എന്തുകൊണ്ട് ഞങ്ങള്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയി?

കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ അട്ടിമറിയുടെ വക്കത്താണ്. ബില്ലിന് അംഗീകാരം ലഭിക്കാതിരിക്കാന്‍, കേന്ദ്രമന്ത്രി സഭയെ വിലക്കെടുത്ത് കോള കമ്പനി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുകയാണെന്ന് തെളിയിക്കുന്നതാണ് രാഷ്ട്രപതി ഭവനില്‍നിന്നുള്ള വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് പ്ലാച്ചിമട സമരസമിതി ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പ്രതീകാത്മകമായി പിടിച്ചെടുക്കുന്ന സമരത്തിലേക്ക് നിര്‍ബന്ധിതരായത്.

ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് കന്നിമാരിയില്‍ നിന്നും ആരംഭിച്ച 500ഓളം പേര്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്ക് മുന്നിലേക്ക് വരുകയും ഒരു കൂട്ടം പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് കമ്പനിക്കുള്ളില്‍ പ്രവേശിക്കുകയുമായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലടക്കുകയായിരുന്നു. സ്വന്തം ജാമ്യത്തില്‍ പോകാനുള്ള കോടതിയുടെ നിര്‍ദ്ദേശം തള്ളിയ 22 പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിവിധ ജയിലുകളിലായി കഴിയുകയാണ്.

പ്ലാച്ചിമട കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, വിളയോടി വേണുഗോപാലന്‍, ടി.കെ. വാസു, എന്‍. സുബ്രഹ്മണ്യന്‍, വി.സി. ജെന്നി, എന്‍.പി. ജോണ്‍സണ്‍, പുതുശേãരി ശ്രീനിവാസന്‍, പി.എ. അശോകന്‍, ഫാ. അഗസ്റിന്‍ വട്ടോളി, കെ.വി. ബിജു, കെ. സഹദേവന്‍, സുദേവന്‍ എം.എന്‍. ഗിരി, അഗസ്റിന്‍ ഒലിപ്പാറ, സുബിദ്.കെ.എസ്, ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങി 22 പേരാണ് ജയിലില്‍ കഴിയുന്നത്. കമ്പനി ആസ്തികള്‍ പിടിച്ചെടുക്കാനും ജാമ്യം വേണ്ടെന്ന് വെച്ച് ജയിലില്‍ പോവാനുമുള്ള കാരണങ്ങള്‍ അവര്‍ തുറന്നു പറയുന്നു

 

 

പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തികള്‍ 2011 ഡിസംബര്‍ 17 മുതല്‍ പൊതുജനങ്ങളുടെ സ്വത്തായി മാറിയിരിക്കുകയാണ്. മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുതന്നെ ജനങ്ങളുടെ കുടിവെള്ളം കവര്‍ന്നെടുക്കുകയും കിണറുകള്‍ മലിനമാക്കുകയും കൃഷിയിടങ്ങളില്‍ മാരക വിഷം കലര്‍ത്തുകയും ചെയ്ത ഒരു കമ്പനിയെ 10 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിയമവിചാരണയ്ക്ക് ശിക്ഷിക്കുന്നതിനോ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനോ എന്തെങ്കിലും തരത്തിലുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനോ ഭരണകൂടം തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ സ്വമേധയാ അധികാരമേറ്റെടുത്ത് നീതിനിര്‍വ്വഹണം നടത്താന്‍ നിര്‍ബന്ധിതരായത്. ദേശരാഷ്ട്രങ്ങളെത്തന്നെയും വിലയ്ക്കെടുക്കാന്‍ പോന്ന സാമ്പത്തിക ശേഷികളുള്ള കൊക്കക്കോള കമ്പനിയുടെ (പെപ്സിയുടെയും) ആനുകൂല്യങ്ങള്‍ പറ്റി അവര്‍ക്കുവേണ്ടി വിടുപണിചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ വാചാടോപങ്ങളില്‍ മനംമടുത്താണ് യാഥാര്‍ത്ഥമായ ജനാധികാരത്തിന്റെയും പ്രത്യക്ഷ ജനാധിപത്യത്തിന്റെയും തത്വങ്ങള്‍ പ്രകാരം കൊക്കക്കോളയുടെ ആസ്തികള്‍ കണ്ടുകെട്ടി പൊതുസ്വത്താക്കി മാറ്റുന്നത്.

പ്ലാച്ചിമട സമരത്തിനനുകൂലമായ പൊതുവികാരവും ലോകാഭിപ്രായവും കുടിവെള്ളത്തിനായുള്ള ജനാവകാശങ്ങളെ സംബന്ധിച്ച സാമാന്യനീതി സങ്കല്‍പ്പങ്ങളും പരിഗണിച്ചാണ് 2011 ഫെബ്രുവരി 24ന് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയത്. പക്ഷെ ഒന്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും കേരളജനതയുടെ ഏകകണ്ഠമായ ഈ തീരുമാനം അംഗീകരിച്ച് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി കൂട്ടാക്കിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടനാഴികളില്‍ അരങ്ങേറിയ ചില ഗൂഢാലോചനകളാണ് ഈ ബില്‍ അനന്തമായി വൈകിപ്പിക്കുന്നതിനും നിയമ`ഭരണ നടപടികളില്‍ കുരുക്കി പ്ലാച്ചിമട ജനതയ്ക്ക് നീതി നിഷേധിക്കുന്നതിനും ഇടയാക്കിയിട്ടുള്ളത്.

സാമൂഹികജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് തള്ളിമാറ്റപ്പെട്ട, വിഭവങ്ങളും അധികാരവും ഏറ്റവും കുറഞ്ഞവരായി മാറിയ, ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യരോടുള്ള അവഗണനയും പുച്ഛവുമാണ് പ്ലാച്ചിമട പ്രശ്നം വെളിവാക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള രാഷ്ട്രീയാധികാരവ്യവസ്ഥയേയും ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിയമസംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയും ധിക്കരിക്കുകയുമല്ലാതെ മറ്റൊരു പോംവഴിയും ജനങ്ങള്‍ക്കുമുന്നിലില്ലെന്ന് വന്നിരിക്കുകയാണ്. പ്ലാച്ചിമടയിലെ കിണറുകളിലെ ജലനിരപ്പ് പാതാളത്തിലേക്ക് ആണ്ടുപോയിട്ടും വീണ്ടും 5 ലക്ഷം ലിറ്റര്‍ ജലം വീതം പ്രതിദിനം ഊറ്റിയെടുക്കുന്നതിന് കൊക്കക്കോളയ്ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് സൂചിപ്പിക്കുന്നത് പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് തന്നെയാണ്.

കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതലസംഘം നടത്തിയ വിദഗ്ദാന്വേഷണത്തില്‍ കൊക്കക്കോള നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ വ്യക്തമാവുകയും 216.26 കോടി രൂപ തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കണ്ടെത്തി. വീണ്ടും അതിനെ അട്ടിമറിക്കുന്നതിനുള്ള ഉന്നതല ഗൂഢാലോചനകളെ നീതിബോധത്തിന്റെ കരുത്തുകൊണ്ട് നേരിടണമെന്ന തീരുമാനിത്തിന്റെ പേരിലാണ് കേരളത്തിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 30 പേര്‍ അറസ്റുവരിച്ച് ജയില്‍ പോകുന്നത്.

 

image: Carlos Latuff courtesy: killercoke.org

 

കോടതികളുടെ ജനവിരുദ്ധത
ഇന്നുമുതല്‍ ജനങ്ങളുടെ പൊതുസ്വത്തായി മാറുന്ന കൊക്കക്കോളയുടെ ആസ്തികള്‍ക്ക് സംരക്ഷണം നല്‍കാന്‍ രംഗത്തെത്തിയിരിക്കുന്ന കോടതിയുടെ നിലപാട് വിചിത്രവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിക്കട്ടെ. കൊക്കക്കോളയും പെപ്സിയും വാള്‍മാര്‍ട്ടും പോലെയുള്ള കോര്‍പ്പറേറ്റുകളുടെ ലോകാധീശത്വത്തിനെതിരെ ലോകമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനിടയിലാണ് പൊതുനിരത്തില്‍ പ്രകടനങ്ങള്‍ പാടില്ലെന്ന് കേരള ഹൈക്കോടതി വിലക്കുകല്‍പ്പിച്ചത്. തലമുറകളായി നമ്മുടെ പൂര്‍വ്വികര്‍ ചോരയും നീരും നല്‍കി പണിതീര്‍ത്ത പൊതുനിരത്തുകള്‍ രായ്ക്കുരാമാനം സ്വകാര്യമുതലാളിമാരുടെ ആസ്തികളാക്കി വഴിനടക്കാന്‍ ചുങ്കം ചോദിക്കുന്ന പകല്‍ക്കൊള്ളയ്ക്ക് മുന്നില്‍ കണ്ണും പൂട്ടിയിരിക്കുന്ന നീതി പീഠങ്ങളില്‍ നിന്ന് എന്ത് നീതിയാണ് നാം പ്രതീക്ഷിക്കേണ്ടത്?

ജനങ്ങള്‍ ഏറ്റെടുക്കുന്ന പ്രദേശത്ത് വിമലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രസ്തുത ആസ്തികള്‍ ജനോപകാര പ്രദമാക്കി വിനിയോഗിക്കുന്നതിനുമുള്ള ജനതയുടെ അവകാശം അംഗീകരിച്ച് ഭരണകൂട ഹിംസയില്‍ നിന്ന് പിന്മാറുന്നതിന് സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഞങ്ങള്‍ കോടതിയോട് ആവശ്യപ്പെടുന്നു.

കേരളസര്‍ക്കാറിന്റെ ഷണ്ഡത്വം
തങ്ങള്‍ ഐകകണ്ഠ്യേന പാസ്സാക്കിയെന്ന് പറയുന്ന ഒരു നിയമ നിര്‍മ്മാണം സാര്‍ത്ഥകമാക്കുന്നതിന് ബാധ്യസ്ഥരാണ് കേരള സര്‍ക്കാര്‍. എന്നാല്‍ നാളിതുവരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ ഞങ്ങള്‍ ഇന്നാട്ടുകാരല്ലെന്ന് ഭാവിച്ചിരിക്കുകയാണ് മന്ത്രി പുംഗവന്മാര്‍. ആദിവാസിക്ഷേമം കൈകാര്യം ചെയ്യുന്ന ഏകവനിതാ മന്ത്രിയും മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് ചുട്ടമറുപടി നല്‍കുന്നതിനോ ബില്ല് രാഷ്ട്രപതി മടക്കിയാല്‍ വീണ്ടും സമര്‍പ്പിച്ച് നിയമമാക്കി മാറ്റണമെന്ന് പറയുന്നതിനോ ഉള്ള രാഷ്ട്രീയ സത്യസന്ധത ഇതുവരെയും അവര്‍ പ്രകടിപ്പിച്ചിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യമെന്നതാണ് ഇതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ താത്പര്യം.

 

 

ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ട്?
ജനവിരുദ്ധ നയങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ നേര്‍ക്ക് ചടങ്ങ് സമരങ്ങള്‍ തികച്ചും പ്രയോജനശൂന്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. കോടതികള്‍ ഔദാര്യപൂര്‍വ്വം വച്ചുനീട്ടുന്ന ജാമ്യം സ്വീകരിച്ച് സമരനാടകങ്ങള്‍ നടത്തി പിരിയുന്നത് പ്ലാച്ചിമട പ്രശ്നത്തോട് കാണിക്കുന്ന വഞ്ചനയായിരിക്കും.

എന്തുകൊണ്ട് അഹിംസാത്മക സമരം?
പ്ലാച്ചിമട സമരം ഏതെങ്കിലും വ്യക്തികള്‍ക്കെതിരെയുള്ളതല്ല. സാമൂഹിക വ്യവസ്ഥയെ ജനാഭിമുഖ്യമുള്ളതാക്കി മാറ്റുന്നതിനുള്ളതാണ്. മനുഷ്യര്‍ക്ക് നേരെ ഹിംസ പ്രയോഗിക്കുന്നതിലൂടെ നീതിനടപ്പാക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി മാറുന്ന പോലീസിന്റെ അതിക്രമങ്ങള്‍ക്ക് നേരെ ക്ഷമാപൂര്‍വ്വമായ ഒരു പ്രതികരണം തുടര്‍ ഹിംസകളെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍ ജനാധിപത്യപരമായ രാഷ്ട്രീയ പ്രതികരണ രീതികള്‍ക്കുള്ള പ്ലാച്ചിമടയുടെ സംഭാവനയായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു.
പ്ലാച്ചിമട സമരം മുന്നോട്ട്

പ്ലാച്ചിമട സമരം നാല് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

1) പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കകോളാകമ്പനി തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കിപുറത്തുപോവുക.

2) പ്ലാച്ചിമടയെ വിഷമയമാക്കിയ കോളാകമ്പനിയെ കുറ്റവിചാരണചെയ്യുക.

3) ജലമുള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് ഗ്രാമസഭകള്‍ക്ക് നിയമപരിരക്ഷയോടുകൂടിയ പരമാധികാരം നല്‍കുക.

4) പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മലിനീകരണനിയന്ത്രണ നിയമങ്ങളിലും പഞ്ചായത്ത് രാജ് നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുക.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് പ്ലാച്ചിമട സമരത്തിന്റെ മാത്രം വിജയമായിരിക്കില്ല. സമരകേരളത്തിന്റെയും ജനാധിപത്യ കേരളത്തിന്റെയും ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ഈ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയായിരിക്കും. സമരം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുന്നതിന് മുഴുവന്‍ കേരളീയരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

(കേരളീയം മാസിക തയ്യാറാക്കിയത്)

One thought on “എന്തുകൊണ്ട് ഞങ്ങള്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയി?

Leave a Reply to seena Cancel reply

Your email address will not be published. Required fields are marked *