ചായാ ചിത്രങ്ങള്‍

വീടു വിട്ട് പുറംനാട്ടിലെ ഹോസ്റലിലേക്ക് ചെന്നപ്പോഴും പല നാടുകളില്‍ യാത്ര ചെയ്തപ്പോഴുമെല്ലാം ചായ ശീലങ്ങള്‍ മാറിമാറിവന്നു.

ഓരോ നാട്ടിലും ഓരോ ചായകള്‍. ഓരോ ചായ അനുഭവങ്ങള്‍. ഒരു നാട്ടില്‍ എത്തി ട്രെയിന്‍ ഇറങ്ങിയാല്‍ ആദ്യം അന്വേഷിക്കുക ചായക്കടയാണ്. ഒരു നാടിന്റെ ആദ്യ രുചി.അതിന്റെ യഥാര്‍ത്ഥ മണം. അത് ചായക്കടയില്‍ തന്നെയാണ്.

യാത്രകള്‍ക്കിടയില്‍ എത്തിപ്പെട്ട ചില ചായക്കടകളും അതിനെ ചുറ്റിപ്പറ്റിയ കഥകളിലേക്കുമുള്ള ക്യാമറയുടെ സഞ്ചാരങ്ങളാണിത്-ദല്‍ഹിയില്‍ ഗവേഷകയായ അശ്വതിസേനന്‍ പല കാലങ്ങളില്‍ പകര്‍ത്തിയ ചായാ ചിത്രങ്ങള്‍. ചായാ ലിഖിതങ്ങള്‍

 

 

വീട്ടില്‍ ഒരാള്‍ വന്നാല്‍, അതിപ്പോ നട്ടുച്ചയ്ക്കാണെങ്കിലും, ‘ഒരു ചായ കുടിക്കാം, അല്ലെ?’ എന്ന് പറഞ്ഞാണ് നമ്മള്‍ മലയാളികള്‍ വീട്ടില്‍ അതിഥികളെ സ്വീകരിക്കുക. ചായ കൊടുക്കുക ഒരു സാധാരണ സംഭവം. എവിടെ ചെന്നാലും ചായ കുടിക്കുക എന്നതും.
ഈ ശീലത്തിന്റെ ഓര്‍മ്മയിലാണ് ലക്നോയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ചെന്നത്. ഒരു ചായ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
ഇത്തിരി കഴിഞ്ഞപ്പോള്‍ അവളുടെ അമ്മ ഒരു ഗ്ലാസ് വെള്ളവുമായി വന്നു. നമ്മുടെ ചായശീലംവെച്ച് ഞാന്‍ ഒന്നമ്പരന്നു. ഇതാണോ ഈ വാഴ്ത്തപെട്ട ലക്നോവ്യന്‍ ആതിഥേയത്വം! വെള്ളം കുടിച്ചു കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍ ആ ചോദ്യമെത്തി.
‘ചായ? കാപ്പി? അതോ തണുത്തത് വല്ലതും?’
‘ചായ’ സംശയിക്കാനില്ലാത്ത മറുപടി.
ഹോ, ഭാഗ്യം! മറന്നതല്ലല്ലോ. വെള്ളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഒരു ഗ്ലാസ് ചായ, അത് ഒഴിവാക്കാന്‍ പറ്റില്ല

അശ്വതി സേനന്‍

പത്മനാഭന്റെ സ്വന്തം തിരോന്തോരം നാട്ടുകാരിയായ എനിക്ക് നന്നായി അടിച്ചു പതപ്പിച്ച ചായ കുടിച്ചാണ് ശീലം. ചാക്ക വൈ.എം.എയുടെ അടുത്തുള്ള രാമുവിന്റെ ചായക്കടയിലെ കറങ്ങുന്ന ചായ പേരു കേട്ടതാണ്. ഒരു ഗംഭീര കാഴ്ച. നല്ല തിളപ്പിച്ച ചായ പഞ്ചസാര ചേര്‍ത്ത് കോപ്പയില്‍നിന്ന് ഗ്ലാസിലേക്ക് ഒഴിക്കും. മുകളില്‍നിന്നുള്ള ചായച്ചാട്ടം അളന്നുമുറിച്ചതു പോലെ കൃത്യമായി കറങ്ങുന്ന ചില്ലുഗ്ലാസില്‍ ലാന്റ് ചെയ്യും. ചായ കൂടാതെ നല്ല പഴമ്പൊരിയും ചൂടു ഉള്ളിവടയും കിട്ടുമായിരുന്നു, അവിടെ. ഇപ്പോള്‍, ആ കടയുണ്ടോ എന്നറിയില്ല. വിമാനത്താവള നവീകരണത്തിനായി റോഡ് വീതി കൂട്ടുമ്പോള്‍ ആ കട ഇല്ലാതായിരിക്കാനാണ് സാധ്യത. അങ്ങനെയങ്കില്‍, മറ്റെവിടെയങ്കിലും അയാള്‍ ഇപ്പോള്‍ ചായ കറക്കിയെറിയുന്നുണ്ടാവണം.

പറഞ്ഞു വരുന്നത് ചായയുമായുള്ള സഹജീവിതത്തെക്കുറിച്ചാണ്. വീടു വിട്ട് പുറംനാട്ടിലെ ഹോസ്റലിലേക്ക് ചെന്നപ്പോഴും പല നാടുകളില്‍ യാത്ര ചെയ്തപ്പോഴുമെല്ലാം ചായ ശീലങ്ങള്‍ മാറിമാറിവന്നു. ഓരോ നാട്ടിലും ഓരോ ചായകള്‍. ഓരോ ചായ അനുഭവങ്ങള്‍. ഒരു നാട്ടില്‍ എത്തി ട്രെയിന്‍ ഇറങ്ങിയാല്‍ ആദ്യം അന്വേഷിക്കുക ചായക്കടയാണ്. ഒരു നാടിന്റെ ആദ്യ രുചി.അതിന്റെ യഥാര്‍ത്ഥ മണം. അത് ചായക്കടയില്‍ തന്നെയാണ്. യാത്രകള്‍ക്കിടയില്‍ എത്തിപ്പെട്ട ചില ചായക്കടകളും അതിനെ ചുറ്റിപ്പറ്റിയ കഥകളിലേക്കുമുള്ള ക്യാമറയുടെ സഞ്ചാരങ്ങളാണിത്. പല രുചികളില്‍ തുളുമ്പുന്ന ചായക്കപ്പുകളുടെ ഓര്‍മ്മകള്‍.

 

 

ഡല്‍ഹിയിലെ ദിവസം തുടങ്ങുക ഓഫിസിന്റെ അടുത്തുള്ള ചായകടക്കാരന്‍ പുരുഷോത്തമിന്റെ നല്ല ഇഞ്ചി ചായയും ബ്രെഡ് ഓംലറ്റും തിന്നു കൊണ്ടാണ്. നല്ലോണ്ണം തിളപ്പിച്ച പാല്‍ചായയും നിറയെ പച്ചമുളകിട്ട മുട്ട ഓംലറ്റും. അതാണ് ആഴ്ചയില്‍ അഞ്ചു ദിവസവും പലഹാരം. രണ്ടു ദിവസം അടുപ്പിച്ച് ഒരേ പലഹാരം ഉണ്ടാക്കിയാല്‍ അമ്മയോട് വഴക്കുണ്ടാക്കിയിരുന്ന എനിക്കിപ്പോ പരാതി പറയാനോ മടുപ്പ് തോന്നാനോ വകുപ്പില്ല. അപ്പവും മുട്ടക്കറിയും പുട്ടും കടലയും ഒക്കെ ഇപ്പോള്‍ നാട്ടില്‍ പോകുമ്പോഴുള്ള അസുലഭ വിഭവങ്ങള്‍!

 

 

 

‘ഞങ്ങള്‍ക്ക് ഭോപ്പാല്‍ എയര്‍പ്പോര്‍ട്ടിലുമുണ്ട് മാഡം, ഒരു കട. പക്ഷേ, അവിടെ മെഷീന്‍ ചായയേ കിട്ടൂ. ഒറിജിനല്‍ ചായയും സമൂസയും കാലാജിലേബിയും കഴിക്കണമെങ്കില്‍ ഇവിടെ തന്നെ വരണം’. ഭോപ്പാലില്‍ മോത്തി മസ്ജിദിനടുത്തുള്ള രാജു ടീ സ്റാളില്‍ ഓട്ടോറിക്ഷക്കാരന്‍ ഭയ്യ കൊണ്ടു നിര്‍ത്തുമ്പോള്‍ അവിടുത്തെ തിരക്കു കണ്ടെന്ന് ഞെട്ടി. മൂന്ന് ചായ, രണ്ട് സമൂസ. ഒരു ബ്രെഡ് പകോഡ. ഒരു കാലാജിലേബി ഒക്കെ ഒറ്റയിരിപ്പില്‍ തീര്‍ത്തു. ഓഫീസില്‍ പ്രത്യേകിച്ച് യാതൊരു വികാരവും ഇല്ലാത്ത മെഷീന്‍ ചായ കുടിക്കുമ്പോള്‍ ഇടക്ക് സംശയത്തോടെ ഓര്‍ക്കും, രാജു ടീ സ്റാളിന്റെ മെഷീന്‍ ചായക്ക് സാധാരണ ചായയുടെ രുചി ഉണ്ടാവുമോ?
ഏയ്, എവിടെ? മെഷീന്‍ ചായ മെഷീന്‍ ചായ തന്നെ!

 

 

 

ബോംബെയില്‍ ഏറ്റവും ഇഷ്ടമായത് അവിടത്തെ പ്രീമിയം എന്ന മലയാളി കടയിലെ ചായയാണ്. ബോംബെക്കാരുടെ ചായ മോശമാണെന്നല്ല. പക്ഷേ, ഒരു ‘എഫക്റ്റു’ള്ള ചായക്കട കണ്ടു കിട്ടിയില്ല. അവിടെയും ഇറാനിയന്‍ കഫേകള്‍ ഒത്തിരിയുണ്ട്. ബണ്‍ മാസ്ക, ഓംലറ്റ് ഒക്കെ കിട്ടുന്ന സൂപ്പര്‍ കഫേകള്‍. പക്ഷേ, ചായ നമ്മുടെ ഹൈദരാബാദിന്റെ അത്ര വരില്ല എന്നു പറഞ്ഞാല്‍ ബോംബെ ചേട്ടന്‍മാര്‍ തല്ലുമോ. ചിലപ്പോള്‍ നല്ല ചായക്കടകളില്‍ എത്തിപ്പെടാത്തതായിരിക്കും. ചായക്കട അന്വേഷിച്ച് ഒന്നു കൂടി ഇറങ്ങണമായിരിക്കും.

 

 

 

ഹൈദരാബാദില്‍ ബിരിയാനി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും രസമുള്ള സംഭവം അവിടത്തെ ചെറിയ ഇറാനിയന്‍ ചായക്കടകളാണ്. നാടന്‍ ബിസ്കറ്റുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ചാര്‍മിനാറിനടുത്തുള്ള നംറാ ചായക്കടയിലെ അഞ്ചു രൂപാ ചായയും രണ്ടു രൂപാ കറാച്ചി ബിസ്കറ്റും! അതിരാവിലെ പോണം. അപ്പഴാ രസം. ‘ദോ ചായ് ലാ …’

 

 

 

‘അമൃത്സറിലെ ചായക്ക് എന്താ പ്രത്യേകത ഭയ്യാ?’
‘അരേ മാഡം, പഞ്ചാബിലെ എല്ലാത്തിന്റെയും പ്രത്യേകത അതിന്റെ വലിപ്പമാ. ലസ്സി ആണേല്‍ വലിയ ഗ്ലാസ്. പറാത്ത ആണേലും അതിനൊപ്പം തരുന്ന നെയ്യ് ആണേലും ഒക്കെ സാധാരണ കിട്ടുന്നതിനേക്കാള്‍ അധികം. അതു തന്നെയാ ഇവിടുത്തെ ചായയുടെയും പ്രത്യേകത. വലിയ ഗ്ലാസില്‍ ചായ’. സുവര്‍ണ ക്ഷേത്രം കണ്ട് മടങ്ങുമ്പോള്‍ ഒരു ചായ കൂടി കുടിച്ചു. വലിയ ഗ്ലാസ് ചായ.

 

 

 

ക്ലാരിറ്റി കുറവാണു. ക്ഷമിക്കുക. 3 വര്‍ഷം മുമ്പ് ആസാമില്‍ പോയപ്പോള്‍ എടുത്ത പടമാണ്. ഗോഹട്ടിയിലെ തണുപ്പത്ത് നല്ല കുരുമുളകിട്ട് പുഴുങ്ങിയ മുട്ടയും കട്ടന്‍ചായയും കഴിയ്ക്കുന്ന സുഖം ഒന്ന് വേറെയാ! ബിരിയാനിക്ക് ശേഷം സുലൈമാനി കുടിക്കുന്നതിനേക്കാള്‍ എന്നു തന്നെ ഞാന്‍ പറയും! ഗംഭീരന്‍ ആസാം ടീ!

 

 

 

നാലു വര്‍ഷം മുമ്പത്തെ കല്‍ക്കത്ത യാത്രയയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഏറ്റവും ആഴത്തില്‍ ശേഷിക്കുന്നത് അവിടത്തെ ഇന്ത്യന്‍ കോഫി ഹൌസിലെ കോഫിയുടെയും മട്ടന്‍ കട്ലറ്റിന്റെയും മീന്‍ വറുത്തതിന്റെയും സ്വാദാണ്. എന്നാലും ചായ കുടിക്കാന്‍ മറന്നില്ല കേട്ടോ. വഴയോരത്ത് ഏതാണ്ട് അഞ്ചു പത്ത് മിനിറ്റ് തിളപ്പിച്ച നിറയെ പാലും ഏറെ മധുരവുമുള്ള ചായയും ചോലേ ഖുല്‍ചയും. ഇനി ഒരു കല്‍ക്കത്ത യാത്ര കൂടി നടത്തണം, ആ സ്വാദ് വീണ്ടെടുക്കാന്‍.

 

 

 

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇത്രയൊക്കെ ചായ വിശേഷങ്ങള്‍ പറഞ്ഞങ്കിലും മടി സ്ഥായീഭാവം ആയതിനാല്‍ ഒറ്റക്കാണേല്‍ കട്ടന്‍ ചായ തന്നെ ശരണം. കപ്പില്‍ ഒരു സ്പൂണ്‍ പഞ്ചസാരയും ഒരു സ്പൂണ്‍ തേയിലയും ഇട്ട് കെറ്റിലിലെ വെള്ളം തിളപ്പിച്ച് അതിലേക്ക് ഒഴിക്കും. ‘let it brew for 2 mts’ എന്ന അരിസ്റ്റോക്രാറ്റിക് രീതിയല്ല കേട്ടോ. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാത്രം കിട്ടിയിരുന്ന ടീ ബാഗ്സ് എന്ന സാധനത്തിന്റെ വില സ്റ്റൈപ്പന്റില്‍ ജീവിച്ചിരുന്ന ഗവേഷണ വിദ്യാര്‍ഥിക്ക് താങ്ങാവുന്നതില്‍ അല്‍പ്പം കൂടുതലാവുകയും തിളപ്പിക്കാനും ആറ്റാനും സൌകര്യമില്ലാത്ത ഒരു ഹോസ്റ്റല്‍ മുറിയില്‍ ജീവിച്ചിരിക്കുകയും ചെയ്ത കാലത്ത് മലപ്പുറത്തുകാരന്‍ ഫസ് ലുക്ക പറഞ്ഞു തന്ന എളുപ്പ വിദ്യ ഇപ്പോഴും തുടരുന്നുവെന്ന് മാത്രം.
ഇത്രെയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി ഒരു ചായ കുടിച്ചു കളയാം, അല്ലെ? ‘ഏക് ചായ് ലാ…’

 

 

 

9 thoughts on “ചായാ ചിത്രങ്ങള്‍

 1. എന്തിനാ കടുപ്പം? വിവിധ സ്ഥലങ്ങളിലൂടെ,
  വിവിധ രുചികളിലൂടെ ചായയുടെ വേരന്വേഷിച്ചുള്ള
  ഈ നടത്തം അതീവ ഹൃദ്യമായി.
  നല്ല ചിത്രങ്ങള്‍. നല്ല എഴുത്ത്.

 2. അശ്വതിയുടെ ചായ വിശേഷങ്ങള്‍ നന്നായി, ചായയ്ക്കപ്പുറവും ഇപ്പുറവും സൌഹൃദത്തിന്റെ ചിരിമുഴക്കമാകാം, പ്രണയത്തിന്റെ നിശബ്ദത ആകാം, സംവാദത്തിന്റെ ഗൌരവമാകാം, എന്തും ചായയ്ക്കു ചേരും, ഇപ്പോള്‍ ഈ തണുപ്പില്‍ , പാലും മധുരവുമില്ലാത്ത ഒരു ഇളം കറുപ്പുചായയുമായി തനിച്ചിരിക്കാനും എന്തു സുഖം…

 3. നല്ല ചിത്രങ്ങള്‍, നല്ല ലേഖനം. ഒരു ചായ കുടിക്കാന്‍ തോന്നുന്നു.

 4. ജോധ്പൂരിലേക്ക് വന്നാല്‍ ഭാട്ടിയുടെ ചായ കുടിക്കാന്‍ മറക്കരുത്.
  എയര്‍പോര്‍ട്ടില്‍ നിന്നായാലും റെയില്‍വേ സ്റ്റേഷനില്‍ നിന്നായാലും അഞ്ചു മിനിറ്റു മതി ഓട്ടോയില്‍ ഭാട്ടി ചൌരായിലേക്ക്….

 5. ചിത്രങ്ങള്‍ കൊള്ളാം… വായന സുഖം നഷ്ടപ്പെടുത്തിയ ചില കാര്യങ്ങള്‍ പറയട്ടെ… ചായക്കടക്കാരെ പേരിനോടൊപ്പം ചേട്ടന്‍ കൂട്ടി വിളിക്കുന്ന ഒരു പതിവ് മലയാളിക്കുണ്ട്. അതും പ്രായഭേദമന്യെ… രാമുവിന്റെ ചായക്കട, പുരുഷോത്തമന്റെ ചായ… എന്തോ ഒരു ധാര്‍ഷ്ട്യം ഫീല്‍ ചെയ്യുന്നു… അതുപോട്ടെ എന്നാ പിന്നെ ഒരു ചായ കുടിക്കാം… 🙂

 6. ഈ വായന കുറെ ചായ രുചികളിലേക്കു എത്തിച്ചു.. നന്ദി.
  അടുപ്പിനോട് ചേര്‍ന്ന് ഏതാണ്ട് രണ്ടു ലിറ്റര്‍ കൊള്ളാവുന്ന വലിയ സ്റ്റീല്‍ ജഗ്ഗ് ! ചായ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം എത്തുന്ന ഓര്മ അത് തന്നെയാണ്. അന്നും, ഇന്നും ആ ജഗ്ഗ് അതെ സ്ഥാനത്ത് തുടരുന്നു. വെളുപ്പിന് നാല് മുതല്‍ വൈകിട്ട് ഏഴര, എട്ടു വരെ അത് അക്ഷയപാത്രമായി നിലകൊള്ളും. അന്നൊക്കെ എത്ര ചായകള്‍ ഒരു ദിവസം കുടിച്ചു എന്നതിന് ഒരു കയ്യും കണക്കും ഇല്ല. ഈ സ്ഥിരം ചായയ്ക്ക് അമ്മയുടെ കൂട്ട് വിചിത്രമാണ്. അല്‍പ്പം പാലും, ഒരു ചെരുവം വെള്ളവും, പിന്നെ കുറച്ചു പഞ്ചസാരയും, തൂവി വിതറി അല്‍പ്പം തേയിലയും ! അസ്സല്‍ ഊള ചായ !!!! അമ്മയുടെ ന്യായത്തിനും മറുപടി ഇല്ല , ഓരോരുത്തരും ദിവസം അഞ്ചു , ആറ്‌ ചായയെങ്കിലും അകത്താക്കും , എത്ര പാലും, തെയിലേം, പഞ്ചസാരയും എന്നാ !!! കാര്യം ശരി തന്നെ!
  പിന്നെ ഇടയില്‍ സമാധാനിപ്പിക്കാന്‍ സ്പെഷ്യല്‍ ചായ എക്സ്ട്രാ തരും. നല്ല പാലും, പഞ്ചസാരയും, തേയിലയും ഒക്കെയായി കൊഴു കൊഴുത്തൊരു ചായ !

  അവിടെ നിന്ന് പാലക്കാടന്‍ ചുരം കടന്നപ്പോള്‍ ചായയുടെ എണ്ണം കുറഞ്ഞു. എണ്ണി കുടിക്കേണ്ടി വന്നപ്പോള്‍ ചായയും ബോറടിപ്പിച്ചു. അവിടെ ചായയെക്കാള്‍ എനിക്കിഷ്ടം നല്ല പനം നൊന്കു ആയിരുന്നു.

  ചെറുവിരളോളം പോന്ന ഗ്ലാസ്സില്‍ കുറുക്കിയെടുത്ത നല്ല തവിട്ടു നിറമുള്ള ചായ ബാംഗ്ലൂരിലെ പതിവായിരുന്നു. തണുപ്പില്‍ , റോഡരികില്‍ ഊതിയൂതി കുടിക്കുമ്പോള്‍ തോന്നി ലോകത്തെ ഏറ്റവും അസ്സല്‍ ചായ ഇതാണെന്ന് !

  മരം കോച്ചുന്ന തണുപ്പത്ത് അത്യാവശ്യ സാധനങ്ങള്‍ പോലും ഇല്ലാതെ നിലത്തു വിരിച്ച പായയില്‍ അമ്മുവിനേയും ചേര്‍ത്തിരുത്തി പുതപ്പിനുള്ളിലേക്ക് വലിഞ്ഞപ്പോലാണ് ഭാഭിജി ഇഞ്ചി ഇട്ടു തിളപ്പിച്ച ചായ നിറച്ച ഫ്ലാസ്കുമായി വാതില്‍ കടന്നെത്തിയത്. തൊണ്ടയിലൂടെ അരിച്ചിറങ്ങിയ ഇഞ്ചി ചായ നല്‍കിയ ഉണര്‍വ് ചെറുതൊന്നും ആയിരുന്നില്ല.

  രാജ് വാടയിലെ കടകളില്‍ കിട്ടുമായിരുന്ന മസാല ടീ യും , ഇഞ്ചിയും, ഏലക്കായും ചേര്‍ത്തുണ്ടാക്കിയ ഞങ്ങളുടെ ആന്റിയുടെ ചായയും ഇന്ടോറിന്റെ അസംഖ്യം രുചികള്‍ നാവിന്‍ തുമ്പില്‍ നില്ക്കുന്നവ !

  ഇടനയുടെ ഇല ഉണക്കിയതും, കറുകപ്പട്ടയും, ഗ്രാമ്പൂവും , ഏലക്കായും ചേര്‍ത്ത് പുനയിലെ ഒരു സുഹൃത്ത് നീട്ടിയ ചായ എന്ത് കൊണ്ടോ നാവിനു പിടിച്ചില്ല. അതുകൊണ്ട് തന്നെ എന്റെ പരീക്ഷണ ശാലയില്‍ അത് ആവര്തിക്കപ്പെട്ടിട്ടും ഇല്ല.

  മഞ്ഞു പെയ്ത ആ രാവില്‍ ആണ് ചായയുടെ മാഹാത്മ്യം ഞാന്‍ അറിഞ്ഞത്‌ . ഇല്ലിനോയ് ലെ പല കടകളിലും തിരഞ്ഞെങ്കിലും തേയില കിട്ടിയില്ല. ഇന്ത്യന്‍ സ്റ്റോര്‍ ആണെങ്കില്‍ എവിടെ എന്ന് അറിയുകയും ഇല്ല. ഒടുവില്‍ കണ്ട മാക്ഡൊണാള്‍ഡില്‍ കയറി കാപ്പി വാങ്ങുകയല്ലാതെ നിവൃത്തിയില്ലാതെ വന്നു. പിന്നെ കാപ്പികളുടെ എണ്ണിയാല്‍ തീരാത്ത രുചികള്‍ ആയിരുന്നു. എത്ര കാപ്പി കുടിച്ചാലും വീട്ടില്‍ എത്തിയാല്‍ ഒരു ചായ എന്നാ മലയാളി ശീലം അവിടെയും തുടര്ന്നു…

  ഇന്ന് കൊച്ചിയില്‍ ഈ പല ദേശ ചായകളും ഞങ്ങളുടെ കപ്പുകളില്‍ നിറയുമ്പോള്‍ , അരികിലെത്തുന്നത് പോയ്‌ വന്ന നാടുകളിലെ ഓര്‍മകളും കൂടിയാണ്.

  ( ഓഫ് ടോപ്പിക് – ഇങ്ങിനെ ഒക്കെ ആണെങ്കിലും കര്‍ശനമായി ദിവസം രണ്ടേ രണ്ടു ചായ എന്ന് നിയമം ആണ് ഇപ്പോള്‍ . ഇടയില്‍ എന്റെ കാന്തന്‍ പറയും – ” പോരട്ടെ കടുപ്പത്തില്‍ ഒരു ഇന്‍ഡോര്‍ എന്ടോസള്‍ഫാന്‍ ! ” )

Leave a Reply to shani Cancel reply

Your email address will not be published. Required fields are marked *