ആദ്യ കിക്ക് സ്റാര്ട്ടിന് ശേഷം ആക്സിലറേറ്ററില്‍ കൈ അമര്‍ന്നത് മുതല്‍ ഞാനിന്നു വരെ മറ്റൊരന്യ വാഹനത്തെ കൊതിച്ചിട്ടില്ല. ഏകബുള്ളറ്റ് വ്രതം. ബുള്ളറ്റിനെ ഒരിക്കലെങ്കിലും അനുഭവിച്ച ഒരുവന്റെ അനുഭവങ്ങളെ മാറ്റിയെഴുതാന്‍ ആണായുള്ളവന്‍ ഇനിയും പിറക്കേണ്ടിയിരിക്കുന്നു. പഴയ ഫൌെണ്ടന് പേനകൊണ്ടുള്ള എഴുത്തിന് സമാനമാണ് ബുള്ളറ്റ് സഞ്ചാരങ്ങള്‍. ഒരാളുടെ കൈയ്യക്ഷത്തിനനുസൃതമായി പേന സ്വയം ചിട്ടപ്പെടുന്നത് പോലെ ബുള്ളറ്റും ഓടിക്കുന്നവന്റെ കാല്തഴക്കത്തിനനുസൃതമായി വഴങ്ങിക്കൊടുക്കും. അതും പതുക്കെ. അതുകൊണ്ടുതന്നെ കൈമാറ്റ ഓട്ടം വാഹനത്തിനും നമുക്കും സഹിക്കാനാവില്ല-പി.ടി രവിശങ്കര്‍ എഴുതുന്നു.
ടോപ് ഗിയറില്‍, 25 കിലോമീറ്റര്‍ വേഗത്തില്‍, ഹൃദയതാളത്തെ ഓര്‍മിപ്പിക്കും ശബ്ദത്തില്‍ നെഞ്ചുവിരിച്ച് നടന്നുപോകുന്ന സ്റാന്റേര്‍ഡ് ബുള്ളറ്റുകളാണ് മനുഷ്യനിര്മിതയന്ത്രങ്ങളില് ആദ്യമായും അവസാനമായും എന്റെ ഹൃദയത്തെ കീഴടക്കിയത്. മലപ്പുറത്തിന് സ്വന്തമായിരുന്ന ജീപ്പ് പെരുമയെ പോലെ തൃശൂരിന് സ്വന്തം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളായിരുന്നു.മറ്റുള്ള സ്ഥലങ്ങളില്‍ ഇവ ഇല്ലെന്നല്ല .പക്ഷെ ചാലക്കുടിയിലും ഗുരുവായൂരിലും കാണപ്പെട്ട ബുള്ളറ്റ് സാന്ദ്രത മറ്റൊരിടത്തും ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന് നിസ്സംശയം പറയാനാകും. എന്തുകൊണ്ടെന്നാല്‍ അതങ്ങനെയാണ്.
ഓര്‍മകള്‍ തുടങ്ങുന്ന ചെക്ക് പോയിന്റുകളിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ കാലത്തിന് ചക്രവേഗം നല്‍കിക്കൊണ്ട് 163 കിലോയിലെ 18 കുതിരശക്തി നിറഞ്ഞ് നില്ക്കുന്നുണ്ടാകും. 80 കളുടെ തുടക്കത്തില്‍ തെക്കന്‍ വള്ളുവനാടിലെ നായര്‍ തറവാടുകളില്‍ കോടതി വ്യവഹാരക്കണക്കുകള്ക്കും ,വയല്നഷ്ടബോധ ചര്‍ച്ചകള്‍ക്കും ചാരെ നിശബ്ദ സാക്ഷിയായി the real steel crank royal enfield bullet ഉണ്ടായിരുന്നു. ക്രാങ്ക് വെയ്റ്റ് എന്നും തമ്പ് സൌെണ്ട് എന്നുമുള്ള ബുള്ളറ്റ് വിശേഷണങ്ങള്‍ ആദ്യമായിക്കേട്ടത് നാലുകെട്ടിന്റെ ഇടത്തളങ്ങളില് വല്ല്യമ്മാമയും സംഘവും നടത്തിയ ഓട്ടോമൊബൈല്‍ ചര്‍ച്ചകളില്‍ നിന്നാണ് . അന്ന് പ്രായം അഞ്ചോ ആറോ.
തൃശൂര്‍ ,കേച്ചേരി, ചൊവ്വലൂര്‍ പടി വഴി ഇരിങ്ങപ്പുറത്തെ കാട്ടുപാടം മുറിച്ച് കടന്ന് പൂഴിമണലില്‍ ടയറൂന്നി ഉമ്മറപ്പടിയോട് ചേര്‍ന്ന് നില്ക്കുന്ന കറുത്ത ബുള്ളറ്റ് . തൊട്ടുനോക്കിയപ്പോള്‍ രണ്ടിഞ്ച് വട്ടത്തില്‍ കൈവെള്ളയിലെ തൊലി കവര്‍ന്നെടുത്ത ചൂടന്‍ സൈലന്‍സര്‍. കിക്കറില്‍ കാലൂന്നുമ്പോള്‍ പതിനഞ്ച് മീറ്റര്‍ ദൂരത്തിലുള്ള ഇലക്കൂട്ടങ്ങള്‍ നടത്തുന്ന ഇളകിയാട്ടം . അങ്ങനെ പറഞ്ഞറിയിക്കാവുന്നതിലും ആഴത്തില്‍ ബാല്യകാലങ്ങളിലെപ്പോഴോതന്നെ ഈ മാച്ചിസ്മോ എന്റെ പൌരുഷ സങ്കല്പങ്ങളെ കീഴടക്കിക്കളഞ്ഞു.
ഒരു മെയില്‍ ഷോവനിസ്റാവാതിരിക്കാനാവുന്നില്ല
എന്തുകൊണ്ടാണ് ഈ വാഹനത്തോട് ഇത്രക്ക് പ്രണയമെന്ന് കാലങ്ങളായി ചിന്തിക്കുന്നു. തികഞ്ഞ ഉത്തരമില്ല. എങ്കിലും പൌെരുഷത്തിന്റെ പ്രതീകമായ എല്ലാത്തിനോടുമുള്ള ഫാന്റസിയാണ് ഇതിന്റെ ആണിക്കല്ല് എന്ന് ചില ചിന്തകര്‍ പറയുന്നു . ആവാം…അതു കൊണ്ടായിരിക്കാം നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാമ വാങ്ങിത്തന്ന ഹെര്‍ക്കുലീസ് സൈക്കിളില്‍ കല്ലുകൊണ്ട് ബുള്ളറ്റ് എന്ന് ഞാന്‍ മുദ്രണം ചെയ്തത്. ബി.എസ്.എയും ജാവയും യെസ്ഡിയും അടക്കം സമകാലികരായ ആണുങ്ങള് പലരും പൊളിമാര്ക്കറ്റുകളിലൊടുങ്ങിയപ്പോഴും ഈ ബുള്ളറ്റന് മാത്രം ഇപ്പോഴും നിരത്തുകളെ പ്രകമ്പനം ചെയ്ത് കുതിക്കുകയാണ്. കുടവയര്‍,കഷണ്ടി ,വെടിക്കല,പുറത്ത് മറുക് എന്നിവ പുരുഷ ലക്ഷണങ്ങളായി കുഞ്ചന്റെ കാലം മുതല്ക്കേ പാടിപ്പതിഞ്ഞവയാണ്. അതുപോലെത്തന്നെ ചില ചിഹ്ന മാനങ്ങള്‍ ബുള്ളറ്റ് മുതലാളിമാര്‍ക്കും കാലം പതിച്ച് നല്‍കിയിട്ടുണ്ട്. വലതുകാലിലെ പെരുവിരലിന് മുകളിലെ തഴമ്പ് (ഇപ്പോള്‍ ബുള്ളറ്റിനു മാത്രം അവകാശപ്പെട്ട വലതുവശ ഗിയര്‍ ഉപയോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്നവ),വലതു കാല് വെള്ളയിലെ കരുവാളിച്ച പാടുകള്‍ (കിക്കര്‍ തിരിച്ചടിച്ച് ഉണ്ടാകുന്നവ), ഇരുകാലുകളിലും സമൃദ്ധമായുണ്ടാകുന്ന പൊള്ളലുകള്‍ (ചുട്ടു പഴുത്ത സൈലന്‍സറുകളില്‍ നിന്ന്). ബുള്ളറ്റ് മുതലാളിമാരെ മറ്റ് ചെറുകിട മുതലാളിമാരില്‍ നിന്നും വ്യത്യസ്തരും ഉന്നതരും ആക്കുന്ന ചില സ്ഥാന ചിഹ്നങ്ങളാണിവ.
പള്സറിനേയോ യുണീക്കോണിനേയോ തട്ടിച്ചുനോല്‍ക്കുമ്പോള്‍ ഒട്ടും സ്മൂത്തല്ല, പെട്രോള്‍ പമ്പുകളില്‍ നിത്യ സന്ദര്ശകന്,മുടിഞ്ഞ കൊണ്ടുനടപ്പ് ചിലവ്,സാങ്കേതിക വളര്ച്ചകളോട് പുറം തിരിഞ്ഞ് നില്ക്കുന്ന കമ്പനി നിലപാടുകള്‍,പെരുവഴിയില്‍ എപ്പോള്‍ വേണമെങ്കിലും പെടുത്തികളയുന്ന തലതിരിഞ്ഞ സ്വഭാവം എന്നിവ ഈ വാഹനത്തിനെതിരെ ചാര്‍ത്തപ്പെട്ട നിരവധി ആരോപണങ്ങളില്‍ ചിലതാണ്. എല്ലാം സത്യങ്ങള്‍ തന്നെയാണ്. എന്നാല്‍ എല്ലാ സത്യങ്ങള്‍ക്കും മുകളില്‍ തലയുയര്ത്തിനില്ക്കുന്ന ഒരു വലിയ യാഥാര്‍ത്ഥ്യമുണ്ട്. ഇതൊരു ബൈക്കല്ല. ഇത് ബുള്ളറ്റാണ്.ഇത് മാത്രമാണ് ബുള്ളറ്റ്.അതുകൊണ്ടുതന്നെ ബൈക്ക് ഗണത്തില്‍ വരുന്ന വാഹനങ്ങളുടെ ടെക്നിക്കല്‍ സ്പെസിഫിക്കേഷനുകള്‍ ഒന്നും തന്നെ ഇതിന് ബാധകമല്ല. ഞാനൊരിക്കലും ഒരു ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് മാത്രമാണ് ആംമ്പിയര്‍ ശരിയാക്കി വലതു കിക്കറില്‍ കാലുകള്‍ താഴുമ്പോള്‍ ഗര്‍ജ്ജിക്കുന്ന ഈ സിംഹത്തെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഞാന്‍ സ്വന്തമാക്കിയത്.ആകാശത്തിലെ വിമാനത്തിന്റേയോ കടലിലെ കപ്പലിന്റേയോ,പാളങ്ങളിലെ തീവണ്ടിയുടേയോ മൈലേജിനെക്കുറിച്ച് ചോദിക്കാത്തതുപോലെ ഞാനിതുവരെ എന്റെ റോഡിലെ സിംഹത്തിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് ഗൂഗിള്‍ സെര്‍ച്ച് നടത്തിയിട്ടില്ല.
എന്റെ സ്വന്തം പഞ്ചാബ് എഡിഷന്
ആദ്യജോലിയില്‍ കയറി ആഗ്രഹങ്ങളുടെ പട്ടിക നിവര്‍ത്തിനോക്കിയപ്പോള്‍ തിളങ്ങിനിന്നത് ഇവനെ സ്വന്തമാക്കുക എന്നത് മാത്രമായിരുന്നു.സ്വപ്ന സാഫല്യങ്ങള്ക്കിടയില് ചിലകല്ലുകടികള് സ്വാഭാവികമാണല്ലോ.2009 ജൂണില്‍ മടിശ്ശീലക്ക് സ്വയം പര്യാപ്തത കൈവന്നപ്പോള്‍ നേരെ ഒരു റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലേക്ക് വച്ചു പിടിച്ചു. ഇടത് വശത്തെ ബ്രെയിക്കും വലത് വശത്തെ ഗിയറുമാണല്ലോ ബുള്ളറ്റിന്റെ ട്രേയ്ഡ് മാര്‍ക്ക് . കൂടാതെ ചെറിയവേഗതയില് പോലും ടോപ് ഗിയറില്‍ പോകാന്‍ സഹായിക്കുന്ന കൂടിയ ക്രാങ്ക് വെയിറ്റും. ഭാരത് 3 നിയമം പ്രാബല്യത്തില്‍ വന്നതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ക്രാങ്ക് വെയ്റ്റ് കുറക്കാന്‍ ബുള്ളറ്റ് തയ്യാറാകേണ്ടിവന്നു. എന്നാലും ഗിയര്‍ ബ്രേയ്ക്ക് തലതിരിവുകള് അങ്ങിനെതന്നെ തുടര്‍ന്നിരുന്നു.പക്ഷെ 2010 തുടക്കം മുതല്‍ ഭാരത് 4 പ്രാബല്യത്തില്‍ വരാനിരിക്കുകയായിരുന്നു.അതിലെ പുതിയ മാനദണ്ഡങ്ങളനുസരിച്ച് ഗിയര്‍ ബ്രേയ്ക്ക് സ്ഥാനങ്ങള്‍ വിപരീതത്തിലാക്കാന് ബുള്ളറ്റ് നിര്‍ബന്ധിതനായി.
ഇത്തരത്തിലെ ഒരു അസ്തിത്വ പ്രതിസന്ധിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴായിരുന്നു ഞാന്‍ അങ്ങോട്ട് കയറിച്ചെന്നത്. 2010 മുതല്‍ ഇറങ്ങുന്ന ബുള്ളറ്റുകള്‍ പുതിയ സാങ്കേതിക വിദ്യയിലാണെന്നും പഴയ പുരുഷലക്ഷണങ്ങള്‍ കാലം കവരുകയാണെന്നും തൃശൂര്‍ ചോയ്സ് മോട്ടേഴ്സിലെ ജോസേട്ടന് പറഞ്ഞപ്പോള്‍ ഞാന്‍ പരുങ്ങി. എനിക്ക് പഴയ കരുത്ത് തന്നെ വേണമെന്ന് പറഞ്ഞ് ഞാന്‍ വാശിപിടിച്ചു. എന്തു ചെയ്യും. എന്റെ ഒറ്റകാലിലെ നില്‍പ്പ് കണ്ട് സഹിക്കാനാവാതെ ജോസേട്ടന് വഴിവിട്ട ഒരു വഴി പറഞ്ഞു. Against order പരിപാടിയിലൂടെ ഒരെണ്ണം സംഘടിപ്പിച്ചു തരാം. സ്പെഷല്‍ എഡിഷന്. ഇന്ത്യയില്‍ ആകെ ആയിരത്തില്‍ താഴെമാത്രം പുറത്തിറങ്ങിയ പഞ്ചാബ് എഡിഷന് ബുള്ളറ്റ് സ്റാന്റേര്‍ഡ്. ആദ്യം പണം മുഴുവന്‍ അടക്കണം.എന്നാല്‍ കമ്പനി പണിത് തരും.ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു. ആറുമാസത്തെ കാത്തിരിപ്പിന് ശേഷം 2009 ഡിസംബറില്‍ ഞാന്‍ ഔദ്യാഗികമായി ഒരു അംഗീകൃത ബുള്ളറ്റ് മുതലാളിയായി മാറി. അതും റെയര്‍ പീസായ ബുള്ളറ്റ് പഞ്ചാബ് എഡിഷന്റെ.
ആദ്യ കിക്ക് സ്റാര്ട്ടിന് ശേഷം ആക്സിലറേറ്ററില്‍ കൈ അമര്‍ന്നത് മുതല്‍ ഞാനിന്നു വരെ മറ്റൊരന്യ വാഹനത്തെ കൊതിച്ചിട്ടില്ല. ഏകബുള്ളറ്റ് വ്രതം. ബുള്ളറ്റിനെ ഒരിക്കലെങ്കിലും അനുഭവിച്ച ഒരുവന്റെ അനുഭവങ്ങളെ മാറ്റിയെഴുതാന്‍ ആണായുള്ളവന്‍ ഇനിയും പിറക്കേണ്ടിയിരിക്കുന്നു. പഴയ ഫൌെണ്ടന് പേനകൊണ്ടുള്ള എഴുത്തിന് സമാനമാണ് ബുള്ളറ്റ് സഞ്ചാരങ്ങള്‍. ഒരാളുടെ കൈയ്യക്ഷത്തിനനുസൃതമായി പേന സ്വയം ചിട്ടപ്പെടുന്നത് പോലെ ബുള്ളറ്റും ഓടിക്കുന്നവന്റെ കാല്തഴക്കത്തിനനുസൃതമായി വഴങ്ങിക്കൊടുക്കും. അതും പതുക്കെ. അതുകൊണ്ടുതന്നെ കൈമാറ്റ ഓട്ടം വാഹനത്തിനും നമുക്കും സഹിക്കാനാവില്ല.
ആ 41 നാളുകള്‍
ബുള്ളറ്റ് സ്വന്തമാക്കി ഒരുവര്‍ഷം കഴിഞ്ഞയിടക്ക് ഞാന്‍ കിടപ്പിലായി .വലതുകാലിലെ പേശികള്‍ക്ക് ബാധിക്കുന്ന ചിലപ്രശ്നങ്ങള്‍. ആദ്യം അത് കാര്യമാക്കിയില്ല. ഇടത്കാല് ഉപയോഗിച്ച് കിക്കറടിച്ചു. പക്ഷെ പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോയി. ഇരു ചക്ര വാഹനങ്ങള്‍ ഉപയോഗിക്കരുത്.പ്രത്യേകിച്ച് ബുള്ളറ്റ്. ബുള്ളറ്റിന്റെ ഭാരവും കിക്കറിന്റെ കരുത്തും താങ്ങാന്‍ നിന്റെ വലതുകാലിന് ഇപ്പോള്‍ ആരോഗ്യമില്ലെന്ന് ഭിഷഗ്വരമതം. പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ സ്വപനം കണ്ട് ബുള്ളറ്റ് സ്വന്തമാക്കിയിട്ട് ഓടിച്ച് തുടങ്ങും മുമ്പേ ഉപേക്ഷിക്കണമെന്നോ. നടക്കില്ല. നടന്നില്ല.41 ദിവസത്തിന്റെ കിടക്കവാസത്തിന് ശേഷം തിരിച്ചെത്തുന്നത് വരെ എന്റെ ബുള്ളറ്റ് ക്ഷമയോടെ നെയ്ത് കയറിയ മാറാലകള്‍ക്കിടയില്‍ കാത്തിരുന്നു. ഒരു ദിവസം സ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ പിറ്റേന്ന് പിണങ്ങി നില്ക്കുന്നവനാണ് എന്റെ ബുള്ളറ്റ്. പക്ഷെ ഒന്നര മാസത്തിന് ശേഷം ടാങ്കിലെ പൊടി കൈകൊണ്ട് തുടച്ച് ആംപിയര്‍ ശരിയാക്കി കിക്കറില്‍ കാലുതാഴ്ത്തുമ്പോഴേക്കും അവന് ചാടിയെഴുന്നേറ്റു. ഒരു പിണക്കവുമില്ലാതെ…
ബുള്ളറ്റ് വ്യഖ്യാനങ്ങളില്ലാത്ത വികാരമാണ്. അങ്ങാടിയിലെ കടത്തിണ്ണകളിലെ കൊതിനിറഞ്ഞ നോട്ടങ്ങള്‍ അഭിമാനമാണ്.ചാറ്റല്‍ മഴയത്ത് ടോപ്പ് ഗിയറിലെ ബുള്ളറ്റ് യാത്ര വേറിട്ട ഒരനുഭവമാണ്.നിനക്ക് ബുള്ളറ്റല്ലാതെ മറ്റൊന്നും ചേരില്ലെന്നും ബുള്ളറ്റില്ലാത്ത നിന്നെ ഞാന്‍ കെട്ടില്ലെന്നും പറയുന്ന കാമുകി ഒരു സ്വകാര്യ അഹങ്കാരമാണ്.നമുക്ക് വേണ്ടി മാത്രം മുറ്റത്ത് കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഒരു ഭാഗ്യമാണ്.എല്ലാത്തിനുമുപരിയായി ഇവന് എന്റേത് മാത്രമാണ്.
royal enfield bullet FEEL LIKE THE GOD
ഹാ മനോഹരം….
ഒരു ബുള്ളറ്റിൽ ഇത്ര സംഗതികൾ…സാധാരണ വായിയ്ക്കാൻ മടിപിടിയ്ക്കാറുള്ള എന്നെ ഇരുത്തി വായിപ്പിച്ചു,മ്മടെ തൃശ്ശൂക്കാരൻ ഗഡി…തേങ്ക്സ്ണ്ട്ട്ടാ…….
ദിലീപിന്റെ വാളിൽ കണ്ട ലിങ്ക് വഴി ഇങ്ങെത്തി…ദിലീപേ…നിയ്യും വച്ചൊരു തേങ്ക്സ്…… 🙂
കാലാനുസൃത മാറ്റങ്ങള്‍ നേരാം വണ്ണം ചെയ്യാത്ത രണ്ടു വാഹനങ്ങള്‍ ആണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് .
അംബാസഡര്‍ കാറും എന്‍ഫീല്‍ഡ് ബുള്ളറ്റും (ഇപ്പോള്‍ മാറി വരുന്നുണ്ട് )
കഷ്ടകാലത്തിനു താഴെവീണാല്‍ വീണവന്റെ കാല് ചിക്കന്‍ ഫ്രൈ പരുവമാകുന്ന സൈലന്‍സര്‍ !
ഇടതുപക്ഷക്കാരനായ ബ്രേക്ക് പെഡല്‍!!
രാഹുകാലം നോക്കി ചെയ്യാവുന്ന സ്റ്റാര്‍ട്ടിംഗ് !!!
പിന്നെ, തീവണ്ടിയുടെ മൈലേജും !!!!
( പിന്നെ ഒന്നുണ്ട് …അതിന്റെ അതുല്യമായ ആരും കൊതിക്കുന്ന ഹൃദയമിടിപ്പ് ..അത് തന്നെ അതിന്റെ മൊത്തം ആകര്‍ഷണം)
കലക്കീട്ടാ!!!
Bullet – or any other bike, is an extension of our body. But only Bullet can become a part of your soul. Caress his petrol tank – look around, make sure nobody is watching – give him a kiss!
Excellent write-up!
രവിശങ്കര്‍ … നിങ്ങള്‍ വലിയോരാശ മനസ്സിലെക്കിട്ടു.. ഓടിക്കണം സ്വന്തം royal enfield bullet !
ഗഡി..കലകീട്ടാ….!
രവി,
ഞാന്‍ അത്ര വലിയ ബുള്ളറ്റ് പ്രേമിയല്ല.
പക്ഷെ താങ്കളുടെ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്ന പഞ്ചാബ് എഡിഷനോടുള്ള ബഹുമാനം കലര്‍ന്ന സ്നേഹം എന്റെ അച്ഛന്റെ ബുള്ളറ്റ് പ്രണയത്തെ അനുസ്മരിപ്പിക്കുന്നു.
സമാനമായ വികാരം എല്ലാവര്ക്കും അവരുടെ വാഹനത്തോടുണ്ടാകണം… നന്ദി
oru bulletinu ithrayokke parayanundayirunno…
bullattum grihathurayum……
thanks ravi.
Wonderful….now i m proud that I have an 85 model bullet…
mattoru vaahana muthalalikkum kittaatha abhimanam. ravi, thante fisrt writing aanu njan vaayikkunnathu. athu bullet ne patti aayapol, paranjariyikkanavaatha santhosham. Love you RE Bullet.