ആകര്‍ഷകമാകുന്ന ബാങ്ക് നിക്ഷേപങ്ങള്‍- ഇന്‍വെസ്റ്റേഴ്സ് കോര്‍ണര്‍

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് പണവിപണിയില്‍ പിടിമുറുക്കിയതോടെ അടിക്കടി പലിശ നിരക്ക് ഉയര്‍ത്തുന്ന തിരക്കിലാണ് വാണിജ്യ ബാങ്കുകള്‍. ഈ പലിശ ഭാരം വെട്ടിലാക്കിയിരിക്കുന്നത് ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ എടുത്ത ഉപഭോക്താക്കളെയാണ്. എന്നാല്‍ അവരുടെ ഈ ഭാരം ഗുണകരമാകുന്ന ഒരു വിഭാഗമുണ്ട്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങള്‍ തേടുന്ന നിക്ഷേപകരെ. സമീപകാലത്ത് പലിശ നിരക്ക് കാര്യമായ ഉയര്‍ന്നതോടെ ഏറെ ആകര്‍ഷകമായിരിക്കുകയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍.
ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരത്തിന് അധികമെന്നും അലോചിക്കേണ്ടതില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ തന്നെ. ഓഹരി വിലകളുടെ ചാഞ്ചാട്ടം മൂലമുള്ള ഏറ്റക്കുറച്ചിലുകളോ മ്യൂച്വല്‍ ഫണ്ടുകളെ പോലെ ആസ്തി മൂല്യത്തില്‍ പൊടുന്നനെയുള്ള ഇടിവുകളോ ബാങ്ക് നിക്ഷേപങ്ങളെ ബാധിക്കില്ല. എന്ന് മാത്രമല്ല നിക്ഷേപ തുക ഒരിക്കല്‍ പോലും കുറയുകയുമില്ല. നിക്ഷേപങ്ങളില്‍ നിന്ന് വായ്പയെടുക്കാനുള്ള സൌകര്യം ഇതിനു പുറമെ.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം പലിശ നിരക്കില്‍ രണ്ട് മുതല്‍ മൂന്നു ശതമാനം വരെയാണ് വര്‍ധന ഉണ്ടായത്. ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 11ശതമാനം വരെ പലിശ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ മൂലം വിപണിയില്‍ പണലഭ്യത കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഇതു മൂലം നിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍ ഇനിയും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാന്‍ നിര്‍ബന്ധിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് വൈകാതെ പലിശ നിരക്ക് ഇനിയും ഉയരും.
ഈ അവസരം ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്കും മറ്റും നന്നായി വിനിയോഗിക്കാവുന്നതാണ്. ലഭ്യമായ എറ്റവും ഉയര്‍ന്ന കാലാവധിക്ക് പണം നിക്ഷേപിക്കുകയാണ് വേണ്ടത്. എന്നാല്‍ ബാങ്കുകളും കരുതലോടെ മാത്രമാണ് നീങ്ങുന്നത്.
സാധാരണ ഏറ്റവും ഉയര്‍ന്ന കാലാവധിക്കാണ് ബാങ്കുകള്‍ ഏറ്റവും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ നിര്‍ബന്ധിതമായതോടെ ഇപ്പോള്‍ ഏറ്റവും കുറഞ്ഞ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന പലിശ.
കൈവശം ധാരാളം പൈസ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ സാഹചര്യം വിനിയോഗിക്കാനാവുകയെന്ന് കരുതിയാല്‍ തെറ്റി. മാസം നിശ്ചിത തുക നീക്കിവെയ്ക്കാന്‍ കഴിയുന്നവര്‍ക്കും ഉയര്‍ന്ന പലിശ നിരക്ക് ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന റിക്കറിങ് ഡെപ്പോസിറ്റുകളാണ് ഇക്കുട്ടര്‍ക്ക് വിനിയോഗിക്കാവുന്നത്. പത്തുവര്‍ഷ കാലാവധിക്കു വരെ റിക്കറിങ് ഡെപ്പോസിറ്റുകള്‍ തുടങ്ങാനാവും. ഭാവിയിലേക്ക് നല്ലൊരു തുക സാമ്പാദിച്ചു വെയ്ക്കാനും ഇത്തരം നിക്ഷേപങ്ങള്‍ സഹായിക്കും.
ഇപ്പോഴത്തെ പലിശ നിരക്കില്‍ ബാങ്കില്‍ പ്രതിമാസം 1000 രൂപ 10 വര്‍ഷത്തെ റിക്കറിങ് ഡെപ്പൊസിറ്റ് പദ്ധതിയില്‍ മുടക്കിയാല്‍ കിട്ടുന്ന തുക ഊഹിക്കാമോ? 1,94,200 രൂപ !!!

Leave a Reply

Your email address will not be published. Required fields are marked *