സാക്ഷ്യപ്പെടുത്താന്‍ വിദഗ്ദര്‍ തയ്യാര്‍; ആളെപ്പറ്റിക്കാന്‍ ഔഷധങ്ങളും

ടെലി ബ്രാന്‍ഡ് എന്ന പേരില്‍ രാവിലെ ചാനലുകള്‍ തുറന്നാല്‍ തുടങ്ങും തടികുറക്കാനുള്ള യന്ത്രങ്ങളുടെ വരവ്. ബെല്‍റ്റായും യന്ത്രമായും ഗുളികകളായും എത്തുന്ന ഇവ എന്നേ നിരോധിക്കപ്പെടേണ്ടവയാണ്. ഇത്തരം യന്ത്രങ്ങളുടെയോ, ഗുളികളുടെയോ ഫലപ്രാപ്തി പരിശോധിക്കപ്പെടുന്നില്ലെന്നതാണ് സത്യം-പി.പി പ്രശാന്ത് എഴുതുന്നു

 

photo courtesy: -ucla magazine

 

നാം പൂര്‍ണ ആരോഗ്യവാനായിരിക്കുക എന്നത് നമ്മളേക്കാളുപരി വിപണിയുടെ/ഉല്‍പന്നങ്ങളുടെ ആവശ്യമാണ്.വര്‍ത്തമാനപത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ വരെ നമ്മളെ ബോധവല്‍കരിച്ചുകൊണ്ടേയിരിക്കുന്നു.നമ്മളറിയാത്ത ,നമ്മള്‍ പാലിക്കേണ്ട ഒരാവശ്യവുമില്ലാത്ത ശുചിത്വശീലങ്ങള്‍ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മണ്ണ് എന്നത് രോഗാണുക്കളുടെ കൂടാരമാണെന്നും കുട്ടികള്‍ എന്നത് ഏത് സമയത്തും രോഗങ്ങളേക്കൊണ്ട് പൊട്ടിപ്പോകാവുന്ന പളുങ്കുപാത്രങ്ങളാണെന്നും പരസ്യക്കാര്‍ നമ്മെ പഠിപ്പിക്കുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍,ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ തുടങ്ങിയ ഔദ്യോഗിക കൂട്ടായ്മകള്‍ തുടങ്ങി നൂറ് രൂപക്ക് ‘ട്രസ്റ്റി’ന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന മെഡിക്കല്‍ ഡൊമൈനിലുള്ളവരെ മുഴുവന്‍ സാക്ഷ്യപ്പെടുത്തി ‘ഗവേഷണ’മെന്നപറഞ്ഞ് പൊതുജനങ്ങളെ പൊട്ടന്മാരാക്കുകയാണ്. എന്തിനുപറയുന്നു കക്കൂസ് കഴുകാനുള്ള സോപ്പ് വെള്ളത്തിന് പോലുമുണ്ട് ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും സാക്ഷ്യപ്പെടുത്തല്‍. കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ പരസ്യങ്ങളധികവുമെന്നതിനാല്‍ നാം ബോധവല്‍കരിക്കപ്പെട്ടുപോകും. വേറാരുമല്ല, കുത്തകകളുടെ ഈ സ്വന്തം വിപണിക്ക് ചൂട്ടുപിടിക്കുന്നത്;സര്‍ക്കാര്‍ സംവിധാനങ്ങളും ഡോക്ടര്‍മാരുടെ പേരിലുള്ള ഉടായ്പ് അസോസിയേഷനകളുമാണ്.

വഴിതെറ്റിക്കുന്ന മരുന്ന് പരസ്യങ്ങള്‍
മരുന്നുകളുടെ പരസ്യങ്ങള്‍ അപകടകരമാം വിധം ജനങ്ങളെ വഴിതെറ്റിക്കുന്നതായാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നത്.ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ പൂര്‍ണമായും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് പ്രമുഖ മെഡിക്കല്‍ ജേണലായ ‘ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി’ല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. പരസ്യങ്ങളില്‍ അവകാശപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന രാസഘടകങ്ങള്‍ പല മരുന്നുകളിലുമില്ല.പരസ്യങ്ങളില്‍ അവകാശപ്പെടും പോലെ അത്ഭുത ഗുണവുമില്ല.മരുന്ന് കമ്പനികളുടെ അവകാശവാദത്തില്‍ പറയുന്ന ഫലപ്രാപ്തിക്കുള്ള രാസഘടകങ്ങള്‍ ഔഷധത്തില്‍ ഉണ്ടെന്ന് പരസ്യത്തിലൂടെ സാക്ഷ്യപ്പെടുത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം.

ഡോക്ടര്‍മാരുടെ വിദഗ്ദോപദേശം ഉണ്ടെങ്കില്‍ മാത്രം കഴിക്കേണ്ട പല മരുന്നുകളും വെറും പരസ്യത്തിലൂടെ ആവശ്യക്കാരെ കൂട്ടുന്നു. ഡോക്ടറുടെ മരുന്നുകുറിപ്പടി കൂടാതെതന്നെ മരുന്ന് വാങ്ങി ഉപയോഗിപ്പിക്കാന്‍ പരസ്യങ്ങള്‍ പ്രേരിപ്പിക്കുന്നു.ഈ പ്രവണത ആരോഗ്യഭീഷണി ക്ഷണിച്ചുവരുത്തുകയാണ്. ജനറിക് പേരുകള്‍ പ്രസിദ്ധപ്പെടുത്താതെ ബ്രാന്‍ഡ് പേരിലാണ് പരസ്യങ്ങള്‍ വരുന്നത്.ഇതുള്‍പ്പെടെ പരസ്യത്തിന്റെ പേരില്‍ നടക്കുന്നത് പൊതുജനങ്ങളെ കബളിപ്പിക്കലാണ്.മരുന്നുകള്‍ക്ക് അദ്ഭുത സിദ്ധിയുണ്ടെന്ന് കാണിച്ച് പണം കൊയ്യുന്നവരേറെയാണ്. ഇത് മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വൈടൈസ്മെന്റ്) ആക്ടിനെതിരാണെങ്കിലും കേന്ദ്ര ഡ്രഗ്സ് വകുപ്പ് കണ്ണടക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മരുന്ന് കമ്പനികളുടെ പരസ്യപ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയാണ്. മരുന്നുകമ്പനികളുടെ ധാര്‍മികത സംബന്ധിച്ച നിയമാവലി അന്തര്‍ദേശീയ തലത്തിലുണ്ട്.ലോകാരോഗ്യസംഘടന,ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ എന്നിവയുടെതാണ് ഇവ.മരുന്നിന്റെ പേരില്‍ പെരുപ്പിച്ചുകാട്ടുന്ന പരസ്യപ്രചാരണങ്ങള്‍ക്ക് തടയിടുന്നതാണ് ഈ നിയമാവലി.

മരുന്ന് പരസ്യം തടയല്‍ : കേരളത്തിന്റെ വഴി
‘മരുന്നുകളുടെ പരസ്യം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നത് തടയും.രോഗികളെ ആകര്‍ഷിച്ച് അനാവശ്യമരുന്നുകള്‍ കഴിപ്പിക്കുന്നത് തടയാന്‍ ഡ്രഗ്സ് ആന്റ് മാജിക്കല്‍ റെമഡീസ്(ഒബ്ജക്ഷനബിള്‍ അഡ്വടൈസ്മെന്റ്) നിയമം കര്‍ശനമാക്കും.മരുന്നുകടകളില്‍ ഇനിമുതല്‍ മരുന്നുകളുടെ പരസ്യം ഉണ്ടാവില്ല.’-രണ്ടുവര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതിയുടെ പ്രഖ്യാപനമായിരുന്നു ഇത്. ഇവയിലൊന്ന് പോലും പേരിന് വേണ്ടിയെങ്കിലും നടപ്പായില്ല.നടപ്പാക്കേണ്ട സംസ്ഥാന ഡ്രഗ്സ് വകുപ്പ് അനങ്ങിയില്ല.
സത്യത്തില്‍ മരുന്ന് വ്യാപാര സംഘടനയുമായി ഉടക്കി നില്‍ക്കേ അവരെ വിരട്ടാനുള്ള സര്‍ക്കാറിന്റെ ഉമ്മാക്കി മാത്രമായിരുന്നു ആ പ്രഖ്യാപനം.തുടര്‍ന്ന് എ.കെ.സി.ഡി.എ എന്ന മരുന്ന് വ്യാപാര സംഘടനക്കെതിരെ നടപടിയും സന്ധിസംഭാഷണവും സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ബദല്‍ സംഘടനാ രൂപവത്കരണവും കഴിഞ്ഞ് ഉത്തരവ് മടക്കികൂട്ടി ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞാണ് മന്ത്രി പടിയിറങ്ങിയത്. ഇതെല്ലാം അന്വേഷിക്കേണ്ട ഡ്രഗ്സ് കണ്‍ട്രോളര്‍ ആകട്ടെ യാതൊരു തുടര്‍നടപടികളും സ്വീകരിച്ചില്ല.

ചാനലുകള്‍ തുറക്കുന്ന മരുന്നുവിപണിയുടെ ലോകം
അച്ചടി പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല ചാനലുകളിലൂടെയാണിപ്പോള്‍ അനാവശ്യമരുന്നുകളുടെ കടന്നുവരവ് ശക്തമാകുന്നത്. ടോണിക്കുകള്‍ പോലും അശാസ്ത്രീയമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ളതാണെന്നുമുള്ള കണ്ടെത്തലുകള്‍ക്ക് പരസ്യവിപണിയുടെ മുമ്പില്‍ വിലയില്ല.എത്തിക്സ് എന്നത് മീഡിയകള്‍ക്ക് പണ്ടേ അന്യമാണല്ലോ?

അവ വിലയിരുത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാണെങ്കില്‍ പണ്ടേ ഇരുട്ടിലാണ്.അല്‍ഭുത സിദ്ധിയുണ്ടെന്ന പേരില്‍ മരുന്നുകള്‍ വന്നുപോയിക്കൊണ്ടേയിരിക്കുന്നു. ലൈംഗിക ഉത്തേജനമായാലും സോറിയാസിസായാലും മൂലക്കുരുവാണെങ്കിലും ഏതൊരും വ്യാജവൈദ്യനും പരസ്യം കൊടുത്ത് കബളിപ്പിക്കാം.

ടെലി ബ്രാന്‍ഡ് എന്ന പേരില്‍ രാവിലെ ചാനലുകള്‍ തുറന്നാല്‍ തുടങ്ങും തടികുറക്കാനുള്ള യന്ത്രങ്ങളുടെ വരവ്.ബെല്‍റ്റായും യന്ത്രമായും ഗുളികകളായും എത്തുന്ന ഇവ എന്നേ നിരോധിക്കപ്പെടേണ്ടവയാണ്.ഇത്തരം യന്ത്രങ്ങളുടെയോ, ഗുളികളുടെയോ ഫലപ്രാപ്തി പരിശോധിക്കപ്പെടുന്നില്ലെന്നതാണ് സത്യം.ആരോഗ്യമുണ്ടാകാന്‍ ഏലസ് കെട്ടിയാല്‍ മതിയെന്ന പരസ്യവും ഈയിടെ ടെലിബ്രാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *