നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

ഭൂരിഭാഗം വന്‍കിട ആശുപത്രികളും സമുദായ ശക്തികളുടെ കൈകളിലാണ്. രാഷ്ട്രീയക്കാരെ പോലെ തന്നെ മാധ്യമങ്ങള്‍ക്കും പേടിയാണ് ഈ സമുദായ ശക്തികളെ. അവരെ തൊടാന്‍ സാധാരണ ഗതിയില്‍ ആരും ധൈര്യം കാണിക്കാറില്ല. ഈ സമുദായപ്പേടി അവര്‍ നടത്തുന്ന ആശുപത്രികളോടും ഉണ്ടായി പ്പോവുന്നു എന്നതാവാം ഇതില്‍ പ്രധാനം. മറ്റൊന്ന്, ആശുപത്രി മാഫിയയെ നയിക്കുന്ന വമ്പിച്ച മൂല ധനശക്തികളോടുള്ള വിധേയത്വമാണ്. രണ്ടായിരം രൂപക്ക് പണിയെടുക്കുന്ന നഴ്സ് സമൂഹമെന്ന അടിമകള്‍ക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ ആളും അര്‍ഥവും സമുദായ ബലവും കൊണ്ട് നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആശുപത്രി മാഫിയക്കൊപ്പം നില്‍ക്കുന്നതു തന്നെയാണ് ലാഭകരം. പ്രയോഗികം-എന്‍ പത്മനാഭന്റെ വിശകലനം

 

 

ഉത്തരേന്ത്യന്‍ മെട്രോകളിലെ പഞ്ചനക്ഷത്ര ആശുപത്രികളിലാരംഭിച്ച് വിജയിച്ച് പരാജയമായ നഴ്സുമാരുടെ സമരം കേരളത്തില്‍ കത്തിപ്പിടിച്ചപ്പോള്‍ മുണ്ടുരിഞ്ഞു പോയത് ഇവിടത്തെ ദീനദയാലുക്കളായ കൂറ്റന്‍ ആശുപത്രികളുടേത് മാത്രമല്ല. മനുഷ്യാവകാശ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ മലയാള മാധ്യമങ്ങളുടേതു കൂടിയാണ്. മുംബൈയിലും ദല്‍ഹിയിലും മറ്റും നടന്ന നഴ്സ് സമരത്തെക്കുറിച്ച് വലിയ വായില്‍ കാച്ചിയപ്പോള്‍ അത്രങ്ങക്ക് ഓര്‍ത്തില്ല, മലയാള മാധമങ്ങള്‍. നാളെ ഇതുപോലൊന്ന് കേരളത്തിലും വരുമെന്ന് സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല!
കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിലും എറണാകുളത്തെ അമൃതയിലും തൃശൂരിലെ എലൈറ്റിലും മറ്റും നഴ്സുമാര്‍ തങ്ങളുടെ ദുരിത ജീവിതവും അനുഭവിക്കുന്ന ചൂഷണവും പുറത്തുപറഞ്ഞ് മുദ്രാവാക്യമുയര്‍ത്തി രംഗത്തിറങ്ങിയപ്പോള്‍ ഉരിഞ്ഞുപോയ മുണ്ട് തലയിലിട്ട് മാധ്യമങ്ങള്‍ രംഗത്തുനിന്ന് നിഷ്ക്രമിച്ചു. ആരും ബ്രേക്കിങ് ന്യൂസുകളും ഫ്ലാഷുമായി ഇരകള്‍ക്കൊപ്പം മുന്‍പന്തിയിലാണെന്ന് പ്രഖ്യാപിച്ചില്ല. എക്സ്ക്ലൂസീവ് സ്റ്റോറികളും ഇംപാക്റ്റുമായി ആരും അവകാശവാദമുന്നയിച്ചില്ല. അതിന്റെ വഴിയെ അവയെ വിട്ട്, വാര്‍ത്തകള്‍ അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒരു പോലെ വെറും അനുഷ്ഠാനമായി ഒതുക്കി മുക്കി.

കേരളത്തില്‍ ആദ്യം നഴ്സ് സമരം ഉണ്ടായ കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ മൂന്നു ഗുണ്ടകള്‍ ഗര്‍ഭിണിയായ ഒരു നഴ്സിനെ പൈശാചികമായി കൈകാര്യം ചെയ്യുന്ന ദൃശ്യം സമരത്തിന്റെ ആദ്യ വിഷ്വല്‍സിനിടെ അബദ്ധം പോലെ വെളിയില്‍വന്നത് അബദ്ധത്തിലാവണം. പിന്നെ, അതെക്കുറിച്ച് ആരുമൊന്നും എവിടെയും പറഞ്ഞുകേട്ടിട്ടില്ല. ഹൃദയഭേദദകമായ ആ സംഭവം ഒരു പത്രവും സാധാരണ ഇത്തരം സംഭവങ്ങളില്‍ ചെയ്യാറുള്ളതുപോലെ ആഘോഷിച്ചു കണ്ടില്ല. ഒരു സ്ത്രീ പട്ടാപ്പകല്‍ നഗരമധ്യത്തില്‍വെച്ച് പീഡിപ്പിക്കപ്പെട്ടത് സ്ത്രീപീഡനത്തെക്കുറിച്ച് വാല്യങ്ങള്‍ രചിച്ചവര്‍ അറിഞ്ഞ മട്ട് കാണിച്ചില്ല
ഇതേ അനുഭവം തന്നെയാണ് ഏറെക്കൂറെ അമൃതയിലുമുണ്ടായത്. ആദ്യ ദിനങ്ങളിലുണ്ടായ ഒരു ഇരമ്പം കഴിഞ്ഞതോടെ അബദ്ധം പറ്റിയതുപോലെ മാധ്യമങ്ങള്‍ നഴ്സ് സമരത്തെ ബ്ലാക്കൌട്ട് ചെയ്തു. തൃശൂരിലെ എലൈറ്റ് ആശുപത്രിയില്‍ ഇപ്പോള്‍ നടക്കുന്ന നഴ്സ് സമരം പ്രമുഖ പത്രങ്ങളുടെ സിറ്റി എഡിഷനുകളില്‍പോലും വാര്‍ത്തയായില്ല. മറ്റു പല ആശുപത്രികളിലും നടന്ന നഴ്സുമാരുടെ സമരങ്ങളും സമാനമായ രീതിയില്‍ തന്നെയാണ് അവഗണിക്കപ്പെട്ടത്.

 

 

പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ വെച്ച് അടിച്ചൊതുക്കുന്നത് ഇന്നത്തെ ഏറ്റവും മൂരാച്ചി തൊഴിലുടമ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ്. അതാണ് ദീനാനുകമ്പയുടെ മിശിഹാമാരായി പൊതുസമൂഹത്തില്‍ സ്വയം അവതരിക്കുകയും, അമ്മയുടെയും ഗുരുവിന്റെയും പേരില്‍ ആശുപത്രിക്കച്ചവടം നടത്തുകയും ചെയ്യുന്ന ചോരക്കൊതിയന്‍ മുതലാളിമാര്‍ ചെയ്തത്. ഇവിടങ്ങളില്‍ നടക്കുന്ന അതിനീചമായ ചൂഷണത്തെയും അതിനെതിരെയുള്ള പ്രതിരോധത്തെ ഗുണ്ടകളെ ഉപയോഗിച്ച് മനുഷ്യരഹിതമായി അടിച്ചമര്‍ത്തിയതിനെയും ആ ആശുപത്രി മുതലാളിമാരേക്കാള്‍ നാണം കെട്ട രീതിയില്‍ മൂടിവെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇവര്‍ക്ക് മനുഷ്യാവകാശ സംരക്ഷണത്തിന്റെ അവകാശികളെന്നു പറയാന്‍ എന്താണ് അവകാശം?

ഉത്തരേന്ത്യന്‍ മെട്രോ നഗരങ്ങളിലേതുപോലെ അതിശക്തമായ ഒരു മാഫിയയായി കേരളത്തിലും ആശുപത്രി മുതലാളിമാര്‍ ശക്തി പ്രാപിച്ചിട്ട് കുറച്ചായി. അവയില്‍ ഭൂരിഭാഗവും സാമുദായിക ശക്തികളുടെ നിയന്ത്രണത്തിലാണ്. ഈ പുത്തന്‍ അറവുകാര്‍ വണ്ടി പിടിത്തക്കാരെപ്പോലെ തങ്ങളുടെ സംരക്ഷണത്തിനായി ഗുണ്ടകളെയും തീറ്റിപ്പോറ്റുന്നുണ്ട്. നാട്ടിലെ സാധാരണക്കാരന്‍ ആശയ്രിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെപ്പറ്റി എന്തും എഴുതിവെച്ച് പത്ര സ്വാതന്ത്യ്രത്തിന്റെ പെരുമ്പറയടിക്കുന്ന മാധ്യമങ്ങള്‍ എന്നാല്‍, ഈ സ്വകാര്യ ആശുപത്രികള്‍ രോഗികളുടെ മേല്‍ നടത്തുന്ന ചൂഷണത്തിലേക്ക് കണ്ണയക്കാറില്ല. പഞ്ചനക്ഷത്ര ആശുപത്രികളത്രയും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മച്ചാനെപ്പോലെയാണ്. അവരെന്ത് ചെയ്താലും മൂടിവെക്കുക. അതിന്റെ തുടര്‍ച്ചയല്ലേ നഴ്സ് സമരത്തോട് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം?

 

 

മാധ്യമങ്ങള്‍ ഈ നിലപാട് സ്വീകരിക്കാന്‍ എന്താവാം കാരണമെന്ന് ആലോചിക്കുമ്പോള്‍ എത്തിപ്പെടുന്നത് വിചിത്രമായ ചില കാര്യങ്ങളിലേക്കാണ്.
പരസ്യങ്ങള്‍ കൊണ്ട് നിലനില്‍ക്കുന്ന കച്ചവടമല്ല സത്യത്തില്‍ ആശുപത്രി വ്യവസായം. വന്‍കിട ആശുപത്രികള്‍പോലും സാധാരണയായി മാധ്യമങ്ങള്‍ക്ക് വലിയ പരസ്യങ്ങള്‍ നല്‍കാറില്ല. ചികില്‍സാ കാര്യങ്ങള്‍ക്ക് ചിലയിടങ്ങളില്‍ ചിലര്‍ക്ക് കിട്ടുന്ന പ്രിവിലേജ് ഒഴിച്ചാല്‍ പ്രത്യക്ഷത്തില്‍ ആശുപത്രി മുതലാളിമാര്‍ മാധ്യമങ്ങളെ കാര്യമായി എടുക്കാറ് പോലുമില്ല. മരുന്നു കച്ചവടം കൂട്ടുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു മാത്രമായി ഇളവുകളും കാണാറില്ല. പിന്നെ എന്താവാം ഈ ദാസ്യത്തിനു കാരണം? മുതലാളിമാരെ കണ്ടല്‍ കവാത്തു മറക്കുന്ന പഴയ സ്വഭാവം മാത്രമാണോ ഈ അസുഖത്തിനു കാരണം. ആവില്ല. സാമ്പത്തിക, മൂലധനശക്തികളോട് അറിയാതെ കാണിച്ചു പോവുന്ന സഹജ വിധേയത്വത്തിനപ്പുറം പല ഘടകങ്ങളും അതിലുണ്ടാവണം.

ഭൂരിഭാഗം വന്‍കിട ആശുപത്രികളും സമുദായ ശക്തികളുടെ കൈകളിലാണ്. രാഷ്ട്രീയക്കാരെ പോലെ തന്നെ മാധ്യമങ്ങള്‍ക്കും പേടിയാണ് ഈ സമുദായ ശക്തികളെ. അവരെ തൊടാന്‍ സാധാരണ ഗതിയില്‍ ആരും ധൈര്യം കാണിക്കാറില്ല. ഈ സമുദായപ്പേടി അവര്‍ നടത്തുന്ന ആശുപത്രികളോടും ഉണ്ടായി പ്പോവുന്നു എന്നതാവാം ഇതില്‍ പ്രധാനം. മറ്റൊന്ന്, ആശുപത്രി മാഫിയയെ നയിക്കുന്ന വമ്പിച്ച മൂല ധനശക്തികളോടുള്ള വിധേയത്വമാണ്. രണ്ടായിരം രൂപക്ക് പണിയെടുക്കുന്ന നഴ്സ് സമൂഹമെന്ന അടിമകള്‍ക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ ആളും അര്‍ഥവും സമുദായ ബലവും കൊണ്ട് നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആശുപത്രി മാഫിയക്കൊപ്പം നില്‍ക്കുന്നതു തന്നെയാണ് ലാഭകരം. പ്രയോഗികം. ഇത്രയൊക്കെ മതിയായിരിക്കും ഇങ്ങനെ അമിത വിധേയത്വം കാണിക്കാനെന്നു വേണം കരുതാന്‍. എന്തായാലും ആശുപത്രി മുതലാളിമാരുടെ സംരക്ഷകരായി മാധ്യമങ്ങള്‍ എന്തു കൊണ്ട് മാറുന്നു എന്നത് പൊതുസമൂഹം ഗൌരവമായിഅന്വേഷിക്കുകയും ചോദ്യം ചെയ്യുകയും വേണ്ട കാര്യമാണ്.

6 thoughts on “നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

 1. Madhyamam daily give very high support to this issue . It have a main role to stand this issue . It writes a big serial about a nursing field.

 2. Madhyamam daily is the only newspaper that supported the nurses agitation, all over Keral. no other mainstream political parties or news papers had supported to the strikes. because they knocks doors of bishop houses and other palaces of communal leaders always ,especially on election time

 3. മാതൃഭൂമി വാര്‍ത്ത മുക്കി, മനോരമ ഒതുക്കി….

  നഴ്‌സുമാര്‍ കോഴിക്കോട്ടും സമരം തുടങ്ങി

  വേതനവര്‍ധനവ് അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് നഴ്‌സുമാര്‍ സംസ്ഥാനത്തെ പല ആശുപത്രികളിലും നടത്തികൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് നേഷണല്‍ ഹോസ്പിറ്റലിലും സമരം തുടങ്ങിയെങ്കിലും ടൈംസ് ഓഫ് ഇന്ത്യയുമായി കൂട്ടുകച്ചവടം നടത്തുന്ന മാതൃഭൂമി വാര്‍ത്ത മുക്കി. മനോരമയാകട്ടെ പേരിന് ലോക്കല്‍ പേജില്‍ താഴെയ ഒതുക്കിനല്‍കി മാനം കാത്തു. കൂടുതലെന്ത് പറയാന്‍……………..
  ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൂചനാപണിമുടക്കാണ് ഇവിടെ നടത്തിയത്. രാവിലെ എട്ടു മുതല്‍ പത്തുവരെ ആശുപത്രിക്കു മുമ്പില്‍ നടത്തിയ സമരത്തില്‍ 60 ഓളം നഴ്‌സുമാര്‍ പങ്കെടുത്തു.
  ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കാതെയാണ് സമരം നടത്തിയതെന്ന് നഴ്‌സുമാര്‍ പറയുന്നു. നൈറ്റ് ഡ്യൂട്ടിക്കുണ്ടായിരുന്ന നഴ്‌സുമാര്‍ രാവിലെ പത്തുമണിവരെ ഡ്യൂട്ടി നീട്ടിയെടുത്തുകൊണ്ടും രാവിലെ ഡ്യൂട്ടിക്കു കയറേണ്ടവരെ സമരത്തില്‍ പങ്കെടുപ്പിച്ചുമാണ് സമരം ആസൂത്രണം ചെയ്തതെന്ന് സമരത്തില്‍ പങ്കെടുത്ത ജോമിജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് ലിറ്റോവര്‍ഗ്ഗീസ്, മുക്കം ഏരിയാ സെക്രട്ടറി ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. കറുത്ത ബാഡ്ജ് ധരിച്ചും മുദ്രവാക്യം വിളിച്ചുമാണ് നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുത്തത്. അടിസ്ഥാന ശമ്പളം 9,000 രൂപയായി നിലനിര്‍ത്തുക, ജോലിസയമം 8 മണിക്കൂറായി നിജപ്പെടുത്തുക, ഒരു വാര്‍ഡില്‍ ഒരു സ്റ്റാഫ് നഴ്‌സിനെയെങ്കിലും അനുവദിക്കുക, ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുക എന്നിവയാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍.
  ഈ മാസം ആറിനകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച് അനിശ്ചിതകാല സമരം നടത്തുമെന്നും അതുവരെ കറുത്ത ബാഡ്ജ് ധരിച്ചാണ് തങ്ങള്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയെന്നും സമരക്കാര്‍ പറഞ്ഞു.
  തങ്ങളുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനുവരി ആറാം തിയതി ആശുപത്രി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നെന്ന് ജോമിജോര്‍ജ്ജ് പറയുന്നു. ഈ നോട്ടീസിന്‍മേല്‍ 15 ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കാല്‍ ഉറപ്പുനല്‍കുകയല്ലാതെ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഫെബ്രുവരി ഒന്നുമുതല്‍ മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അത് ഉറപ്പുമാത്രമായി നിലനില്‍ക്കുകയാണെന്ന് മനസിലായപ്പോഴാണ് സൂചനാ പണിമുടക്ക് നടത്തേണ്ടിവന്നത്.
  350 ബെഡുകളുള്ള നാഷണല്‍ ഹോസ്പിറ്റലില്‍ ഇതിന് ആനുപാതികമായി നഴ്‌സുമാരില്ലെന്നാണ് ഇവരുടെ ആരോപണം. 15ല്‍ താഴെ രജിസ്‌ട്രേഡ് നഴ്‌സുമാര്‍ മാത്രമാണ് ഇവിടെയുള്ളത്. മറ്റുള്ളവരെല്ലാം നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഇവരെ ട്രെയിനിംഗെന്ന പേരിലാണ് ഇവിടെ ജോലി ചെയ്യാനനുവദിക്കുന്നത്. ഒരു രജിസ്‌ട്രേഡ് നഴ്‌സിന്റെ കീഴില്‍ മാത്രമേ ട്രെയിനീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാവൂ എന്നുണ്ട്. എന്നാല്‍ ഇവിടെ ഈ വിദ്യാര്‍ത്ഥികള്‍ തനിയെ തന്നെയാണ് രോഗികളുടെ കാര്യങ്ങള്‍ നോക്കുന്നത്. ആശുപത്രിയില്‍ ഇപ്പോള്‍ ബി എസ് സി നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തുടക്കത്തില്‍ 3,500 രൂപയാണ് ശമ്പളം നല്‍കുന്നത്. രജിസ്‌ട്രേറ്റ് അല്ലാത്തവര്‍ക്ക് 1,500 മുതല്‍ 2,500 വരെയാണ് നല്‍കുന്നതെന്നും ജോമിജോര്‍ജ്ജ് പറഞ്ഞു.

 4. മാധ്യമം പത്രം മാത്രമാണ് നഴ്സുമാരുടെ അവകാശങ്ങള്ക്ക് വേണ്ടി ശബ്ദിച്ചത്.ഭൂമിയിലെ മാലാഖന്മാരെക്കുറിച്ചുളള പരന്പര പ്രസിദ്ധീകരിച്ചതിനെത്തുടര്ന്ന് പല ഹോസ്പിറ്റല് മാനേജ്മെന്റും ആ പത്രം നിര്ത്തി. നീതിയുടെ പക്ഷത്ത് നില്ക്കുന്ന നാലാമിടത്തിനും എഴുത്തുകാരനും അഭിനന്ദനങ്ങല്

Leave a Reply to siju k saji Cancel reply

Your email address will not be published. Required fields are marked *