ഗോള്‍മാര്‍ക്കറ്റിസം

മഹത്തായ ഒക്ടോബര്‍ വിപ്ളവം കഴിഞ്ഞ് 90 ആണ്ട് പിന്നിട്ടപ്പോഴാണ് ഡല്‍ഹിയിലെ ഗോള്‍മാര്‍ക്കറ്റിലുള്ള സി.പി.എം ആസ്ഥാനത്തെ വരാന്തയില്‍ ലെനിന്‍ പ്രത്യക്ഷപ്പെട്ടത്. അതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍മാരിലൊരാളായ എ.കെ.ജിയുടെ തവിട്ടു നിറമുള്ള പ്രതിമയെ തുറിച്ചു നോക്കുന്ന ഒരു തൂവെള്ള മാര്‍ബില്‍ പ്രതിമയുടെ രൂപത്തില്‍. അവിഭക്ത സോവിയറ്റ് യൂണിയന്‍ സമ്മാനിച്ച ലെനിന്‍ പ്രതിമ എ.കെ.ജി ഭവനിലെ ബങ്കറില്‍ 16 വര്‍ഷം പൊടിപിടിച്ചു കിടന്നു. ഇത് കണ്ടെടുത്ത് കഴുകി മിനുക്കി സ്ഥാപിച്ച ശേഷം 2007 നവംബര്‍ എട്ടിന് പ്രകാശ് കാരാട്ട് അമേരിക്കയേയും ജോര്‍ജ് ബുഷിനേയും വെല്ലുവിളിച്ചു. ലെനിനെ ഹിറ്റ്ലറും ഒസാമ ബിന്‍ ലാദനുമായി താരതമ്യപ്പെടുത്തിയ ബുഷിന് ചരിത്ര ബോധമില്ലെന്നും സാമ്രാജ്യത്വത്തിനും ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ പോരാടിയാളാണ് ലെനിനെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമ സ്ഥാപിച്ചതും ഇതിനു ശേഷം കൃത്യം എട്ടുമാസം കഴിഞ്ഞ് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതു പാര്‍ട്ടികള്‍ പിന്‍വലിച്ചതും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. എന്നാല്‍ യു.പി.എ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച 2004 മുതല്‍ ഗോള്‍മാര്‍ക്കറ്റ് പരിസരത്ത് മറ്റൊരു രീതിയില്‍ ജനകീയ ചൈനീസ് ലൈന്‍ന്‍ പച്ച പിടിച്ചിരുന്നു. മുറുക്കാന്‍ കടകളും സിഗരറ്റ് കടകളും മുതല്‍ ചെറുകിട ഹോട്ടലുകളും മദ്യക്കടകളും കോഴിക്കടകളും, മെഡിക്കല്‍ സ്റ്റോറുകളും വരെ ചേരുന്ന തൊഴിലാളി, ബൂര്‍ഷ്വ, പെറ്റി ബുര്‍ഷ്വ കൂട്ടായ്മ വളര്‍ന്നു. മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ഒഴുക്കും വാഹനങ്ങളുടെ അലര്‍ച്ചകളും ഒ.ബി വാനുകളുടെ തിരക്കുമായി എ.കെ.ജി ഭവനു ചുറ്റുമുളള ഗോള്‍മാര്‍ക്കറ്റ് പരിസരത്തെ ജനജീവിതം ഒരു പരിധി വരെ സി.പി.എമ്മിന്റെ നിലപാടിനെ ആശ്രയിച്ചിരുന്നുവെന്നായിരുന്നു വാസ്തവം. അവിടെ നിന്ന് ഇന്ന് എ.കെ.ജി ആസ്ഥാനത്ത് എത്തുമ്പോള്‍ ചിത്രം മാറിയിരിക്കുന്നു. യു.പി.എ സര്‍ക്കാരിനെ കൈ പിടിച്ചു നടത്തിയിരുന്ന സി.പി.എമ്മിന്റെ പ്രതാപം ഗോള്‍മാര്‍ക്കറ്റില്‍ അവസാനിച്ചിരിക്കുന്നു. മുറുക്കാന്‍ കടകളും സിഗരറ്റും ചായയും വില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ സ്ഥലം മാറി പോയി. ബംഗാളിലേയും കേരളത്തിലേയും ചില മാധ്യമ പ്രവര്‍ത്തകര്‍ മാത്രം തീര്‍ഥയാത്ര പോലെ വല്ലപ്പോഴും ഇവിടെ കയറിയിറങ്ങുന്നു. കേരളത്തില്‍ നിന്ന് ഡല്‍ഹി കാണാനെത്തുന്നവരില്‍ ചിലര്‍ കരോള്‍ ബാഗിലെ ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെ വല്ലപ്പോഴും തല പുറത്തേക്കിട്ട് തങ്ങളുടെ പാര്‍ട്ടി ഓഫീസിനെ നോക്കി കുറച്ചൊരു അഹങ്കാരവും നെടുവീര്‍പ്പുമായി യാത്ര തുടരുന്നു.

1960ലെ മോസ്കോ പ്രഖ്യാപനത്തിനെതിരെ മാവോ കൊണ്ടു വന്ന ജനകീയ ലൈന്‍ ഇന്ത്യയില്‍ സി.പി.എമ്മിന്റെ പിറവിക്ക് കാരണമായെന്ന് പറയാമെങ്കിലും ഇതിന്റെ തുടര്‍ച്ചയായി പ്രത്യയശാസ്ത്ര കാര്യത്തില്‍ വ്യക്തത വരുത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നാണ് ലെനിനിസ്റ്റുകള്‍ പറയുന്നത്. റഷ്യന്‍ ലെനിനെ തത്വത്തില്‍ തള്ളിപ്പറഞ്ഞെങ്കിലും ജനകീയ ചൈനീസ് ലൈന്‍ സ്വീകരിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ പതിറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും ഇടതുപാര്‍ട്ടികള്‍ക്കോ സി.പി.എമ്മിന് പ്രത്യേകിച്ചോ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുതലാളിത്ത പുന:സ്ഥാപനം അസാധ്യമായി തീര്‍ന്നിരിക്കുന്നുവെന്ന മോസ്കോ പ്രഖ്യാപനത്തെ അംഗീകരിച്ചതാണ് പറ്റിയ തെറ്റെന്ന് പ്രഖ്യാപിക്കുകയും എന്നാല്‍ മാവോ പ്രഖ്യാപിച്ച പുത്തന്‍ കോളനിവത്കരണത്തെ തകര്‍ത്തെറിയല്‍ നടപ്പാക്കാന്‍ ശേഷിയില്ലാതെ ഇന്നും പ്രാഗ്മാറ്റിസത്തില്‍ തുടരുന്ന പാര്‍ട്ടിയായി സി.പി.എം തുടരുകയും ചെയ്യുന്നു. ആദ്യ ജനറല്‍ സെക്രട്ടറിയെ തന്നെ രാജി വയ്പിച്ച പാര്‍ട്ടി പിന്നീട് തെറ്റു തിരുത്തി ജനാധിപത്യ സോഷ്യലിസ്റ്റ് ലൈന്‍ വേണമെന്ന് പ്രത്യയശാസ്ത്ര വ്യക്തത വരുത്താന്‍ തുടരെ ശ്രമിക്കുന്നുണ്ട്. എന്നിട്ടും എന്തിനാണ് ലെനിന്‍ പ്രതിമ പിന്നെയും സി.പി.എം ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്?
ഒപ്പം ഗോള്‍മാര്‍ക്കറ്റിലെന്നാണ് ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ളവം പൂര്‍ത്തിയാവുന്നതെന്ന സന്ദേഹവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *