മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

തീര്‍ച്ചയായും അത് അങ്ങനെ തന്നെയാണ് . ഈ ലോകത്തില്‍ രണ്ടു വിഭാഗം മനുഷ്യരെ ഉള്ളൂ എന്ന് പോലും ചിലപ്പോള്‍ ആ ഒരു അഹങ്കാരം കൊണ്ട് തോന്നിയിട്ടുണ്ട് . സ്വന്തമായി ബുള്ളറ്റ് ഉള്ളവരും അന്യന്‍ ബുള്ളറ്റില്‍ പോവുന്നത് കൊതിയോടെ/കേറുവോടെ നോക്കി നിക്കുന്നവരും എന്നീ രണ്ടു വിഭാഗം! വിലയേറിയതും വില കുറഞ്ഞതുമായ മറ്റു പലതരം വാഹനങ്ങളിലും യാത്ര ചെയ്യുകയും അവയെ ഓടിച്ചു നോക്കുകയും ചെയ്തു നോക്കിയിട്ടുണ്ട്.. പക്ഷെ ലെവനെ ഓടിച്ചു പോകുമ്പോഴുള്ള ഒരു രാജകീയ പ്രൌഢി മറ്റൊന്നില്‍ നിന്നും കിട്ടിയിട്ടില്ല എനിക്കൊരിക്കലും-ഗറില്ല എന്നു പേരിട്ടുവിളിക്കുന്ന സ്വന്തം ബുള്ളറ്റിനെക്കുറിച്ച് കവി ശൈലന്‍

 

 

No. 201,Thimeeah Road, Bangalore 51 എന്നൊരു മേല്‍വിലാസം ഇപ്പോള്‍ ഉണ്ടോ ആവോ?
ആരറിയുന്നു. ആ മേല്‍വിലാസത്തില്‍ ഷംസുദ്ദീന്‍ ഉമ്മര്‍ എന്നൊരു താമസക്കാരന്‍ ഇപ്പോള്‍ ഉണ്ടോ എന്നും അറിയില്ല. എന്നാല്‍ ഒരുകാലത്ത് അദ്ദേഹത്തിന്റെ നെടുംജീവനായിരുന്നിരിക്കാവുന്ന ഒരു അമൂല്യമുതല്‍ ഇപ്പോള്‍ കുറെ കാലമായി എന്നോടൊപ്പമാണ്. ഒപ്പമാണ് എന്ന് പറഞ്ഞാല്‍ പോര അത്/അവന്‍ എന്റെയും ഉയിരാണ്!
എന്റെ ‘ഗറില്ല’ അയാള്‍ക്കു എന്തായിരുന്നോ എന്തോ..!

ഇപ്പോള്‍, അങ്ങനെ, ‘ഗറില്ല’ എന്ന് ഞാന്‍ പേരിട്ടു വിളിക്കുന്ന എന്റെ KL 10 B 2229 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 1973 ആഗസ്ത് എട്ടിന് ശ്രീ.ഷംസുദ്ദീന്‍ ഉമ്മര്‍ ധാര്‍വാറിലെ ആര്‍ ടി ഓഫീസില്‍ MEW1441 നമ്പര്‍ ആയി രജിസ്റര്‍ ചെയ്യുമ്പോള്‍ ഞാന്‍ ജനിച്ചിട്ട് പോലുമില്ല. അല്ലെങ്കില്‍ എന്നെ കുറിച്ചു പ്രപഞ്ചത്തിന്റെ വിശാല മനസ്സ് ചിന്തിച്ചു തുടങ്ങിയിട്ട് പോലുമുണ്ടാവില്ല. 1975ലെ ദു:ഖ വെള്ളിയില്‍ ഭൂജാതനാവാനിരിക്കുന്ന എന്നെ കുറിച്ച് അച്ഛനും അമ്മയും പോലും അക്കാലത്ത് ആലോചിച്ചിരിക്കാന്‍ സാധ്യതയില്ല.

എന്‍ഫീല്‍ഡിന്റെ വഴികള്‍ ആരറിവൂ എന്ന് പാടി പോവാതിരിക്കുന്നതെങ്ങനെ !

ഈ മുപ്പത്തെട്ടു വര്‍ഷത്തിനിടയില്‍ ഷംസുദ്ദീനും ശൈലനും ഇടയില്‍, ധാര്‍വാറിനും മഞ്ചേരിക്കും ഇടയില്‍ അയാളുടെ/എന്റെ ഗറില്ല ഓടിയ വഴികളും ഭൂപ്രകൃതികളും അവനെ മെരുക്കിയോടിച്ച മഹാന്മാരും എത്രയെത്ര കാണും! ‘ആരാകിലെന്ത് മിഴിയുള്ളവര്‍ നോക്കിനിന്നിരിക്കാം’ എന്ന മട്ടില്‍ എത്ര പാവങ്ങള്‍ അവനെ കൊതിയോടെ കണ്ണ് വെച്ചിരിക്കാം.

വേറെ പണിയൊന്നുമില്ലെങ്കില്‍ ഒന്നോ പത്തോ ദിവസം ആലോചിച്ചു തല പുണ്ണാക്കാവുന്ന വിഷയമാണ് അത്.

 

ശൈലന്റെ ഗറില്ല

 

തീര്‍ച്ചയായും അത് അങ്ങനെ തന്നെയാണ് . ഈ ലോകത്തില്‍ രണ്ടു വിഭാഗം മനുഷ്യരെ ഉള്ളൂ എന്ന് പോലും ചിലപ്പോള്‍ ആ ഒരു അഹങ്കാരം കൊണ്ട് തോന്നിയിട്ടുണ്ട് . സ്വന്തമായി ബുള്ളറ്റ് ഉള്ളവരും അന്യന്‍ ബുള്ളറ്റില്‍ പോവുന്നത് കൊതിയോടെ/കേറുവോടെ നോക്കി നിക്കുന്നവരും എന്നീ രണ്ടു വിഭാഗം! വിലയേറിയതും വില കുറഞ്ഞതുമായ മറ്റു പലതരം വാഹനങ്ങളിലും യാത്ര ചെയ്യുകയും അവയെ ഓടിച്ചു നോക്കുകയും ചെയ്തു നോക്കിയിട്ടുണ്ട്.. പക്ഷെ ലെവനെ ഓടിച്ചു പോകുമ്പോഴുള്ള ഒരു രാജകീയ പ്രൌഢി മറ്റൊന്നില്‍ നിന്നും കിട്ടിയിട്ടില്ല, എനിക്കൊരിക്കലും. ഇത്ര കൌതുകത്തോടെ മറ്റൊരു വാഹനത്തിലിരിക്കുംപോഴും എന്നെയാരും പരിഗണിച്ചിട്ടില്ല.. അതിനാല്‍ തന്നെ ഇത്ര കോണ്‍ഫിഡന്‍സ് മറ്റൊരു ഡ്രൈവില്‍ നിന്നും എനിക്ക് കിട്ടിയിട്ടുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ആ പഴയ ടി.വി പരസ്യത്തില്‍ എന്നപോല്‍ തന്നെ തോന്നും..!!

ബുള്ളറ്റിന് ക്രോസ് ചെയ്തു പോവാനായി ഗെയിറ്റടച്ചു കാത്തു നില്‍ക്കുന്ന തീവണ്ടിയുടെ ആ പരസ്യ ചിത്രം ആരെങ്കിലും മറന്നിട്ടുണ്ടാവുമോ?

പഴയ പോലൊന്നുമല്ല , വന്നു വന്നിപ്പോള്‍ എവിടെ നോക്കിയാലും എല്ലാ/എന്റെ നഗരത്തിലും ബുള്ളറ്റാണ്. നമ്മടെ ചെക്കന്‍മാരു തന്നെ തമിഴ് നാട്ടിലും കര്‍ണാടകയിലും പോയി അവിടങ്ങളില്‍ ഉള്ള സകല വണ്ടികളും തൂത്തു വാരിയെടുത്ത് ഇവിടെ കൊണ്ട് വന്നു നല്ല മാര്‍ജിനില്‍ വിറ്റഴിക്കുന്നു. പലപ്പോഴും ,ശ്രദ്ധിച്ചാല്‍, കടന്നു പോവുന്ന ഓരോ നാലു റ്റുവീലറുകളില്‍ ഒന്ന് ബുള്ളറ്റാണ് എന്ന അവസ്ഥയിലായിരിക്കുന്നു. എന്നിട്ട് പോലും നമ്മടെ ‘ഗറില്ല’ക്ക് അത് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന കിട്ടുന്നുണ്ട് എന്ന് പറഞ്ഞാല്‍, അതും ഞാനും തമ്മില്‍ ഉള്ള കെമിസ്ട്രിയുടെ കിടപ്പുവശം അങ്ങനെയാണെന്നാണ് മനസ്സിലാക്കേണ്ടത്..

അതൊരു ‘മെയ് ഡു ഫോര്‍ ഈച്ച്അദര്‍’ സെറ്റപ്പായിട്ടാണ് മറ്റുള്ളവര്‍ കാണുന്നത് എന്നാണു മനസിലാവുന്നത്..

വല്ലപ്പോഴും രണ്ടു മൂന്നു ദിവസം അടുപ്പിച്ചു വേറെ ബൈക്കില്‍ കറങ്ങിയാല്‍, മഴയുള്ളപ്പോള്‍ കാറില്‍ പോവാമെന്നു വെച്ചാല്‍, ഓസീയാറിനു കട്ടയിട്ടു ക്യൂവില്‍ പോയവനെ ബീവറെജിനു താഴെയുള്ള ഇടവഴിയില്‍ ഏതെങ്കിലും കൂട്ടുകാരന്റെ വണ്ടിയില്‍ കാത്തു നില്‍ക്കുമ്പോള്‍, സ്വസ്ഥമായൊന്നു വായിനോക്കി നടക്കാമെന്ന് വെച്ചാല്‍, അപ്പോഴെല്ലാം ബുള്ളറ്റിനു സുഖമല്ലേ എന്ന ചോദ്യവുമായി അപരിചിത/ പുതുമുഖകഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്യുകയായി . സ്വതവേ ഈഗോയുടെ അച്ഛനായ എനിക്ക് ചിലപ്പോ ലെവനോട് അസൂഷ തോന്നുന്നു. എന്നെക്കാളും പുലിയോ ലിവനെന്ന് ..!

പിന്നെ ഇത് പരസ്പരമുള്ള ഒരു പാക്കേജാണല്ലോ എന്ന് കരുതിയങ്ങു ക്ഷമിക്കുന്നു.

മിക്കവാറും ദിവസം വണ്ടിക്കു വില പറഞ്ഞു ആരെങ്കിലുമൊക്കെ ചുറ്റിപ്പറ്റി വരുന്നുണ്ട് . ചിലരോട് , ഞാന്‍ ചത്താലും ഇത് ആരുടേയും കൂടെ പോവാന്‍ സാധ്യതയില്ല എന്ന് പറഞ്ഞ്, ആ പാരസ്പര്യത്തെ ഉദാത്തവല്‍ക്കരിക്കുന്നു. മറ്റു ചിലരോട്, കേട്ടാല്‍ ചെവി കത്തുന്ന വില പറഞ്ഞ് ‘യിതു നിങ്ങക്ക് മൊതലാവില്ലിഷ്ടാ’ന്ന് സാത്വികനാവുന്നു. മറ്റു ചിലരെ മെരട്ടുന്നു.

ശൈലന്‍ ബുള്ളറ്റിനരികെ

പത്തറുനൂറു പേര്‍ ജോലി ചെയ്യുകയും അയ്യായിരത്തിലധികം പേര്‍ പ്രതിദിനം വന്നുപോവുകയും ചെയ്യുന്ന ഒരു സ്ഥാപനത്തില്‍ എന്റെ ഗറില്ലയെ കുറിച്ചു മാത്രം വണ്ടിയെന്ന നിലയില്‍ ഉന്നതങ്ങളിലേക്ക് പരാതി പോവുമ്പോള്‍ മനസിലാവുമല്ലോ, പാരകളും സജീവമാണ് എന്ന്. ശബ്ദം കുറച്ചു കൂടുതല്‍ ഉണ്ടെന്നത് സത്യമാണ്. മൂന്നു ഭാഗവും ബഹുനില കെട്ടിടങ്ങളും ഒരു ഭാഗം കൂറ്റന്‍ മതിലുമുള്ള ഒരു കോമ്പൌണ്ടില്‍ അറൈവലിന്റെയും ഡിപ്പാര്‍ച്ചറിന്റെയും പശ് ചാത്തലസംഗീതം കുറച്ചു കനത്ത എഫക് റ്റില്‍ ആവുന്നത് സ്വാഭാവികം! പക്ഷെ അതിങ്ങനെ ഇരുപത്തിനാല് മണിക്കൂറും സ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയതൊന്നുമല്ലല്ലോ! ഏറി വന്നാല്‍ മുപ്പതു സെക്കന്‍ഡില്‍ തീരുന്ന ഒരു സംഭവം. അത്രേള്ളൂ രാവിലെയും വൈകുന്നേരവും അവര്‍ പറയുന്ന ഈ ശബ്ദമാലിന്യം . ആയതിനാല്‍ തന്നെ പരാതി കൊടുത്തവന്റെ ഉള്ളിലെ ഉദ്ദേശ ശുദ്ധി വ്യക്തം! ഏതായാലും എനിക്കതങ്ങട് സുഖിച്ചു.

ആരെങ്കിലുമൊക്കെ ഇങ്ങനെയും കൂടി നമ്മളെ ശ്രദ്ധിക്കാന്‍ ഉണ്ടാവുന്നതും ഒരു സുഖമല്ലേ!

MORE POSTS ON BULLET LIFE

ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റ് മുതലാളി

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

One thought on “മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

Leave a Reply

Your email address will not be published. Required fields are marked *