ഓര്‍മ്മയ്ക്കുമേല്‍ പാട്ടിന്റെ തൂവല്‍ക്കനം

ലതാജിയുടെ ശബ്ദത്തില്‍ ഡിംപിളിന്റെ പ്രണയാതുരമായ ശരീരം നിലാവിലുരുകുന്നത് ഞാന്‍ കാണുന്നു, എന്റെ ഹൃദയം പിടയുന്നു. അപ്പോഴും കണ്ണെത്താദൂരത്തെവിടെ നിന്നോ ജന്മം മുഴുവന്‍ മധുരം നിറയ്ക്കുന്ന ഒരു നോട്ടത്തിലൂടെ നീ എന്റെ ഹൃദയത്തെ പവിത്രമാക്കുന്നു. ഓരോ തവണയും ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ സായാഹ്നം എന്നില്‍ പെയ്തു നിറയുന്നു-ജീവിതം പാടിവറ്റിച്ച പാട്ടുകളുടെ ഓര്‍മ്മ. സ്മിതാ മീനാക്ഷി എഴുതുന്നു

 

 

മലയാളത്തെക്കാള്‍ കൂടുതലായി തമിഴ് വാണികള്‍ കാറ്റില്‍ നിറയുന്ന ചോറ്റുപാറ എന്ന മലയോരപ്രദേശം. 1970 കളുടെ മധ്യകാലം. അവിടെ തേയിലക്കാടുകള്‍ക്കിടയിലെ ഒരു സ്കൂളിലായിരുന്നു അച്ഛന്‍ പഠിപ്പിച്ചിരുന്നത്. കൃത്യമല്ലാത്ത ഓര്‍മ്മകള്‍ വരക്കുന്ന ഭൂപടത്തില്‍ തേയിലത്തോട്ടങ്ങളും കുന്നിന്‍ മുകളിലെ പള്ളിക്കൂടവും അതിന്റെ ചുറ്റുമായി വളര്‍ന്നു നില്‍ക്കുന്ന വലിയ ഇലകളുള്ള കാപ്പിച്ചെടികളും. കുന്നിറങ്ങിവന്നാല്‍ ഒരു നദി, നദിയെന്നു പറയാനാകുമോ , ഇല്ല, കുഞ്ഞുറുമ്പിനു പുല്‍ത്തുമ്പിലെ വെള്ളം മഹാസമുദ്രമാകുന്നതുപോലെ , ഞാന്‍ എന്ന നാലുവയസ്സുകാരിയ്ക്ക് കുഞ്ഞൊരു കൈത്തോട് വലിയൊരു നദിയായി തോന്നിയതാകും.

അതു കടന്നിപ്പുറം വരുമ്പോള്‍ ചെറിയൊരു വീട് , അവിടെ ഞാന്‍ , അമ്മ, അച്ഛന്‍ , പിന്നെ എന്റെ ഒന്നര വയസ്സുകാരന്‍ സഹോദരന്‍. എല്ലാ ദിവസവും രാവിലെ ഒരു പെണ്‍കുട്ടി ,ഉഷച്ചേച്ചീന്നു ഞാനവരെ വിളിച്ചിരുന്നു, ഒരു ഓട്ടുമൊന്തയില്‍ പാലു കൊണ്ടുവന്നു തരും. ഏതെങ്കിലും ഒരു പേപ്പര്‍ കൊണ്ടാകും അതു മൂടിയിട്ടുണ്ടാകുക. ഒരു ദിവസം അമ്മ പാല്‍ ഒഴിച്ചുവയ്ക്കുമ്പോള്‍ , ആ കടലാസ് നോക്കിയിട്ട് എന്നോട് പറഞ്ഞു, ‘ഗുരുവായൂരപ്പന്റെ പാട്ടാണ്, അമ്മയിത് കുഞ്ഞുമോളെ പാടിക്കേള്‍പ്പിക്കാം’. ഞാനതു വാങ്ങി നോക്കി, അക്ഷരം പഠിച്ചു തുടങ്ങിയിരുന്നെങ്കിലും എനിക്കതു വായിക്കാനായില്ല. ഒരു നിധി പോലെ ഞാനതു കയ്യില്‍ തന്നെ പിടിച്ചു, അമ്മ ജോലിത്തിരക്കുകള്‍ കഴിഞ്ഞെത്തും വരെ. തിരക്കൊഴിഞ്ഞപ്പോള്‍ വാതില്‍പ്പടിയിലിരുന്ന് കടലാസ് കയ്യില്‍ വാങ്ങിയിട്ട് അമ്മ പാട്ടു പാടുകയല്ല ആദ്യം ചെയ്തത്, ആ കഥയെനിക്കു പറഞ്ഞുതരികയാണ്.

ഗുരുവായൂരപ്പനു പൂജ ചെയ്ത കുട്ടിയുടെ കഥ. നേദിച്ചതൊന്നും ഭഗവാന്‍ കഴിക്കാത്തതിനാല്‍ ഹൃദയം നൊന്തു കരഞ്ഞതും ആ കണ്ണുനീരിലലിഞ്ഞ ഭഗവാന്‍ നേദ്യമത്രയും കഴിച്ചു തീര്‍ത്തതും കൃഷ്ണഭക്തയായ അമ്മ പറഞ്ഞപ്പോള്‍ മനസ്സില്‍ നിറഞ്ഞ അനുഭൂതി എന്റെ കുഞ്ഞുമനസ്സിനു താങ്ങാവുന്നതില്‍ കൂടുതലായിരുന്നു. എന്നിട്ട് അമ്മ കഴിയുന്നത്ര ഈണത്തില്‍ തന്നെ ആ പാട്ടുപാടിത്തന്നു, ‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് ഉരുളി നിറച്ചും പാല്‍ച്ചോറു വച്ചു, കദളി പ്പഴം വച്ചു , പഞ്ചാര നേദിച്ചു, തുളസിപ്പൂവിട്ടു ഞാന്‍ പൂജിച്ചു…. ” ഒടുവില്‍ തേങ്ങിക്കരഞ്ഞുകൊണ്ട് ഭഗവാനോട് ഒരു പഴമെങ്കിലും കഴിക്കാന്‍ അപേക്ഷിക്കുമ്പോള്‍ , ആ തേങ്ങല്‍ എന്റെ തൊണ്ടയില്‍ നിന്നുമാണു വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അന്നും പിന്നീടു കുറെ ദിവസങ്ങളിലും എനിക്കു വേണ്ടി ആ പാട്ടു പാടുക അമ്മയുടെ ജോലിയായി, ഇന്നും ആ ഗാനമെവിടെയെങ്കിലും കേള്‍ക്കുമ്പോള്‍ , ഓര്‍മ്മകളുടെ ചെപ്പില്‍ നിന്ന് ഒരു കുഞ്ഞു മനസ്സ് പൂക്കളുള്ള ഒറ്റയുടുപ്പിട്ട് ഓടിയിറങ്ങി വാതില്‍പ്പടിയിലിരിക്കുന്നു. മനക്കണ്ണുകൊണ്ട് കണ്ണനെ കാണുന്ന ഒരമ്മ അവളെ ചേര്‍ത്തുപിടിക്കുന്നു.

 

 

അവളൊരു ഗോപിക

ഓര്‍മ്മകളില്‍ എത്ര ഗാനങ്ങളാണിങ്ങനെ കൂടുവച്ച് ചേക്കേറിയിരിക്കുന്നത്. പല പാട്ടുകളും ഒഴുകിയെത്തുന്നത് ഓര്‍മ്മകളുടെ പൂമരം കുലുക്കിയാകും. വീണു കിട്ടുന്നത്രയും സുഗന്ധമുള്ളവ. ആകാശവാണിയിലെ ലളിതഗാന പാഠത്തിനു മുന്‍പില്‍ കടലാസും പേനയുമായിരുന്ന് , എന്നെങ്കിലും ഞാനൊരു ഗായികയാകുമ്പോള്‍ ആദ്യം പാടണമെന്നു കരുതി കുറിച്ചു വച്ച ഒരു ഗാനമുണ്ട്, ‘ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി വരും , ഒരു ദ്വാപര യുഗസന്ധ്യയില്‍… ‘ അര്‍ഥവും ഭാവവുമൊന്നും അന്നു മനസ്സിലാക്കിയിട്ടുണ്ടാവില്ല, അതുറപ്പാണ്, എങ്കിലും അത്തരം പാട്ടുകളോട് മനസ്സിനു വല്ലാത്തൊരു അഭിനിവേശം തന്നെയായിരുന്നു.

കുറച്ചു കാലം കഴിഞ്ഞ് കൌമാരത്തിന്റെ ഇളക്കങ്ങളില്‍ മനസ്സു തുള്ളിത്തുളുമ്പുന്ന കാലത്ത് ആ ഗാനം ഒരു വേദിയില്‍ കേട്ടു, വെക്കേഷന്‍ ക്ലാസ്സുകള്‍ക്ക് പോയിരുന്ന പാരലല്‍ കോളജിന്റെ വാര്‍ഷികാഘോഷവേളയില്‍. തൊട്ടു പിന്നാലെ നടക്കുന്ന നൃത്ത പരിപാടിയ്ക്കായി വേഷമിട്ടു നിന്ന ഒരു പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി ആ ലളിതഗാനം ആലപിച്ചപ്പോള്‍ സത്യത്തില്‍ അവളൊരു ഗോപികയായിട്ടാണു എനിക്കു തോന്നിയത്. പാട്ടിന്റെ വരികളില്‍ ഒളിച്ചിരുന്ന ദൃശ്യഭംഗികള്‍ ആ വേദിയില്‍ മിന്നിമറയുന്നതു ഞാന്‍ കണ്ടു.

ആലാപനത്തിന്റെ മാധുര്യത്തെ അവളുടെ വേഷാലങ്കാരങ്ങള്‍ എത്രയധികം ഇരട്ടിയാക്കി എന്നു പറയാനാവില്ല. പിന്നീടൊരുപാടു കാലം ആ വേഷത്തില്‍ ഞാന്‍ മനസ്സിലാ ഗാനം ആലപിച്ചിരുന്നു. കൌമാരത്തിന്റെ കുന്നിമണിച്ചെപ്പു തുറക്കുന്നൊരു കളിക്കൂട്ടുകാരനെ രൂപമില്ലാതെ ഭാവന ചെയ്തു. പിന്നില്‍ നിന്നവന്‍ കണ്ണുപൊത്തുമ്പോള്‍ ഞാന്‍ നാണത്താല്‍ ചുവന്നു. ഒരു ദ്വാപരയുഗസന്ധ്യയില്‍ ഓടക്കുഴല്‍ വിളി കേള്‍ക്കുവാനും നീലോല്‍പ്പലമാല ചാര്‍ത്തുവാനുമൊക്കെ ഇന്നും ആ ഗാനമെന്നെ വിളിച്ചിറക്കി യമുനാതീരത്തേയ്ക്ക് കൊണ്ടുപോകാറുണ്ട്, അപ്പോഴൊക്കെ, പേരറിയാത്ത ആ പെണ്‍കുട്ടിയുടെ അന്നത്തെ ഉടയാടകളില്‍ ഞാനെന്നെ അണിയിച്ചൊരുക്കാറുമുണ്ട്.

 

 

ദിവസത്തിനുമേല്‍ പാട്ടിന്റെ കനം

ദില്ലിയില്‍ താമസം തുടങ്ങിയ കാലം, ജീവിതത്തിന്റെ അരികുകളില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന അലുക്കുകളും കിന്നരികളും അഴിഞ്ഞൂര്‍ന്നു പോയി പരുക്കന്‍ നൂലിഴകള്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. കഥകളും കവിതകളും പാട്ടുകളും എവിടെ പോയ്മറഞ്ഞുവെന്നു പോലും പിടികിട്ടാത്ത ക്കാലമായിരുന്നു അത്. രാവിലെ വീട്ടുകാര്യങ്ങളൊതുക്കി നരകതുല്യമായ ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കു തയാറെടുക്കുമ്പോള്‍ നാലാം നിലയുടെ പിന്‍ ബാല്‍ക്കണിയിലൂടെ മാസത്തില്‍ ഒന്നോ രണ്ടോ തവണ ഒരു ശബ്ദമാധുരി കടന്നെത്തിയിരുന്നു.

പഴയകാല അനശ്വര ഹിന്ദിഗാനങ്ങള്‍. ഈണം കൊണ്ടു തിരിച്ചറിയാമെങ്കിലും പലതിന്റെയും വരികളും വാക്കുകളും എനിക്ക് വ്യക്തമായിരുന്നില്ല, പക്ഷേ ‘ഭഗവാന്‍ …. ഭഗവാന്‍… എന്ന് ആ ശബ്ദമുയര്‍ന്ന് ഞങ്ങളുടെ നാലാം നിലയും പിന്നിട്ട് ആകാശത്തേയ്ക്കുയരുമ്പോള്‍ തിരക്കുകളെല്ലാം മറന്ന് നിശബ്ദം കേട്ടു നില്‍ക്കുന്ന ഒരെന്നെ ഞാനോര്‍മ്മിക്കുന്നു. ജനലിലൂടെ എനിക്കു കാണാം താഴെ എതിര്‍വശത്തെ പടികളില്‍ ഒരു വൃദ്ധന്‍. യാചകരുടെ വേഷം. അടുത്തു തന്നെ ഒരു മുഷിഞ്ഞ ഭാണ്ഡവും വടിയും. ഇത്ര ഗാംഭീര്യമുള്ള പുരുഷശബ്ദം ഈ മെലിഞ്ഞ രൂപത്തില്‍ നിന്നാണോ എന്നു സംശയിച്ചുപോകുന്ന പ്രകൃതം. ആശകളുടെയൊപ്പം നിരാശകളുടെയും വര്‍ണ്ണങ്ങള്‍ ചേര്‍ത്ത് ലോകമണിയിച്ചൊരുക്കിയ വിധാതാവിനു കേള്‍ക്കുവാന്‍ പാടുന്ന അയാള്‍ ലോകത്തിന്റെ നിറങ്ങളെല്ലാം ഒരു ഇരുള്‍മറയായി മാത്രമാണു കണ്ടിരുന്നത്.

അയാളുടെ കണ്ണുകള്‍ക്ക് അല്പമാത്രമായേ കാഴ്ചയേ ഉണ്ടായിരുന്നുള്ളു. കാണാത്ത കാഴ്ചകളില്‍ ജീവിത വ്യഥകള്‍ പാടി നിറയ്ക്കുമ്പോള്‍ ഒരു ദൈവവും അതുകേട്ട് കണ്ണുനീരൊഴുക്കിയിട്ടുണ്ടാവില്ല. ‘മന്ദിര്‍ ഗിര്‍ഥാ ഫിര്‍ ബന്‍ ജാത്താ, ദില്‍ കൊ കോന്‍ സമ്പാലേ..’ ( അമ്പലങ്ങള്‍ തകര്‍ന്നാല്‍ വീണ്ടും നിര്‍മ്മിക്കാം , മനസ്സിനെ ആരു കാത്തുവയ്ക്കും?) ഭഗവാനോടുള്ള ചോദ്യങ്ങളില്‍ തകര്‍ന്നുപോയ എത്രയേറെ മനസ്സുകളാണു പ്രതിഫലിക്കുന്നത്? ഒടുവില്‍ ‘ദുനിയാ കെ രഖ് വാലേ…..രഖ് വാലേ …രഖ് വാലേ… ‘ എന്നുയരങ്ങളില്‍ അവസാനിക്കുമ്പോള്‍ ഹൃദയത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ പായുന്ന വേദനയും നടുക്കവും അനുഭവപ്പെട്ടിരുന്നു. നാദമിടറാതെ ഗാനം നിലയ്ക്കുമ്പോള്‍ അന്നത്തെ ദിവസത്തിന്റെ മേല്‍ വലിയൊരു കനം വന്നു വീണിരിക്കും. എന്നിട്ടും മുകളില്‍ നിന്ന് മറ്റു പല വീട്ടുകാരെയും പോലെ താഴേയ്ക്ക് പണം എറിഞ്ഞു കൊടുക്കുന്നതിനപ്പുറം ഒന്നിറങ്ങിച്ചെല്ലാനോ അയാളോടു സംസാരിക്കാനോ തുനിഞ്ഞില്ലെന്നത് ഏതു കുമ്പസാരകൂട്ടിലും ഞാനേറ്റുപറയുന്ന തെറ്റ്.

രണ്ടു കണ്ണുകള്‍ക്കും കാഴ്ചയുള്ളപ്പോഴും ഒരു മനുഷ്യജീവി സ്വന്തം ചുറ്റുപാടുകളോട് എത്രയധികം അന്ധമാകാം എന്നു വേദനയോടെ ഓര്‍ക്കുന്നു. കാഴ്ച കുറവുള്ള അയാള്‍ അടുത്തു നില്‍ക്കുന്ന ആരുടെയെങ്കിലും സഹായത്തോടെയാണ് വീണു കിട്ടുന്ന പണം ശേഖരിച്ചിരുന്നതെന്നു ഞാന്‍ കണ്ടതാണ്. എന്നിട്ടും ഘനഗംഭീരംമായ ആ ശബ്ദം പ്രിയഗാനത്തോടു ചേര്‍ത്തുവച്ച് മനസ്സടച്ച് ഞാന്‍ ഒഴിഞ്ഞുമാറി.

 

 

അടഞ്ഞ കാതിലൊരു കടല്‍
പ്രണയം കൊണ്ട് , അല്ല വിരഹം കൊണ്ട്, മനസ്സു പൊള്ളിപ്പിടഞ്ഞ ഒരു സായാഹ്നം. കാതിലെത്തുന്നതൊന്നും ഉള്ളില്‍ പ്രവേശിക്കാതെയും കണ്ണുകള്‍ നീര്‍ വരണ്ട് അന്ധമാകുകയും ചെയ്ത ആ മുഹൂര്‍ത്തത്തില്‍ എങ്ങനെയാണാ ഗാനം മനസ്സിലെത്തിയതെന്നോര്‍മ്മയില്ല. മറ്റെല്ലാ ശബ്ദങ്ങളെയും നിഷേധിച്ച കാതില്‍ ആരാണതപ്പോള്‍ പാടിത്തന്നത്? ‘ദില്‍ ഹൂം ഹൂം കരേ , ഖബരായേ.. ‘ ( മനസ്സു ഭയചകിതമാകുന്നു) രുദാലി എന്ന ചലചിത്രാത്ഭുതത്തിലെ ലതാ മങ്കേഷ്കര്‍ ഗാനം. ‘നിന്റെ സ്പര്‍ശം എന്റെ ഉണങ്ങിയ ശാഖികളെ ഹരിതാഭമാക്കി..” എന്നു കേള്‍ക്കുമ്പോള്‍ ജന്മാന്തരങ്ങളിലെങ്ങോ അറിഞ്ഞ ആ സ്പര്‍ശം, കൈപിടിച്ചെന്നെ കൊണ്ടുപോകുന്നതെവിടേയ്ക്കാണ്?

മണ്‍പാതയിലൂടെ നിശബ്ദം നടക്കുമ്പോള്‍ , ‘എനിക്കറിയാം ഈ വഴികള്‍’ എന്നു മനസ്സു കരയുന്നു. ഇവിടെ വച്ചായിരുന്നു നീ എന്നെ കണ്ടുമുട്ടേണ്ടിയിരുന്നത്, ആകാശനീലയില്‍ നക്ഷത്രപൂക്കളുള്ള പാവാടയും കരിനീല ബ്ലൌസുമിട്ട് ഞാനീ വഴിയൊക്കെ നിന്നെ തേടി അലഞ്ഞതാണ്. വരാമെന്നു പറഞ്ഞു പിരിഞ്ഞ കഴിഞ്ഞ ജന്മങ്ങളില്‍ നിന്ന് നീ ഓടി മറഞ്ഞത് എവിടേയ്ക്കായിരുന്നു? പ്രണയം പെയ്ത് രാവു കുളിരുമ്പോള്‍ ” ‘ഓ മോരി ചാന്ദ്ര മാ.. തേരി ചാന്ദ്നി അംഗ് ജലായേം….. ‘ ഗാനം നിലയ്ക്കുകയാണ്.

ലതാജിയുടെ ശബ്ദത്തില്‍ ഡിംപിളിന്റെ പ്രണയാതുരമായ ശരീരം നിലാവിലുരുകുന്നത് ഞാന്‍ കാണുന്നു, എന്റെ ഹൃദയം പിടയുന്നു. അപ്പോഴും കണ്ണെത്താദൂരത്തെവിടെ നിന്നോ ജന്മം മുഴുവന്‍ മധുരം നിറയ്ക്കുന്ന ഒരു നോട്ടത്തിലൂടെ നീ എന്റെ ഹൃദയത്തെ പവിത്രമാക്കുന്നു. ഓരോ തവണയും ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ സായാഹ്നം എന്നില്‍ പെയ്തു നിറയുന്നു. മജ്ജയും മാംസവും അസ്ഥികളും ഉരുകുന്ന പ്രണയോന്‍ന്മാദം ജീവിതത്തില്‍ നിന്നു വര്‍ഷങ്ങളെ അടര്‍ത്തിമാറ്റുന്നു.

4 thoughts on “ഓര്‍മ്മയ്ക്കുമേല്‍ പാട്ടിന്റെ തൂവല്‍ക്കനം

  1. പാട്ട് ഒരിക്കല്‍ക്കൂടി കേള്‍പ്പിച്ചതിന് നന്ദി ………

Leave a Reply to mukil Cancel reply

Your email address will not be published. Required fields are marked *