‘ഡര്‍ട്ടി പിക്ചര്‍’ പറയാത്ത സില്‍ക്ക് സ്മിതയുടെ ജീവിതം

ഇത് ‘ഡര്‍ട്ടി പിക്ചറെ’ന്ന വെറുമൊരു പണംവാരിപ്പടത്തിന്റെ പോസ്റ് മോര്‍ട്ടമല്ല. മറിച്ച്, അത് പറയാതെപോയ വരികളെ ചേര്‍ത്തെഴുതാനുള്ള ശ്രമമാണ്. സ്മിത ജീവിച്ച കോടമ്പാക്കത്തിന്റെ മണ്ണിലൂടെ, അവരെ അടുത്തറിഞ്ഞ മനുഷ്യരിലൂടെ ഒരു യാത്ര. അവര്‍ സൃഷ്ടിക്കുന്ന ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും നിറഞ്ഞ കഥകളും ചേര്‍ത്തുവെച്ച്, ജീവിച്ചിരുന്ന സ്മിതയെ പുന:സൃഷ്ടിക്കല്‍. ആ സ്മിതയുമായി ഡര്‍ട്ടി പിക്ചര്‍ കാണല്‍. അടിസ്ഥാനപരമായി, സ്മിത എന്ന മനുഷ്യ ജീവിയെ മനസ്സിലാക്കല്‍-പി.ബി അനൂപ് നടത്തുന്ന അന്വേഷണം

 

ആദ്യമേ പറയട്ടെ,
ഇവിടെ പരാമര്‍ശിക്കുന്ന കഥയും, കഥാപാത്രങ്ങളും യഥാര്‍ത്ഥമാണ്.
ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആര്‍ക്കെങ്കിലുമായി ബന്ധമുണ്ടെങ്കില്‍
അത് തികച്ചും ബോധപൂര്‍വ്വമാണ്.

 

 

 

Dogs never bite me, just humans; I have feelings too. I am still human, all I want is to be loved.
A sex symbol becomes a thing. I just hate to be a thing.
Being a sex symbol is a heavy load to carry, especially when one is tired, hurt and bewildered.
An actress is not a machine, but they treat you like a machine. A money machine.”

Marilyn Monroe

 

 

‘ചീത്ത ചിത്രം’ കണ്ടിറങ്ങുമ്പോള്‍
ഒരു ‘ചീത്ത ചിത്രം’ കണ്ടിറങ്ങുമ്പോള്‍ തെന്നിന്ത്യയുടെ സര്‍പ്പ സൌന്ദര്യം സില്‍ക്ക് സ്മിതയും, തിരൈ ഉലകില്‍ അവര്‍ അഗ്നി പടര്‍ത്തിയ കോടമ്പാക്കത്തിന്റെ എരിഞ്ഞടങ്ങുന്ന പ്രതാപകാലവും വീണ്ടും ഓര്‍മ്മകളിലെത്തുന്നു. ചില ചോദ്യങ്ങള്‍ മനസ്സിലവശേഷിക്കുന്നു.

1. സ്മിതയുടെ ജീവചരിത്രമെന്ന് എല്ലാ അര്‍ത്ഥത്തിലും പറയാതെ പറഞ്ഞ് അവരുടെ ജന്മദിനമായ ഡിസംബര്‍ 2ന് തിയ്യേറ്ററുകളിലെത്തിയ ‘ഡര്‍ട്ടി പിക്ചര്‍’ ആ ജീവിതത്തോട് എത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നു?
2. സിനിമയില്‍ പറയും പോലെ, സ്വന്തം ശരീവും കിടപ്പറയിലെ കരുത്തും കൊണ്ട് മാത്രം ക്യാമറക്ക് മുന്‍പിലെത്താനും ചലച്ചിത്ര ലോകത്ത് തുടരാനും കഴിഞ്ഞ താരമാണോ സില്‍ക്ക്?
3. ചിത്രത്തില്‍ നസ്റുദ്ദീന്‍ ഷാ അവതരിപ്പിച്ച ‘സൂര്യകാന്ത്’ എന്ന അഴകിയ രാവണനായ സൂപ്പര്‍സ്റാര്‍ ആരാണ്? അയാളുടെ പേരും അഭിനയ ശൈലിയും ആരെയാണ് ഓര്‍മ്മപ്പെടുത്തുന്നത്?
4. ഇതിനെല്ലാം ഉപരിയായി, എന്താണ് സില്‍ക്ക് സ്മിതയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം?

വിദ്യാ ബാലന്‍ ഡര്‍ടി പിക്ചറില്‍

ആരുടെ ‘ചീത്ത ചിത്രം’?
വിടവാങ്ങി ഒന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും സില്‍ക്ക് എന്ന ‘ബോക്സ് ഓഫീസ്’ വിജയ ചേരുവയ്ക്ക് ഇന്നുമുള്ള വശ്യത, ‘ശേãാ! നമ്മുടെ പാലക്കാടന്‍ പട്ടത്തി പെണ്‍കൊച്ച് ഇങ്ങിനെയൊക്കെ അഭിനയിക്കുമോ …’ എന്ന് എല്ലാവരെക്കൊണ്ടും പറയിച്ച വിദ്യാ ബാലന്റെ ‘മാംസനിബദ്ധ’ അഭിനയരാഗം, പുട്ടിനിടയില്‍ പീരപോലെ സില്‍ക്കിനെ മെര്‍ലിന്‍ മണ്‍റോയാക്കാനായി ആസക്തികള്‍ക്കിടയില്‍ അതിഭാവുകത്വവും ഫിലോസഫിയും കുത്തിനിറച്ചു തീര്‍ത്ത തിരക്കഥ, ഉത്തരേന്ത്യന്‍ വീട്ടമ്മമാരുടെ കണ്ണീര് വിറ്റ് കാശുണ്ടാക്കിയ ഏക്താ കപൂറിന്റെ വിപണന മികവ് ^ഇവയെല്ലാം ചേര്‍ന്നാണ് ‘ഡര്‍ട്ടി പിക്ചര്‍’ വന്‍ വിജയമായത്. അത് ബൊളീവുഡിലെ കൊലകൊമ്പന്‍മാരായ ‘ഖാന്‍’ പിറപ്പുകളുടെ ചിത്രങ്ങള്‍ക്കൊപ്പമോ അതില്‍ കൂടുതലോ പണം വാരി. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ’ എന്ന ചിത്രത്തിലൂടെ മുംബൈ അധോലോകത്തെ വിഗ്രഹവത്കരിച്ച, ഹാജി മസ്താനെ കായംകുളം കൊച്ചുണ്ണിയാക്കിയ അതേ ടീം തന്നെയാണ് അല്‍പ്പം നിലവാരക്കൂടുതലുള്ള ഒരു കമ്പിപ്പടത്തിലൂടെ സില്‍ക്കിന്റെ ജീവിതകഥയും പങ്കുവെയ്ക്കുന്നത്.

ചിത്രത്തിലുടനീളം ബൊളീവുഡ് വരേണ്യര്‍ക്ക് തെന്നിന്ത്യന്‍ സിനിമയോടുള്ള പുച്ഛഭാവം നിറഞ്ഞു നില്‍ക്കുന്നു. ദ്വയാര്‍ത്ഥസമ്പന്നമായ സംഭാഷണങ്ങളിലൂടെ രജത് അറോറയൊരുക്കിയ തിരക്കഥയ്ക്ക് സ്മിതയുടെ ജീവിതത്തോട് കാര്യമായ കൂറു പുലര്‍ത്താനായിട്ടില്ല. സ്മിതയുടെ ചിത്രങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് രജത് വ്യക്തമാക്കിയിട്ടുമുണ്ട്.
ഇത് ‘ഡര്‍ട്ടി പിക്ചറെ’ന്ന വെറുമൊരു പണംവാരിപ്പടത്തിന്റെ പോസ്റ് മോര്‍ട്ടമല്ല. മറിച്ച്, അത് പറയാതെപോയ വരികളെ ചേര്‍ത്തെഴുതാനുള്ള ശ്രമമാണ്. സ്മിത ജീവിച്ച കോടമ്പാക്കത്തിന്റെ മണ്ണിലൂടെ, അവരെ അടുത്തറിഞ്ഞ മനുഷ്യരിലൂടെ ഒരു യാത്ര. അവര്‍ സൃഷ്ടിക്കുന്ന ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും നിറഞ്ഞ കഥകളും ചേര്‍ത്തുവെച്ച്, ജീവിച്ചിരുന്ന സ്മിതയെ പുന:സൃഷ്ടിക്കല്‍. ആ സ്മിതയുമായി ഡര്‍ട്ടി പിക്ചര്‍ കാണല്‍. അടിസ്ഥാനപരമായി, സ്മിത എന്ന മനുഷ്യ ജീവിയെ മനസ്സിലാക്കല്‍.

സ്മിത എന്ന മനുഷ്യസ്ത്രീ
സത്യത്തില്‍ സ്മിതയെ കാലം എങ്ങിനെയാണ് അടയാളപ്പെടുത്തുന്നത്? ഒരു കാലഘട്ടത്തെ ഭ്രമിപ്പിച്ച മാദക റാണിയായോ? വെള്ളിത്തിരയുടെ വര്‍ണ്ണ വ്യവസ്ഥയെയും പുരുഷ മേധാവിത്വത്തെയും വെല്ലുവിളിച്ച നിഷേധിയായോ? സഹതാപം അര്‍ഹിക്കുന്ന ദുരന്ത ജീവിതമായോ?
വിലയിരുത്തലും വിശേഷണവും എന്തായാലും മുപ്പത്തിയഞ്ചാം വയസ്സില്‍ സാലിഗ്രാമിലെ ഫ്ലാറ്റില്‍ ജീവന് മരണംകൊണ്ട് കുരുക്കിടുംവരെ മറ്റുള്ളവര്‍ തന്നെ എങ്ങിനെ കാണുന്നു എന്ന് സില്‍ക്ക് ഒരിക്കലും ആശങ്കപ്പെട്ടിരുന്നില്ല. സിനിമാലോകം അങ്ങിനെയാണ്; എല്ലാ വിഴുപ്പുകളും ഏറ്റിവെയ്ക്കാന്‍, പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നക്ഷത്ര ലോകത്തിന് എക്കാലത്തും ആരെങ്കിലുമൊക്കെ വേണം. സില്‍ക്ക് ആ പ്രതിനായികകളില്‍ ഒരാളാണ്. പക്ഷെ അതേക്കുറിച്ച് അവര്‍ വ്യാകുലപ്പെട്ടതേയില്ല എന്ന് കോടമ്പാക്കത്തിന്റെ വഴികള്‍ പറഞ്ഞു തരുന്നു. ‘നമ്മുക്ക് കോവിലില്‍ പോകാം.’ എന്ന് പറയുമ്പോള്‍ പോലും സില്‍ക്കിന്റെ വാക്കുകളില്‍ മോഹിപ്പിക്കുന്ന വശ്യത ഉണ്ടാകുമെന്ന് തമിഴ് സിനിമാ ചരിത്രകാരന്‍ തിയോഡോര്‍ ഭാസ്ക്കരന്‍ പറയുന്നു:

കോടമ്പാക്കം
സത്യത്തില്‍, സ്മിതയുടെ കഥ തന്നെയാണ് കോടമ്പാക്കത്തിനും. നിറങ്ങള്‍ ചോര്‍ന്നു കിടക്കുന്ന കിടക്കുന്ന കോടമ്പാക്കത്തിന്റെ നെഞ്ചകത്തു കൂടെ നടക്കുമ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്നത് സ്മിതയുടെ ജീവിതത്തിലൂടെ കൂടെയാണ്. ഒരു ഉത്സവത്തിന്റെ തിരുശേഷിപ്പുകളിലൂടെ.

ആര്‍ക്കോട്ട് നവാബിന്റെ കുതിര ലായമായിരുന്നു കോടമ്പാക്കം. പിന്നീടത് തെന്നിന്ത്യന്‍ സിനിമയുടെ വിശുദ്ധഭൂമിയായി മാറി. ആ സ്വപ്നഗരിയുടെ അന്ത്യ നാളുകളുടെയും, സിനിമയുടെ മാറിയ വാണിജ്യ സമവാക്യങ്ങളുടെയും ഒരു ദിശാ സൂചകം തന്നെയാണ് സ്മിത. സ്മിതയെപ്പോലെ കോടമ്പാക്കവും നക്ഷത്ര തിളക്കത്തിലൂടെ നടന്നു ചെന്നത് ആത്മാഹുതിയിലേക്ക് തന്നെയാണ്. കോടമ്പാക്കവും ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി. നക്ഷത്ര ദീപ്തിയില്‍ ജ്വലിച്ചു. പിന്നെ മരണാന്ധതയുടെ തമോഗര്‍ത്തത്തില്‍ ഒടുങ്ങി. സ്മിത ആത്മഹത്യ കൊണ്ട് ആ നക്ഷത്ര മരണത്തിന് പൂര്‍ണ്ണ വിരാമമിട്ടപ്പോള്‍, കോടമ്പാക്കത്തിന്റെ മരണം പൂര്‍ണമായിട്ടില്ല. മരണം കാത്തു കിടക്കുന്ന ഒരു പ്രേതഭൂമിയുടെ തണുപ്പാണ് അതിന്റെ ജീവിതം. ഈ തിരിച്ചറിവാണ് എന്നെ കോടമ്പാക്കത്തിന്റെ മങ്ങിയ വഴികളിലേക്ക് നടത്തിച്ചത്.

സ്മിത

വിശപ്പിന്റെ വെള്ളിത്തിര
ജീവിത ദുരിതങ്ങളും വിശപ്പിന്റെ വിളിയുമായിരുന്നു വിജയലക്ഷ്മി എന്ന പെണ്‍കുട്ടിയെ കോടമ്പാക്കത്തെത്തിച്ചത്. ഒപ്പം ഉള്ളിന്റെയുള്ളില്‍ സൂക്ഷിച്ച ഒരു മോഹവും. തെലുങ്ക് താരറാണി സാവിത്രിയെപ്പോലെ പേരെടുത്ത ഒരു നടിയാകുക. ആ മോഹം പറഞ്ഞപ്പോള്‍ പക്ഷെ, മറ്റുള്ളവര്‍ കുത്തിനോവിച്ചു. ‘കറുത്ത് മെലിഞ്ഞ, കാണാന്‍ കൊള്ളാത്ത നീയെവിടെ, സാവി ത്രിയെവിടെ?’

വിഷാദപൂര്‍ണ്ണമായിരുന്നു വിജയലക്ഷ്മിയുടെ ബാല്യം. ആന്ധ്രയിലെ എലൂരിനടുത്ത തേവാലി ഗ്രാമത്തിലെ ഓലക്കുടിലില്‍ കഷ്ടപ്പാടുകള്‍ മാത്രം തിന്ന് അവളും അനുജനും അമ്മ നരസമ്മയും കഴിഞ്ഞു. അച്ഛന്‍ അവരെ ഉപേക്ഷിച്ചുപോയിരുന്നു. വേദന നിറഞ്ഞ ചിരിയും കീറിപ്പറിഞ്ഞ ഉടുപ്പുമായി അവള്‍ ബാല്യം ചെലവഴിച്ചു. വിശന്നു കരഞ്ഞപ്പോള്‍ കമഴ്ന്നുകിടന്ന് കണ്ണടച്ച് സ്വപ്നങ്ങള്‍ കാണാന്‍ അമ്മ കണ്ണീരോടെ അവളോട് പറഞ്ഞു. സ്കൂളില്‍ കൂട്ടുകാരൊത്ത് കളിക്കുമ്പോള്‍ മാത്രമാണ് അവള്‍ എല്ലാം മറന്നിരുന്നത്. ആ സന്തോഷവും അധികം നീണ്ടില്ല. മകളെ സ്കൂളിലയക്കുന്നതുപോലും നരസമ്മയ്ക്ക് വന്‍ ബാധ്യതയായിമാറി. ഒരു ദിവസം സ്കൂളില്‍ പോകാനൊരുങ്ങിയ കൊച്ചു വിജയലക്ഷ്മിയോട് ഇനി സ്കൂളില്‍ പോകേണ്ടെന്ന് നരസമ്മ പറഞ്ഞു.
ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നശേഷം വിജയലക്ഷ്മി അമ്മയെ വേദനയോടെ നോക്കി. നാലാം ക്ലാസ്സില്‍ പഠനം നിലച്ചു. നരസമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ വിജലക്ഷ്മിയെയും അനുജനെയും അയല്‍ക്കാരിയായ അന്നപൂര്‍ണ്ണിമാളുടെ അടുത്താക്കും. അന്നപൂര്‍ണ്ണിമാള്‍ക്ക് സിനിമയെന്നാല്‍ ജീവനായിരുന്നു. അവര്‍ വിജയലക്ഷ്മിയെയും സിനിമയ്ക്ക് കൊണ്ട് പോയി. സിനിമാക്കൊട്ടകയിലെ ഇരുളില്‍ തെളിഞ്ഞ വര്‍ണ്ണലോകം അവളെ മോഹിപ്പിച്ചു. മദിരാശി എന്നൊരു പട്ടണത്തില്‍ സിനിമയുടെ ഒരത്ഭുതലോകമുണ്ടെന്നും അവിടെയെത്തിയാല്‍ അവളുടെ കഷ്ടപ്പാടുകള്‍ മാറുമെന്നും കുടുംബം രക്ഷപ്പെടുമെന്നും അന്നപൂര്‍ണ്ണിമാള്‍ ഉപദേശിച്ചു.

വിശക്കുന്നവള്‍ക്ക് കിട്ടിയ അപ്പമായിരുന്നു ആ സ്വപ്നം. മദിരാശിയിലെ സമൃദ്ധി അവള്‍ സ്വപ്നം കണ്ടു. എന്നാല്‍, കൌമാരത്തിലെത്തിയപ്പോഴേക്കും ജീവിതം പെട്ടെന്ന് ട്രാക്ക് മാറി-വിവാഹം. അവിടെയും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. കണ്ണീരും കഷ്ട്ടപ്പാടുകളും മാത്രം. സഹികെട്ടപ്പോള്‍, പതിനാറാം വയസ്സില്‍ അന്നപൂര്‍ണ്ണിമാള്‍ക്കൊപ്പം വിജയലക്ഷ്മി മദിരാശിക്ക് വണ്ട് കയറി. 1977 ലെ ചുട്ടുപൊള്ളുന്ന ഒരു വേനല്‍ ദിനത്തില്‍ മദിരാശിയില്‍ വണ്ടിയിറങ്ങി. എല്ലാ സിനിമാമോഹികളെയുമെന്നപോലെ അവരും കോടമ്പക്കം വേല്‍ മുരുകനില്‍ അഭയം തേടി. അപര്‍ണ്ണയെന്ന ബി ഗ്രേഡ് നടിയുടെ വീട്ടുജോലിക്കാരിയും ടച്ച് അപ് ഗേളുമായി. മുരുകന്‍ കോവിലിനടുത്ത അപര്‍ണ്ണയുടെ വീട്ടിലെ ഒരു മൂലയില്‍ താമസം. പിഞ്ഞിക്കീറിയ വസ്ത്രം ധരിച്ച വിജയലക്ഷ്മി അപര്‍ണ്ണയുടെ വസ്ത്രങ്ങള്‍ അലക്കിയിരുന്നത് കൊതിയോടെയാവണം. എന്നെങ്കിലും അതുപോലെ മാന്യമായ വസ്ത്രം ധരിക്കാന്‍ കഴിയുമെന്ന മോഹത്തോടെ.

വെള്ളിവെളിച്ചത്തിലേക്ക്
ഒരു സൂപ്പര്‍ താരത്തിന് അഞ്ഞൂറ് തവണ കിടന്ന് കൊടുക്കാമെന്ന വാക്ക് നല്‍കിയാണ് സില്‍ക്ക് സിനിമയിലെത്തിയതെന്നാണ് ‘ഡര്‍ട്ടി പിക്ചര്‍’ പറയുന്നത്. ആ വാഗ്ദാനം പാലിക്കാനും, വെള്ളിവെളിച്ചത്തില്‍ തുടരാനുമായി പലപ്പോഴായി സില്‍ക്ക് അയാളുമായി ബന്ധപ്പെട്ടതിന്റെ കണക്ക് ചിത്രത്തില്‍ കാണിക്കുന്നുമുണ്ട്.
എന്നാല്‍, സത്യമെന്താണ്? 1979 ല്‍ മലയാളിയായ ആന്റണി ഈസ്റ്മാന്‍ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ പത്തൊന്‍പതാം വയസ്സിലാണ് സ്മിത സിനിമയിലെത്തിയത്. പുതിയ ചിത്രത്തില്‍ നായികയെത്തേടി കോടമ്പക്കത്തെത്തിയ ആന്റണി ഈസ്റ്മാന്‍ യാദൃശ്ചികമായാണ് വിജയലക്ഷ്മിയെ കണ്ടത്. കറുത്ത് മെലിഞ്ഞ ആ പെണ്‍കുട്ടിയുടെ കുറച്ച് ചിത്രങ്ങളെടുത്ത് ആന്റണി മടങ്ങി.

എന്നാല്‍,ചിത്രങ്ങളില്‍ ഒട്ടും തൃപ്തി തോന്നിയില്ല. രണ്ട് ദിവസം കഴിഞ്ഞ് ആ ഫോട്ടോകളില്‍ അവിചാരിതമായി കണ്ണുടക്കിയപ്പോള്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ക്ക് എന്തോ ഒരു ആകര്‍ഷകത്വമുണ്ടെന്ന് ആന്റണി തിരിച്ചറിഞ്ഞു. അവള്‍ തന്നെ നായികയെന്ന് അയാള്‍ നിശ്ചയിച്ചു. ഹിന്ദി സിനിമയില്‍ സ്മിതാ പാട്ടീല്‍ ജ്വലിച്ചു നിന്ന കാലം. വിജയലക്ഷ്മിയെന്ന പേര് സ്മിതയെന്ന് മാറ്റി അവളെ സിനിമയിലേക്ക് ജ്ഞാനസ്നാനം ചെയ്യിച്ചു. ആദ്യ ചിത്രത്തിന്റെ പ്രതിഫലമായി 1500 രൂപയുടെ ചെക്ക് വാങ്ങുമ്പോള്‍ അവള്‍ അമ്മയെ ഓര്‍ത്തു. നടി സാവിത്രിയെപ്പോലെയാവണമെന്ന സ്വപനങ്ങളെക്കുറിച്ചോര്‍ത്തു. കണ്ണീരിലൂടെ തന്റെ ജീവിതം എങ്ങോട്ടോ യാത്ര തുടങ്ങുന്നത് അവളറിഞ്ഞു.

സില്‍ക്ക് ആവുന്നു
തീക്ഷ്ണമായ കണ്ണുകളും, വശ്യമായ പുഞ്ചിരിയും, നിഷ്കളങ്കമായ ലജ്ജാശീലവുമുള്ള വിജയലക്ഷ്മിയെന്ന സ്മിത എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ശോഭയെ നായികയാക്കാനായിരുന്നു ആന്റണി നിശ്ചയിച്ചിരുന്നത്. പക്ഷെ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശോഭ ആത്മഹത്യ ചെയ്തു. ശോഭയ്ക്ക് പകരക്കാരിയായി എത്തിയ സ്മിതയുടെ ജീവിതവും ആത്മഹത്യയില്‍ അവസാനിച്ചത് യാദൃചികമാകാം.

‘ഇണയെത്തേടി’യുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ സ്മിതയെത്തേടി അടുത്ത ചിത്രമെത്തി. വിനു ചക്രവര്‍ത്തിയുടെ ‘വണ്ടി ചക്രം’. തമിഴ് നാടോടികളുടെ കഥപറഞ്ഞ ആ ചിത്രത്തില്‍ നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാറായിരുന്നു നായകന്‍. വണ്ടിചക്രത്തില്‍ ‘വാ മച്ചാ വാ വണ്ണാറപ്പേട്ടേ…’ എന്നുതുടങ്ങുന്ന ചാരായ ഷോപ്പിലെ ഒരു ഗാനരംഗം സ്മിതയെ ജനപ്രിയയാക്കി. ഈ ഗാനത്തിന് ഈണം പകര്‍ന്നത് ഇളയരാജയായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘സില്‍ക്ക്’ അവരുടെ പേരിനോട് നൂലിഴപോലെ ചേര്‍ന്നു. അങ്ങിനെ സ്മിത സില്‍ക്ക് സ്മിതയായി.

വെറും മേനി പ്രദര്‍ശനം മാത്രമായിരുന്നില്ല സില്‍ക്ക് സ്മിതയുടെ അഭിനയ ജീവിതം. എന്നും ഓര്‍മിക്കപ്പെടുന്ന ചില നല്ല വേഷങ്ങളും സില്‍ക്കിനെ തേടി വന്നിട്ടുണ്ട്. ബാലു മഹേന്ദ്രയുടെ ‘മൂന്റ്രാം പിറൈ’, ഭാരതി രാജയുടെ ‘അലൈകള്‍ ഒഴിവതില്ലേ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഉദാഹരണമാണ്. വെറും ലൈംഗിക വഷളത്തരം മാത്രമായി വഴുതിപോകാമായിരുന്ന പല വേഷങ്ങളും അഭിനയ ശേഷി കൊണ്ട് സില്‍ക്ക് വ്യത്യസ്തവും മികവുറ്റതുമാക്കി. പക്ഷെ സിനിമാലോകവും പ്രേക്ഷകരും അവരെ സെക്സ് സിംബലായി തളച്ചിടുകയായിരുന്നു. ആ നാലാം ക്ലാസ്സുകാരി നാട്ടിന്‍പുറത്തുകാരിക്ക് അതില്‍ പരാതികളൊന്നുമില്ലായിരുന്നു. ജീവിതവും സ്വപ്നങ്ങളും അവരെ അത്രമേല്‍ ആഴത്തില്‍ പോറലേല്‍പ്പിച്ചിരുന്നു. ‘ഡര്‍ട്ടി പിക്ച്ചറില്‍’ സ്മിത പറയുംപോലെ ‘സിനിമ മൂന്ന് കാര്യങ്ങള്‍ക്കായാണ് നിര്‍മ്മിക്കുന്നത്. ഒന്ന്, എന്റര്‍ടൈന്‍മെന്റ്… രണ്ട്, എന്റര്‍ടൈന്‍മെന്റ്, മൂന്ന് എന്റര്‍ടൈന്‍മെന്റ്’. ആ എന്റര്‍ടൈന്‍മെന്റിന്റെ അവസാന വാക്കായി സില്‍ക്ക് മാറുകയായിരുന്നു.

സ്മിത

ഐറ്റം നമ്പര്‍
കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ കാലമായിരുന്നു പിന്നീട്. ബൊളീവുഡില്‍ ഹെലന്‍ തുടക്കമിട്ട ക്യാബറെ തരംഗത്തിന് തെന്നിന്ത്യയില്‍ ആദ്യം ചുവടുവെച്ചത് ജയമാലിനിയും ജ്യോതിലക്ഷ്മിയുമായിരുന്നു. എന്നാല്‍ സില്‍ക്ക് സ്മിതയാണ് ഗ്ലാമര്‍ ഗേള്‍ എന്ന പദവി നേടിയെടുത്തത്. എണ്‍പതുകളുടെ അവസാനപകുതിയും തൊണ്ണൂറുകളുടെ തുടക്കവും തെന്നിന്ത്യന്‍ സിനിമ സില്‍ക്കിന് ചുറ്റും ഭ്രമണം ചെയ്തു. സില്‍ക്ക് ഒരു അനിവാര്യതയായി. തെന്നിന്ത്യന്‍ സിനിമ വന്‍ മാറ്റങ്ങള്‍ക്ക് വഴിമാറിയ ഒരു കാലഘട്ടം കൂടിയായിരുന്നു അത്.

പാശ്ചാത്യ സിനിമകളുടെ തനി പകര്‍പ്പുകള്‍ വാണിജ്യപരമായ എല്ലാ മസാലകളോടെയും തിയറ്ററുകളിലെത്തി. കൌബോയികള്‍ മെക്സിക്കന്‍ കാടിറങ്ങി മുരുഗനും രംഗനുമെല്ലാമായി കോടമ്പാക്കത്ത് കുതിരയെ ഓടിച്ച് നടന്നു. ജയിംസ് ബോണ്ട് പ്രീമിയര്‍ പദ്മിനിയില്‍ കുറ്റവാളികളെ തേടിനടന്നു. സിസിലിയിലെ മാഫിയാ ഡോണുകള്‍ തയിര്‍ സാദവും മേദു വടയും കഴിച്ചു.

ടെലിവിഷന്‍ സാധാരണമാകാന്‍ തുടങ്ങിയിരുന്നു. തിയറ്ററുകളിലെത്തിയിരുന്ന സ്ത്രീ പ്രേക്ഷകരെ ടെലിവിഷന്‍ കവര്‍ന്നെടുത്തു. അതോടെ യുവാക്കളെ പിടിച്ചിരുത്താന്‍ ഐറ്റം നമ്പരുകള്‍ അനിവാര്യതയായി. മറുവശത്ത് ഗ്രാമജീവിതത്തിന്റെയും മണ്ണിന്റെ മണവും പെണ്ണിന്റെ കരുത്തുമുള്ള കഥകളുമായി ബാലു മഹേന്ദ്രയും ഭാരതി രാജയുമെല്ലാം. ഈ രണ്ട് ഇടങ്ങളിലും സില്‍ക്ക് നിറഞ്ഞു നിന്നു. മിന്നിതിളങ്ങുന്ന മിനി സ്കര്‍ട്ടില്‍ നിന്നു നിറം മങ്ങിയ ഹാഫ് സാരിയിലേക്കും തിരിച്ചും സില്‍ക്ക് അനായാസം കൂടുമാറി. ഓടിനടന്ന് അഭിനയിച്ച നാളുകള്‍.

‘ഒരുപാട് സംവിധായകരെ സിനിമാ രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചതും ഒരുപാട് നിര്‍മ്മാതാക്കളെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചതും സില്‍ക്കാണ്. ആ കാലത്ത് പല ചെറുകിട സ്റുഡിയോകളും നിര്‍മ്മാണ കമ്പനികളും നിലനിന്നുപോന്നത് സില്‍ക്ക് മാന്ത്രികതയിലായിരുന്നു.’^ ചെന്നൈയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ആ കാലം ഇങ്ങനെ ഓര്‍ക്കുന്നു.

‘വളരെ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സില്‍ക്കുമായി പരിചയമുണ്ടായിരുന്നത്. ഗോസിപ്പ് കോളങ്ങളെക്കുറിച്ച് അവര്‍ വ്യാകുലയായിരുന്നില്ല. സില്‍ക്കുമായി വളരെ നല്ല സൌെഹൃദമുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ‘സ്ക്രീനിന്റെ’ കറസ്പോണ്ടന്റ് ആയിരുന്ന വി.ശേഖറായിരുന്നു^ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ട്ടൂണിസ്റ് ശങ്കറിന്റെ അനന്തിരവനായിരുന്നു ബാലചന്ദ്രന്‍ എന്ന ശേഖര്‍.

പാന്‍കേക്കിലെ മുങ്ങിക്കുളി
അക്കാലത്ത് നായികമാര്‍ ‘കുടുംബത്തില്‍ പിറന്ന സല്‍ സ്വഭാവി’കളായിരുന്നു. നായകന്റെ പുരുഷാര്‍ത്ഥത്തെ പൂര്‍ണ്ണമാക്കിയിരുന്നത് സില്‍ക്കിനെപ്പോലെയുള്ളവരുടെ നൃത്തരംഗങ്ങളായിരുന്നു. ഒരു നൃത്തത്തിന് സില്‍ക്ക് 50,000 രൂപവരെ വാങ്ങിയിരുന്നു. നൃത്തം പഠിച്ചിട്ടില്ലാത്ത സില്‍ക്ക് ഡാന്‍സ് മാസ്റര്‍മാരുടെ നിദ്ദേശങ്ങള്‍ക്കനുസരിച്ച് ചുവടുവെച്ചു. മാദകനൃത്തത്തിന് പുതിയ മാനംനല്‍കി. ‘പാന്‍ കേക്കില്‍ മുങ്ങിക്കുളിച്ചാലേ ഒരു വിധത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ’-എന്ന് പാതി കളിയായും പാതി കാര്യമായും തന്റെ ഇരുണ്ട മേനിയെക്കുറിച്ച് സില്‍ക്ക് പറയുമായിരുന്നു.

ദിവസവും മൂന്നും നാലും ഡാന്‍സുകള്‍. പെട്ടിയില്‍കിടന്ന പല ചിത്രങ്ങളും സില്‍ക്കിന്റെ പാട്ടുചേര്‍ത്ത് തിയറ്ററുകലെത്തി പണം വാരി. സില്‍ക്കിന്റെ പാട്ടുകളെ എണ്ണം കണക്കാക്കിയായിരുന്നു ചിത്രങ്ങളുടെ വില്‍പ്പനയും പ്രചാരണവും. നായകനും നായികയും ആരായിരുന്നാലും സില്‍ക്കിന്റെ കാള്‍ ഷീറ്റിനായിരുന്നു വില. രജനികാന്ത്, ധര്‍മേന്ദ്ര, കമല്‍ഹാസന്‍, ശോഭന്‍ ബാബു, ചിരഞ്ജീവി, മോഹന്‍ ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സില്‍ക്ക് അഭിനയിച്ചു.

എന്‍.ടി രാമറാവു തന്റെ രാഷ്ട്രീയ പ്രവേശനം മുന്‍നിര്‍ത്തി നിര്‍മിച്ച ‘നാ ദേശം’ എന്ന ചിത്രത്തില്‍ ജനപ്രിയതയ്ക്കായി സില്‍ക്കിന്റെ ഡാന്‍സ് ഉള്‍പ്പെടുത്തി. സില്‍ക്കിന്റെ പേരില്‍ ഫില്‍ട്ടര്‍ കോഫി, സില്‍ക്ക് കടിച്ച ആപ്പിളിന് വന്‍ തുകയ്ക്ക് ലേലം അങ്ങിനെ പോയി ആഘോഷങ്ങള്‍.

സ്മിത

‘ആ അമ്മ ഒറ്റക്കിരുന്ന് കരഞ്ഞു’
ആ ആഘോഷങ്ങളിലും സില്‍ക്ക് ഒറ്റപ്പെട്ടു നിന്നതായി പഴയ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഓര്‍മ്മകള്‍ അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പേരിലെ സ്മിതവും തിളക്കവും ജീവിതത്തിനുണ്ടായിരുന്നില്ല. വല്ലാത്തൊരു വിഷാദഭാവം അവരില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമാലോകത്ത് അവര്‍ക്ക് ആരോടും അടുപ്പമുണ്ടായിരുന്നില്ല. ‘ആ അമ്മ ആരോടും സംസാരിക്കാറില്ല. ബന്ധങ്ങളില്ല. മിക്കപ്പോഴും മിണ്ടാതെയിരിക്കും. പക്ഷെ ഞങ്ങളോടൊക്കെ വലിയ സ്നേഹമായിരുന്നു. വീട്ടിലേക്ക് പോകുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്കിരുന്നു കരയാറുണ്ട്’^ കോടമ്പക്കത്തെ വിവിധ സ്റുഡിയോകളില്‍ ഡ്രെെവറായിരുന്ന പളനിയപ്പന്‍ പറയുന്നു.

പറയാനുള്ളത് ആരുടേയും മുഖത്തുനോക്കി പറയുമായിരുന്നു അവര്‍. താര ദൈവങ്ങളെ സില്‍ക്ക് ഭയപ്പെട്ടിരുന്നില്ല. ഇതിന് അടിവരയിടുന്ന ഒരു സംഭവം സ്റുഡിയോ ഫ്ലോര്‍ മാനേജരായിരുന്ന രവിയുടെ ഓര്‍മ്മയിലുണ്ട്. ‘ശിവാജി ഗണേശന്റെ ഒരു സിനിമയുടെ സെറ്റായിരുന്നു അത്. മുഴുവന്‍ ക്രൂവും ശിവാജിയെത്തുന്നത് കാത്തിരുന്നു. ശിവാജിയെത്തി.എല്ലാവരും ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേറ്റുനിന്നു. അതൊരു ചിട്ടയായിരുന്നു. സില്‍ക്ക് മാത്രം കാലിന്മേല്‍ കാല്‍കയറ്റിവെച്ച് ഇരുന്നു. ശിവാജി ഒന്ന് തറപ്പിച്ചു നോക്കി കടന്നു പോയി. എല്ലാവരും ചോദിച്ചപ്പോള്‍ സില്‍ക്ക് പറഞ്ഞു ‘ ഞാന്‍ എന്റെ കാലിലാണ് കാല്‍കയറ്റിവെച്ച് ഇരുന്നത് അദ്ദേഹത്തിന്റെയല്ലല്ലോ. ഇങ്ങനെയായിരുന്നു സില്‍ക്ക്. എങ്ങിനെ പ്രതികരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല’^രവി പറയുന്നു.

അപൂര്‍ണ വിരാമം
എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു; അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല. ഇത് ഹെമിംഗ് വേയുടെ വാക്കുകള്‍. കോടമ്പാക്കം മസൂരി സ്ട്രീറ്റിനടുത്ത് താമസിക്കുന്ന ശാന്തിയെന്ന പഴയകാല ജൂനിയര്‍ ആര്‍ട്ടിസ്റ് സ്മിതയുടെ അവസാന നാളുകള്‍ ഓര്‍ത്തെടുത്തപ്പോള്‍ മനസ്സിലെത്തിയത് എന്തുകൊണ്ടോ ഹെമിങ്വേയാണ്.സ്മിതയുടെ അവസാനനാളുകളിലെ ദുരൂഹതകളും മരണത്തില്‍ ബാക്കിനില്‍ക്കുന്ന സംശയങ്ങളുമായിരുന്നു ശാന്തിയുടെ വാക്കുകളില്‍ നിറയെ.

മുപ്പത്തിയഞ്ചാം വയസ്സില്‍ തന്റെ ജീവിതകഥയവസാനിപ്പിച്ച സില്‍ക്കിന്റെ മരണത്തിന് ചിത്രത്തില്‍ കാല്‍പ്പനികഭാവം പകരാനാണ് ‘ഡര്‍ട്ടി പിക്ച്ചറി’ന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുള്ളത്. ഉറക്കഗുളികകളിലൂടെ ശാന്തിയുടെ തീരമണഞ്ഞുവെന്നാണ് ചിത്രത്തില്‍. എന്നാല്‍, ജീവിതത്തില്‍ ആ മരണം അതു പോലെയായിരുന്നില്ല. 1996 സെപ്റ്റംബര്‍ 23 ന് ഒരുപാട് ചോദ്യങ്ങളവശേഷിപ്പിച്ച് ചെന്നൈയിലെ സാലിഗ്രാമിലുള്ള തന്റെ ഫ്ലാറ്റില്‍ സീലിംഗ് ഫാനിലെ സാരിക്കുരുക്കില്‍ അവര്‍ ജീവിതമവസാനിപ്പിച്ചു.

ഡര്‍ടി പിക്ചറില്‍ വിദ്യാ ബാലന്‍

ബാധ്യതകള്‍, നഷ്ടങ്ങള്‍

മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് സ്മിതക്ക് സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. അവസരങ്ങള്‍ കുറഞ്ഞതും അവരെ അലട്ടി. ഒപ്പം ഏകാന്തതയും. ഗ്ലാമര്‍ നൃത്തരംഗത്തേയ്ക്ക് പുതിയ തലമുറ കടന്നു വന്നു. നായികമാര്‍ തന്നെ ‘സില്‍ക്ക് റൂട്ട്’ തെരഞ്ഞെടുത്തു. ഈ കാലത്തെക്കുറിച്ച് അവര്‍ ഒരിക്കല്‍ പറഞ്ഞ കമന്റ് രസകരമായിരുന്നു. ‘സ്മിതയെ ആര്‍ക്കും വേണ്ടാതായതല്ല . എല്ലാവരും സില്‍ക്കാവാന്‍ ശ്രമിക്കുകയാണ്.’

ഇതിനിടയിലാണ് ഡോക്ടര്‍ രാധാകൃഷ്ണ മൂര്‍ത്തി സ്മിതയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഭാര്യയും കുട്ടികളുമൊക്കെയുള്ള മൂര്‍ത്തി സ്മിതയുടെ ഒരകന്ന ബന്ധുവായിരുന്നു. മൂര്‍ത്തിയെ’താടിക്കാരന്‍’ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.

സ്മിതയോടൊപ്പം എല്ലായ്പോഴും ഇയാള്‍ കൂടെയുണ്ടാകും. കാര്‍ക്കശ്യത്തിന്റെയും നിയന്ത്രണത്തിന്റെയും ആള്‍രൂപമായി. സ്മിത വല്ലാതെ വീര്‍പ്പുമുട്ടിയിരുന്നുവെത്രേ. ഒരു സഹസംവിധായകന്‍ വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കി സ്മിതയെ വഞ്ചിച്ചതായും പറയുന്നു. തന്റെ സ്വത്തുക്കള്‍ അമ്മയ്ക്കും മൂര്‍ത്തിയുടെ മക്കള്‍ക്കും വീതിച്ചു നല്‍കിയാണ് സ്മിത ജീവിനൊടുക്കിയത്.

ആ മരണത്തിനു പിന്നില്‍
മോഹഭംഗങ്ങളും പരാജയഭീതിയും സ്മിതയെ വല്ലാതെ തളര്‍ത്തിയിരുന്നതായി മാധ്യമപ്രവര്‍ത്തകനായ ശ്രീനിവാസന്‍ ഓര്‍ക്കുന്നു. ‘ഒന്നുമില്ലായ്മയിലേക്ക് വീണ്ടും പടിയിറങ്ങേണ്ടിവരുമോ, കോടമ്പാക്കത്ത് അനാഥയെപ്പോലെ അലയേണ്ടിവരുമോ എന്നെല്ലാം സ്മിത ഭയന്നിരുന്നു’.
എന്നാല്‍, ശാന്തിയുടെ അഭിപ്രായം മറ്റൊന്നാണ്. സ്മിതയെപ്പോലെ ജീവിതത്തെ ചെറുത്ത് തോല്‍പ്പിച്ചൊരാള്‍ വെറും പരാജയ ഭീതികൊണ്ടു മാത്രം മരണത്തിന് കീഴടങ്ങുമെന്ന് ശാന്തി വിശ്വസിക്കുന്നില്ല.

തെലുങ്കില്‍ എഴുതിയ സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് ചില സൂചനകള്‍ നല്‍കുന്നുണ്ട്. ‘ഞാന്‍ ഒരാളെ അന്ധമായി സ്നേഹിച്ചു. വിശ്വസിച്ചു. എല്ലാം അയാള്‍ക്ക് നല്‍കി. പക്ഷെ അയാള്‍ എന്നെ എല്ലാ അര്‍ത്ഥത്തിലും വഞ്ചിച്ചു’-സ്മിതയുടെ ആത്മഹത്യാക്കുറിപ്പിലെ ഈ വാക്കുകള്‍ ആര്‍ക്കു നേരെയാണ് വിരല്‍ ചൂണ്ടുന്നത്? ഉത്തരം പലര്‍ക്കും പലതാണ്.

സ്മിതയുടേത് ആത്മഹത്യതന്നെയാണോ അതോ കൊലപാതകമാണോ എന്ന് സംശയിക്കുന്നവരും കോടമ്പാക്കത്തിന്റെ ശിഷ്ട്ട ജീവിതങ്ങളിലുണ്ട്. മരണത്തിലേക്ക് നടന്ന രണ്ട് ദിവസം സ്മിത കാര്യമായ ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
സ്മിതയെ വിഗ്രഹവത്കരിക്കുകയല്ല. ചില ജീവിതങ്ങളെ നമുക്ക് ഇഷ്ട്ടപെടുകയോ വെറുക്കുകയോ ചെയ്യാം പക്ഷെ ഒരിക്കലും മാറ്റിനിര്‍ത്താനാകില്ല. സ്മിതയും അങ്ങിനെ തന്നെ. പേരിലെ പട്ടുനൂല്‍ തിളക്കത്തിനും, മന്ദസ്മിതത്തിനുമപ്പുറം വേദനകളുടെ ഉള്‍ച്ചൂടായിരുന്നു അവരുടെ ജീവിതം നിറയെ.
ആസക്തി കൊണ്ട് ലോകം കൊളുത്തിവലിച്ച ആ സ്വപ്നാഭക്കുള്ളിലെ ഉണങ്ങാത്ത മുറിവുകള്‍ എല്ലാവരും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.

സ്മിതയ്ക്ക് നമ്മോട് പറയാന്‍ ഒരു ജീവിതമുണ്ടായിരുന്നു. കണ്ണീരിന്റെ, കഷ്ട്ടപ്പാടുകളുടെ, വളര്‍ച്ചയുടെ, വന്‍വീഴ്ചയുടെ ജീവിതം. സിനിമയുടെ മാസ്മരികതയ്ക്കപ്പുറം വെളിച്ചം തേടിവന്ന് ഈയ്യാംപാറ്റകളെപ്പോലെ പിടഞ്ഞു മരിച്ച, മരിച്ചുകൊണ്ടിരിക്കുന്ന നമ്മളറിയാത്ത ഒരുപാട് ജന്മങ്ങളുടെ പേരാകുന്നു, വാസ്തവത്തില്‍ സില്‍ക്ക് സ്മിത.

17 thoughts on “‘ഡര്‍ട്ടി പിക്ചര്‍’ പറയാത്ത സില്‍ക്ക് സ്മിതയുടെ ജീവിതം

 1. ഞാന്‍ ആലോചിക്കുകയായിരുന്നു , സ്മിത ആത്മഹത്യ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും അവരുടെ ഇപ്പോഴത്തെ ജീവിതം എന്ന് . ചിലപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്റെ തിരശീലയിലെ ഒരു മൂലയില്‍ അല്ലെങ്കില്‍ ചില സീരിയലുകളില്‍ അതുമല്ലെങ്കില്‍ റിയാലിറ്റി ഷോയിലെ ഒരു ജഡ്ജ് , അങ്ങനെ എന്തുമാകാം . പക്ഷെ ഒരു കാര്യം ഉറപ്പാണ് ഇത്രയും മാധ്യമ ശ്രദ്ധ ലഭിക്കില്ലായിരുന്നു . സ്മിതാ , നീ അറിയുന്നില്ലല്ലോ നിന്റെ മരണം ഞങ്ങളുടെ ഭാഷയ്ക്ക് എത്ര മനോഹര ലേഖനങ്ങള്‍ നല്‍കി എന്ന് ..

 2. പൈങ്കിളിയില്‍ ഡേര്‍ട്ടി പിക്ചര്‍ ഈ ലേഖനത്തിന്റെ അടുത്തുവരുമെന്ന് തോന്നുന്നില്ല.

  നാലാമിടത്തിലെ ഏതാണ്ടെല്ലാ ലേഖനവും ഒരാളാണോ എഴുതുന്നത്? കണ്‍സിസ്റ്റന്റ് പൈങ്കിളീന്ന് പറഞ്ഞാല്‍ ഇതാണ്

  • ലേഖനം വായിച്ച് ആകെ സങ്കടമായി
   താഴേക്കു വന്നതാ. അപ്പോഴാ ഈ ഓക്കാനം കണ്ടത്.
   പോയീീീീ. സകല മൂഡും പോയി.
   ഈ വക ബുദ്ധിജീവികളൊക്കെ അന്യം നിന്നു പോയെന്നായിരുന്നു
   ഇത്രേം നാള്‍ എന്റെയൊരു വിചാരം.

 3. ithil enthu painkili. . ?? nalla bhaasha. . manoharamaaya aakhyaana shaili. . .great writing skill. . . congrats anoop. . .

 4. ഇതില്‍ എന്ത് പൈങ്കിളി . . ?? നല്ല ഭാഷ. . മനോഹരമായ ആഖ്യാനശൈലി. . .great writing skill. . . congrats anoop. . .

 5. സ്മിതയുടെ ജീവിതമെന്ന തലവാചകത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രം തീര്‍ച്ചയായും പറയേണ്ടിയിരുന്ന പല കാര്യങ്ങളും, തെറ്റായിപ്പറഞ്ഞ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യം തന്നെയാണ്‌. അത് ഭംഗിയായി ചെയ്തിരിക്കുന്നു അനൂപ്.. അഭിനന്ദനങ്ങള്‍‌…

 6. പോപുലർ കൾച്ചർ എന്ന പേരിൽ ഡിസിയുടെ ‘പച്ചക്കുതിര’ രൂപപ്പെടുത്തിയെടുത്ത പോസ്റ്റ്മോഡേൺ പൈങ്കിളി വിചാരങ്ങളുണ്ട്. നാലാമിടവും ആ വഴിക്കാണെന്നു തോന്നുന്നു 🙂

 7. ഈ സില്‍ക്ക് വിസകലനത്ത്തിന്റെ ഒപ്പം അവലംബം എന്നോ കടപ്പാട് എന്നോ പറഞ്ഞു സക്കറിയയുടെ
  Silk Smitha’s story was of brutal economics and sexual politics of the southern film industry
  http://articles.economictimes.indiatimes.com/2011-10-09/news/30258335_1_body-silk-smitha-indian-men കൂടി ചേര്‍ത്താല്‍ കൊള്ളാം. പല ഭാഗത്തും പരിഭാഷ പ്രത്യക്ഷപ്പെടുന്നു ബാക്കി ഭാഗത്ത്‌ സാഹിത്യവും

  • @ Manu

   പ്രിയ സുഹൃത്തെ,

   ഞാന്‍ സര്‍ഗ്ഗ സമ്പന്നനായ സക്കറിയ സാറിന്റെ ലേഖനത്തില്‍ നിന്നാണ് അടിച്ചുമാറ്റാന്‍ ശ്രമിച്ചത്‌ എന്ന് പറഞ്ഞതില്‍ നന്ദിയുണ്ട് ( ഭാഗ്യം താങ്കളുടെ ലേഖനം അടിച്ചു മാറ്റാന്‍ ശ്രമിച്ചു എന്ന് പറഞ്ഞില്ലല്ലോ! ) സാധാരണ നല്ല കമന്റ്റുകള്‍ക്കു നന്ദി ഉള്ളില്‍ സൂക്ഷിക്കുകയും, ക്രിയാത്മക വിമര്‍ശനങ്ങള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാനും ശ്രമിക്കും എന്നതിനപ്പുറം കമന്റ് ബോക്സില്‍ ഞാന്‍ മറുപടിയിടാറില്ല. പക്ഷെ താങ്കള്‍ പറഞ്ഞ ‘കടപ്പാടിന്റെയും’ ‘അവലംബത്തിന്റെയും’ കണക്കിന് ഒരു മാതിരി ആളെ ‘വെടക്കാക്കുന്ന’ സ്വഭാവമാണ് ഉള്ളത്. നമ്മുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന ഇത്തരം ‘ചൊറിച്ചിലുകള്‍’ തീര്‍ക്കേണ്ടതാണെന്ന് തോന്നി. താങ്കള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ( അങ്ങിനെ വേണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല) ഞാന്‍ സക്കറിയ സാറിന്റെ ലേഖനം താങ്കള്‍ ലിങ്ക് അയച്ചുതരും വരെ വായിച്ചിട്ടില്ലായിരുന്നു. പിന്നെ അദ്ദേഹം എഴുതി എന്നുകരുതി ഞാന്‍ സില്‍ക്കിനെപ്പറ്റി എഴുതാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ. ഒരുപാട് നല്ല ചെറുകഥകളുടെ വായനാനുഭവം തന്നു എന്നതിനപ്പുറം ഞാന്‍ അദ്ദേഹത്തോട് ഈ ലേഖനത്തിനോ, മറ്റെന്തെങ്കിലിനുമോ കടപ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ വെറുമൊരു പരിഹാസ വരിക്കുമപ്പുറം അത് വിശദീകരിക്കാനുള്ള ബാധ്യത താങ്കള്‍ക്കുണ്ട്. മറുപടി തരേണ്ട ഉത്തരവാദിത്വം എനിക്കും. വായനക്കാര്‍ വിഡ്ഢികളല്ല.

   ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച്, ആഴത്തില്‍ സ്വാധീനിച്ച് കടന്നുപോയ സില്‍ക്ക് സ്മിതയെക്കുറിച്ച് ഒരുപാട് ലേഖനങ്ങളും, പഠനങ്ങളും ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്. ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ സില്‍ക്ക് സ്മിതയുടെ അഭിനയ ജീവിതത്തെക്കുറിച്ച് സക്കറിയ സാറിന്റെ ലേഖനത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ വിക്കീപീഡിയിലുണ്ട്. ദയവായി ഒന്ന് ചെക്ക്ചെയ്തു നോക്കൂ. ഞാന്‍ സില്‍ക്കിനെക്കുറിച്ച് എക്സ്ക്ലൂസിവായ എന്തെങ്കിലും പറയാന്‍ പോവുകയാണെന്ന് ആ ലേഖനത്തില്‍ അവകാശപ്പെട്ടിട്ടില്ല. ” സ്മിത ജീവിച്ച കോടമ്പാക്കത്തിന്റെ മണ്ണിലൂടെ, അവരെ അടുത്തറിഞ്ഞ മനുഷ്യരിലൂടെ ഒരു യാത്ര. അവര്‍ സൃഷ്ടിക്കുന്ന ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും നിറഞ്ഞ കഥകളും ചേര്‍ത്തുവെച്ച്, ജീവിച്ചിരുന്ന സ്മിതയെ പുന:സൃഷ്ടിക്കല്‍. അടിസ്ഥാനപരമായി, സ്മിത എന്ന മനുഷ്യ ജീവിയെ മനസ്സിലാക്കല്‍ ” ഇതായിരുന്നു ഈ ലേഖനം കൊണ്ട് ഉദ്ദേശിച്ചത്. പ്രത്യേകിച്ച് സ്മിതയുടെ പേരിലിറങ്ങിയ ഒരു ചിത്രത്തിന്റെ പാശ്ചാത്തലത്തില്‍………………….’. ആ ചിത്രം സ്മിതയെക്കുറിച്ച് ഒരുപാട് സംശയങ്ങളും, അബദ്ധധാരണകളും മുന്നോട്ട് വെയ്ക്കുന്ന സാഹചര്യത്തില്‍…… അവരുമായി പരിചയമുണ്ടായിരുന്ന, അവരുടെ ഉയര്‍ച്ച താഴ്ച്ചകള്‍ നേരിട്ടുകണ്ട ചില പച്ചമനുഷ്യരുടെ ഓര്‍മ്മകളിലൂടെ സില്‍ക്കിനെ ഓര്‍ത്തെടുക്കല്‍………, അവരില്‍ പലരും താങ്കള്‍ക്ക് പരിചയമില്ലാതെപോയി എന്നത് എന്‍റെ കുറ്റമല്ല. അവര്‍ ആരും ജീവിച്ചിരിക്കുന്നവരല്ല എന്ന് അതിന് അര്‍ത്ഥവുമില്ല. ഈ ലേഖനത്തിന്റെ ആവശ്യത്തിനായി സില്‍ക്കുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ പ്രശസ്തരായ പലരെയും സമീപിച്ചിരുന്നെങ്കിലും സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു. സില്‍ക്കിനെ നായികയാക്കി സിനിമചെയ്ത് പച്ചതൊട്ട പിന്നീട് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഒരു സംവിധായകനുള്‍പ്പെടെ. പിന്നെ, അവരുടെ വാക്കുകളേക്കാള്‍ ആത്മാര്‍തത മറ്റുളവര്‍ക്ക് ഉണ്ടെന്ന് തോന്നി. അതിനുമപ്പുറം ഒരു അന്വേഷണാത്മകതയും ഞാന്‍ അവകാശപ്പെട്ടില്ല. പിന്നെ ജീവിച്ചിരുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ ചില ഫാക്റ്റ്സ് ഒരു പോലെ കടന്നുവരിക എന്നത് സ്വാഭാവികമാണ്. മഹാത്മാ ഗാന്ധിയെക്കുറിച്ച് താങ്കള്‍ ഒരു ലേഖനമെഴുതിയാല്‍ അതില്‍ അദ്ദേഹം ജനിച്ചത്‌ പോര്‍ബന്തറിലാണ്, അദ്ദേഹത്തെ ട്രെയിന്‍ യാത്രക്കിടെ ഇറക്കിവിട്ടത്, സത്യാഗ്രഹസമരം നടത്തി എന്നിവ കടുന്നുവന്നാല്‍ അത് താങ്കള്‍ ഇതുവരെ വായിച്ചിട്ടില്ലാത്ത ആരുടെയെങ്കിലും ലേഖനം അടിച്ചുമാറ്റി എന്നര്‍ത്ഥമുണ്ടോ?. സക്കറിയ സാര്‍ സില്‍ക്കിനെ, ആ ശരീര വിപ്ലവത്തെ സൈദ്ധാന്തികമായും, സാമ്പത്തീക സമവാക്യങ്ങളും മുന്‍നിര്‍ത്തി വിശകലം ചെയ്തപ്പോള്‍ ഞാന്‍ സില്‍ക്ക് എന്ന മനുഷ്യ സ്ത്രീയെയാണ് കണ്ടെത്താന്‍ ശ്രമിച്ചത്‌…….

   താങ്കള്‍ സക്കറിയ സാറിന്റെ ലേഖനത്തില്‍ ആവശ്യമുള്ളത്ര ഭാവന ചേര്‍ത്ത് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു നോക്കൂ. അപ്പോഴും സക്കറിയ സാര്‍ പറയാത്ത ഒരുപാട് വസ്തുതകള്‍ ( അതിനെ താങ്കള്‍ സാഹിത്യം എന്നുവിളിക്കുന്നു) എന്‍റെ ലേഖനത്തിലുണ്ട് എന്ന് കാണാം.

   ” Like any other actor she was a product of the industry that employed her. Like any other actor what she brought into it was her talent and the urge to act. She had left a poor home and a child marriage in Andhra Pradesh and entered another life of struggle and deprivation in Chennai because, it is said, she wished to be an actor like the legendary Savithri. She worked as a domestic help and touch-up girl for a starlet and occasionally found work as an ‘extra’.”

   സില്‍ക്കിന്റെ സിനിമ പ്രവേശനത്തിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് സക്കറിയ സാറിന്റെ ലേഖനത്തില്‍ ആകെ പറയുന്നത് ഇതാണ്. അവര്‍ ജനിച്ച സ്ഥലമോ, അമ്മയുടെ പേരോ, ബാല്യകാലത്തെ കഷ്ട്ടതകളോ, അവര്‍ക്ക് സിനിമാമോഹങ്ങള്‍ നല്‍കിയ അന്നപൂര്‍ണിമാളെക്കുറിച്ചോ, അപര്‍ണ്ണ എന്ന നടിയെക്കുറിച്ചോ എന്തിന് വിജയലക്ഷ്മി എന്ന യഥാര്‍ത്ഥ പേരോ പരാമര്‍ശിച്ചു കണ്ടില്ല. തിയോഡോര്‍ ഭാസ്ക്കരന്‍ എന്ന സിനിമ ചരിത്രകാരന്‍ എന്‍റെ ഭാവനാസൃഷ്ട്ടി മാത്രമാണെങ്കില്‍ അദ്ദേഹമെഴുതിയ “The eye of the serpent” എന്ന പുസ്തകമോ?

   സക്കറിയ സാര്‍ ലേഖനത്തില്‍ പറയുംപോലെ സീമയുടെ സ്വാധീനമല്ല. സ്മിത പാട്ടീലിന്റെ സ്വാധീനമാണ് ആന്റണി ഈസ്റ്റ്മാന് സില്‍ക്കിന്റെ കാര്യത്തില്‍ കൂടുതലുണ്ടായിരുന്നത്.

   രണ്ടരപതിറ്റാണ്ട് ചെന്നൈയില്‍ മാധ്യമ ലോകത്ത് നിറഞ്ഞു നിന്ന, ഇപ്പോള്‍ കോടമ്പാക്കത്തിന്റെ ഓര്‍മ്മകള്‍ എഴുതുന്ന ശ്രീനിവാസന്‍ എന്ന ശ്രീനിയേട്ടനും അദ്ദേഹം പറഞ്ഞ സ്മിതയുടെ ജീവിതവും എന്‍റെ സാഹിത്യ സൃഷ്ട്ടി മാത്രമാണെന്ന് വാദിക്കുന്ന താങ്കളോട് ഞാന്‍ എന്ത് പറയാന്‍.., വി.ശേഖറിനെക്കുറിച്ച് സക്കറിയ സാര്‍ എഴുതിക്കണ്ടില്ല.

   പിന്നെ അല്‍പ്പം സാമ്യമുള്ളത്, ശിവാജി ഗണേശനുമായി ബന്ധപെട്ട ഒരു അനുഭവം എഴുതിയതിലാണ്. ആ സംഭവം പലപ്പോഴും പലരും എഴുതുകയും പറയുകയും ചെയ്തതാണ്. Randor Guy എന്ന ‘ദി ഹിന്ദുവിന്റെ’ സിനിമ ചരിത്രകാരന്‍ ഇക്കാര്യം തന്റെ പുസ്കത്തില്‍ എഴുതിയിട്ടുണ്ട്. Randor Guy ന്റെ ലേഖനം സക്കറിയ സാര്‍ അടിച്ചുമാറ്റി എന്ന് താങ്കള്‍ പറയുമോ? ശിവാജിയെപ്പോലെ തമിഴ് സിനിമയുടെ മുടിചൂടാ മന്നനുമായി ബന്ധപെട്ട ഒരനുഭവം ഒഴിവാക്കേണ്ട എന്ന് എനിക്ക് തോന്നി. അത് പറഞ്ഞ രവി ചെന്നൈയിലുണ്ട്. വന്നാല്‍ പരിചയപ്പെടുത്തി തരാം.

   സില്‍ക്ക്‌ അഭിനയിച്ച സിനിമകളെക്കുറിച്ച് പൊതുവായ ചില നിരീഷണങ്ങള്‍ വന്നിട്ടുണ്ടെന്നതുശരിയാണ്. ഈ ചിത്രങ്ങള്‍ താങ്കളും കണ്ടുനോക്കൂ അപ്പോള്‍ മനസ്സിലാകും. പക്ഷെ സില്‍ക്ക് ചുവടുവെച്ച ആദ്യ ഗാനം ചിട്ടപ്പെടുത്തിയത് ഇളയരാജയാണെന്നും ആ ചിത്രത്തിന് പിറകില്‍ വിനു ചക്രവര്‍ത്തിയാണെന്നും കണ്ടില്ല.

   എന്‍റെ ലേഖനത്തില്‍ പറയുന്ന പളനിയപ്പന്‍ മധുര സ്വദേശിയാണ്. എ.വി.എമ്മും വിജയവാഹിനിയുള്‍പ്പെടെ വിവിധ സ്റ്റുഡിയോകളില്‍ ഡ്രൈവറായിരുന്നു. എം.ജി.ആര്‍ മുതല്‍ ഒരുപാട് പേരുമായി ബന്ധപെട്ട അനുഭവങ്ങള്‍ പളനിയപ്പനുണ്ട്. മകള്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ വന്നതിനാല്‍ പളിയപ്പന്‍ കഴിഞ്ഞ മാസം ചെന്നൈ വിട്ട് മധുരയിലേക്ക് പോയി. പളനിയപ്പനൊപ്പം കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ യാത്രക്കിടയിലാണ് ഈ അനുഭവങ്ങള്‍ അദ്ദേഹം എന്നോട് പങ്കുവെച്ചത്. മറ്റൊരിടത്തും ഞാന്‍ അറിഞ്ഞിട്ടില്ലാത്ത ആ സ്മിതാനുഭവം സ്മിതയെന്ന മനുഷ്യ ജീവിയെ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്.

   സ്മിത ചെന്നൈയില്‍ എവിടെ താമസിച്ചിരുന്നു എന്ന് പോലും സക്കറിയ സാറിന്റെ ലേഖനത്തില്‍ കണ്ടില്ല.

   ” But what seems to have driven her to suicide – by all accounts it was a suicide – was the loss of almost her entire wealth of more than four crore rupees, which in today’s terms would be much more, in three film productions she undertook apparently under the advice of her live-in partner whom she loved and trusted. ”

   ഇത്രയുമാണ് സക്കറിയ സാറിന്റെ ലേഖനത്തില്‍ സ്മിതയുടെ മരണത്തെക്കുറിച്ച് എഴുതികണ്ടത്. അവസാന നാളുകളില്‍ സ്മിതയ്ക്കൊപ്പം ജീവിച്ചിരുന്ന രാധാകൃഷണ മൂര്‍ത്തിയെ പറ്റിയോ, സ്മിതയുടെ ആത്മഹത്യാക്കുറിപ്പിനെ പറ്റിയോ, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനെപറ്റിയോ ഒന്നും ഇവിടെ കണ്ടില്ല.

   പ്രിയ സുഹൃത്തെ … താങ്കളുടെ ലക്ഷ്യം എന്താണെന്ന് എനിക്കറിയില്ല . എന്നാലും പറയട്ടെ, കണ്ണടച്ച് ഇരുട്ടാക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. കണ്ണ് കുത്തിതുറക്കാന്‍ എനിക്ക് താല്പര്യവുമില്ല. പക്ഷെ ഇരുട്ടില്‍ തപ്പി മറ്റുള്ളവരെ വഴിതെറ്റിക്കരുത്.

 8. അനൂപേ പാവം മനു പറഞ്ഞ പല പൊയന്റിനോടും ഞാനും ശേരി വെയ്ക്കുന്നു. ഭാഷയ്ക്ക്‌ ആകെ ഒരു പൈങ്കിളി ടച്ച്‌ ഉണ്ട്, അത് സമ്മതിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. പൈങ്കിളി എന്ന് വെച്ചാല്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ മനോരമ ശ്രീ ഞായറാഴ്ച ശൈലി എന്നെ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. വളരെ ആവര്‍ത്തിച്ച്‌ മെലോഡ്രാമ ഉണ്ടാക്കുന്നു ഒരു ശൈലി.

  അത് മാത്രമല്ല. ലേഖനം വായിച്ചു വന്നപ്പോള്‍ തന്നെ പണ്ട് വായിച്ച പല ലേഖനങ്ങളും നിരത്തി വച്ചിരിക്കുന്നു എന്ന് തോന്നി പോയി. ഇത്തവണത്തെ മനോരമ ഓണ പതിപ്പിലെ സില്‍ക്ക്‌ വിശേഷവും, മാധ്യമം വാരികയിലെ കോടമ്പാക്കം സ്മരണകളിലെ സില്‍ക്ക്‌ ചിത്രങ്ങളും വീണ്ടു വീണ്ടും ഏതാണ്ട് അതെ ഭാഷയില്‍ തന്നെ മിന്നി മരയുന്നുണ്ട്. ഒന്നിന്കില്‍ എല്ലാവരും അനൂപ്‌ ഉള്‍പെടെ – ഒരേ ബുക്കില്‍ നിന്നും പ്രചോദനം സ്വീകരിച്ചു എഴുതി അതെ ശൈലിയില്‍ അവസാനിപ്പിക്കുന്നു. ഇനി സില്കിന്റെ ഡ്രൈവര്‍ പറഞ്ഞതാണ് സത്യമെന്കില്‍ നേരെത്തെ പറഞ്ഞ എല്ലാവരും ആ ഡ്രൈവര്‍ ഇനെ കണ്ടു ടേപ്പ് ചെയ്തു എഴുതി എന്ന് കരുതണം.
  എന്തായാലും അനൂപ്‌ മൌലികമായി എന്തെങ്കിലും ഇവിടെ കൊണ്ട് വന്നു എന്ന് കരുതാന്‍ സാധിക്കുന്നില്ല. നേരെത്തെ പ്രിന്റ്‌ മാധ്യമാങ്ങളില്‍ വായിക്കാന പറ്റാത്തവര്‍ക്ക് , ഓണ്‍ലൈന്‍ ആയി വായിക്കാന്‍ സൗകര്യം ഒരുക്കി.
  അഭിനന്ദനങ്ങള്‍ !

 9. മനോരമ ഓണ പതിപ്പില്‍ എഴുതിയത് അനൂപ്‌ ആയിരുന്നോ എന്നൊരു സംശയം, അതിനാല്‍ മേല്പറഞ്ഞ ചില വിമര്‍ശനങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയെമാണ്. അതായത് അനൂപ്‌ അല്ല മനോരമ പതിപ്പില്‍ എഴുതിയത് എന്ന വ്യവസ്ഥ.

 10. മോനേ അജയോ,
  മനോരമയിലും നാലാമിടത്തിലും സര്‍വഅണ്ഡകടാഹത്തിലും എഴുതുന്നത്
  അനൂപ് തന്നെയാവണം എന്നാണ് വാദമെങ്കില്‍, ഇപ്പറഞ്ഞ മനുവും
  അതിനുശേഷം നെഞ്ചുവിരിച്ചെത്തിയ അജയോയും എല്ലാം ഒന്നു തന്നെയാവണം.
  മനോരമയിലെഴുതിയ ആള്‍ക്കുള്ള തെറി അനൂപിനും ബാധകമെങ്കില്‍
  മനുവിനോട് അനൂപ് പറഞ്ഞതെല്ലാം അജയോക്കും ബാധകം.
  ഇനി അങ്ങനെയല്ല എന്നാണെങ്കില്‍ മനോരമയിലെ ആ പൈങ്കിളിക്കുട്ടനെ
  ദേ ഇവിടെ കൊണ്ടുവന്നിരുത്ത്. എന്നിട്ട് ചേര്‍ത്തുവെച്ച് താരതമ്യം ചെയ്തു പറ.
  എത്ര പൈങ്കിളി, എത്ര തത്തമ്മയെന്ന്. അശതാന്നും ചെയ്യാതെയുള്ള ഈ ഉറുമിവീശല്‍
  ചുമ്മാ ശൂ…ആര്‍ക്കും എവിടെയും ചെന്ന് ഞെളിഞ്ഞു പറയാനാവുന്ന അത്.
  പണ്ട് ബഷീറിന്റെ കഥാപാത്രം പറഞ്ഞതുപോലെ അത് ഞമ്മന്റെയാ:)

 11. മനോജ് ,
  ഞാന്‍ ആരുടെയും പക്ഷം പിടിക്കാന്‍ വന്നു കയറി നെഞ്ഞതടിച്ചു മമ്മൂഞ്ഞ് കളിയ്ക്കാന്‍ വന്നതല്ല. ലേഖനം വായിച്ചപ്പോള്‍ , അതിലെ പുതിയ സിനിമ വശം മാറ്റി നിര്‍ത്തിയാല്‍, മൌലികമായി ഈ ലേഖനം തരുന്ന വിവരങ്ങളെ സംശയിക്കുന്നു എന്ന് മാത്രം. അത്രെയേ ഉള്ളു , ഇത്തവണത്തെ മനോരമ ഓണ പതിപ്പിലും മാധ്യമത്തിലെ കോടമ്പാക്ക ഓര്‍മ്മകുരിപ്പിലും തരുന്ന വിശകലനങ്ങളുടെ അപുരം ഈ ലേഖനം കടക്കുന്നില്ല എന്ന് തോന്നി. പഴയ ലേഖനങ്ങള്‍ വയ്ച്ച അതെ അറിവും തന്നെ ഇവിടെയും നിരത്തി എന്ന് തോന്നി. അത് കണക്ക് സഹിതം സ്ഥാപിചെടുക്കനെമെമ്ന്കില്‍ തല്‍കാലം നിവര്‍ത്തി ഇല്ല. ഇപ്പോള്‍ ഞാന്‍ നാട്ടിലല്ല. നാട്ടില്‍ ചെല്ലുന്ന സമയം പഴയ മാസികകള്‍ വായിച്ചു നിവര്തിക്കാം. അതില്‍, ഞാന്‍ പറഞ്ഞ ഭാഗം തെറ്റെങ്കില്‍ അത് സമ്മതിക്കാനും ഞാന്‍ ഒരിക്കമാണ്. തെറ്റ് മനുഷ്യസഹജം.
  പിന്നെ ഭാഷ പ്രശ്നം. അതില്‍ ഞാന്‍ പ്പോഴും ഉറച്ചു നില്‍ക്കുന്നു. പതിവ് ശ്രീ വായന മാത്രം.
  പിന്നെ രണ്ടു പേരും ഒരാള്‍ തന്നെയോ എന്നാ സംശയം വന്നത് പിന്നീടാണ്. അത് പരിഹാസം അല്ല. മരിച്ചു, അങ്ങേനെയെന്കില്‍ ഞാന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലാതെ പോകും. അത് കൊണ്ട് ഒരു തിരുത് എഴുതി എന്നത് മാത്രം.

  പിന്നെ ഉറുമി കൊടുവാള്‍ മുതലായവ വീശി ആരെ പേടിപ്പികാനാണ് ഞാ. നെഞ്ഞതടിച്ചു ഗോറില്ല കളിക്കാന്‍ ഞാന്‍ എതായ്ടലും ഇല്ല. പിന്നെ തങ്ങളുടെ മനു- അജയ്‌ ഒരാള്‍ എന്നാ വാദം അപ്രസക്തവും ബാലിശവും ആണ്. കാരണം, മനോരമയില്‍ എഴുതിയ ആള്‍ അനൂപ്‌ തന്നെ ആണോ എന്നാ എന്റെ പരിഹാസരഹിതമായ സംശയം മാത്രം ആണ്.
  ഏഎ വിഷയത്തില്‍ തമ്മില്‍ കടിച്ചു കീറാന്‍ മനോജ്‌ ചേട്ടാ ഞാനില്ല. ഏതായാലും , നാട്ടില്‍ എത്തി മാസിക വിശകലനം നടത്തി മാത്രം ഇനി പ്രത്യക്ഷപെടുന്നുല്ല്.

Leave a Reply

Your email address will not be published. Required fields are marked *