ഈ റോഡ്ഷോ കൊണ്ട് എല്ലാമായോ?

നമ്മുടെ ഭരണസംവിധാനത്തിന്റെ അപര്യാപ്തതകളും പാളിച്ചകളുമാണ് ജനസമ്പര്‍ക്ക പരിപാടികളില്‍ കുമിഞ്ഞുകൂടിയത്. എടുക്കേണ്ട തീരുമാനങ്ങള്‍ അതതു തലങ്ങളില്‍ എടുക്കാതിരിക്കുകയും നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യാതിരുന്നതാണ് വന്ന അപേക്ഷകളില്‍ മിക്കതിന്റെയും പ്രേരണ. ഉദ്യോഗസ്ഥവൃന്ദത്തെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ഏതു ഭരണകൂടത്തിന്റെയും കാര്യക്ഷമതക്കുനേരെ ഉയരുന്ന വെല്ലുവിളി. ഇത്രയും പേര്‍ പരാതിക്കാരായി ബാക്കി നില്‍പ്പുണ്ടെങ്കില്‍ അത് വാസ്തവത്തില്‍ ഭരണയന്ത്രത്തിന്റെ പോരായ്മ തന്നെയല്ലേ-കെ.പി റെജിയുടെ അവലോകനം

 

 

ഭരണത്തിലെ മികവോ രാഷ്ട്രതന്ത്രജ്ഞതയോ അല്ല, ആള്‍ക്കൂട്ടത്തെ കൈയിലെടുക്കാന്‍ ഇറക്കുന്ന ഗിമ്മിക്കുകളും നമ്പരുകളുമാണ് നേതാക്കളെ ജനങ്ങളുടെ കണ്ണിലുണ്ണികളാക്കുന്നത്. മികച്ച ഭരണാധികാരികളെയും ആദര്‍ശ നിഷ്ഠരായ രാഷ്ട്രീയ നേതാക്കളെയും വിസ്മൃതിയുടെ പടുകുഴിയില്‍ തള്ളാന്‍ മടികാണിക്കാത്ത സാമാന്യ ജനത ഇത്തരക്കാരെ ജനകീയ രാഷ്ട്രീയക്കാരെന്ന് നെഞ്ചേറ്റി നടക്കുന്നതിന്റെ മനശാസ്ത്രവും ഇതുതന്നെയാണ്.

രാഷ്ട്രശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്റുവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമൊക്കെ ഈ മനശാസ്ത്രത്തിന്റെ മര്‍മ്മമറിഞ്ഞു രാഷ്ട്രീയം കളിച്ചുവളര്‍ന്നവരാണ്. ദലിത് കുടിലില്‍ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും കോണ്‍ഗ്രസിലെ യുവരാജാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തുന്ന റോഡ്ഷോ ഇതേ വഴിക്കാണ്. പശ്ചിമ ബംഗാളില്‍ ചെങ്കോട്ട തകര്‍ത്ത് അധികാരത്തിന്റെ കൊത്തളത്തിലേക്കു മുന്നേറാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനു കരുത്തു പകര്‍ന്നതും പാര്‍ട്ടി നേതാവ് മമത ബാനര്‍ജിയുടെ റോഡ് ഷോ രാഷ്ട്രീയമായിരുന്നു. റോഡ് ഷോയില്‍ കാണിച്ച അഭ്യാസപാടവം ഭരണത്തിലും ആവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ടോ എന്ന കാര്യം അവിടെ നില്‍ക്കട്ടെ.

ജനകീയ സമ്പര്‍ക്ക പരിപാടി
ജനങ്ങളെ കൈയിലെടുക്കുന്ന കാര്യത്തില്‍ പണ്ടേ സമാനതകളില്ലാത്ത പാടവം കൈമുതലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടും കല്‍പ്പിച്ച് ഇത്തരമൊരു ഷോയ്ക്ക് ഇറങ്ങിയാലത്തെ കാര്യം പിന്നെ പറയാനുണ്ടോ? ഭരണകൂടത്തിന്റെ സമസ്ത സന്നാഹങ്ങളും ഒരുമിച്ച് കുട പിടിക്കുക കൂടി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ജനകീയ സമ്പര്‍ക്ക പരിപാടി എന്ന പേരില്‍ ഉമ്മന്‍ചാണ്ടി നടപ്പാക്കുന്ന ഭരണത്തിന്റെ റോഡ്ഷോ തികഞ്ഞ വിജയ പരിവേഷവുമായി അന്തിമഘട്ടത്തിലേക്കു കടക്കുകയാണ്. ഓരോ ജില്ലയിലും പതിനായിരക്കണക്കിന് അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ തീര്‍പ്പ് കാത്ത് ഒഴുകിയെത്തിയത്. ശരാശരി അര ലക്ഷമെന്നതാണ് ജില്ലകളിലെ ഏകദേശ കണക്ക്. ആനുകൂല്യങ്ങള്‍ തേടിയും ചുവപ്പുനാടയുടെ കെട്ടഴിക്കാനും സര്‍ക്കാര്‍ ഓഫിസുകളുടെ പടികള്‍ കയറി ചെരുപ്പ് തേഞ്ഞും കാലില്‍ തഴമ്പ് കയറിയും വശംകെട്ടവര്‍ എല്ലായിടത്തും അണമുറിയാതെ ഒഴുകുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

 

 

ജനസമ്പര്‍ക്ക പരിപാടിയുടെ 11ാം പതിപ്പുമായി സ്വന്തം ജില്ലയായ കോട്ടയത്ത് എത്തിയപ്പോള്‍ ജനക്കൂട്ടം എല്ലാ പരിധികളും തെറ്റിക്കുകയായിരുന്നു. ഒഴുകിയെത്തിയ ജനക്കൂട്ടം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ആള്‍ക്കടലായി പരന്നൊഴുകി. ആംബുലന്‍സുകളിലും വീല്‍ച്ചെയറുകളിലും സ്ട്രച്ചറുകളിലുമായി ദൈന്യതയുടെ നൂറുനൂറു മുഖങ്ങള്‍ എരിവെയിലില്‍ ആശ്വാസത്തിന്റെ കനിവ്തേടി പൊരിഞ്ഞു കെട്ടിക്കിടന്നു.

പതിനായിരങ്ങളുടെ ജീവിത ദുരിതത്തിന്റെ കെട്ടഴിക്കുന്നതില്‍ സഹായിക്കാനും ചുവപ്പുനാടയുടെ കുരുക്കുനീക്കി ആശ്വാസം പകരാനും മുഖ്യമന്ത്രി നേരിട്ടിറങ്ങി എന്നതാണു ജനസമ്പര്‍ക്ക പരിപാടിയെ ജനപക്ഷത്തു നിര്‍ത്തുന്ന പ്രധാന ഘടകം. ഇതിനകം വിവിധ ജില്ലകളിലായി കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഒപ്പിന്റെ ബലത്തില്‍ ചികില്‍സാ സഹായമായും മറ്റു പലവിധ സഹായമായും പരിപാടിയില്‍ വിതരണം ചെയ്തത്. ഇവിടെയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ മര്‍മവും.

രോഗശയ്യയില്‍നിന്ന് ആംബുലന്‍സുകളില്‍ അവശരായ അറുപതോളം രോഗികളാണ് കോട്ടയത്തെ ജനസമ്പര്‍ക്ക വേദിയിലേക്ക് എത്തിയത്. ഇടക്കുവെച്ച് വേദിയിലേക്കു പ്രവേശനം നിലച്ചതിനാല്‍ ആംബുലന്‍സുകളില്‍വന്ന ചിലര്‍ക്ക് മടങ്ങേണ്ടിവന്നതായും പറയുന്നു. രണ്ടര മണിക്കൂറോളം കത്തുന്ന ചൂടിലും പൊരിയുന്ന വെയിലിലും കുടപോലും ചൂടാതെ ഓരോരുത്തരുടെയും വേദനകള്‍ കേള്‍ക്കുകയും സഹായം അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നന്മ ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ ഇതിന് ഇത്തരമൊരു മാമാങ്കം തന്നെ വേണോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

25000 രൂപയാണ് ഇത്തരം രോഗികളില്‍ ഭൂരിപക്ഷത്തിനും അനുവദിച്ചു കിട്ടിയത്. ആംബുലന്‍സ് വാടകയും മറ്റുമായി ഓരോരുത്തര്‍ക്കും കുറഞ്ഞത് 5000 രൂപ ചെലവാണ്. നേരത്തേ ഈ ഇനത്തില്‍ സര്‍ക്കാറില്‍നിന്ന് എന്തെങ്കിലും തുക കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതു കഴിച്ചുള്ള തുകയേ യഥാര്‍ഥത്തില്‍ ലഭിക്കൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

 

 

റോഡ് ഷോ
അങ്ങനെവരുമ്പോള്‍, പരിമിതമായ ഈ ചികില്‍സാ സഹായം അനുവദിക്കാനാണോ കൊട്ടിഘോഷിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന വിമര്‍ശനത്തിന് പ്രസക്തി കൂടുകയാണ്. അര്‍ഹരായവര്‍ക്ക് സാമ്പത്തിക സ്ഥിതിയും മറ്റും നോക്കി മതിയായ സഹായം അനുവദിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കി ചട്ടങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന വിഷയം മാത്രമല്ലേ ഇത്?
പത്തൊമ്പത് മണിക്കൂറിലേറെ നീണ്ട കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ആയിരങ്ങളുടെ പരാതിക്കു തീര്‍പ്പാക്കിയതായാണ് ഔദ്യോഗിക വിവരം. അങ്ങനെയെങ്കില്‍ ഓരോ അപേക്ഷയും പരിശോധിക്കാന്‍ അദ്ദേഹത്തിന് ലഭിച്ച സമയമെത്രയാണ്? എല്ലാത്തരം അപേക്ഷയും തീര്‍പ്പിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിലെത്തിക്കുന്നതിനു പകരം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവ മാത്രം പരിഗണിക്കുന്ന തരം അദാലത്തോ ജനസമ്പര്‍ക്കമോ ആണു നടത്തിയിരുന്നതെങ്കില്‍ സംസ്ഥാനത്തിനുതന്നെ എത്രയോ ഗുണകരമാവുമായിരുന്നു.

സംഘാടകര്‍തന്നെ സ്വപ്നം കാണുന്നതുപോലെ ഗിന്നസ് ബുക്കിലോ റെക്കോര്‍ഡ് പുസ്തകങ്ങളിലോ ഇടംനേടിയേക്കാമെങ്കിലും ഭരണസംവിധാനത്തില്‍ ഗുണപരമായ എന്തു മാറ്റമാണ് ഇത്തരത്തിലുള്ള ഓട്ടപ്രദക്ഷിണം ഉണ്ടാക്കിയതെന്ന് തിരക്കൊഴിയുമ്പോഴെങ്കിലു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ തന്ത്രജ്ഞന്മാരും ഗൌരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്.

തെരുവ് കച്ചവടത്തിന്റെ ശൈലിയിലാണ ഈ റോഡ് ഷോ. കൊട്ടിഘോഷിച്ച് ആളെക്കൂട്ടി ഇല്ലാത്ത മേന്‍മ പ്രചരിപ്പിച്ച് വിറ്റഴിക്കുകയാണ് വഴിവാണിഭക്കാരുടെ രീതി. വാങ്ങുന്ന സാധനത്തിന്റെ ഗുണമേന്‍മക്കു വലിയ ഗാരണ്ടിയൊന്നും പറയാനില്ല.

 

 

യഥാര്‍ഥ സൂചന
സത്യത്തില്‍, നമ്മുടെ ഭരണസംവിധാനത്തിന്റെ അപര്യാപ്തതകളും പാളിച്ചകളുമാണ് ജനസമ്പര്‍ക്ക പരിപാടികളില്‍ കുമിഞ്ഞുകൂടിയത്. എടുക്കേണ്ട തീരുമാനങ്ങള്‍ അതതു തലങ്ങളില്‍ എടുക്കാതിരിക്കുകയും നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യാതിരുന്നതാണ് വന്ന അപേക്ഷകളില്‍ മിക്കതിന്റെയും പ്രേരണ. ഉദ്യോഗസ്ഥവൃന്ദത്തെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ഏതു ഭരണകൂടത്തിന്റെയും കാര്യക്ഷമതക്കുനേരെ ഉയരുന്ന വെല്ലുവിളി. ഇത്രയും പേര്‍ പരാതിക്കാരായി ബാക്കി നില്‍പ്പുണ്ടെങ്കില്‍ അത് വാസ്തവത്തില്‍ ഭരണയന്ത്രത്തിന്റെ പോരായ്മ തന്നെയല്ലേ?

ഉമ്മന്‍ചാണ്ടി ആദ്യതവണ മുഖ്യമന്ത്രിയായപ്പോഴും അതിവേഗം, ബഹുദൂരം മുദ്രാവാക്യവുമായി ഇതുപോലെ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. അന്നുവന്ന അപേക്ഷകളില്‍ പലതും ഫയല്‍ കൂമ്പാരങ്ങളായി അതതു ജില്ലാ കലക്ടറേറ്റുകളില്‍ പൊടിപിടിച്ചു കിടക്കുകയാണെന്നാണ് ചില ഔദ്യാഗിക വൃത്തങ്ങള്‍ അനൌദ്യോഗികമായി നല്‍കിയ വിവരം. ഇക്കാര്യം ചേര്‍ത്തു വായിക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവും.

മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ നടക്കാത്തത് ഉദ്യാഗസ്ഥര്‍ ചവിട്ടിപ്പിടിക്കുന്നതുകൊണ്ടാണെന്നത് രാഷ്ട്രീയതലങ്ങളില്‍ പരസ്യമായ രഹസ്യമാണ്. ഇച്ഛാശക്തിയും ആജ്ഞാശേഷിയുമുള്ള മന്ത്രിമാരുടെ കുറവ് യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസുകാര്‍പോലും സമ്മതിക്കുന്ന കാര്യമാണ്. ഉദ്യാഗസ്ഥ സംവിധാനത്തെ ചലിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഈ സര്‍ക്കാറിനും കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ജനസമ്പര്‍ക്ക പരിപാടി നല്‍കുന്ന യഥാര്‍ഥ സൂചന.

വണ്‍മാന്‍ഷോ
യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വണ്‍മാന്‍ഷോ ആണ് ഇപ്പോള്‍ ഭരണത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഓടിയെത്താന്‍ മന്ത്രിമാരില്‍ പലര്‍ക്കും കഴിയുന്നില്ല. കേരളത്തില്‍ ഒരുമന്ത്രിയും ഒരു ഉദ്യോഗസ്ഥനുമേയുള്ളൂ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഏതു വിഷയവും കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയും കെ.ജയകുമാര്‍ ഐ.എ.എസും മാത്രം. എവിടെ എന്തു പ്രശ്നം വന്നാലും നിയോഗിക്കുന്നത് അഡീഷനല്‍ ചീഫ് സെക്രട്ടറി ജയകുമാറിനെയാണ്. ഏതാണ്ട് ഒന്നര ഡസന്‍ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. പ്രണബ് മുഖര്‍ജിക്ക് മറ്റു വകുപ്പുകളുടെ കാര്യമൊഴിഞ്ഞിട്ട് സ്വന്തം വകുപ്പായ ധനകാര്യം നോക്കാന്‍ സമയമില്ല എന്നു പറഞ്ഞതുപോലെയാണ് ജയകുമാറിന്റെയും കാര്യം.

എത്ര കഠിനാധ്വാനം ചെയ്താലും ഒന്നോ രണ്ടോ ആളുകള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന് എന്തുവന്നാലും പരിമിതിയുണ്ട്. എക്കാലത്തെയും അനുഗ്രഹീത കളിക്കാരനായ മറഡോണ ടീമിലുള്ളതുകൊണ്ടു മാത്രം അര്‍ജന്റീനക്ക് എന്നും കളി ജയിക്കാന്‍ കഴിയാത്തതുപോലെ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒറ്റക്ക് ഇന്ത്യയെ കളി ജയിപ്പിക്കാന്‍ കഴിയാത്തതുപോലെ ഒരു ‘മന്ത്രി’യും ഉദ്യാഗസ്ഥനും വിചാരിച്ചാല്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പിക്കാനാവില്ല. മികവുറ്റ ഭരണത്തിന് റോഡ് ഷോ അല്ല പരിഹാരം. അതിനുവേണ്ടത് ക്രിയാത്മകമായ നയനിലപാടുകളും ചടുലമായ ടീം വര്‍ക്കുമാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന കഠിനാധ്വാനം മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ലോകചരിത്രത്തില്‍ത്തന്നെ അപൂര്‍വവും അസാധാരണവുമായ ജനപക്ഷ രാഷ്ട്രീയശൈലി പിന്തുടര്‍ന്നാണ് അദ്ദേഹം ഊണും ഉറക്കവുമില്ലാതെ ജനങ്ങളോടൊപ്പം നില്‍ക്കുന്നത്. അപൂര്‍വമായ ജനപക്ഷ രാഷ്ട്രീയശൈലി പിന്തുടര്‍ന്നാണ് അദ്ദേഹം ഊണും ഉറക്കവുമില്ലാതെ ജനങ്ങളോടൊപ്പം നില്‍ക്കുന്നത്. പക്ഷേ, ആയാസകരമായ ആ ദൌത്യം ലക്ഷ്യത്തിലെത്താന്‍ ഈ റോഡ് ഷോ മതിയാവില്ല. ഭരണസംവിധാനത്തെ കാര്യക്ഷമവും സുതാര്യവുമാക്കാനുള്ള അടിയന്തര നടപടികളാണ് അതിന് ആവശ്യം.

3 thoughts on “ഈ റോഡ്ഷോ കൊണ്ട് എല്ലാമായോ?

  1. Just a leftist thought..You proved it..feel pitty on the author….Mr.Vs and team was thre for 5 yrs could he move his little finger to any public issue..?/ya he could show his MIDDLE FINGER to the public….

  2. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതാക്കന്‍മാരെ കാണണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാക്കണം എന്ന നാട്ടു പ്രയോഗത്തിന് ഒരു മാറ്റം വന്നില്ലേ ?

  3. Dear Reji( the author of this article). vivaram illathathu thante oru kuzhappam aayi naan kaanunnilla, pakshe athu oru alamkaaramaayi tholathu ketty nadakkathirikkukka, athu mattullavarude mukalil adichu eelppikkathirikkukka.

    purely a communist manifesto against the present government of Kerala. and simply finding fault with anything and everything. when communist party was ruling Bengal for more than 30 years, how many times the rulers of the state visited the people and heard their cry. this is not a show, it is for real man and woman of kerala. in this country please tell me, what is the law and rule for a man to go and ask for money for medicine or which government system is ready to hear the plea for existence. i think you need to open your eyes and see the reality and not just criticize this. how can you criticize a man working more than 15 or 16 hours just being among the people. i challenge you , in your whole life not even a single day you will never be able to do it. shame and puppy shame on you man…….

Leave a Reply

Your email address will not be published. Required fields are marked *