അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റിനെ കുറിച്ചുള്ള ആരാധനയും വര്‍ണ്ണനയും കേട്ടാല്‍ ഈ വണ്ടി ജനാധിപത്യബോധം ഉള്‍ക്കൊള്ളാത്ത കോമാളിയാണെന്ന് നിസ്സംശയം പറയാനാകും. ജാതി-കൊളോണിയല്‍ നെഗളിപ്പുകളുടെ കൊടിയടയാളമാണ് (ഈ വാക്കിന് അന്തരിച്ച എ.സോമന്‍ സാറിനോട് കടപ്പാട്) അതിന്റെ ശബ്ദം. ഒരു തരം ‘പട്ടാളപരത’ ബുള്ളറ്റില്‍ അടിമുടിയുണ്ട്. റോഡില്‍ മറ്റ് വണ്ടികള്‍ ബുള്ളറ്റിന് മാറിത്തരണമെന്നും അത് വലിയ ശബ്ദമുണ്ടാക്കുന്നത് ജനങ്ങള്‍ കേട്ടുനില്‍ക്കണമെന്നും ആ വണ്ടിയോടിക്കുന്നവര്‍ അബോധമായെങ്കിലും ആഗ്രഹിക്കുന്നു. യു.പിയിലെ സവര്‍ണരും തമിഴ്നാട്ടിലെ ദലിത് വേട്ടകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജാതിഭ്രമം മൂത്ത തേവര്‍ വിഭാഗവും ഒരേ പോലെ ‘കംഫര്‍ട്ടബ്ള്‍’ ആകുന്ന ഒരു വണ്ടിയായി ബുള്ളറ്റ് മാറുന്നു-എ.വി ഷെറിന്‍ എഴുതുന്നു

 

 

‘We must go’, she said. ‘Must`nt risk a fever.
Their cousin is coming tomorrow,’ she explained to Uncle.
And then, added casually, ‘From London.’
‘From London?’ A new respect gleamed in Uncle`s eyes.
For a family with London connections’

ARUNDHATI ROY, The God of Small Things (IndiaInk 1998, P 109)

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ റൈഡര്‍ അനിക്കുട്ടനാണ്. ജീവിതം ഇത്രമേല്‍ ഘോഷിച്ച മറ്റൊരാള്‍ ഉണ്ടാകില്ല. പഴയ കൌബോയ് സ്ലോഗനുകളില്‍ പറഞ്ഞ പോലെ ‘ലിവ് റ്റു റൈഡ്,റൈഡ് റ്റു ലിവ്’ എന്നതായിരുന്ന കുട്ടന്റെ തത്വശാസ്ത്രം. കുട്ടന്റെ അമ്മ ഒ.വി. വിജയന്റെ ക്ലാസ്മേറ്റ് ആയിരുന്നു. വിജയന് അവരോട് അനുരാഗമായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ ഫീച്ചറെഴുതിയിരുന്നു.
അതിസുന്ദരിയായ ആ മുത്തശãിയോട് ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ “ആ കോലുപോലുള്ള ചെക്കനെ ആര് നോക്കാനാണ്”? എന്ന് പറഞ്ഞ് അവര്‍ പൊട്ടിച്ചിരിച്ചത് ഓര്‍മ്മ വരുന്നു. കെല്‍ട്രോണിലെ ജോലി രാജിവച്ച് ബിസിനസും സിനിമാമോഹവും ആയി നടന്ന കുട്ടന്‍ ഷാജി കൈലാസിനും രഞ്ജിത്തിനുമൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഈ വേഗങ്ങള്‍ക്കിടയില്‍ എപ്പോഴും സിംഗ്ള്‍ മാള്‍ട്ട് മണത്തിരുന്ന കുട്ടനെ സിറോസിസ് പിടികൂടി. ശേഷിക്കുന്ന ഒരുകൊല്ലം കൂടി കുട്ടന്‍ നാടുനീളെ വണ്ടിയോടിച്ചു. മരണം മുഖാമുഖം കണ്ട നാളുകളിലൊന്നില്‍ ‘മാതൃഭൂമി’ യാത്രയുടെ ആദ്യ ലക്കത്തിനുവേണ്ടി മസിനഗുഡിയിലേക്ക് നടത്തിയ ബൈക്ക് യാത്രയില്‍ കുട്ടന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ബൈക്ക് സംബന്ധിച്ച ഞങ്ങളുടെ എല്ലാ സംശയങ്ങളുടെയും ഡിക്ഷ്നറിയായിരുന്ന കുട്ടന്‍. പല വണ്ടികള്‍ മാറി മാറി അയാള്‍ ഉപയോഗിച്ചു. യെസ്ഡി റോഡ്കിംഗ് മുതല്‍ 350 സി.സി യമഹ വരെ പഴയതും പുതിയതുമായ നിരവധി വണ്ടികള്‍ ആ കയ്യില്‍ മെരുങ്ങി. ഏകാന്തതയുടെ വന്‍കരകള്‍ മറികടന്ന് ഞാന്‍ വര്‍ഷങ്ങളോളം ദൂരങ്ങള്‍ അളന്ന സി.ബി.സെഡ് വാങ്ങിത്തന്നതും കുട്ടനായിരുന്നു. ഒരു ചെകുത്താന്‍ കൂട്ടായ്മയുടെ നീലവണ്ടിയായിരുന്നു ആ സി.ബി.സെഡ്.

എ.വി ഷെറിന്‍

‘അതൊരു ഇരുമ്പിന്‍കീടം’
ഇതിനിടയില്‍ പലപ്പോഴായി എനിക്ക് ബുള്ളറ്റ് പൂതിയുണ്ടായി. പട്ടാളം ലേലം ചെയ്യുന്ന ബുള്ളറ്റ് മദ്രാസില്‍ നിന്ന് വാങ്ങി നന്നാക്കി പട്ടാളക്കഥയും പറഞ്ഞ് വണ്ടിയോട്ടാമെന്ന് ചിലര്‍. 60 മോഡല്‍ വാങ്ങി പച്ച പെയ്ന്റടിച്ച് മെയ്ക്കിംഗ് ഇയര്‍ പറഞ്ഞ് നടക്കാമെന്ന് മറ്റു ചിലര്‍. ക്രാങ്ക് കട്ടികുറച്ച പുതിയ വണ്ടി ഷോറൂമില്‍ നിന്ന് വാങ്ങിയാല്‍ മൈലേജ് പ്രശ്നമില്ലെന്ന് മറ്റു ചിലര്‍. ഇതിനെല്ലാമിടയില്‍ അനി എന്നോട് തട്ടിക്കയറി:നീ ബുള്ളറ്റ് വാങ്ങിയാല്‍ ഞാന്‍ നിന്നെ കൊല്ലും.
കാരണം?
അതിന് അനി പറഞ്ഞത് ഒരൊറ്റ കാര്യമാണ്. ആ വണ്ടി വാങ്ങിയാല്‍ നീ കുടുങ്ങും.അതിന് ചില്ലറ ന്യായങ്ങളും അനി നിരത്തി. ഒന്നാമത് അതൊരു ‘ഇരുമ്പിന്‍കീടം’ ആണ്. ഒരു അറുപഴഞ്ചന്‍ എഞ്ചിന്‍.ടെക്നോളജിക്കലി ഇംപെര്‍ഫെക്റ്റ്. എപ്പോഴും ചെയ്ന്‍ ലൂസാകും. ബാറ്റ്റി ഡൌണ്‍ ആകും.രാത്രി ഒരു സാധനം മോഷ്ടിച്ച് വണ്ടിയില്‍ രക്ഷപ്പെടാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല. കാരണം ആ സാധനം വേണ്ടപ്പോഴൊന്നും സ്റ്റാര്‍ട്ടാകില്ല. കിക്കിംഗ് സമയത്ത് ആംപിയര്‍ കറക്ടല്ലെങ്കില്‍, പൊലീസുകാര്‍ ലാത്തികൊണ്ട് കാല്‍വെള്ളക്കടിക്കും പോലെ അടികിട്ടും. അടിതെറ്റിമറിഞ്ഞാല്‍ കനം താങ്ങാനാകാതെ എല്ലു പൊട്ടും….അങ്ങിനെ ഒടുങ്ങാത്ത ന്യായങ്ങള്‍.

 

അനിക്കുട്ടന്‍ മാതൃഭൂമി യാത്ര സംഘടിപ്പിച്ച മസനഗുഡി ബൈക്ക് യാത്രയില്‍

 

ഏതായാലും ഇടവേളകളിലെ ആനന്ദത്തിനായി സുഹൃത്തുകളുടെ പഴയതും പുതിയതുമായ ബുള്ളറ്റുകളോടിക്കുമ്പോള്‍ ഒരു സുഖവും തോന്നാത്തതിനാല്‍ ഞാന്‍ ബുള്ളറ്റ് മോഹം ഉപേക്ഷിച്ചു.
അനി മരിച്ചുപോയി.അനിയുടെ സുന്ദരിയായ അമ്മക്ക് കഠിനമായ അല്‍ഷിമേഴ്സ് ബാധിച്ച് ഞങ്ങളെയാരെയും തിരിച്ചറിയാതെയുമായി. പക്ഷേ ബുള്ളറ്റില്‍ ഞെളിഞ്ഞിരുന്ന് ‘ഈ ലോകം എന്നാല്‍ ഭരിക്കപ്പെടുന്നു’ എന്ന മുഖഭാവവുമായി വണ്ടിയോടിച്ചു പോകുന്നവരെ കാണുമ്പോള്‍ ഇപ്പോഴും അനിയെ ഓര്‍മ വരും.

ജാതി നെഗളിപ്പുകള്‍
ബുള്ളറ്റിനെ കുറിച്ചുള്ള ആരാധനയും വര്‍ണ്ണനയും കേട്ടാല്‍ ഈ വണ്ടി ജനാധിപത്യബോധം ഉള്‍ക്കൊള്ളാത്ത കോമാളിയാണെന്ന് നിസ്സംശയം പറയാനാകും. ജാതി^കൊളോണിയല്‍ നെഗളിപ്പുകളുടെ കൊടിയടയാളമാണ് (ഈ വാക്കിന് അന്തരിച്ച എ.സോമന്‍ സാറിനോട് കടപ്പാട്) അതിന്റെ ശബ്ദം. ഒരു തരം ‘പട്ടാളപരത’ ബുള്ളറ്റില്‍ അടിമുടിയുണ്ട്. റോഡില്‍ മറ്റ് വണ്ടികള്‍ ബുള്ളറ്റിന് മാറിത്തരണമെന്നും അത് വലിയ ശബ്ദമുണ്ടാക്കുന്നത് ജനങ്ങള്‍ കേട്ടുനില്‍ക്കണമെന്നും ആ വണ്ടിയോടിക്കുന്നവര്‍ അബോധമായെങ്കിലും ആഗ്രഹിക്കുന്നു. യു.പിയിലെ സവര്‍ണരും തമിഴ്നാട്ടിലെ ദലിത് വേട്ടകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജാതിഭ്രമം മൂത്ത തേവര്‍ വിഭാഗവും ഒരേ പോലെ ‘കംഫര്‍ട്ടബ്ള്‍’ ആകുന്ന ഒരു വണ്ടിയായി ബുള്ളറ്റ് മാറുന്നു.
എന്തുകൊണ്ടാണ് നമ്മുടെ സിനിമകളില്‍ ജഗതി ശ്രീകുമാറോ, ആലും മൂടനോ ദലിത് വിഭാഗത്തില്‍ പെടുന്നവരോ ബുള്ളറ്റ് ഓടിച്ചു വരാത്തത്? എന്തുകൊണ്ടാണ് അത് നായകനും പ്രതിനായകനും (സീസണ്‍, പത്മരാജന്‍) മാത്രം റിസര്‍വ് ചെയ്യപ്പെട്ട വണ്ടിയാകുന്നത്? എന്തുകൊണ്ടാണ് ‘ദേവാസുരം’ മാതൃകയിലുള്ള ഫ്യൂഡല്‍ സിനിമകളില്‍ മോഹന്‍ലാല്‍ ബുള്ളറ്റ് തന്നെ തെരഞ്ഞെടുത്തത്?

ആ സെറ്റുകളിലൊന്നും 100 സി.സിയോ, 150 സി.സിയോ ബൈക്കുകളോ, പവറിനും പെര്‍ഫോമന്‍സിനുമാണെങ്കില്‍ ഒരു യമഹ 350യോ, ആര്‍ വണ്ണോ, കവാസാകി നിന്‍ജയോ കിട്ടാഞ്ഞിട്ടാണോ സംവിധായകര്‍ ബുള്ളറ്റിനായി ശാഠ്യം പിടിച്ചത്?
തീര്‍ച്ചയായും അല്ല. കാരണം ബുള്ളറ്റ് ഒരു അടയാളമാണ്. അത് ധ്വനിപ്പിക്കുന്ന ചിലതുണ്ട്. അത് അധികാരത്തിന്റെന്റേയും ജാതിക്കോയ്മയുടെയും ധാര്‍ഷ്ട്യത്തിന്റെയും സര്‍വോപരി ‘ആണത്തത്തിന്റെയും’ അടയാളമാണ്. അതാണ് പൊതുസമൂഹത്തില്‍, ഒരു വണ്ടിയുടെ അടിസ്ഥാനപരമായ സാങ്കേതികതകള്‍ അറിയാത്തവരുടെ ഇടയില്‍ പോലും അതിനെ പ്രിയങ്കരമാക്കുന്നത്.
ആക്സിലറേഷന്‍, സ്റ്റെബിലിറ്റി എന്നിവ മാനദണ്ഡമാക്കുമ്പോഴും ബുള്ളറ്റ് പിന്നിലാണ്. ഗ്രാവിറ്റി ഡാമിന്റെ വിശ്വാസ്യത അതിന്റെ കനമാണ് എന്ന് മുല്ലപ്പെരിയാറിനെക്കുറിച്ച് ജയലളിത പറഞ്ഞതുപോലുള്ള ഒരു വാദമാണ് ബുള്ളറ്റിന്റെ റൈഡിംഗ് കംഫര്‍ട്ടിനെക്കുറിച്ച് ആരാധകര്‍ക്ക് പറയാനുള്ളത്. അത് അടിസ്ഥാനപരമായി കനമുള്ള ഏത് വണ്ടിയുടേയും ഒരു ഗുണമാണ്. അതില്‍ സാങ്കേതിക മികവിന് വലിയ സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. പുതിയ ജനറേഷനില്‍ പെട്ട ഒരു 150 സി.സി, 12 ബി.എച്ച് പി മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് തന്നെ ബുള്ളറ്റിനെ ബഹുദൂരം പിന്നിലാക്കാം എന്നതാണ് മറ്റൊരു കാര്യം.

കൊളോണിയല്‍ കൊടിയടയാളം
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ ബൈക്കുകള്‍ 1949 മുതല്‍ ഇന്ത്യയില്‍ വില്‍പനക്കുണ്ട്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ അതിര്‍ത്തികളില്‍ പട്ടാളക്കാര്‍ക്ക് റോന്തുചുറ്റാന്‍ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെട്ട ബൈക്ക് 350 സി.സി ബുള്ളറ്റായിരുന്നു. അന്ന് ഒറ്റയടിക്ക് 800 മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ഓഡര്‍ നല്‍കി എന്നതാണ് ചരിത്രം. അത് ഒരു പക്ഷേ എക്കാലത്തെയും വലിയ ബൈക്ക് ഓഡറുകളില്‍ ഒന്നാകാം. 1955 ആകുമ്പോഴേക്ക് മദ്രാസ് മോട്ടോഴ്സുമായി ചേര്‍ന്ന് എന്‍ഫീല്‍ഡ് ഇന്ത്യ എന്ന പേരില്‍ 350 സി.സി ബൈക്കുകളുടെ അസംബ്ലിംഗ് യൂനിറ്റ് തുടങ്ങി. 60കളുടെ തുടക്കത്തിലാണ് ഇന്ത്യയില്‍ ബുള്ളറ്റിന്റെ നിര്‍മാണം പൂര്‍ണമായും തുടങ്ങിയത്.പിന്നീട് ആ പഴയ ഫ്രെയിമില്‍ ഉടല്‍ മാറ്റാതുള്ള പല പരീക്ഷണങ്ങള്‍ നടന്നു.

1994 ഐഷര്‍ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം ഇത് കൂടുതല്‍ വിജയകരമായി തുടരുകയാണ്.അതിനിടയിലെപ്പോഴൊ, എന്‍ഫീല്‍ഡ് ടോറസ് എന്ന പേരില്‍ ഡീസല്‍ എഞ്ചിനിലും അവര്‍ ഒരു പരീക്ഷണം നടത്തി. ആര്‍ക്കും അടങ്ങാത്ത വെളിച്ചപ്പാടിനെപ്പോലെ ഓടിയ ആ മെഷീന്‍ അകാലചരമമടയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. പക്ഷേ അപൂര്‍വമായെങ്കിലും ഡീസല്‍ എഞ്ചിനുകള്‍ ഘടിപ്പിച്ച ചില ബുള്ളറ്റുകള്‍ ഇപ്പോഴും നാട്ടില്‍ പുറങ്ങളില്‍ കാണാം.

 

അനിക്കുട്ടന്‍ മാതൃഭൂമി യാത്ര സംഘടിപ്പിച്ച മസനഗുഡി ബൈക്ക് യാത്രയില്‍ അനിക്കുട്ടന്‍. സമീപം എ.വി ഷെറിന്‍

 

ആണത്തത്തിന്റെ പ്രതീകം
ക്ഷുഭിതയൌവനങ്ങളുടെ (ഇത് പുരുഷകോയ്മയുടെ ഒരു ലൈസന്‍സ് വേഡ് ആണ്) കാലത്ത് ‘ആണത്തത്തിന്റെ’ പ്രതീകമായിരുന്നു ബുള്ളറ്റ്. കൂളിംഗ് ഗ്ലാസ് വെക്കുന്നയാളെയേ അവള്‍ക്കിഷ്ടമാകൂ എന്നൊക്കെ പറഞ്ഞിരുന്നതു പോലെ കാമുകിമാരെ സമ്പാദിക്കാനുള്ള ഒരു എളുപ്പവഴിയായി ‘ആണ്‍കുട്ടികള്‍’ ബുള്ളറ്റിനെ കണ്ടിരുന്നു. നിത്യേന മുട്ടയും പാലും കഴിച്ചാല്‍ മാത്രമേ അതിനെ മെരുക്കിക്കൊണ്ടു നടക്കാന്‍ പറ്റൂ എന്ന അടക്കം പറച്ചിലും കേട്ടു.റോഡില്‍ ശാന്തത ഒരു സ്ഥായീ ഭാവമായി നിലനിന്നിരുന്ന 60കളില്‍ എപ്പോഴെങ്കിലും കടന്നുവരുന്ന ബുള്ളറ്റ് ഒരു മേളപ്പെരുക്കം പോലെ തോന്നിച്ചിരുന്നു. പിന്നീട് ജാപ്പനീസ് വണ്ടികള്‍ നിരത്തിലറങ്ങിയ 80കള്‍ മോട്ടോര്‍ ബൈക്കിന്റെ വരേണ്യതയെ നിലം പരിശാക്കിയതോടെ ബുള്ളറ്റ് ആഢ്യത്തിന്റെ മേനിപറച്ചിലിലേക്ക് പൂര്‍ണമായും മാറി. സൈലന്‍സറിന് പിന്നില്‍ മിനിലോറിയുടെ മഡ്ഫ്ലാപ് ഘടിപ്പിച്ചുണ്ടാക്കുന്ന പട-പട ശബ്ദം അരോചകവും മലിനീകരണവുമായി.

ശരാശരി 26^30 കിലോമീറ്റര്‍ മൈലേജുണ്ടായിരുന്ന 350 സി.സി എഞ്ചിനിലേക്ക് പല ബൈക്കുകളുടെയും കാര്‍ബറേറ്ററുകള്‍ കൂട്ടിക്കെട്ടി മൈലേജ് കൂട്ടി 45 വരെ എത്തിച്ചതോടെ ശരാശരി വരുമാനമുള്ളവനും ‘മാച്ചിസ്മോ’ ആവാന്‍ ബുള്ളറ്റിലേക്ക് വന്നു. മധ്യവര്‍ഗ കുടുംബങ്ങളിലെ വരുമാനം വര്‍ധിച്ച 90 കളില്‍ ആര്‍ക്കും ഒരു ബുള്ളറ്റ് ഓടിച്ചു നടക്കാം എന്നായി. ഇതിനായി പലരും പഴയ ബുള്ളറ്റുകള്‍ തേടിയലഞ്ഞു. 15^20 ആയിരത്തിന് അന്ന് പഴയ ബുള്ളറ്റുകള്‍ കിട്ടുമായിരുന്നു. അത്ര തന്നെ പണം മുടക്കി, വാക്സ് പോളീഷിട്ട് മിനുക്കി ആകാവുന്നിടമെല്ലാം നിക്ലിംഗ് ചെയ്ത് ചിലയിടങ്ങളില്‍ പിച്ചളയെഴുത്തുകള്‍ ഒട്ടിച്ച് അതിനെ ‘റോയലാക്കി’. പഴയ ക്ലാസിക് ബൈക്കിന്റെ ഇന്ധനക്ഷമതയിലെ പോരായ്മയും സാങ്കേതിക പിന്നാക്കാവസ്ഥയും വിലയിരുത്തി എന്‍ഫീല്‍ഡ് നിര്‍മാതാക്കള്‍ പല പല വേര്‍ഷനുകള്‍ നിരത്തിലിറക്കി.
പുതിയ പല മോഡലുകള്‍ക്കും സ്റ്റാര്‍ട്ടിംഗ് പ്രശ്നങ്ങള്‍ കുറവാണ്. പക്ഷേ അതിനേക്കാള്‍ മികച്ചതാണ് 60 മോഡല്‍ വണ്ടി എന്നാണ് മാര്‍ക്കറ്റിലെ സംസാരം. അതിന് വന്‍ വില കൊടുക്കുകയും വേണം. ഇവിടെയാണ് ബുള്ളറ്റ് ഒരു ഫ്യൂഡല്‍^കൊളോണിയല്‍ അടയാളമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
നാട്ടിലെ ദരിദ്രരായ ചെറുപ്പക്കാര്‍ ഇപ്പോഴും ഒരു ബുള്ളറ്റ് ഓടിച്ചു പോകുക എന്നത് സ്വപ്നം കണ്ട് ജീവിക്കുന്നു. അത് ദലിതുകള്‍ കസവുമുണ്ട് പുതച്ച് ക്ഷേത്രത്തില്‍ പോകുമ്പോള്‍ കിട്ടുന്ന ഒരു ആനന്ദത്തിനായുള്ള അന്വേഷണമാണ്. അത്തരം നിരവധി അബോധ ആനന്ദങ്ങളുടെ ഒരു ഏജന്റ് ആണ് ബുള്ളറ്റ്.

(ഈ ലേഖനത്തിലെ അവസാന പാരഗ്രാഫിലെ ചില ആശയങ്ങള്‍ ശ്രീ.എന്‍.വി. ജയപ്രകാശിന്റേതാണ്)

MORE POSTS ON BULLET LIFE

ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റ് മുതലാളി

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

2 thoughts on “അബോധ ആനന്ദങ്ങളുടെ ഏജന്റ്

 1. അനിയേട്ടന്റെ ഓര്‍മ്മ..
  വല്ലാത്ത സ്നേഹത്തിന്റെ
  ഗാംഭീര്യമുള്ള ഓര്‍മ…
  എപ്പോഴൊക്കെയോ ഞങ്ങള്‍ ഒപ്പമുണ്ടായിരുന്നു…
  അതിന്റെ…

 2. പട്ടാലപരത, കൊളോണിയല്‍ കൊമ്മാളി, ഫുടളിസം , അധികാരം, ജാതികൊയ്മ, ധാര്‍ഷ്ട്യം – പൂരണമായു തെറ്റല്ല – ശരിയും അല്ല. കാഴ്ചപ്പാടിനെ അനുസരിച്ച് ഇരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാ ബുല്ലെടീര്‍-ന്റെ മനസ്സിലും ഒരു കൊച്ചു കുട്ടിയുണ്ട്. അത്രയേ ഉള്ളു. മേല്പറഞ്ഞ ക്വാളിടീസ് ചില മനുഷ്യര്‍ക് ഉണ്ടാകാം. വണ്ടിക്കില്ല.
  മുപ്പത്തി അഞ്ചു വര്‍ഷമായി പല ടൂ വീലറുകള്‍ ഞാന്‍ ഓടിക്കുന്നു; ബുല്ലെടിനോടുള്ള സ്നേഹവും ബഹുമാനവും മറ്റൊന്നിനോടും ഒരിക്കലും തോന്നിയിട്ടില; ഒരു പക്ഷെ മുപ്പത്തി ആര് വര്‍ഷമായി ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാത്ത എന്റെ പഴയ വെസ്പ ഒഴിച്ച്.

  ഷെറിന്‍ എത്രയും വേഗം ഒരു ബുല്ലെറ്റ് വാങ്ങിക്കും എന്ന് പ്രതീക്ഷിക്കുന്നു!

  സുഹ്രത് അനികുട്ടന്‍ ഒരു വേദനയായി മനസ്സില്‍ അവശേഷിക്കുന്നു.

  സസ്നേഹം
  ബാലചന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *