വാട്ടര്‍ സ്റ്റേഷന്‍, മെയ്ധ്വനി, സര്‍ക്കസ്: സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ദേശം

സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ദേശീയ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ബോധപൂര്‍വവും അല്ലാത്തതുമായ ശ്രമങ്ങള്‍ വര്‍ഷങ്ങളായി കേരളത്തില്‍ സംഭവിച്ചു വരുന്നുണ്ട്. ആശയവിനിമയത്തിലും യാത്രാ സൌകര്യത്തിലുമുണ്ടായ മാറ്റങ്ങള്‍ ഈ ശ്രമങ്ങളെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. ഉപരിപഠനാര്‍ഥവും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായും കലാകാരന്‍ കേരളം വിട്ട് മഹാനഗരങ്ങളില്‍ ചേക്കേറി. കൂടുതല്‍ കൊടുക്കലും വാങ്ങലുകളുമുള്‍ച്ചേര്‍ന്ന ഒരു അന്തരീക്ഷം ഇപ്പോള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയിട്ടുണ്ട് -രേണുരാമനാഥിന്റെ നിരീക്ഷണം. ഒപ്പം, വാട്ടര്‍ സ്റ്റേഷന്‍, സര്‍ക്കസ് തിയറ്റര്‍ പ്രൊജക്റ്റ്, മെയ്ധ്വനി, കടമ്പഴിപ്പുറം ടാഗോര്‍ ഫെസ്റ്റിവല്‍, പാവക്കഥകളി, ഡര്‍ബാര്‍ഹാള്‍ നവീകരണം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍

 

 

രാഷ്ട്രീയ-സാമ്പത്തിക-ഭരണ രംഗങ്ങളിലെന്ന പോലെ, സാംസ്കാരിക രംഗത്തും വടക്കും തെക്കും തമ്മിലുള്ള വേര്‍തിരിവ് ഇന്ത്യയില്‍ പ്രകടമാണ്. അധികാര കേന്ദ്രങ്ങളുടെ സാമീപ്യവും സാമ്പത്തികാധിപത്യവുമെല്ലാം ദക്ഷിണേന്ത്യക്കു മുകളില്‍ വടക്കിനുള്ള ആധിപത്യത്തിനുള്ള കാരണങ്ങളാണ്. അതിനുള്ളില്‍തന്നെ യാണ് നഗരപ്രദേശവും അല്ലാത്തിടങ്ങളും തമ്മിലുള്ള വേര്‍തിരിവും. ‘ഗ്രാമം’ എന്ന പ്രയോഗത്തേക്കാള്‍ ‘നഗരമില്ലാത്തിടം’-non-urban- എന്ന പ്രയോഗമാണ് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ നല്ലതെന്ന് തോന്നുന്നു.
ആധുനിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പൊതുവേ നടക്കുന്നത് നഗരങ്ങള്‍ കേന്ദ്രീകരിച്ചു തന്നെയാണെന്ന് പറയേണ്ടി വരും. മാറിവരുന്ന സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളില്‍ ആധുനികപൂര്‍വമായ,പരമ്പരാഗത-ഫോക് കലാരൂപങ്ങള്‍ക്കു പോലും അവയുടെ തനതു മണ്ണില്‍ ഇടമില്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇന്ത്യയിലെ ദേശീയ സാംസ്കാരിക രംഗം മൊത്തത്തില്‍ നിരീക്ഷിച്ചാല്‍, സ്വാഭാവികമായും ബോംബെ , ഡല്‍ഹി, എന്നീ നഗരങ്ങള്‍ ഒന്നാമതായും കല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയവ രണ്ടാം നിരയിലും വരുന്ന രീതിയിലാണ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രീകരണം സംഭവിച്ചതെന്നു കാണാം. വിഷ്വല്‍ ആര്‍ട്ടിന്റെ (ദൃശ്യകല എന്നു പൊതുവേ പറയാം) കാര്യത്തിലായാലും പെര്‍ഫോമിങ് ആര്‍ട്ടിന്റെ കാര്യത്തിലായാലും ഇതേറെക്കൂറെ സമാനമാണ്. കര്‍ണാടകയിലെ ഹെഗ്ഗൊഡു എന്ന ഗ്രാമത്തില്‍ 1949 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന നീനാസം പോലുള്ള ഉദാഹരണങ്ങള്‍ ഇല്ലെന്നല്ല.

റിഹേഴ്സലുകള്‍
സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഈ ദേശീയ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ബോധപൂര്‍വവും അല്ലാത്തതുമായ ശ്രമങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ സംഭവിച്ചു വരുന്നുണ്ട്. ആശയവിനിമയത്തിലും യാത്രാ സൌകര്യത്തിലുമുണ്ടായ മാറ്റങ്ങള്‍ ഈ ശ്രമങ്ങളെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. ഉപരിപഠനാര്‍ഥവും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായും കലാകാരന്‍ കേരളം വിട്ട് മഹാനഗരങ്ങളില്‍ ചേക്കേറി. പിന്നീട് തിരിഞ്ഞുനോക്കാതെ ജീവിക്കുക എന്ന സാഹചര്യം പതുക്കെ മാറി വന്നു. കൂടുതല്‍ കൊടുക്കലും വാങ്ങലുകളുള്‍ച്ചേര്‍ന്ന ഒരു അന്തരീക്ഷം ഇപ്പോള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇടപെടലുകളുടെ ചില നല്ല ഉദാഹരണങ്ങളാണ് ഈയിടെ കേരളം വേദിയായ ചില തിയറ്റര്‍ പ്രൊജക്റ്റുകളുടെ റിഹേഴ്സലുകള്‍. ദേശീയ തലത്തില്‍ ശ്രദ്ധേയമായ രണ്ട് റിഹേഴ്സലുകള്‍ ഈയിടെ കേരളത്തില്‍ നടന്നു. (ഒന്ന് ഇപ്പോഴും നടക്കുന്നു). സ്കൂള്‍ ഓഫ് ഡ്രാമയുടെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി അധ്യാപകനും സംവിധായകനുമായ അഭിലാഷ് പിള്ള ഒരു സര്‍ക്കസുമായി സഹകരിച്ചു കൊണ്ടൊരുക്കുന്ന നാടകാവതരണവും യുവസംവിധായകന്‍ ശങ്കര്‍ വെങ്കിടേശ്വരന്റെ ‘വാട്ടര്‍ സ്റ്റേഷനു’മാണ് അവ.

 

വാട്ടര്‍ സ്റ്റേഷന്‍

 

വാട്ടര്‍ സ്റ്റേഷന്‍
ഇതില്‍ വാട്ടര്‍ സ്റ്റേഷന്‍ കഴിഞ്ഞ നവംബര്‍ 20,30 തീയതികളില്‍ ബാംഗ്ലൂരിലെ രംഗശങ്കര ഓഡിറ്റോറിയത്തില്‍ ആദ്യാവതരണങ്ങള്‍ നടത്തിക്കഴിഞ്ഞു. തിയറ്റര്‍ റൂട്ട്സ് ആന്റ് വിങ്സ് അവതരിപ്പിച്ച വാട്ടര്‍ സ്റ്റേഷനില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നടീനടന്‍മാരാണ് പങ്കെടുക്കുന്നത്. തൃശൂരിലെ കേരള സംഗീത നാടക അക്കാദമിയുടെ നാട്യ ഗൃഹത്തിലാണ് ഒരു മാസത്തിലേറെ നീണ്ട റിഹേഴ്സല്‍ നടന്നത്.
മൂണ്‍മൂണ്‍സിങ്, രവീന്ദ്ര വിജയ് എസ്, സുനില്‍ ബന്നൂര്‍, ആശാ പോനികിയേവ്സ്ക, അനിരുദ്ധ് നായര്‍, കവിതാ ശ്രീനിവാസന്‍, യശ്വന്ത് കുച്ബാല്‍, ഷെഹ്റാസാദ് കൈകോബാദ്, ഈശ്വരി ബോസ് ഭട്ടാചാര്യ, മന്ദാകിനി ഗോസ്വാമി, സുനിത എന്നിവരോടാപ്പം കേരളത്തില്‍നിന്നും ഗോപാലന്‍, വിനുജോസഫ്, സ്മിത പി, സുനില്‍ ബന്നൂര്‍ എന്നിവരും ഈ നാടകത്തിലെ അഭിനേതാക്കളാണ്. സംഗീതം ശങ്കര്‍ വെങ്കിടേശ്വരനും പ്രകാശവിന്യാസം ജോസ് കോശിയും നിര്‍വഹിച്ചിരിക്കുന്നു.

സര്‍ക്കസും തിയറ്ററും
നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം വര്‍ഷ ബി.ടി.എ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള തിയറ്റര്‍ പ്രൊജക്റ്റാണ് ഒരു പക്ഷേ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കസ് കൂടാരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കസിലെ തെരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാരും വിദ്യാര്‍ഥികളോടൊപ്പം പങ്കെടുക്കുന്നു. ഏറെ വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന പ്രൊജക്ടാണിതെന്ന് നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ആക്ടിംഗ് വിഭാഗം മുന്‍ ഡീനായ അഭിലാഷ് പിള്ള പറയുന്നു. സര്‍ക്കസും തിയറ്ററും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്ന കാഴ്ച പാശ്ചാത്യ ലോകത്ത് സാധാരണമായി കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്നും ഇത് രണ്ടും യാതൊരു ബന്ധവുമില്ലാത്ത വ്യത്യസ്ത ലോകങ്ങളായി നില്‍ക്കുക തന്നെയാണ്. മറ്റു വിനോദാപാധികളുടെ തള്ളിക്കയറ്റത്തിനിടയില്‍ , മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വൈമനസ്യവും സാമ്പത്തിക പ്രതിസന്ധിയും നിയമങ്ങളുടെ ഇടപെടലുമെല്ലാം ചേര്‍ന്ന് നട്ടംതിരിക്കുന്ന സര്‍ക്കസ് മേഖലക്കും ഈ പുതിയ സഹകരണം ഗുണകരമായേക്കുമെന്ന് കരുതാം.
തലശേãരി സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് സര്‍ക്കസാണ് നാടക പരിശീലനത്തിനും അവതരണത്തിനും വേദിയാവുന്നത്. ഇരിങ്ങാലക്കുടയില്‍നിന്നാരംഭിച്ച റിഹേഴ്സല്‍ സമാപിക്കുന്നത് കോഴിക്കോട്ട് ഡിസംബര്‍ പകുതിയോടെ നടക്കുന്ന നാടകാവതരണത്തിലാവും. തുടര്‍ന്ന്, ജനുവരിയില്‍ ദല്‍ഹിയില്‍ പ്രത്യേകം ഒരുക്കുന്ന സര്‍ക്കസ് കൂടാരത്തില്‍ നാടകം അരങ്ങേറും.
പ്രശസ്ത തിയറ്റര്‍ ചലച്ചിത്ര സംഗീത സംവിധായകനായ ചന്ദ്രന്‍ വെയ്യാറ്റുമല്‍ (പാരീസ് ചന്ദ്രന്‍ ) ആണ് സംഗീതമൊരുക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സമുദ്രയിലെ മധു ഗോപിനാഥും സംഘവും കൊറിയോഗ്രാഫി നിര്‍വഹിക്കുന്നു. പ്രകാശവിന്യാസം തിരുവനന്തപുരം സ്വദേശിയായ ലൈറ്റിങ് ഡിസൈനര്‍ ശ്രീകാന്തും വസ്ത്രങ്ങള്‍ ദല്‍ഹിയില്‍നിന്നുള്ള ഫാഷന്‍ ഡിസൈനര്‍ അരുണ്‍ തിവാരിയുമാണ് ഡിസൈന്‍ ചെയ്യുന്നത്. റോഷന്‍ എന്‍.ജി മേയ്ക്കപ്പ്.

 

മെയ്ധ്വനി

 

മെയ്ധ്വനി
ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ സമകാലീന നൃത്തസംഘം ‘ആട്ടക്കളരി’ തങ്ങളുടെ ഏറ്റവും പുതിയ രംഗാവതരണമായ ‘മെയ്ധ്വനി’ കൊച്ചിയില്‍ അവതരിപ്പിച്ചു. ഡിസംബര്‍ 17ന് എറണാകുളം കേരള ഫൈനാര്‍ട്സ് ഹാളിലായിരുന്നു അവതരണം. ‘മെയ്യ്’ എന്ന തമിഴ്വാക്കും ‘ധ്വനി’ എന്ന സംസ്കൃത വാക്കും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ‘മെയ്ധ്വനി’യുടെ അര്‍ഥം ശരീരത്തിന്റെ പ്രതിധ്വനികള്‍, ശരീരത്തിന്റെ ഓര്‍മ്മകള്‍ എന്നൊക്കെയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ജര്‍മനിയിലാണ് മെയ്ധ്വനിയുടെ ആദ്യ അവതരണം നടന്നത്. ആട്ടക്കളരിയുടെ സഞ്ചാരി മൊബൈല്‍ തിയറ്റര്‍ പര്യടനത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ പരിപാടി നടന്നത്.
സാഹചര്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപാടുകളില്‍ കുടുങ്ങിപ്പോയ മനുഷ്യരെയാണ് മെയ്ധ്വനി അവതരിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിന്റെയും പ്രപഞ്ചത്തിന്റെയും ജ്യാമിതീയ അമൂര്‍ത്തതകളില്‍നിന്നും വാസ്തുശില്‍പ കലയില്‍നിന്നുമൊക്കെ കണ്ടെടുത്ത സൂചകങ്ങള്‍ ഉള്‍ച്ചേര്‍ത്താണ് ഈ പുതിയ നൃത്താവതരണം തയ്യാറാക്കിയത്. പരമ്പരാഗത ശാരീരിക വിജ്ഞാനവും പുതിയ കണ്ടെത്തലുകളും ആധുനിക സാങ്കേതിക വിദ്യയും ഇഴചേര്‍ത്തെടുക്കുന്ന ആട്ടക്കളരിയുടെ ദര്‍ശനത്തില്‍നിന്നു തന്നെയാണ് മെയ്ധ്വനിയും രൂപംകൊണ്ടത്. ഭരതനാട്യത്തിന്റെ കാച്ചിക്കുറുക്കിയ തെളിമയും കളരിപ്പയറ്റിന്റെ അമൂര്‍ത്ത മൃഗപ്രതീകങ്ങളും മെയ്ധ്വനിയുടെ ചലനഭാഷയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സംഗീതവും കൊറിയോഗ്രാഫിയും ജയചന്ദ്രന്‍ പാലാഴിയാണ്.
ഇസ്രായേലി സംഗീതജ്ഞരായ പാട്രിക് സെബാഗ്, യോതാം അഗാം എന്നിവരാണ് സംഗീതം. തോമസ് ദോസ്ലറാണ് പ്രകാശ വിന്യാസം. ഹിമാംശു, സോഹാലി എന്നിവര്‍ വസ്ത്രാലാങ്കാരം നിര്‍വഹിച്ചു.

ദര്‍ബാര്‍ ഹാള്‍
ഇതിനിടയില്‍ എറണാകുളത്ത് കേരള ലളിതകലാ അക്കാദമിയുടെ ഗാലറിയായ ദര്‍ബാര്‍ ഹാള്‍ വളരെ വലിയൊരു നവീകരണത്തിനുശേഷം തുറക്കപ്പെട്ടു. 2012ല്‍ നടക്കാനിരിക്കുന്ന കൊച്ചി^മുസിരിസ് ബിനാലെക്കുവേണ്ടി ബിനാലെ ഫൌണ്ടേഷന്റെ മേല്‍നോട്ടത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള പ്രദര്‍ശന സൌകര്യങ്ങളോടെയാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട് സെന്റര്‍ ഒരുക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 127 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം നടന്നു.

 

അനിതാരത്നത്തിന്റെ നൃത്തം

 

ടാഗോര്‍ കടമ്പഴിപ്പുറത്ത്
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 150ാം ജന്‍മദിനാഘോഷം ഒരു വര്‍ഷമായി രാജ്യത്തെ സാംസ്കാരിക സംഘടനകള്‍ നടത്തിവരികയാണ് . പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന കൊച്ചു ഗ്രാമം ഒരു മാസം നീണ്ട സാംസ്കാരികോല്‍സവത്തിലൂടെയാണ് ടാഗോറിനെ സ്മരിക്കുന്നത്.
നവംബര്‍ 26നാണ് കടമ്പഴിപ്പുറത്ത് നാട്യശാസ്ത്ര എന്ന സാംസ്കാരിക സംഘടനയും കാഴ്ച ഫിലിം സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടാഗോര്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. പ്രശസ്ത നര്‍ത്തകി അനിതാ രത്നത്തിന്റെ നൃത്തത്തോടൊപ്പം ടാഗോര്‍ നാടകത്തെ ആധാരമാക്കി നരിപ്പറ്റ രാജു സംവിധാനം ചെയ്ത ‘ബലി ‘എന്ന മലയാള നാടകത്തിന്റെ ആദ്യാവതരണവും നടന്നു.
നവംബര്‍ 27ന് കാലടി സംസ്കൃത സര്‍വകലാശാലയിലെ ഡോ. കെ. ശ്രീകുമാര്‍ കേരളത്തില്‍ ടാഗോറിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയെക്കുറിച്ച് അവതരിപ്പിച്ച പ്രഭാഷണത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. അനൂപ് എന്‍.എം നയിച്ച രവീന്ദ്ര സംഗീതത്തിനു ശേഷം ഇരിഞ്ഞാലക്കുടയിലെ നടനകൈരളി അവതരിപ്പിച്ച മോഹിനിയാട്ടവും ഉണ്ടായി. അടുത്ത ദിവസം കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായരുടെ പ്രഭാഷണവും രവീന്ദ്ര സംഗീതത്തെ പരിചയപ്പെടുത്തി അനൂപ് എന്‍.എം നടത്തിയ ക്ലാസും നടന്നു. ലതാ പൊതുവാള്‍ രചിച്ച ശ്യാമ കഥകളിയും അരങ്ങേറി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 19 കലാകാരന്‍മാര്‍ പങ്കെടുത്ത ത്രിദിന ചിത്രകലാ ക്യാമ്പാണ് അടുത്ത ഘട്ടത്തില്‍ നടന്നത്.
ഡിസംബര്‍ 10, 11 തീയതികളില്‍ നടന്ന ചലച്ചിത്രോല്‍സവത്തില്‍ സത്യജിത് റേ, തപന്‍ സിന്‍ഹ, കുമാര്‍ സാഹ്നി, ഹേമന്ദ് ഗുപ്ത തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. ടാഗോറിനെ കുറിച്ച് സത്യജിത്റേ സംവിധാനം ചെയ്ത ഡോക്യുമെന്ററിയും ടാഗോര്‍ നേരിട്ടു നിര്‍മിച്ച നദീര്‍ പുജ എന്ന അപൂര്‍വ ചിത്രവും പ്രദര്‍ശിപ്പിച്ചു. ടാഗോറിന്റെ പൂജാരിണി എന്ന കാവ്യത്തെ അടിസ്ഥാനമാക്കി 1931ല്‍ നിര്‍മിച്ച നദീര്‍പൂജ അധികം പ്രദര്‍ശിപ്പിക്കപ്പെടാത്ത ചിത്രമാണ്.

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന അഖിലേന്ത്യാ നാടകോല്‍സവത്തോടെ കടമ്പഴിപ്പുറത്ത് ഫെസ്റ്റിവലിന് തിരശãീല വീഴും. പ്രശസ്ത സംവിധായികയും ദല്‍ഹി നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഡയരക്ടറുമായ അനുരാധ കപൂറാണ് ഉദ്ഘാടക. അനുരാധ കപൂര്‍ സംവിധാനം ചെയ്ത് പ്രശസ്ത നടി സീമാ ബിശ്വാസ് അവതരിപ്പിക്കുന്ന ഏകാംഗ അവതരണമായ ജീവിത് യാ മൃത് ആണ് ആദ്യ ദിവസം അരങ്ങേറുക. ചണ്ഡിഗഡില്‍നിന്നുള്ള നീലം മാന്‍സിംഗ് ചൌധരിയുടെ ‘ദി വൈഫ്സ് ലെറ്റര്‍ (ഭാര്യയുടെ കത്ത്) എന്ന നാടകവും (ഡിസംബര്‍ 25) നരിപ്പറ്റ രാജു നാട്യശാസ്ത്രക്കു വേണ്ടി സംവിധാനം ചെയ്യുന്ന ‘ബലിയും’ (ഡിസംബര്‍ 26) കാവാലം നാരായണപ്പണിക്കരുടെ ചണ്ഡാലികയും (ഡിസംബര്‍ 27), കാവാലത്തിന്റെ സംവിധാനത്തില്‍ വി. ഗിരീഷ് അവതരിപ്പിക്കുന്ന ഖുദ് ഓര്‍ ഖുദാ എന്നിവയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെടും. അന്തരിച്ച പ്രശസ്ത നാടകകാരന്‍ ഹബീബ് തന്‍വീറിന്റെ നാടക സംഘമായ നയാ തിയറ്റര്‍ അവതരിപ്പിക്കുന്ന രാജരക്ത് ആയിരിക്കും അവസാന നാടകം.

 

പാവക്കഥകളി

 

പാവക്കഥകളി
കേരള ഗ്രാമങ്ങളില്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്ന സഞ്ചരിക്കുന്ന നാടോടി കലാരൂപങ്ങളിലൊന്നാണ് പാവക്കഥകളി. പാലക്കാട് ജില്ലയിലെ ആണ്ടിപ്പണ്ടാര വിഭാഗത്തില്‍ പെട്ട കലാകാരന്‍മാര്‍ പരമ്പരാഗതമായി അവതരിപ്പിച്ചുപോരുന്ന ഈ കൈയുറപ്പാവക്കളി (glove pappetry) ഏറെക്കൂറെ അന്യംനിന്നുപോയ ഘട്ടത്തിലാണ് മുപ്പതു കൊല്ലം മുമ്പ് നടന കൈരളിയുടെ നേതൃത്വത്തില്‍ ഇതിനു പുതുജീവന്‍ പകരാനായത്.

പ്രശസ്ത കലാശാസ്ത്ര പണ്ഡിതനും കൂടിയാട്ട വിദഗ്ദനും നടന കൈരളിയുടെ സ്ഥാപകനുമായ വേണുജിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ സംഗീത നാടക അക്കാദമിയുടെ സഹായത്തോടെയാണ് പാവക്കളിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചിട്ടയോടെ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ അപൂര്‍വ കലാരൂപം വിസ്മൃതിയിലാവാതെ രക്ഷപ്പെടുത്തിയെങ്കിലും പുതിയൊരു തലമുറ കലാകാരന്‍മാരെ സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നടന കൈരളിയുടെ നേതൃത്വത്തില്‍ കെ.വി രാമകൃഷ്ണന്‍, കെ.സി രാമകൃഷ്ണന്‍ , രവി ഗോപാലന്‍ നായര്‍, കെ. ശ്രീനിവാസന്‍, വി. തങ്കപ്പന്‍, കലാനിലയം രാമകൃഷ്ണന്‍ എന്നീ ആറ് കലാകാരന്‍മാര്‍ മുഖ്യമായും അടങ്ങുന്ന ചെറിയ സംഘം മാത്രമാണ് ഇപ്പോഴും ഉള്ളത്.

പാവക്കഥകളിയില്‍ പുതിയൊരു തലമുറയെ വളര്‍ത്തിയെടുക്കാനായി ഈ കലാരൂപത്തിന്റെ ഉദ്ഭവസ്ഥാനങ്ങളായ ഗ്രാമപ്രദേശങ്ങളിലൂടെ പര്യടനം നടത്തി ജനശ്രദ്ധയാകര്‍ഷിക്കാനും പുതിയ കലാകാരന്‍മാരെ കണ്ടുപിടിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായി നടന കൈരളി ഒരു കലായാത്ര സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ മൂന്നിന് പാവക്കഥകളിയുടെ ഈറ്റില്ലമെന്നു കരുതപ്പെടുന്ന പരുത്തിപ്പുള്ളി ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച യാത്ര 11ന് ഇരിങ്ങാലക്കുട നടന കൈരളിയില്‍ സമാപിച്ചു. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ യാത്രയില്‍ പരുത്തിപ്പുള്ളി, കൊടുമ്പ്, പൂമുള്ളി മന, കോതറ, കുലുക്കല്ലൂര്‍, കോട്ടക്കല്‍, ആഴ്വാഞ്ചേരി മന, തവനൂര്‍, ഇരിങ്ങാലക്കുട, എന്നീ തെരഞ്ഞെടുക്കപ്പെട്ട വേദികളിലാണ് അവതരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
പാവക്കഥകളിയുടെ ആചാര്യനായിരുന്ന ചാമിപ്പണ്ടാരത്തിന്റെ സഞ്ചാര പഥത്തിലെ പ്രധാന കേന്ദ്രങ്ങളായിരുന്നു ഈ സ്ഥലങ്ങള്‍.

One thought on “വാട്ടര്‍ സ്റ്റേഷന്‍, മെയ്ധ്വനി, സര്‍ക്കസ്: സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ദേശം

  1. കേരളത്തില്‍ വന്നു തന്റെ കഴിവ് തെളിയികേണ്ട ഒരു അവസ്ഥ ഒരു കലാകാരന് ഉണ്ടാവുനെങ്കില്‍ അത് കഴു മരത്തിലേക്കുള്ള യാത്രപോലെ പോലെ തോന്നും … കേരളം ഒരു ഉപചാപ സംഘങ്ങളുടെയും അബദ്ധ ചിന്തകാരുടെ ഒരു ലോകം മാത്രം ഈ എഴുതുന്ന ആള്‍ തന്നെ എത്ര പേരെ അപഹസിച്ചിട്ടുണ്ട് …. തങ്ങള്‍ മാത്രം ശെരി എന്നാ എഴുത്പതിലെ ബുദ്ധി ജീവി ജാടകളുടെ സ്വാധീനം കേരളത്തിലെ മിക്കവാറും പത്ര പ്രവര്‍ത്തകര്‍ക്ക് ഉണ്ട് …. രേണു രാമനാഥ് ഇത് എഴുതുന്നത്‌ ഒരു കുറ്റബോധം കൊണ്ടാണോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത് ……

Leave a Reply

Your email address will not be published. Required fields are marked *