ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

നാല് വര്‍ഷം മുമ്പ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സംഘടിപ്പിച്ച ഹിമാലയന്‍ ഒഡീസ്സി 2007 എന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ പര്യടനത്തില്‍ അംഗമായിരുന്ന വി.ബാലചന്ദ്രന്റെ അസാധാരണ യാത്രാ കുറിപ്പ്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ ഉദ്യോഗസ്ഥനായ ബാലചന്ദ്രന്‍ സംഘത്തിലെ ഏറ്റവും പ്രായമുള്ള അംഗമായിരുന്നു. യാത്ര, ഹിമാലയം, ബുള്ളറ്റ് എന്നിങ്ങനെ ജീവിതം നിറഞ്ഞു തുളുമ്പുന്ന ആ ദീര്‍ഘ യാത്രാനുഭവങ്ങള്‍ നാലാമിടം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

 

 

സീദാസാദാ പ്ളാസ്റ്റിക് ബൈക്കുകളോടിക്കുന്നവരേ, നിങ്ങള്‍ക്കറിയില്ല ഈ ബുളളറ്റെന്നു പറഞ്ഞാലെന്താണെന്ന്. ഇരുചക്രവാഹനങ്ങളിലെ ഒരു വിരോധാഭാസമാണ് ബുളളറ്റ്. കാലഹരണപ്പെട്ട ക്ളാസിക്ക് പീരിയഡിലെ യന്ത്ര ഡിസൈന്‍, പെട്രോളിന്റെ തീപിടിച്ച വിലയെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത എന്‍ജിന്‍, ഭംഗിയും ഫിനിഷും തീരെ കുറഞ്ഞ ഭാഗങ്ങള്‍, വില കൂടിയ സ്പെയറുകള്‍. ടയറെങ്ങാന്‍ പഞ്ചറായാല്‍ പണിയായി; വല്ല ട്രാക്ടറോ മറ്റോ വേണ്ടിവരും തളളിനീക്കാന്‍. അത്രയ്ക്കുണ്ട് ഭാരം.

എങ്കിലും കാലുവീശി വലത്തേയ്ക്കെറിഞ്ഞ്, കീ തിരിച്ച് ഇരുകാലില്‍ കുത്തി നിന്ന്, സ്വിച്ച് ഓണ്‍ ചെയ്ത് പെട്രോള്‍ ടാപ്പ് തുറന്ന്, വലതു പാദം കൊണ്ട് കിക്ക് സ്റ്റാര്‍ട്ട് നിവര്‍ത്തി ഇടതു പാദം കൊണ്ട് സൈഡ് സ്റ്റാന്റ് തോണ്ടിയെറിഞ്ഞ്, അമ്മീറ്ററില്‍ നോക്കി ഇടതു ചൂണ്ടു വിരല്‍ കൊണ്ട് ഡികമ്പ്രെസര്‍ വലിച്ച് വലതുകൈ ത്രോട്ടിലില്‍ വെച്ച് കിക്കര്‍ ചവിട്ടിത്താഴ്ത്തി ഡികമ്പ്രസ്സര്‍ വിട്ടുടനെ മൃദുവായി, സ്നേഹനിര്‍ഭരമായൊരു പരിലാളനം പോലെ, നോവിക്കാതെ ഒന്നു കൂടി മെല്ലെ… നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിയുന്ന മറ്റൊരു മോട്ടോര്‍സൈക്കിള്‍ കാണിച്ചു തരാമോ എനിയ്ക്ക്-എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര നടത്തിയ വി. ബാലചന്ദ്രന്റെ അസാധാരണമായ യാത്രാകുറിപ്പ്.

 

 

ആകാശത്തു നിന്നും പൂക്കള്‍ ഉതിര്‍ന്നു വീഴുകയാണ്. വെളുത്ത പൂക്കള്‍. തോളിലും ചുണ്ടിലും മൂക്കിന്‍തുമ്പത്തും നോവിക്കാതെ, മൃദുവായൊന്നു സ്പര്‍ശിച്ചു കൊണ്ട് അവ വീണു കൊണ്ടിരുന്നു. പൂക്കളെ ചവിട്ടാതെ നടക്കാന്‍ വയ്യ. കാല്‍ച്ചുവട്ടിലും ചുറ്റിനും പിന്നെ, കണ്ണെത്തുവോളവും. ഈ മാമലകളില്‍ പുഷ്പവൃഷ്ടി നടക്കുകയാണ്. ഭൂമിയ്ക്ക് മഞ്ഞിന്‍ കണികകള്‍ കൊണ്ടൊരു പുഷ്പാഞ്ജലി.
സമുദ്രനിരപ്പില്‍ നിന്ന് 18500 അടി ഉയരത്തില്‍, തിരുവനന്തപുരത്തു നിന്ന് ഖര്‍ദുംഗ് ലായില്‍ വന്നെത്തി നില്‍ക്കുകയാണ് ഞാന്‍. ഉയരങ്ങള്‍ കീഴടക്കിയിട്ടല്ല, ഈ ഹിമസാമ്രാജ്യം കനിഞ്ഞനുവദിച്ചുവെന്നതു കൊണ്ടു മാത്രം.
എന്റെയരുകില്‍ ഇനിയും കിതപ്പടങ്ങാതെ എന്റെ ബുളളറ്റ്. ബുളളറ്റ് എന്ന വാക്കിന് ലോകത്ത് മറ്റൊരിടത്തുമില്ലാത്ത അര്‍ത്ഥം ഭാരതീയനുണ്ട്; ഇന്ത്യയില്‍ മാത്രം നിര്‍മ്മിക്കുന്ന, ഇന്ത്യ കൂടാതെ ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി അപൂര്‍വ്വം ചില രാജ്യങ്ങളില്‍ മാത്രം ലഭിക്കുന്ന ഒരു മോട്ടോര്‍ സൈക്കിള്‍. ഇംഗ്ലണ്ടിലെ പൊളിഞ്ഞു പോയ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി^ ആ പേരു പോലും ഇന്ന് ഇന്ത്യയ്ക്ക് സ്വന്തം-ഇവിടെ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് അന്‍പതു വര്‍ഷം പിന്നിട്ടു. എങ്കിലും അടിസ്ഥാനപരമായി വലിയ മാറ്റങ്ങളൊന്നും സംഭവിക്കാതെ, ഇരുചക്രപ്രേമികളുടെ ആവേശവും സ്വപ്നവും പൌെരുഷത്തിന്റെ പ്രതീകവുമായി നിലനില്‍ക്കുയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ്.
തിരക്കേറിയ നഗരവീഥികളിലൂടെയോ, നീണ്ടു നിവര്‍ന്നു കിടക്കുന്ന ദേശീയ പാതകളിലൂടെയോ പോകുമ്പോള്‍ ഒന്ന് ശ്രദ്ധിയ്ക്കൂ, ബുളളറ്റ് സവാരിക്കാരനെ. കലപില ചിലച്ച്, തലങ്ങും വിലങ്ങും പായുന്ന മറ്റു ചെറു മോട്ടോര്‍ സൈക്കിളുകള്‍ക്കിടയില്‍ ധക്, ധക് എന്ന ശബ്ദത്തോടെ, തലയെടുപ്പോടെ, ഒരല്‍പ്പം അഹംഭാവത്തോടെ ബുളളറ്റുകള്‍ പോകുന്നത് കാണാം. ഇംഗ്ളീഷിലെ ‘മാച്ചോ'(Macho) എന്ന വാക്കിന് അര്‍ത്ഥപൂര്‍ത്തി നല്‍കുന്ന ഒരേയൊരു ഇരുചക്രവാഹനം.

യാത്രയ്ക്ക് മുമ്പ്
‘പുകവലിയ്ക്കുമോ?’-ഡോ.കൃഷ്ണകുമാര്‍ ചോദിച്ചു.
ജാള്യത മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട്, വളിച്ച ചിരിയോടെ മറുപടി പറഞ്ഞു: ‘ദിവസം മൂന്നു നാലെണ്ണം …’
‘മദ്യപാനം?’
മുഖം തെളിഞ്ഞു. ‘വല്ലപ്പോഴും. മാസത്തിലൊന്നോ രണ്ടോ. അതും വളരെ കുറച്ച്’.
ഡോക്ടറുടെ മുഖത്ത് ഭാവവ്യത്യാസമില്ല. ‘ശ്വാസകോശ കാന്‍സറിന് ഫലപ്രദമായ ചികിത്സയില്ല. നേരത്തേ കണ്ടു പിടിയ്ക്കാന്‍ സാധിക്കില്ല. അറിയുമ്പോഴേയ്ക്കും വളരെ വൈകിയിരിയ്ക്കും. പിന്നെ, ലക്ഷങ്ങള്‍ മുടക്കിയാലും ഒന്നോ രണ്ടോ മാസത്തേയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടും. അത്ര തന്നെ’.
എന്റെ മുഖം വിളറുന്നത് അദ്ദേഹം നിര്‍വികാരനായി നോക്കിയിരുന്നു. ‘ലഹരി ഉപയോഗിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ അത്യാവശ്യം മദ്യപിച്ചോളൂ. അധികമാകാതെ ശ്രദ്ധിക്കണം. വയസ്സമ്പതായില്ലേ?’
അമ്പതു വയസ്സ്. അതൊരു ‘പോയിന്റ് ഓഫ് നോ റിട്ടേണ്‍’ ആണോ? എനിക്കെന്റെ യുവത്വത്തിലേയ്ക്ക് ഇനി തിരിച്ചു പോകാനാവില്ലേ?
അമ്പതു വയസ്സ്. ‘സൂക്ഷിക്കണം. പ്രഷര്‍, കൊളസ്ട്രോള്‍, ഷുഗര്‍, ഹാര്‍ട്ട്, വാതം’ മരിക്കാനുളള തയ്യാറെടുപ്പാണോ ജീവിതം?
രണ്ടായിരത്തിലേറെ കിലോമീറ്ററുകള്‍ മോട്ടോര്‍ സൈക്കിളോടിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ മലയിടുക്ക് ഖര്‍ദുംഗ് ലായിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ഞാന്‍. ദുര്‍ഘടമായ, അപകടം നിറഞ്ഞ കൊടുംമലമ്പാതകളിലൂടെ, ആഞ്ഞടിക്കുന്ന ഹിമക്കാറ്റേറ്റ് തണുത്ത് വിറച്ച്, ആയാസപ്പെട്ട് ശ്വസിച്ച്, ആളും പേരുമില്ലാത്ത ഹിമാലയസാനുക്കളിലൂടെ, ദല്‍ഹിയില്‍ നിന്ന് ചണ്ഡീഗഡ്, മനാലി, കെയ്ലോങ് വഴി ലദാക്കിലെ ലേ നഗരവും കടന്ന് ഇങ്ങ് തിരുവനന്തപുരത്ത് നിന്ന്, അമ്പതു വയസ്സുകാരന്‍ മദ്ധ്യവയസ്കന്‍ ഞാന്‍, എന്റെ KL.01.AM 245 എന്ന ബുളളറ്റില്‍!
‘വട്ടാണല്ലേ?’ എന്ന ചോദ്യത്തിന് മറുപടിയില്ല.

എന്തിന്?
എന്റെ ഹിമാലയന്‍ യാത്രകള്‍ക്ക് വയസ്സ് ഇരുപത്തഞ്ചോളമാകുന്നു. ആദ്യത്തെ യാത്ര മുതല്‍ ഇന്നും സ്വയം ചോദിക്കുന്ന ചോദ്യമാണ്, ‘എന്തിന്?’
പണം, സമയം, ലീവ്, (പണം പോലെ സൂക്ഷിച്ച് വെയ്ക്കേണ്ടതാണ് ലീവ് എന്ന ഒരു സഹപ്രവര്‍ത്തകയുടെ ഉപദേശത്തിന് എന്റെ മറുപടി, പണം ആരാണ് സൂക്ഷിച്ച് വെയ്ക്കുന്നത്’ എന്നായിരുന്നു.) കുടുംബത്തിനും മറ്റുളളവര്‍ക്കുമുളള ബുദ്ധിമുട്ടുകള്‍, ഭയാശങ്കകള്‍, മറ്റു മുന്‍ഗണന നല്‍കേണ്ട കാര്യങ്ങള്‍ (priorities എന്ന വാക്ക് ഞാന്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്) ഇതെല്ലാം അവഗണിച്ച്, എന്തിന്, സംശയകരമായ ആരോഗ്യസ്ഥിതി പോലും വകവയ്ക്കാതെ (വലിയ കുഴപ്പമില്ലെന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തു. അതില്ലെങ്കില്‍ സംഘത്തൊടൊപ്പം പോകാനാവില്ല).

വി. ബാലചന്ദ്രന്‍


യാത്രയ്ക്ക് രണ്ടു നാള്‍ മുമ്പ് ഒറ്റയ്ക്കൊരു ബാറിലിരുന്ന് മദ്യം മോന്തുമ്പോള്‍ സംശയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നുരഞ്ഞു പൊന്തി. മുന്‍പ് പോയിട്ടുളള അതേ വഴിയിലൂടെ ‘ലേ’ യിലേയ്ക്ക് എന്തിനാണ് വീണ്ടും പോകുന്നത്? അതും ഒരു മോട്ടോര്‍ സൈക്കിളില്‍? സംഘത്തിലെ ഏറ്റവും പ്രായം കൂടിയ സഞ്ചാരി ഞാനാണത്രെ! അന്‍പതു വയസ്സായതേയുളളൂ, ഞാന്‍ പ്രായമുളള ആളായി! ജനം എന്നെ സര്‍, സാറെ എന്നൊക്കെ അഭിസംബോധന ചെയ്യുന്നു!
എനിക്കെന്നോട് പറയാനാവില്ല സ്ഥലങ്ങള്‍ കാണാന്‍, ബൈക്കോടിക്കാന്‍, ഖര്‍ദുംഗ് ലായില്‍ കാലുകുത്താന്‍ എന്നൊക്കെ. ഇതെല്ലാമുണ്ടെങ്കിലും അവയൊക്കെ തികച്ചും ഉപരിപ്ലവമാണ്.
പിന്നെയെന്ത്? അന്വേഷണം, ഉത്തരം കണ്ടെത്തല്‍, ജീവിതസാഫല്യം എന്നും മറ്റും പറയാനുമെനിക്കാവുന്നില്ല.’

മൂന്നാമത്തെ ലാര്‍ജ്ജ് ഇറങ്ങിയപ്പോള്‍ ഉള്‍ക്കണ്ണു തുറന്നു. ഈ മഹാപ്രപഞ്ചത്തില്‍ തുലോം നിസ്സാരമായ ഒരു കണികയായ ഞാന്‍ തേടുന്നത് എന്റെ പൂര്‍ണ്ണതയാണ്. എന്റെ അഹംഭാവം എന്നെ പ്രപഞ്ചത്തില്‍ നിന്ന് അടര്‍ത്തിമാറ്റി നിര്‍ത്തിയിരിക്കുന്നു. ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മാമലകളാല്‍ ചുറ്റപ്പെട്ട്, തണുത്തു വിറങ്ങലിച്ച്, പ്രകൃതിയുടെ അവാച്യമായ ആ ഗാംഭീര്യത്താല്‍ എന്നെ മറന്ന് അതെ! അതു തന്നെ! ഓരോ തവണ ഹിമാലയത്തില്‍ പോകുമ്പോഴും അനുഭവിച്ചറിഞ്ഞത് അതു തന്നെ! കൈലാസം ദര്‍ശിച്ചപ്പോഴും ബദരിയില്‍ നീലകണ്ഠന്റെ (നീലകണ്ഠപര്‍വതം) അടുത്തേയ്ക്ക് ഏകനായി നടന്നു ചെന്നപ്പോഴും തുംഗനാഥത്തില്‍ പൂജ ചെയ്തപ്പോഴും ഒരേ സമയം എല്ലാമറിഞ്ഞും ഒന്നുമറിയാതെയും വര്‍ണ്ണനാതീതമായ ഒരു ആനന്ദമൂര്‍ച്ഛയില്‍ വീഴുന്ന ഒരവസ്ഥ. അതു തന്നെയാണ് ഞാന്‍ വീണ്ടും വീണ്ടും കാംക്ഷിക്കുന്നത്. മരണംവരെ വെടിയാന്‍ കഴിയാത്തതും വെടിയണമെന്ന് ആഗ്രഹമില്ലാത്തതുമായ ഒരഡിക്ഷന്‍ ആയിപ്പോയി ഹിമാലയദര്‍ശനം.
പക്ഷെ, അത് വയസ്സുകാലത്ത് ബൈക്കോടിച്ചു തന്നെ വേണോ?

പുറപ്പാട്
ലദാക്കിലെ ഖര്‍ദുംഗ് ലായില്‍ ബൈക്കോടിച്ച് ചെല്ലുകയെന്നത് ഇന്ത്യയിലെന്നല്ല, ലോകത്തിലെ തന്നെ ഏതൊരു ബൈക്ക് സഞ്ചാരിയുടെയും സ്വപ്നമാണ്. സ്വപ്ന സാക്ഷാത്കാരത്തിനായി അവര്‍ ചെറുസംഘങ്ങളായോ അപൂര്‍വ്വമായി ഒറ്റയ്ക്കോ പുറപ്പെടുന്നു. ഒറ്റയ്ക്കായാലും സംഘത്തിലായാലും തയ്യാറെടുപ്പുകള്‍ക്ക് വലിയ വ്യത്യാസമില്ല. മോട്ടോര്‍ സൈക്കിള്‍ നല്ല കണ്ടീഷനിലായിരിക്കണം; യാത്രികനും. പുതിയ ടയറുകള്‍, കേബിളുകള്‍, സര്‍വ്വീസിംഗ് തുടങ്ങി യാതൊരു കേടുപാടുകളുമില്ലായെന്ന് ഉറപ്പ് വരുത്തണം. യാത്രികന്റെ കാര്യമാണെങ്കില്‍ കുറച്ച് കൂടി സങ്കീര്‍ണ്ണമാണ്. ഹിമാലയത്തിലേയ്ക്ക് പോകുമ്പോള്‍ അതു നടന്നാണെങ്കിലും ബൈക്കിലാണെങ്കിലും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സാമാന്യം നിന്നു പറ്റാവുന്ന ആരോഗ്യം. പ്രഷര്‍, ഹൃദയ/ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ ഇത്യാദികളില്ലെങ്കില്‍ നന്ന് അല്ല, അഥവാ ഉണ്ടെങ്കിലെന്ത്? മരിക്കുന്നത് ഒരിക്കല്‍ മാത്രം…
അത്യാവശ്യം അറ്റകുറ്റ പണികള്‍ അറിഞ്ഞിരിക്കുന്നത് നന്ന്. സ്പെയറുകള്‍, കേബിളുകള്‍, ബള്‍ബുകള്‍, ഓയില്‍, ട്യൂബ് ഇത്യാദി കരുതിയാല്‍ അത്യാവശ്യത്തിന് രക്ഷപ്പെടാം. പക്ഷേ, എന്റെ ബുളളറ്റിന്റെ സ്പാര്‍ക്ക് പ്ളഗ് പോലും (സത്യം!) ഞാനിതുവരെ വൃത്തിയാക്കിയിട്ടില്ല. യാത്രയ്ക്ക് തീരുമാനിക്കുമ്പോള്‍ എനിക്ക് ചെറുതായെങ്കിലും ആശങ്ക ഉണ്ടാക്കിയ ഒരു കാര്യം ഇതായിരുന്നു. കോട്ടയ്ക്കകത്ത് മുരുകന്റെ വര്‍ക്ക്ഷോപ്പില്‍ പോയി വണ്ടി നേരെയാക്കുമ്പോള്‍ മുരുകനോട് ഞാന്‍ ചോദിച്ചു “മുരുകാ, ഞാന്‍ ശിഷ്യപ്പെടട്ടെ?” മുരുകന്‍ നിഷേധഭാവത്തില്‍ തലയാട്ടി. “എതുക്ക്? സാര്‍ ഇടയ്ക്കിടെ ഇവിടെ വന്ന് പണികളെല്ലാം നോക്കീട്ട് പോണം. എല്ലാം മനസ്സിലാവും. പിന്ന സാറേ, പോറതുക്ക് മുന്നാടി പഴവങ്ങാടി ഗണപതി അയ്യാവെ പാത്തുതാന്‍ പോണം, എന്ന?

പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങായടിച്ചപ്പോള്‍ അങ്ങോര്‍ ചിരിയ്ക്കുന്നു. “ടേയ്, നീ എന്തര് കാണിക്കണത്? നിന്റെ നടുവിന്റെ വേദനകളെല്ലാം ഇപ്പഴും അതുപോലെ. എന്റടുത്ത് വലിയ വായിലേ പ്രാര്‍ത്ഥിക്കുമ്പഴ് സിഗററ്റ് വലി കാരണം നിനക്ക് ശ്വാസങ്ങള് കിട്ടണില്ല. എന്തരോ എന്തോ! ശരി, ശരി, പോയ് വാടേ!”

 

വി. ബാലചന്ദ്രന്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍

 

ദില്ലി വരെ
എന്റെ രണ്ടു കമ്പാര്‍ട്ടുമെന്റിനപ്പുറം അവനുണ്ട്; തെര്‍മോക്കോളും ചാക്കുമിട്ട് കെട്ടിവരിഞ്ഞ് മോട്ടോര്‍ വാനില്‍; എന്റെ ബുഡുബുഡു ബൈക്ക്. അനന്തിരവളുടെ മകന്‍ രണ്ടര വയസ്സുകാരന്‍ ശങ്കു നല്‍കിയ പേരാണത് ബുഡുബുഡു ബൈക്ക്.
തേര്‍ഡ് എസി കമ്പാര്‍ട്ടുമെന്റില്‍ കൈലിയുടുത്ത ഒരേയൊരാള്‍ ഞാന്‍ മാത്രം. ആര്‍ക്കോണത്ത് പുറത്തിറങ്ങി നടന്നു നോക്കുമ്പോള്‍ ട്രെയിന്‍ മൊത്തം തഥൈവ! പണ്ടാണെങ്കില്‍ കൈലിയുമുടുത്ത് തോളത്തൊരു തോര്‍ത്തുമിട്ട മലയാളികളെ കാണാതിരിക്കില്ല. മലയാളി വെറും ‘മല്ലു’ ആയിപ്പോയി. ചുറ്റുപാടുമിരിക്കുന്ന കുടുംബങ്ങളുടെയും കുഞ്ഞുങ്ങളുടെയും ചിരിയും കരച്ചിലും സംഭാഷണവും പാതി ശ്രദ്ധിച്ചും പാതി വിട്ടു കളഞ്ഞും ഞാനിരുന്നു. ഒപ്പം സുഫിയുണ്ട്. ‘സുഫി’ യെന്നത് ഞാനങ്ങിനെ വിളിക്കുന്ന ഷൌക്കത്താണ്. ഷൌക്കത്തിന്റെ ‘ഹിമാലയം, യാത്രകളുടെ പുസ്തകം’ വായിച്ച് വായിച്ച് ചിന്തിച്ചും ഇടയ്ക്കിടെ മന്ദഹസിച്ചും ഉളളില്‍ ഉയര്‍ന്നു വരുന്ന ആനന്ദത്തെ എങ്ങിനെയൊതുക്കുമെന്നുമറിയാതെ ഞാന്‍ ശാന്തനും സമചിത്തനുമായി ചമ്രം പടിഞ്ഞിരുന്ന് ഈ നോട്ടുബുക്കില്‍ ഓരോന്ന് കുറിക്കുന്നു.

വായിക്കാന്‍ ‘ഹിമാലയ’ത്തിനു പുറമേ ഭാഷാപോഷിണിയുടെ വാര്‍ഷികപ്പതിപ്പും ഔട്ട്ലുക്ക് ട്രാവലറും മാത്രമേ കയ്യിലുളളൂ. ഭാഷാപോഷിണിയില്‍ രാമനുണ്ണിയും അഷ്റഫും ഡോ.വല്യത്താനുമെല്ലാം കൂടി ഈ പാവം എന്നെ എങ്ങോട്ടൊക്കെയോ കൊണ്ടു പോകുന്നു. ലോകത്തില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി പത്തു പേരുടെ ചിത്രങ്ങള്‍ ഞാന്‍ ചില്ലിട്ടു വെയ്ക്കുകയാണെങ്കില്‍ അതിലൊന്ന് ഡോ.എം.എസ്.വല്യത്താന്റെയായിരിക്കും. എന്തൊരു ബഹുമാനമാണ് എനിക്ക് അദ്ദേഹത്തോട് തോന്നുന്നത്!
വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നോ ഒരു ടി.വി അഭിമുഖ സംഭാഷണത്തില്‍ ഡോ.വല്യത്താന്‍ പറഞ്ഞത് ഇന്നുമെന്റെ മനസ്സിലുണ്ട്. ഡോ.എ.ഡി.ദാമോദരന്‍ ചോദിക്കയാണ് (എന്റെ ഓര്‍മ്മയില്‍ നിന്ന്) ‘ഒരു നൂതന സംരഭങ്ങളും വിജയിക്കാത്ത കേരളത്തില്‍ അങ്ങ് (ഡോ.വല്യത്താന്‍) എങ്ങിനെയാണ് ശ്രീചിത്ര പോലെയൊരു സ്ഥാപനത്തെ ഇത്ര ഉയരത്തിലേയ്ക്ക് എത്തിച്ചത്?’
ഡോ.വല്യത്താന്‍: അതില്‍ വലിയ രഹസ്യമൊന്നുമില്ല. ഡയറക്ടറെന്ന നിലയ്ക്ക് എനിക്ക് വ്യക്തമായ അധികാരവും പ്രവര്‍ത്തന മേഖലയുമുണ്ട്. അതില്‍ ഒട്ടും കുറവു വരുത്താതെ, എന്നില്‍ നിക്ഷിപ്തമായ ജോലി ഞാന്‍ പൂര്‍ണ്ണമായി ചെയ്തുവെന്നേയുളളൂ.’
ഒരു സാധാരണ വ്യക്തിയെന്ന നിലയില്‍ നമുക്ക് പരിമിതികളുണ്ടാവാം. അതിനര്‍ത്ഥം ആ പരിമിതികളുടെ വൃത്തത്തിന്റെ പെരിമീറ്ററോളം നമുക്ക് പോകാമെന്നാണ്. റേഡിയസ്സിലൂടെ പെരിമീറ്ററിലേയ്ക്ക് ചെല്ലുംതോറും വൃത്തം വലുതാവുന്നതു കാണാം. പരിമിതികള്‍ അകലുകയാണ്. ചെന്നെത്താവുന്നിടത്ത് എത്തുമ്പോളാണ് ഇനിയും നമുക്ക് പോകാമല്ലോ എന്നറിയുന്നത്. പരിമിതികള്‍ ഇല്ലെന്നല്ല. അതിന്റെ വ്യാപ്തി നിയന്ത്രിക്കുന്നത് നമ്മളാണെന്നു മാത്രം.
തീവണ്ടി നിസ്സാമുദ്ദീന്‍ ലക്ഷ്യമാക്കി കുതിച്ചു പൊയ്ക്കൊണ്ടിരുന്നു.

തുഗ്ലക്കബാദില്‍ തുഗ്ലക്കിനെപ്പോലെ
ഉളളിന്റെയുളളില്‍ തനി നാട്ടുമ്പുറത്തുകാരനായതു കൊണ്ടാവാം, എനിക്കിപ്പോഴും നഗരങ്ങളിലെത്തുമ്പോള്‍ അമ്പരപ്പും ഭയവും തോന്നുന്നത്. നിസ്സാമുദ്ദീന്‍ എത്തുന്നതിനു മുന്‍പ് തുഗ്ലക്കബാദ് സ്റ്റേഷനില്‍ തീവണ്ടി ഒരു മണിക്കൂറോളം കിടന്നു. സമയം മൂന്നര. പുറത്ത് നഗരം വെയിലില്‍ തിളയ്ക്കുന്നു. തേര്‍ഡ് എസി യുടെ മിതമായ തണുപ്പില്‍ ഞാന്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു. പ്ളാറ്റുഫോം അവസാനിക്കുന്നിടത്ത് ഒരു പാത റെയില്‍പ്പാളങ്ങളെ മുറിച്ചു കടന്നു പോകുന്നു. ഞാനിരിക്കുന്നതിനു നേരെതാഴെ ഒരമ്മയും മകളും മകനും ചുടുചോളം വില്‍ക്കുകയാണ്. കൌമാരത്തിലെത്തിയ പെണ്‍കുട്ടി പച്ചചോളത്തിന്റെ തോലുകള്‍ വലിച്ചുമാറ്റി അമ്മയ്ക്കു നല്‍കുന്നു. കൂട്ടിയിട്ട തീക്കനലുകളില്‍ അവ നിരത്തിവച്ച്, ഒരു കാര്‍ഡ് ബോര്‍ഡു കഷ്ണം കൊണ്ടു വീശി, ഇടയ്ക്കിടെ ഓരോന്നു തിരിച്ച് തിരിച്ച്, അമ്മ ചോളം ചുടുന്നു. വാങ്ങാനെത്തുന്നവര്‍ക്ക് ഒരു പേപ്പറില്‍ തുറന്നുവച്ചിരിക്കുന്ന മസാലയും ഉപ്പും നാരങ്ങാനീരും പുരട്ടി മകള്‍ ചോളം കൊടുക്കുന്നു; പൈസ വാങ്ങി തകരപ്പെട്ടിയിലിടുന്നു. മകന് പത്തോ പതിനൊന്നോ വയസ്സ് കാണും. അവന്‍ വെറുതെ കുത്തിയിരിക്കയാണ്. ചോളത്തിന്റെ നാരുപോലുളള തൊലിയെടുത്ത് അവന്‍ മീശയാക്കുന്നു.
കുന്തിച്ചിരിയ്ക്കുന്ന അമ്മയ്ക്ക് വയസ്സെത്ര കാണും? മുപ്പത്? നാല്‍പ്പത്? പൊടികൊണ്ട് കട്ട പിടിച്ചും പാറിപ്പറന്നും കിടക്കുന്ന ചെമ്പന്‍മുടി ഒരു ദുപ്പട്ട കൊണ്ട് മറച്ചിട്ട്ു. കുന്തിച്ചിരിക്കുന്നതു കൊണ്ട് മാറിടം പകുതിയും വെളിയില്‍ കാണാം. മാംസളഭാഗങ്ങള്‍ ഇടംകണ്ണിട്ടു നോക്കിയും ചോളം കൊറിച്ചും രണ്ടുമൂന്നു പേര്‍ ചുറ്റുമുണ്ട്. മകള്‍ക്ക് പതിനാലോ പതിനഞ്ചോ വയസ്സു കാണും. ആ പ്രായത്തില്‍ ഏതു പെണ്‍കുഞ്ഞും സുന്ദരിയാണ്. പക്ഷേ, ഇവളാകട്ടെ, വെയിലേറ്റ് കരിഞ്ഞ്, പഴകി നരച്ച വസ്ത്രമിട്ട്, വളര്‍ച്ച മുരടിച്ച് . . .
കുറച്ചപ്പുറത്ത് പ്ലാറ്റ്ഫോമില്‍ ഏഴോ എട്ടോ വയസ്സുളള ഒരു കൊച്ചു പെണ്‍കുട്ടി ഒരു ദോലക്കില്‍ താളമടിക്കുന്നു. എന്നിട്ടതാ മുന്നോട്ടും പിന്നോട്ടും മലക്കം മറിയുന്നു. പിന്നെ ഒരു കയ്യില്‍ കുത്തി മറിയുന്നു. പിന്നെ കൈകള്‍ പിന്നിലേയ്ക്ക് പിണച്ച് ഒരു വളയമാക്കി അതിലൂടെ ഊര്‍ന്നിറങ്ങുകയും കയറുകയും മറ്റെന്തൊക്കെയോ അഭ്യാസങ്ങളും . . .

ഇല്ല, ഇല്ല, എനിക്കൊന്നുമില്ല. മുപ്പതിനായിരത്തിലധികം രൂപ ചെലവിട്ട് ഹിമാലയത്തില്‍ ബൈക്കോടിക്കാന്‍ പോകുന്ന എനിക്കൊന്നുമില്ല. കുറ്റബോധം ഒരു കഫക്കെട്ട് പോലെ എന്റെ ഉന്നതചിന്തകളുടെ ശ്വാസോച്ഛ്വാസത്തിന് തടസ്സമാകുന്നുവെന്നു മാത്രം. നഗരങ്ങളിലെപ്പോഴും എന്നെ അസ്വസ്ഥനാക്കുന്നത് ധനിക ദരിദ്ര വ്യത്യാസമാണ്. അതെന്തൊരന്തരമാണ്! ലക്ഷക്കണക്കിന് രൂപാ വിലമതിയ്ക്കുന്ന കാര്‍ ട്രാഫിക് സിഗ്നലിനു മുമ്പില്‍ നിറുത്തുമ്പോള്‍ എവിടെനിന്നോ പ്രത്യക്ഷപ്പെടുന്ന ഭിക്ഷക്കാര്‍, മാസിക വില്‍പ്പനക്കാര്‍, കണ്ണാടി തുടയ്ക്കുന്നവര്‍, നപുംസകങ്ങള്‍ കാറിനുളളില്‍ ഇരിയ്ക്കുന്നവരുടെയും കാറിനു പുറത്ത് നില്‍ക്കുന്നവരുടെയും മുഖം നിര്‍വികാരമാണ്. എ.സി കാറിന്റെ ചില്ലു ജനാലകള്‍ ഒരനുഗ്രഹം തന്നെയാണ്!
എങ്കിലും ഒന്നും കാണാതിരിക്കുന്നതെങ്ങിനെ? ഓ, കാണുന്നതിലല്ല പ്രശ്നം അല്ലേ? കണ്ണുകളിലൂടെ നമുക്കെല്ലാം കാണാം, ചെവികളിലൂടെയെല്ലാം കേള്‍ക്കാം, മൂക്കിലൂടെയെല്ലാം മണക്കാം, നാവിലൂടെയെല്ലാം നക്കാം ഈ മനസ്സിലൂടൊന്നും മനസ്സിലാക്കാതിരുന്നാല്‍ മതി, അല്ലേ?
ദുരിതം ദുരിതമാകുന്നത് മനസ്സിലങ്ങനെ കരുതുമ്പോഴല്ലെ? സൌന്ദര്യം സൌന്ദര്യമാകുന്നതുമങ്ങിനെ.
മഞ്ഞില്‍ ചവിട്ടി നടക്കുമ്പോള്‍ ഇടയ്ക്കൊന്നു നിന്ന്, കുനിഞ്ഞിരുന്ന് അല്‍പ്പം മഞ്ഞെടുത്ത് നാവില്‍ വെയ്ക്കുക. ‘എക്സ്ക്യൂസ്മി താങ്കളിപ്പോള്‍ മഞ്ഞ് നാവില്‍ വയ്ക്കുകയുണ്ടായല്ലോ. മഞ്ഞിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?’
‘ജീവിതത്തെക്കുറിച്ചുളള അഭിപ്രായം തന്നെയാണ് സര്‍, എനിക്ക് മഞ്ഞിനെക്കുറിച്ചും. കളര്‍ലെസ്സ്, ടേസ്റ്റ്ലെസ്സ്, ഓഡര്‍ലെസ്സ് ‘.
‘സമയം അഞ്ചുമണി കഴിഞ്ഞു; ഇനി നാളെയേ വണ്ടിയെടുക്കാന്‍ പറ്റൂ.’
പിറ്റേന്ന് നട്ടുച്ചവെയിലത്ത് നിസ്സാമുദ്ദീന്‍ സ്റ്റേഷന്റെ മറുഭാഗത്ത് പാര്‍സല്‍ ഓഫീസില്‍ തെക്ക് വടക്ക് നാലുപ്രാവശ്യം നടന്ന് അവസാനം ബൈക്ക് ഉന്തിത്തളളി വെളിയിലിറക്കിയപ്പോള്‍ “രൂക്കോ! പെട്രോള്‍ ടാങ്ക് തുറന്നു കാണിച്ചു താ!’
ടാങ്കില്‍ ഒരു മൂലയ്ക്ക് കുറച്ചു പെട്രോള്‍. ഇതെങ്ങിനെ വന്നു? ഇറക്കാന്‍ പറ്റില്ല. കൂടെയുളള ബംഗാളിക്കാരന്‍ എന്റെ ബന്ധു
‘എന്തെങ്കിലും ബക്ഷീഷ് കൊടുക്കൂ, എട്ടാ.’ അതങ്ങ് പളളീല്!
ഞാനെന്റെ തനി തീരന്തോരം സ്വഭാവവും മുറി ഹിന്ദിയും പുറത്തെടുത്ത് റെയില്‍വേക്കാരനോട് നാലു ചാട്ടം. ‘സാലേ, ബദ്മാശ്! ബുലാവോ തേരാ സാലാ സൂപ്രണ്ട് കോ!’
അവന്‍ ഞെട്ടി. ചല്‍, ചല്‍ എന്നവന്‍ മുറുമുറുത്തു.

ഏതൊക്കെയോ ഊടുവഴികളിലൂടെ ബുഡുബുഡു ബൈക്ക് ഓടിച്ച്, ഭ്രാന്തവും പ്രാകൃതവുമായ നഗരത്തില്‍ പൊരിയുന്ന വെയിലില്‍ ഞാനെന്റെ ബന്ധു കാറുമായി വരുന്നത് കാത്തു നിന്നു. തണലില്ല. ഒരു ദാബയുടെ നിഴല്‍പറ്റി നിന്നു. വയ്യ, വയ്യ, ഈ ചൂട് സഹിക്കാനാവുന്നില്ല. എന്റെ പാവം ബൈക്ക് വെയിലില്‍ ഉരുകുന്നു. കാലുകള്‍ തളരുന്നു. 15 രൂപയ്ക്ക് ഒരു കുപ്പി വെളളം വാങ്ങി കഷണ്ടിത്തലയിലൊഴിച്ചു. ഒരു കുപ്പി കുടിച്ചു. അരികില്‍ ചോലാബട്ടൂരാ തിന്നുന്ന സ്ത്രീകള്‍. റോഡരുകില്‍ പൊട്ടിയൊലിക്കുന്ന പൈപ്പില്‍ നിന്നും വെളളം കുടിയ്ക്കുന്ന കുട്ടികള്‍, തലങ്ങും വിലങ്ങും ബസ്സുകള്‍, ട്രക്കുകള്‍, കാറുകള്‍, സ്കൂട്ടറുകള്‍. ജനം, ജനം, ജനം.
പെട്രോള്‍ പമ്പെവിടെ? വാങ്ങി വച്ച ഒരു കുപ്പി പെട്രോള്‍ എവിടെയോ മറന്നു വച്ചു. വണ്ടി തളളിത്തളളി എനിക്ക് ശ്വാസം മുട്ടുന്ന്ു; നടുവ് പിളരും പോലെ, കൈകളും മുഖവും ചൂടില്‍ കത്തിയെരിയുന്നു.
ആത്മസുഹൃത്തായ ഡോ.ശ്രീനിവാസന്റെ മകന്‍ അരവിന്ദന്‍ തന്റെ 20 വര്‍ഷം പഴക്കമുളള ബുളളറ്റുമായി ചെന്നെയില്‍ നിന്നും എത്തിയിട്ടുണ്ട്. നെഹ്റുപ്ളേസില്‍ ശ്രീനിവാസന്റെ വീട്ടിലെത്തി ഞാന്‍. വെയിലു കൊണ്ട് ചുരുങ്ങിപ്പോയ ഒരു പഴം കണക്കെ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍ അരവിന്ദന്‍ പറഞ്ഞു ‘അങ്കിളേ, അപ്പ പറഞ്ഞിട്ടുണ്ട്, ബാലചന്ദ്രനങ്കിള്‍ വരുമ്പോള്‍ ഒരു സാധനം കൊടുക്കണമെന്ന്.’ തിരിഞ്ഞു നോക്കുമ്പോള്‍ കൈയിലൊരു തണുത്തുറഞ്ഞ ബിയര്‍ കുപ്പിയുമായി അരവിന്ദന്‍ പല്ലു മുഴുക്കെ വെളിയില്‍ കാണിച്ച് ചിരിക്കുന്നു. പിറകില്‍ ഒരക്ഷയപാത്രം കണക്കെ ഫ്രിഡ്ജ്…

 

ഹിമാലയന്‍ ഒഡീസി സുനില്‍ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു

 

തിരനോട്ടം
ജൂണ്‍ 23ന് വൈകുന്നേരം നെഹ്റുപ്ലേസില്‍ നിന്ന് എങ്ങിനെയൊക്കെയോ ഞാനും അരവിന്ദനും ചാണക്യപുരിയിലെ ഇന്റര്‍നാഷണല്‍ യൂത്ത് സെന്ററിലെത്തി. ഞങ്ങളുടെ ബൈക്കുകളില്‍ ഇരുവശത്തേയ്ക്കുമിടുന്ന സാഡില്‍ ബാഗുകള്‍, ടാങ്കിനു പുറത്തേയ്ക്കു വെയ്ക്കുന്ന ടാങ്ക് ബാഗ്, ചുമലില്‍ ഹാവര്‍സാക്കും. റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സംഘടിപ്പിച്ചിരിക്കുന്ന ഹിമാലയന്‍ ഒഡീസ്സി 2007 എന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ പര്യടനസംഘത്തിലെ 55 പേരില്‍ ഒരാളാണ് ഞാന്‍. എന്റെ കഷണ്ടിത്തലയും ബാക്കിയുളള നരച്ച മുടിയും നരച്ച മീശയും ചിലര്‍ സാകൂതം ശ്രദ്ധിക്കുന്നു. സംഘത്തലവന്‍ സച്ചിന്‍ ചവാന്‍ എന്നെ പരിചയപ്പെടുത്തുന്നു. ‘ഔവര്‍ സീനിയര്‍ മോസ്റ്റ് റൈഡര്‍’.
ശാരീരിക പരിശോധന നടത്തുന്ന ഡോക്ടര്‍ എന്നെ നോക്കി കണ്ണിറുക്കുന്നു. ‘എനിക്ക് വയസ്സ് 52. നിങ്ങള്‍ക്ക് 50. ഹും! ഇക്കൂട്ടത്തില്‍ ഏറ്റവും ഫിറ്റായിട്ടുളളവരും നമ്മള്‍ തന്നെ. ഈ പിളേളര്‍ക്കെല്ലാം ഇപ്പോഴേ ബി.പി യും കൊളസ്ട്രോളും ഉണ്ട്.’

ബുളളറ്റ്!
2006 മാര്‍ച്ചില്‍ കോട്ടയത്തു ജോലിയായിരുന്ന സമയത്താണ് ഞാന്‍ എന്റെ ബുളളറ്റ് (ഇലക്ട്രാ 5s ) വാങ്ങിയത്. തിരുവനന്തപുരത്ത് വീട്ടില്‍ 30 വയസ്സു പ്രായമുളള സ്കൂട്ടറുണ്ട്. നടുവേദന കാരണം സ്കൂട്ടര്‍ ഓടിക്കാന്‍ സാധിക്കില്ലെന്നതും സാമ്പത്തിക പ്രശ്നങ്ങളുളളതിനാല്‍ കാറു വാങ്ങാന്‍ സാധിക്കില്ലെന്നതുമായ രണ്ടു സത്യങ്ങള്‍ക്കിടയില്‍ കരണീയമായത് ഒരു പഴയ സ്വപ്നസാക്ഷാത്കാരം മാത്രം.
കോട്ടയത്തുകാര്‍ക്ക് ജാടകളില്ല. അവര്‍ കണ്ണു തുറന്ന് എന്റെ ബുള്ളറ്റിനെ അവനാകട്ടെ അവന്റെ ചുകപ്പും വെളളിയും മിന്നിച്ചു കാണിച്ച് തിളങ്ങും. ‘കൊളളാമല്ലോ സാറെ വണ്ടി! എന്നാ മൈലേജ് കിട്ടും? ഓ, അല്ലേലാരേലും ബുളളറ്റിന്റെ മൈലേജ് ചോദിക്കുവോ?’.
എതിരേ വരുന്ന ബുളളറ്റുകാര്‍ ഹോണടിച്ച് കൈവീശിക്കാണിച്ച് ചിരിക്കും. നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ ചിലര്‍ ടെക്നിക്കല്‍ കാര്യങ്ങളാവും അന്വേഷിക്കുക. ‘5 ഗിയറെങ്ങിനെ? പഴയ ബുളളറ്റിന്റത്രയും എന്തായാലും വരത്തില്ല സാറെ’.
തിരുവനന്തപുരത്ത് അങ്ങിനെയല്ല. ഇടം കണ്ണിട്ടേ നോക്കൂ. നോക്കുന്നതെങ്ങാനും ഞാന്‍ കണ്ടാല്‍ ‘ഹും! കെളവന്റെ ഒരു സ്റ്റയില്!’

സീദാസാദാ പ്ളാസ്റ്റിക് ബൈക്കുകളോടിക്കുന്നവരേ, നിങ്ങള്‍ക്കറിയില്ല ഈ ബുളളറ്റെന്നു പറഞ്ഞാലെന്താണെന്ന്. ഇരുചക്രവാഹനങ്ങളിലെ ഒരു വിരോധാഭാസമാണ് ബുളളറ്റ്. കാലഹരണപ്പെട്ട ക്ളാസിക്ക് പീരിയഡിലെ യന്ത്ര ഡിസൈന്‍, പെട്രോളിന്റെ തീപിടിച്ച വിലയെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത എന്‍ജിന്‍, ഭംഗിയും ഫിനിഷും തീരെ കുറഞ്ഞ ഭാഗങ്ങള്‍, വില കൂടിയ സ്പെയറുകള്‍. ടയറെങ്ങാന്‍ പഞ്ചറായാല്‍ പണിയായി; വല്ല ട്രാക്ടറോ മറ്റോ വേണ്ടിവരും തളളിനീക്കാന്‍. അത്രയ്ക്കുണ്ട് ഭാരം.
എങ്കിലും കാലുവീശി വലത്തേയ്ക്കെറിഞ്ഞ്, കീ തിരിച്ച് ഇരുകാലില്‍ കുത്തി നിന്ന്, സ്വിച്ച് ഓണ്‍ ചെയ്ത് പെട്രോള്‍ ടാപ്പ് തുറന്ന്, വലതു പാദം കൊണ്ട് കിക്ക് സ്റ്റാര്‍ട്ട് നിവര്‍ത്തി ഇടതു പാദം കൊണ്ട് സൈഡ് സ്റ്റാന്റ് തോണ്ടിയെറിഞ്ഞ്, അമ്മീറ്ററില്‍ നോക്കി ഇടതു ചൂണ്ടു വിരല്‍ കൊണ്ട് ഡികമ്പ്രെസര്‍ വലിച്ച് വലതുകൈ ത്രോട്ടിലില്‍ വെച്ച് കിക്കര്‍ ചവിട്ടിത്താഴ്ത്തി ഡികമ്പ്രസ്സര്‍ വിട്ടുടനെ മൃദുവായി, സ്നേഹനിര്‍ഭരമായൊരു പരിലാളനം പോലെ, നോവിക്കാതെ ഒന്നു കൂടി മെല്ലെ…
നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിയുന്ന മറ്റൊരു മോട്ടോര്‍സൈക്കിള്‍ കാണിച്ചു തരാമോ എനിയ്ക്ക്?

ഘട്ടം 1. ദില്ലി ചണ്ഡീഗഡ്
ദില്ലിയില്‍ നിന്നും ജി.റ്റി റോഡ് വഴിയാണ് യാത്ര. ജി.റ്റി എന്ന ഗ്രാന്റ് ട്രങ്ക് റോഡ് പുരാതനവും അപകടങ്ങള്‍ക്ക് കുപ്രസിദ്ധവുമാണ്. ആറുവരിപ്പാത നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയില്‍ ആക്സിലറേറ്റര്‍ ആവുന്നത്ര ആഴ്ത്തി ചവുട്ടി കൂറ്റന്‍ ബസ്സുകളും ട്രക്കുകളും പറപറക്കുന്നു. ഇവിടെ ബുളളറ്റ് വെറും നിസ്സാരന്‍. ഞാന്‍ 90-100 കി.മീ വേഗതയില്‍ പോകുകയാണ്. അതീവജാഗ്രതയോടെ റിയര്‍വ്യൂ കണ്ണാടിയില്‍ ഇടയ്ക്കിടെ നോക്കുന്നുണ്ട്; എപ്പോഴാണെന്നറിയില്ല, ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സോ ട്രക്കോ പിറകിലൂടെ പാഞ്ഞു വന്ന് തട്ടിത്തെറിപ്പിയ്ക്കുകയെന്ന്.
സഞ്ചാരികള്‍ക്ക് പൊതുവായുളള ഒരനുഭവമുണ്ട്. ആരോടെങ്കിലും സ്വന്തം ഒരു യാത്രയെക്കുറിച്ച് പറയാന്‍ ആരംഭിക്കുമ്പോഴേയ്ക്കും കേള്‍വിക്കാരന്‍ തന്റെ യാത്രയെക്കുറിച്ച് അത് എത്ര മുമ്പാണെങ്കിലും എത്ര നിസ്സാരമാണെങ്കിലും ശരി പറയാന്‍ തുടങ്ങും. ഉദാഹരണത്തിന്, ‘ഓ ബാലന്‍ കൈലാസത്തിലാക്കെ പോയിരുന്നുവെന്ന് കേട്ടുവല്ലോ.”
‘അതെ, ഞാന്‍ 2000ല്‍’.
‘ഹോ! ഞാനൊരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് ഊട്ടിയില്‍ പോയിരുന്നു. എന്തൊരു തണുപ്പാണ് ഊട്ടിയില്‍! മൂടല്‍ മഞ്ഞോ, ഭയങ്കരം!’ എന്നിങ്ങനെ വിദ്വാന്‍ തുടങ്ങും. ഒരുപാട് യാത്രകള്‍ കഴിഞ്ഞതു കൊണ്ടാവാം, ഞാനിപ്പോള്‍ ആരെങ്കിലും നിര്‍ബന്ധിച്ചാലേ കൂടുതല്‍ പറയൂ. പുച്ഛിയ്ക്കുകയോ, ചെറുതാക്കി കാണുകയോ അല്ല, പക്ഷേ താരതമ്യേന യാത്രാനുഭവങ്ങള്‍ കുറവും അതൊരുപക്ഷേ അവസരങ്ങള്‍ ലഭിക്കാഞ്ഞിട്ടാവാം, അല്ലെങ്കില്‍ ജീവിതയാത്രയില്‍ മറ്റു യാത്രകള്‍ക്ക് പരിഗണന കൊടുക്കാന്‍ സാധിക്കാത്തതിനാലാവാം, ഇതൊന്നുമല്ലെങ്കില്‍ നമ്മോടുളള അസൂയ കൊണ്ടുമാവാം ഇത്തരക്കാര്‍, നമ്മളെന്തു പറയാന്‍ ഉദ്ദേശിച്ചുവോ അതിനെ ഗതി മാറ്റി വിടാന്‍ ശ്രമിക്കും. ഞാനതങ്ങ് വിടും.

 

അരവിന്ദിനോടൊപ്പം വി. ബാലചന്ദ്രന്‍

 

ദില്ലിയില്‍ വെച്ച് ഒരാളിതു പോലെ ‘ഓ, ജി.റ്റി വഴിയാണല്ലെ പോക്ക്? ഞാനൊരിക്കല്‍ കാറില്‍ ഇവിടെ നിന്നും ചണ്ഡിഗഢ് വരെ പോയി. ഓ, ഓ, എന്തൊരപകടം പിടിച്ച വഴിയാണ്! റോഡിനിരുവശത്തും എത്രയെത്ര വണ്ടികളാണ് അപകടത്തില്‍പ്പെട്ട് ചിതറിക്കിടക്കുന്നത്! ടൂവീലറിന്റെ കാര്യം പറയുകയേ വേണ്ട. ദില്ലി സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡ്രെെവര്‍മാരുണ്ടല്ലോ, അവന്മാര്‍ക്ക് ടൂവീലറുകള്‍ തട്ടിത്തെറിപ്പിക്കുകയെന്നത് ഒരു തമാശയാണ്.’
പിറ്റേന്ന് പൊരിവെയിലത്ത് ഓടിച്ചു പോകേണ്ടവനാണ് ഞാന്‍. രണ്ടാഴ്ച തുടര്‍ച്ചയായി ബൈക്കോടിച്ച് ചണ്ഡിഗഢിലല്ല, അങ്ങ് ഖുര്‍ദുംഗ് ലായില്‍ പോയി അമൃത്സറില്‍ പോയി തിരിച്ചു വരണമെനിക്ക്. കുറച്ചു കടന്ന കൈയായിപ്പോയില്ലേ എന്ന് മനസ്സിന്റെ ഒരു മൂലയിലിരുന്ന് എന്റെ മറ്റവന്‍ പിറുപിറുക്കുന്നുണ്ട്. അപ്പോഴാണ് ഈ സുഹൃത്തിന്റെ ഘോഷണം!
ഞാന്‍ നഗരങ്ങളും ഗ്രാമങ്ങളും ധാബകളും വയലുകളുമെല്ലാം പിന്നിട്ട് പായുകയാണ്. ഇടയ്ക്കു ഞാന്‍ ബുഡുബുഡുവിനോട് പറഞ്ഞു ‘എടാ, നോക്ക്! നമ്മളെവിടെത്തി! നീ തിരുവനന്തപുരവും കേരളവുമല്ലേ ഇതു വരെ കണ്ടിട്ടുളളൂ. ഈ പാനിപ്പത്ത് എന്താണെന്ന് നിനക്കറിയാമോ?’
അവന്‍ സന്തോഷവാനാണ്. ഗുര്‍ര്‍ര്‍ എന്ന് മൂളിപ്പാട്ടു പാടി, എന്റെ കടിഞ്ഞാണുകളുടെ നിയന്ത്രണത്തില്‍ പറന്നു പൊയ്ക്കൊണ്ടിരുന്നു.

രാവിലെ 7.30ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ഹിന്ദി സിനിമാ നടന്‍ സുനില്‍ഷെട്ടി കൊടി വീശിക്കാട്ടി ഞങ്ങളെ യാത്രയാക്കിയിരുന്നു. താമസസ്ഥലത്തു നിന്ന് സ്റ്റേഡിയത്തിലേയ്ക്ക് ഒരുമിച്ചുളള യാത്ര ബൈക്കുകള്‍ ഈരണ്ടു പേരായി ഒരു ജാഥ പോലെ. റോയല്‍ എന്‍ഫീല്‍ഡിന്റെ ബുളളറ്റ് മോഡല്‍ മാത്രമല്ല സംഘത്തില്‍. സ്റ്റാന്റേര്‍ഡ് 350, ഇലക്ട്രാ, ഇലക്ട്രാ 5, മാച്ചിസ്മോ, ബുളളറ്റ് 500, തണ്ടര്‍ബേഡ് എന്നിങ്ങനെ എല്ലാ മോഡലുകളുമുണ്ട്. വാഹനങ്ങളുടെ വൈവിധ്യത്തേക്കാള്‍ കൌതുകകരം സഞ്ചാരികളുടേതാണ്. 20^25 വയസ്സുകാര്‍ തൊട്ട് ഞാന്‍ 50കാരന്‍ വരെ. കാശ്മീര്‍ സ്വദേശി തൊട്ട് ആസാംകാരന്‍ വഴി, ദാ ഇങ്ങ് മലയാളി വരെ. രാവിലെ 6.30ന് അരവിന്ദും ഞാനും റെഡിയായി. ഞങ്ങളുടെ ഹാവര്‍സാക്കുകള്‍ ഒപ്പം വരുന്ന ട്രക്കില്‍ കൊണ്ടു വെച്ച് തിരിച്ച് ബൈക്കിനടുത്തെത്തിയപ്പോള്‍ ഒരു മെലിഞ്ഞു നീണ്ട പയ്യന്‍- പ്ലസ്ടൂ കഴിഞ്ഞതേ കാണൂ-എന്നെ നോക്കി ചിരിയ്ക്കുന്നു.
‘ബാലചന്ദന്‍- ബാലേട്ടനല്ലെ? എനിക്ക് മനസ്സിലായി. ഞാന്‍ അഭിലാഷ് . കൊച്ചിയില്‍ നിന്നാണ്. ഇത് ധനുഷ്. വടകരയാണ് സ്വദേശം. ഞങ്ങള്‍ ബാംഗ്ളൂരില്‍ ഇന്‍ഫോസിസില്‍ ഒരുമിച്ചായിരുന്നു.’
‘ഇപ്പൊഴൊ?’
‘ഇപ്പോ കൊച്ചിയിലാ. ഒരു ചെറിയ കമ്പനീല്.’
യാത്ര പുറപ്പെടും മുമ്പ് തന്നെ മലയാളികള്‍ മിക്കവരും തമ്മില്‍ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. പുനലൂര്‍ക്കാരന്‍ ഗോപനും സുഹൃത്തും ബാംഗ്ലൂര്‍ താമസക്കാരനുമായ അനൂപും. മറുനാടന്‍ മലയാളികള്‍ മൂന്നു പേര്‍ കൂടിയുണ്ടായിരുന്നു. അവരെ പരിചയപ്പെട്ടത് കുറേകഴിഞ്ഞാണെന്ന് മാത്രം.നഗരപ്രാന്തപ്രദേശങ്ങള്‍ കഴിയുംവരെ ഒരുമിച്ചു പോകണമെന്നാണ് നിര്‍ദ്ദേശം. വഴിതെറ്റാതിരിക്കുവാനാണ് അത്. ഏറ്റവും പുറകില്‍ മെക്കാനിക്കുകള്‍, ഡോക്ടര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന SUVകളുണ്ട്; ഒപ്പം ഞങ്ങളുടെ ലഗേജും സ്പെയര്‍പാര്‍ട്ടുകളും ക്യാംമ്പിംഗ് സാമഗ്രികളുമായി ട്രക്കും.ജി.ടി.യിലേയ്ക്ക് കയറിയതോടെ ഓരോ സഞ്ചാരിയും അവനവന്റേതായ രീതിയിലും വേഗതയിലും ചിതറിപ്പറക്കാന്‍ തുടങ്ങി. 280 കിലോ മീറ്റര്‍ ഓടിച്ച് ചണ്ഡീഗഢിലെത്തുന്നതിനു മുന്‍പ് കര്‍ണാലില്‍ വെച്ച് ഒരു റീഗ്രൂപ്പിംഗ് അഥവാ ഒത്തുചേരലുണ്ട്. അവിടെ അവസാനത്തെ വാഹനവും വന്നെത്തിയ ശേഷമേ യാത്ര തുടരാവൂ.ബൈക്കുകള്‍ ചീറിപ്പാഞ്ഞ് എന്നെ മറികടന്ന് പോകുന്നു. ഇടയ്ക്കിടെ ഒന്നോ രണ്ടോ പേര്‍ വഴിയരുകില്‍ നിര്‍ത്തി സിഗററ്റു വലിയ്ക്കുകയോ ഫോട്ടോയെടുക്കുകയോ വെറുതേ നടുനിവര്‍ക്കുകയോ ചെയ്യുന്നത് കാണാം.
പൊരിയുന്ന വെയില്‍. ഹെല്‍മെറ്റിനകത്ത് തല പുകയുന്നു. അഞ്ചോ പത്തോ മിനിട്ടു കൂടുമ്പോള്‍ ആസനം ഒന്നു പൊക്കിക്കൊടുക്കും, ആവിയകറ്റാന്‍. ഇടുപ്പില്‍ സപ്പോര്‍ട്ട് ബെല്‍റ്റ് മുറുക്കെ കെട്ടിയിട്ടുണ്ട്. മുറിക്കെയ്യന്‍ ‘ടി’ ഷര്‍ട്ട് മറയ്ക്കാത്ത ഭാഗങ്ങള്‍ കരിഞ്ഞു നീറുന്നു. അസ്വസ്ഥതകള്‍ പലതുണ്ടെങ്കിലും യാത്ര തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇവിടെ ഞാനും എന്റെ ബൈക്കും മാത്രം. മനസ്സ് പൂര്‍ണ്ണമായും റോഡിലാണ്. മുന്‍പേ പോകുന്ന വാഹനങ്ങള്‍, റോഡിലെ കുണ്ടും കുഴിയും, റിയര്‍വ്യൂകണ്ണാടിയില്‍ വലുതായി വലുതായി വരുന്ന ബസ്സുകള്‍, ബൈക്കിന്റെ മുരള്‍ച്ച, നെറ്റിയില്‍ നിന്നും ഊര്‍ന്നു വീഴുന്ന വിയര്‍പ്പു തുളളികള്‍. പാനിപ്പത്തും കഴിഞ്ഞ് കര്‍ണാലിലേയ്ക്ക് പാഞ്ഞുപൊയ്ക്കൊണ്ടിരുന്നു, ബുഡുബുഡു. ചരിത്രപ്രസിദ്ധിയുളളതാണെങ്കിലും ജി.റ്റി.റോഡ് കടന്നു പോകുന്ന ഈ ഭൂപ്രദേശം ഒട്ടും ആകര്‍ഷണീയമായിരുന്നില്ല.16ാം നൂറ്റാണ്ടില്‍ ഷെര്‍സാസൂരി ചക്രവര്‍ത്തി പണിതതാണ് അങ്ങ് ബംഗ്ളാദേശിലെ സോനാര്‍ഗാവ് മുതല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വരെ നീണ്ടു കിടക്കുന്ന ഈ പാതയെന്ന് ചരിത്രം പഠിപ്പിക്കുന്നു. എങ്കിലും അതിനു മുമ്പ് മൌര്യവംശം ഭരിച്ചിരുന്നപ്പോഴേ ഈ പാതയുടെ പല ഭാഗങ്ങളും ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സൂരിയ്ക്കു ശേഷം വന്ന മുഗള്‍ രാജവംശവും ‘സടക്ക് ഇ ആസാം’ എന്ന ഈ മഹാവീഥിയെ വികസിപ്പിക്കുന്നതില്‍ പങ്കു വഹിച്ചു. ജീവിതത്തിന്റെ ഒരു മഹാനദിയെന്നാണ് സാഹിത്യകാരനായ റുഡ്യാഡ് കിപ്ളിങ്ങ് ജി.റ്റി.യെ വിശേഷിപ്പിച്ചിട്ടുളളത്.കര്‍ണാല്‍ എത്താറായിക്കാണും; ക്ടക്ക്! എന്ന ശബ്ദത്തോടെ ബൈക്കിന്റെ വലതു ഫുട്ട്റെസ്റ്റ് ഒടിഞ്ഞു തെറിച്ചു പോയി. രണ്ടു ഫുട്ട്റെസ്റ്റുകളേയും ബന്ധിപ്പിക്കുന്ന കമ്പിയാണ് (റോഢ്) ഒടിഞ്ഞത്. എന്തു ചെയ്യും? പാദം പൊക്കി ഗിയര്‍ബോക്സിന്റെ മേല്‍ വെച്ച് യാത്ര തുടര്‍ന്നു. കര്‍ണാലില്‍ റീഗ്രൂപ്പിംഗ് നടക്കുന്നത് അവിടുത്തെ റോയല്‍ എന്‍ഫീല്‍ഡ് ഡീലറുടെ ഷോറൂമിലാണ്. അവിടെ വെച്ച് റോഢ് മാറ്റിയിട്ട് യാത്ര തുടര്‍ന്നു. കുരുക്ഷേത്രവും അംബാലയും
കടന്ന് വൈകുന്നേരം മൂന്നര മണിയോടെ ചണ്ഡീഗഡിലെത്തി. അംബാലയില്‍ വെച്ച് ജി.റ്റി.യെന്ന എന്‍.എച്ച് 1നോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു.
ഹിമാലയം ഇനിയും വളരെ അകലെയാണ്. ഈ കഷ്ടപ്പാടും ദുരിതവും ചൂടും പുകച്ചിലുമെല്ലാം സഹിക്കുന്നത് ഒരേയൊരു ചിന്ത കാരണം മാത്രം. നാളെ, നാളെ ഞാനങ്ങെത്തും!

MORE POSTS ON BULLET LIFE

ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റ് മുതലാളി

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

12 thoughts on “ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

  1. ഒറ്റ ശ്വാസത്തില്‍ വായിച്ചു. ഗംഭീരം. അഭിനന്ദങ്ങള്‍.

  2. സുപ്പര്‍ മാഷേ..! നിങ്ങള് കൊതിപ്പിച്ചു ഈ യാത്ര അക്ഷരങ്ങളിലൂടെ !

  3. മാഷെ, ഇതൊട്ടും ശരിയായില്ല! ‘മ’ മാസികകളിലെ നോവല്‍ പോലെ ‘തുടരും’ ഇട്ടു നിര്‍ത്തിക്കളഞ്ഞത്!

    നാളേക്ക് വേണ്ടി കാത്തിരിക്കുന്നു… ബാക്കി വായിക്കാന്‍.

    • 🙂 പറഞ്ഞതാണ്‌ എഡിറ്റ്‌ ചെയ്യ്തുകൊള്ളന്‍ – കേക്കണ്ടേ? ഖണ്ടശ: ഖണ്ടശ: ഖണ്ടശ!!!

  4. യാത്രയും വിവരണവും വളരെ ഗംഭീരമായിരിക്കുന്നു.ചെറിയ ചെറിയ വരികള്‍ വായനയ്ക്ക് സുഖം തരുന്നുണ്ട്. യാത്രയുടെ എല്ലാ കാഠിന്യവും പാറയുടെ ദു൪ഘടാവസ്ഥയും ജീവന്‍ നഷ്ടപ്പെടുന്ന അപകടവും അതിനുശേഷമുള്ള സുഖവും സ്ഥലത്തിന്‍റെ മിത്തും ചരിത്രവും റൊമാന്‍സും വളരെ നന്നായി പകര്‍ത്തിയിട്ടുണ്ട്.ഒരു ബാങ്ക് ഉദ്യോഗസ്ഥന് ഇതിന് കഴിയുക എന്നത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണെന്നത് എന്‍റെ അനുഭവം കൊണ്ട് എനിക്കറിയാം.കൂടിയാല്‍ എല്ലാത്തിനേയും കൂട്ടി ഡല്‍ഹി വരെയുള്ള ഒരു എല്‍എഫ്സി. ഒരു ഊട്ടി മൈസൂര്‍.10000 രൂപ ഓവര്‍ഡ്രാപ്റ്റ് വരുന്ന ഒരു ചെക്ക്പോലും പാസ്സാക്കുവാന്‍ റിസ്ക് എടുക്കാത്ത ഈ വ൪ഗ്ഗത്തില്‍ നിന്ന് ഇങ്ങിനേയും ഒരാള്‍!ഭാഗ്യവാന്‍ ബാലചന്ദ്രന്‍.

  5. Mr B – I couldn’t help read this once again !! No wonder I read the comments above and now I know you did move a lot of people. Mr Banker – Biker you are one helluva person I sure wish could meet.

Leave a Reply to azeezks Cancel reply

Your email address will not be published. Required fields are marked *