കുട്ടിച്ചാനല്‍ മലയാളം പറയുമ്പോള്‍

മലയാളി കുട്ടികള്‍ക്കായി സവിശേഷമായ ദൃശ്യാനുഭവമെന്ന് കൊട്ടിഘോഷിച്ച് ഈയടുത്ത് പുറത്തിറങ്ങിയ ചാനല്‍ നമ്മുടെ കുട്ടികളോട് പറയുന്നത് എന്തൊക്കെയാണ്? കാര്‍ട്ടൂണുകളായും കുട്ടിപ്പരിപാടികളായും നമ്മുടെ കുട്ടികളുടെ കണ്ണിലും കാതിലും ഇവര്‍ എത്തിക്കുന്നത് എന്തൊക്കെയാണ്? ദിവസം മുഴുവന്‍ മക്കള്‍ക്കൊപ്പം ഈ ചാനലിനു മുന്നില്‍ ഇരിക്കേണ്ടി വന്ന ഒരമ്മയുടെ വേവലാതികള്‍-വാണി പ്രശാന്ത് എഴുതുന്നു

 

 

കൊച്ചുങ്ങള്‍ക്കായ് ഒരു മലയാളം ചാനല്‍ !
പരസ്യം കണ്ടപ്പോള്‍, സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന അവസ്ഥയില്‍ ആയി അമ്മുവും, കുഞ്ഞമ്മുവും. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷം. ഇടയില്‍ എപ്പോഴോ ചാനലിന്റെ പരസ്യം കാണാനിട വന്നപ്പോള്‍ പിള്ളാരും കണ്ണുമിഴിച്ചു !
വന്‍ ആയുധ സന്നാഹങ്ങളുമായി അച്ഛനമ്മമാരെ കാത്തിരിക്കുന്ന കുട്ടികള്‍! പല വിധം ആക്രമണങ്ങള്‍ക്കൊടുവില്‍ മാതാപിതാക്കളെ പുറത്താക്കി മുറി പൂട്ടി റിമോട്ട് കയ്യിലെടുത്തു ടി. വി. ക്ക് മുന്നില്‍ ഇരിക്കുന്ന മക്കള്‍ ..!

കുറ്റം എന്റേതു മാത്രമാണ്. കുട്ടികളുടെ ലോകം വിരിയിക്കുന്ന ഒരു ചാനലിന്റെ പരസ്യം കുഞ്ഞു ചിരിയോളം മനോഹരമാകുമെന്നു തെറ്റിദ്ധരിക്കാന്‍ എന്നോട് ആര് പറഞ്ഞു?

വാണി പ്രശാന്ത്

പൂമ്പാറ്റകളും, പൂക്കളും ഇല്ലാത്ത , മഴയും, പൊന്‍ വെയിലും ഇല്ലാത്ത ,’അതി മനോഹരമായ’ ഒരു ദൃശ്യ വിരുന്നാണ് കുഞ്ഞിക്കണ്ണുകള്‍ക്ക് മുന്നിലേക്ക് എത്താന്‍ പോകുന്നത് എന്ന പരസ്യ സൂചനയെ അവഗണിക്കാന്‍ മക്കളുടെ കാത്തിരിപ്പ് എന്നെ നിര്‍ബന്ധിച്ചു. ഒടുവില്‍ ഒരായിരം ‘ഡബ്ബിംഗ്’ കഥകളും, സിനിമകളുമായി ചാനല്‍ ഇതാ ഞങ്ങളുടെ സ്വീകരണ മുറിയില്‍.
ആദ്യ ദിവസങ്ങളില്‍ പുതു ചാനലിന്റെ ‘പരിചയമില്ലായ്മ’ എന്ന് ന്യായീകരണം നല്‍കി മക്കളുടെ ടി.വി കാണലിനെ സ്നേഹിക്കാന്‍ ശ്രമിച്ചു. പക്ഷെ അടുത്ത ദിവസങ്ങളിലും പരിചയക്കുറവ് അതുപോലെ! ഇതെഴുതുന്ന ഈ ദിവസവും കുഞ്ഞിക്കണ്ണുകളിലേക്ക് പറന്നെത്തുന്നത് അതേ കാഴ്ചകള്‍ തന്നെ.

ചാനല്‍ വരുംമുമ്പ്
‘മുതിര്‍ന്നവര്‍’ പറയുന്ന സ്ഥിരം വാചകമുണ്ട് , ‘എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇങ്ങിനെ ഒന്നും ആയിരുന്നില്ല..’പള്ളിക്കൂടങ്ങളേ കാണാത്തവര്‍ , കിലോമീറ്ററുകള്‍ നടന്ന് പള്ളിക്കൂടങ്ങളില്‍ എത്തിയവര്‍, ബസ്സില്‍ തിക്കിത്തിരക്കി വന്നവര്‍ , കാറില്‍ മാത്രം യാത്ര ചെയ്തിട്ടുള്ളവര്‍. കാലം സമ്മാനിച്ച മാറ്റങ്ങള്‍ ഓരോ തലമുറയും ഉള്‍ക്കൊണ്ടു. നാം പത്താം വയസ്സില്‍ ചെയ്ത ഓരോന്നും നമ്മുടെ മക്കള്‍ അവരുടെ അഞ്ചാം വയസ്സില്‍ ചെയ്യും എന്ന് തന്നെ കരുതണം. അവര്‍ക്ക് ചുറ്റിലുമുള്ള സാമൂഹിക സാഹചര്യം അതാണ്. ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു തന്നെ , കഴിയുന്നത്ര വര്‍ണ്ണങ്ങള്‍ കുഞ്ഞു മനസ്സുകളില്‍ എത്തിക്കാന്‍ നമുക്കാവണം. അവരുടെ ഭാവനകള്‍ പോഷിപ്പിക്കാന്‍ പോന്നവ, അവരുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ കഴിയുന്നവ. സ്വപ്നങ്ങളില്‍, വര്‍ണ്ണങ്ങളില്‍ നന്‍മ നിറയ്ക്കാന്‍ കഴിയുന്ന എത്രയെത്ര കഥകള്‍ നമുക്ക് ചുറ്റിലും ഉണ്ട് .

കൊച്ചുങ്ങള്‍ക്കായി മലയാളത്തില്‍ ചാനല്‍ വരുന്നെന്നു കേട്ടപ്പോള്‍ സത്യത്തില്‍ മനസ്സില്‍ വന്നത് ഇതുപോലുള്ള ചില കാര്യങ്ങളായിരുന്നു.

ചാനല്‍ വന്ന ശേഷം
എന്നാല്‍, വന്നതോ ആരെയും അമ്പരപ്പിക്കുന്ന ഒരനുഭവം! കൊച്ചുങ്ങളെ ഇപ്പോ ശരിയാക്കിത്തരാം എന്നു വെല്ലുവിളിക്കും പോലുണ്ടായിരുന്നു ശരിക്കും അതിലെ പരിപാടികള്‍.
സംശയമുണ്ടെങ്കില്‍ അതിലെ കാര്‍ട്ടുണുകള്‍ നോക്കൂ. ഇംഗ്ലീഷിലെ ഒന്നാംതരം കാര്‍ട്ടൂണുകള്‍ പോലും മലയാളീകരിച്ചാണ് കുട്ടികളുടെ മുന്നിലേക്കിടുന്നത്. പക്ഷേ, ആ മലയാളം കൊച്ചുങ്ങള്‍ക്കുള്ളതായിരുന്നില്ല എന്നു മാത്രം. മുതിര്‍ന്നവരുടെ ഭാഷയും ചിന്തകളും ലോകവുമാണ് അവര്‍ കൊച്ചു കുട്ടികളുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്.
കണ്ടു കണ്ടങ്ങിരിക്കെ, ഏഴു വയസ്സുകാരി അമ്മു ചോദിച്ചു ‘അമ്മേ , ഈ ലൈന്‍ എന്നുവെച്ചാലെന്താ ?’
പല തരം ലൈനുകളെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു..’അതൊന്നും അല്ലമ്മേ, ടി. വി യില്‍ കണ്ടതാ.
ഒരു ഹോഴ്സി (പെണ്‍ കുതിരയ്ക്ക് അവള്‍ പറയുന്ന പേര്) ചോദിച്ചു ഒരു ആണ്‍ കുട്ടിയോട് , ഇത് നിന്റെ ലൈന്‍ ആണോ എന്ന്!
എന്റെ മുഖ ഭാവം കണ്ടിട്ടാകണം അവള്‍ ‘ഈ അമ്മയ്ക്ക് ഒന്നും അറിയില്ല ‘ എന്ന് പറഞ്ഞു നടന്നു.
അവളോടൊപ്പം ആ കാര്‍ട്ടൂണ്‍ കണ്ട ഞാന്‍ അമ്പരന്നു പോയി. ഗേള്‍ ഫ്രണ്ട് എന്ന വാക്കിന്റെ മലയാളം ആയിരുന്നു ഈ ‘ലൈന്‍’ പ്രയോഗം !
കൂട്ടുകാരി എന്നതിന് തെറ്റായി പറഞ്ഞതാണ് എന്ന് വിശദീകരിച്ചു ഞാന്‍ ക്ഷീണിക്കുമ്പോഴേക്കും ദാ എത്തി അടുത്ത ഗുണ്ടുകള്‍!
പോഗോയിലെക്കും, സി. എന്നിലേക്കും റിമോട്ട് തിരിക്കയല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല.

ഇനിയിത്തിരി ജനറല്‍ നോളജാവാം
കുട്ടികളുടെ ജനറല്‍ നോളജ് വര്‍ദ്ധിപ്പിക്കാനുള്ള പരിപാടികള്‍ പോലും സംസാര രീതി കൊണ്ട് അസഹനീയമായിരുന്നു. മലയാളത്തെ സ്നേഹിക്കാന്‍ , നമ്മുടെ കഥകള്‍ കേള്‍ക്കാന്‍ , കാണാന്‍ കാത്തിരുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയത് സകല സാമൂഹിക വൈകൃതങ്ങളോടും കൂടിയ ഒരു ചാനലാണ്. എടീ പോടീ, വിളികളും ചീത്ത വിളികളുമൊക്കെയായി പൊടിപൂരം. നമുക്കിത് തന്നെ വേണം എന്നാരോ ശപിച്ചതു പോലെ.
ഒട്ടു മിക്ക പരിപാടികളുടെയും നിലവാരം ഇതൊക്കെ തന്നെ എന്നാണു ദിവസം മുഴുവന്‍ ഈ ചാനലിനു മുന്നില്‍ ഇരുന്നപ്പോള്‍ മനസ്സിലായത്. ഒരൊറ്റ കഥാപാത്രത്തിനും നമ്മുടെ മണ്ണുമായി വിദൂര ബന്ധം പോലും ഉണ്ടായിരുന്നില്ല. വിദേശ കാര്‍ട്ടൂണുകള്‍ മലയാളത്തില്‍ വരുമ്പോള്‍ പരിഭാഷപ്പെടുത്തിയവരുടെ മുഴുവന്‍ വിവരക്കേടും അതില്‍ മുഴച്ചു നില്‍ക്കുന്നു.
ഓരോന്നിലും ഉപയോഗിക്കുന്ന ഭാഷ, ശൈലി , രീതികള്‍ എല്ലാം ഒന്നിനൊന്ന് വിശേഷം. വൈകൃതം എന്ന് പച്ച മലയാളം. കുട്ടികളുടെ കഥാപാത്രങ്ങള്‍ കാലദേശാതിരുകള്‍ ഇല്ലാതെ സഞ്ചരിക്കുന്നവയാണ് . എന്നാല്‍, ഈ കാര്‍ട്ടൂണുകള്‍ അവരെ മുതിര്‍ന്നവരുടെ ലോകത്തേക്കുള്ള റാഞ്ചി കൊണ്ടു പോവുകയാണ്.
ഇതാണോ നമ്മുടെ കുട്ടികള്‍ കാണേണ്ടത്? ഇതാണോ അവര്‍ കേള്‍ക്കേണ്ടത്?

ഉത്തരം കാണേണ്ട ചോദ്യങ്ങള്‍
അവരുടെ ലോകങ്ങളെ മനസ്സിലാക്കുന്നതല്ല പരിപാടികള്‍. മറുഭാഷകളില്‍ ഇറങ്ങുന്ന കുട്ടിച്ചാനലുകള്‍ കാണാന്‍ തുടങ്ങിയിട്ട് ഒരു പാടു കാലമായി. അവയിലൊന്നും തോന്നിയിട്ടില്ല ഇത്രയും പ്രശ്നങ്ങള്‍. ഏതെങ്കിലും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ അവര്‍ക്കു തോന്നുംപടി മലയാളീകരിക്കുന്നതാണ് ഈ പരിപാടികള്‍ എന്നു തോന്നുന്നു.
കൊട്ടിഘോഷിച്ച് ഒരു കുട്ടിച്ചാനല്‍ തുടങ്ങുമ്പോള്‍ പരിപാടികളുടെ ഭാഷക്ക് ഇത്തിരി കൂടി പ്രാധാന്യം നല്‍കേണ്ടതിലേ?
ഭാഷയുടെ സാധ്യതകളും പരിമിതികളും അത് കുഞ്ഞുങ്ങളുടെ മനസ്സുകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും കുറച്ചു കൂടി ഗൌരവമായി എടുക്കേണ്ടതില്ലേ?
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്തു നല്‍കണം എന്നതിനെ കുറിച്ച് ചാനലിന്റെ ഉത്തരവാദപ്പെട്ടവര്‍ ചെറിയൊരു ചര്‍ച്ചയെങ്കിലും നടത്തേണ്ടതില്ലേ ?
പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക്, കൊച്ചുങ്ങളുടെ ചാനല്‍ എന്നാല്‍ എന്താണ് അര്‍ഥമെന്ന് ഒരു വട്ടമെങ്കിലും പറഞ്ഞു കൊടുക്കേണ്ടതില്ലേ?

ചാനലിന്റെ ഉത്തരവാദപ്പെട്ടവര്‍ ഇനിയെങ്കിലും ഉത്തരം കാണേണ്ടത് ഇത്തരം ചോദ്യങ്ങള്‍ക്കാണ്. റേറ്റിങ്ങിന്റെയും പരസ്യങ്ങളുടെയും ടെന്‍ഷന്‍ ഒഴിയുമ്പോള്‍, സ്വന്തം കുട്ടികളെ ഓര്‍ത്തെങ്കിലും അവരിക്കാര്യം ആലോചിച്ചാല്‍ ഏറെ നന്നായിരിക്കും.

കുഞ്ഞുങ്ങള്‍ക്ക് കാണാന്‍ പറ്റുന്നതായി നമ്മുടെ ചാനലുകളില്‍ വളരെ വിരളം പരിപാടികള്‍ മാത്രമാണുള്ളത്. മലയാളത്തില്‍ ഒരു കാര്‍ട്ടൂണ്‍ ചാനല്‍ തുടങ്ങുമ്പോള്‍ നമ്മുടെ കുട്ടിപ്പാട്ടുകളും, കുഞ്ഞു കഥകളും,കൂട്ടുകാരുടെ പരിപാടികളും ഒക്കെയായി ഒരു ഉത്സവം ത
ന്നെ പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രമാണ്. അവ എല്ലാ അര്‍ത്ഥത്തിലും അസ്ഥാനത്തായി എന്ന് മാത്രമല്ല, ചാനല്‍ തന്നെ ഒരു വെല്ലുവിളിയായി മാറുകയാണ്.

ഇനി ഈ ചാനലിനോട് മല്‍സരിച്ച് ഏതൊക്കെ ചാനലുകാര്‍ കുഞ്ഞുങ്ങളെ ബലിയാടാക്കും എന്ന പേടിയിലാണ് ഞാന്‍.
ചാനലുകളുടെ റേറ്റിംഗ് തന്ത്രങ്ങള്‍ കുഞ്ഞുങ്ങളില്‍ പോലും പ്രയോഗിക്കാന്‍ തയ്യാറാവുന്ന ഒരു ദൃശ്യ മാധ്യമത്തിനു മുന്നില്‍ എങ്ങനെയാണ് ഞാനീ കുട്ടികളെ ഇരുത്തേണ്ടത്.

10 thoughts on “കുട്ടിച്ചാനല്‍ മലയാളം പറയുമ്പോള്‍

 1. ആ ചാനല്‍ ഇവിടെ കണ്ടു തുടങ്ങിയില്ല, ആശ്വാസം… ഇവരെയൊക്കെ ശിക്ഷിക്കുവാന്‍ വകുപ്പുകളൊന്നുമില്ലേ, നിയമമറിയാവുന്നവര്‍ ഒന്നു പറഞ്ഞുതരൂ.

 2. അമ്മമാരുടെ വിഷമം അമ്മയ്ക്ക് അല്ലേ അറിയൂ…… ഉത്തരം കാണേണ്ട ചോദ്യം തന്നെ. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വലിയ ചോദ്യ ചിഹ്നം മുഴച്ചു നില്‍ക്കുന്നത് പോലെ.

 3. നന്നായി ലേഖനം. കുട്ടികളെ കുട്ടിത്തത്തോടെ വളരാന്‍ സമ്മതിക്കാത്ത പലതുമുണ്ട് ആ ചാനലില്‍….. വലിയ പ്രതീക്ഷയോടെയാണ് ഞാനും ആ ചാനല്‍ ശ്രദ്ധിച്ചത്. ക്ലാസിക്ക്‌ കാര്ടൂനുകള്‍ വികൃതമാക്കുന്നു എന്നത് ഒരു കാര്യം, കുറഞ്ഞ പൈസക്ക് സംപ്രേക്ഷണാവകാശം കിട്ടുന്ന എന്ത് ചവറും തോന്നിയപോലെ മൊഴിമാറ്റി നമ്മുടെ കുഞ്ഞുങ്ങളുടെ മുന്നിലിട്ടുകൊടുക്കുക എന്നത് രണ്ടാമത്തെ കാര്യം. കൂടുതല്‍ വേദനിപ്പിച്ചത് കുട്ടിക്കാലത്തിന്റെ ഒരു നല്ല ഓര്‍മ്മയായ ‘ഹൈഡി’ എന്ന പ്രശസ്തമായ സ്വിസ് കാര്‍ടൂണ്‍ കഥാപാത്രത്തിന്‍റെ പേര് ‘ലില്ലി’ എന്ന് മാറ്റി കാണിക്കുന്നത് കണ്ടപ്പോഴാണ്. അതിനുപിന്നിലെ വിവര്‍ത്തനലോജിക്ക് അങ്ങ് പിടികിട്ടുന്നില്ല എത്ര ആലോചിച്ചിട്ടും. റസ്കോള്‍നിക്കോവിനെ ഭാസ്കരന്‍നായര്‍ എന്ന് വിവര്‍ത്തനം ചെയ്യുന്നത് പോലെയാണിത്. കുട്ടികള്‍ മറ്റുസംസ്കാരങ്ങളെ മനസിലാക്കട്ടെ, അല്ലാതെ കഥ മാത്രം കാണാനല്ലല്ലോ കാര്‍ട്ടൂണുകള്‍! !!!!!..

  ഗേള്‍ഫ്രണ്ട്‌ എന്നത് ലൈന്‍ എന്നതിനെക്കാള്‍ ആരോഗ്യകരമായ വാക്കാണ്‌, അതുപയോഗിക്കാന്‍ മലയാളി മടിക്കുന്നതില്‍ വലിയ അത്ഭുതം ഒന്നും തോന്നേണ്ടതില്ല. അതിനെ പെണ്സുഹൃത്ത്‌ എന്ന് വിവര്‍ത്തനം ചെയ്യണമെന്നല്ല, പക്ഷെ മലയാളിക്ക് ഗേള്‍ഫ്രണ്ട് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന ഇക്കിളികള്‍ തന്നെയാണ് ആ ലൈന്‍ വിവര്‍ത്തനത്തിന് കാരണം.

  കുട്ടികള്‍ക്കുള്ള ചാനളിലായാലും മറ്റേതു ചാനലിലായാലും മലയാളം മൊഴിമാറ്റം മഹാവൃത്തികേടാണ്. മലയാളം സബ്ടൈറ്റിലുകലാണ് കൂടുതല്‍ ഭേദം. അതും വികലമായ സാമൂഹ്യബോധം വെച്ചാവരുത് എന്ന് മാത്രം. കുട്ടികള്‍ ഇംഗ്ലീഷ് കേട്ട് പഠിക്കുകയും ചെയ്യും, മലയാളം വായിക്കാന്‍ ശീലിക്കുകയും ചെയ്യും. പക്ഷെ അത്തരം സബ്ടൈറ്റിലിങ്ങിനു കൂടുതല്‍ സമയം വേണ്ടിവരുമായിരിക്കും, അറിയില്ല. ഇതിനൊക്കെ ഒരു എഡിറ്ററോ മറ്റോ ഒക്കെ ഉണ്ടാവേണ്ടതല്ലേ? കുട്ടികളുടെ പരിപാടി എന്നൊക്കെ പറയുമ്പോള്‍ ഒരു മിനിമം ക്വാളിറ്റി ചെക്ക് ഒക്കെ ആകാവുന്നതാണ്. മറ്റൊരു ചാനലില്‍ കുട്ടികള്‍ക്ക്‌ വേണ്ടിയെന്ന് പറഞ്ഞ പരിപാടിയില്‍ ഇറുകിയവേഷവും കൃത്രിമമുലകളുമൊക്കെയായി പെണ്‍വേഷം കെട്ടിയ മൃഗവും ആണ്‍വേഷം കെട്ടിയ മറ്റൊരു മൃഗവും കൂടിനിന്ന് ലൈംഗികച്ചുവവെച്ച് തമാശകള്‍ പറയുന്നത് കണ്ടു. വേഷംകെട്ടുകളെല്ലാം ആസ്വദിക്കുന്ന മരപ്പാവകളല്ല കുട്ടികള്‍. ചില മുതിര്‍ന്നവരും ചില കുട്ടികളും സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ വകതിരിവുള്ളവരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരെ under estimate ചെയ്യാതിരിക്കുക!

 4. ആ ചാനല്‍ കാണാത്തതിനാല്‍ അതെ പറ്റി ഒന്നും പറയുന്നില്ല എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി എഴുതുമ്പോള്‍ അല്ലെങ്കില്‍ പരിപാടികള്‍ ഉണ്ടാക്കുമ്പോള്‍.. ഏറെ ശ്രദ്ധിക്കണം അല്ലെങ്ങില്‍ അത് പല തലമുറകളോട് ചെയ്യുന്ന ദ്രോഹം ആയി തീരും..കൂടുതല്‍ ഉത്തരവാദിത്തം ഉള്ള ജോലി ആണ് അത് .

 5. ‘ചെറുപ്പത്തിലേ പിടിക്കുക’ എന്നതാണ് നേരും നെറിയുംകെട്ട കച്ചവടലോകത്തിന്റെ താല്‍പ്പര്യം. കുഞ്ഞുമനസ്സുകളില്‍ മാലിന്യംനിറച്ചുകഴിഞ്ഞാല്‍ വളരുമ്പോള്‍ ഇപ്പോള്‍ കാണുന്ന ദൃശ്യമാധ്യമസംസ്‌കാരത്തിന്റെ വൃത്തികേടുകളെ എളുപ്പം പുല്‍കാനാകുമല്ലോ. ഇതിനെതിരേ ചിന്തിക്കുന്ന അമ്മമാരെങ്കിലും ഉണ്ടെന്ന കാര്യം ആശ്വാസകരം. ആഭാസങ്ങളെക്കുറിച്ചും വൈകൃതങ്ങളെക്കുറിച്ചും സംസാരിക്കുന്നവരില്‍ കാപട്യമാരോപിച്ച് ബാക്കിയായ മൂല്യങ്ങള്‍ കൂടി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്ന ഭൂരിഭാഗത്തിനെതിരേ ചുരുക്കം ചിലരെങ്കിലും രംഗത്തുവരുന്നതു പ്രതീക്ഷയ്ക്കു വകനല്‍കുന്നു.

  കുട്ടിത്തമില്ലാത്ത ‘കുട്ടി’ച്ചാനലുകളെ തമസ്‌കരിക്കുക!

 6. ഈ ചാനല് കാണുന്നത് ഞാന് വീട്ടില് കര്ശനമായി നിരോധിച്ചിരിക്കുകയാണ്. ലേഖനത്തില് പറഞ്ഞത് അപ്പാടെ ശരിയാണ്. ഒരു വൃദ്ധകഥാപാത്രത്തെ കുട്ടികളെക്കൊണ്ട് കിഴവാ എന്നു വിളിപ്പിക്കുന്നതുപോലും കേട്ടു ഇതില്. ഇവര്ക്കെതിരെ പരാതി നല്കാന് എന്തെങ്കിലും മാര്ഗമുണ്ടോ..

 7. ഇതിനോട് 100% യോജിക്കുന്നു. ഈ ചാനെല്‍ നോടുള്ള ജനങളുടെ പ്രതികരണം കുറിക്കു കൊള്ളുന്ന ഭാഷയില്‍ മനോഹരമായി അവതരിപിച്ചിരിക്കുന്നു.നന്ദി.അഭിനന്ദനം.

 8. എല്ലാ ചാനലുകളും മത്സരിച്ചു പൊതുജനത്തെ കഴുതയാക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. വസ്തുതകളെ വളച്ചൊടിക്കുകയും വാര്‍ത്തകളെ റേറ്റിംഗ് കൂട്ടാനുള്ള ഉപാധികള്‍ മാത്രമായി കാണുകയും ചെയ്യുന്ന, ജനങ്ങളോട് തരിമ്പും ഉത്തരവാദിത്വം ഇല്ലാത്ത വാര്‍ത്ത‍ ചാനലുകളുള്ള നാടാണ്‌ നമ്മുടേത്‌. ഓരോ പീഡനവും ഓരോ മരണവും അപകടവും ഇവര്‍ക്ക് കാശുണ്ടാക്കാനുള്ള വഴികള്‍ മാത്രമാണ്. ഇവര്‍ വിവാദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് കണ്ടു വായും പൊളിച്ചുകൊണ്ട്‌ അഭിപ്രായം പറയാനേ നമുക്ക് കഴിയുന്നുള്ളൂ. ഒരു ചെറുവിരല്‍ പോലും ഈ മാധ്യമ മാഫിയകള്‍ക്കെതിരെ ഇളക്കാന്‍ ആര്‍ക്കു കഴിയും?

 9. വാണിയുടെ നിരീക്ഷണത്തോട്‌ പുര്‍ണമായും യോജിക്കുന്നു.

Leave a Reply to jomesh Cancel reply

Your email address will not be published. Required fields are marked *