മലയാളി മനസ്സിനെപ്പറ്റി 5 കാര്യങ്ങള്‍

അമിതാഭ് ബച്ചനെ കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അബാസിഡറാക്കാന്‍ മുന്നിട്ടിറങ്ങിയത് മര്‍ദ്ദിത ജനകോടികളുടെ പാര്‍ട്ടിയാണ്. അത് പോട്ടെ. ബച്ചന്‍ ഏതെങ്കിലും തരത്തില്‍ നമ്മള്‍ ‘കേരളം’ എന്നു പറയുന്ന സാധനത്തിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നറിയില്ല. ഗുജറാത്തന്റെയും അബാസിഡറായതു കാരണം ബച്ചന് കേരളത്തിന്റെ കുളിരാകാന്‍ കഴിഞ്ഞില്ല. പക്ഷേ ബിഗ് ബി ഞങ്ങളെപോലിരിക്കുന്ന ആളല്ലെന്ന് ആരുമാരും എങ്ങുമെങ്ങും പറഞ്ഞില്ല. എന്നാല്‍ താന്‍ സൌന്ദര്യം ഇല്ലാത്ത 99% മലയാളികളുടെ പ്രതിനിധി ആണെന്നാണ് പണ്ഡിറ്റ് പറയുന്നത് – എബി തരകന്റെ കോളം ആരംഭിക്കുന്നു. ഇല്ലസ്ട്രേഷന്‍: ഷാരോണ്‍ റാണി

 

 

സന്തോഷ് പണ്ഡിറ്റ് നമ്മുടെ വാര്‍ത്താ ജീവിതങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയ ശേഷം അദ്ദേഹത്തെ തെറിവിളിക്കുന്നതിനും സിദ്ധാന്തവല്‍ക്കരിക്കുന്നതിനും ഒരു കുറവും ഉണ്ടായിട്ടില്ല. മലയാളികള്‍ തങ്ങളുടെ സാംസ്കാരിക ഔന്നത്യത്തെ ഉരച്ച് നോക്കാന്‍ സന്തോഷ് പണ്ഡിറ്റിനെ ഉരകല്ലാക്കിയെങ്കില്‍ മലയാളി ദേശീയത അളന്നു നോക്കാനാണ് നാം മുല്ലപ്പെരിയാറിനെയും തമിഴനെയും ഉപയോഗിച്ചത്. മാത്രമല്ല, ആത്മഹത്യകളും മാനസിക വിഭ്രാന്തികളും, ഡിപ്രഷന്‍ ഭയങ്ങളും നമ്മുടെ കാലത്തെ ജീവിതത്തെ ഗ്രസിക്കുമ്പോള്‍ ‘അവന്‍’ ഇങ്ങനെയൊക്കെയാണെങ്കില്‍ ‘ഞാന്‍ നോര്‍മലാണ്, എനിക്ക് കുഴപ്പമൊന്നുമില്ല ‘ എന്ന ഒരു സ്വയം സമാധാനിക്കല്‍ കൂടിയുണ്ട് നമ്മുടെ പണ്ഡിറ്റിനോടുള്ള പ്രതികരണങ്ങളില്‍. കേരളം സന്തോഷ് പണ്ഡിറ്റിനോട് പ്രതികരിച്ച രീതികളിലൂടെ ഒരു പിന്‍നടത്തം നടന്നാല്‍ നമുക്ക് മലയാളി മനസ്സിനെക്കുറിച്ച അഞ്ച് നിരീക്ഷണങ്ങളിലെത്താം.

1. നമ്മളെ പോലുള്ള ഒരാളെ കാണുമ്പോള്‍ എന്തോ ഒരിത്
അമിതാഭ് ബച്ചനെ കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അബാസിഡറാക്കാന്‍ മുന്നിട്ടിറങ്ങിയത് മര്‍ദ്ദിത ജനകോടികളുടെ പാര്‍ട്ടിയാണ്. അത് പോട്ടെ. ബച്ചന്‍ ഏതെങ്കിലും തരത്തില്‍ നമ്മള്‍ ‘കേരളം’ എന്നു പറയുന്ന സാധനത്തിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നറിയില്ല. ഗുജറാത്തന്റെയും അബാസിഡറായതു കാരണം ബച്ചന് കേരളത്തിന്റെ കുളിരാകാന്‍ കഴിഞ്ഞില്ല. പക്ഷേ ബിഗ് ബി ഞങ്ങളെപോലിരിക്കുന്ന ആളല്ലെന്ന് ആരുമാരും എങ്ങുമെങ്ങും പറഞ്ഞില്ല. എന്നാല്‍ താന്‍ സൌന്ദര്യം ഇല്ലാത്ത 99% മലയാളികളുടെ പ്രതിനിധി ആണെന്നാണ് പണ്ഡിറ്റ് പറയുന്നത്. പക്ഷേ, ആ ക്രൂരസത്യം അംഗീകരിക്കാന്‍ നമുക്കൊരു മടി. ഒരു ബെസ്റ് ആക്ടര്‍ ആകണമെന്ന് മോഹവുമായി സ്വപ്നങ്ങളുടെ മടയിലേക്ക് ഒരുപിടി ഫാന്റസികളുമായി കയറിച്ചെല്ലാത്ത ആരുണ്ട് നമുക്കിടയില്‍. പറയാന്‍ മടിച്ച് ആഗ്രഹങ്ങള്‍ നമ്മുടെ തന്നെ ഒരു പ്രതിരൂപമായി സ്ക്രീനീല്‍ തകര്‍ത്താടുമ്പോള്‍ നമ്മെപ്പറ്റി എന്തോ ഒരുളുപ്പ്, എന്തോ ഒരു രു.

2. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി…
ഈ കഷ്ടപ്പാടിനോട്, നിരന്തര വേദനയോട്, നീറുന്ന ആത്മാക്കളോട്, കനലായി എരിയുന്ന ജീവിതങ്ങളോട് നമുക്കെന്നും ഒരു… എന്തോ… എങ്ങനാ പറയുക…ഒരു വല്ലാത്ത് പ്രണയമാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ രാകിമിനുക്കാത്ത ജീവിതങ്ങള്‍ കാണുമ്പോള്‍, എവിടെനിന്നോ പൊട്ടിമുളച്ച ഒരു കോട്ടിട്ട നാമ്പ് . ‘ഞാന്‍ മനസ്സിലാക്കുന്നത്, ക്യഷ്ണനും രാധയും എനിക്ക് ഒരു യൂണിവേഴ്സിറ്റിയാണ്’ എന്നൊക്കെ ആധികാരികമായി പറയുമ്പോള്‍ എന്തോ ഒരു വല്ലായ്ക. നിയന്ത്രണരേഖ ഫെയിം ബാബുരാജ് പറഞ്ഞത് പോലെ, ഒരു ക്ലാപ്പ് ബോയി ആയി വന്ന്, ഒത്തിരി പേരുടെ കാലുപിടിച്ച് വേണം ആദ്യം ഒരു അസിസ്റന്റ് ആകാന്‍. പക്ഷേ ആരോടും മിണ്ടാതെ, ഒരു സംഘടനയോടും ചൊല്ലാതെ 105 പുതുമുഖങ്ങളെ വച്ച് 8 പാട്ടും, 8 ഇടിയും, 8 നായികമാരുമായി ഒരു മമമമമമ മ്യായാവി യൂട്യൂബ് ഊര്‍ന്നിറങ്ങി വന്നപ്പോള്‍ എന്തോ ഒരു അയ്യടാ ഫീല്‍.

 

ഇല്ലസ്ട്രേഷന്‍: ഷാരോണ്‍ റാണി

 

ഇല്ലസ്ട്രേഷന്‍: ഷാരോണ്‍ റാണി


3. ഈ സര്‍ഗ്ഗാത്മകത എന്നു പറയുന്നത്…
അതറിയണമെങ്കില്‍, പോള്‍ അങ്കമാലി പറഞ്ഞത് പോലെ, ആദ്യം സിനിമ എന്താണെന്ന് അറിയണം. എവിടെയും തൂക്കി നടക്കാവുന്ന ഹാന്റിക്യാമിലൂടെ നീ കണ്ട സിനിമയല്ല മലയാളി അറിഞ്ഞ സിനിമ. അടൂര്‍ സാറിന്റെയും മക്മല്‍ബഫിന്റെയും സിനിമ, അമ്മയുടെയും മാക്ടയുടെയും സിനിമ, ഒരു ഡയലോഗുപോലുമില്ലങ്കിലും അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്ന സിനിമ, വാരിയെറിഞ്ഞ വികാരങ്ങളില്‍ ആത്മസംഘര്‍ഷങ്ങളുടെ അളവ് കുറഞ്ഞുപോയതുകൊണ്ട് ലോകസിനിമയുടെ ബലിപീഠത്തില്‍ നിന്ന് ഏടുകള്‍ അടര്‍ത്തിയെടുത്ത് സീനുകള്‍ തീര്‍ക്കുന്ന മലയാള സിനിമ, നീ ഒഴികെ ബാക്കിയാര് പടം പിടിച്ചാലും അതില്‍ നിറയെ കരുത്തുറ്റ കഥാപാത്രങ്ങളാണെന്നും, ഒരുപിടി നല്ല ഗാനങ്ങള്‍ ഉണ്ടെന്നും ചാനലുകാര്‍ വാഴ്ത്തുന്ന മലയാള സിനിമ. ഇന്നലെ നീ അപമാനിച്ച്, ആട്ടിയിറക്കി ‘പൊട്ടി നാറി’ എന്നു പറഞ്ഞു വിട്ടില്ലേ, ആ മനുഷ്യമൃഗത്തെപ്പോലുള്ളവരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും സിനിമ. മലയാള സിനിമയെന്ന മഹാസാമ്രാജ്യത്തിന്റെ സോള്‍, ആത്മാവ്; ഇന്ത്യ മുഴുവന്‍ ഒറ്റക്ക് യാത്രചെയ്ത്, സത്യാന്വേഷണ പരീക്ഷണങ്ങള്‍ വായിച്ച നിനക്ക്; ഈ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം.

4. പണ്ഡിറ്റ് സിനിമ കണ്ടെന്ന് പറയാന്‍ എന്തോ ഒരു മടി പോലെ
ഒരു പണ്ഡിറ്റ് ടോക്ക്ഷോയില്‍ പങ്കെടുത്ത് സുഹൃത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്ത് സെക്സ് കാണാന്‍ വേണ്ടി മാത്രം കിംകിദുക്കിന്റെ സിനിമ കണ്ടത്രേ. അതുപോലെ തന്നെയായിരുന്നു ഷക്കീല തരംഗസമയത്തും. ആയിരകണക്കിന് മലയാളികളുടെ അനേകായിരം സുഹൃത്തുക്കള്‍ ഷക്കീല, മറിയ, തിയേറ്ററുകളില്‍ ഇരുന്ന് വിഷണ്ണരായി. സന്തോഷ് പണ്ഡിറ്റിന്റെ യൂട്യൂബ് പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കും ചില സുഹൃത്തുക്കള്‍ (ഞാനോ, ഞങ്ങളോ അല്ല) വളരെ പൈശാചികമായ രീതിയിലുള്ള കമന്റുകള്‍ ഇട്ടേത്ര. ചില ഫിലിം വിദ്യാര്‍ത്ഥികള്‍ പറഞ്ഞതുപോലെ പണ്ഡിറ്റ് അറുബോറനും അയാളുടെ സിനിമാ ഷോട്ടുകള്‍ കംപ്ലീറ്റ് ഔട്ട് ഓഫ് ഫോക്കസ്സുമായതുകോണ്ടാണല്ലോ നമ്മുടെ സുഹൃത്തുക്കള്‍ അങ്ങനെയൊക്കെച്ചെയ്യുന്നത്. കുട്ടിമാമാ കുട്ടിമാമാ, എന്തുകൊണ്ടാ ഈ മലയാളികളുടെ സുഹൃത്തുക്കള്‍ (ഞങ്ങളെപ്പോലുള്ള നല്ല മലയാളികള്‍ അല്ല) ഇങ്ങനെയൊക്കെ ചെയ്യുന്നത്?

5. എടോ സന്തോഷേ, ഞങ്ങള്‍ക്കിത് പോരല്ലോ

ഒരു പത്രപ്രവര്‍ത്തകന്‍ ആയതുകൊണ്ട് ഒരു സ്വയം വിമര്‍ശനം നടത്താതെ വയ്യ. തിരിച്ച് കടിക്കില്ല, പിന്നീട് പാരയാകില്ല എന്ന് ഉറപ്പുള്ള എന്തിനോടും ഞങ്ങള്‍ മലയാളി പത്രക്കാര്‍ക്ക് പുച്ഛമത്രേ. (സോറി, ജീര്‍ണലിസം വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ മറന്നുപോയി.). ഞങ്ങള്‍ വളര്‍ന്നത് ഫിലിം ഫെസ്റിവലുകളുടെ രേതസ്സ് വീണ മണ്ണില്‍, ഞങ്ങള്‍ വലിച്ചത് ന്യൂസ് എഡിറ്റര്‍ വാല്‍സല്യത്തോട നീട്ടിയ ഗോള്‍ഡ് ഫ്ളേക്ക് കുറ്റി. ഞങ്ങളുടെ ആദ്യത്തെ അസൈന്‍മെന്റ് ആ മഹാ സാഹിത്യകാരന്റെ ഓണം ഓര്‍മ എഴുതാനായിരുന്നു. കുടിച്ചുകൊണ്ടിരുന്ന റം കുപ്പിയില്‍ നിന്ന് ഇച്ചിരിപോലും ‘വേണ്ടേ നിനക്ക്’ എന്ന് ചോദിച്ചില്ലങ്കിലും ഒരു ചോദ്യം ഒരിക്കലും മറക്കില്ല, ‘എടാ മോനേ, നീ തോമസ് മന്‍ വായിച്ചിട്ടുണ്ടോ?’. ഈ ഞങ്ങളുടെ കോണിലേക്കാണ് (കോണ്‍ അല്ല സാര്‍, ജോണ്‍) അവന്‍ വന്നത്. ഇവനോ ജോണ്‍ ദി ബാപ്റ്റിസ്റ്? അതുകൊണ്ട് ഞങ്ങള്‍ ഇന്റര്‍വ്യൂ എന്ന് പറഞ്ഞ് അവനെ കളിയാക്കും. ”എടോ, താന്‍” എന്നൊക്കെ വിളിക്കും. ഷാനി ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി അത് അവനോട് മൊഴിഞ്ഞു, ‘പക്ഷേ ഞങ്ങള്‍ക്കിത് പോരല്ലോ.’

ഇതുംകൂടി
അടുത്തിടെ, ജോലിസംബന്ധമായി ഭൂട്ടാനിലെത്തിയ പ്രിയ സുഹൃത്ത് സൈനുല്‍ ആബിദ് പറഞ്ഞതുപോലെ, മലയാളി മനസ്സിന്റെ ‘ക്രിയേറ്റിവിറ്റി ബ്ളോക്ക്’ ആണ് സന്തോഷ് പണ്ഡിറ്റിനെ സ്വീകരിക്കുന്നതില്‍ നിന്ന് നമ്മെ വിമുഖരാക്കുന്നത്. പണ്ഡിറ്റ് തന്നെ അതിനുള്ള ഒറ്റമൂലി നിര്‍ദ്ദേശിച്ചിട്ടുണ്ട്; പുതിയ മനസ്സ്.

5 thoughts on “മലയാളി മനസ്സിനെപ്പറ്റി 5 കാര്യങ്ങള്‍

  1. Wow! what an entry sirjee…
    ഇങ്ങളു്‌ തന്നെ മോഹന്ലാല്‌….
    ഞാന്‍ പങ്കയായി…
    ഇനി വരാനുള്ളതിനായി ആവേശപൂര്വം കാത്തിരിക്കുന്നു..

  2. അല്ലെലെങ്കിലും കൂട്ടത്തിലുള്ള എന്തിനെ എങ്കിലും നമ്മ മലയാളികള്‍ അന്ഗീകരികുമോ.. …. ?? ങേ ങേ

Leave a Reply

Your email address will not be published. Required fields are marked *