ലൂമിയ ഇന്ത്യയില്‍ ഇന്നിറങ്ങുന്നു; ലക്ഷ്യം ആന്‍ഡ്രോയിഡ്

വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 800 സ്മാര്‍ട് ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലിറങ്ങും. കടുപ്പമേറിയ പോളികാര്‍ബണേറ്റ് നിര്‍മിത സ്റ്റൈലന്‍ ബോഡിയുള്ള ലൂമിയയുടെ 3.7 ഇഞ്ച് ആന്റി ഗ്ലെയര്‍ അമോലെഡ് ഡിസ്പ്ലേ ഉച്ചവെയിലിലും മിഴിവുള്ള ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു-അന്‍വാറുല്‍ ഹഖ് എഴുതുന്നു

Nokia Lumia 800

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ രംഗത്തെ മുടിചൂടാമന്നന്മാരായിരുന്നു നോക്കിയ. കാലത്തിനൊത്ത് കോലം മാറാതെ വന്നപ്പോള്‍ ഉപഭോക്താക്കള്‍ പതുക്കെ നോക്കിയയെ കൈവിട്ടുതുടങ്ങിയിരുന്നു. ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ കടന്നുവരവും ഡ്യുവല്‍ സിം മോഡലുകള്‍ ഇറക്കുന്നതില്‍ വന്ന കാലതാമസവും ഒരുപരിധിവരെ നോക്കിയക്ക് വിനയായി.

അവസരം മുതലെടുത്ത് വളര്‍ന്നത് സാംസങ് പോലുള്ള കമ്പനികളാണ്. വൈവിധ്യമാര്‍ന്ന നിരവധി സ്മാര്‍ട് ഫോണുകള്‍ വിപണിയിലിറക്കി അവര്‍ ഒന്നാം സ്ഥാനം കൈയടക്കി. എന്നാല്‍ ഹാര്‍ഡ്വെയറിന്റെ കാര്യത്തില്‍ നോക്കിയയെ വെല്ലാന്‍ ആരുമില്ലെന്നതാണ് സത്യം. ഇക്കാരണത്താല്‍ നോക്കിയയെ കൈവിടാന്‍ തയാറല്ലാത്ത ഒരുപറ്റം ഉപഭോക്താക്കളുമുണ്ട്.

വൈകിയാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ നോക്കിയ കൂടുതല്‍ മോഡലുകളുമായി രംഗത്തിറങ്ങുകയാണ്. ചുരുങ്ങിയ കാലത്തിനിടയില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കുത്തക തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റിനെത്തന്നെയാണ് അവര്‍ ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്.

വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 800 സ്മാര്‍ട് ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലിറങ്ങും. കടുപ്പമേറിയ പോളികാര്‍ബണേറ്റ് നിര്‍മിത സ്റ്റൈലന്‍ ബോഡിയുള്ള ലൂമിയയുടെ 3.7 ഇഞ്ച് ആന്റി ഗ്ലെയര്‍ അമോലെഡ് ഡിസ്പ്ലേ ഉച്ചവെയിലിലും മിഴിവുള്ള ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

1.4 ജിഗാഹെര്‍ട്സ് പ്രൊസസറും 512 എംബി റാമുമാണ് ലൂമിയയുടെ ഹൃദയം. ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ലഭ്യമാവുന്ന സൌജന്യ ഓഫ്ലൈന്‍ 3D മാപ്പാണ് ലൂമിയയുടെ ഏറ്റവും വലിയ സവിശേഷത. നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലും വഴി കണ്ടുപിടിക്കാന്‍ ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. 8 മെഗാപിക്സല്‍ കാമറ വഴി മിഴിവുറ്റ ചിത്രങ്ങളെടുക്കാം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അഡിക്റ്റുകള്‍ക്കായി ആപ്ലിക്കേഷനുകളും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. 29,999 രൂപയാണ് ഫോണിന്റെ വില.

മാസങ്ങള്‍ നീണ്ട പ്രചാരണത്തിന് ശേഷം ലൂമിയയുടെ ലോഞ്ചിംഗിനോടനുബന്ധിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വമ്പന്‍ പരിപാടികളാണ് നോക്കിയ ഒരുക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത ശേഷം ആദ്യമായി വിപണിയിലിറക്കുന്ന ലൂമിയയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ചായിരിക്കും നോക്കിയയുടെ ഭാവിയും

4 thoughts on “ലൂമിയ ഇന്ത്യയില്‍ ഇന്നിറങ്ങുന്നു; ലക്ഷ്യം ആന്‍ഡ്രോയിഡ്

Leave a Reply

Your email address will not be published. Required fields are marked *