കൂവുന്നവര്‍ക്ക് ഇനി പാസില്ല

തിരുവനന്തപുരത്ത് നടന്ന പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗം വന്‍ വിവാദങ്ങളാണ് ഇളക്കി വിട്ടത്. പ്രസംഗത്തെ എതിര്‍ത്തും അനുകൂലിച്ചും പല തരം ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം നാലാമിടം പ്രസിദ്ധീകരിക്കുന്നു

 

 

വേദിയിലെ അധ്യക്ഷന്‍, എന്റെ സഹപ്രവര്‍ത്തകനും പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ. എം.കെ മുനീര്‍, ശ്രീ ഷിബു ബേബിജോണ്‍,ലേബര്‍ മിനിസ്റ്റര്‍, നമ്മുടെ ചീഫ് ഗസ്റ്റ് ശ്രീ സുഭാഷ് ഘയ്, ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ശ്രീ പ്രിയദര്‍ശന്‍, വേദിയിലും സദസ്സലും ഉപവിഷ്ടരായിരിക്കുന്ന ബഹുമാന്യരെ, സുഹൃത്തുക്കളെ…

രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ കൈയടിയുമുണ്ട് കൂവലുമുണ്ട്. എനിക്കതില്‍ പ്രശ്നമില്ല.

(കൂവല്‍)

നന്നായിട്ട് കൂവിക്കോളൂ. കുഴപ്പമില്ല. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാം. നിങ്ങളെ കൂവാന്‍ വേണ്ടി വിട്ടവര്‍ ഉദ്ദേശിച്ച കാര്യം ഇനി ചലച്ചിത്ര അക്കാദമിയില്‍ നടക്കില്ല.

(കൂവല്‍)

ഒരു സംശയവും വേണ്ട. നടക്കില്ല. കാരണം… ഈ പരിപാടി കഴിഞ്ഞ ഏഴ് ദിവസവും അലങ്കോലപ്പെടുത്താന്‍ വേണ്ടി ക്വട്ടേഷന്‍ എടുത്തവരുണ്ട്. ഇപ്പോഴും ഇരിക്കുന്നു. സന്തോഷം. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാം. അടുത്ത തവണ ഡെലിഗേറ്റ്സായി വരുന്നവരില്‍ ഇത്തവണ സിനിമ കണ്ടവര്‍ക്കായിരിക്കും ഏറ്റവും പ്രാധാന്യം. ഏറ്റവുമധികം സിനിമ കണ്ടവര്‍ക്കായിരിക്കും ആദ്യം ഡെലിഗേറ്റ് പാസ് ഇഷ്യൂ ചെയ്യുക. ബഹളം വെക്കാന്‍ വന്നവരും പുറത്തിരുന്നവരും മിക്കവാറും അടുത്ത പ്രാവശ്യം ബഹളം വെക്കേണ്ടി വരില്ല. പുറത്തായിരിക്കും. അതിന് യാതൊരു സംശയവും വേണ്ട. ആറായിരം സീറ്റുണ്ടെങ്കില്‍ ആറായിരം ഡെലിഗേറ്റുകള്‍ക്കേ പാസ് കൊടുക്കൂ. ഒരു പ്രശ്നവുമില്ല.

എന്തു ബഹളം ഉണ്ടാക്കിയാലും എന്ത് സമരം ചെയ്താലും… പ്രതിഷേധം നല്ലതാണ്. അത് മാന്യമായ രീതിയിലുള്ള പ്രതിഷേധം. ഇന്നിവിടെ പത്തിരുപത് ചെറുപ്പക്കാര്‍ മുല്ലപ്പെരിയാറിനെ കുറിച്ച് പ്രതിഷേധിച്ചു. അതിനെ നമ്മള്‍ അഭിനന്ദിക്കണം. അതൊരു ദേശീയ വിഷയമാണ്. ആ വിഷയത്തില്‍ പ്രതിഷേധിച്ചവരെ, പ്രതികരിച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ വളരെ സയലന്റായി അവരുടെ പ്രതിഷേധം അറിയിക്കുന്നു. അത് മാന്യമാണ്. കേരളത്തിന്റെ സംസ്കാരത്തിന് ചേരുന്ന ഒരു പരിപാടി.

എന്നെ സിനിമയെക്കുറിച്ച് പഠിപ്പിക്കേണ്ട

ശ്രീ സുഭാഷ് ഘയ് പ്രസംഗത്തില്‍ പറഞ്ഞു. ഞാന്‍ ഉദ്ഘാടന പ്രസംഗത്തിലും പറയുകയുണ്ടായി. പല രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിതം, അവരുടെ സംസ്കാരം…അതാണ് അദ്ദേഹം പറഞ്ഞത്. അവിടത്തെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, കാലാവസ്ഥകള്‍, ഇവയെക്കുറിച്ചൊക്കെ പല സിനിമകളിലൂടെ പഠിക്കുകയായിരുന്നു കഴിഞ്ഞ ഏഴ് ദിവസവും. പക്ഷേ, അവിടെ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ സംസ്കാരം. അത് കൂക്കിവിളിയുടേതല്ല. ഇവിടെ വന്നിരിക്കുന്ന ഫോറിന്‍ ഡെലിഗേറ്റ്സിനു മുന്നില്‍ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയല്ല മലയാളിയുടെ സംസ്കാരം. ഇന്ത്യയിലെ ഏറ്റവും സംസ്കാര സമ്പന്നരെന്നുെം വിദ്യാസമ്പന്നരെന്നും അറിയപ്പെടുന്ന സംസ്ഥാനമായ കേരളത്തിലെ ഡെലിഗേറ്റ്സുകള്‍ കൂക്കുവിളിക്കുന്നവരാണെന്ന് സുഭാഷ് ഘയ് അടക്കമുള്ളവര്‍ വിചാരിച്ചാല്‍ അത് നമുക്ക് നാണക്കേടാണ്.

എന്താണ് പ്രതിഷേധം?

(കൂവല്‍)

ചലച്ചിത്ര അക്കാദമിയില്‍…കൂവുന്നവര്‍ കൂവട്ടെ….ഞാന്‍ പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ. ഞാന്‍ പണ്ടും പറഞ്ഞിട്ടുണ്ട്. 20 വര്‍ഷമായി സിനിമയിലുള്ള ഒരാളാണ് ഞാന്‍. എന്നെ സിനിമയെക്കുറിച്ച് പഠിപ്പിക്കേണ്ട.

(കൂവല്‍)

സിനിമയെക്കുറിച്ച് പഠിപ്പിക്കേണ്ട

(കൂവല്‍).

നിങ്ങള്‍ എത്ര ബഹളം വെച്ചാലും വന്നിരിക്കുന്നവരുടെ ഉദ്ദേശ്യം എനിക്കറിയാം.
ചലച്ചിത്ര അക്കാദമിയില്‍ ചിത്രത്തിന്റെ അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ ഫെസ്റ്റിവലിന്റെ അവസാന ദിവസം പ്രഖ്യാപിക്കുന്ന അവാര്‍ഡുകള്‍ പുറത്തു ചോര്‍ത്തിക്കൊടുക്കാന്‍ശ്രമിക്കുന്ന ആളുകള്‍ ഉണ്ടയിരുന്നു. അവര്‍ ഇനി ഉണ്ടാവില്ല. അതു ശരിയല്ല. ഇതിന്റെ ഒരു സീക്രസി ഉണ്ട്. നിങ്ങള്‍ വോട്ട് ചെയ്തവയുണ്ട്. ജൂറി തെരഞ്ഞെടുത്ത സിനിമകള്‍ ഉണ്ട്. ആ സിനിമകള്‍ ഇന്ന് ഇവിടെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്നലെ തന്നെ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്നവരുണ്ട്. പക്ഷേ, ഇത്തവണ ഇതുവരെ നിങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലല്ലോ, ഇന്നത്ത അവാര്‍ഡ് കിട്ടുന്ന സിനിമ ഏതെന്ന്. അത് മനസ്സിലാക്കിയാല്‍ മതി.

ഒരു പാട് ക്രമക്കേടുകള്‍ പറ്റിയിട്ടുണ്ട്

ഇതിനകത്ത് നടന്നത് മുഴുവനും, തുടക്കം മുതല്‍, ഏതൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല…ഒരു പാട് ക്രമക്കേടുകള്‍ പറ്റിയിട്ടുണ്ട്. വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. ഇനി അതുണ്ടാകാതിരിക്കാന്‍, അടുത്ത മാസം മുതല്‍…ഈ ഡിസംബര്‍ മുതല്‍ അടുത്ത ഫെസ്റ്റിവലിന്റെ തയ്യാറെടുപ്പുകള്‍
തുടങ്ങുകയാണ്. ഞാന്‍ തന്നെയായിരിക്കും അതിന് നേതൃത്വം കൊടുക്കാന്‍ പോവുന്നത്.

(കൂവല്‍)

യാതൊരു വീഴ്ചയുമില്ലാതെ. ഒരു സംശയവുമില്ല, കൂകി വിളിക്കാന്‍ വരുന്നവര്‍ക്കും, കേരളത്തിന്റെ സംസ്കാരത്തെ മറ്റ് രാജ്യങ്ങളുടെ മുന്നില്‍ അധിക്ഷേപിക്കുന്നവര്‍ക്കും ഫിലിം ഫെസ്റ്റിവലില്‍ യാതൊരു കാര്യവുമില്ല.

പ്രിയദര്‍ശന്‍ രാജിവെക്കില്ല
സിനിമ കാണാനാണ് നിങ്ങള്‍ വരുന്നത്. ഇതൊരു എജുക്കേഷനാണ്. സിനിമയെക്കുറിച്ചുള്ള ഒരു വിദ്യാഭ്യാസമാണ്. ലോകസിനിമയെ അറിയാനുള്ള അവസരം. ബഹളം വെച്ച്…ഇതൊക്കെയാണ് കുഴപ്പം. വന്നിരിക്കുന്നത് ലോക സിനിമ കാണാനല്ല. ഗണേഷ്കുമാറിനെ രണ്ട് കൂവാന്‍ അവസരം കിട്ടുമെങ്കില്‍ കൂവുക, പ്രിയദര്‍ശനെ…പ്രിയദര്‍ശനെ കൂവാന്‍ നമുക്ക് അര്‍ഹതയില്ല. ഇന്ത്യന്‍ സിനിമയില്‍ മലയാളിയുടെ മുഖമുദ്ര പതിപ്പിച്ച പ്രശസ്ത സംവിധായകന്‍. ഇന്നും അദ്ദേഹത്തിന്റെ റിലീസ് ചെയ്ത സിനിമ ലോകം മുഴുവന്‍ സൂപ്പര്‍ ഹിറ്റാണ്. അങ്ങനെയുള്ള സംവിധായകന്‍ വന്നതുമുതല്‍ പറയാന്‍ തുടങ്ങിയതാണ്. പ്രിയദര്‍ശന്‍ ഇന്നു രാജിവെക്കും, നാളെ രാജിവെക്കും. ഞാന്‍ ഉറപ്പിച്ചു പറയുന്നു. അഞ്ചു വര്‍ഷം പ്രിയദര്‍ശന്‍ തന്നെയായിരിക്കും ചലച്ചിത്ര അക്കാദമിയുടെചെയര്‍മാന്‍. അതിനു വെച്ച വെള്ളം വാങ്ങി വെച്ചേച്ചാ മതി. പ്രിയദര്‍ശന്‍ രാജിവെക്കില്ല. പ്രിയദര്‍ശന്‍ ചെയര്‍മാനായി തന്നെ ഇതിനേക്കാള്‍ ഗംഭീരമായി…

നിങ്ങള്‍ കണ്ടത് ലോക സിനിമയുടെ ചില ഭാഗമാണ്. കഴിഞ്ഞ 16 വര്‍ഷമായി നിങ്ങള്‍ കാണുന്നത് അതാണ്. എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ ലോകസിനിമയുടെ ശരിയായ പരിഛേദം കാണിക്കുമെന്ന് ലോകസിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ ഉറപ്പു തരുന്നു. മറ്റുള്ളവരുടെ കാര്യം എനിക്കറിയത്തില്ല. .ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ..

എന്തു ബഹളം വെച്ചാലും , എത്ര പ്രതിഷേധിച്ചാലും …കേരള ചലച്ചിത്ര അക്കാദമിയുടെ അവാര്‍ഡ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നായി മാറ്റും. ഏത് വലിയ എതിര്‍പ്പുകളെയും അതിജീവിക്കും. കെട്ടുകഥകളുണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട. പ്രതിഷേധം നല്ലതാണ്. പ്രതിഷേധത്തിന്റെ വേദികള്‍ നമുക്ക് കിട്ടുമ്പോള്‍…ഒരു പാട് മാധ്യമങ്ങള്‍…സെക്രട്ടറിയേറ്റിനു മുമ്പിലുള്ളതിനേക്കാള്‍ മാധ്യമങ്ങള്‍ നമ്മുടെ കൈരളി തിയറ്ററിനു മുമ്പിലുണ്ടായിരുന്നു. അവരുടെ മുമ്പില്‍ നമുക്കെല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവസരം ഉണ്ട്. നല്ല കാര്യത്തിനും ചീത്ത കാര്യത്തിനും പ്രതിഷേധിക്കാന്‍ കഴിഞ്ഞു. അവിടെ സ്ത്രീകളെ അപമാനിച്ചതിനെതിരായി പ്രതിഷേധവും ഉണ്ടായിരുന്നു. അതില്‍ എനിക്ക് അത്യന്തം ഖേദം ഉണ്ട്. കാരണം സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അവരുടെ സ്വാതന്ത്യ്രത്തില്‍ ജീവിക്കാനും കേരളത്തിലും ഭാരതത്തിലും അവസരമുണ്ട്. അതിനെ നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. സ്ത്രീകളുടെ പ്രതിഷേധത്തില്‍ ഞാന്‍ അവരുടെ ഭാഗത്താണ്. കാരണം അതവരുടെ സ്വാതന്ത്യ്രത്തിനു വേണ്ടയാണ്.

ചിലര്‍ വരുന്നത് അണ്‍സെന്‍സേര്‍ഡ് സിനിമ കാണാനാണ്
രതിനിര്‍വേദം പോലുള്ള സിനിമ കാണാനാണല്ലോ ഇന്നലെ ശ്രീകുമാര്‍ തിയറ്ററിനു മുമ്പില്‍ ബഹളം വെച്ചത്. അതത്ര ശരിയല്ല. അണ്‍സെന്‍സേര്‍ഡ് സിനിമ കാണാന്‍ വരുന്നവര്‍ ഈ ഫെസ്റ്റിവലിന് ദോഷമാണ്. പറയുന്നതില്‍…ആരു വിചാരിച്ചാലും ഒന്നുമില്ല. ചിലര്‍ വരുന്നത് അണ്‍സെന്‍സേര്‍ഡ് സിനിമ കാണാനാണ്. ചലച്ചിത്ര അക്കാദമിയുടെ സിനിമകള്‍ എന്നാല്‍ അണ്‍സെന്‍സേര്‍ഡ് സിനിമകള്‍ എന്നല്ല അര്‍ഥം. അതിന് തിരക്കാണ്. മൂന്നു ഷോ കാണിച്ചാലും പോരാ. ഞാന്‍ ശ്രീകുമാര്‍ തിയറ്റര്‍ ഉടമയോട് പറഞ്ഞു. നിങ്ങള്‍ ബോഡി എന്ന സിനിമ വാങ്ങിച്ച് പത്തുദിവസം റെഗുലര്‍ ഷോ കാണിക്കുകയാണെങ്കില്‍ ലാഭമായിരിക്കുമെന്ന്.

അല്ലാതെ എനിക്കൊന്നും പറയാനില്ല. ഇക്കാര്യത്തില്‍. കാരണം, നിങ്ങളില്‍ ചില ആളുകള്‍ മോശമായി, നെഗറ്റീവായി പെരുമാറുമ്പോള്‍, നെഗറ്റീവായി തന്നെ സംസാരിക്കേണ്ടി വന്നതില്‍ ഒരു മന്ത്രി എന്ന നിലയില്‍ എനിക്ക് വളരെ ദു:ഖമുണ്ട്.
ഇത് അതിനുള്ള വേദിയല്ല. അതിനുള്ള സദസ്സല്ല. പക്ഷേ, സദസ്സില്‍ നിന്നുള്ള പ്രതികരണം മോശമായതു കൊണ്ട്. അതെന്നോടു മാത്രമല്ല. ഞാന്‍ രാഷ്ട്രീയക്കാരനാണ്. എന്നോടു കരിങ്കൊടി കാണിക്കാം. അതെനിക്കു സന്തോഷമുള്ള കാര്യമാണ്. മിക്കവാറും ദിവസം കറുത്ത ഉടുപ്പിടുന്ന ആളാണ് ഞാന്‍. എനിക്കതൊരു വിഷയമല്ല.

അതുകൊണ്ട് വേലയൊന്നുംവേണ്ട
പക്ഷേ, പ്രിയദര്‍ശനെ പോലുള്ള കലാകാരന്‍മാരെയൊക്കെ അപശബ്ദങ്ങള്‍ പുറപ്പെടുവിച്ച് പിന്തിരിപ്പിക്കാന്‍… …തിരുവനന്തപുരം നഗരത്തില്‍ ഇന്ത്യന്‍ കോഫീഹൌസില്‍ സിഗരറ്റ് വലിച്ചും ചായകുടിച്ചും വളര്‍ന്നവനാണ് പ്രിയദര്‍ശന്‍. വേലയൊന്നും വേണ്ട. നിങ്ങളേക്കാള്‍ മുമ്പേ ഇത്തരം പരിപാടികള്‍ കഴിഞ്ഞു വന്നവരാ ഞങ്ങള്‍. ഞാനും തിരുവനന്തപുരത്ത് പഠിച്ചവനാ. അതുകൊണ്ട് വേലയൊന്നുംവേണ്ട. നമുക്ക് സന്തോഷമായി മുന്നോട്ടു പോകാം. ഫെസ്റ്റിവല്‍ ഇതിനേക്കാള്‍ ഫാര്‍ ഫാര്‍ ബെറ്ററായി, ബിഗസ്റ്റ് ഫെസ്റ്റിവലായിട്ട്…നിങ്ങള്‍ സഹകരിക്കണം. അടുത്ത തവണ നമ്മള്‍ നടത്തും. നിങ്ങളെല്ലാവരും സഹകരിക്കുക. കൂവിയവരും കയ്യടിച്ചവരും എല്ലാവരും സഹകരിക്കുക. നമുക്ക് നന്നായി നടത്താം. നിങ്ങള്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കണ്ട. നിങ്ങള്‍ ഒരു സുഹൃത്തിനെപ്പോലെ, സഹോദരനെ പോലെ, രാഷ്ട്രീയമൊക്കെ മാറ്റിവെക്കുക. എന്നോടൊപ്പം നില്‍ക്കുക.

എനിക്ക് രണ്ട് വകുപ്പുകളാണ്. ഒന്ന് സ്പോര്‍ട്സും മറ്റേത് സിനിമയും. ഇതില്‍ രണ്ടിലും രാഷ്ട്രീയമില്ല. എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമുണ്ട്. പക്ഷേ, എം.എല്‍.എ ആയതിനു ശേഷം, മന്ത്രി ആയതിനു ശേഷം ഞാന്‍ പറയുന്നു. സ്പോര്‍ടിസിലും സിനിമയിലും എനിക്ക് രാഷ്ട്രീയമില്ല. ബഹളം വെക്കുന്നവര്‍ക്കുണ്ടായിരിക്കാം. അതവരുടെ കൈയിലിരിക്കട്ടെ എന്നു മാത്രം പറഞ്ഞുകൊണ്ട് എല്ലാ നന്‍മകളും നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു.
നന്ദി. നമസ്കാരം. ജയ്ഹിന്ദ്.

10 thoughts on “കൂവുന്നവര്‍ക്ക് ഇനി പാസില്ല

 1. മാപ്പാക്കണം തമ്പ്രാ…അടിയന്‍ നി കൂവൂല്ല …
  .
  അച്ഛന്‍ തമ്പ്രാനെ പോലെ കൊച്ചുതമ്പ്രാനും മാടമ്പിയാണെന്ന് അടിയന്‍ നിരീച്ചില്ല …

 2. താങ്കളോട് എനിക്ക് രണ്ടു ചോദ്യങ്ങള്‍ മാത്രം…
  ഒരു രാഷ്ട്രീയകാരന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനില്ല എന്ന് ഇപ്പൊ താങ്കള്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന നിലക്ക് താങ്കളുടെ ഗതാഗത പെര്‍ഫോര്‍മന്‍സ് അതി ഭയങ്കരം ആയിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.. സിനിമയില്‍ താങ്കള്‍ ഒരു പരാജയം ആണെങ്കിലും, താങ്കള്‍ മുന്‍കാലങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ നടത്തിയ ഗതാഗത അഭിനയത്തിന് നൂറില്‍ നൂറു മാര്‍ക്കും തരുന്നു …
  ചോദ്യം ഒന്ന് : സത്യപ്രതിഞ്ഞ കഴിഞ്ഞു താങ്കള്‍ ആദ്യം വെല്ലു വിളിച്ചത് ദേശീയ ഗെയിംസ് നടത്തി കാണിക്കും എന്നാണല്ലോ. പക്ഷെ നേതാവേ ഇത്തവണത്തെ ദേശീയ ഗെയിംസ് കാണാന്‍ ഞങ്ങള്‍ വേറെ സംസ്ഥാനത്ത് പോകേണ്ട അവസ്ഥയാണല്ലോ കാണുന്നത് ??
  ചോദ്യം രണ്ടു : ഒരു അപശബ്ദം കേട്ട പിന്തിരിഞ്ഞു ഓടുന്ന ആളാണ് പ്രിയദര്‍ശന്‍ എന്ന് താങ്കള്‍ തന്നെ പ്രസ്താവിച്ചത് നന്നായി … ഇനി കുറച്ചു അപശബ്ദം പുറപ്പെടുവിച്ചാല്‍ അങ്ങേരു സിനിമ നിര്‍ത്തും എങ്കില്‍, പാവം കുറെ നിര്‍മാതകള്‍ എങ്കിലും രക്ഷപെടുമായിരിക്കും അല്ലെ ഗണേശന്‍ മന്ത്രി ???

 3. ബുദ്ധിജീവികളും നിരൂപകരും അടങ്ങിയ ഭൂരിഭാഗം പ്രേക്ഷകരും അധികാരവര്‍ഗ്ഗത്തിന്റെ അഹന്തക്കും നീതി നിഷേധങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ മേളയെ വ്യത്യസ്തമാക്കുന്നത്. സംഘാടനത്തിലും ഡെലിഗേറ്റു കളെ തൃപ്തിപ്പെടുതുന്നതിലും ഈ മേള പൂര്‍ണപരാജയ്മെന്നെ പറയാന്‍ കഴിയൂ. നിറപ്പകിട്ടാര്‍ന്ന ഒരു ഉത്സവമാവേണ്ട രാജ്യാന്തരമേള പ്രിയന്റെ GANESHOTSAV 2011 ആയി ഒതുങ്ങിപ്പോയി. പിന്നെ ഈ മാടമ്പി പ്രസംഗം കേട്ടാല്‍ കൂവതിരിന്നാലെ അതിശയമുള്ളൂ .

 4. മന്ത്രിയോട് മൂന്നു ചോദ്യം…

  ഒന്ന്- ഈ ഫെസ്റിവലില്‍ കൂവിയവര്‍ക്ക് അടുത്ത തവണ പാസ്‌ ഇല്ലല്ലോ..അവരെ എങ്ങനെ കണ്ടു പിടിക്കും? അതിനുള്ള മെഷീന്‍ സിനിമാശാലയില്‍ സ്ഥാപിക്കുമോ?

  രണ്ടു- ഇത്തവണ സിനിമ കണ്ടവര്‍ക്ക് മാത്രം അടുത്ത തവണ പാസ്‌ എന്ന് പറയുന്നു. പതിനായിരം പ്രതിനിതികളില്‍ നിന്ന് കൂടുതല്‍ സിനിമ കണ്ടവരെ കണ്ടെത്തുന്ന വിദ്യ പറഞ്ഞു തരുമോ?

  മൂന്നു- ഇതിനു മുന്‍പുള്ള ഏതെങ്കിലും ഫിലിം ഫെസ്റിവലില്‍ മന്ത്രി വന്ന്നിട്ടുണ്ടോ?
  ഉണ്ടായിരുന്നെങ്കില്‍ കൂവിയപ്പോള്‍ ഇത്ര മാത്രം ആത്മ രോഷം കൊള്ളില്ലായിരുന്നു. കാരണം മുന്‍ വര്‍ഷങ്ങളിലോക്കെ ബേബി സര്‍ കൂവലോക്കെ അഭിമാനത്തോടെ ആണ് സ്വീകരിച്ചിരുന്നത്.

  (സാരമില്ല ശീലമാകുമ്പോള്‍ പുതിയ മന്ത്രിയും ഫെസ്റിവല്‍ നടപടിക്രമങ്ങള്‍ പഠിച്ചോളും…)

 5. ഇങ്ങേരു എന്തൊക്കെ പോഴത്തം ആണ് വിളിച്ചു പറയുന്നത്. കൂവുന്നത് ശരിയല്ല, നിശബ്ദമായി പ്രതികരിക്കുക, സുഭാഷ്‌ ഘായ് വിചാരിച്ചാല്‍ മോശമല്ലേ!! ഒന്ന് പോ കൂവ. സുഭാഷ്‌ ഘായ് അല്ല ഇന്ത്യന്‍ സിനിമയെ ലോക സിനിമ ആക്കിയത്. പിന്നെ ഇയാള്‍ പ്രശംസ ചൊരിഞ്ഞ കോപ്പി അടി വിദ്വാന്‍ പ്രിയദര്‍ശനും അല്ല. വ്യതസ്ത സിനിമ അനുഭവങ്ങളില്‍ കൂടെ കടന്നു പോയ, വ്യത്യസ്ത സിനിമകള്‍ എടുത്ത സംവിധായകരാണ്, അഭിനേതാക്കളാണ്, ടെക്നിഷിയന്‍സ് ആണ്, അത് ചലച്ചിത്ര മേളകള്‍തോറും കഷ്ടപ്പെട്ട് യാത്ര ചെയ്തു കണ്ട പ്രേക്ഷകരാണ്. ഇയാള്‍ എന്ത് നോക്കിയാണ് ഇനി അടുത്ത വര്ഷം പാസ്‌ ഇഷ്യൂ ചെയ്യാന്‍ പോകുന്നത്. ഇവര്‍ സഞ്ചരിച്ച ട്രെയിന്‍ ടിക്കറ്റ്‌ നോക്കിയോ? അതോ ബസ്‌ ടിക്കട്ടോ? അറിവില്ലായ്മ ഇങ്ങനെ അഹങ്ഗാരമായി കൊണ്ട് നടക്കരുത്.

 6. തീയ്യേറ്ററുകളിലേയ്ക്കു ചെല്ലുന്ന ഡെലിഗേറ്റുകളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയൊരു ഫ്ലക്സാണു…

  “WELCOME DELEGATES
  priyadarsan fans association ”
  ഇദ്ദേഹത്തിന്റെ തൊലിക്കട്ടി സമ്മതിക്കണം!!! അല്ല കോപ്പിയടിയിൽ റിസ്സേർച്ച് ചെയ്തു മലയാളിയെ നാണിപ്പിച്ചു ഇപ്പോൾ ഉത്തരേന്ത്യക്കാരെ അതിന്റെ കോപ്പിയടിയിലൂടെ ജ്ജ്വലമായി പറ്റിച്ചു കൊണ്ടിരിക്കുന്ന സാറിൽ നിന്നും ഇതിൽക്കൂടുതൽ നിലവാരം എങനെ പ്രതീക്ഷിക്കാനാണു????
  വലതുപക്ഷ സവർണ്ണ വർഗീയ കോമരങ്ങളുടെ കയ്യിൽ മലയാള സിനിമയും ചലച്ചിത്രോൽസവങ്ങളും ചെന്നു പെട്ടാൽ ഉണ്ടാകുന്ന അപകടങ്ങളെന്തൊക്കെയാണെറിയണമെങ്കിൽ ഈ ഫിലിം ഫെസ്റ്റിവൽ കാണേണ്ടിയിരുന്നു..

 7. യെന്തോക്കേ പറഞ്ഞാലും… ഗെനെശന്‍ സര്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല… ഇവനോടോന്നും ഇങ്ങന പറഞ്ഞാല്‍ പറ്റില്ല. കൈക്ക് നല്ല യെല്ലുള്ള പില്ലേരി ല്ലരുന്നോ അവിടെ? ഇറക്കി വിട്ടു അവന്മാരുട വായടപ്പിക്കാന്‍ … നല്ല തായി പോയി ഗണേഷ് സര്‍… നട്ടെല്ലുണ്ടാവണം.. എങ്കിലേ ഇങ്ങനൊക്ക പറയാന്‍ സാധിക്കു..

 8. പ്രസംഗത്തിനിടയില്‍ കൂവല്‍ എന്നു ബ്രാക്കറ്റില്‍ കണ്ടു കൂവല്‍ ഇടയ്‌ക്കു നിന്നതും പിന്നെ കയ്യടി ഉയര്‍ന്നതും കൂടി രേഖപ്പെടുത്താതിരുന്നതിന്റെ കാരണമെന്താണ്‌? ഗണേശന്റെ പ്രസംഗം പകുതി എത്തിയതോടെ കൂവല്‍ നിലച്ചതിന്റെ കാരണംകൂടി പരിശോധിക്കേണ്ടേ?

 9. പ്രസംഗം പകുതി എത്തിയപ്പോ കൂവല്‍ നിലച്ചോ? ദാ ഞാന്‍ ഇപ്പോഴും കൂവുന്നു. സമാപന സമ്മേളനം മിസ്സായതിനാല്‍ അവിടെ കൂവാന്‍ പറ്റിയില്ല. ഫെസ്റിവലില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ തിരക്കിട്ട് മടങ്ങേണ്ടി വന്ന ജയ ബച്ചന് കൊടുത്ത കൂവലിന്റെ ബാക്കി. കഴിഞ്ഞ വര്ഷം ഹെര്സോഗിനെ പോലെ ഉള്ള ഒരു മാസ്റ്റര്‍ നിന്ന വേദിയിലാണ് നില്‍ക്കുന്നതെന്നെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.
  ലോക സിനിമാ പ്രദര്‍ശനം നടക്കുന്ന ന്യൂ തീയറ്ററിനു മുന്നില്‍ ഫുള്‍ സൈസ്‌ ഫ്ലക്സ്‌ ബോര്‍ഡ്‌ വച്ച ഗണേശനുള്ള കൂവലിന്റെ ബാക്കി . ആദിമധ്യാന്തം പോലെ ഉള്ള നല്ല ഒരു സിനിമയെ മാടമ്പിത്തരത്തിന്‍റെ , ഈഗോയുടെ പേരില്‍ പുറത്താക്കിയ മന്ത്രിക്കും ചെയര്‍മാനുമുള്ള കൂവലിന്റെ ബാക്കി.

Leave a Reply to alex punjab Cancel reply

Your email address will not be published. Required fields are marked *