നിക്ഷേപകരുടെ ശാപം ഉടമകള്‍ക്ക് ഉപകാരം

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി തിരിച്ചടികളുണ്ടാകുന്നതിലെ വിഷമത്തിലാണ് ഇന്ത്യയിലെ ഓഹരി നിക്ഷേപകര്‍. എന്നാല്‍ നിക്ഷേപകരുടെ ഈ ശാപം ഉപകാരമാക്കിമാറ്റുകയാണ് ചില കമ്പനികളുടെ ഉടമകള്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൈവശമുള്ള ഓഹരികളെല്ലാം വിറ്റ് തടി രക്ഷിക്കാന്‍ ഓടുമ്പോള്‍ സ്വന്തം കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഇതിനെക്കാള്‍ പറ്റിയ സമയമില്ലെന്ന വിലയിരുത്തലിലാണ് കമ്പനി ഉടമകള്‍. ഇന്ത്യയിലെ മുന്‍ നിരകമ്പനികള്‍ക്കൊപ്പം കേരളത്തിലെ ചില കമ്പനികളുടെ പ്രൊമോട്ടര്‍മാരും സ്വന്തം കമ്പനികളിലെ ഓഹരി വിഹിതം ഉയര്‍ത്താന്‍ രംഗത്തു വന്നിട്ടുണ്ട്.
കമ്പനികളിലെ സ്വന്തം ഓഹരി നില ഉയര്‍ത്തുന്നതിനൊപ്പം തങ്ങളുടെ കമ്പനികളുടെ ഓഹരിവില വിപണിയില്‍ യഥാര്‍ത്ഥ നിലവാരത്തിലല്ലെന്ന് തോന്നുമ്പോഴും ഉടമകള്‍ സ്വന്തം കമ്പനികളുടെ ഓഹരികള്‍ വാങ്ങാറുണ്ട്.
ബോംബെ ഓഹരി വില സൂചിക 16000ത്തിലും താഴേക്ക് നീങ്ങിയതോടെ വലിയൊരു സംഘം വ്യവസായികള്‍ തങ്ങളുടെ തന്നെ കമ്പനികളുടെ ഓഹരി വിലകള്‍ ഇടിയുന്നത് തടയാന്‍ ഇവ വന്‍തോതില്‍ വാങ്ങിയിട്ടുണ്ട്. ബജാജ് ഇലക്ട്രിക്കല്‍സ്, ബാലാജി ടെലി ഫിലിംസ്, ഡി.ബി റിയാലിറ്റീസ്, ഡാബര്‍, ജിയോജിത്ത് ബി.എന്‍.പി പാരിബ, ജിണ്ടാള്‍ സ്റ്റീല്‍ ആന്റ് പവര്‍, റോള്‍ട്ട ഇന്ത്യ തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഇതിനകം ഓഹരി പങ്കാളിത്തം ഉയര്‍ത്തിക്കഴിഞ്ഞു.
അലൈഡ് ഡിജിറ്റല്‍, ഡെക്കാന്‍ ക്രോണ്‍, എഫ്.ഡി.സി, പി.വി.ആര്‍, എസ്.ആര്‍.എഫ്, റിലയന്‍സ് ഇന്‍ഫ്രാ എന്നീ കമ്പനികളുടെ പ്രൊമോട്ടര്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നതിന് ശ്രമം തുടങ്ങിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *