തീ കൊണ്ടും സഹനം കൊണ്ടും ഒരു കവിത

ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഷര്‍മിളയുടെ സ്വപ്നങ്ങളില്‍ മരണത്തിന്റെ നിഴല്‍ പോലുമില്ല. പക്ഷേ, അവള്‍ക്കറിയാം താന്‍ നടന്നടുക്കുന്നത് മരണത്തിലേക്ക് മാത്രമാണെന്ന്. മൂക്കിന്‍ തുമ്പത്തേക്ക് നീണ്ടു കിടക്കുന്ന രണ്ട് കുഴലുകളില്‍ ഒരു ദശബ്ദത്തിലേറെയായി തൂങ്ങിക്കിടക്കുന്ന അവളുടെ ജീവിതത്തിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കാന്‍ ഇനിയും നമ്മിലെത്ര പേര്‍ക്ക് കഴിയുന്നുണ്ട്-അഞ്ജലി ദിലീപ് എഴുതുന്നു

 

 

‘woman is your own reflection,
and whatver you are she is;
whrever you lives she lives; she is like religion,
if not interpreted by the ignorant,
and like a moon,if not veiled with clouds,
and like a breeze,
if not poisoned with impurities

Khalil Gibran

 

അഞ്ജലി ദിലീപ്

പെണ്ണിനെ നിര്‍വചിക്കാന്‍ ഇതിലേറെ അര്‍ഥഭേദങ്ങളുടെ ആവശ്യമില്ല. അത്ര ഭിന്നം സ്ത്രീജീവിത യാഥാര്‍ഥ്യങ്ങള്‍. മുഖങ്ങള്‍, ചിന്തകള്‍, വിഷയങ്ങള്‍.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ചുറ്റും കോമാളിവേഷം കെട്ടിയാടുന്ന കുറേ തുണിപ്പാവകളെ. പീഡനം, കൂട്ടബലാല്‍സംഗം, മൊബൈല്‍ വാണിഭം, എണ്ണിയാല്‍ തീരാത്തത്ര ശബ്ദകോലാഹലങ്ങള്‍ക്കുശേഷം പിഞ്ചിയ കടലാസു കഷണം പോലെ നിശãബ്ദമായി കിടക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായത.
ഈ മൊണ്ടാഷിനിടയില്‍ സ്വത്വബോധത്തിലേക്ക് നടന്നടുക്കുക എളുപ്പമല്ല.

ചുരുക്കം ചില ശബ്ദങ്ങളേ ആ വഴിക്ക് കാണാനാവൂ.
വിജനമായ ആ വഴിത്താരയുടെ മുള്‍ച്ചെടി പടര്‍പ്പിനടുത്ത്, എന്തിനെയോ കാത്തെന്നപോലെ അവളെക്കാണാം. പരസഹായമില്ലാതെ ഒരു നെടുവീര്‍പ്പു പോലും അന്യമായവള്‍. എങ്കിലും അവള്‍, സ്വന്തം ദേശത്തിനും മനുഷ്യര്‍ക്കുമായി കത്തി ജ്വലിക്കുന്നൊരു സൂര്യന്‍. ഇറോം ഷര്‍മിള എന്ന മുപ്പത്തഞ്ചുകാരി.

 

courtesy: rediff

 

അവള്‍
ഒരു ജനതയുടെ പോരാട്ടത്തിനു നടുവില്‍, വാരിപ്പുതച്ച കമ്പിളിത്തുണികള്‍ക്കിടയില്‍ പെറുക്കിക്കൂട്ടി വെച്ച എല്ലിന്‍കഷണങ്ങളുടെ മനുഷ്യരൂപം. ചുറ്റിനും പത്തിവിടര്‍ത്തി നില്‍ക്കുന്ന ധാര്‍ഷ്ഠ്യത്തിന്റെ മുഖങ്ങളെ സഹനം കൊണ്ട് തോല്‍പ്പിക്കുന്ന ധീരതയുടെ ആള്‍രൂപം. അധികാരത്തിന്റെ തുറുകണ്ണുകള്‍ക്കിടയിലും ചക്രവാളത്തില്‍ പാതി മറഞ്ഞ സൂര്യനെ പോലെ വെട്ടിത്തിളങ്ങുന്നുഅവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍നിന്ന് പ്രസരിക്കുന്ന വെളിച്ചത്തിന്റെ നിറഭേദങ്ങള്‍ സ്വന്തം ജനതക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും തീര്‍ക്കുന്നു.

പട്ടിണി കൊണ്ടുള്ള സമരത്തിന്റെ ഇല്ലായ്മ തീര്‍ക്കാന്‍ അവള്‍ക്കരികില്‍ എത്തിയത് അക്ഷരങ്ങളാണ്. അവ അവള്‍ക്ക് സമൃദ്ധമായ വിരുന്നൊരുക്കി. വാക്കുകള്‍ അവള്‍ക്കായി പൂമെത്തയൊരുക്കി. അതിന് കാനാറിപ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു.

‘ഈ ചങ്ങലകള്‍ അഴിച്ചു മാറ്റി എന്നെ മോചിപ്പിക്കൂ. ഇവ മുള്ളുകളാല്‍ നിര്‍മിക്കപ്പെട്ട വളകളെന്നപോലെ എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ ഈ ഇരുണ്ട മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവള്‍. എന്റെ ശബ്ദങ്ങള്‍ മുറിയുടെ നാലു ചുവരുകളില്‍ തട്ടി എന്നിലേക്കു തന്നെ തിരിച്ചുവരുന്നു. അവയ്ക്ക് ചിരിയുടെ മാസ്മരികതയോ താരാട്ടുപാട്ടിന്റെ ആര്‍ദ്രതയോ ഞാന്‍ കാണുന്നില്ല’-ഒരിക്കല്‍ അവള്‍ എഴുതി.

ജയിലിനുള്ളിലെ പാതി മറച്ച ജനലഴിയുടെ താഴെ ചമ്രം പടിഞ്ഞിരുന്ന് സ്വാതന്ത്യ്ര ഗീതങ്ങള്‍ രചിച്ചു കൊണ്ടേയിരുന്നു, അവള്‍. പെട്ടെന്ന് എവിടെനിന്നോ മാന്ത്രികക്കുതിരയില്‍ അവള്‍ക്കായി പറന്നെത്തി, ഒരു രാജകുമാരന്‍. അവര്‍ കവിതകള്‍ കൊണ്ട് ഊടും പാവും നെയ്തു. അവരുടെ മൌനം സങ്കീര്‍ത്തനങ്ങളുടെ പുതിയ വാതായനങ്ങള്‍ തേടി. അവളുടെ ഉള്ളിലെ ഇരമ്പുന്ന കടലിനെയും നോവുന്ന നൂറുകണക്കിന് ആത്മാക്കളെയും അവന്‍ തിരിച്ചറിഞ്ഞു.

 

സൈന്യം നടത്തുന്ന കൊടുംക്രൂരതകളില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ അമ്മമാര്‍ നടത്തിയ പ്രതിഷേധ സമരം

 

അമ്മ
ഇല്ലാതാക്കപ്പെട്ട മക്കളുടെ വിലാപങ്ങള്‍ തുന്നിച്ചേര്‍ത്ത അമ്മമാരുടെ ദുഖം ഇറോം സ്വന്തം ചുമയലിലേറ്റി. ആ അമ്മമാര്‍ നഗ്നതയെന്ന ശരീരഭാഷയെ തെരുവിലേക്ക് വലിച്ചെറിഞ്ഞ് അവള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. 2004ല്‍ സൈന്യം ബലാല്‍സംഗം ചെയ്ത് കൊന്ന മനോരമാദേവിയുടെ പൊള്ളുന്ന ഓര്‍മ്മ അവള്‍ക്കൊപ്പം നിന്നു. മനോരമയെ പിച്ചിച്ചീന്തിയ കഴുകന്‍മാരുടെ കൈകളിലേക്കുതന്നെ അവള്‍ സ്വന്തം മാംസം ദാനം ചെയ്യുന്നു.

 

 

അവര്‍
ദല്‍ഹിയിലെ രാഷ്ട്രീയ ഗോദയില്‍ അന്നാഹസാരേയുടെ ഗാന്ധിത്തൊപ്പിക്കുള്ളില്‍ അരങ്ങുതകര്‍ത്ത നാടകത്തിന്റെ ആദ്യാവസാനം ബുദ്ധിജീവി വര്‍ഗവും ക്യാമറക്കണ്ണുകളും സത്യഗ്രഹം സത്യഗ്രഹം എന്ന് വിലപിച്ചപ്പോള്‍ ആരും അവളെ കണ്ടതേയില്ല.
മണിപ്പൂരില്‍ വെടിയൊച്ചകള്‍ക്കൊപ്പം ഇല്ലാതാവുന്ന ജീവനുവേണ്ടി അന്നേരവും, ഇറോമും അവളുടെ ഓരോ ശ്വാസ നിശ്വാസങ്ങളും മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ദില്ലിയില്‍ ഉയര്‍ന്നുകത്തിയ പൌരബോധം അവളെ കണ്ടതേയില്ല. അവള്‍ക്കായി പാടുവാന്‍ ആരുമുണ്ടായിരുന്നില്ല.

ജീവനാളങ്ങള്‍
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഷര്‍മിളയുടെ സ്വപ്നങ്ങളില്‍ മരണത്തിന്റെ നിഴല്‍ പോലുമില്ല. പക്ഷേ, അവള്‍ക്കറിയാം താന്‍ നടന്നടുക്കുന്നത് മരണത്തിലേക്ക് മാത്രമാണെന്ന്. മൂക്കിന്‍ തുമ്പത്തേക്ക് നീണ്ടു കിടക്കുന്ന രണ്ട് കുഴലുകളില്‍ ഒരു ദശബ്ദത്തിലേറെയായി തൂങ്ങിക്കിടക്കുന്ന അവളുടെ ജീവിതത്തിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കാന്‍ ഇനിയും നമ്മിലെത്ര പേര്‍ക്ക് കഴിയുന്നുണ്ട്.
എന്തു കൊണ്ട് നിങ്ങള്‍ക്ക് ഇറോം ശര്‍മിളയെക്കുറിച്ച് ഒരു ഫീച്ചര്‍ എഴുതിക്കൂടാ എന്ന ഒരു മാധ്യമ സുഹൃത്തിനോടുള്ള എന്റെ ചോദ്യത്തിന് ആരാണീ ഇറോം ഷര്‍മിള എന്നായിരുന്നു മറുചോദ്യം .
‘ജീവിതം മഹത്തരമാണ്. അന്ത്യത്തിലേക്ക് നടന്നടുക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങളിലെ ഇരുട്ടിന്റെ വെളിച്ചമാകും. എന്നിട്ട് വിശ്വമാകുന്ന വിളനിലത്തില്‍ വിത്തുവിതക്കും. അവിടെ നിത്യസത്യമെന്ന മഹാവൃക്ഷത്തിന്റെ വേരുകള്‍ പാകും’-അവള്‍ തുടരുകയാണ്.

6 thoughts on “തീ കൊണ്ടും സഹനം കൊണ്ടും ഒരു കവിത

 1. ഭാഷയും അവതരണവും പ്രമേയവും
  മനോഹരമായി ലയിക്കുന്ന കുറിപ്പ്.
  അഭിനന്ദനങ്ങള്‍

 2. ഇന്ത്യന്‍ പട്ടാള്ളത്തിനും, ഇന്ത്യന്‍ മന്ത്രിമാര്‍ക്കും, ഇന്ത്യന്‍ സ്ത്രികളെ ബലാത്സംഗം ചെയ്യാന്‍ അവകാശം നല്‍കിയത് ആരാണ്? എന്ത് കൊണ്ട് നമ്മുക്ക് അവര്കെതിരെ പോരാടി വീര മൃത്യു വരിച്ചു കൂടാ? ……..ധനം കൊള്ളയടിക്കാം, തമ്പുരകന്മാര്‍ക്ക്, വിദേശങ്ങളില്‍ നിക്ഷേപികാം, ഒരു തമ്പുരാനേ ഒന്ന് തൊട്ടാല്‍, എന്തൊരു ആക്രോശം! മിഡ്യകളും, പട്ടികളും!

 3. ഇറോം ശര്‍മ്മിളയെക്കുറിച്ച് ആദ്യമായാണ്
  ഞാന്‍ ഇങ്ങന്നെ യുള്ള പൊള്ളുന്ന അനുഭവം വായിക്കുന്നത്.നല്ല ഭാഷയില്‍..നല്ല നിരീക്ഷണത്തില്‍…ഒരു പെണ്ണിന്‍റെ വേദനകളെ പെണ്പക്ഷതുനിന്നു തന്നെ വിലയിരുത്താന്‍ അഞ്ജലിക്ക് കഴിഞ്ഞിരിക്കുന്നു.ഇറോം ഇന്ത്യയിലെ പൊരുതുന്ന സ്ത്രീത്വത്തിന്‍റെ പ്രതീകം മാത്രമാണ്.ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്ത സമരോത്സുകമായ ഇന്ത്യന്‍ സ്ത്രീത്വം.അതിന്‍റെ ജ്വാലകളെ കെടാതെ കാക്കാന്‍ അഞ്ജലിയുടെ എഴുത്തിനു കഴിഞ്ഞിരിക്കുന്നു.എല്ലാ കോര്‍പ്പറേറ്റ് മാധ്യമങ്ങളും അന്നഹസാ രെയുടെ സമരത്തെ വാഴ്ത്തിപ്പാടിയപ്പോള്‍ അവര്‍ ഇറോമിനെ കണ്ടില്ലെന്നു നടിച്ചു.എന്നിട്ടും ഇറോം അവരുടെ മുന്നില്‍ തോറ്റില്ല.ഇരോമിന്‍റെ ഈ സമരത്തെ പ്രകീര്‍ത്തിച്ച അഞ്ജലിക്ക് ഒരായിരം അഭിനന്ദനങള്‍.

 4. ഇറോം ശര്മിലയുടെ പോരാട്ടം അഞ്ജലിയുടെ വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നു
  നന്ദി

 5. കുറെ നാളുകള്ക്കു
  ശേഷമാണ് ഇറോം ശര്മിള്ളയെകുറിച്ച് വായിക്കാന്‍ കിട്ടുന്നത്…..നല്ല ശൈലി…..കൂടുതല്‍ എഴുതൂ……!

Leave a Reply

Your email address will not be published. Required fields are marked *