പുതിയ നോവലുമായി ബെന്യാമിന്‍

പുതിയ നോവലിനെ കുറിച്ച്
ബെന്യാമിന്‍…
ഒപ്പം നോവല്‍ ഭാഗവും

ആടുജീവിതത്തിലൂടെ മലയാള നോവല്‍ ചരിത്രത്തെ പുതുക്കിപ്പണിത ബെന്യാമിന്റെ പുതിയ നോവല്‍ ഇതാ പുറത്തിറങ്ങാറായി. മഞ്ഞ വെയില്‍ മരണങ്ങള്‍. ഡി.സി ബുക്സാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്.
പുതിയ നോവലിനെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും ബെന്യാമിന്‍ ‘നാലാമിട’ത്തോട് സംസാരിക്കുന്നു.

ഫിക്ഷന്റെ പാതകള്‍ അടിമുടി മാറ്റിപ്പണിയുന്ന ഒന്നാണ് ഈ പുസ്തകം. ഡീഗോ ഗാര്‍ഷ്യ എന്ന ദ്വീപിന്റെ കഥയാണിത്. അട്ടിമറിയെന്നാരോപിച്ച് വേട്ടയാടപ്പെടുന്ന ചിലരുടെ ജീവിതങ്ങള്‍. ഏതോ വിദൂര ദ്വീപിന്റെ ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ കേരളവുമായി, മലയാളവുമായി കണ്ണിചേര്‍ക്കുന്ന എഴുത്തിന്റെ മാന്ത്രികതയാണ് ഈ നോവല്‍. ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയുമുള്ള പലായനം. മന്ത്രവാദവും ആഭിചാരങ്ങളും തീവെട്ടിപ്രകാശം പരത്തുന്ന ഭൂതകാലാനുഭവങ്ങളും ഫേസ്ബുക്കിന്റെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെയും വര്‍ത്തമാനവും തമ്മിലുള്ള ജുഗല്‍ബന്ദിയാണ് ആഖ്യാനത്തിലും പ്രമേയ പരിചരണത്തിലും ക്രാഫ്റ്റിലും പുതുമകള്‍ തീര്‍ക്കുന്ന ഈ പുതുനോവല്‍. മലയാളത്തിന്റെ വരുംകാലങ്ങളെ നനയ്ക്കാനുള്ള അനേകം ഉറവകള്‍ ഇതിലുണ്ട്.

നോവലിന്റെ ആദ്യഭാഗം ഇതോടൊപ്പം നാലാമിടം പ്രസിദ്ധീകരിക്കുന്നു.

ഞാന്‍ നടന്നെത്തിയ പുതിയ ഭൂമിക
ബെന്യാമിന്‍

വീണ്ടും ഒരു നോവലുമായി ഞാന്‍ വായനക്കാരിലേക്ക് വരുകയാണ്. ആടുജീവിതത്തിനു കിട്ടിയ അഭൂതപൂര്‍വ്വമായ വായന പ്രതീക്ഷയുടെ വന്‍ഭാരം എന്റെ മേല്‍ കെട്ടിവയ്ക്കുന്നുണ്ട് എന്നറിയാതെയല്ല. പക്ഷേ ഒരെഴുത്തുകാരന് ഒരിക്കലും ഒരു കൃതിയില്‍ തന്നെ കെട്ടിക്കിടക്കാനാവില്ല. അതെത്ര വിജയം സമ്മാനിച്ചതാണെങ്കിലും എത്ര മഹത്തരമാണെങ്കിലും. ആ കൃതിയെയും അതിലെ കഥാപാത്രങ്ങളെയും മറന്ന് പുതിയ ജീവിതവും പുതിയ ഭൂമികയും പുതിയ ഭാഷയും തേടി യാത്രയായേ മതിയാവൂ. എഴുത്തുകാരന്‍ നാടോടിയാണെന്ന ആനന്ദിന്റെ നിരീക്ഷണം അത്രയും ഉചിതമാവുന്നത് അതുകൊണ്ടാണ്. ആടുജീവിതത്തെയും അതിലെ കഥാപാത്രങ്ങളെയും വായനക്കാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ഞാന്‍ നടന്നെത്തിയ പുതിയ ഭൂമികയാണ് നിങ്ങള്‍ക്ക് ‘മഞ്ഞവെയില്‍ മരണങ്ങള്‍’ എന്ന നോവലില്‍ കാണാനാവുക.
ക്രിയാത്മകരചനാലോകം വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലമാണിത്. ദൃശ്യമാധ്യമങ്ങള്‍ വായനക്കാരന്റെ മുന്നിലേക്ക് നേരിട്ടെത്തിക്കുന്ന പച്ചയായ കാഴ്ചകൾക്കു മുന്നില്‍ എഴുത്തുകാരന്റെ ഭാവനാലോകം ശുഷ്കമായി തോന്നുന്നത് സ്വഭാവികം. ഒരു ദൃശ്യമാധ്യമത്തിനും എത്തിപ്പിടിക്കാനാവാത്ത കാഴ്ചകള്‍, ഏത് സേര്‍ച്ച് ഇഞ്ചിനില്‍ പരതിയാ‍ലും കിട്ടാത്ത അറിവുകള്‍ വായനക്കാരനില്‍ എത്തിക്കുക എന്നതാണ് പുതിയ കാലത്തെ എഴുത്തുകാരന്റെ വെല്ലുവിളി. അത് മനസിന്റെ കാഴ്ചകളാവാം, സമൂഹത്തിന്റെ കാഴ്ചകളാവാം ഭൂപ്രകൃതിയുടെ തന്നെ കാഴ്ചകളാവാം. അതിനുള്ള ശ്രമവും ജാഗ്രതയും മഞ്ഞവെയില്‍ മരണങ്ങളില്‍ ഞാന്‍ പുലര്‍ത്തിയിട്ടുണ്ട് എന്നുറപ്പ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഥ എന്ന് ആടുജീവിതത്തെ വിവരിച്ചാല്‍ ആ നോവലിനെ സംബന്ധിച്ച് എത്രത്തോളം സമഗ്രമാകുമോ അത്രത്തോളമേ ഒരു ദ്വീപിലെ മനുഷ്യരുടെ കഥ എന്ന് മഞ്ഞവെയില്‍ മരണങ്ങളെ സംബന്ധിച്ച് പറഞ്ഞാലും സമഗ്രമാകൂ. ഒരു നോവലിന്റെ പൂര്‍ണ്ണതെയെ എങ്ങനെയാണ് ഒരു വരിയില്‍ ഒതുക്കാനാവുക. കഥയും കഥാന്ത്യവുമല്ല, അതിനിടയില്‍ അവൻ നടന്നുപോയ വഴികളാണ്, ചെന്നുചേരുന്ന ഇടങ്ങളാണ്, കാണുന്ന കാഴ്ചകളാണ്, അറിയുന്ന സത്യങ്ങളാണ്, ഒരു നോവലിന്റെ അനന്യത. എന്റെ പുതിയ കഥാപാത്രം അന്ത്രപ്പേര്‍ നടന്ന വിചിത്ര വഴികളിലേക്ക് ഞാന്‍ നിങ്ങളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു..

നോവല്‍ ഭാഗം

കുറേ നാളുകള്‍ക്കു മുമ്പാണ്. ഒരു ദിവസം തീര്‍ത്തും അപരിചിതനായ ഒരാളില്‍നിന്ന് എനിക്കൊരു ഇ മെയില്‍ കിട്ടി. അതിന്റെ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു: പ്രിയ എഴുത്തുകാരാ…ഹൃദയം നിറഞ്ഞ വേദനയോടെയും അതിലേറെ സന്തോഷത്തോടെയുമാണ് ഞാന്‍ ഈ മെയില്‍ നിങ്ങള്‍ക്കയക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നിങ്ങളുടെ നോവല്‍ വായിക്കുവാന്‍ എനിക്കു സാധിച്ചു. എന്റെ ജീവിതത്തില്‍ വായിച്ച ഏറ്റവും മികച്ച നോവലുകളില്‍ ഒന്നായി ഞാനതിനെ കാണുന്നു. ആ വായനാനുഭവം നല്‍കിയ ഞെട്ടലില്‍നിന്നും ഇനിയും ഞാന്‍ മോചിതനായിട്ടില്ല. എല്ലാവിധ പ്രതിസന്ധികളിലും പിടിച്ചു നില്‍ക്കാന്‍ ആ കൃതി എനിക്കു നല്‍കുന്ന കരുത്തും ഊര്‍ജവും ചെറുതല്ല. എല്ലാ വിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും.
എപ്പോഴെങ്കിലും എനിക്കു നിങ്ങളെ ഒന്ന് നേരില്‍ കാണണമെന്നുണ്ട്. അന്നേരം നിങ്ങളോട് പറയാനായി എന്റെ കൈവശം ഒരു കഥയുണ്ട്. കേട്ടു കഴിഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കത് എഴുതാതിരിക്കാനാവില്ല എന്നെന്റെ മനസ്സ് പറയുന്നു. സത്യത്തില്‍ ഞാനെഴുതാനായി സൂക്ഷിച്ചു വെച്ച ഒരു കഥയാണ്. പക്ഷേ, ജീവിതത്തില്‍ വന്നു ഭവിച്ച ചില യാദൃശ്ചിക സംഭവങ്ങള്‍ കാരണം അതിനി എനിക്ക് എഴുതാനാവുമെന്ന് തോന്നുന്നില്ല. ഇത്രത്തോളം സംഘര്‍ഷാവസ്ഥയിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. നാളെ എന്തു സംഭവിക്കുമെന്നറിയാത്ത ഒരാശങ്കാവസ്ഥയില്‍ നിന്നു കൊണ്ട് എനിക്കെന്നല്ല ആര്‍ക്കും ഒന്നും എഴുതാനാവില്ല. നിങ്ങള്‍ ശീതീകരിച്ച മുറിയിലിരുന്നാവും മരുഭൂമിയുടെ ഉഷ്ണത്തെക്കുറിച്ചെഴുതുന്നതെന്ന് എനിക്കറിയാം. അതില്‍ കുഴപ്പമൊന്നുമില്ല. അനുഭവിക്കുന്നവനുള്ളതല്ല കഥ, കേള്‍ക്കുന്നവനുള്ളതാണ്. അവനേ അതെഴുതാന്‍ കഴിയൂ.
എന്റെ ഇ^ മെയില്‍ നിങ്ങള്‍ വായിച്ചു എന്ന് എന്നെ അറിയിക്കാനായി നിങ്ങള്‍ നിങ്ങളുടെ ഓര്‍ക്കുട്ട് അക്കൌണ്ടിന്റെ സ്റ്റാറ്റസ് ബാറില്‍ ‘I Don’t believe for a moment that creativity is a neurotic symptom എന്നൊരു മെസേജ് ഇടുക. അതില്‍നിന്നും നിങ്ങള്‍ക്കിതു കിട്ടി എന്നു മനസ്സിലാക്കിക്കോളാം. ഈ വിലാസത്തിലേക്ക് മറുപടി അയക്കാന്‍ ശ്രമിക്കരുത്. ഇതൊരു ഡിസ്പോസബ്ള്‍ ഇ^ മെയില്‍ വിലാസമാണ്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഈ അഡ്രസ് സ്വയം ഇല്ലാതാവും. വ്യക്തിപരമായ ചില കാരണങ്ങളാല്‍ എനിക്കിപ്പോള്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുവാനോ ഇ^മെയില്‍ വിലാസം നല്‍കുവാനോ ബുദ്ധിമുട്ടുണ്ട്. എന്നെ മനസ്സിലാക്കുമല്ലോ. കൂടുതല്‍ നല്ല രചനകള്‍ നിങ്ങളില്‍നിന്ന് ഉണ്ടാവട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ഒരു വായനക്കാരന്‍.
സത്യത്തില്‍ ഞാനതിന് വലിയ ഗൌരവവും പ്രാധാന്യവും കൊടുത്തിട്ടില്ല. ഒന്നാമത് ഇത്തരം ഫ്രോഡ് എഴുത്തുകളെ ഞാന്‍ പ്രാധാന്യത്തോടെ നോക്കിക്കാണാറില്ല. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താനാവാത്ത ഏതൊരുവനും പരിഗണന അര്‍ഹിക്കാത്തവനാണ് എന്നാണെന്റെ വിചാരം. മറ്റൊരു കാര്യം, കഴിഞ്ഞ നോവല്‍ പുറത്തു വന്നതിനു ശേഷം നിശ്ചയമായും നിങ്ങള്‍ കേട്ടിരിക്കേണ്ടത്, നിങ്ങള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്നത് എന്നിങ്ങനെയുള്ള ആമുഖത്തോടുകൂടി പറഞ്ഞ അന്‍പത് കഥകളെങ്കിലും ഞാന്‍ കേട്ടു കഴിഞ്ഞിരുന്നു. എല്ലാം ഒന്നിനൊന്ന് ആവര്‍ത്തന വിരസത കൊണ്ട് എന്നെ ഞെക്കിക്കൊല്ലുന്നവയായിരുന്നു. അക്കൂട്ടത്തില്‍ മറ്റൊന്നുകൂടി ഉള്‍പ്പെടുത്താന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. അതു കൂടാതെ, ആലോചിച്ചുറപ്പിച്ചതും കമ്മിറ്റ് ചെയ്തതുമായ ധാരാളം വിഷയങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ എനിക്ക് ബാക്കി കിടക്കുന്നുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ഊരും പേരുമില്ലാത്ത ആ മെയിലിനു പിന്നാലെ പോകാന്‍ എനിക്കൊരു താല്‍പ്പര്യവും തോന്നിയതേയില്ല. അത് ഞാന്‍ മറന്നു. മാസങ്ങള്‍ തന്നെ ഏറെ കഴിഞ്ഞിരിക്കും. പുതിയൊരു ഐഡിയില്‍നിന്ന് വീണ്ടും മറ്റൊരു മെയില്‍.
കഥാകാരാ… നിങ്ങളെന്നെ ഓര്‍ക്കുന്നോ എന്നറിയില്ല. മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ നിങ്ങള്‍ക്കൊരു മെയില്‍ അയച്ചിരുന്നു. എനിക്ക് നിങ്ങളോടൊരു കഥ പറയാനുണ്ട് എന്നു കാണിച്ചുകൊണ്ട്. പക്ഷേ അനുദിനം ലഭിക്കുന്ന അനവധി മെയിലുകളുടെ കൂട്ടത്തില്‍ എന്നെയും നിങ്ങള്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു എന്നെനിക്ക് തോന്നുന്നു.
എഴുത്തുകാരാ…അന്നത്തേതിനേക്കാള്‍ നൂറിരട്ടി സംഘര്‍ഷഭരിതവും വേദനാജനകവുമായ ദിനങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. എഴുതാനായി വച്ചിരുന്ന കഥയൊക്കെ ഞാന്‍ എപ്പോഴേ മറന്നു. പക്ഷേ അതിനിടയില്‍ എന്റെ ജീവിതത്തെക്കുറിച്ച് ചിലതൊക്കെ എഴുതാന്‍ ഞാനൊരു ശ്രമം നടത്തി. എനിക്ക് അനുഭവിക്കേണ്ടിവന്നതും കാണേണ്ടിവന്നതുമായ കാര്യങ്ങളെക്കുറിച്ച് അടുക്കും ചിട്ടയും ഒന്നുമില്ല. എന്തൊക്കെയോ ചിലത് എഴുതി. കുറേ നോട്ടുകളായി സൂക്ഷിച്ചിട്ടുണ്ട്. എഴുത്തിന് ആത്മകഥയുടെ രൂപമാണോ നോവലിന്റെ രൂപമാണോ ലേഖനത്തിന്റെ രൂപമാണോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും എഴുതിയതില്‍ തെല്ലും അതിശയോക്തിയില്ല. ഭാവനയുമില്ല. പ്രിയ എഴുത്തുകാരാ… ഞാനെഴുതിയ ആ ജീവിതകഥയുടെ ഒന്നാംഭാഗം ഇതോടൊപ്പം ഞാന്‍ സ്നേഹപൂര്‍വം നിങ്ങള്‍ക്കയക്കുന്നു. നിങ്ങളുടെ വലിയ തിരക്കുകള്‍ ഒഴിയുമ്പോള്‍ എപ്പോഴെങ്കിലും അതൊന്ന് വായിച്ചു നോക്കുക. നിങ്ങള്‍ക്കത് നിശ്ചയമായും ഉപകാരപ്പെട്ടേക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ ജീവിതകഥയുടെ ബാക്കി ഭാഗങ്ങള്‍ നിങ്ങള്‍ക്കയക്കാന്‍ എനിക്ക് തീരെ നിര്‍വാഹമില്ല. അതിന് പല കാരണങ്ങളുണ്ട്.
ഒന്ന്, എന്റെ ആദ്യമെയില്‍ കിട്ടി എന്നതിന് സൂചനകള്‍ കൊണ്ട് ഒരു മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് നിങ്ങളതു ചെയ്തില്ല.
രണ്ട്, അതുകൊണ്ടു തന്നെ എന്റെ ജീവിതത്തെയും വാക്കുകളെയും നിങ്ങള്‍ എത്രത്തോളം വിശ്വസിച്ചു എന്നോ പരിഗണിച്ചു എന്നോ എനിക്കറിയില്ല.
മൂന്ന്, എന്തെങ്കിലും കാരണവശാല്‍ നിങ്ങളുടെ കയ്യില്‍ നിന്നും ഇത് നഷ്ടപ്പെട്ടാല്‍ എന്റെ ജീവിതകഥ പിന്നെ ഒരിക്കലും വീണ്ടെടുക്കപ്പെടാതെ നഷ്ടപ്പെട്ടു പോകും.
നാല്, നിങ്ങളൊരു ഭീരുവായ എഴുത്തുകാരനാണെങ്കില്‍ നിങ്ങളിത് ആദ്യം ഏല്‍പ്പിക്കുക ഒരു പോലീസിന്റെ കൈയിലാവും, അതെന്റെ ജീവിതത്തെ കൂടുതല്‍ അപകടപ്പെടുത്തും. അതുകൊണ്ട് ഞാന്‍ എന്റെ കഥയുടെ ബാക്കി ഭാഗങ്ങള്‍ ഈ കഥയില്‍ തന്നെ പരാമര്‍ശിച്ചിരിക്കുന്നവരും എനിക്ക് വിശ്വസ്ഥരെന്ന് തോന്നുന്നവരുമായ മറ്റ് ചിലര്‍ക്ക് അയക്കുന്നു. ഈ ആദ്യഭാഗത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും താത്പര്യമോ ഇഷ്ടമോ കൌതുകമോ തോന്നുന്നുവെങ്കില്‍ മറ്റുഭാഗങ്ങള്‍ അവരില്‍ നിന്ന് വീണ്ടെടുത്ത് നിങ്ങള്‍ക്ക് കൂട്ടിയോജിപ്പിക്കാവുന്നതാണ്. എല്ലാം ചേരുമ്പോള്‍ മാത്രമാണ് എന്റെ ആത്മകഥ പൂര്‍ണമാകുന്നത്. വീണ്ടും സുരക്ഷാപരമായ കാരണങ്ങളാല്‍ എന്റെയോ അവരുടെയോ പേരുകള്‍ സൂചിപ്പിക്കുവാന്‍ ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നില്ല. അത് താങ്കളോടുള്ള അവിശ്വാസമായി ചിന്തിക്കരുത്. പക്ഷേ കഥ വായിച്ചു തുടങ്ങുമ്പോള്‍ അതിന്റെ കാരണവും എന്റെ ഐഡന്റിറ്റി തന്നെയും നിങ്ങള്‍ക്ക് വേഗം പിടികിട്ടും.

One thought on “പുതിയ നോവലുമായി ബെന്യാമിന്‍

Leave a Reply to hamzaalungal Cancel reply

Your email address will not be published. Required fields are marked *