ങള്‍ നേടിയ വിവിധ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയ ഷെറിയുടെ ആദ്യ മുഴുസമയ ഫീച്ചര്‍ ഫിലിമാണ് ആദിമധ്യാന്തം.
ബധിരനായ ഒരു ബാലന്റെ ജീവിതത്തില്‍ യാഥാര്‍ഥ്യവും സങ്കല്‍പ്പങ്ങളും നടത്തുന്ന പെരുങ്കളിയാട്ടമാണ് സിനിമയുടെ പ്രമേയം. പ്രമുഖ നാടക പ്രവര്‍ത്തകയും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയരക്ടറുമായ സജിത മഠത്തിലാണ് മുഖ്യ റോളില്‍. ജലീല്‍ ബാദുഷയാണ് ക്യാമറ. സജി റാം സംഗീതം. പി. റഷീദ് നിര്‍മാതാവ്. സെപ്തംബര്‍ അവസാനമാണ് ചിത്രം പൂര്‍ത്തിയാക്കി ഷെറി ഫെസ്റ്റിവലിലെ മല്‍സര വിഭാഗത്തിനു സമര്‍പ്പിക്കുന്നത്്. കെ. കുഞ്ഞികൃഷ്ണന്‍, ഷാജിയെം, ഡൊമിനിക് ജെ. കോട്ടൂര്‍, രേണു രാമനാഥന്‍ എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെയാണ് ഇതടക്കം 29 ചിത്രങ്ങള്‍ എത്തിയത്. ഇതില്‍നിന്ന് ഒമ്പത് ചിത്രങ്ങളാണ് കമ്മിറ്റി തെരഞ്ഞെടുത്തത്. ആധിമധ്യാന്തം, ആദാമിന്റെ മകന്‍ അബു എന്നിവയെ മല്‍സര വിഭാഗത്തിലേക്കും മറ്റുള്ളവയെ ‘മലയാള സിനിമ ഇന്ന് ‘വിഭാഗത്തിലേക്കും.
കൊട്ടിഘോഷിക്കപ്പെട്ട ചില ചിത്രങ്ങള്‍ ഒഴിവാക്കിയായിരുന്നു ഈ സിനിമകള്‍ തെരഞ്ഞെടുത്തത്. ഉദാത്ത സൃഷ്ടികള്‍ എന്നതിനേക്കാള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന പരിഗണനയിലായിരുന്നു തെരഞ്ഞെടുപ്പെന്നും പൊതുവെ മലയാള സിനിമ കൂടുതല്‍ മോശമാവുകയാണെന്നുമായിരുന്നു സമിതിയുടെ വിലയിരുത്തല്‍. പരീക്ഷണ ചിത്രം എന്ന നിലയിലായിരുന്നു ആദിമധ്യാന്തത്തെ തെരഞ്ഞെടുത്തതെന്ന് സമിതി അക്കാദമിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികമായി ചില്ലറ അമച്വര്‍ സ്വഭാവങ്ങളുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായ ധീരമായ പരീക്ഷണ ചിത്രം എന്ന നിലയില്‍ ഈ ചിത്രം ഉള്‍പ്പെടുത്തണമെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍. ഒക്ടോബര്‍ 11നായിരുന്നു ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

ചാനല്‍ ഇടപെടല്‍
അന്നൊന്നും ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഒരു മാസം കഴിഞ്ഞപ്പോള്‍ ചിത്രത്തെക്കുറിച്ച് പ്രമുഖ ചാനലില്‍ വാര്‍ത്ത വന്നു. അതിനു തൊട്ടുമുമ്പ്, തിരുവനന്തപുരത്ത ചില മാധ്യപ്രവര്‍ത്തകര്‍ക്ക് ഈ സിനിമക്കെതിരെ പരാമര്‍ശങ്ങളുള്ള എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഫെസ്റ്റിവല്‍ ഡയരക്ടര്‍ ബീനാപോള്‍ എഡിറ്ററും ഡെപ്യൂട്ടി ഡയരക്ടര്‍ സജിത മഠത്തില്‍ മുഖ്യകഥാപാത്രവുമാവുന്ന സിനിമ മേളയില്‍ എത്തിയത് അവിഹിത സ്വാധീനം ഉപയോഗിച്ചാണ് എന്നായിരുന്നു ചാനല്‍ വാര്‍ത്ത. തൊട്ടു പിന്നാലെ,അപൂര്‍ണമായാണ് സിനിമ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കപ്പെട്ടതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞും ചിത്രത്തിന്റെ ഷൂട്ടിങ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്നെന്നും വാര്‍ത്ത വന്നു. പിന്നാലെ, ചിത്രഞ്ജലിയുടെ ലോഗ് ബുക്ക് തെളിവാക്കി കൂടുതല്‍ രൂക്ഷമായ വാര്‍ത്ത ഇറങ്ങി. അക്കാദമിയില്‍ സമര്‍പ്പിച്ച ശേഷവും ചത്രത്തിന്റെ പണി നടന്നുവെന്നതിന്റെ തെളിവായാണ് ഇത് ഉപയോഗിക്കപ്പെട്ടത്. മറ്റ് മാധ്യമങ്ങള്‍ സംഭവം അന്വേഷിക്കുന്നതിനിടെ ചാനല്‍ അടുത്ത ഇടപെടല്‍ നടത്തി. സിനിമാ മന്ത്രി ഗണേഷ്കുമാറിനെ വിവരമറിയിക്കല്‍. കേട്ടപാതി കേള്‍ക്കാത്ത പാതി സംഭവം അന്വേഷിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പിറ്റേന്ന് ചാനല്‍ വീണ്ടും മന്ത്രിയെ കണ്ടു. സിനിമയുടെ ഡി.വി.ഡി വിളിപ്പിച്ചുവെന്നും അപൂര്‍ണമാണ് അതെന്ന് തന്റെ പരിശോധനയില്‍ തെളിഞ്ഞതായും മന്ത്രി സ്വന്തം വീട്ടിലിരുന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിനിമയുടേതെന്ന് പറഞ്ഞ് ഒരു ഡി.വി.ഡി മന്ത്രി ഇത്തിരി നേരം പത്രക്കാര്‍ക്ക് കാണിച്ചു കൊടുത്തു. ഫെസ്റ്റിവലില്‍നിന്ന് ആദിമധ്യാന്തത്തെ ഒഴിവാക്കുമെന്നും മന്ത്രി കട്ടായം പറഞ്ഞു. ഡി.വിഡിയില്‍ നിരവധി സാങ്കേതിക പ്രശ്നങ്ങളുണ്ട്. സബ്ടൈറ്റില്‍, ടൈറ്റിലുകള്‍ എന്നിവയില്ല. സൌണ്ട് ട്രാക്കും പൂര്‍ണമല്ല. പല താരങ്ങളും ഡബ്ബ് ചെയ്തിട്ടില്ല. സൌണ്ട് മിക്സ് ചെയ്തിട്ടില്ല-മന്ത്രി പറഞ്ഞു.

ഇതിനിടെ, ആരോപണങ്ങള്‍ക്ക് മറുപടിയായി സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ രംഗത്തു വന്നിരുന്നു. മന്ത്രി കണ്ടുവെന്ന് പറയുന്ന അപൂര്‍ണ ഡി.വി.ഡിയല്ല സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ വന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തങ്ങള്‍ കണ്ട ചിത്രം പൂര്‍ണമായിരുന്നു. 104 മിനിറ്റ് നീളമുള്ള ചിത്രത്തില്‍ ടൈറ്റിലും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങളും ഉണ്ടായിരുന്നു. തങ്ങള്‍ കാണുമ്പോള്‍ ആദിയും മധ്യവും അന്ത്യവും അതിനുണ്ടായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് സബ്ടൈറ്റില്‍ അതിനുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്കൊഴിച്ചാല്‍ മറ്റൊന്നിനും സബ് ടൈറ്റിലുകള്‍ ഉണ്ടായിരുന്നില്ലെന്നും സമിതി അംഗങ്ങള്‍ മലയാളം നന്നായി കൈകാര്യം ചെയ്യാനറിയാവുന്നവര്‍ ആയതിനാല്‍ അതിന്റെ നിര്‍ബന്ധമില്ലെന്ന് അക്കാദമി ചൈയര്‍മാനെ അറിയിച്ചിരുന്നതായും സമിതി അധ്യക്ഷന്‍ കെ. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തന്നെ തെറ്റിദ്ധരിപ്പിച്ച അക്കാദമി ഭാരവാഹികള്‍ക്കും സെലക്ഷന്‍ കമ്മിറ്റിക്കാര്‍ക്കമെതിരെ നടപടി എടുക്കുമെന്ന നിലയിലായി പിന്നെ മന്ത്രിയുടെ പ്രസ്താവനകള്‍. ഇതുമായി ബന്ധപ്പെട്ട ചാനല്‍ വാര്‍ത്തകളും തുടര്‍ന്നു. ചാനലിനെ പിന്‍തുടര്‍ന്ന് ചില പത്രങ്ങളും സമാന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് ചിത്രത്തെ മേളയില്‍നിന്ന് പൂര്‍ണമായുംഒഴിവാക്കിയെന്ന് അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അറിയിച്ചു. എന്നാല്‍, മന്ത്രി പറഞ്ഞ കുറ്റങ്ങളായിരുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സത്യവാങ്മൂലത്തില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി, സബ്ടൈറ്റില്‍ ഇല്ല തുടങ്ങിയ കാര്യങ്ങളാണ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയത്. അക്കാദമി ചെയര്‍മാനെന്ന അധികാരം ഉപയോഗിച്ചാണ് സിനിമ ഒഴിവാക്കിയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ചു. തികച്ചും സാങ്കേതികമായ ചില ക്ലറിക്കല്‍ പ്രശ്നങ്ങളാണ് കോടതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. മന്ത്രി പത്രക്കാരോടു പറഞ്ഞ ആരോപണങ്ങളൊന്നും അവിടെ കേട്ടില്ല. ചിത്രത്തിന് സബ്ടൈറ്റില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒടുവില്‍ കോടതി ചെയര്‍മാന്റെ നടപടി ശരിവെച്ചത്. സബ്ടൈറ്റില്‍ ആവശ്യമില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ചെയര്‍മാന് കത്തു നല്‍കിയതോ മറ്റു സിനിമകള്‍ക്കും സബ്ടൈറ്റില്‍ ഇല്ല എന്നതോ പരിഗണിക്കപ്പെട്ടേയില്ല.

ആദിമധ്യാന്തത്തിലെ രംഗം

പല ഘട്ടം; പല നീക്കം
പുതിയ മന്ത്രി നേരിട്ടിടപെട്ട് അക്കാദമിയില്‍ കുടിയിരുത്തിയവര്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയോഗിച്ചവരെ പുറത്തുചാടിക്കാന്‍ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ‘ആദിമധ്യാന്തം’ പുറത്താവാന്‍ ഇടയാക്കിയത് എന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍.

പല ഘട്ടങ്ങളിലായാണ് ആദിമധ്യാന്തത്തിനെതിരായ നീക്കം നടന്നത്. അവിഹിതമായി മേളയില്‍ തിരുകി കയറ്റി എന്നതായിരുന്നു ചാനല്‍ പുറത്തുവിട്ട ആദ്യ ആരോപണം. അക്കാദമി ഡെപ്യൂട്ടി ഡയരക്ടര്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ചു എന്നതും ഡയരക്ടര്‍ എഡിറ്റിങ് നടത്തി എന്നതുമായിരുന്നു ഇതിന് പറഞ്ഞ ന്യായം. എന്നാല്‍, ചിത്രത്തിന്റെ ഗുണനിലവാരം തന്നെയാണ് തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെട്ടതെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതോടെ ഈ ആരോപണം വിഴുങ്ങി.

സിനിമ അപൂര്‍ണമായാണ് സമര്‍പ്പിച്ചതെന്നായി പിന്നീട് ആരോപണം. ചിത്രാഞ്ജലിയില്‍ വെച്ച് കുറേ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് പിന്നീട് കൂട്ടിച്ചേര്‍ത്തതായും ആരോപണമുയര്‍ന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുകയും ഇക്കാര്യം തെളിയുകയും ചെയ്തോടെ ആരോപണം മുങ്ങി. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍നിന്ന് ഫിലിം ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനായി സൌണ്ട് ട്രാക്ക് ശരിയാക്കാനാണ് ചിത്രാഞ്ജലിയില്‍ പോയത്. അവിടെയുള്ള ആരോ ഒരാളാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചത്. ഇത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.
സിനിമ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍, സൌണ്ട് ട്രാക്ക് പ്രശ്നങ്ങള്‍ പരിഹരിക്കുക, കളര്‍ കറക്ഷന്‍ വരുത്തുക, തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക സ്വാഭാവികമാണെന്നും സ്ക്രീനിങിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ ശരിയാക്കുക എന്നത് സ്വാഭാവികമാണെന്നും ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കിലെ ചര്‍ച്ചയില്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ കെ. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്.

ചിത്രാഞ്ജലിയിലെ ലോഗ് ബുക്കായിരുന്നു തെളിവെന്ന് പറഞ്ഞ് ചാനല്‍ ഹാജരാക്കിയത്. ഇത് അവിടെ ചെന്നു എന്നതിനുള്ള തെളിവു മാത്രമാണെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. ഷൂട്ടിങ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ക്കായുള്ള മറമാത്രമാണിത്. ചിത്രാഞ്ജലിയില്‍ അന്വഷിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും സംവിധായകന്‍ വ്യക്തമാക്കിയതാണ്.

ഇതിനിടെയാണ് മന്ത്രിയെ രായ്ക്കുരാമാനം ഇടപെടുവിച്ചത്. അദ്ദേഹമാണ് സിനിമ അപൂര്‍ണമാണെന്ന വാദമുയര്‍ത്തിയതും അപൂര്‍ണമായ ഡി.വി.ഡിയാണ് സെലക്ഷന്‍ കമ്മിറ്റി കണ്ടതെന്ന് വാദം ഉന്നയിച്ചതും. എന്നാല്‍, സെലക്ഷന്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനം നടത്തി മന്ത്രിയുടെ ആരോപണം നിഷേധിച്ചതോടെ മന്ത്രിയുടെ കൈയിലുള്ള ഡി.വി.ഡി ഏതെന്ന ചോദ്യമായി. പൊടുന്നനെ ഈ ആരോപണവും വിഴുങ്ങപ്പെട്ടു. തുടര്‍ന്നാണ് സബ് ടൈറ്റില്‍ ഇല്ല, സത്യവാങ് മൂലം തെറ്റി എന്നൊക്കെ പറഞ്ഞ് ചെയര്‍മാന്‍ സിനിമയെ ഒഴിവാക്കിയത്. എന്നാല്‍, ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സബ്ടൈറ്റില്‍ പ്രശ്നത്തില്‍നിന്ന് മന്ത്രിയും ഒഴിഞ്ഞു മാറി.

മന്ത്രി പറഞ്ഞതു പോലെ അപൂര്‍ണമായതല്ല സിനിമ ഒഴിവാക്കാന്‍ കാരണമെന്നാണ് ചെയര്‍മാന്റെ ഭാഷ്യം. സത്യവാങ്മൂലത്തില്‍ തെറ്റു വരുത്തിയതിനാണ് സിനിമയെ ഒഴിവാക്കിയതെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രയദര്‍ശന്‍ പറഞ്ഞത്. പ്രിയന്‍ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായിരുന്നു. ആദിമധ്യാന്തത്തെ പുറത്താക്കിയതിനെ കുറിച്ച ചോദ്യത്തിന് കേവലം സാങ്കേതിക കാരണങ്ങളാണ് കാരണമായി പറഞ്ഞത്. മറ്റ് ആരോപണങ്ങളില്‍നിന്നെല്ലാം അക്കാദമി പുറത്തു പോയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. ചിത്രത്തിനെതിരെ ഉറഞ്ഞു തുള്ളിയ മന്ത്രിയാവട്ടെ, പിന്നീട് ഇക്കാര്യത്തില്‍ വാ തുറന്നിട്ടേയില്ല. അക്കാദമിയില്‍ കുടിയിരുത്തിയ പരിവാരങ്ങളും വായ തുറക്കാത്ത അവസ്ഥയിലാണ്.

കേവലം ക്ലറിക്കല്‍ പിഴവു മാത്രമാണ് ഒരു ചിത്രത്തെ ഈ നിലയില്‍ ഒഴിവാക്കാന്‍ കാരണമെന്ന വസ്തുതയാണ് പരോക്ഷമായി ചെയര്‍മാന്‍ സമ്മതിച്ചത്. പ്രിവ്യൂ നടത്തിയതോടെ സിനിമയെക്കുറിച്ച ആരോപണങ്ങള്‍ തെറ്റെന്ന് പ്രേക്ഷകര്‍ക്കും തെളിഞ്ഞിരിക്കുകയാണ്. ഇതോടെയാണ്, സംവിധായകനൊന്നിച്ച് സിനിമ കാണാന്‍ തയ്യാറാണ്, കലാപരമായി കുഴപ്പമില്ല എന്നിങ്ങനെ പ്രിയദര്‍ശന്‍ വാക്കു മാറ്റിയത്.

പന്നിക്കൂടുകളിലെ സിനിമകള്‍
കൃത്യമായ താല്‍പ്പര്യമുള്ള ഏതോ ഗ്രൂപ്പ് ബോധപൂര്‍വം നടത്തിയ കെണിയില്‍ മാധ്യമങ്ങളും മന്ത്രിയും ചെയര്‍മാനുമെല്ലാം പങ്കാളികളായപ്പോള്‍ സംഭവിച്ച ഭൂകമ്പത്തിലാണ് ആദിമധ്യാന്തം പുറത്താക്കപ്പെട്ടത്. വ്യാജ ആരോപണങ്ങളും നുണപ്രചാരണങ്ങളും അരങ്ങു തകര്‍ക്കുകയും സംവിധായകനെ കള്ളനായി മുദ്രകുത്താന്‍ ശ്രമം നടക്കുകയും ചെയ്തു. സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ഒരു സിനിമയെ മന്ത്രിയും അക്കാദമി ചെയര്‍മാനുമെല്ലാം ഇടപെട്ട് പുറത്താക്കുക എന്ന അപൂര്‍വതയും ഇക്കാര്യത്തിലുണ്ടായി.

അനേകം ജീര്‍ണതകളാണ് ഈ സംഭവം പുറത്തുകൊണ്ടുവരുന്നത്. കാലങ്ങളായി ചീഞ്ഞു നാറുന്നൊരു പന്നിക്കൂടാണ് ചലച്ചിത്ര അക്കാദമി എന്ന് ഈ സംഭവം ഉറപ്പിച്ചു പറയുന്നു. ഫെസ്റ്റിവല്‍ നടത്തുക മാത്രമാണ് അക്കാദമിയുടെ കടമയെന്നു കരുതി വശായ ചിലര്‍ കാലാകാലം ഇരുന്നാണ് അക്കാദമിയെ ഇങ്ങനെയാക്കി മാറ്റിയത്. അക്കാദമിക സ്വഭാവമുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, നല്ല സിനിമാ അവബോധം ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കമുള്ള കാര്യങ്ങളെല്ലാം അരികിലേക്കു മാറ്റപ്പെട്ടിരിക്കുന്നു. ഫെസ്റ്റിവല്‍ മാത്രം അജണ്ടയായി കൊണ്ടു നടന്നിട്ടും അക്കാദമിക്ക് അതു പോലും വൃത്തിയായി ചെയ്യാന്‍ കഴിയുന്നില്ല എന്ന കാര്യമാണ് ഈ സംഭവം തെളിയിക്കുന്നത്.

ഇത് ഈ സര്‍ക്കാറിന്റെ കാലത്തു മാത്രമുള്ള കാര്യമല്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മറ്റു ചിലരായിരുന്നു അക്കാദമിയിലെ തമ്പ്രാക്കള്‍. ഇഷ്ടമുള്ള സിനിമക്ക് ഇടം കൊടുക്കുകയും ഇഷ്ടമില്ലാത്തവ തഴയുകയും അതിനായി വേലകള്‍ നടത്തുകയും ചെയ്ത പാരമ്പര്യമായിരുന്നു അന്നും. ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് എന്ന സിനിമയൊക്കെ കഴിഞ്ഞ കാലത്ത് ഇതിന്റെ ഇരകളായിരുന്നു. ഇതിന്റെ കുറേ കൂടി വികൃതമായ അനുകരണങ്ങളാണ് സിനിമാ^സീരിയല്‍ ലാവണങ്ങളില്‍നിന്ന് എല്ലാ വൃത്തികേടുകളോടെയും പുതിയ മന്ത്രി പൊക്കിയെടുത്ത് പൌഡറിട്ട് അക്കാദമിയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചവര്‍ നടത്തുന്നത്. അക്കാദമി വെട്ടിനിരത്തുന്നതിന് കരാറെടുത്തതുപോലെ പഴയവരെ മുഴുവന്‍ വെട്ടിനിരത്തി അക്കാദമി പിടിച്ചടക്കാനാണ് ശ്രമം. അതിന്റെ ലക്ഷണമൊത്ത ഉദാഹരണമായിരുന്നു ആദിമധ്യാന്തത്തിന്റെ കാര്യത്തില്‍ നടന്നത്. ഫെസ്റ്റിവല്‍ ഡയരക്ടറെയും ഡെപ്യൂട്ടി ഡയരക്ടറെയും പുറത്താക്കി അവിടെ കൊടി കുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടത് പക്ഷേ, മികച്ചൊരു സിനിമാ പ്രവര്‍ത്തകനും അയാളുടെ ആദ്യ സിനിമയുമാണ്. ഇല്ലായ്മക്കിടയില്‍ പരമാവധി ചെലവു കുറച്ച് എടുത്ത സിനിമയെ തങ്ങളുടെ വെറി തീര്‍ക്കാനുള്ള അവസരമായി ഉപയോഗിച്ച അക്കാദമിയിലെ പന്നിക്കൂടുകളെയും അതിനു കൂട്ടുനിന്ന് ഹിസ്റ്റീരിയക്കു സമാനമായ പ്രകടനം കാഴ്ച വെച്ച മാധ്യമ പ്രവര്‍ത്തകരെയുെമെല്ലാം ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പൂര്‍ണമായി അന്വേഷണം നടത്തി വാര്‍ത്തകള്‍ പുറത്തു വിടുന്നതിന് പകരം ഒരാളെ ടാര്‍ജറ്റ് ചെയ്ത് ആക്രമണങ്ങള്‍ നടത്തുന്ന ചാനലുകളുംം സ്വന്തം കള്ളങ്ങള്‍ ന്യായീകരിക്കാന്‍ തുടര്‍ച്ചയായി കളികള്‍ നടത്തേണ്ടി വന്ന മാധ്യമപ്രവര്‍ത്തകരുമൊല്ലാം ഈ കൊലപാതകത്തില്‍ കുറ്റക്കാരാണ്. ഇതേ ഈഗോ തന്നെയായിരുന്നു മന്ത്രിയുടെ തീരുമാനത്തിലും മുഴച്ചു നിന്നത്. ഇടപെട്ടു കളയാം എന്ന മേനിനടിച്ച് മാധ്യമങ്ങളുടെ മുമ്പില്‍ പെര്‍ഫോം ചെയ്യാന്‍ കിട്ടുന്ന ഒരവസരവും ഒഴിവാക്കാത്ത ഒരു മന്ത്രിയുടെ ആന മണ്ടത്തരങ്ങളുടെ സാക്ഷ്യമായിരുന്നു ആദിമധ്യാന്തവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍. സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ഡി.വി.ഡി വീട്ടിലേക്ക് വിളിച്ചു വരുത്തി അതില്‍ തീരുമാനമെടുക്കുന്ന മന്ത്രിയുടെ രീതി പൂര്‍ണമായും അക്കാദമി നിയമങ്ങള്‍ക്ക് എതിരാണ്.

കമ്മിറ്റി തെരഞ്ഞെടുത്ത സിനിമ ഒഴിവാക്കിയതായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വീമ്പിളക്കിയ നടപടിയും ജനാധിപത്യ വിരുദ്ധമാണ്. മന്ത്രിയും അക്കാദമി ചെയര്‍മാനും കൂടി ചെയ്യേണ്ട കാര്യമാണ് ഇതൊക്കെയെങ്കില്‍ പിന്നെയെന്തിനാണ് സര്‍ ഈ കമ്മിറ്റിയും ജൂറിയുമൊക്കെ. മന്ത്രിക്കും ശിങ്കിടികള്‍ക്കുമിരുന്ന് ഇഷ്മുള്ള സിനിമകള്‍ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും കഴിയുന്നുവെങ്കില്‍ പിന്നെന്തിനാണ് ഈ അക്കാദമിയും ചലച്ചിത്രമേളയും. അക്കാദമിയോ അതെന്താ എന്ന് പുച്ഛത്തോടെ പറഞ്ഞാണ് പ്രിയദര്‍ശന്‍ തന്റെ ഇന്നിങ്്സ് തുടങ്ങിയതു തന്നെ. തനിക്കറിയാവുന്ന സിനിമക്കപ്പുറം മറ്റൊരു ലോകമില്ലെന്ന ആ ധാര്‍ഷ്ഠ്യത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമായിരുന്നു ഈ സിനിമയുടെ കാര്യത്തില്‍ പ്രിയദര്‍ശന്‍ സ്വീകരിച്ച നടപടികള്‍.

MORE  STORIES

MORE STORIES

ചലച്ചിത്രമേളകളെക്കൊണ്ട് എന്ത് പ്രയോജനം?

ഡെലിഗേറ്റുകളെ ഭയക്കുന്നതാര്?

ലൈഫ് ടൈം അച്ചീവ്മെന്റിന് ആളെ ആവശ്യമുണ്ട്

ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ പറയുന്നു: എന്നെ അവര്‍ വേട്ടയാടി

ആദിമധ്യാന്തം: ഒരു സിനിമാ കൊലപാതകത്തിന്റെ കഥ

അക്കാദമി വിജയം ആട്ടക്കഥ

11 thoughts on “ആദിമധ്യാന്തം: ഒരു സിനിമാ കൊലപാതകത്തിന്റെ കഥ

 1. നിർമ്മാണം പൂർത്തിയാകാതെ തന്നെ എത്രയോ സിനിമകൾ കാൻ അടക്കമുള്ള കൊടികെട്ടിയ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്നു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഷൂട്ട് ചെയ്ത അത്രയും ഭാഗങ്ങൾ റഫ് കട്ട് ചെയ്ത് കാണിച്ച് ടോപ് പ്രൈസും വാങ്ങിപ്പോയ സംഭവം കാനിന്റെ ചരിത്രത്തിൽ പോലുമുണ്ട്.
  സിനിമയെക്കുറിച്ച് എന്തെങ്കിലും ബോധമുള്ളവർ നടത്തേണ്ട പരിപാടിയാണ് ഇതൊക്കെ. അപ്പൻ മാടമ്പിയായിരുന്നതിന്റെ തഴമ്പു വെച്ച് സിലിമാനടനായി, അതേ തഴമ്പു വെച്ച് മന്ത്രിയുമായി…ഇവരൊക്കെ ചേർന്ന് സിനിമ നന്നാക്കിയതു തന്നെ.

 2. സത്യത്തില്‍ മത്സര വിഭാഗത്തില്‍ ഉള്പെടുതെണ്ടിയിരുന്നത് പ്രിയന്‍ ചിത്രങ്ങളായിരുന്നു. മോഷണ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കിട്ടും.

  മികച്ച നടനായി മന്ത്രിയെയും തിരഞ്ഞെടുക്കാം

 3. ” മന്ത്രിക്കും ശിങ്കിടികള്‍ക്കുമിരുന്ന് ഇഷ്മുള്ള സിനിമകള്‍ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും കഴിയുന്നുവെങ്കില്‍ പിന്നെന്തിനാണ് ഈ അക്കാദമിയും ചലച്ചിത്രമേളയും.”

  ഇവര്‍ക്ക് സാധാരണ ടെലി ഗേറുകളുടെ ഒപ്പം ഇരുന്നു പടം കാണാന്‍ കുറച്ചില്‍ ആയതു കൊണ്ട് സിനിമാ ശാലകളുടെ ബാല്കണി ഇവര്‍ക്ക് മാത്രമായി തീരെഴുതുകയും ചെയ്തു മന്ത്രിയും ചെയര്‍മാനും…കഷ്ടം തന്നെ..!! വിദേശ പ്രതിനിധികള്‍ ഉള്‍പെടെ ഉള്ളവര്‍ വല്ല തറ ടികെട്ടിലും ഇരുന്നു വേണമെങ്കില്‍ കണ്ടിട്ട് പോകട്ടെ എന്ന്…!!

 4. ആധിമധ്യാന്തം എന്നാ സിനിമക്കെതിരെ സിനിമ മന്ത്രി ഗണേഷ് കുമാറിന്‍റെ പടപ്പുറപ്പാടും ആരോപണങ്ങളും സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ് ലോക സിനിമ ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള മലയാള സിനിമ (തട്ടുപൊളിപ്പന്‍ അല്ല )യുടെ മുകളില്‍ ഗണേഷ് കുമാര്‍
  മന്ത്രി പുങ്കവനയത് തന്നെ അപമാനകരം ആയിരിക്കെ തന്നെ പൂര്‍തികരിക്കാത്ത സിനിമകാട്ടി തെറ്റി ധരിപ്പിച്ചു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.. ഒന്നാമത് സിനിമാ തിരെഞ്ഞെടുക്കുന്നത് മന്ത്രി ഉള്‍പെടാത്ത അത്യാവിശം ലോക സിനിമയെക്കുറിച്ച് വിവരമുള്ളവരാനെന്നിരിക്കെ അദ്ധേഹത്തെ തെറ്റിധരിപ്പികണ്ടുന്ന എന്ത് കാര്യം ഏതൊക്കെ ലോക സിനിമകള്‍ ചലച്ചിത്ര ഉത്സവത്തില്‍ ഉണ്ടാകണമെന്ന് വെറും കെ . കോ .ബി .പാര്‍ട്ടിയുടെ മന്ത്രിയെ ധരിപ്പിക്കേണ്ടി വരുക എന്ന് പറഞ്ഞാല്‍ തന്നെ എത്ര മ്ലേച്ചം അപ്പോപിന്നെ തെറ്റി ധരിപ്പിചെങ്കില്‍ പറയാനുണ്ടോ തന്നയുമല്ല ഈ സിനിമക്കെതിരെ മന്ത്രിക്ക് എന്തോ അജണ്ട ഉണ്ടന്ന് കരുതേണ്ടിയിരിക്കുന്നു കാരണം വ്യാജ സീഡി കാണുന്നതുതന്നെകുറ്റം ആണ് ന്നിരിക്കെ ചലച്ചിത്ര അക്കാദമിക്ക് കൊടുത്ത സിനിമ എങ്ങനെ സീഡി രൂപത്തില്‍ മന്ത്രിയുടെ അടുത്തെത്തി..അത് കാണുകയും സംവിധായകന്‍റെ അനുമതി ഇല്ലാതെ റീ എഡിത്ത് ചെയ്തു പത്രക്കാരുടെ മുന്‍പില്‍ പ്രധര്ശിപ്പിക്കുകയും ചെയ്തത് ലഖുവായി പറഞ്ഞാല്‍ വിവരക്കേടാണ് അച്ചുതാനന്ദ നില്‍ അദ്ദേഹം ആരോപിച്ച രോഗമെന്ന് ഞാനിതിനെ പറയില്ല അത്രക്ക് തരംതാഴാന്‍ ഞാന്‍ മന്ത്രി അല്ലല്ലോ സുമുഖനും സമ്പന്നനുമായ ഒരു “നടന്‍” വളര്‍ന്നു മന്ത്രിയായപ്പോള്‍ മുഖ്യ ശത്രു ആധിമധ്യാന്തം ആയതെങ്ങനെ ഒത്തിരി ചോദ്യങ്ങള്‍കു ഉത്തരം കിട്ടാനുണ്ട് എങ്കിലും ഒരു ഉത്തരം ഞാന്‍ പറയാം ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നാം നടത്തുന്ന പരീക്ഷണം പരാജയപ്പെടുകയാണ് നാം കുളിക്കാതെ കോണകം പുരപ്പുറത്തു ഉണങ്ങനിടുകയാണ് ..

 5. കക്ഷിരാഷ്ട്രീയത്തിണ്റ്റെ അതിപ്രസരത്തില്‍ ആണ്‌ കേരളത്തിലെ ഓരോ രംഗവും. അതിണ്റ്റെ ഏറ്റവും വികൃതമായ രൂപമാണ്‌ ഇക്കാര്യത്തില്‍ കണ്ടതെന്ന് തോന്നുന്നു.

 6. ഞാന്‍ ‘ആദിമധ്യാന്തം’ കണ്ടു . ഒരു നല്ല സിനിമ.. എല്ലാം കൊണ്ടും മികച്ച ചിത്രം ആയിരുന്നു. എല്ലാവര്ക്കും ഈ സിനിമ കാണാന്‍ അവസരം ഉണ്ടാകണം .

 7. യു ഡി എഫിനെ താങ്ങി നിര്‍ത്തുന്ന മഞ്ഞ മനോരമ പറഞ്ഞാല്‍ പിന്നെ മന്ത്രിക്ക് കേള്‍ക്കാതിരിക്കാനാവുമോ ? ഒരു സംവിധായകന്‍റെ ആദ്യ സിനിമയെ ഇങ്ങനെ പൊളിച്ചടുക്കിയ മാധ്യമ പുംഗവന്‍മാര്‍ മാപ്പര്‍ഹിക്കുന്നില്ല

 8. മരിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയെ നോക്കാതെ ,തലതിരിഞ്ഞ പണ്ഡിന്റിനെ കുറ്റം പറയുന്ന വിണ്ഡികള്‍

 9. ചലച്ചിത്ര അക്കാദമിയുടെയും ജൂറിയുടെ വിശ്വാസ്യത നഷ്ടപെട്ട നിലക്ക് ഇത്തവണ iffk യില്‍ മത്സര വിഭാഗം തന്നെ ഒഴിവാക്കി പ്രദര്‍ശനം മാത്രമാക്കുന്നതല്ലേ നല്ലത്. മന്ത്രിയും ചാനലുകാരും ഒന്നുക്കൂടി ഒത്തു ശ്രമിച്ചാല്‍ ല്‍ അടുത്ത വര്ഷം മുതല്‍ iffk മൊത്തമായി നിര്‍ത്താം..

Leave a Reply

Your email address will not be published. Required fields are marked *