ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

‘പനിച്ചുവിറച്ച് ചാകാറായിക്കിടന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. പക്ഷേ ‘ബുള്ളുവിന്റെ’ ടയറില്‍ ഒരു പൌണ്ട് കാറ്റ് കുറഞ്ഞാല്‍ സഹിക്കാനാവില്ല. കുഞ്ഞിലെ കഴിച്ച ഭക്ഷണത്തില്‍ വിറ്റാമിന്റെയോ മിനറല്‍സിന്റെയോ കുറവ് വന്നതുകൊണ്ടല്ല ബുള്ളറ്റെന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരുന്നത്. അതൊരു വികാരമാണ്. തേര്‍ഡ് ഗിയറില്‍ അവനെ നയിക്കുമ്പോള്‍ ഉയരുന്ന ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ. ശരിക്കും നെഞ്ചിടിപ്പുപോലെ- ജുവിന്‍ നായര്‍ എഴുതുന്നു

 

 

‘ലോകത്ത് പല ജാതി മനോരോഗങ്ങളുണ്ട്. ഇതില്‍ ചിലത് നമ്മെ ഭയങ്കരമായി രസിപ്പിക്കും. പക്ഷേ ഭ്രാന്ത് അഭിമാനമായി കൊണ്ടുനടക്കുന്നവരെ കാണുമ്പോള്‍ ഞെട്ടരുത്. ഒത്ത പൊക്കവും തടിയും തൂക്കവുമുള്ളവരെ കാണുമ്പോള്‍ ശ്രദ്ധിക്കുക. അവരുടെ വലത് കാല്‍ക്കുഴയില്‍ കരിയോയിലിന്റെ അംശം പറ്റിയിട്ടുണ്ടെങ്കില്‍ ഉറപ്പിക്കാം. അവന്‍ ഒരു തരം വട്ടനാണ്. കൃത്യമായി പറഞ്ഞാല്‍ ബുള്ളറ്റ് ഭ്രാന്തന്‍. സ്വാതന്ത്യ്രത്തിനും മുമ്പത്തെ സാങ്കേതിക വിദ്യയില്‍ ഒരു ബ്രിട്ടീഷ് കമ്പനി ഉണ്ടാക്കി വിട്ട എടുത്താല്‍ പൊങ്ങാത്ത ബൈക്കും താങ്ങിക്കൊണ്ടു നടക്കുന്നവനെ വട്ടനെന്നല്ലാതെ പിന്നെ എന്തുവിളിക്കും. ഇന്ധനക്ഷമതയില്ലെന്നതുപോട്ടെ ആഴ്ചയില്‍ ഒരിക്കലെങ്കിലും വര്‍ക്ക്ഷോപ്പില്‍ കയറ്റിയില്ലെങ്കില്‍ മര്യാദക്ക് ഓടാന്‍പോലും കഴിയില്ല. ഈ തല്ലിപ്പൊളി സാധനത്തിന്റെ വിലക്ക് പത്ത് സെന്റ് സ്ഥലം വാങ്ങാം…’

ജുവിന്‍ നായര്‍

ഇത് ബുള്ളറ്റ് പ്രേമത്തിനും പ്രേമികള്‍ക്കും എതിരായ ലക്ഷണമൊത്ത ഒരു ആക്ഷേപമാണ്. അങ്ങനെയും അതിനപ്പുറവും ആക്ഷേപിക്കാം. എന്നാലും ഞങ്ങള്‍ക്ക് പ്രശ്നമല്ല. ഞങ്ങളെന്നുപറഞ്ഞാല്‍ ഇല്ലാത്ത കാശുണ്ടാക്കി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വാങ്ങുകയും എല്ലാ ദിവസവും രാവിലെ അത് തുടച്ചു മിനുക്കുകയും ചെയ്യുന്നവര്‍ക്ക്. പനിച്ചുവിറച്ച് ചാകാറായിക്കിടന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. പക്ഷേ ‘ബുള്ളുവിന്റെ’ ടയറില്‍ ഒരു പൌണ്ട് കാറ്റ് കുറഞ്ഞാല്‍ സഹിക്കാനാവില്ല. കുഞ്ഞിലെ കഴിച്ച ഭക്ഷണത്തില്‍ വിറ്റാമിന്റെയോ മിനറല്‍സിന്റെയോ കുറവ് വന്നതുകൊണ്ടല്ല ബുള്ളറ്റെന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരുന്നത്. അതൊരു വികാരമാണ്. തേര്‍ഡ് ഗിയറില്‍ അവനെ നയിക്കുമ്പോള്‍ ഉയരുന്ന ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ. ശരിക്കും നെഞ്ചിടിപ്പുപോലെ.

“Made like a gun, goes like a bullet” എന്ന പഴയ പരസ്യവാചകം കണ്ടിട്ടോ പൌരുഷത്തിന്റെ പ്രതീകം എന്ന പുതിയ പ്രലോഭനത്തില്‍ വീണിട്ടോ അല്ല ബുള്ളറ്റിനെ ആരാധിച്ചു തുടങ്ങുന്നത്. 350 സിസി നല്‍കുന്ന അതിവേഗമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബുള്ളറ്റിനെ അതിനും കിട്ടില്ല. ഓടിക്കാന്‍ അറിയാവുന്നവന് ഒരു സാദാ 125 സിസി ബൈക്ക് കിട്ടിയാല്‍ മതി ബുള്ളറ്റിനെ മറികടക്കാന്‍. യഥാര്‍ത്ഥ ബുള്ളറ്റ് റൈഡര്‍ മണിക്കൂറില്‍ 50 നും 60 ഇടക്കുള്ള സ്്പീഡായിരിക്കും തെരഞ്ഞെടുക്കുക. വെറും കുട്ടിക്കളിയല്ല ബുള്ളറ്റിലുള്ള യാത്ര. ഒരു ഇടഞ്ഞ കുതിരയെപോലെ വേണം അതിനെ സമീപിക്കാന്‍. കൃത്യമായ ലാളനകള്‍ക്ക് ശേഷമല്ല ശ്രമിക്കുന്നതെങ്കില്‍ അവന്‍ സ്റ്റാര്‍ട്ടാവില്ല. വാശി കാണിച്ചാല്‍ കിക്കറിന്റെ തിരിച്ചടിയില്‍പെട്ട് കാലുമുറിക്കാമെന്നതു മാത്രമാണ് മെച്ചം.

സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ബ്രേക്കും ഗിയറും സ്ഥാനം മാറിക്കിടക്കുന്നതിനാല്‍ ഏത് അണ്ടനും അടകോടനും പെട്ടന്ന് കയറി ഓടിക്കാനാവില്ല. അത് ബുള്ളറ്റ് റൈഡറിന്റെ ഗമ കൂട്ടുന്നു. ഓരോ ബുള്ളറ്റും അടുത്തതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. പിന്നിലെ ടയറിന്റെയും പെട്രോള്‍ ടാങ്കിന്റെയും വലിപ്പം കൂട്ടുന്നതും വണ്ടിയെ ആകെപ്പാടെ ക്രോമിയത്തില്‍ മുക്കുന്നതുമൊക്കെ ചെറിയ നമ്പറുകളാണ്. അരലക്ഷവും ഒരു ലക്ഷവുമൊക്കെ മുടക്കി വണ്ടി പണിതാലെ തൃപ്തിയാവൂ. എഞ്ചിന്‍ പണിയാനും കാര്‍ബുറേറ്റര്‍ പണിയാനും വിദഗ്ധരായ ആളുകള്‍ തന്നെ വേണം.

 

ക്ഷേത്രത്തിലെ ബുള്ളറ്റ് പ്രതിഷ്ഠ

 

ബുള്ളറ്റ് ക്ലബ്
ബുള്ളറ്റ് പോലെ തന്നെ പ്രത്യേകതയുണ്ട് ബുള്ളറ്റ് മെക്കാനിക്കുകള്‍ക്കും. അവര്‍ വേറൊരു വണ്ടിയും പണിയില്ല. സ്പെയര്‍പാര്‍ട്സ് ഒറിജിനലേ ഉപയോഗിക്കൂ. ഓരോ വണ്ടിയും അവന് സ്വന്തം വണ്ടിയാണ്. ആര് നന്നാക്കുന്നു എന്നത് സെക്കന്റ് ഹാന്റ് വിപണിയില്‍ ഓരോ ബുള്ളറ്റിന്റെയും വില വരെ നിര്‍ണയിക്കാന്‍ തക്കവിധം പ്രാധാന്യമുള്ള സംഗതിയാണ്. പിന്നെയുമുണ്ട് പ്രത്യേകത. ബുള്ളറ്റ് നന്നാക്കിയാല്‍ ആരും കണക്ക് പറയാറില്ല. മെക്കാനിക്കിന്റെ തൃപ്തിയാണ് ഉടമയുടെയും തൃപ്തി. സംശയമുണ്ടെങ്കില്‍ പാലാ കാനാട്ടുപാറയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ഷാജിയെപ്പോലെയുള്ളവരോട് ചോദിക്കാം.

ഈ ഷാജി നിസാരക്കാരനല്ല. അയാള്‍ ഒരേസമയം ബുള്ളറ്റിനെ സ്്നേഹിക്കുകയും ചികില്‍സിക്കുകയും ചെയ്യുന്നു. ബുള്ളറ്റിനെക്കുറിച്ച് പറയുന്നത് പ്രേമികള്‍ക്ക് ഭയങ്കര ഹരമാണ്. ഇതിനിടെ ഹീറോഹോണ്ടയുടെ കാര്യം എടുത്തിട്ടാല്‍ രസം പോകും. ഷാജിയും ഇത്തരക്കാരനാവണം. അതുകൊണ്ടാണ് ഒരു ബുള്ളറ്റ് ക്ലബ് ഉണ്ടാക്കിയാലോ എന്ന് അദ്ദേഹം ചിന്തിച്ചത്. ബുള്ളറ്റുള്ളവര്‍ക്ക് മാത്രം അംഗമാകാവുന്ന ഒരു ക്ലബ്. തന്റെ സ്ഥാപനത്തില്‍ ബുള്ളറ്റ് വാങ്ങാനും പണിയാനും എത്തുന്നവരോട് ഇക്കാര്യം പറഞ്ഞ് മടുത്തു. 2006ല്‍ സ്ഥാപനത്തില്‍ ബുള്ളറ്റ് ഉടമകളുടെ യോഗം ചേര്‍ന്നെങ്കിലും സ്റ്റാര്‍ട്ടായില്ല. ഐഡിയയുടെ എഞ്ചിനടക്കം അഴിച്ചുപണിത് നോക്കിയപ്പോള്‍ അല്‍പം അനക്കം വച്ചു.

2009 മാര്‍ച്ച് 21ന് നാല്‍പത് ബുള്ളറ്റ് ഉടമകളുടെ സംഗമം സംഘടിപ്പിച്ച് പാലാ ബുള്ളറ്റ്സ് എന്ന കൂട്ടായ്മയ്ക്കു രൂപം നല്‍കി. പെട്രോള്‍ തീര്‍ക്കലും വായില്‍നോട്ടവും ചുറ്റിക്കറക്കവുമൊന്നുമല്ല ഇവര്‍ ചെയ്യുന്നത്. പിന്നെയോ, റോഡ് സുരക്ഷാ ബോധവല്‍ക്കരണം, റോഡപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും പെടുന്നവര്‍ക്ക് സഹായം, സാമൂഹിക പ്രവര്‍ത്തനം എന്നിവയാണ് ലക്ഷ്യം ഇതിനൊക്കെ ഇവര്‍ചെല്ലുന്നത് ബുള്ളറ്റ് ഓടിച്ചായിരിക്കും അപ്പോള്‍ ഇവരെ ഓടിക്കരുതെന്ന് മാത്രം. സ്വന്തമായി ബുള്ളറ്റ്, ലൈസന്‍സ്, ഹെല്‍മറ്റ്, വാഹനം ഓടിക്കാന്‍ വേണ്ട നിയമപ്രകാരമുള്ള രേഖകള്‍, ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായാലേ ക്ലബില്‍ അംഗമാകാനാകൂ. റോഡ് സുരക്ഷാ നിയമങ്ങള്‍ തെറ്റിക്കുന്നവരും രേഖകളില്ലാതെ വാഹനമോടിക്കുന്നവരും വേണമെങ്കില്‍ വേറെ ക്ലബ്ബുണ്ടാക്കിക്കോണം. ബുള്ളറ്റുണ്ടെന്നു കരുതി എന്തുമാകാമെന്ന് കരുതരുതെന്ന് ചുരുക്കം. ക്ലബിനു വെബ്സൈറ്റും ബ്രാന്‍ഡ് അംബാസിഡറുമുള്ള ക്ലബ് സ്റ്റണ്ടിങ് ഗ്രൂപ്പും നടത്തുന്നുണ്ട്. വരനെയും വധുവിനെയും ബുള്ളറ്റ് റാലിയുടെ അകമ്പടിയോടെ പന്തലിലെത്തിക്കാന്‍ വരെ ഇവരെ ഉപയോഗിച്ചവരുണ്ടെന്ന് അറിയുമ്പോഴാണ് സാധാരണക്കാര്‍ക്ക് ഈ ഭ്രാന്തിന്റെ ആഴവും പരപ്പും മനസിലാവുന്നത്.

 

രാജസ്ഥാനിലെ ബുള്ളറ്റ് ക്ഷേത്രം

 

ബുള്ളറ്റിനൊരമ്പലം
പക്ഷേ യഥാര്‍ത്ഥ ബുള്ളറ്റുടമക്ക് ഇതൊന്നും ഒന്നുമല്ല. കാരണമറിയണമെങ്കില്‍ പാലായില്‍ നിന്ന് പാലിയിലെത്തണം. രാജസ്ഥാനിലെ പാലി ജോധ്പൂര്‍ ഹൈവേയുടെ അരികിലുള്ള ബുള്ളറ്റ് ബാബയുടെ ക്ഷേത്രം കാണണം. പാലിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ‘ഓം ബന്ന’, ഈ വഴിയോര ഗ്രാമത്തിന്റെ പേര്. ബുള്ളറ്റ് ബാബയില്‍ നിന്നാണ് ഗ്രാമത്തിനും ഈ പേര് കിട്ടിയത്. ബുള്ളറ്റിനെ നാട്ടുകാര്‍ ആരാധിക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. ബാബയുടെ അവതാര കഥയ്ക്കും വലിയ പഴക്കവുമില്ല. 1991ല്‍ ആണ് സംഭവം.

ബന്നാ ഗ്രാമത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഛോട്ടില ഗ്രാമത്തിന്റെ തലവനായ ജോഗ് സിംഗിന്റെ മകനായിരുന്നു ഓം സിംഗ്. രജപുത്ര യുവാക്കളെയെല്ലാം പേരിനൊപ്പം ബന്ന എന്ന് ചേര്‍ത്ത് വിളിക്കുമായിരുന്നതിനാല്‍ ഓം ബന്ന എന്നായിരുന്നു ഓം സിംഗ് അറിയപ്പെട്ടിരുന്നത്. വിവാഹം കഴിഞ്ഞ് അധികനാളാകുംമുന്നെ ഓം ബന്ന ഒരു ബുള്ളറ്റ് വാങ്ങി. പിന്നെ അതിലായി യാത്ര. വല്ലാത്തൊരു ബുള്ളറ്റ് പ്രേമമായിരുന്നു ബന്നയ്ക്ക്. ഒരു ദിവസം രാത്രി പാലിയില്‍ നിന്നും ഛോട്ടിലയിലേക്കുള്ള യാത്രയില്‍ വഴിയരികിലെ മരത്തിലിടിച്ച് ബന്ന ദൂരെയ്ക്ക് തെറിച്ചു വീണു. മണല്‍കൂനകള്‍ക്കിടയില്‍ ഇരുപതടി താഴ്ച്ചയില്‍ നിന്നാണ് ബന്നയുടെ ശവശരീരം ലഭിച്ചത്. പോലീസുകാരെത്തി ബൈക്ക് സ്റ്റേഷനിലേക്കെടുത്തു കൊണ്ടു പോയി. എന്നാല്‍ അന്നു രാത്രി തന്നെ അപകടമുണ്ടായ സ്ഥലത്ത് ബുള്ളറ്റ് തിരിച്ചെത്തി. ആരോ കരുതികൂട്ടി ചെയ്തതാണെന്ന ധാരണയില്‍ പോലീസുകാര്‍ ബൈക്ക് വീണ്ടും സ്റ്റേഷനിലെത്തിച്ചു. പെട്രോള്‍ മുഴുവന്‍ ഊറ്റികളഞ്ഞു. പക്ഷേ അന്നു രാത്രിയും അനുഭവം പഴയതു തന്നെ. ഭയന്നു പോയ പോലീസുകാര്‍ ബൈക്ക്, ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. അവര്‍ അത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു.

എന്നാല്‍ 400 കി.മി അകലത്തില്‍ നിന്നും ബൈക്ക്, വീണ്ടും അപകടം നടന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ബുള്ളറ്റ് വാങ്ങിയ ആളും അത് ഉപേക്ഷിച്ചു. കഥകള്‍ ഇങ്ങനെ നീളുന്നു… ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം ബുള്ളറ്റ് ബാബ സാധിച്ചു കൊടുക്കുമെന്നാണ് അവരുടെ വിശ്വാസം. ബാബക്കുള്ള വഴിപാടിന് വലിയ ചെലവൊന്നുമില്ല. ഇതു വഴി പോകുമ്പോള്‍ നിര്‍ത്താതെ ഹോണടിച്ചാല്‍ മതി. അതാണ് ബാബയ്ക്കുള്ള പ്രണാമം!

വിശ്വാസമില്ലെങ്കില്‍ കുറച്ചു കഥകള്‍ കൂടി പറയാം. ബുള്ളറ്റുണ്ടാക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സ്ഥിരമായി പരസ്യം നല്‍കുന്ന പത്രങ്ങളില്‍ ഒന്ന് ആളെ വിട്ടു അന്വേഷിപ്പിച്ച് എഴുതിയ ലേഖനങ്ങളിലും ഇതൊക്കെ പറയുന്നതിനാല്‍ ഒട്ടും അവിശ്വസിക്കേണ്ട. മരിച്ച ദിവസം രാത്രി ഓം ബന്നയുടെ ആത്മാവ് അതുവഴി പോയ ഒരു ട്രക്കിന് ലിഫ്റ്റ് ചോദിച്ചു. ട്രക്കിന്റെ ഡ്രെെവറോട് അപകടം നടന്ന സ്ഥലമെത്തിയപ്പോള്‍ ഹോണടിക്കാന്‍ പറഞ്ഞു. ‘നീ എന്ത് കാര്യത്തിനായി പോകുന്നുവോ തീര്‍ച്ചയായും അത് സാധിക്കും’ എന്ന് പറഞ്ഞ ശേഷം ബന്നയുടെ ആത്മാവ് അപ്രത്യക്ഷനായെന്നു ഒരു കഥ.

ബന്ന മരിച്ച നാള്‍ മുതല്‍ അര്‍ദ്ധരാത്രിയില്‍ ബുള്ളറ്റിന്റെ ഇരമ്പല്‍ കേള്‍ക്കാറുണ്ടെന്ന് ബന്ന ഗ്രാമത്തിലുള്ളവര്‍ പറയുന്നു. ബന്നയുടെ ആത്മാവ് ബുള്ളറ്റിന് ചുറ്റും എപ്പോഴും ഉണ്ടാകുമെന്നാണ് വിശ്വാസം. നാല് വര്‍ഷം മുമ്പാണ് ഇവിടെ കാര്യമായ ആരാധനയൊക്കെ ആരംഭിച്ചത്. ഇപ്പോള്‍ ക്ഷേത്രത്തിന് പൂജാരിയൊക്കെയുണ്ട്. ബന്നയുടെ ബൈക്കിടിച്ച മരത്തിനോട് ചേര്‍ന്ന് കെട്ടിയ തറയാണ് ക്ഷേത്രം. അതില്‍ ഓം ബന്നയുടെ ചിത്രം, മാര്‍ബിളിലുള്ള വിഗ്രഹം എന്നിവ വെച്ചാണ് പൂജ. നിവേദ്യം ബിയറാണ്, അതും ബുള്ളറ്റ് ബ്രാന്‍ഡ്. തീര്‍ത്ഥാടകര്‍ സാഷ്ടാംഗ പ്രണാമം നടത്തുന്നത് 350 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഫുട്റെസ്റില്‍… ബുള്ളറ്റിനെ പ്രദക്ഷിണം വെച്ച്, ബുള്ളറ്റ് ബാബയ്ക്ക് ബിയര്‍ അര്‍പ്പിക്കുന്ന ഭക്തര്‍. കുങ്കുമവും ഭസ്മവും മാലയുമണിഞ്ഞ് യോഗീ ഭാവത്തോടെ സെന്റര്‍ സ്റാന്‍ഡില്‍ ബുള്ളറ്റ്, അടുത്ത് ഹോമകുണ്ഡം. ഈ വിഗ്രഹത്തിലാണ് ഭക്തര്‍ ‘മദ്യധാര’ നടത്തുന്നത്. ഇതിന് പിന്നിലാണ് മേല്‍ക്കൂരയൊക്കെ കെട്ടി ബുള്ളറ്റ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും അഷ്ടമിനാളില്‍ ബുള്ളറ്റ് തനിയെ സ്റാര്‍ട്ടാകുമത്രേ! ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ ഒരു ഭാഗം ദ്രവിച്ച് അടര്‍ന്ന് പോയിട്ടുമുണ്ട്.

ഈ ഗ്രാമത്തിന് ചുറ്റുമുള്ളവര്‍ക്കെല്ലാം ബുള്ളറ്റ് ബാബയില്‍ അടിയുറച്ച വിശ്വാസമാണ്. വിവാഹ ദിവസം തന്നെ നവദമ്പതികള്‍ ഇവിടെയെത്തി പ്രണാമം അര്‍പ്പിക്കുന്നു. ഇവിടെയുളള രജപുത്ര കുടുംബത്തിലെ അംഗങ്ങളെല്ലാം നവജാത ശിശുക്കളെ ബുള്ളറ്റ് ബാബയ്ക്ക് മുന്നില്‍ കൊണ്ടുവരും. തങ്ങളുടെ കുലദൈവമായാണ് ഇവിടുത്തെ രജപുത്രര്‍ ബന്നയെ കരുതുന്നത്. ആദ്യമായി മുടിമുറിക്കുന്ന ചടങ്ങും ബുള്ളറ്റ് ബാബയുടെ സന്നിധിയിലാണ് നടത്തുക. മദ്യസേവ രജപുത്രരുടെ ഇടയില്‍ പൊതുവേ അംഗീകരിച്ചിട്ടുള്ളതായതിനാലാണ് ബുള്ളറ്റ് ബാബയ്ക്ക് മദ്യം ഇഷ്ട നിവേദ്യമായി അര്‍പ്പിക്കുന്നതത്രേ. ഒരു ബുള്ളറ്റ് കാണുമ്പോള്‍ ഉടമയോട് ചോദിക്കണം പാലായാണോ പാലിയാണോ വലുതെന്ന്.

MORE POSTS ON BULLET LIFE

ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റ് മുതലാളി

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

One thought on “ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

  1. ‘ബുല്ലെറ്റ് ഗണപതിക്ക്‌’ എന്റെ വക ഒരു തേങ്ങ – ഒപ്പം ഒരു കുപ്പി ഹെര്‍കുലീസും! 🙂

Leave a Reply

Your email address will not be published. Required fields are marked *