പെണ്‍മ-ഷാഹിദക്ക് ഗദ്ദാമയിലേക്കുള്ള ദൂരം

ഇത് പെണ്ണനുഭവങ്ങളുടെ പംക്തി. ആനന്ദം, ഓര്‍മ്മ, നര്‍മ്മം, ദേശം, സ്വപ്നം, വിഷാദം, ലിംഗനീതി എന്നിങ്ങനെ പെണ്ണിനു മാത്രം ആവിഷ്കരിക്കാനാവുന്ന എന്തും ഇതിലെഴുതാം. നിങ്ങളുടെ കുറിപ്പുകള്‍ nalamidam@gmail.com എന്ന വിലാസത്തില്‍ അയക്കുക.

 

ഈ പംക്തിയില്‍ ഇത്തവണ മാധ്യമ പ്രവര്‍ത്തകയായ വി.പി റജീന.

അവളെന്റെ’ചങ്ങായ്ച്ചിക്കുട്ടി’യായിരുന്നു.വര്‍ഷങ്ങളുടെ അകലത്തില്‍ നിന്ന് അവളുടെ ശബ്ദം ഫോണിന്റെ അങ്ങേത്തലക്കല്‍ ചിലമ്പിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. ഊണിലും ഉറക്കത്തിലുമെന്ന പോലെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. സ്കൂളിന്റെ ഇടവഴികളില്‍ പായാരം പറഞ്ഞ് നടന്നതും, മഴക്കാലത്ത് ഞങ്ങളുടെ പുരപ്പറമ്പുകളെ പുഴ വന്നു മൂടുമ്പോള്‍ കിഴക്കന്‍ വെള്ളത്തില്‍ ഇറങ്ങി കളിച്ചതും,കൊത്തങ്കല്ലാടിയതും ഇന്നലെ കഴിഞ്ഞതുപോലെ. പക്ഷെ, ആ 27 കാരിയുടെ ചെറു ജീവിതത്തിലുമേല്‍ പെയ്തുകൂട്ടിയ വേദനകളുടെ പേമാരിക്ക് യുഗപ്പെയ്ത്തിന്റെ ഇരമ്പമുണ്ടെന്നു തോന്നിപ്പോയി.
അടുത്തടുത്തായിരുന്നു ഷാഹിദയുടെയും എന്റെയും വീട്. ഞങ്ങളുടെ അയല്‍പക്കത്തെ വലിയ വീട്ടിലെ അടുക്കളയിലും പറമ്പിലും സഹായിയായി ചുറുചുറുക്കോടെ ഓടി നടക്കുന്ന ഉമ്മയുണ്ടായിരുന്നു അവള്‍ക്ക്. പൊള്ളുന്ന വെയിലിലും തിമിര്‍ത്തു പെയ്യുന്ന മഴയിലും ആഞ്ഞാഞ്ഞ് റാളി വലിച്ചു നീങ്ങുന്ന മെല്ലിച്ചു നീണ്ട ഓര്‍മയാണ് എനിക്കവളുടെ ഉപ്പ. എന്നും രാവിലെ മദ്രസ വിട്ട് വരുമ്പോള്‍ സുധാകരേട്ടന്റെ നിരത്തുവക്കത്തെ ചായപ്പീടികയിലേക്ക് ഷാഹിദ കയറിപ്പോവും. പത്തുമണിച്ചായ കുടിക്കുന്നതിനിടയില്‍ ഉപ്പ അവളുടെ കയ്യില്‍ കൊടുത്തുവിടുന്ന കായപ്പത്തിന്റെയും പഴം പൊരിയുടെയും മണമായിരിക്കും പിന്നെ ഞങ്ങളുടെ വഴികള്‍ക്ക്. രണ്ട് ആണ്‍മക്കള്‍ക്കുശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കിട്ടിയ പെണ്‍തരി കൂലിപ്പണിക്കാരനായ ആ ഉപ്പക്ക് ഏറെ അരുമയായിരുന്നു. ഞങ്ങളുടെ ഓട്ടപ്പാച്ചിലുകള്‍ക്കും ഒളിച്ചു കളിക്കും അവളുടെ കൊച്ചു വീടിന്റെ അകവും പുറവും തുറന്നുകിടന്നു. അവരുടെ ജീവിതത്തിന്റെ ദൈന്യതപോലെ ഒടിഞ്ഞു തൂങ്ങിയും നെഞ്ചുന്തിയും ആ പുരയുടെ പലകകള്‍ നിരന്നുനിന്നു.
പഠിക്കാന്‍ മണ്ടിയായിരുന്നു അവള്‍. പത്താം ക്ലാസിലെത്തും മുമ്പെ സ്കൂള്‍ പടി ചവിട്ടാതായി. ആരു പറഞ്ഞിട്ടും തന്നെക്കൊണ്ട് കഴിയാത്ത പണിക്ക് പിന്നെ അവള്‍ പോയില്ല. കുറച്ചു കാലം തയ്യല്‍ പഠിച്ചു. അപ്പോഴേക്കും പുന്നാരമോളെ കെട്ടിച്ചുവിടണമെന്നായി ഉമ്മ. ആലോചനകള്‍ തകൃതിയായി. ഒത്തുവന്നത് അയല്‍ ദേശത്തു നിന്നുള്ള ആലോചന. ആങ്ങളമാര്‍ അന്വേഷിച്ചു. അറിഞ്ഞിടത്തോളം തരക്കേടില്ല. അങ്ങനെ പതിനാറാം വയസ്സില്‍ അവള്‍ പുതിയപെണ്ണായി. അവളവന്റെ വീട്ടിലായി. ഉടന്‍ തന്നെ ഗര്‍ഭിണിയും.

വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ അവള്‍ എന്നെ വിളിച്ചു. നെഞ്ചു കലങ്ങി അവള്‍ പറഞ്ഞ കഥകള്‍ക്ക് ആയിരം നാവുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞ് വീട്ടിലേക്കുള്ള ആദ്യത്തെ വരവുകളിലെ സന്തോഷം പതിയെപ്പതിയെ മാഞ്ഞു. കുഞ്ഞ് പിറന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കും അവളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഇരുളിന്റെ മേലാപ്പ് വീണിു. പുതിയാപ്പിള വീട്ടിലെത്തുന്നതു മിക്കപ്പോഴും നാലു കാലില്‍. ഒരിക്കല്‍ വീട്ടില്‍ പൊലീസ് ബൂട്ടുകള്‍ മുഴങ്ങിയപ്പോഴാണ് കുടി മാത്രമല്ല കളികൂടി ഉണ്ട് എന്ന് പാവം ഷാഹിദ ഞെട്ടലോടെ അറിഞ്ഞത്. മീന്‍ വിറ്റ്കിട്ടുന്ന കാശ് മുഴുവന്‍ ചീട്ടു കളിച്ചും കുടിച്ചും തീര്‍ത്തു. ഉപ്പ റാളി വലിച്ചും ആങ്ങളമാര്‍ കടം വാങ്ങിയും കൊടുത്തുവിട്ട പൊന്നും പണവും തീര്‍ത്തു. അതിനിടെ രണ്ടാമത്തെ മോളുമായി. അസ്വാരസ്യങ്ങളുടെയും പീഡനത്തിന്റെയും രാവുകളായിരുന്നു പിന്നീട്. അടിയും തൊഴിയും പെരുമ്പറ കൊട്ടുമ്പോള്‍ സ്വന്തം വീട്ടിലേക്ക് പോരും. നാലു നാള്‍ കഴിയുമ്പോള്‍ അയാള്‍ വരും. കൊണ്ടുപോവാന്‍. നിസ്സഹാരായ ഉമ്മയും ബാപ്പയും ‘യ്യ് ക്ഷമിക്കെടി മോളെ ഇത്തവണ എല്ലാം ശരിയാവും’ എന്ന് പറഞ്ഞ് ഓരോ തവണയും അയക്കും.
‘ആണ്ങ്ങള്‍ അങ്ങനെ പലേതും ചെയ്യും. അപ്പോക്കെ പാഞ്ഞിങ്ങോട്ട് പോരാതെ ക്ഷമിക്കേണ്ടത് മ്മളാ’-സാരോപദേശം നാട്ടുകാരുടെ വകയും. അവര്‍ അവളുടെ മേലും കുറ്റം കണ്ടു. കല്യാണമന്വേഷിച്ചപ്പോള്‍ ചെക്കന്റെ കുടിയുടെ കാര്യം ചെറുതായി അറിഞ്ഞിരുന്നുവെന്ന് ആങ്ങളമാരുടെ കുറ്റസമ്മതം. പത്തു വര്‍ഷം അവളും കുട്ടികളും സഹിച്ചു. അടുത്തിടെ അയാളില്‍ നിന്ന് മോചനം നേടി. രണ്ട് പെണ്‍മക്കളുമായി ആ ഉമ്മ നാട്ടുകാര്‍ക്കു മുന്നില്‍ അന്തിച്ചു നിന്നു. അപ്പോഴും കുറ്റപ്പെടുത്തലിന്റെ കൂര്‍ത്ത കണ്‍മുനകള്‍ അവളെ കൊത്തിവലിച്ചിരുന്നു.
സ്വന്തമായി വീടില്ല. സ്ത്രീധനത്തുകയില്‍ തിരിച്ചു കിട്ടിയ കാശും നാട്ടുകാരുടെ സഹായവും കൊണ്ട് മൂന്നു സെന്റ് മണ്ണ് വാങ്ങി. ഇതിനിടക്ക് നെഞ്ചു കലങ്ങി ചോര തുപ്പി ഉപ്പ മരിച്ചു. ആങ്ങളമാര്‍ അവരുടെ കുടുംബവും പ്രാരാബ്ധങ്ങളുമായി മറ്റൊരു ലോകത്തായി.
പെണ്‍കുട്ടികള്‍ മിടുക്കികളാണ്. ഉമ്മയെപ്പോലെ സുന്ദരികളും. 27 കാരിയുടെ നെഞ്ചില്‍ തീ. വാടകവീട്ടില്‍ അന്നം മുട്ടിയ നാളുകളില്‍ അവള്‍ അടുത്തുള്ള ടെക്സ്റ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായി. 50രൂപ ദിവസക്കൂലിക്ക്. പെട്ടെന്നൊരുനാള്‍ അടിവയറ്റില്‍ വേദന. അസഹ്യമായപ്പോള്‍ കടം വാങ്ങിയ കാശുമായി ഡോക്ടറെ കാണിച്ചു. ഗര്‍ഭപാത്രത്തില്‍ നീരിറങ്ങുന്നതാണ്. വിശ്രമം വേണം. ഭാരമുള്ളത് എടുക്കാന്‍ പാടില്ല. ഇതിനിടെ വീണ് കയ്യൊടിഞ്ഞ്,പുറമെ വാര്‍ധക്യത്തിന്റെ അവശതകളും പേറി ഉമ്മ അവള്‍ക്ക് കൂട്ടിരുന്നു. പിന്നെ ഇടക്കി2 സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലായി ജീവിതം. നേരത്തെ കിട്ടിയ തൊഴിയിലേതോ ഒന്ന് അവളെ നിത്യരോഗിയാക്കിയിരുന്നു. ജോലിക്ക് പോവാനാവുന്നില്ല. വീട്ടിലെ തയ്യല്‍ മെഷീനില്‍ കാലു വെക്കാനും. സുന്ദരിയായ ഷാഹിദ രക്തമയമില്ലാതെ വിളറി. മുഖത്ത് സദാ കാണുന്ന കണ്ണിറുക്കിയുള്ള കുസൃതിചിരി വാടിക്കരിഞ്ഞു.
സര്‍ക്കാറിന്റെ ഭവന പദ്ധതിയില്‍കിട്ടിയ പകുതി തുകയില്‍ മൂന്നു സെന്റില്‍ തറകെട്ടി പാതി ചുമരു വെച്ചു. ബാക്കി തുക കിട്ടണമെങ്കില്‍ പുര പണി ഇനിയും മുന്നേറണം. ഇതിനകം പലരുടെയും പണ്ടങ്ങള്‍ പണയം വെച്ച് വന്‍ തുകയുടെ കടക്കാരിയുമായി. പുരയെന്നു പറയാനാവാത്ത ഷെഡിന് മാസം ആയിരം രൂപ എണ്ണിക്കൊടുക്കണം. ഷെഡിന്റെ മേല്‍ക്കൂരയിലെ തുളയിലൂടെ ചോര്‍ന്നൊലിക്കുന്ന മഴവെള്ളം അവളുടെയും ഉമ്മയുടെയും കണ്ണീരാണെന്നു തോന്നി. ഉറക്കഗുളിക കഴിച്ച് ജീവിതത്തിനുമുന്നില്‍ തോല്‍വി പറയാനും ഒരിക്കല്‍ അവള്‍ മടിച്ചില്ല.
ഷാഹിദക്കു മുന്നിലിപ്പോള്‍ തീകൊണ്ട് വരഞ്ഞൊരു മരുഭൂമിയാണ്. ആരോ പറഞ്ഞു ഗര്‍ഫില്‍ അറബിയുടെ വീട്ടില്‍ ജോലിക്കുള്ള വിസയുണ്ടെന്ന്. ലോകം കാണാത്ത പേടിത്തൊണ്ടിയായ ഷാഹിദ എത്ര ധൈര്യവതിയായെന്ന് ഞാന്‍ അതിശയിച്ചു. കടങ്ങള്‍ വീട്ടണം,മക്കളെ നന്നായി പഠിപ്പിക്കണം,പുര വെക്കണം, ഉമ്മയെ നോക്കണം… ഇവിടെ നിന്നാല്‍ പറ്റില്ല. കടല്‍ കടക്കുക തന്നെ -അവളുടെ നിശ്ചയദാര്‍ഢ്യത്തില്‍ മറുത്തൊന്നും പറയാനാവാതെ ഞാന്‍ തരിച്ചു നിന്നു. മനസ്സുകൊണ്ട് പ്രാര്‍ഥിച്ചു. പടച്ചവനേ ഒരു ഗദ്ദാമയുടെ ജീവിതപ്പകര്‍ച്ച കൂടി ഇവളില്‍ നിന്ന് കേള്‍ക്കാന്‍ ഇടവരരുതേ…

3 thoughts on “പെണ്‍മ-ഷാഹിദക്ക് ഗദ്ദാമയിലേക്കുള്ള ദൂരം

  1. ആണുങ്ങള്‍ക്ക് വായിക്കുകയും അഭിപ്രായംപരയുകയും ആവാമല്ലോ അല്ലെ..?വളരെ ഹൃദയ സ്പര്‍ശിയായി ഈ അനുഭവ ക്കു റി പ്പ് രചയിതാവിന് അഭിനന്ദനങ്ങള്‍..

  2. iniyethra shahidamar….. arangathum anuyarayilum ….
    മനസ്സുകൊണ്ട് പ്രാര്‍ഥിkkunnu. ഒരു ഗദ്ദാമയുടെ ജീവിതപ്പകര്‍ച്ച കൂടി ഇവളില്‍ നിന്ന് കേള്‍ക്കാന്‍ഇടവരരുതേ…… ennu nhanum prarthikkunnu…

  3. കോഴിക്കോട്‌ കോര്‍പറേഷന്‍ പരിധിയില്‍ നിന്ന്‌ മാത്രം 2008-09 കാലയളവില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ 309 സ്‌ത്രീകള്‍ വ്യത്യസ്ഥ രീതിയിലുള്ള പീഡനങ്ങള്‍ക്കിരയായതായി വനിതാ കമ്മീഷനും കോര്‍പ്പറേഷനും നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 155പേര്‍ ശാരീരിക പീഡനങ്ങള്‍ക്കും 130പേര്‍ മാനസിക പീഡനങ്ങള്‍ക്കും 33പേര്‍ സാമ്പത്തിക പീഡനങ്ങള്‍ക്കും ഇരയായതായി സര്‍വേ ചൂണ്ടികാട്ടുന്നു.

    98ശതമാനവും ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരായിരുന്നു. കടുത്ത ദാരിദ്ര്യം, ഭര്‍ത്താവിന്റെ അസുഖം, വിധവകള്‍, ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരായിരുന്നു ഭൂരിഭാഗവും. 750പേര്‍ സ്വകാര്യ ഏജന്‍സി വഴിയും70പേര്‍ സര്‍ക്കാര്‍ സഹായത്തോടെയുമായിരുന്നു ഗള്‍ഫിലേക്ക്‌ പറന്നത്‌. 42പേരെ വിസയില്ലാതെയും ഏജന്‍സികള്‍ കയറ്റി അയച്ചു. 219പേര്‍ യാത്രക്കിടെ വിവിധ കബളിപ്പിക്കലിനിരയായി. 123പേര്‍ക്ക്‌ മാത്രമെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭ്യമായൊള്ളൂ. 1836പേര്‍ പോയതും വീട്ടുജോലിക്കായിരുന്നു.http://hamzaalungal.blogspot.com/

Leave a Reply to nanmandan Cancel reply

Your email address will not be published. Required fields are marked *