ഓര്‍മയിലേയ്ക്കുള്ള വഴികള്‍.

ബാല്യം തെഴുത്തുനില്‍ക്കുന്ന അട്ടപ്പാടിയിലെ വഴികളിലൂടെ വീണ്ടുമൊരു യാത്ര. പതിനഞ്ചു വര്‍ഷത്തിനു ശേഷം.
പഴയ കൂട്ടുകാരെ അന്വേഷിച്ചുള്ള ആ യാത്രയില്‍ കണ്ടതും അനുഭവിച്ചതും അറിഞ്ഞതും. ശാലിനി പദ്മ എഴുതുന്നു

 

 

ദലിതരെയും, അധ:കൃതരെയും കുറിച്ചെഴുതുമ്പോള്‍, അതിഭാവുകത്വം കലര്‍ന്നല്ലാതെ ആ കര്‍മം നിര്‍വഹിയ്ക്കാന്‍ പരിഷ്കൃത സമൂഹത്തിനു
കഴിയാറില്ല.ആ കഴിവുകേട് ഉള്‍ക്കൊണ്ടു തന്നെയാണ്, അട്ടപ്പാടിയെ കുറിച്ച് ഇവിടെ എഴുതുന്നത്. ഏതൊക്കെയോ ഓര്‍മ്മകള്‍ ആ പ്രദേശത്തെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി തീര്‍ത്തിരിയ്ക്കുന്നു. നിശബ്ദത കാലത്തിനോട് സംവേദിയ്ക്കുന്നു. പാലക്കാടന്‍ ചുരം കയറുമ്പോള്‍, കാണുന്ന വാചകങ്ങള്‍. ചുരം കയറി ചെല്ലുന്നത് നിശബ്ദതയിലൂടെ മാത്രം സംവേദിയ്ക്കാവുന്ന ഒരു പിടി യാഥാര്‍ഥ്യങ്ങളിലേക്കാണ്.

ഓരോ പ്രദേശത്തിനും അതിന്റെതായ ലക്ഷണങ്ങളുണ്ട് . സാമൂഹ്യ സാഹചര്യങ്ങളുടെ ജൈവിക മുദ്രകള്‍. വയനാടന്‍ ചുരം കയറി ചെല്ലുമ്പോള്‍, ‘ആടിക്കാറ്റമ്മാനമാടും, മഴത്തെയ്യത്തിന്‍ മുന്നില്‍’ എന്ന ഗാംഭീര്യത്തോടെ തെളിയുന്ന താഴ്വാരം. കൃഷ്ണമണിയ്ക്ക് നേരെ ഉന്നം പിടിയ്ക്കുന്ന കൂര്‍ത്ത മുനയുള്ള ഒരമ്പ് എന്നപോലെ,കുറിച്യന്റെ വീരം. ലക്കിടിയിലെ ചങ്ങല ചുവട്ടില്‍ കുരുങ്ങിക്കിടക്കുന്ന ആത്മാവ്. കാപ്പിപ്പൂക്കളുടെ പുലര്‍കാലം. ഏലവും, ഇഞ്ചിയും നിറഞ്ഞ തണുത്ത മണ്ണ്. കുടിയേറ്റ കര്‍ഷകന്റെ വിയര്‍പ്പ്. കരിങ്കല്‍ ക്വാറികളിലെ ഗന്ധകപ്പുക. എന്നോ ചുവന്ന ഓര്‍മയില്‍ ഉറങ്ങിക്കിടക്കുന്ന കബനി. കാതോര്‍ത്താല്‍ പുല്‍പ്പള്ളി കാട്ടിലെ വെടിയൊച്ചകള്‍. വള്ളിയൂര്‍ക്കാവ്. അങ്ങിനെ നിഗൂഢ അര്‍ഥങ്ങളെ പൊതിഞ്ഞു പിടിച്ച് ബത്തേരി വഴി കാടു കയറിപ്പോവുന്ന കാലം.

വയനാടിനെ അപേക്ഷിച്ച് പാലക്കാടന്‍ ചുരം ശുഷ്കമാണ്. ചുരം കയറി ചെല്ലുമ്പോഴുള്ള സാഹചര്യങ്ങളും. സജീവമായ കാര്‍ഷിക വൃത്തിയോ, സാംസ്കാരിക പൈതൃകമോ ഇവിടെ ഇല്ല. കുടിയേറ്റക്കാരനായ മലയാളിയ്ക്കും, തമിഴനും ഇടയില്‍, തേഞ്ഞു തീര്‍ന്ന ആദിവാസി ജീവിതങ്ങള്‍.

ശാലിനി പദ്മ

കക്കി
അട്ടപ്പാടിയിലെ ഓര്‍മ്മകള്‍ ആരംഭിയ്ക്കുന്നത് വോള്‍ഫ്ഗങ് ഹൈലെ എന്ന ജര്‍മന്‍കാരനില്‍ നിന്നാണ്.ജീവിതത്തില്‍ ആദ്യമായി കണ്ട ആ വൈദേശികനില്‍ നിന്നാണ്, അട്ടപ്പാടി എന്ന പ്രദേശത്തില്‍ പുറം ലോകത്തിനുള്ള താല്‍പ്പര്യം മനസിലായത്. കൈ നിറയെ മാപ്പുകളും, യന്ത്ര സാമഗ്രികളും കൊണ്ട് അട്ടപ്പാടി മലകള്‍ തോറും അയാള്‍ അലഞ്ഞു നടന്നു. ‘ചെങ്കുത്തായ പ്രദേശങ്ങള്‍ ഉണ്ടോ?’ എന്ന് ചോദിച്ചു നടന്നിരുന്ന അയാള്‍ക്ക് സഹായിയായി ഊര് മൂപ്പനായ കക്കിയുടെ ചെറുമകന്‍ കൂടെ പോയിരുന്നു.

ദാരിദ്യ്രം എന്നത് ഒളിച്ചു വെയ്ക്കപ്പെടെണ്ട ഒന്നാണ് എന്ന നഗര ധാരണകള്‍ മനസ്സില്‍ ഉറയ്ക്കാതിരിയ്ക്കാന്‍ കാരണം കക്കി എന്ന വയസു ചെന്ന മനുഷ്യനാണ്. അര്‍ദ്ധ നഗ്നനായ അദേഹത്തെ തദ്ദേശ വാസികളെല്ലാം ബഹുമാനിച്ചിരുന്നു. ദരിദ്രനെങ്കിലും അഭിമാനമുള്ള മനുഷ്യന്‍. ആര്‍ക്കു മുന്നിലും അദ്ദേഹം കൈ നീട്ടിയിരുന്നില്ല. മക്കളും കൊച്ചുമക്കളും ചേര്‍ന്ന വലിയൊരു കുടുംബം ഒരു ചെറിയ കൂരയില്‍ കഴിഞ്ഞു പോന്നു.!കുട്ടിക്കാലത്തെ മനോഹരമായ ഓര്‍മകളില്‍ ഒന്ന്, കൈ നിറയെ കരിമ്പിന്‍ തണ്ടുമായി,പടികടന്നു വരുന്ന മൂപ്പനാണ്.

ഇരുമ്പന്‍ പുളി എന്ന കായയുടെ വലിയ രൂപത്തെ അട്ടപ്പാടിയില്‍ നക്ഷത്ര പുളി എന്നാണ് പറയുക. ചില വീടുകളില്‍ സുലഭമായിരുന്ന പുളിയും മധുരവും നിറഞ്ഞ ആ ഫലം, ചെറിയ കുട്ടികള്‍ക്ക് വില്‍ക്കുക പതിവായിരുന്നു. അന്ന്, കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനാവുന്നതിലും വിലയ്ക്കാണ് അവര്‍ അവ വിറ്റിരുന്നത് അവര്‍ക്കറിയാം, കപ്പലോടുന്ന വായകള്‍, ഇത്തിരി കൂടിയ വിലയ്ക്കാണെങ്കിലും അവ വാങ്ങിയ്ക്കും എന്ന്. അത്തരം ഒരു വീട്ടില്‍ കയറി, പുളി മോഷ്ടിയ്ക്കുക എന്ന് പദ്ധതിയിട്ട ഞങ്ങളോട്, ‘കാശ് ഇന്ന് വെറും നാളെ പോവും. അഭിമാനം വിറ്റിരുന്നത് അങ്ങനെയല്ല’ എന്ന ഉപദേശത്തോടൊപ്പം “എന്റെ പാടത്തു നിന്ന് റാഗി കൊയ്തു കൊള്ളുക, ഈ കുഞ്ഞുങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങരുത്’ എന്ന് വീട്ടുകാര്‍ക്ക് താക്കീതും നല്‍കി.

മഞ്ചികണ്ട്യന്‍
മഞ്ചിക്കണ്ട്യനാണ് മൂപ്പന്റെ സഹായി.മഞ്ചികണ്ട്യന്‍ എന്നാല്‍, മഞ്ചിക്കണ്ടി ഊരില്‍ നിന്ന് വരുന്നവന്‍. അതിനപ്പുറം ഒരു പേരിനോ, ആ
ജന്മത്തിനോ ആരും ഒരു പ്രാധാന്യവും കല്‍പ്പിച്ചിരുന്നില്ല. ഊരില്‍ നിന്ന് ചക്ക, വിറകു തടി, തുവരപ്പരിപ്പ്, എന്നിങ്ങനെ സാമഗ്രികള്‍ ജനവാസ കേന്ദ്രങ്ങളില്‍ കൊണ്ടുവന്നു വില്‍ക്കുകയാണ് മഞ്ചികണ്ട്യന്റെ ഉപജീവന മാര്‍ഗം. വില്‍ക്കുക എന്ന് പറഞ്ഞുകൂടാ. പതിനഞ്ചു വര്‍ഷം മുന്‍പ്, അഞ്ചു രൂപയാണ് മഞ്ചികണ്ട്യനു കിട്ടിയിരുന്നത്.എത്ര വിലയുള്ള സാധനത്തിനും അഞ്ചു രൂപയെ മഞ്ചി കണ്ട്യന്‍ വാങ്ങിയ്ക്കുമായിരുന്നുള്ളൂ. അയാള്‍ ഒരിയ്ക്കലും മോഷ്ടിയ്ക്കുമായിരുന്നില്ല. വയറു നിറയെ ഭക്ഷണം, അന്തിയ്ക്കു ബോധം കെടുവോളം വാറ്റു ചാരായം. ഇതിനു രണ്ടിനുമിടയില്‍ മഞ്ചിക്കണ്ട്യനെ ജീവിതവുമായി ബന്ധിപ്പിച്ചിരുന്ന ഒരേ ഒരു കണ്ണി, അയാളുടെ ‘എത്ത് പെഞ്ചാദി
‘ ആണ്. അയാളുടെ ഭാര്യ.

ഭാര്യ എന്നത് വളരെ ആധുനികമായ ഒരു പദമാണ്. ഒരു വശം തളര്‍ന്ന നിലയില്‍ മഞ്ചിക്കണ്ട്യനു എവിടെ നിന്നോ കിട്ടിയതാണ് ബുദ്ധിസ്ഥിരത ഇല്ലാത്ത അവരെ. എഴുന്നേറ്റു നടക്കാറായപ്പോള്‍ അയാള്‍ പോവുന്നിടത്തെല്ലാം അവര്‍ കൂടെ ചെല്ലാന്‍ തുടങ്ങി. തളര്‍ച്ച പൂര്‍ണമായും മാറാത്ത ഇടതു വശം ചരിച്ചു ചാടി ചാടിയാണ് നടക്കുക. ഒരു മുണ്ടുകൊണ്ട് ശരീരമാകെ പൊതിഞ്ഞ ആ ജീര്‍ണിച്ച
ദേഹത്തെ ഗര്‍ഭിണി യായല്ലാതെ കണ്ട ഓര്‍മ ഇല്ല. ‘ഇതെന്താ മഞ്ചിക്കണ്ട്യാ , ഇന്നാളല്ലേ ഒരു കുഞ്ഞു ജനിച്ചത് ?’ എന്നന്വേഷിയ്ക്കുന്നവരോട് ‘എത്ത് പെഞ്ചാദി ഏറു മേസാ തീതെ പെരുഗു!’ (എന്റെ ഭാര്യ ആറ് മാസം കൂടുമ്പോള്‍ പ്രസവിയ്ക്കും) എന്നാണ് മറുപടി.എവിടെയൊക്കെ പോവുന്നു എന്ന് മഞ്ചികണ്ട്യനോ ആ സ്ത്രീയ്ക്കോ അറിയില്ല, ആരുടെയാണ് കുഞ്ഞുങ്ങള്‍ എന്നും. കാലത്തിന്റെ, ബന്ധങ്ങളുടെ, നേരിടേണ്ടി വരുന്ന അപമാനങ്ങളുടെ ഒന്നിന്റെയും കണക്കുകള്‍ അവര്‍ സൂക്ഷിച്ചിരുന്നില്ല. ഭയാനകമായ ഒരു മഴക്കാലത്ത്, ‘അത് സെത്തു’ എന്നലമുറയിട്ട് കരഞ്ഞ മഞ്ചിക്കണ്ട്യനെ പിന്നീട് ആരും കണ്ടിട്ടില്ല. അട്ടപ്പാടിയുടെ ഓര്‍മ്മകള്‍ ഭവാനിപ്പുഴ പോലെയാണ്, കലങ്ങി മറിഞ്ഞ്. തല്ലിയലച്ച്

 

 

കൂക്കംപാളയം
പറിച്ചു നടലുകള്‍ക്കിടയില്‍, അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്, കൂക്കംപാളയം പ്രീ മെട്രിക് വിദ്യാലയത്തിലാണ്. ആദിവാസി കുട്ടികള്‍ക്കായുള്ള പ്രീ മെട്രിക് ഹോസ്റ്റലും അവിടെത്തന്നെയായിരുന്നു. ക്ലാസ്സിലെ ഒന്നാമനായിരുന്ന കാളി, പിരകാസന്‍
എന്ന തമിഴ് ഉച്ചാരണം അതേപടി മലയാളത്തിലും എഴുതി, അധ്യാപകരുടെ പരിഹാസത്തിനു പാത്രമായിരുന്ന പ്രകാശന്‍, വലിയ കുടയ്ക്കുള്ളില്‍, മൂടോടെ പറിച്ച കടല ചെടി ഒളിപ്പിച്ചു ക്ലാസ്സില്‍ ഇരുന്നു കടല തിന്നിരുന്ന കടല എന്ന കമല, എലിസബത്ത്, വള്ളി അങ്ങിനെ എത്രയോ കൂട്ടുകാര്‍.ഇത്തവണ പാലക്കാടന്‍ ചുരം കയറുന്നത് അവര്‍ക്ക് വേണ്ടിയാണ്. ഞങ്ങള്‍ ദരിദ്രരാണ്. എന്നാല്‍, അപകര്‍ഷതാ ബോധം ഉള്ളവരല്ല എന്ന് പെരുമാറ്റം കൊണ്ട് തെളിയിച്ച കുഞ്ഞു മനുഷ്യര്‍. പട്ടിണി കൊടി കുത്തി വാഴുന്ന വിദൂരങ്ങളായ ഊരുകളില്‍ നിന്ന് ഉച്ചക്കഞ്ഞിയ്ക്ക് വേണ്ടി സ്കൂളുകളില്‍ വന്നവര്‍.

മത്തച്ചന്‍ മുതലാളി
സ്കൂളിനു തൊട്ടടുത്ത വളവില്‍, മത്തച്ചന്‍ മുതലാളി എന്ന് പേരുള്ള ഒരു വിഷ വൈദ്യന്‍ താമസിച്ചിരുന്നു. ദിനവും വിഷം തീണ്ടി എത്തുന്ന അനേകം പേരെ അവിടെയാണ് ചികില്‍സിച്ചിരുന്നത്. മുറിവായില്‍, ഒരു തരം കല്ല് വെച്ച് വിഷം വലിച്ചെടുക്കലാണ് അവിടുത്തെ രീതി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വിഷമിറങ്ങുമ്പോള്‍, കല്ല് തനിയെ താഴെ വീശും അത് വരെ ജലപാനം കഴിയ് ക്കാനോ , ഉറങ്ങാനോ പാടില്ലത്രേ. ഉറങ്ങിയാല്‍ മരണം ഉറപ്പാണെന്നാണ് കേള്‍വി. തൊട്ടടുത്ത ആശുപത്രിയ്ക്ക് മലയിറങ്ങി മണ്ണാര്‍ക്കാട് എത്തണം
എന്നുള്ളതിനാല്‍ അദ്ദേഹത്തിന്റെ വിഷവൈദ്യം മാത്രമായിരുന്നു അക്കാലത്തെ ആശ്രയം. വിഷം തീണ്ടി ചികിത്സയിലിരിയ്ക്കുന്ന ഒരാളെ കാണണം എന്ന ആഗ്രഹം സാധിപ്പിച്ചു തന്നത്, കാളിയാണ്.

 

 

കാളി
‘ദൈരിയമ എന്‍ കൂട വാ, നാന്‍ കാട്ടി തരേന്‍’ (ധൈര്യമായി വാ, ഞാന്‍ കാണിച്ചു തരാം) എന്ന ഉറപ്പിന്മേല്‍ ഉയര്‍ന്ന ഒരു മണ്‍കൂനയ്ക്ക് മുകളിലേയ്ക്ക് എങ്ങിനെയൊക്കെയോ എന്നെ അവന്‍ വലിച്ചു കയറ്റി. അവിടെ നിന്നാല്‍ മുറിയ്ക്കകത്ത് തറയില്‍ കിടക്കുന്ന രോഗിയെ കാണാമായിരുന്നു തളര്‍ന്നു കിടക്കുന്ന അയാളോട് ഉറങ്ങിപ്പോവല്ലേ എന്ന് ആംഗ്യം കൊണ്ട് ഓര്‍മപ്പെടുത്തിയാണ് ഞങ്ങള്‍
തിരിച്ചു പോന്നത്.

കാളിയുമായി ദൃഡമായ ഒരാത്മബന്ധം ഉണ്ടായിരുന്നു.കാടിന്റെ തനിമയായ പ്രയോഗികത വേണ്ടുവോളം ഉണ്ടായിരുന്നു അവനില്‍. ഈറ്റയും മുളയും കൊണ്ട് മറച്ച ക്ലാസ്സ് മുറിയിലിരുന്നു ഉച്ച ഭക്ഷണം കഴിയ്ക്കുമ്പോള്‍,പലപ്പോഴും ഞങ്ങള്‍ വെറുതെ പുഞ്ചിരിച്ചു. ഓര്‍മയില്‍ നില്‍ക്കുന്ന ഹൃദ്യമായ പ്രണയാനുഭവമായിരുന്നു അത്.

പതിനഞ്ചു കൊല്ലം
വെറും ഒരു വര്‍ഷം നീണ്ട അവിടുത്തെ വിദ്യാഭ്യാസത്തിനൊടുവില്‍ തിരിച്ചു പോന്ന ശേഷവും അട്ടപ്പാടി വാര്‍ത്തകളിലൂടെ ഓര്‍മ്മപ്പെടുത്തി
ക്കൊണ്ടേയിരുന്നു .അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ പെരുകുന്നു എന്ന്, നാഗ മാണിക്യവും, സ്വര്‍ണ ശേഖരവും, തിരഞ്ഞു ഇപ്പോഴും വോള്‍ഫ് ഹൈലെമാര്‍ അവിടെക്കെത്തുന്നു എന്ന്. മൊട്ടയടിയ്ക്കപ്പെട്ട കുന്നുകള്‍, ചവറു തിങ്ങുന്ന വഴികള്‍, കഴുതകള്‍ കൂട്ടത്തോടെ മേയുന്ന അങ്ങാടികള്‍. മുക്കാലി മുതല്‍ അഗളി വരെ നീളുന്ന വഴികളില്‍ ജീവിതം ഞെങ്ങി ഞരങ്ങി തുടരുന്നു.

പഴയ ഓര്‍മകളിലേയ്ക്ക് തിരിച്ചു പോവാന്‍ ശ്രമിച്ച എല്ലായിടത്തും എന്നത് പോലെ, ഇവിടെയും ആ ചോദ്യം എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ‘ഇന്ന് കണ്ടവരെ നാളെ കാണില്ല, പിന്നെയാണോ പതിനഞ്ചു കൊല്ലം മുന്‍പ് കണ്ടവരെ!’ ഓര്‍മ്മകള്‍ നിറയെ അടയാളങ്ങള്‍ ശേഷിയ്ക്കാത്ത കാലങ്ങളുണ്ട്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് കൊളുത്തി കയറിപ്പിടിച്ചു പോവുന്നവ.പോയ കാലവുമായുള്ള ഒളിച്ചുകളിയില്‍ എന്നും തോല്‍വി എന്റെ പക്ഷത്തായിരുന്നു. കാലം ഒഴുകുന്നത് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞായിരിയ്ക്കണം.

 

 

വള്ളി
പഴയ ആരെയും ആര്‍ക്കും ഓര്‍മയില്ല . വള്ളി എന്ന കുട്ടി താമസിച്ചിരുന്ന സ്ഥലം ഇന്ന് മാലിന്യം തട്ടുന്ന ഇടമാണ്. ഒസ്തിയൂര്‍ എന്നെ സ്ഥലത്ത് അവള്‍ താമസിയ്ക്കുന്നുണ്ട് എന്ന് അവിടുള്ളവര്‍ പറഞ്ഞു. അവിടെയ്ക്ക് പോവാന്‍ തല്‍ക്കാലം നിവൃത്തിയില്ല. മടക്കയാത്രയില്‍,
പരിചിതമായ മുഖങ്ങള്‍, പ്രായം ചെന്നവ. എനിയ്ക്കും പ്രായമാവുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നവ. ബാക്കിയെല്ലാം അതെ പടി, വട്ടിപ്പലിശക്കാരായ തമിഴ് ഗൌെണ്ടന്മാര്‍ക്ക് ദിവസക്കൂലി ചെയ്യുന്നവര്‍.രാവിലെ മുതല്‍ വൈകിട്ട് വരെ അങ്ങാടികളില്‍ വെറുതെ ചുറ്റി തിരിയുന്നവര്‍. ഗൂളിക്കടവ് അങ്ങാടിയില്‍ ഇപ്പോഴും ഒരു ഭ്രാന്തന്‍ പാടുന്നുണ്ട് ‘അതോ അന്ത പറവ പോല വാഴ വേണ്ടും’.

ചുരമിറങ്ങുമ്പോള്‍
പഴയ റോഡുകള്‍, പഴയ ചിഹ്നങ്ങള്‍, കെട്ടിടങ്ങള്‍ എല്ലാം കാലപ്പഴം ചെന്ന നിലയില്‍ അതേപടി.കുട്ടികള്‍ ഓടിക്കളിച്ചിരുന്ന ചെറിയ ഒരു പാടം, നടുവില്‍ ധാരാളമായി കായ്ച്ചിരുന്ന പുളിമരം.ചുരമിറങ്ങുമ്പോള്‍, ഒരു കൂട്ടം ചെറുപ്പക്കാര്‍ ആഘോഷമായി മലകയറുന്നു
ദരിദ്രരും, മുഖ്യധാര ജീവിതത്തില്‍ നിന്നും വേര്‍പ്പെട്ടു പോയവരുമായ മനുഷ്യരെ പോലെ അടുത്ത സൂര്യോദയവും കാത്ത് കാടും ഉറങ്ങാന്‍
പോവുകയാണ്. തിരികെ യാത്രയില്‍ ഈ വരികള്‍ ഓര്‍മിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല.

വെറുതെ ചില ഓര്‍മ്മകള്‍, ചാരം പുരണ്ടവ
വെറുതെ ചില ഓര്‍മ്മകള്‍ പൂമ്പൊടി പുരണ്ടവ
വെറുതെ ചില ഓര്‍മ്മകള്‍ രക്തം പുരണ്ടവ
വെറുതെ ചിലയോര്‍മകള്‍ വ്യധയാലിരുണ്ടവ
വെറുതെ ചിലയോര്‍മകള്‍മരണം പൊതിഞ്ഞവ

വെറുതെ ചിലയോര്‍മകള്‍ വെയിലിന്റെ പ്രളയമായ്.

4 thoughts on “ഓര്‍മയിലേയ്ക്കുള്ള വഴികള്‍.

 1. പല പ്രാവിശ്യം പോയിട്ടുണ്ട് .. താമസ്സിചിടുണ്ട് …
  ലിങ്കന്‍ .. മണിക്കം ..തുടങ്ങിയ പേരുകളില്‍ .. കുറച്ച സുഹ്ര്തുക്കളും ഉണ്ടായിരിന്നു .. കുറച്ച വര്‍ഷങ്ങള്‍ക് മുന്നേ .. മലയിര്ങ്ങിയപ്പോ അതെല്ലാം അവിടെ തന്നെ വെച്ച് ….
  ഇത് വായിച്ചപ്പോ …ഒരു ആഗ്രഹം ….

  ഒന്ന് കൂടി … അട്ടപ്പടിയിലെക് പോകാന്‍ …
  അഗളിയിലും ..ജെല്ലിപാരയിലും ..ഗുഡിയൂരും….. ഒക്കെ ഒന്ന് കര്റങ്ങാന്‍ മോഹം

  നന്ദി … ഒരുപാട് ഓര്‍മ്മകള്‍ തിരിച്ചു തന്നതിന്

Leave a Reply to shammas Cancel reply

Your email address will not be published. Required fields are marked *