വേലിക്കകത്തെ വേലിചാട്ടക്കാരന്‍

courtesy: സുജിത്
കേരള കൌമുദി

നാം ജനിച്ചതു തന്നെ ഒരു വേലിക്കകത്താണ് വല്ലവനും ചുറ്റിലും വേലി കെട്ടിയാല്‍ അതു പൊളിക്കേ ണ്ടതെങ്ങിനെ എന്ന് ചെറുപ്പത്തിലേ പഠിച്ചെടുത്തു. വേലി പൊളിക്കലില്‍ മാത്രമല്ല നാം കഴിവു തെളിയിച്ചിട്ടുള്ളത് പള്ള് പറച്ചില്‍, വെട്ടിനിരത്തില്‍, ഇടിച്ചു നിരത്തല്‍, തുടങ്ങിയ നിരവധി ഐറ്റംസ് വേറെയുമുണ്ട്.

നമ്മോടു കടുത്ത വിരോധമുള്ള പലരുമുണ്ട്. തരം കിട്ടുമ്പോള്‍ ഇത്യാദികള്‍ നമ്മെ വരട്ടു തത്വവാദി, വികസന വിരുദ്ധന്‍, സമനില തെറ്റിയ കാരണവര്‍, കടുംപിടുത്തക്കാരന്‍ തുടങ്ങിയ അശ്ലീലപദങ്ങള്‍ ഉപയോഗിച്ചു വിശേഷിപ്പിക്കും. സോവിയറ്റു ഭാഷാശാസ്ത്രപ്രകാരം ശുംഭന്‍, കൊഞ്ജാണന്‍, തുടങ്ങിയ വാക്കുകള്‍ ബഹുമാനപൂര്‍വ്വം ഉപയോഗിക്കുന്നവയായതിനാല്‍ നമുക്കെതിരെ ആരും അത്തരം വാക്കുകള്‍ ഉപയോഗിക്കാറില്ല.

ചീത്തപ്പേരുകള്‍ ഒന്നൊന്നായി നാം മാറ്റി വരികയാണ്. ആദ്യം മാറ്റിയെടുത്തത് വരട്ടു തത്വവാദി എന്ന ചീത്തപ്പേരാണ്. കെ.ജി.ബി പോലും പണ്ട് ഉപയോഗിക്കാത്തതരം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈയിടെ നമ്മള്‍ എറണാകുളത്തുള്ള ഒരുത്തനെ ‘ഗോപി’ വരപ്പിച്ചത്. വര്‍ഗ്ഗബോധം , പ്രോമിറ്റേറിയന്‍സ്, ബൂര്‍ഷ്വാസി , പ്രത്യയശാസ്ത്ര ഭിന്നത , വൈരുദ്ധ്യാധിഷിഠിത ഭൌതികവാദം , മുതലാളിത്തം, സാമ്രാജ്യത്വം, തുടങ്ങിയ വാക്കുകള്‍ക്കൊപ്പംതന്നെ പിക്സല്‍ റേറ്റ്, ജിഗാ ബൈറ്റ്, ക്ലാരിറ്റി, ഹിഡന്‍ ക്യാമറ, മെമ്മറി കപ്പാസിറ്റി മുതലായ വാക്കുകളും നാമിപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

നേരമ്പോക്കിന്റെ ‘അസുഖം’ കലശലായുള്ള ഒരു കണ്ണൂര്‍ക്കാരന് നാം വിധിച്ചത് മര്‍മ്മത്തില്‍ ‘കുത്ത്’ എന്ന കളരി മര്‍മ്മാണി ചികിത്സയായിരുന്നു. ചികിത്സ ശരിക്കേറ്റ കണ്ണൂര്‍ക്കാരന്‍ സഖാവ് അഭയാരിഷ്ടം, ദശമൂലാരിഷ്ടം, ബലാശ്വഗന്ധാദികുഴമ്പ്, അഷ്ടചുര്‍ണ്ണം, തുടങ്ങിയ മരുന്നുകളുപയോഗിച്ച് വീട്ടില്‍ത്തന്നെ വിശ്രമത്തിലാണ്.

ഏതാണ്ടിതേ വകുപ്പില്‍ വരുന്ന ഒരസുഖത്തിന്റെ ലക്ഷണങ്ങളാണ് എറണാകുളം സഖാവ് കാട്ടിത്തുടങ്ങിയതും. ഉടനെ അവന് നാം ചികിത്സയും വിധിച്ചു. കിഴിയും ഉഴിച്ചിലുമൊന്നുമല്ല, രോഗലക്ഷണങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന ക്യാമറ ആരും അറിയാതെ മുറിയില്‍ സ്ഥാപിച്ച് ‘രോഗവിവരം’ അറിഞ്ഞുവരാന്‍ നമ്മുടെ പിള്ളാരോട് പറഞ്ഞു. പിള്ളേരത് കൃത്യമായി ചെയ്യുകയും ചെയ്തു. ഇതോടെ നമ്മുടെ ചികിത്സാവിധികള്‍ക്ക് അംഗീകാരം ലഭിച്ചതിനൊപ്പം ‘കാലത്തിനൊത്ത് മാറാത്തവന്‍ ‘ എന്ന പേരും മാറിക്കിട്ടി. എറണാകുളത്തെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ഇത്തിരി ‘നീല വചനങ്ങള്‍’ റെക്കോഡ് ചെയ്ത് ഇന്റര്‍നെറ്റിലിടുകയും ചെയ്തു. ഇതൊക്കെ നമ്മെ സംബന്ധിച്ച് ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നത് മാത്രം.

അങ്ങനെയിരിക്കെയാണ് നമുക്കൊരാഗ്രഹം തോന്നിയത്. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കണ്ണൂരിലെ പലയൊരു സഖാവിന്റെ വീട്ടില്‍പ്പോയി മീന്‍ കൂട്ടാനും കൂട്ടി ഒന്നുണ്ണണം ! ഏതാണ്ട് പഴയ പന്തിഭോജനം പോലെ. ഇതും ഒരു സാമൂഹ്യ വിപ്ലവമായി മാറ്റാമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ നേരത്താണ് ഊണ് കഴിക്കരുതെന്ന തിട്ടൂരം കാര്യസ്ഥന്‍ വശം അപ്ഫന്‍ നമ്പൂതിരിപ്പാട് കൊടുത്തയച്ചത് കിട്ടിയത് . തലമൂത്ത അപ്ഫനെ അനുസരിച്ചോ എന്ന് ചോദിച്ചാല്‍ അനുസരിച്ചൂന്ന് പറയുകയും വേണം, എന്നാലൊട്ടില്ല താനും. എന്ന് വരുത്തി തീര്‍ക്കാന്‍ നമുക്ക് ഏറെയൊന്നും പണിപ്പെടേണ്ടിവന്നില്ല.

പണ്ട് നമ്പൂതിരിമാര്‍ കീഴ് ജാതിക്കാരുടെ വീട്ടില്‍ സംബന്ധത്തിനു പോകുമ്പോള്‍ എടുക്കുന്ന ആ പഴയ അടവുതന്നെ നമ്മളുമെടുത്തു. ‘കിണറ്റിലെ വെള്ളത്തിനും അടുക്കളയിലുണ്ടാക്ക്യേതിനും’ അയിത്തമുണ്ട്. പക്ഷേ കരിക്കാവാം അതിനാരും അയിത്തം കല്പിച്ചിട്ടില്ല.

സംഗതി ഏറ്റു !

നമ്മുടെ ചുറ്റും വേലികെട്ടിയവര്‍ ‘ അയ്യട’ നന്നായി , ചാനലുകാര്‍ക്കും ബഹൂ സന്തോഷം. കരിക്കുകുടിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി പോകുന്ന വഴി നമ്മള്‍ ഒരു കവിതാശകലം ഉരുവിട്ടു.

‘കുഞ്ഞനന്ത മഞ്ജാതമവര്‍ണ്ണനീയം………’

പക്ഷേ മതിലില്ലാത്തതും, മതിലുള്ളതുമായ ജര്‍മ്മനിയില്‍ താമസിച്ച് അടവേറെക്കണ്ട കണ്ണൂര്‍ സഖാവ് ഇക്കാര്യത്തില്‍ താത്വികാചാര്യനായ നമ്മെപ്പോലും കടത്തിവെട്ടി.

വല്യപ്ഫന്റെ വികൃതികള്‍ എന്നൊരു ശ്ലോകസംഹിത അടിച്ചുപുറത്തിറക്കാനുള്ള ശ്രമത്തിലാണത്രേ അദ്ദേഹം.

എന്തായാലും നമുക്ക് പെരുത്ത സന്തോഷം തന്നെ.

വല്ല്യപ്ഫന്‍ നമുക്കിട്ട്വേലികെട്ടാന് തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ വല്യപ്ഫനില്ലാത്ത ഒന്ന് നമുക്കുണ്ട്.

മൂന്നാറില്‍ നാം നടത്തിയ പൊളിച്ചടുക്കലും, കൊട്ടാരക്കര ഗണപതി ഭക്തനെ കൊട്ടത്തേങ്ങ പോലെ അഴിക്കുള്ളിലിട്ടതുമെല്ലാം കണ്ട് നമ്മളൊരു സംഭവമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കുറേപേര്‍.

നമ്മുടെ ഹൈള്‍ ടെക് അടവുകള്‍ കണ്ട് അവരും ഞെട്ടിയിരിക്കയാണ്. ഞെട്ടല്‍ പൂര്‍ണ്ണമായിട്ടില്ല. വരും ദിവസങ്ങളില്‍ , ഗൂഗിള്‍ ബസ്, ഫേസ്ബുക്ക്, ബ്ലോഗിംഗ്, തുടങ്ങിയ സൈബര്‍ വിപ്ലവപാതകളാണ് നാം സ്വീകരിക്കാന്‍ പോകുന്നത്. വേലികെട്ടാന്‍ വരുന്നവന്റെ ടൌസറ് കീറും. നമ്മുടേത് കീറിയാല്‍ ‘തയ്ക്കാന്‍’ നമുക്ക് പണ്ടേയറിയാം.

അതുകൊണ്ട് വേലിക്കകത്ത് കളിച്ചുവളര്‍ന്നവനിട്ട് വേലവയ്ക്കാനൊരുങ്ങുന്നവര്‍ ജാഗ്രതൈ.!

Leave a Reply

Your email address will not be published. Required fields are marked *