ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

മാന്യമായ രീതിയില്‍ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗം മുന്നിലുള്ളപ്പോഴും ധാര്‍ഷ്ഠ്യം കാണിക്കുന്ന ആശുപത്രിക്കാര്‍ അവസാനം ‘നഴ്സസ് ഫ്രണ്ട് ലി’യായി മാറേണ്ടി വരികതന്നെ ചെയ്യുമെന്ന മുന്നറിയിപ്പാണ് തൃശൂരിലെ ആശുപത്രികള്‍ നല്‍കുന്നത്. പിടിവാശികള്‍ മാറ്റിവെച്ച് ആശുപത്രി ഉടമകളുടെ സംഘടന ഇനിയെങ്കിലും കാര്യങ്ങള്‍ നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും തൃശൂരിലെ ആശുപത്രി സമരങ്ങള്‍ മുതലാളിമാരോട് പറയുന്നു-തൃശൂരിലെ നഴ്സുമാരുടെ സമരങ്ങള്‍ക്ക് സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍ വത്സന്‍ രാമംകുളത്ത് എഴുതുന്നു

 

 

‘അരിയും തിന്ന്, ആശാരിച്ചിയെയും കടിച്ചു; എന്നിട്ടും നായക്ക് മുറുമുറുപ്പ്’. ഇന്നലെ കാലത്തുവരെ ഇതെനിക്ക് വെറുമൊരു പഴഞ്ചൊല്ലായിരുന്നു. എന്നാല്‍, തൃശൂര്‍ പ്രസ് ക്ളബ്ബില്‍ കേരള പ്രെെവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (കെ.പി.എച്ച്.എ) ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനം കണ്ടപ്പോള്‍ മുതല്‍ ഇത് വെറും പഴഞ്ചൊല്ലല്ലാതായി. സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയുടെ വാദങ്ങള്‍ കേട്ടാണോ പണ്ടാരോ ഈ പഴഞ്ചൊല്ല് തട്ടിക്കൂട്ടിയതെന്നു പോലും തോന്നിപ്പോയി.
രസകരമായിരുന്നു അവരുടെ വാദങ്ങള്‍. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ‘മിന്നല്‍സമരം’ പൊതുജനങ്ങളെ വലക്കുന്നതും അത്യാസന്ന രോഗികളുടെയും ജീവന് ഭീഷണിയുമാണ്. ഇതില്‍ പ്രതിഷേധിച്ച്, പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും വേണ്ടി ഞങ്ങള്‍ വലിയൊരു സല്‍ക്കര്‍മ്മം ചെയ്യാന്‍ പോവുകയാണ്. നാളെ അഥവാ ബുധനാഴ്ച ജില്ലയിലെ ഒറ്റ സ്വകാര്യ ആശുപത്രിയുടെയും ഒ.പി പ്രവര്‍ത്തിക്കില്ല. അതായത്, ഒറ്റതിരിഞ്ഞ ആശുപത്രികളില്‍ നടക്കുന്ന നഴ്സുമാരുടെ സമരത്താല്‍ വലയുന്ന പൊതുജനം ഇന്ന് എല്ലാ ആശുപത്രികളിലും വലഞ്ഞോളണമെന്ന്!തെറ്റായ സമരപരിപാടികള്‍ക്കറുതി വരുത്തിയില്ലെങ്കില്‍ ശക്തിയായി പ്രതികരിക്കുമെന്നതിന്റെ സൂചനയാണ് ഇതെന്നും അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി! ഐഡിയ എപ്പടി!

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായ അനേകം മറുപടികളാണ് അസോസിയേഷന്‍കാര്‍ നല്‍കിയത്. ചില സാമ്പിളുകള്‍:
1. നഴ്സുമാര്‍ക്ക് മിനിമം വേജസ് നല്‍കാതെ ഇരിക്കപ്പൊറുതിയിലാത്തവരാണ് ഞങ്ങള്‍. പക്ഷേ, എന്തു ചെയ്യാന്‍? മിനിമം കൂലിക്കുള്ള കേസില്‍ ഹൈക്കോടതി ഇനിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. പിന്നെ പാവം ആശുപത്രി ഉടമകള്‍ എന്നാ ചെയ്യാനാ?
2. ഹൈക്കോടതി വിധിക്കാന്‍ പോവുന്ന ഈ മിനിമം വേജസിന്റെ ‘ഇരട്ടിയിലധികം ആവശ്യപ്പെട്ടാണ്, പാവം പൊതുജനങ്ങളെ വലച്ച് നഴ്സുമാര്‍ സമരം ചെയ്യുന്നത്. ഈ ‘അനാവശ്യസമരം’ ആരോഗ്യപരിപാലന രംഗത്ത് അശാന്തി സൃഷ്ടിക്കുകയാണ്.
3. ‘മിനിമം വേജസ് കോടതി വിധിക്ക് ശേഷം നടപ്പാക്കാം. ട്രെയിനിങ് കാലശേഷം ജോലി ലഭിക്കണമെങ്കില്‍ എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും പാസാകണം’^തൃശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ നടത്തിയ സമരം അവസാനിച്ചത് ഈ തീരുമാനത്തിലാണ്. എന്നാല്‍, ഇതൊരു പുതിയ തീരുമാനമല്ല. ഡിസംബര്‍ 23ന് അസോസിയേഷന്‍ തൃശൂരില്‍ വിളിച്ചു ചേര്‍ത്ത ആശുപത്രികളുടെ യോഗത്തില്‍ തന്നെ തീരുമാനിച്ച കാര്യമാണ്. തീരുമാനം നിലവിലുള്ള സ്ഥിതിക്ക് അതിനു വേണ്ടി നഴ്സുമാര്‍ സമരം ചെയ്തത് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പുതിയൊരു സംഘടനക്ക് അംഗീകാരം നേടിയെടുക്കുവാനും വേണ്ടിയാണ്.

വത്സന്‍ രാമംകുളത്ത്

ഇത് പോലെ അനേകം തമാശകള്‍ വേറെയുമുണ്ട്. തമാശകള്‍ നമുക്ക് തല്‍ക്കാലം വിടാം. ചില കാര്യങ്ങളിലേക്ക് കടക്കാം.

1. നഴ്സുമാരുടെ സമരത്തില്‍ പ്രതിഷേധിച്ച് ഒ.പി വിഭാഗം അടച്ചിടുന്നത് എന്തിനാണ്? പൊതുജനങ്ങളെ വലക്കുന്നതിലുള്ള പ്രതിഷേധമാണ് എങ്കില്‍, അതിനേക്കാള്‍ ജനദ്രോഹമാണ് ഒ.പികള്‍ അടച്ചിടുന്നത്. അകത്തുകിടക്കുന്നവരേക്കാള്‍ പത്തിരട്ടിയെങ്കിലും വരും ഒ.പിയിലെത്തുന്നവരുടെ എണ്ണം. അപ്പോള്‍ ആര് ആരെയാണ് ദ്രോഹിക്കുന്നത്. എന്തിനെതിരാണ് ഈ പ്രതിഷേധം? നഴ്സുമാരെയല്ല, പൊതുജനങ്ങളെയാണ് ആശുപത്രി ഉടമകള്‍ വെല്ലുവിളിക്കുന്നതെന്ന് വ്യക്തം.

2. ഹൈക്കോടതിയുടെ തീര്‍പ്പിനുശേഷം ‘നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന’ മിനിമം വേജസിന്റെ ‘ഇരട്ടിയിലധികം’ ആണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത് എന്ന് ഇവര്‍ പറയുന്നത് കോടതിയലക്ഷ്യമല്ലേ. കോടതി എന്താണ് വിധിക്കുന്നതെന്ന് ഇവര്‍ക്കെങ്ങനെ അറിയാം? കോടതി എന്ത് നിശ്ചയിക്കണമെന്ന് മുതലാളിമാര്‍ തീരുമാനിക്കും എന്നല്ലേ ഇവര്‍ പറയുന്നതിന് അര്‍ഥം.

3. ജനങ്ങളുടെ പേരു പറഞ്ഞ് ആശുപത്രിക്കാര്‍ നടത്തുന്ന സമരമാര്‍ഗം തികച്ചും ജനവിരുദ്ധമാണ്. സാധാരണ തൊഴിലാളികള്‍ക്കുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ നഴ്സുമാര്‍ നിവൃത്തിയില്ലാതെ നടത്തുന്ന സമരത്തെ ജനങ്ങളുടെ പേരു പറഞ്ഞ് ആക്രമിക്കുക മാത്രമാണ് ഈ പ്രഹസനത്തിന്റെ അര്‍ഥം.

 

 

തൃശൂരില്‍നിന്നുള്ള വാര്‍ത്തകള്‍
കേരളത്തിലെ വിവിധയിടങ്ങളില്‍ നഴ്സുമാര്‍ സമരം നടത്തിയെങ്കിലും തൃശൂരില്‍നിന്ന് അവര്‍ക്ക് കിട്ടിയ സന്ദേശം വളരെ വ്യക്തമായിരുന്നു. സമരം നടത്തിയ രണ്ട് ആശുപത്രികളില്‍ രായ്ക്കുരാമാനം മാനേജ്മെന്റ് മുട്ടുമടക്കി. ഭൂരിഭാഗം മാധ്യമങ്ങളും കണ്ണടച്ചിട്ടും സമരം വന്‍വിജയമായി മാറി. നഴ്സുമാര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. നഴ്സുമാരുടെ സംഘടനയെ മാനേജ്മെന്റുകള്‍ അംഗീകരിക്കേണ്ടി വന്നു.
തൃശൂരിലെ മദര്‍ ആശുപത്രിയിലും എലൈറ്റ് ആശുപത്രിയിലുമാണ് സമരം വിജയം കണ്ടത്. രണ്ടിടത്തും നഴ്സുമാര്‍ നടത്തിയ സമരം ജനകീയവും ശക്തവുമായിരുന്നു. നഴ്സുമാര്‍ ഉന്നയിച്ച ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായ മദര്‍ ആശുപത്രി മാനേജ്മെന്റിനെ കേരള പ്രെെവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍(കെ.പി.എച്ച്.എ) ഭാരവാഹികള്‍ ശാസിച്ചിരുന്നതായി പറയുന്നു.

രണ്ടര മണിക്കൂറുകൊണ്ടാണ് മദര്‍ ആശുപത്രി അധികൃതര്‍ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കിയത്. എലൈറ്റ് ആശുപത്രി സമരം ഒന്നര ദിവസം നീണ്ടു. ഇതിനിടയില്‍ മാനേജ്മെന്റ് രണ്ടുതവണയും ജില്ലാ ലേബര്‍ ഓഫിസര്‍ മൂന്നുതവണയും ചര്‍ച്ചക്ക് വിളിച്ചു. കടുത്ത വാശി പ്രകടിപ്പിച്ചെങ്കിലും ന്യായങ്ങള്‍ നഴ്സുമാരുടെ പക്ഷത്തായതിനാല്‍ അവര്‍ക്കു മുട്ടു മടക്കേണ്ടി വരികയായിരുന്നു. ഇങ്ങനെ ഒറ്റക്കെട്ടായി സമരം നയിച്ച് തങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നാണ് സമരം വിജയിച്ച ഒരു ആശുപത്രിയിലെ എം.ഡി പ്രതികരിച്ചത്. നഴ്സുമാരുടെ നേതാക്കളാരും പുറത്തുനിന്നുള്ളവരല്ല. എല്ലാം സിറിഞ്ചുപിടിക്കുന്നവര്‍. ജീവിക്കാനുള്ള കൂലിയും ശ്വാസം വിടാനുള്ള വിശ്രമവേളയും നേതാക്കളുടെ കൂടി ആവശ്യമാണ്. അതു തന്നെയാണ് സത്യത്തില്‍ സമരത്തിന് ഈ തീവ്രത കൈവരുന്നതും.
മദറും എലൈറ്റും മാത്രമല്ല, ആയിരത്തോളം ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് നല്‍കിയതിനുതൊട്ടുപിറകെ പുരുഷ നഴ്സുമാരെ പുറത്താക്കിയതാണ് എലൈറ്റിലുണ്ടായ പ്രശ്നം. സമാനസ്ഥിതി മലപ്പുറം മൌെലാന ആശുപത്രിയിലും ഉണ്ടായിരിക്കുന്നു. രണ്ടുപേരെ ഒഴിവാക്കുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചിരിക്കുകയാണ്. എലൈറ്റില്‍ നിന്ന് വെന്നിക്കൊടിയുമായി നഴ്സുമാര്‍ മലപ്പുറത്തേക്കും തൊട്ടടുത്ത ദിവസം തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചുവടുവക്കുകയാണ്.

സമരം ശക്തമാകുന്നതിനിടെ, മാനേജ്മെന്റുകള്‍ക്കിടയിലും പുനര്‍ചിന്തനത്തിന് ശ്രമം നടക്കുന്നുണ്ട്. തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മിനിമം വേജസ് നടപ്പിലാക്കാനുള്ള ഒരുക്കമുണ്ടെന്നറിയുന്നു. സമരം ചെയ്യാതെ തന്നെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള ഈ നടപടി മറ്റിടങ്ങളിലും പടര്‍ന്നാല്‍, ആശുപത്രികള്‍ ഇനിയും കലുഷിതമാവില്ല.

 

 

ആശുപത്രി ഉടമകള്‍ക്കുള്ള സന്ദേശങ്ങള്‍
എളുപ്പമായിരുന്നു ഈ വിജയങ്ങള്‍ എന്നൊന്നും കരുതരുത്. ജീവന്‍ പണയംവെച്ച് നടത്തിയ ശ്രമങ്ങള്‍ തന്നെയാണ് ജയം സാധ്യമാക്കിയത്. പുറത്തുനിന്നുള്ള അക്രമണ ഭീഷണികള്‍, മാനേജ്മെന്റിന്റെ കടും പിടിത്തങ്ങള്‍, ഉദ്യോഗസ്ഥരുടെ ഒത്തുകളികള്‍, മാധ്യമങ്ങളുടെ നിത്യനിദ്ര എന്നിങ്ങനെ മറ്റിടങ്ങളിലുള്ള കടമ്പകളെല്ലാം ഈ സ്ഥലങ്ങളിലുമുണ്ടായിരുന്നു. തൃശൂര്‍ എലൈറ്റിന്റെ ഉദാഹരണം നോക്കുക.

കേരള പ്രെെവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്റെ നിര്‍ദേശം അതേ പടി വിഴുങ്ങിയ ആശുപത്രി മാനേജ്മെന്റ് ആദ്യ ചര്‍ച്ചമുതല്‍ കടുത്തവാശിയിലായിരുന്നു. ലേബര്‍ ഓഫിസര്‍ വിളിച്ച ചര്‍ച്ചയില്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഒരാളും പങ്കെടുത്തില്ല. ഓഫിസ് ജീവനക്കാരെയാണ് മാനേജ്മെന്റ് പ്രതിനിധികളായി ചര്‍ച്ചക്ക് വിട്ടത്. ചര്‍ച്ചയില്‍ ലേബര്‍ ഓഫിസര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ക്കൊന്നും ഇവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. അന്നന്നേരം ഫോണിലൂടെ മാനേജ്മെന്റിനെ ബന്ധപ്പെട്ട് അഭിപ്രായം തേടുക മാത്രമായിരുന്നു അവര്‍.
മാനേജ്മെന്റിന്റെ ധിക്കാരപരമായ ഈ നടപടിയാണ് നഴ്സുമാരുടെ സമരത്തിന് വന്‍ പിന്തുണ ഉറപ്പാക്കിയത്. ആശുപത്രിയില്‍ കിടന്നിരുന്ന രോഗികളും അവരുടെ ബന്ധുക്കളും സമരത്തെ പിന്തുണച്ചത് ഇക്കാരണത്താലാണ്. ഡോക്ടര്‍മാരില്‍ ചിലര്‍ മാനേജ്മെന്റിനെതിരെ നിസ്സഹകരണ സമരം പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ സമരക്കാര്‍ക്ക് ഭക്ഷണമെത്തിച്ചു. വിവിധ യൂനിയനുകളും യുവജന സംഘടനകളും പിന്തുണയുമായി പ്രകടനങ്ങള്‍ നടത്തി. നഴ്സുമാരുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ സമരക്കാര്‍ക്ക് സംരക്ഷണവും പിന്തുണയും നല്‍കി.
സമരം നേരിടാന്‍ നഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് രോഗീപരിചരണവും ശുശ്രൂഷയും ചെയ്യിപ്പിച്ചതും മാനേജ്മെന്റിന് വിനയായി. . പഠനം പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ കഠിന ജോലികള്‍ ചെയ്യേണ്ടി വന്നു. മാനസികസമ്മര്‍ദ്ദം പലരെയും തളര്‍ത്തി. മണിക്കൂറുകളോളം നിന്നനില്‍പ്പില്‍ ജോലി ചെയ്യേണ്ടിവന്ന 12 കുട്ടികള്‍ ബോധമറ്റുവീണു. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തി ബഹളം കൂട്ടി. പ്രിന്‍സിപ്പലും അധ്യാപകരും മറ്റുജീവനക്കാരും നിസ്സഹായവസ്ഥ അറിയിച്ചു. കുഴഞ്ഞുവീണ നഴ്സിങ് വിദ്യാര്‍ഥികളെ സമരത്തെ തുടര്‍ന്ന് ഒഴിഞ്ഞ വാര്‍ഡുകളിലേക്ക് കൊണ്ടുവരുന്നത് കണ്ടതോടെ ശേഷിച്ച രോഗികളും ആശുപത്രിവിട്ടു. സമരത്തിന്റെ രണ്ടാംദിവസം ഉച്ചയോടെ ആശുപത്രിയിലെ ഏഴ് തീവ്രപരിചരണ യൂനിറ്റുകളും കാലിയായി. നഴ്സുമാര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ ആശുപത്രി അടച്ചിടുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പ്രചരിപ്പിച്ചു.

ആദ്യദിവസം സമരത്തെ നേരിടാന്‍ പുറത്തുനിന്നുള്ള സംഘത്തെയും ഇറക്കിയിരുന്നു. സമരം തുടങ്ങി ഒന്നാം മണിക്കൂറിലാണ് നഗരസഭയിലെ ബി.ജെ.പി കൌണ്‍സിലറുടെ നേതൃത്വത്തിലുള്ള ആറംഗസംഘം എത്തിയത്. സമരം നിര്‍ത്തി ജോലിചെയ്യാനാണ് ഇവര്‍ നഴ്സുമാരോട് ആജ്ഞാപിച്ചത്. നെടുപുഴ എസ്.ഐ എ.ബൈജു ഇടപെട്ട് ഇവരെ തുരത്തുകയായിരുന്നു. രാത്രിയും ആക്രമണ ശ്രമമുണ്ടായി. 10.20ഓടെ നഴ്സുമാര്‍ സമരമിരിക്കുന്ന ആശുപത്രിയുടെ മുന്‍വശത്തെ ലൈറ്റുകള്‍ പൂര്‍ണ്ണമായും അണച്ചു. ഈ സമയം ബൈക്കിലെത്തിയ ഗുണ്ടാസംഘം ആശുപത്രിക്കുള്ളിലേക്ക് കയറി. തൃശൂരിനടുത്തെ വട്ടേക്കാടുള്ള സംഘമായിരുന്നു ഇതെന്ന് ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന നാട്ടുകാരില്‍ പറഞ്ഞു. ആക്രമണം ഭയന്ന് രക്ഷിതാക്കള്‍ നഴ്സുമാരെ രാത്രിതന്നെ രക്ഷിതാക്കളുടെ സഹകരണത്തോടെ വീടുകളിലേക്ക് മാറ്റി. പുലര്‍ച്ചെ വീണ്ടുമെത്തിയാണ് ഇവര്‍ സമരം തുടര്‍ന്നത്.

ഉച്ചക്ക് ശേഷം ലേബര്‍ ഓഫിസില്‍ ചര്‍ച്ച ആരംഭിക്കുമ്പോഴും സമരം തീര്‍ക്കാതിരിക്കാന്‍ കെ.പി.എച്ച്.എയുടെ നിര്‍ദേശങ്ങള്‍ മാനേജ്മെന്റ് മുറുകെ പിടിച്ചു. ചര്‍ച്ചയില്‍ മാനേജിങ് ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ.കെ.കെ.മോഹന്‍ദാസിനു പകരം തീരുമാനങ്ങളെല്ലാം കെ.പി.എച്ച്.എയുടെ വക്കീലാണ് പറഞ്ഞിരുന്നത്. മിനിമം വേജസ് കോടതി നിശ്ചയിക്കും, പിരിച്ചുവിട്ടവരെ ആറുമാസം കൂടി ജോലി നല്‍കും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തെരഞ്ഞെടുക്കപ്പെടുന്നവരെ തുടരാന്‍ അനുവദിക്കും എന്നിങ്ങനെയായിരുന്നു അവരുടെ വാദം. ഇത് നഴ്സസ് അസോസിയേഷന്‍ എതിര്‍ത്തതോടെ കുത്തുവാക്കുകളായി. തുടര്‍ന്ന് യു.എന്‍.എയുടെ നേതാക്കളും അഭിഭാഷകയും ഇറങ്ങിപ്പോകുമെന്നായപ്പോള്‍ ലേബര്‍ ഓഫിസര്‍ ഇടപെട്ടു. പ്രശ്നം തീരില്ലെന്ന മട്ടായപ്പോഴാണ് ചര്‍ക്കെത്തിയ ആശുപത്രി എം.ഡി ഡോ.മോഹന്‍ദാസ് ഇടപെട്ടത്. പിരിച്ചുവിട്ട രണ്ട് പുരുഷ നഴ്സുമാരടക്കം ബോണ്ടെഴുതി വാങ്ങിയ കരാര്‍ ജീവനക്കാരുടെ സേവനം ആറുമാസംകൂടി നീട്ടിനല്‍കും. തുടര്‍ന്ന് ഒരുവര്‍ഷം പൂര്‍ത്തിയായവര്‍ എന്ന പരിഗണന നല്‍കി ഇന്റര്‍വ്യൂ നടത്തി എല്ലാവരെയും സ്ഥിരപ്പെടുത്തും. ഈ സന്ദര്‍ഭത്തില്‍ യാതൊരു പ്രതികാരനടപടിയും ഉണ്ടാവില്ല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ മാത്രം അയോഗ്യരാക്കും. രണ്ട് വര്‍ഷം പൂര്‍ത്തിയായവരെയെല്ലാം സ്ഥിരപ്പെടുത്തും. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം ഹൈക്കോടതിയുടെ ഉത്തരവിന് വിധേയമായി മാര്‍ച്ച് മുതല്‍ നടപ്പാക്കും. കോടതി വിധി എതിരാണെങ്കില്‍ ഏപ്രിലില്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി മുന്‍കാല പ്രാബല്യത്തോടെ (2012 ജനുവരി മുതല്‍) വിതരണം ചെയ്യും. നഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് തൊഴിലെടുപ്പിക്കില്ല. ഇതായിരുന്നു എലൈറ്റ് എം.ഡിയുടെ തീരുമാനം. ഇത് നഴ്സുമാരുടെ സംഘടനാ പ്രതിനിധികള്‍ അംഗീകരിച്ചതോടെയാണ് സമരം തീര്‍ന്നത്. എലൈറ്റ് ആശുപത്രി ‘നഴ്സസ് ഫ്രണ്ട് ലി’ ആശുപത്രിയായി മാറിയെന്നും ചര്‍ച്ചക്ക് ശേഷം ഡോ.മോഹന്‍ദാസ് പറഞ്ഞു.

ഇക്കാര്യം നേരത്തെ അംഗീകരിച്ചിരുന്നെങ്കില്‍ സമരമടക്കം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാമായിരുന്നു. മറ്റ് ആശുപത്രി ഉടമകള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ സംഭവം. മാന്യമായ രീതിയില്‍ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗം മുന്നിലുള്ളപ്പോഴും ധാര്‍ഷ്ഠ്യം കാണിക്കുന്ന ആശുപത്രിക്കാര്‍ അവസാനം ‘നഴ്സസ് ഫ്രണ്ട് ലി’യായി മാറേണ്ടി വരികതന്നെ ചെയ്യുമെന്ന മുന്നറിയിപ്പാണ് തൃശൂരിലെ ആശുപത്രികള്‍ നല്‍കുന്നത്. പിടിവാശികള്‍ മാറ്റിവെച്ച് ആശുപത്രി ഉടമകളുടെ സംഘടന ഇനിയെങ്കിലും കാര്യങ്ങള്‍ നേരാംവണ്ണം കൈകാര്യം ചെയ്യണമെന്നും തൃശൂരിലെ ആശുപത്രി സമരങ്ങള്‍ മുതലാളിമാരോട് പറയുന്നു.

One thought on “ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

  1. ഇവിടെ മുതലാളിമാരും കോര്‍പ്പറേറ്റ് മേലാളന്മാരും തമ്മിലുള്ള പ്രണയം അറിയനമെങ്ങില്‍, പുറത്തു വരനമെങ്ങില്‍ ഒരു 3 മാസം കാത്തിരിക്കേണ്ടി വരും. ഹൈ കോടതി വിധി വരുന്നത് വരെ….ന്യായമായ ആവശ്യങ്ങള്‍ ആയിട്ടും.. (മിനിമം കൂലി എന്നാല്‍ കുറഞ്ഞത്‌ അത്രെയെങ്ങിലും കൊടുക്കണം എന്നാണ്.. അല്ലാതെ അത്രേം കൊടുതോലനം എന്നല്ല… ഇപ്പഴത്തെ സമൂഹത്തില്‍ ജീവിക്കനമെങ്ങില്‍ മിനിമം ഒരു ആളുടെ കയ്യില്‍ കുറഞ്ഞത്‌ ഇത്രയെങ്ങിലും വേണം). മരുന്നിനും, ചികിത്സക്കും ബ്ലേഡ് റേറ്റ് മേടിക്കുന്ന ഹോസ്പിടല്‍ പ്രഭുക്കന്മാര്‍ക്കു എന്ത് കൊണ്ട് തുച്ചമായ മിനിമം കൂലി കൊടുക്കാന്‍ പറ്റില്ല?

Leave a Reply

Your email address will not be published. Required fields are marked *