നിന്റെ ഭക്ഷണത്തിന്റെ ജാതി എന്താ?

ഏതുതരം ഭക്ഷണമാണ് ഇഷ്ടമെന്നു ചോദിച്ചാല്‍ നോണ്‍ വെജ് ആയിട്ടുള്ള എന്തും എന്നു പറയാനാണ് എനിക്കിഷ്ടം. അത് രക്തമുള്ള മാംസത്തോടു തോന്നുന്ന കൊതിയൊന്നുമല്ല. മറിച്ച കാലങ്ങളായി ഞാന്‍ അനുഭവിച്ചതായ വെജിറ്റേറിയന്‍ സുഹത്തുക്കളുടെ ഈഗോയില്‍ നിന്നുമാണ് ഞാന്‍ പ്യുര്‍ നോണ്‍വെജ്ജ് ആണ് എന്ന എന്റെ ഈഗോയെ ഉറവൂറ്റിയെടുത്തത്- ഭക്ഷണത്തിന്റെ ജാതിയെയും രാഷ്ട്രീയത്തെയും കുറിച്ച് പൊള്ളുന്നൊരു സത്യവാങ്മൂലം. സരിത കെ. വേണു എഴുതുന്നു

 

graphics: മാഹിന്‍. സി.എ

 

‘നായര്‍ പെണ്‍കുട്ടികളുടെ സാമ്പാറിന് അസാധ്യ രുചിയാണ്. അവരുടെ ചോറ്റുപാത്രമൊന്ന് തുറക്കുമ്പോള്‍ കാണാം എല്ലാവരും നായര്‍ പെണ്‍കുട്ടികളെ പൊതിയുന്നത്. അതുകൊണ്ട് നമ്മളൊക്കെ സ്കൂളിലും കോളജിലുമൊക്കെ പോയിരുന്നപ്പോള്‍ ഉച്ചയൂണിന് പാത്രം തുറക്കാന്‍ പോലും മടിച്ചിട്ടുണ്ട്്. ഒരു ജാള്യതയാണ്’-എന്റെ ഒരു സുഹൃത്തിനോട് ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു മേല്‍പ്പറഞ്ഞത്. ശരിയാണ് ജീവിതത്തില്‍ നേരിടേണ്ടിവന്നതായ വലുതും ചെറുതുമായ എല്ലാതരം തര്‍ക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും നാണക്കേടുകള്‍ക്കും ഒരു പരിധിവരെ കാരണം ഞാനോ അവനോ കഴിച്ചിരുന്ന ഭക്ഷണം തന്നെയായിരുന്നു.

കുട്ടിക്കാലത്ത് എന്റെ വീടിനടുത്തുള്ള കൂട്ടുകാരികള്‍ വീട്ടില്‍ വന്നാല്‍ വെള്ളം പോലും കുടിക്കില്ലായിരുന്നു. എന്റെ അമ്മയാണെങ്കില്‍ നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നതില്‍ മിടുക്കിയുമാണ്. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണമടിച്ച് കൊതിമൂത്താലും ഞങ്ങളുടെ കൂട്ടുകാര്‍ അത് കഴിക്കില്ല. നിര്‍ബന്ധിച്ചാലും വേണ്ട വീട്ട്ന്ന് ചീത്ത പറയും എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു പതിവ്. അത് ഭക്ഷണത്തില്‍ മയക്കുമരുന്നു കൊടുത്ത് മയക്കി ആരെങ്കിലും പീഡിപ്പിച്ചാലോ എന്ന ഭയമൊന്നുമായിരുന്നില്ല അതിന്റെ പിന്നില്‍. താഴ്ന്ന ജാതിക്കാരുടെ വീട്ടില്‍ നിന്നും ഒന്നും കഴിക്കേണ്ട എന്ന് ബോധം തന്നെയായിരുന്നു. എന്റെ അമ്മയ്ക്ക് അത് വളരെയേറെ നാണക്കേടുണ്ടാക്കിയിട്ടുണ്ടെന്ന് അപ്പോഴൊക്കെ വലിയ ബുദ്ധിയൊന്നും ഇല്ലെങ്കിലും മനസിലാവുമായിരുന്നു.

സരിത കെ. വേണു

ചെറുപ്പത്തിലെ മറ്റൊരു സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നും എന്തുതരം വികാരമാണ് ഉണ്ടാക്കുന്നത് എന്ന് എനിക്കറിയില്ല. ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് അത്. ഒരു നായരുടെ വീട്ടിലെ പണിക്കാരിയായിരുന്നു ഞാന്‍. ആ വീട്ടിലെ പാചകം ഒഴികെ എല്ലാ പണിയും എടുക്കണം. മാസം 30 രൂപ ശമ്പളത്തിനു പുറമേ എല്ലാ ദിവസവും ചായയും പലഹാരവും കിട്ടും. ജോലിയെല്ലാം കഴിയുമ്പോള്‍ തളര്‍ന്നു ചത്തിട്ടുണ്ടാകും. ജോലിചെയ്യാനുള്ള പ്രചോദനം തന്നെ ഈ ചായയും ദോശയും പിന്നെ നായര്‍ സ്ത്രീയുടെ സാമ്പാറുമാണ്. പക്ഷെ അത് കഴിക്കാനുള്ള വാഴയില ഞാന്‍ തന്നെ കീറിക്കൊണ്ടു വന്ന് കഴുകി, ഞാന്‍ കഴുകി വൃത്തിയാക്കിയിട്ടിരിക്കുന്ന അഴുക്കുചാലിനരികിലായുള്ള സിമന്റ് വരാന്തയിലെ നിലത്തിട്ടിരിക്കണം. ചായകുടിക്കാന്‍ എന്തോ ഒരു സ്റീല്‍ ഗ്ളാസ് ഉണ്ടായിരുന്നു. നല്ല സങ്കടം വരും. ആദ്യമൊക്കെ ഒരു ഞെട്ടലായിരുന്നു. പിന്നെ പിന്നെ അത് ശീലമായി. അന്ന് എന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായക്കുണ്ടായിരുന്നു ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പാത്രം. എന്നിട്ടും ശരീരം മറന്നുള്ള അദ്ധ്വാനത്തിനു ശേഷം കിട്ടിയിരുന്ന ഭക്ഷണം കഴിക്കാന്‍ എനിക്ക് സ്വന്തമായി ഉണ്ടായിരുന്നത് വാഴയിലയാണ്. അതിന് അവര്‍ നിരത്തിയ ന്യായങ്ങള്‍ കേള്‍ക്കാം. നായര്‍ സ്ത്രീയുടെ അമ്മ പഴയ ആളാണ്. അവര്‍ക്ക് അതൊക്കൊക്കെ ഇപ്പോഴും വലിയ കാര്യമാണത്രെ. ഏതൊക്കെ എന്നു വച്ചാല്‍ ജാതി, തൊട്ടുകൂടായ്മ, നായമ്മാരുടെ പാത്രത്തില്‍ കീഴ്ജാതിക്കാര്‍ ഭക്ഷണം കഴിക്കുന്നത് എന്നൊക്കെ വായിക്കാം. അവരുടെ ഉടുമുണ്ട് അലക്കിയിരുന്നത് ഞാനായിരുന്നു. അവരുടെ നിലം അടിച്ചുവാരി തുടച്ചിരുന്നതും ഞാനായിരുന്നു, അവര്‍ തിന്നിരുന്ന പാത്രം കഴുകുന്നത് ഞാനാണ്, അവരുടെ മരുമകന് മൃഷ്ടാന്നം വെട്ടിവിഴുങ്ങാനുള്ള മത്തി വൃത്തിയാക്കിയിരുന്നത് ഞാനായിരുന്നു, ഇതില്‍ കൂടുതല്‍ അവര്‍ എന്നെ എങ്ങിനെ തൊടാതിരിക്കാനാണ്.

ഇതൊക്കെ വിഷയത്തിലേക്ക് വരാന്‍ വേണ്ടി പറഞ്ഞു എന്നുമാത്രം. ഇന്നു കാലം മാറിയിട്ടുണ്ട്. നായന്‍മാര്‍ എന്റെ വീട്ടില്‍ നിന്നും പച്ചമുളകും ഉള്ളിയും പുളിയും വെട്ടുകത്തിയുമൊക്കെ കടം മേടിക്കാറുണ്ട്, ആ പഴയ നായര്‍ തറവാട് ഇന്നില്ല, അവരുടെ ഫാളാറ്റില്‍ പോകുമ്പോള്‍ ഡൈനിങ് ടേബിളിലാണ് ഇപ്പോള്‍ എന്റെ സ്ഥാനം. എന്നാലും പഴയ ഓര്‍മയില്‍ ഒരല്‍പ്പം പോലും ഇറക്കാനാവില്ല എന്നു മാത്രം.

പിന്നീട് ജീവിതത്തില്‍ ഉടനീളെ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ തന്നെ ഡോസു കുറഞ്ഞ വകഭേദങ്ങളാണെന്നു വേണമെങ്കില്‍ പറയാം. ഒരു വെളുത്തുള്ളിയുടെ മണത്തിന്റേയും രുചിയുടേയും ആഴമാണ് ഞാനും എന്റെ ഏറ്റവും അടുത്ത നായര്‍ കൂട്ടുകാരിയും തമ്മിലുള്ള ദേഷ്യത്തിന്റെയും അടുപ്പത്തിന്റേയും അകലം. ഞാന്‍ തൃശൂര്‍ സ്്റ്റെലില്‍ പയര്‍ തോരന്‍ വച്ചാല്‍ അവള്‍ക്ക് ഇഷ്ടപ്പെടില്ല. അതില്‍ നിറയെ വെളുത്തുള്ളിയും കുത്തിപൊടിച്ച വറ്റല്‍മുളകുമുണ്ടാകും. അവള്‍ക്കിഷ്ടം മെഴുക്കുവരട്ടിയാണ്. രണ്ടുപേര്‍ക്കും പരസ്പരം ആ രുചികള്‍ ഇഷ്ടമല്ല. പിന്നെ തര്‍ക്കം മുഴുവനും വെള്ളുത്തുള്ളിയുടെ ഗുണവും ഗുണമില്ലായ്മയേയും കുറിച്ചായിരിക്കും തര്‍ക്കം മൂത്ത് ദിവസങ്ങളോളം മിണ്ടാതിരുന്നിട്ടുണ്ട് അവളും ഞാനും. രുചി എത്ര പെട്ടെന്നാണ് ഞങ്ങളെ ശത്രുക്കളാക്കിയത്.

ഭക്ഷണത്തിലൂടെ സ്വന്തം ജാതിയും എന്റെ അസ്തിത്വവും വെളിപ്പെടുത്തുന്നതില്‍ എനിക്ക് യാതൊരു ജാള്യതയും തോന്നാറില്ല. പ്രത്യേകിച്ചും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളായ പോത്തിറച്ചിയും മീനുമൊക്കെ കഴിക്കുമ്പോള്‍. ചില സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ നേരത്താണ് ഏറ്റവും നന്നായി അഭിനയിക്കാറുള്ളത്. ഞാന്‍ ഓര്‍ഡര്‍ ചെയ്തത് ബീഫ്ചപ്പാത്തിയോ, ബീഫ് ബിരിയാണിയോ മറ്റോ ആണെങ്കില്‍, കൂടെയുള്ളത് കടുത്ത ബീഫ് വിരോധിയാണെങ്കില്‍, അവരുടെ മുഖത്ത് പുച്ഛം, മ്ളേച്ഛം, ഭീഭത്സം, തുടങ്ങി വിവിധങ്ങളായ രസങ്ങള്‍ മിന്നിമായുന്നത് കാണാം. എന്റെ ഒരു സഹപ്രവര്‍ത്തകയ്ക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഭക്ഷണം പോത്തിറച്ചിവിഭവങ്ങളാണ്. ഞങ്ങള്‍ ബീഫു വാങ്ങി കഴിക്കുകയാണെങ്കില്‍ ചങ്ങാതി അങ്ങു തുടങ്ങും പോത്തിന്റെ അംഗലാവണ്യവും ചാണകമിടലും നാവുനീട്ടലുമൊക്കെ അങ്ങു വര്‍ണിക്കാന്‍. എന്റെ മുന്നില്‍ ഇരുന്നു തിന്നാല്‍ ഇതാണ് ഗതി എന്ന് പറയുകയും ചെയ്യും. എന്നാല്‍ അവര്‍ക്കേറ്റവും ഇഷ്ടം കല്ലുമ്മക്കായയാണ്. കല്ലുമ്മക്കായ എന്താണ് എന്ന് നമുക്കറിയാം. അതിന്റെ വയറ്റിലെ അഴുക്കുപോലും കളയാതെയാണ് ഹോട്ടലുകളില്‍ കല്ലുമ്മക്കായ കറിവെയ്ക്കുന്നത്. ഞാന്‍ തിന്നുന്നത് പോത്തിന്റെ ഇറച്ചിയാണല്ലോ, അതിന്റെ ചാണകമല്ലല്ലോ, കല്ലുമ്മക്കായ അങ്ങിനെയാണോ?

പോത്തിറച്ചി കഴിക്കുന്നത് ഏറെ മോശമായ പ്രവര്‍ത്തിയായാണ് ഏറെപ്പേരും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അതുകഴിക്കുന്നവരെ അത്രതന്നെ അധിക്ഷേപിക്കുക എന്നതാണ് ഇറച്ചികഴിക്കാത്തവരുടെ പ്രധാന ഹോബി. യോഗാ തെറാപ്പിസ്റായ എന്റെ ഒരു സുഹൃത്ത് ബീഫ് കഴിക്കില്ല, അവളുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവള്‍ ഉറക്കെ എന്നെ ചീത്തപറയും. ഇനിയെങ്കിലും ഒന്നു നിര്‍ത്തിക്കൂടെ നമ്മുടെ ദൈവങ്ങളേയാണ് ഇങ്ങിനെ തിന്നു തീര്‍ക്കുന്നത് എന്ന ബോധം വേണ്ടേ എന്നൊക്കെ ഉറക്കെ, എല്ലാവരും കേള്‍ക്കെ വിളിച്ചുപറയുകയാണ് അവളുടെ തന്ത്രം. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം പോര്‍ക്കിറച്ചി ഹറാമായ എന്റെ സുഹൃത്തുക്കള്‍ പന്നിയുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വിളിച്ചുകൂവുന്നത് ഞാന്‍ കേട്ടിട്ടില്ല. അതുപോലെ തന്നെ കോഴി പുഴുവിനെത്തിന്നുന്നുവെന്നോ, വ്യത്യസ്ത നിറങ്ങളില്‍ കാട്ടം ഇടുന്നുവെന്നോ, കോഴിതിന്നുകൊണ്ടിരിക്കുമ്പോള്‍ ആരും പറഞ്ഞതായും ഓര്‍മയില്ല. ഒരാള്‍ കഴിക്കുന്നത് അത് അമേധ്യമാണെങ്കിലും കൂടെയിരുന്നു കഴിക്കുന്നവര്‍ പാലിക്കേണ്ട ചില മര്യദകളൊക്കെയുണ്ട് എന്നാണ് പറഞ്ഞു വരുന്നത്.

വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടയില്‍ ഞാന്‍ അടുത്തിരുന്ന ആളോട് പറഞ്ഞു. ”അവിടെയെത്തിയാല്‍ ഞാന്‍ ബിരിയാണി തിന്നും”. ”കോഴി ബിരിയാണിയോ? അവിടെ അതൊന്നും കിട്ടില്ല. പിന്നെ വേണമെങ്കില്‍ ‘ബേ’ കിട്ടും’. ‘ബേ’ എന്നു പറഞ്ഞാല്‍ പോത്ത്. മുഖത്ത് ഓക്കാനത്തിന്റെ ഭാവം വരുത്തി പിന്നെ അയാളുടെ വക ഒരു വിവരണമാണ്. കേട്ടാല്‍ പോത്ത് എണീറ്റ് ഛര്‍ദ്ദിക്കും.

 

 

പി ജിക്ക് പഠിക്കുമ്പോഴാണ് എന്റെ ക്ളാസ്മേറ്റിന്റെ വക സുവിശേഷം കേള്‍ക്കാന്‍ ഇടയായത്, അയ്യോ! അത് ഗോ മാതാവാണ് സരി, അതിനെ തിന്നരുത്ട്ടോ. കക്ഷി പഠിച്ചതും വളര്‍ന്നതും ഒക്കെ അങ്ങ് മുംബൈയിലാണ് അതിന്റെ ഹാങ്ങോവറായിരിക്കാം ഇടയ്ക്കിടെ ബാല്‍താക്കറെ കാണേണ്ട നീ ബീഫ് കഴിക്കുന്നത് എന്നൊക്കെ ഭീഷണിയുടെ ലൈനില്‍ പേടിപ്പിക്കും. ‘എന്റെ പൊന്നുകൂട്ടുകാരി, ഗോമാതാവ് നിനക്ക്. എനിക്ക് തല്‍ക്കാലം ഒരമ്മ മതി അവര്‍ എന്റെ വീട്ടിലുണ്ട്. എനിക്കിവരൊക്കെ സത്യത്തില്‍ പോത്തും പശുവും മാത്രമാണ്’. അമര്‍ഷം കൊണ്ട് അവളുടെ മുഖം ചുവന്നു വരും. സത്യത്തില്‍ ബീഫ് കഴിക്കുന്നത് ഒരു ഹരമായി മാറിയത് ഇത്തരം ഇടപെടലുകള്‍ കൊണ്ടുകൂടിയാണ്.

ഞാന്‍ നിന്റെ രുചികളെ ഒന്നും പറയുന്നില്ല പിന്നെ എന്തിനാണ് നീ ഞാന്‍ കഴിക്കുന്ന ഭക്ഷണത്തെ അധിക്ഷേപിക്കുന്നത് എന്നാണ് എന്റെ ചോദ്യം. ഒരു ദലിതായി ജനിച്ചതില്‍ ഏറെ സന്തോഷം തോന്നിയത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്, എനിക്ക് എല്ലാ ഭക്ഷണവും കഴിക്കാം, ആരുടെ വീട്ടില്‍ നിന്നും കഴിക്കാം. ഞങ്ങള്‍ ആസ്വദിക്കുന്ന ഭക്ഷണവൈവിധ്യം ഒരു സവര്‍ണ നോണ്‍വെജിറ്റേറിയന്‍ പോലും ആസ്വദിക്കുന്നില്ല. നോണ്‍ വെജിറ്റേറിയനില്‍ തന്നെ കോഴി മാത്രം കഴിക്കുകയും മറ്റുള്ളവര്‍ കഴിക്കുന്നതൊക്കെ എന്തോ ആണെന്നും വിശ്വസിക്കുകയും ചെയ്യുന്നവരെയാണ് പൊതുവേ സവര്‍ണ നോണ്‍വെജിറ്റേറിയന്‍ എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നത്. ഏതുതരം ഭക്ഷണമാണ് ഇഷ്ടമെന്നു ചോദിച്ചാല്‍ നോണ്‍ വെജ് ആയിട്ടുള്ള എന്തും എന്നു പറയാനാണ് എനിക്കിഷ്ടം. അത് രക്തമുള്ള മാംസത്തോടു തോന്നുന്ന കൊതിയൊന്നുമല്ല. മറിച്ച കാലങ്ങളായി ഞാന്‍ അനുഭവിച്ചതായ വെജിറ്റേറിയന്‍ സുഹത്തുക്കളുടെ ഈഗോയില്‍ നിന്നുമാണ് ഞാന്‍ പ്യുര്‍ നോണ്‍വെജ്ജ് ആണ് എന്ന എന്റെ ഈഗോയെ ഉറവൂറ്റിയെടുത്തത്.

”ഞാന്‍ പ്യൂര്‍ വെജ്ജാണ്”

ഇനി നീ പറ എന്റെ ജാതിയെന്താണെന്ന്?

നായര്‍, നമ്പൂതിരി, പട്ടര്്. ഇതില്‍ മൂന്നില്‍ ഒന്നു ശരിയായിരിക്കും.

ഞാന്‍ പ്യൂര്‍ നോണ്‍വെജ്ജാണ്

ഇനി നീ പറ എന്റെ ജാതിയെന്താണെന്ന്?

ദലിത്, ക്രിസ്ത്യന്‍, മുസ്ലിം?

ഞാന്‍ പ്യൂര്‍ വെജ്ജാണ് എന്ന് പറയുമ്പോള്‍ പറയുന്നവന്‍ അല്ലെങ്കില്‍ പറയുന്നവള്‍ അനുഭവിക്കുന്ന വല്ലാത്തൊരു ആത്മാഭിമാനവും അഹങ്കാരവുമുണ്ട്. തന്റെ ജാതിയേയും തന്റെ അഭിരുചികളെയും വളരെ വ്യക്തമായി അവര്‍ തര്‍ജ്ജമചെയ്യുന്നു.പറയാതെ തന്നെ അവര്‍ തന്റെ ജാതി വ്യക്തമാക്കി. ഇനിയിപ്പോള്‍ നോണ്‍വെജ്ജാണെങ്കില്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും യാതൊരു ചോദ്യവുമില്ല.അതുറപ്പാണല്ലോ, ഒന്നെങ്കില്‍ മേത്തന്‍ അല്ലെങ്കില്‍ മ്ളേച്ഛന്‍, അല്ലാതെന്താ. ഓഫിസ് മെസ്സില്‍ തനിക്കുമാത്രമായി വെജ്ജ് കറിയുണ്ടാക്കുന്നതില്‍ അഭിമാനിക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക്.വിപ്ളവത്തിനുവേണ്ടി നോണ്‍ വെജ്ജ് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കക്ഷി. ഭക്ഷണം അത് രുചിയോട് കൂടി കഴിക്കുമ്പോള്‍ മാത്രമാണ് വിപ്ളവമാകുന്നത്.

രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ള എന്റെ ഒരു സുഹൃത്തിനോട് ആടിന്റെ കരള്‍ കഴിക്കാന്‍ പറഞ്ഞത് ഡോക്ടറാണ്. അങ്ങിനെ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ വീട്ടില്‍ അമ്മയുടെ സുഹൃത്ത് വിരുന്നുവന്നു. നമ്പൂതിരി ജാതിയില്‍പ്പെട്ട ആ സ്ത്രീ പിന്നീട് അവനോട് മിണ്ടിയിട്ടില്ലത്രെ.അവര്‍ കാണ്‍കെയാണല്ലോ അവന്‍ മ്ളേച്ഛമായ ഭക്ഷണം കഴിച്ചത്. അതു പോലെതന്നെ ഞാന്‍ താമസിക്കുന്ന ഹോസ്റല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ളതായിട്ടും അവിടെ നോണ്‍വെജായി കോഴിക്കറിയല്ലാതെ മറ്റൊന്നും ലഭിക്കില്ല. ബീഫോ, പോര്‍ക്കോ വേണമെന്നുള്ളവര്‍ക്ക് അത് കഴിക്കാന്‍ ഹോട്ടലുകള്‍ തന്നെ ശരണം. എന്നാല്‍ ബീഫ് കഴിക്കാത്തവര്‍ വളരെ തുച്ഛമാണവിടെ. എല്ലാവരും പുറത്തുനിന്നു വാങ്ങികൊണ്ടുവന്ന് കഴിക്കുന്നതും കാണാം. എന്നിട്ടും ആര്‍ക്ക് വേണ്ടിയാണ് ബീഫിനെ മെനുവില്‍ നിന്ന് ഒഴിവാക്കിയതെന്ന ചോദ്യം ബാക്കിയാവുന്നു. തൈരും അച്ചാറും കൈകൊണ്ടു കശക്കി വൃത്തികേടാക്കി തിന്നുന്ന ഒരു കൂട്ടുകാരിയുണ്ടെനിക്ക്. അവള്‍ ഭക്ഷണം കഴിക്കുന്നത് അവളുടെ സന്തോഷത്തിനാണ്, അതില്‍ എനിക്കെങ്ങനെ ഇടപെടാനാവും. ഒരിക്കലും നീ ഇങ്ങനെ കഴിക്കരുത് എന്നു എങ്ങിനെ പറയാനാവും. അതവളുടെ സ്വാതന്ത്യമാണ്. നമുക്കെല്ലാവര്‍ക്കും ആ സ്വാതന്ത്യം ലഭിക്കട്ടെ എന്നു ആശിക്കാം.

one more post on politics of food
പോത്തിറച്ചിയുടെ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍

when you share, you share an opinion
Posted by on Dec 28 2011. Filed under പറയാതെ വയ്യ, സമകാലികം , സരിത കെ വേണു. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

75 Comments for “നിന്റെ ഭക്ഷണത്തിന്റെ ജാതി എന്താ?”

 1. kaani

  പോത്ത്‌ രാഷ്ട്രീയത്തിന് ശേഷം പോത്ത്‌ ജാതി..!!സരിതയുടെ അനുഭവങ്ങള്‍ പുരോഗതി പ്രാപിച്ച ഒരു സമൂഹത്തിനു ഒട്ടും ഭൂഷണമല്ല .(അല്ലെങ്കിലും എന്തു പുരോഗതി അല്ലെ ?). അതിനോട് ചേര്‍ത്ത് വെക്കാന്‍ പറ്റിയ ഒന്ന് രണ്ടു അനുഭവങ്ങള്‍ ഞാനും പറഞ്ഞോട്ടെ. പ്ലസ്‌ ടു വില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു നമ്പൂതിരി ചെക്കനെ ഇറച്ചിയും മീനും കഴിക്കാന്‍ തയ്യാറാവാത്തതിന്റെ പേരില്‍ പരസ്യമായി അധിക്ഷേപിക്കുകയും മീന്‍ മണം വരുന്ന ചോറ് പാത്രം അവന്റെ മൂക്കിനോട് ചേര്‍ത്ത് വെക്കുകയും ചെയ്ത ഞാനടങ്ങുന്ന കൂട്ടത്തിന്റെ ജാതി തിരിച്ചുള്ള കണക്കു അന്നെടുത്തില്ല കാരണം ഞങ്ങള്‍ക്ക് അതൊരു തമാശ മാത്രമായിരുന്നു. അവന്‍, കഴിഞ്ഞു പോയ തലമുറകളോടുള്ള കീഴ്‌ ജാതിക്കാരുടെ പ്രതികാരമായാണോ അതിനെ കണ്ടെതെന്നറിയില്ല ! എന്റെ വീട്ടില്‍ ഉണ്ടാക്കുന്ന സാമ്പാറും അവിയലും വയറു നിറയെ കഴിക്കുമ്പോഴും അവിടെ തന്നെ ഉണ്ടാക്കുന്ന കോഴിയിറച്ചി കഴിക്കാത്ത നോണ്‍ വെജ് കൂട്ടുകാരും എനിക്കുണ്ടെന്ന് വേദനയോടെ പറഞ്ഞോട്ടെ . കോഴിയും പോത്തും പന്നിയും തൈര്‍ സാദവും സാമ്പാര്‍ വടയും ഒക്കെ കിട്ടുന്നതാവട്ടെ കേരളത്തിലെ എല്ലാ ഹോട്ടലുകളും .

     4 likes

  • midhun

   പട്ടാമ്പി അപ്പുറം കൊപ്പത്ത് ഏതോ സംഘപരിവാര്‍ സംഘടന ഗോവധത്തിനു എതിരെ പരിപാടി നടത്തുന്നു, പ്രസംഗിക്കുന്നു, പാട്ട് പാടുന്നു, മുദ്രാവാക്യം വിളിക്കുന്നു, തല്ലുന്നു, അലറുന്നു…. ജഗപൊഗ……
   പ്രസംഗത്തിനിടയില്‍ നേതാവിനോട് ഒരുത്തന്‍ ചോദിക്കുന്നു,
   “എന്താ കഴിക്കാന്‍ വേണ്ടത്?”
   നേതാവ് വെറിയോടെ പറയുന്നു
   “പൊറോട്ടേം ബീഫ് കറീം!!!!!!!”

   ഇത് ഉണ്ടായതാണ്!!!

      4 likes

 2. T S Jayan

  ജാതിയുടെയും മതത്തിന്‍റെയും ഹസ്തങ്ങള്‍ എല്ലായിടത്തുമുണ്ട്…
  അതുപോലെ ആഹാരത്തിന്‍റെ കാര്യത്തിലും ഉണ്ട് എന്നേയുള്ളു…
  നാം അത് ഇത്തരത്തില്‍ ഒരു വ്യാഖ്യാനം കൊടുത്ത് അതൊരു വിപ്ലവാത്മക മാക്കെണ്ടതുണ്ടോ….തന്‍റെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അഹങ്കരിക്കുന്നവര്‍ തന്നെയാണിവിടെ ഭൂരിപക്ഷവും…ഇത് നാം പിന്തുടര്‍ന്ന് വരുന്ന ഒരു ശീലമാണ്…പിന്നെ താന്‍ പിന്തുടരാത്ത എല്ലാം തെറ്റാണെന്ന് പറയുന്ന ശീലം ശരിയായ സംസ്കാരമില്ലായ്മയാണ്, അറിവില്ലായ്മയാണ്…അതിപ്പോള്‍ ലേശം കൂടുതലാണ് എന്നേയുള്ളു…കൂടുതല്‍ സംസ്കാര ചിത്തരാവാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു….മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാന്‍ തക്ക വണ്ണം മനസ്സിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു….താങ്കളുടെ ഈ ലേഖനം അപകര്‍ഷതാബോധത്ത്തിനു അടിമകളായ ചില മാംസബുക്കുകളെ ഉന്മേഷഭരിതരാക്കാതിരിക്കില്ല….!!!

     8 likes

  • Josh

   “പിന്നെ താന്‍ പിന്തുടരാത്ത എല്ലാം തെറ്റാണെന്ന് പറയുന്ന ശീലം ശരിയായ സംസ്കാരമില്ലായ്മയാണ്, അറിവില്ലായ്മയാണ്…അതിപ്പോള്‍ ലേശം കൂടുതലാണ് എന്നേയുള്ളു…കൂടുതല്‍ സംസ്കാര ചിത്തരാവാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു….മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാന്‍ തക്ക വണ്ണം മനസ്സിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു” ithu ee paranaja vej mathrame kazhikko ennu paranju ahankarikkunna(ithil ithra ahankarikkan enthirikkunnu) varkkum badhakamalle? avar mattullavarude bhakshanathine mlachamaayi kanunnidathanu prashanangalude thudakkam.. Arum innu vare non veg kazhikkathathinte peril adhikshepikkapedukayo oru tharam neechathwam kalppikkappedukayo undayittilla… athu veg mathram kazhikkunnathu oru punyamayittonnumalla…. veg mathram kazhikkunna manushyathamillatha hrridhayam maravicha kanakkappillakalekkal hridhaya vishalatha mamsam kazhikkunnavarkkundayathu kondanu!

      0 likes

   • T S Jayan

    ” ഇത് ഈ പറഞ്ഞ വെജ് മാത്രമേ കഴിക്കൂ എന്ന് പറഞ്ഞു അഹങ്കരിക്കുന്ന (ഇതില്‍ ഇത്ര അഹങ്കരിക്കാന്‍ എന്തിരിക്കുന്നു ) വര്‍ക്കും ബാധകമല്ലേ? ”

    യഥാര്‍ത്തത്തില്‍ ഞാന്‍ ഉദ്ദേശിച്ചത് അവരെ തന്നെയാണ്…താന്‍ പിന്തുടരാത്ത ശീലം ശരിയല്ല എന്ന് പറയുന്ന അറിവില്ലായ്മയാണ് വെഗന്‍-മാരുടെ പ്രശ്നം…!! പിന്നെ വെജ് കഴിക്കുന്നവരായ നമ്പൂതിരി ജന്മിമാര്‍ സാധാരണ ജനങ്ങളെ അടിമകളെ പോലെ കരുതിയിരുന്ന ഒരു വലിയ ചരിത്രവും നമുക്ക് പിന്നില്‍ ഉണ്ട്…!! അതുകൊണ്ട് തന്നെ വെജ് ആകുന്നതില്‍ പ്രത്യേകിച്ച് ഒരു ഉത്കര്‍ഷത ഉണ്ട് എന്ന് തോന്നുന്നില്ല..!!! ശാസ്ത്രീയവും സാംസ്കാരികവുമായ ഒരു പിന്‍ബലവും ആ വാദത്തിനു ഇല്ല…എന്നുള്ളത് തന്നെയാണ് വാസ്തവവും..!!! താന്‍ ചെറുപ്പം മുതല്‍ ശീലിച്ച ഭക്ഷണം തനിക്കു നല്ലത് എന്നാ കാഴ്ചപ്പാടാണ് എനിക്ക്…അതില്‍ പിന്നെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൂട്ടികിഴിക്കലുകള്‍ നമ്മുടെ ഇഷ്ടം…അത്രയേ ഉള്ളു…(ജോഷിന്റെ തെറ്റിധാരണ നീങ്ങിയിരിക്കും എന്ന് കരുതുന്നു..)

       3 likes

 3. Rann

  ജാതി എതുമായിക്കൊള്ളട്ടെ, നാവിന്റെ രസ മുകുളങ്ങളെ ലാളിക്കാന്‍ പോത്തിനെയും കോഴിയെയും ഒക്കെ കൊല്ലുന്നത് പാപം തന്നെയാണ്.
  അത് നായര്‍ ആയാലും ദളിത് ആയാലും. ആരെയും പറഞ്ഞിട്ട് കാര്യമില്ല. എല്ലാവര്ക്കും അവനവന്റെ ശരി. പശു മാതാവാണ് പോത്ത് ദൈവമാണ് എന്ന് പറയുന്നതിലെ logic എനിക്ക് മനസ്സിലാവുന്നില്ല. എന്തുമായിക്കോട്ടെ, മനുഷ്യന്റെ കഴുത്തു മുറിക്കുംബോളും പോത്തിനെ വെട്ടുംബോലും ഇരുവരുടെയും മരണ വെപ്രാളം ഒന്ന് തന്നെയായിരിക്കും. ഭാഷയില്ലാത്ത രോദനം മാത്രം. Animals who die for your dinner table die alone, in terror, in sadness and in pain. The killing is merciless and inhumane. They suffer from pain and fear just as much as you do. How would you like to spend your last hours locked in a truck, packed into a cage with hundreds of other terrified animal and then cruelly pushed into a blood soaked death chamber. Anyone who eats meat condones and supports the way animals are treated. Animals which are a year old are often far more rational – and capable of logical thought – than six week old babies. Pigs and sheep are far more intelligent than small children. Eating dead animals is barbaric regardless of their caste. So I dont mention my caste but still I’m proud to say that I am a vegan (not even vegetarian).
  ഇതൊന്നും മനസീലാവാതവര് അവനവന്റെ അച്ഛനെയോ അമ്മയെയോ മക്കളെയോ കണ്മുമ്പില്‍ വെച്ച് കഴുത്തരക്കുന്നത് കാണുമ്പോള്‍ മനസ്സിലായികൊള്ളും.

     13 likes

  • sudakaran

   I do supprt U.killing innocent animals is always cruel and ruthless.

      6 likes

  • sudakaran

   kola aru cheythalum kolathanne

      4 likes

  • Antony

   അപ്പോള്‍ സസ്യങ്ങള്‍ക്കും ജീവനില്ലേ? അതിന്റെ കൊമ്പോടിക്കുമ്പോഴും കായ്കള്‍ പൊട്ടിക്കുമ്പോഴും എന്തിനധികം ചത്തുപോയ ഒരാളെ കത്തിക്കാനായി പച്ചയായ ജീവനുള്ള ഒരു മാവിനെ വെട്ടിക്കൊല്ലുംബോഴും ഈ വികാരങ്ങളൊന്നും കാണാറില്ലല്ലോ? Every such thing is a matter of convenience. Nothing more.

      3 likes

   • Rann

    As far as I know no reputable study has ever shown that plants can “feel pain”. They lack the nervous system and brain necessary for this to happen. For plants to feel pain, they need a nervous system and a brain. And one person cited vegetablecruelty.com as a source that plants feel pain. I went on that site and it is obviously a joke.A plant can respond to stimuli, for example by turning towards the light or closing over a fly, but that is not the same thing.
    Also please dont come forward with the research of Jagdish Chandra Bose… His findings are hypothesis, not theory.

       0 likes

    • Antony

     Rann,
     So are we allowed to kill and eat anything which doesnt feel pain? The it is a vast topic to discuss. Let us not deviate from the core point here. Eating the food we like is our basic right, unless it is not banned by law. Citing reasons and creating sensations about the മരണ വെപ്രാളം is just another way to prove / establish what you believe in – you are at liberty to believe that. But dont insist that all others also should believe it.

        0 likes

 4. anu

  നന്നായിട്ടുന്റ്റ്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ പളിയ്ക്കെന്ട മിനിമം മാന്യത പലര്ക്കുമില്ല എന്നതാണ് സത്യം. എനിയ്ക്ക് എന്റെ രുചി ഇഷ്ടമാണെങ്കില്‍ അതുപോലെ തന്നെയാണ് മടുല്ലവര്‍ക്കും എന്ന ആരും ചിന്തിക്കുന്നില്ല. ഞാന്‍ ബീഫ് കഴിക്കാര്രില്ല. എന്ന് വെച്ച് കഴിച്ചിട്ടില്ല എന്നുമില്ല. സ്വയം നിര്‍ത്തിയതാണ്. ഒരു ദുരനുഭവത്തിന്റെ ഓര്‍മ്മയില്‍. എന്ന്‍ വെച്ച് കഴിക്കുന്നവരെ അധിക്ഷേപിയ്ക്കാര്രുമില്ല. ഞാന്‍ മനസിലാക്കിയിട്ടുള്ളത് സ്വന്തം മതം പോലെ തന്നെ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് സ്വന്തം രുചികളും എന്നാണു. നന്നായിട്ടുന്റ്റ് സരിത.

     5 likes

 5. thariq

  ഭക്ഷണത്തിന്റെ ജാതി തിരിച്ചറിഞ്ഞത് ഹൈസ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ. പങ്കു വെക്കപ്പെടാത്ത ഒരേയൊരു ചോറു പാത്രം ദലിതനായ അവന്റെത്‌ മാത്രമായിരുന്നു. വീട്ടില്‍ തേങ്ങ പറിക്കാന്‍ ഇല്ലാതിനുന്നത് കൊണ്ടാവണം, അവന്റെ ചമ്മന്തിക്ക് രക്ത പതാകയുടെ ചുവപ്പായിരുന്നു. കഴിച്ചു തീരുമ്പോഴേക്കും അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നത് തന്റെ ചോറു പാത്രം പങ്കുവെക്കപ്പെടാതിരുന്നത് കൊണ്ടോ വറ്റല്‍ മുളക് മാത്രം ചേര്‍ത്ത ചമ്മന്തിയുടെ എരിവു കൊണ്ടോ എന്ന് എനിക്കിന്നും അറിയില്ല. ഒരിക്കല്‍ ഇക്കഥ വീട്ടില്‍ പറഞ്ഞപ്പോള്‍ മുതല്‍ ഉമ്മ എന്റെ ചോറു പാത്രത്തില്‍ വെക്കുന്ന ചമ്മന്തിയുടെ അളവ് അല്‍പ്പം കൂട്ടി. എന്റെ തേങ്ങാ ചമ്മന്തിയും തൈരും അവന്റെ ഇഞ്ചി ചേര്‍ത്ത മുളക് ചമ്മന്തിയും ചേര്‍ന്നുണ്ടായ രുചിയുടെ പുതിയ രസതന്ത്രം തന്നെയാവണം ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളുടെ സൌഹൃദത്തെ നിലനിര്‍ത്തുന്നത്.

     34 likes

 6. hari sankar

  എനിക്കുമുണ്ട് പറയാന്‍. സ്കൂള്‍ കാലത്ത് സുഹൃത്തിന്റെ വീട്ടില്‍ ചെന്നിട്ട് ഒന്നും കഴിക്കാതെ ഇറങ്ങിപ്പോന്നതിന്റെ അനുഭവം. സരിത പറഞ്ഞുപോലെ, ഭക്ഷണമായിരുന്നില്ല വിഷയം. ജാതി തന്നെയായിരുന്നു. അന്നൊന്നും അത് തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. സരിതയുടേതു പോലുള്ള ചില തുറന്നെഴുത്തുകളാണ് ഉള്ളില്‍ തിരിച്ചറിവിന്റെ വെട്ടം കാട്ടിയത്. അതിനാല്‍, ഇത്തരം എഴുത്തുകള്‍ ഇനിയുമുണ്ടാവട്ടെ. അദൃശ്യവും ദൃശ്യവുമായൊരു ജാതിപ്പിശാച് നമ്മുടെ ഉള്ളിലും നാവുനീട്ടുന്നുവെന്ന് തിരിച്ചറിയാന്‍ ഇത്തരം എഴുത്തുകള്‍ സഹായിക്കും. ഇക്കാര്യം അംഗീകരിക്കുന്നതിനു പകരം, ജാതിയോ അത് ഭക്ഷണത്തില്‍ മാത്രമോ, അതൊക്കെ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ എന്നൊക്കെ ചോദിക്കുന്നത് സ്വയം തുറന്നുകാട്ടപ്പെടുമ്പോഴുള്ള അസഹിഷ്ണുത കൊണ്ടു തന്നെയാണ്. സരിതയുടേത് ഉപബോധമനസ്സിലെ വെറികളുടെ പ്രകാശനമാണെന്ന ഒരു ബുദ്ധിജീവിയുടെ വെളിപാട് ഇപ്പോ ഫേസ്ബുക്കില്‍ കണ്ടതേയുള്ളൂ.

     8 likes

 7. ajin

  Well said article… excellent….Pointing on there bloody egos and of the veggies..

     1 likes

 8. Abubakkar E.A

  നമ്മളെല്ലാം സമൂഹ മധ്യത്തില്‍ എന്തിനും പോന്ന മനോഹര മതേതര ജനാധിപത്യത്തിന്റെ വല്യപ്പച്ചന്‍ മാരാണ് പ്രത്യേകിച്ച് പുലയനോ,പറയനോ, പുള്ളുവനോ, കാക്കമാരോ അവരുടെ ജാതിയ്ക്കുരിച്ചോ ജാതി ശീലങ്ങലെക്കുരിച്ചോ മിണ്ടിപ്പോയാല്‍.. ജാതിയും വര്‍ണവും അതുമൂലമുള്ള വിവേചനങ്ങളും ഈ ജനതയുടെ പുറം മോടികളെക്കാള്‍ അസ്ഥിയിലും ആത്മാവിലും ആണുള്ളത് എന്ന് ഇതിനോടകം തലമുറകള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്.ഈ സവര്‍ണ തംബുരാക്കന്‍ ഉത്പാദിപ്പിചെടുത്ത സങ്കരയിനം മുട്ടായി കുട്ടന്മാര്‍ ഏതേലും ഒരു പുലയപെണ്ണ് അരച്ചുണ്ടാക്കിയ ചമ്മന്തി ഓക്കാനം വരാതെ തിന്നുമോ ? എന്തിനു താഴെ ജാതിയിലെ തൊലി വെളുതതായാല്‍ പോലും ഒരു വേലത്തി പെണ്ണിനെ കെട്ടുമോ? ഇല്ല .. എന്ന് മേലും കീഴും നോക്കാതെ പല്ലിളിച്ചു പറയേണ്ടി വരും.അതാണ് സത്യം…

     2 likes

 9. ajin

  Since man has got the power to rule the earth from EDEN (Old ADAM and EVE story) i am proud to say i will eat everything which is possible.And no veggies please dont bother about ma dishes…And dont tell that cow is god and rat is gods vehicle….Please dnt tell that cow is mom..i have ma mom at home and non need of soon meany..Proud to say i have only one mom and dad….Not like you veggies…!!!:D

     2 likes

 10. ajin

  Since man has got the power to rule the earth from EDEN (Old ADAM and EVE story) i am proud to say i will eat everything which is possible.And no veggies please dont bother about ma dishes…And dont tell that cow is god and rat is gods vehicle….Please dnt tell that cow is mom..i have ma mom at home and no need of soon meany..Proud to say i have only one mom and dad….Not like you veggies…!!!:D

     0 likes

 11. ചോറുരുള ഷോട്ട് പുട്ട് പരുവത്തിലാക്കി വായിലേക്കെറിഞ്ഞു പിടിപ്പിച്ച് ഈരേഴു പതിനാലു ലോകവും കാണുന്ന വിധത്തില്‍ വായ അശ്ലീലമായി തുറന്നടച്ച്‌ ഭക്ഷണം കഴിക്കുന്ന ഒരു വെജിറ്റേറിയന്‍ വെട്ടിവിഴുങ്ങല്‍ കണ്ട്, കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം വിട്ട് എഴുന്നേറ്റു പോയ ഒരുത്തരേന്ത്യന്‍ സഹപാഠിയെ ഞാനോര്‍ക്കുന്നു. യൂനിവേര്‍സിറ്റിയില്‍ തിരിച്ചെത്തി ഇതും പറഞ്ഞ് മലയാളികളെ കളിയാക്കുന്നത് അയാള്‍ പതിവാക്കി. മിണ്ടാതെ തല കുനിച്ചു നില്‍ക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍? ഇന്നും അങ്ങനെ ഭക്ഷണം കഴിക്കുന്ന വെജിറ്റേറിയന്‍ കോമാളികളെ കാണുമ്പോള്‍ എന്നെ മാനം കെടുത്തിയവന്‍ എന്ന് ഞാന്‍ പല്ലിറുമ്പും. എന്ത് കാര്യം? അയാള്‍ മുട്ടുവരെ നക്കി ഏമ്പക്കം വിടും; മഹത്തായ ഒരു സാംസ്കാരിക ശേഷിപ്പ് പോലെ. വിരല്‍ തുമ്പു മാത്രം ഉപയോഗിച്ച് , വായടച്ച് ഭക്ഷണം കഴിക്കാന്‍ പോലുമാകാത്ത സംസ്കാര ശൂന്യതയെ പ്യൂവര്‍ വെജിറ്റേറിയനിസം എന്ന് വിളിക്കട്ടെ.

     11 likes

 12. steephen George

  well written….and a fire in belly!!!

     0 likes

 13. if some body done like that means , it is his culture and doesn’t means it is the vegetarian culture,Peoples who lived in deserts and were gypsy’s in their life style compelled to eat meat because they don’t had any choice! they followed it as a part of their culture,their descendants who came to fertile land and started to convert the natives in to their culture in all means ie; believes,dressing,food culture,language, etc.If you can agree with all these,with all respect to YOUR RIGHT TO SELECT WHAT TO EAT,i would like to ask a simple question are you following food culture which is suitable to the climate of your motherland or are you a GYPSY ?

  PLEASE NOTE THAT I’M ALSO A SO CALLED FC (FORWARD CASTE) MEMBER,HAD NV IN MY LIFE AND NOW A PURE VEGETARIAN WHO USES HIS FINGERS TO EAT, MAY LICK HIS FINGERS AFTER A FULL MEAL AND MAY USE BARE HAND TO PREPARE FOOD.

     1 likes

 14. shebrin

  ലേഖനം നന്നായി.
  ബീഫ് കഴിക്കുന്നതിനെ കളിയാക്കി ഒരാള്‍ പണ്ട് കേരള കൌമുദിയില്‍ എഴുതിയ ഒരു കുറിപ്പ് ഓര്‍മ്മ വരുന്നു. കാസര്‍കോട് നിന്ന് തെക്കോട്ട്‌ സഞ്ചരിച്ചാല്‍ ബസു നിര്തുന്നിടം എല്ലാം പോത്തിറച്ചി തൂക്കിയിട്ട പീടികകള്‍ കാണുമ്പൊള്‍ ഓക്കാനം വരാരുണ്ടത്രേ അയാള്‍ക്ക്‌ (ഇത് കേട്ടാല്‍ തോന്നും എല്ലായിടത്തും ഇറച്ചി കടകളെ ഉലൂ എന്ന്). കുറിപ്പ് കാരന്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തം. ”ജന്മം കൊണ്ട്” വെജ് ആയവര്‍ പലരും സൗകര്യം ഒത്താല്‍ കോഴിയും പന്നിയും ചിലപ്പോള്‍ ബീഫും തട്ടാറുണ്ട്.
  എന്റെ പിതാവിന്റെ അടുത്ത സുഹൃത്തായ, മദ്യനിരോധന സമിതി നേതാവും ”ഗാന്ധിയനു”മായ ഒരു നായര്‍ ഇടയ്ക്കു വീട്ടില്‍ വരാറുണ്ടായിരുന്നു. എന്റെ വീട്ടില്‍ നിന്നും ഒരിക്കല്‍ പോലും അയാള്‍ ഭക്ഷണമോ ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല.
  ഇതാണ് ഭക്ഷണത്തിന്റെ ജാതി.

     0 likes

 15. പന്തിഭോജനം ഒരു സാധാരണ കാര്യമാക്കി മാറ്റിയത് ഹോട്ടലുകലാണ് . കേരളീയ വീട്ടകങ്ങള്‍ സരിതയുടെ നിരീക്ഷണങ്ങള്‍ സാധൂകരിക്കുന്നവയാണ് പൊതുവേ. ജീവന്‍ ഉദാത്തമാണ് എന്നാ മട്ടില്‍ കവിത ചൊല്ലുന്ന ‘റാന്‍’ പറയുന്നത് വെണ്ടയും ഉരുളക്കിഴങ്ങും തക്കാളിയും തേങ്ങയും ജീവനില്ലാത്ത ഉരുളന്‍ കല്ലുകളാണ് എന്നാണോ? ദളിതന്‍ ചത്ത പശുവിനെ തിന്നു ജീവിച്ച കാലമുണ്ടായിരുന്നു. അമ്പലത്തിലെ നെദ്യച്ചൊരു പട്ടി തിന്നുമ്പോള്‍ ദളിതന്‍ ആട്ടുമീന്‍ തിന്നു വിശപ്പടക്കി. ജിപ്സി യെ ഉദാഹരിച്ച സുഹൃത്ത്‌ അത് കാണാതെ പോകരുത്. പുരോഗതി പ്രാപിച്ച സമൂഹം ദളിതന്റെ ശീലങ്ങളെ രണ്ടാം തരാം എന്ന് കള്ളി തിരിക്കുന്നത്, ദളിതനെ കൊണ്ട് ഇന്നും തീട്ടം കൊരിക്കുന്നത് (ഓ, ഇനി തീട്ടം എന്ന് പറയാമോ ആവോ – അമേധ്യം എന്ന് നാവു വഴങ്ങുന്നില്ല) – അങ്ങിനെ ജാതീയതയുടെ നിതാന്ത ഉദാഹരണങ്ങള്‍ ഇന്നും സജീവമാണ് നമ്മുടെ സമൂഹത്തില്‍. സരിതയുടെ ധൈര്യത്തിനും ആര്ജ്ജവതിനും അഭിനന്ദനങ്ങള്‍. കേരളീയ സ്വത്വം പശുവിനെ തിന്നുന്നവരെയും , മെഴുക്കു പുരട്ടിയെയും, മേത്തന്മാരെയും, ജാതി മാറി കല്യാണം കഴിക്കുന്നവരെയും, കഥകളിക്കൊപ്പം പുള്ളുവന്‍ പാട്ടിനെയും ഒരേ പോലെ കൂടെ ചെര്‍ക്കുന്നതായിരിക്കട്ടെ!

     5 likes

 16. Theere Nannaayittund

  “കറിപ്പൊടി വാങ്ങുമ്പോള്‍ ബ്രാമിന്‍സ് ചോയ്സ് തന്നെ വാങ്ങണം, അതാണ്‌ ശുദ്ധമായത്, നമ്പൂരിമാര്‍ ഉണ്ടാക്കുന്നതാ” എന്ന് എന്നോട് പറഞ്ഞ വീട്ടുകാര്‍ നായരോ നമ്പൂതിരിയോ പട്ടരോ അല്ലായിരുന്നു…

     9 likes

 17. deepuraj

  ബീഫും, മറ്റു നോണ്‍ വെജ് ഭക്ഷണങ്ങളും കഴിക്കാന്‍ വിവരം കെട്ട പല ന്യായങ്ങളും കണ്ടെത്തുന്നവര്‍ ദയവായി ഈ ഡോകുമെന്ററി ഒന്നു കാണൂ. സരിത കെ വേണു ഉള്‍പ്പെടെ.
  http://en.wikipedia.org/wiki/Earthlings_(film) യൂ ടൂബിലും ല്യഭ്യമാണ്. ലോകത്തിലെ മുഴുവന്‍ ജീവജാലങ്ങളുടെയും പരിപാലനം ഏറ്റെടുക്കാന്‍ അവകാശപ്പെട്ടവര്‍, മൃഗങ്ങളുടെ കാഴ്ചപ്പാടില്‍ നമ്മള്‍ എന്താണ് അവരോട് ചെയ്യുന്നതെന്ന് കൂടി നമ്മള്‍ അറിഞ്ഞിരിക്കേണ്ടേ? അവര്‍ക്ക് പറയാനും,എഴുതാനും അറിയാതിരുന്നത്‌ നമ്മുടെ ഭാഗ്യം!

     4 likes

 18. ramshad

  ഭക്ഷണത്തെ ജാതിയുമായി ചേര്‍ത്തുള്ള വ്യാഖ്യാനങ്ങളില്‍ സരിതയുടെ അനുഭവച്ചൂടുണ്ട്. പക്ഷേ, വെജ്ജ് കഴിക്കുന്നവരെല്ലാം സവര്‍ണ ഹിന്ദുക്കളും നോണ്‍ വെജ്ജ് പ്രേമികളെല്ലാം മുസ്്‌ലിമോ ക്രിസ്ത്യാനിയോ ദലിതോ ആണെന്ന തരം വിശദീകരണം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകലെയാണ്. സവര്‍ണ ഭാഷയും വേഷവും ഭക്ഷണവും അനുകരിച്ച് സ്വത്വമില്ലാത്തവരായി ചെറുതാകുന്ന മുസ്്‌ലിമിനെയും ക്രിസ്ത്യാനിയെയും ദലിതരെയും എത്രയോ കാണാം. നോണ്‍വെജ്ജ് ബിരിയാണി കൊതിയന്‍മാരും കൊതിച്ചികളുമായ നായര്‍, നമ്പൂതിരി സുഹൃത്തുക്കളുണ്ട് എനിക്ക്. ഒറ്റപ്പെട്ടകാര്യങ്ങളെ ജനറലൈസ് ചെയ്യരുത്.
  മറ്റൊരു അനുഭവം പറയട്ടെ: യുവജനവേദി പ്രവര്‍ത്തകനായിരുന്ന കാലത്ത് ഞങ്ങള്‍ ഇടുക്കിയിലെ ഒരു ആദിവാസി സഖാവിന്റെ അടുത്ത് പോയി. കുട്ടിക്കാലം മുതല്‍ ആളുകളുമായി ഇടപഴകുന്നതില്‍ ജാതിയും മതവും ശീലിച്ചിട്ടില്ലാത്ത എനിക്ക് അവര്‍ തന്ന കാപ്പി കുടിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. പക്ഷേ, എന്റെയൊപ്പമുണ്ടായിരുന്ന ദലിത് സഖാവ് ആ കാപ്പി മറ്റാരും കാണുന്നില്ലെന്നുറപ്പു വരുത്തി പുറത്തേക്കു കമഴ്ത്തിക്കളഞ്ഞു. ഞാന്‍ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു. പക്ഷേ, ആ കാഴ്ചയുടെ ഞെട്ടല്‍ ഇന്നും അനുഭവിക്കുന്നുണ്ട്.

     9 likes

 19. anthu

  “If slaughterhouses had glass walls, everyone would be a vegetarian.”—Sir Paul McCartney

  If you have men who will exclude any of God’s creatures from the shelter of compassion and pity, you will have men who will deal likewise with their fellow men.”—Francis of Assisi

  “Animals have done us no harm and they have no power of resistance.…There is something so very dreadful…in tormenting those who have never harmed us, who cannot defend themselves, who are utterly in our power.”—Cardinal John Henry Newman

     2 likes

 20. പേര്

  ശരിയാണ്, ജീവിതത്തില്‍ നേരിടേണ്ടിവന്നതായ വലുതും ചെറുതുമായ എല്ലാതരം തര്‍ക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും നാണക്കേടുകള്‍ക്കും ഒരു പരിധിവരെ കാരണം ഞാനോ അവനോ കഴിച്ചിരുന്ന ഭക്ഷണത്തിന്റെ ജാതീയത അന്വേഷിച്ചതും ധരിച്ചതും പറഞ്ഞു നടന്നതും തന്നെ ആയിരുന്നു.

     1 likes

 21. Rawther

  സഹോദരിയെ പോലുള്ളവര്‍ തന്നെയാണ് ജാതികളെയും ജാതിചിന്തയും ഉണ്ടാക്കുന്നത്‌

     5 likes

  • talk2public

   നിന്റെ ബൂട്ടുകള്‍ കൊണ്ടെനിക്കു വേദനയാവുന്നേ എന്നു പറയുന്നവനോട് ഞാന്‍ പറയും: ‘സഹോദരനെപ്പോലുള്ളവര്‍ തന്നെയാണ് വേദനയും വേദനിക്കുന്നവനെയും ഉണ്ടാക്കുന്നതെന്ന്.”

      4 likes

  • arun

   സരിതയോട് യോജിക്കേണ്ടിയിരിക്കുന്നു. ജന്മനാ സസ്യഭോജിയായ എന്റെ ഭാര്യ എന്റെ ഇറച്ചിതീറ്റയോട് വെറുപ്പ് ആദ്യകാലങ്ങളില്‍ വെറുപ്പ് പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ആദ്യമേ ഒരു കാര്യം പറഞ്ഞു വെച്ചു. അന്യന്റെ ഭക്ഷണത്തോട് അറപ്പ് കാണിക്കരുത്. അതാണ് അദ്യത്തെ കാര്യം . അയാള്‍ കഴിക്കുന്നത് പയറായാലും മീനായാലും അത് അയാളുടെ കാര്യം. അത് നിര്‍ബന്ധിച്ച് തീറ്റിക്കാന്‍ നോക്കരുത്. അതെന്റെ കാര്യം . പശു എന്റെ അമ്മയാണെങ്കില്‍ എനിക്ക് വാലും കുളമ്പും ഒക്കെ ഉണ്ടാവണം.

      2 likes

 22. njan ithu vaaychappol reply cheyyanam ennu vichaarichathalla.. pakshe angane njan reply cheyyathe poyaal athum ningal thaznna jaathi athavaa dalit aayathu kondaanennu thonniyaal athu mosham aaville.. athukondu thanne parayatte njan oru pure non vegiterian, enikku vaayakku ruchi aayi thonunnathu non vegiterian vibavangal aanu , athu kondu njan athu kazhikkunnu.. enikku kore koottukaarum undu.. palapozhum ethengilum apeksha poorippikkumbola aanu njan avarude jaathiyum mathavum okke ariyunnathu tanne.. kaaranam cheruppathile enikku taalprayam illatha onnayirunnu eeh jaathi matham okke.. pinne veettil panikku varunnavarude veettil ninnu palappozhum bakshanam kazhikarilla, athinu kaaranam palathaanu, chelappo enikku vaayakku ruchi pidichaal njan athu thinnu teerkkum, pinne aah veettukarkku thinnan onnum undaayillengilo ennu vicharichu palappozhum vittu kalayunnathanennathaanu satyam… eeh kaalathum ingane dushicha vargeeyatha pracharippikaruthaanennanu priya suhurthinodu ente apeksha.. ithu malannu kedannu thuppunnathinu samam aanu.. itharam vila kuranja prastaavanakal ningale thanne aanu ettavum kooduthal badhikkuka.. cancer vanna baagam karichu kalayunnathu aanu chikilsa.. cancer vanna aaline kathichu kalanjaal athu chikilsa alla kulapaathakam aanu

     4 likes

 23. sudeesh.r. nair

  “സത്യത്തില്‍ ബീഫ് കഴിക്കുന്നത് ഒരു ഹരമായി മാറിയത് ഇത്തരം ഇടപെടലുകള്‍ കൊണ്ടുകൂടിയാണ്”

  ഇതാണ് ഇത്തരം ലേഖനങ്ങളുടെ രാഷ്ട്രീയം,
  പക്വതയോ, വിവരമോ തൊട്ടു തേച്ചിട്ടില്ലാത്ത കുറെ കൂട്ടുകാര്‍ സരിത വേണുവിനു ഉണ്ട്, പിന്നെ കുറെ ക്ലീഷേ ദിക്ലരെഷനുകളും എന്നതിന്റെ അപ്പുറത്തേക്ക് ഈ ലേഖനം ഒരു പോയിന്റ് കാണവേ ചെയ്യുന്നില്ല. ഈ രീതിക്കുള്ള വര്‍ത്താനം കുറെ കേട്ടിട്ടുല്ലതായത് കൊണ്ട് ഒരു അദ്ഭുതവും തോന്നുന്നും ഇല്ല!!!

     4 likes

  • talk2public

   ക്രിമിനല്‍ കേസില്‍ ജയിലില്‍ കിടക്കുമ്പോഴും ബ്രാഹ്മണനെ കുക്കായി വേണമെന്നു പറഞ്ഞ സ്വാമി കാക്കത്തൊള്ളായിരം വര്‍ഷം മുമ്പ് ജീവിച്ച ആളല്ല. ജോലിയില്‍ നിന്ന് ആള് വിരമിച്ചുപോയപ്പോള്‍ ചാണകം തളിച്ചത് മധ്യകാലയുഗത്തിലുമല്ല

      4 likes

 24. Ravi

  പിന്നല്ല! ഈ രാഷ്ട്രീയം മനസ്സിലായി, നോണ്‍ വെജ് കഴിഞ്ഞു തുടങ്ങിയവന്റെ ഒപ്പ്.

     0 likes

 25. Okapees

  ഏന്നാല്‍ നമുക്ക് ഇത് പരീക്ഷിച്ചു നോക്കിയാലൊ?? :-)

  http://d24w6bsrhbeh9d.cloudfront.net/photo/70153_700b.jpg

     2 likes

 26. vishnuprasad

  ജീവനെ ആഹാരം ആക്കുന്നത് മനുഷ്യനാണോ

     1 likes

  • Yes. Just think that the trees, vegetables and fruits are part of “living organisms” too. Plus don’t forget the millions of Bacteria, Virus and Fungus that we/our body kills whenever we take a breath or while walking.

      1 likes

 27. Roopesh

  വ്യാസന്‍ എഴുതിയ മഹാഭാരതത്തില്‍ പശുക്കളെ കശാപ്പു ചെയ്യുന്നത് ബ്രാഹ്മണരായിരുന്നു, പശു മാംസം ഭക്ഷിക്കുന്നതും ബ്രാഹ്മണരായിരുന്നു. രന്തി ദേവന്റെ കൊട്ടാര വളപ്പില്‍ കൊന്നു കൂട്ടിയ ആയിരക്കണക്കിനു പശുകളുടെ ഒഴുകിയ നിണ ചാല്‍ ഒരു പുഴയായി ഒഴുകി (ചമ്പല്‍) എന്ന് മഹാഭാരതം.

     5 likes

  • Rann

   dont tell the lies that u cannot prove. If u think it is true, and if u read the mahabharatha, please quote it.

      0 likes

 28. Sukesh.MK

  ജാതി ഇന്നും വളരെ ശക്തമായിത്തന്നെ നില നില്ക്കുന്നു. ഒരു പക്ഷെ പഴയതിനെക്കാൾ കടുത്ത രീതിയിൽ. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, സമസ്തമേഖലയിലും അതു പുത്തനുടുപ്പിട്ട് വിലസുന്നു. അറിഞ്ഞൊ അറിയാതെയോ താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവരും അതിനു കാരണക്കാരാവുന്നു.

  തുറന്നെഴുത്തിന്റെ ‘സരിത ശൈലി’ ഇഷടപ്പെട്ടു. പക്ഷെ ചില അഭിപ്രായവത്യാസങ്ങളുണ്ട്. ഒരു നോൺ വെജിന്‌ ഒരു വെജിനെ adjust ചെയ്യാം. പക്ഷെ ഒരിക്കലും നോൺ വെജ് കഴിക്കാത്ത ഒരാൾക്ക് ആ ഭക്ഷണം ഇഷ്ടപ്പെടില്ലെന്നുറപ്പാണ്‌. അങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ അയാളോടൊപ്പമിരുന്ന് നാം നോൺ കഴിക്കാതിരിക്കുകയാണ്‌ മാന്യത. കോഴി മുതൽ തവള വരെ താല്പര്യം തോന്നിയ എല്ലാ മാംസാഹാരവും കഴിക്കുന്ന ആളാണ്‌ ഞാൻ. പക്ഷെ ഒരു ചൈനാക്കാരൻ പാമ്പിനേയോ പുഴുവിനേയോ തിന്നുമ്പോൾ അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ എനിക്കു കഴിയില്ല.

     3 likes

 29. Yehudi

  മാംസമാണ് ഏറ്റവും നല്ല ഭക്ഷണം എന്നാണ് ശതപഥ ബ്രാഹ്‌മണം പറയുന്നത്.
  “Now, when he performs the animal offering. he thereby redeems himself–male by male, for the victim is a male, and the Sacrificer is a male. And this, indeed, to wit, flesh, is the best kind of food: he thus becomes an eater of the best kind of food.“
  (Śatapatha Brāhmaṇa, XI.7.1.3)

     2 likes

 30. sameel

  കുറേ നേരമായി ചിലര്‍ ‘ജാതി എന്തായാലും മൃഗങ്ങളെ കൊല്ലുന്നത് പാപമാണ്’ എന്ന കോമഡി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ജീവനെ കൊല്ലുന്നത് പാപമാണ് എന്നാണോ ഇവര്‍ പറയുന്നത്. അങ്ങിനെയാണെങ്കില്‍ വെള്ളമൊഴികെ മറ്റൊന്നും മനുഷ്യന് തിന്നാനാവില്ലല്ലോ. സകല വെജ് ശിങ്കങ്ങളും തങ്ങളുടെ തീന്‍മേശപ്പുറത്തെത്തുന്ന പയറു വര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, ഇലകള്‍ തുടങ്ങി ‘ജീവനു’ള്ള സകലതിനേയുമല്ലേ വെട്ടി വിഴുങ്ങുന്നത്. അതോ ജീവനുള്ളതാകാം, പക്ഷേ, ജന്തുക്കളാകരുത് എന്ന വല്ല ‘സവര്‍ണ ന്യായ’ങ്ങളുമുണ്ടോ ആവോ…?

     3 likes

  • nandu

   mr.saleel താങ്കള്‍ എന്ത് കൊണ്ടാണ് മനുഷ്യനെ കൊന്നു തിന്നാത്തത് ? ഒക്കെ കൊല്ല്ന്നാല്‍ കേസ് ആകും എന്നാലും ഒരു ശവം കിട്ടിയാലും നിങ്ങള്‍ തിന്നുമോ ?? ആദ്യമേ പറയട്ടെ ഞാന്‍ ഒരു മംസബോജി ആണ് , പക്ഷെ അത് എന്റെ സ്വാര്‍ത്ഥത ആണ് .. എന്റെ വായക്കു രുചി ഉള്ള ഭക്ഷണം കിട്ടാനായി ഞാന്‍ ഒരു ജീവന്‍ കളയുന്നു.. ചെടികള്‍ അഥവാ സസ്യങ്ങള്‍ ജീവജാലങ്ങള്‍ ആണെങ്കിലും അവയ്ക്ക് വികാരങ്ങള്‍ ഇല്ല.. നിങ്ങള്ക്ക് പോത്തിനോട് തോനത സഹജീവി എന്നാ വികാരം മറ്റൊരു മനുഷ്യന് നിങ്ങളോട് തോനിയില്ല എന്ന് വാതികുനത് തെട്ടറ്റ് അല്ലെ സുഹുര്‍തെ ??

      1 likes

  • മാംസാഹാരവും ഗ്ലോബല്‍ വാമിങ്ങും
   http://sasyaharam.blogspot.com/2011/03/blog-post.html

      0 likes

 31. My name is red

  ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു ഗ്ലാസ്സില്‍ വെള്ളമടിക്കുന്നതിനും ഒരേ പാത്രത്തില്‍ നിന്നു അച്ചാര്‍ തൊട്ട് നക്കുന്നതിലും വിമുഖത കാണിക്കാത്ത നമ്പൂതിരി സുഹൃത്ത് ഒരേ പാത്രത്തില്‍ നിന്നു ചോറ് കഴിക്കുന്നത് വിസമ്മതിച്ചത് ഞാനും ഓര്‍ക്കുന്നു

     1 likes

 32. അനിവര്‍

  സരിത,

  നന്നായി .
  പ്യൂര്‍ നോണ്‍വെജ് എന്നല്ല സ്ട്രിക്റ്റ്ലി നോണ്‍വെജിറ്റേറിയന്‍ എന്നാണ് ഞാന്‍ പറയാറ് എന്നൊരു വ്യത്യാസം മാത്രം നമ്മള്‍ തമ്മില്‍. അതുപോലെ ബീഫുപ്രേമികളുടെ ഇടയില്‍തന്നെ ടോപ്‌സൈഡ് പ്രേമികള്‍മുതല്‍ ബോട്ടിയോടും പാര്‍ട്സിനോടുമൊക്കെയുള്ള ഇഷ്ടങ്ങളിലുള്ള ഒരു ക്ലാസ്സ് വ്യത്യാസം കൂടിയുണ്ട് . അതാണ് ബീഫിന്റെ ക്ലാസ്

     3 likes

 33. സരിത, വളരെ നന്നായി എഴുതി. ദീപുരാജിനും ബീഫ് ഇഷ്ടമുള്ളവര്‍ ബീഫ് കഴിക്കുന്നതിനോടു വിരോധമുള്ള മറ്റുള്ളവര്‍ക്കും : ആ ഊട്ടൂബ് വീഡിയോ അല്ല അതുപോലെ ഒരു നൂറെണ്ണം കാണിച്ചാലും ഞങ്ങള്‍, ബീഫ് തിന്നാന്‍ ഇഷ്ടമുള്ളവര്‍, അത് തിന്നാന്‍ ഇങ്ങനെ പല പല വിവരം കേട്ട ന്യായങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കും. ഏതായാലും ലിങ്ക് തന്നതിന് തേങ്ക്സ് ഉണ്ടേ..

  ramshaad, വെജ് കഴിക്കുന്നവരെല്ലാം സവര്‍ണ്ണ ഹിന്ദുക്കള്‍ ആവണമെന്നില്ല. എന്നാല്‍ വെജ് കഴിക്കുകയും നോണ്‍ വെജ് കഴിക്കുന്നവരെല്ലാം എന്തോ വൃത്തികെട്ടവരാണ് എന്ന മട്ടില്‍ പെരുമാറുന്നവരുമായ എല്ലാവരും ആപ്പറഞ്ഞ വിഭാഗത്തില്‍ നിന്ന് വലിയ വത്യസ്തരൊന്നും അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയുള്ള മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും എല്ലാം എനിക്കറിയാം.

     2 likes

 34. “സഹോദരിയെ പോലുള്ളവര്‍ തന്നെയാണ് ജാതികളെയും ജാതിചിന്തയും ഉണ്ടാക്കുന്നത്‌” എന്ന കമന്‍റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഇന്ത്യാ ടുഡേ ഉടെ പ്രസിദ്ധീകരണമായ മെയില്‍ ടുഡേ യില്‍ വന്ന ഒരു ലേഖനമാണ്. ഉത്തര്‍ പ്രദേശിലെ വിദ്യാലയങ്ങളില്‍ ദലിത്‌ സ്ത്രീകളെ പാചകക്കാരായി നിയമിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച് കുറെ സവര്‍ണ്ണര്‍ അവരുടെ മക്കളെ സ്കൂളുകളില്‍ നിന്ന് പിന്‍വലിക്കും എന്ന് ഭീഷണി മുഴക്കിയതിനെക്കുറിച്ചാണ് വാര്‍ത്ത. ‘dalit cooks divide school kids in UP” എന്ന് തലക്കെട്ട്‌. എന്ന് വച്ചാല്‍, ദലിത്‌ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം തങ്ങളുടെ കുട്ടികളെക്കൊണ്ട് കഴിപ്പിക്കില്ല എന്ന് വാശി പിടിച്ച ഈ മാന്യ ദേഹങ്ങളല്ല “divide” ഉണ്ടാക്കിയത്, ഈ ദലിത്‌ പാചകക്കാരികളാണ് എന്ന്.. ഏത്? :-) ഏതായാലും ഇത്രാധികം പേര്‍ക്ക് ഈ ലേഖനം വായിച്ചു നൊന്തു എന്നറിഞ്ഞ് സന്തോഷം!

     11 likes

 35. sasi

  വേണം ഇത്തരം ചിന്തകലും എഴുത്തുകളും.. ഇല്ലെങ്കില്‍ സാഹിത്യത്തിലെ ഒരു ശാഖതന്നെ ഇല്ലാതായിപ്പോകും….അനുഭവങ്ങള്‍-ദുരനുഭവങ്ങള്‍ ഉണ്ടാകാം…അതു പക്ഷെ ആഭരണമാക്കരുത്… അബരേഷന്‍സ്….അതിനെ ജെനറലൈസ് ചെയ്യരുത്…. ചില അനുഷ്ടാനങ്ങള്‍ വിളിച്ചു കൂവുമ്പോള്‍ അരോചകമാകും….അതു ജാതിമനസുകൊണ്ടല്ല…. നാരായണ ഗുരു ഏതു ജാതിയില്‍ പെടുമെന്നെനിക്കറിയില്ല…..അദ്ദേഹം അഹിംസ എന്ന ഒരു കവിതയില്‍ എഴുതി….“മാംസമുണ്ടാവതും പ്രാണി വധവും പീഡനങ്ങളും മനസ്സിലോര്‍ത്തു വിടുവിന്‍ മാംസഭക്ഷണമാകവേ” (ആകെ 5 ശ്ലോകങ്ങള്‍.. അതില്‍ അഞ്ചാമത്തെ…ശ്ലൊകം)

     1 likes

 36. both lion and hyena are non vegetarians!

     0 likes

 37. എനിക്കറിയാവുന്ന നായമ്മാരിലേറെപ്പേരും ബീഫു തിന്നും. സരിതയുടെ നിരീക്ഷണങ്ങള്‍ ഈ പശ്ചാത്തലത്തില്‍ എനിക്ക് അപക്വമായിത്തോന്നി. കേരളത്തിലെ ഹിന്ദുക്കളില്‍ 56% പേരും ബീഫു തിന്നും എന്ന് ഇന്ത്യാ ടുഡെ സര്‍വേ വന്നത് തൊണ്ണൂറുകളിലാണ്. ഇവരില്‍ ഈഴവരും ദളിതരുമായിരിക്കും ഭൂരിപക്ഷം എന്നു സമ്മതിക്കുന്നു. ഡെല്‍ഹിയില്‍ റൂമന്വേഷിച്ചു നടന്ന കാലമോര്‍ക്കുന്നു. മലയാളികളാണെങ്കില്‍ അവര്‍ ഹിന്ദുക്കള്‍ക്കും റൂം തരില്ല. ഞങ്ങളുടെ ഹരിയാനക്കാരന്‍ കോണ്‍സ്റ്റബ് ള്‍ ലാന്‍ഡ് ലോഡിന്റെ ഇല്ലിറ്ററേറ്റ് ഭാര്യക്കു വരെ അറിയാമായിരുന്നു മലയാളീസിന്റെ കാര്യം. ബാബറി മസ്ജിദ് വിവാദകാലമായിരുന്നു അത്. അന്ന് ബീഫ് കിട്ടിയിരുന്നത് ഓള്‍ഡ് ഡെല്ലിയില്‍ മാത്രം. ഞായറാഴ്ച വെളുപ്പിനെഴുന്നേറ്റ് നടന്നു പോയി ബീഫു വാങ്ങുന്നത് അന്ന് രാഷ്ട്രീയമായിരുന്നു. പിന്നീട് കാള കാളന്‍ എന്നു പറഞ്ഞ് കേയീയെന്‍ വിവാദിക്കാന്‍ വന്നപ്പോള്‍ ചിരി വന്നത് ഈ അനുഭവം ഉള്ളതുകൊണ്ടാണ്. കാസര്‍കോട്ടെയും കിഴക്കന്‍ എറണാകുളത്തെയും ചോമ്മാര്‍ക്ക് പന്നിയില്ലാതെ ഒരു വിഷുവില്ല. കാവ്യാ മാധവന്‍ ഇതൊരു ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടുണ്ട്. ഗ്രാംഷിയെ മാത്രം വായിച്ചാല്‍ ഇതു തെരിയുമോ? കാളന്റേയും കാളയുടെയും പ്രാസഭംഗി ഇല്ലെങ്കിലും പോര്‍ക്കിറച്ചി നല്ല ടേസ്റ്റാണ്. പ്രാസം നിര്‍ബന്ധമാണെങ്കില്‍ ഒപ്പം കൂര്‍ക്കയാവാം. കേയീയെന്‍ പോര്‍ക്കിനെ കഴിച്ചിട്ടുണ്ടോ ആവോ? കല്യാണം കഴിഞ്ഞ ആദ്യ ഓണത്തിന് ചോത്തിയായ ഭാര്യയുടെ വീട്ടിലെ സദ്യക്ക് കോഴിയും ചെമ്മീനും കണമ്പും ഉണ്ടായിരുന്നു. ഓണത്തിനും വിഷുവിനുമല്ലെ നല്ല ഭക്ഷണം കഴിക്കുക എന്നാണ് അവരുടെ ചോദ്യം. കൂടുതല്‍ തിന്നത് ഞാന്‍ തന്നെ. എന്നാലും ഭാര്യ എന്റെ വീട്ടില്‍ വന്ന് ബുദ്ധിമുട്ടി. എരിവും പുളിയുമില്ലാത്തതിനാല്‍ വായില്‍ വെക്കാന്‍ കൊള്ളാത്ത നായമ്മാരുടെ മോളോഷ്യവും ഓലനും! ഞാന്‍ ഓഫീസിലേയ്ക്ക് ഒരു കുപ്പി ചെമ്മീനച്ചാറു വാങ്ങിക്കൊടുത്തു. ഞങ്ങളുടെ മെഴുക്കുപുരട്ടിയും ചോമ്മാരുടെ ഒലത്തിയതും – രണ്ടും എനിക്കിഷ്ടമാ.

  പിന്നെ ഇനി ആ നായമ്മാരെ കാണുമ്പോള്‍ പറയണം സരിതാ, പശുവിന്റെ പാലു കുടിക്കുന്നതിനോളം വരില്ല ഒരു പാപവും എന്ന്. ലൈംഗികപട്ടിണിക്കിട്ട്, പുല്ലും വെള്ളവും കൊടുത്ത് ക്ഷീരഗ്രന്ധി ഉത്തേജിപ്പിച്ച് ഉണ്ടാക്കുന്നതല്ലേ പാല്? പശുയോനികളുടെ നിലവിളിയിലായിരിക്കണം ആര്‍ഷഭാരതം കരിഞ്ഞുപോയത്.

     11 likes

  • Olappeeppi

   ചിരിക്കുള്ള വഹയുണ്ടല്ലോ. ഹിന്ദുക്കളില്‍ 56% മാത്രമേ ബീഫു തിന്നൂ, അതില്‍ ബഹുഭൂരിപക്ഷവും ഈഴവരും ദളിതരുമാണ്. അപ്പോള്‍ ബീഫു തിന്നാത്ത ഈ 44 %ത്തിലെ ബഹുഭൂരിപക്ഷവും ആരായി വരും? സ്വാഭാവികമായും ഈ പശ്ചാത്തലത്തില്‍ സരിതയുടെ നിരീക്ഷണങ്ങള്‍ പക്വമായി തോന്നുകയല്ലേ വേണ്ടതു. സര്‍വേയുടെ ജനറലൈസേഷനെ കോണ്‍ട്രഡിക്റ്റ് ചെയ്തു “എനിക്കറിയാവുന്ന ട്ടാവട്ടത്തിലെ നായന്മാരില്‍ ഏറെപ്പേര്‍” ബീഫുതിന്നും. അതിനാല്‍ നിന്റെ ട്ടാവട്ടത്തിലെ നിരീക്ഷണങ്ങള്‍ അപക്വമായി എന്നതു ജനുവരി ഒന്നിനു എഴുതിയിരുന്നെങ്കില്‍ അടുത്തവര്‍ഷത്തെ ആദ്യ തമാശയാക്കാമായിരുന്നു.

      1 likes

  • നന്നായി എഴുതി. അഭിനന്ദനങ്ങള്‍ ! സസ്യാഹാര വാദങ്ങളെ തുറന്നുകാണിച്ച് ഞാന്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

      0 likes

 38. സുദേഷ് എം ആര്‍

  സരിതയുടെ അനുഭവങ്ങളിലൂടെ കടന്നുപോകാത്ത അവര്‍ണ സമുദായങ്ങള്‍ -വിശേഷിച്ച് ദലിതര്‍ – ഉണ്ടാവാനിടയില്ല. ഇന്നലെ ഞാന്‍ ഒരു മംഗലാപുരത്തുകാരനെ പരിചയപ്പെട്ടു കൊച്ചിയില്‍ . ഇവിടത്തെ എല്ലാ ഹോട്ടലുകളിലും -ഹിന്ദുക്കളുടെ ഹോട്ടലുകളില്‍ പോലും- ബീഫ് ലഭിക്കുന്നതിലുള്ള അടങ്ങാത്ത അദ്ഭുതം അയാളെന്നോടു പങ്കുവയക്കുകയുണ്ടായി. അതായത് ഇന്‍ഡ്യയില്‍ ബീഫ്( ഇവിടെ ബീഫെന്നാല്‍ പോത്തിറച്ചിയാണ്. പശുവിനെ അങ്ങനെ ഇവിടെയും അറക്കുന്നതു കുറവാണ്) ലഭിക്കുന്ന അപൂര്‍വം(ഒരേയൊരു?) സംസ്ഥാനമാണു കേരളമെന്നു പറയാം. അതും ഇനി എത്രകാലം എന്നു കണ്ടറിയണം. അതിനെതിരെ വൈദ്യശാസ്ത്രത്തിന്റെ ഭാഗത്തുനിന്നുള്ള പ്രചാരണവും ശക്തമാണ്.(കൊളസ്റ്ററോള്‍ ഉണ്ടാക്കുമെന്ന പ്രചാരണം) . കൂടാതെ ഹിന്ദുത്വ ആശയങ്ങളുടെ കുത്തൊഴുക്ക് ഇവിടെയുമുണ്ടല്ലോ.

     0 likes

 39. prasanth r nair

  dear THARIQ….aa ummayaodu ente ammayodu thonnunna athe sneham enikku thonnunnu…ingane ulla ummamar illathathanu ippozhulla kuttikal jeevitham enthanennariyathathu….

     2 likes

 40. കുമാറേട്ടന്‍ പൂഞ്ഞാര്‍

  വായ്ക്ക് രുചി തോന്നുന്ന എന്തും തിന്നാം ..ആരോഗ്യം തടയിടും വരെ …ആരോഗ്യം തടയിട്ട ശേഷവും തിന്നാം മരണഭയം ഇല്ലെങ്കില്‍ ..ഇതാണ് കുമാരേട്ടന്റെ ഈ വിഷയത്തില്‍ ഉള്ള അഭിപ്രായം ..കൂട്ടുകാരികളുടെ എതിര്‍പ്പിനെതിരെ ഉണ്ടായ ഈഗോയാണോ അതോ ബീഫിനോടുള്ള അതാല്പര്യം ആണ് മുന്നിട്ടു നില്‍ക്കുന്നത് എന്ന് ലേഖിക ചിന്തിക്കുന്നത് ഉചിതം ആയിരിക്കും ..രണ്ടാമത്തെകാരണം ആണ് കിട്ടുന്നതെങ്കില്‍ അത് കുറച്ചു കൂടി ജെനുവിന്‍ ആയിരിക്കും

     3 likes

 41. സന്തോഷ് എച്ചിക്കാനത്തിന്റെ “പന്തിഭോജനം” എന്തോ ഓര്‍മ്മ വന്നു.
  ഇതെഴുതിയ സരിതക്ക് ത്രീ ചിയേര്‍സ്..
  ഇവിടെ അഹമ്മദാബദില്‍ ബീഫ് എന്നു ഉറക്കെ പറഞ്ഞാല്‍ ചെലപ്പൊ പോലീസു പിടിക്കും എന്നാണവസ്ഥ.
  ഗോവധം നടത്തുന്നവരെ തൂക്കിക്കൊല്ലണമെന്ന് അഭിപ്രായമുള്ളവരാണിവിടെയുള്ളവര്‍.
  അതു കഴിക്കുന്ന മലയാളികളും ( സവര്‍ണേതര മലയാളികള്‍, പ്രധാനമായും) ബംഗാളികളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാം
  നിക്രുഷ്ട ജീവികളാണിവര്‍ക്ക്..! ഭക്ഷണം ജാതിപരവും ദേശപരവുമായ തരംതിരിവുകളുടെ സൂചനയാവുന്നത് ഇങ്ങനെയാണ്.

     3 likes

 42. ഇവിടെ ഡല്‍ഹിയിലും ഏതാണ്ട് അതൊക്കെ തന്നെയാണ് അവസ്ഥ. ശുദ്ധ സസ്യാഹാരികളായ എന്റെ സഹ പ്രവര്‍ത്തകര്‍ക്ക് അറിയേണ്ടത്‌ ഞാനെതൊക്കെ മ്ര്ഗങ്ങളെ ഭക്ഷിക്കും എന്നാണ്. ഇടയ്ക്കിടെ, ഞാന്‍ പോത്ത് കഴിക്കുന്നവനാണോ എന്നറിയാനുള്ള ശ്രമവും

     0 likes

 43. Anu

  I never felt that eating beef is such a big issue in Kerala…
  To add on to Saritha’s note I too have similar childhood experiences (unfortunately from both the sides), and feel a sort of joke in that now.

     1 likes

 44. suryaapathi

  കഷ്ടം എന്ന്‍ ആദ്യമേ പറയട്ടെ..
  ഒരുകാലത്ത് ഇവിടെ ജാതി ചിന്തകള്‍ പ്രചരിപ്പിച്ചിരുന്ന കൂട്ടര്‍ ഇന്ന്‍ നിശബ്ദരാണ്. എന്നാല്‍ ഇന്ന്‍ ഇത്തരം ചില
  കുറിപ്പെഴുതുകാര്‍ക്കണ് ഇവിടെ ഇത്തരം കാര്യങ്ങള്‍ മാറ്റമില്ലാതെ നിലനിന്നു പോരണം എന്ന്‍ നിര്‍ബന്ധം ഉള്ളത് എന്ന്‍ തോന്നുന്നു. ഇല്ലാത്തതിനെ ഉണ്ട് എന്ന്‍ വരുത്തുവാനുള്ള ഒരു ശ്രമം. സവര്‍ണ്ണന്‍, അവര്‍ണ്ണന്‍, ദളിതന്‍, ആര്യവത്കരണം, ഇത്തരത്തില്‍ ഇത്തരം കുറിപ്പെഴുതുകാര്‍ തന്നെ സൃഷ്ടിച്ച്; പലവുരു ആവര്‍ത്തിച്ച് ഇതിനോടകം തന്നെ ക്ലീഷേ ആയിക്കഴിഞ്ഞ കുറെ പദങ്ങള്‍ ഒരു മടിയും കൂടാതെ മാറി മാറി ഉപയോഗിച്ച്; ഇവരെ പോലെ തന്നെ ഇതേ ചിന്തകള്‍ കൊണ്ട് നടക്കുന്ന ചിലരുടെ കയ്യടി വാങ്ങാനുള്ള ഒരു ശ്രമമായി മാത്രമേ ഇത്തരം കുറിപ്പുകളെ കാണാന്‍ കഴിയു.. മലയാളിയുടെ ഭക്ഷണ ശീലങ്ങളില്‍ കൂടി ജാതി ചിന്തകള്‍ കുത്തി നിറച്ച് എന്തോ മഹാകൃത്യം ചെയ്തു എന്ന തോന്നലില്‍ കഴിയുകയാണ് ലേഖിക. കഷ്ടം…

     0 likes

  • Mithra M V

   സൂര്യാപതിക്ക് നന്നായി കൊണ്ടു അല്ലേ? സാരമില്ല. നല്ല ഇഞ്ചികുത്തിപ്പിഴിഞ്ഞ് ഉപ്പിട്ടു കുടിച്ചാല്‍ മതി. ദഹനത്തിന് ബെസ്റ്റാ. കഷ്ടം.

      4 likes

 45. ARYA

  വളരെ നല്ല ലേഖനം.
  ഇങ്ങനെ കാര്യങ്ങള്‍ തുറന്നെഴുതുന്നവര്‍ വിരളമാകുന്ന ഒരു കാലത്ത് താങ്കള്‍ കാണിച്ച അര്‍ജ്ജവത്തിനു അഭിനന്ദനങ്ങള്‍. കൂട്ടത്തില്‍ ഇത് കൂടെ വായിക്കാന്‍ ശ്രമിക്കുക.
  abhibhaashanam.blogspot.com/2009/03/blog-post.html

     1 likes

 46. subid

  അസഹിഷ്ണുത തെറ്റ്. ജാതി ശരി.

     0 likes

 47. subid

  ക്രുത്യമായി പറഞ്ഞാൽ ഏറ്റവും ഹിംസ കുറഞ്ഞത് പാകമായ പഴങ്ങൾ(പ്രക്രുതി തരുന്നത്) ആണ്. അതുമാത്രം കഴിച്ച് ജീവിയ്ക്കുന്നവർ ജാതി ഒന്ന്. ഇലകൾ, തണ്ട്, വേരുകൾ, കായ്കൾ ഇവ കഴിയ്ക്കുന്നത് അടുത്ത ജാതി. എന്തായാലും പാചകം ചെയ്ത് കഴിയ്ക്കുന്നത് വള്രെ വലിയ ഹിംസയാണ്. അത് മൂന്നാമത്തെ ജാതിയായി. സൂര്യപ്രകാശം, കാറ്റ്, ശുദ്ധജലം ഇതൊക്കെ വേണ്ടത്ര കിട്ടുന്ന ജീവിതശൈലിയിൽ പഴങ്ങൾ കൊണ്ടുമാത്രം ജീവിയ്ക്കാം(ശുദ്ധപ്രക്രുതിജീവനം). ആരെയും ദ്രോഹിയ്ക്കാത്ത, ഈ ജീവിതമാകും സമാധാ‍നം നിറഞ്ഞ ഒരു ഭാവിലോകത്തിനു നല്ലത്. മറ്റുള്ളവരെ സഹായിയ്ക്കുന്ന മനോഭാവം ഇല്ലെങ്കിൽ ഇതിനേക്കാൾ നല്ലത് സരിത പറഞ്ഞ മാംസഭോജനം തന്നെ.

     1 likes

 48. subid

  കച്ചവടതാല്പര്യം, ജോലിഭാരം അങ്ങനെ ഒരുപാട് കാരണങ്ങൾ നല്ല ഭക്ഷണത്തെയും ചീത്തതാക്കും. ഇപ്പോഴത്തെ നിലയിൽ പറഞ്ഞാൽ അക്രമമാവും എങ്കിലും പറയട്ടെ, നല്ല ഭക്ഷണത്തിന് വസ്ത്രം പാടില്ല, വീടുപാടില്ല, കുടുംബം, ജോലി ഇതൊന്നും പാടില്ല. പൂർണ്ണ അഹിംസ. സ്നേഹം. ഇതു ചെയ്യുന്നവർ മനുഷ്യരിൽ മുന്തിയ ജാതി തന്നെ. മറ്റുള്ളവരെ സഹായിയ്ക്കൽ കൂടിയായാൽ പൂർണ്ണം. അവരെ ബഹുമാനിയ്ക്കണം. അവർ പറയുന്നത് കേൾക്കണം.

     1 likes

 49. രെജില്‍

  നോട്ടു വായിച്ചു….
  പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണ യോജിപ്പുണ്ട്… അതിലുപരി ആ എഴുത്ത് വായിക്കുന്നതിനും ഒരു നല്ല കഥ വായിക്കുന്ന രസം ഉണ്ടായിരുന്നു…
  അഭിനന്ദനം …..

     0 likes

 50. newpichu

  സരിത നിന്‍റെ ലേഖനം നന്നായിട്ടുണ്ട് കേട്ടോ നല്ലൊരു വിഷയം നന്നായി തന്നെ എഴുതി.. നാട്ടില്‍ പല ആളുകളും ഭക്ഷണ കാര്യത്തിലും ഒരു കപട സദാചാരം (അങ്ങനെ പറയാനാ എനിക്കിഷ്ടം ) വച്ച് പുലര്‍ത്തുന്നുണ്ട് . നോണ്‍ വെജ് പ്രത്യേകിച്ച് ബീഫ് തിന്നുന്നവര്‍ എന്തോ വെരുക്കപ്പെടെണ്ടാവരനെന്ന ബോധം ചിലര്‍ക്കുണ്ട് . എനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.. നിങ്ങളുടെ ഈ തുറന്ന എഴുത്ത് പലര്‍ക്കും പിടിക്കുന്നില്ല അത് കാര്യമാക്കേണ്ട.
  ചില മാന്യന്മാര്‍ പറയുന്നത് കേള്‍ക്കാം ഞാന്‍ വെജ് ആണ് പക്ഷെ ചിക്കെന്‍ മാത്രേ കഴിക്കൂ അല്ലെങ്കില്‍ മുട്ട മാത്രേ കഴിക്കൂ എന്നൊക്കെ ശുദ്ധ പൊള്ളത്തരം അല്ലാതെന്ത.. എനിക്കെന്തായാലും ബീഫും ഇഷ്ടമാണ് . നാട്ടിലെ അയല്‍വീട്ടില്‍ ഒരു സാഹിറ താതയുന്ദ് അവര് വച്ച്ത ന്ന ത്രേം രുചിയില്‍ ഞാന്‍ ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ല. നാടന്‍ തേങ്ങാ ചോറും ബീഫ് ഉലര്തിയതും തന്നിട്ടുള്ള, തിന്നിട്ടുള്ള ആ നല്ല പെരുന്നാള്‍ കാലങ്ങള്‍ക്കും സാഹിറ തതയ്ക്കും ഈ ലേഖനം ഹൃദയ പൂര്‍വ്വം സമര്‍പ്പിക്കുന്നു
  ഇനിയും പ്രതീക്ഷിക്കുന്നു രുചിയുള്ള ലേഖനങ്ങള്‍
  നന്ദി

     0 likes

 51. ‘എന്റെ പൊന്നുകൂട്ടുകാരി, ഗോമാതാവ് നിനക്ക്. എനിക്ക് തല്‍ക്കാലം ഒരമ്മ മതി അവര്‍ എന്റെ വീട്ടിലുണ്ട്. എനിക്കിവരൊക്കെ സത്യത്തില്‍ പോത്തും പശുവും മാത്രമാണ്’.

     1 likes

 52. ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
  കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
  ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു.
  ‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു.
  ‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു.
  ‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
  എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
  എന്നിലേക്കേറെ അടുത്തിരുന്നു.
  ‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു.
  ‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
  ‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
  ‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
  തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
  ‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
  വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
  തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി.
  ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
  കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
  എന്റെ നേരെ മുരണ്ടു: ‘ക്യാ? ’p>

  –കടമ്മനിട്ട–

     3 likes

 53. Sreenivasan

  ee imagilullu food evide kittum???

     0 likes

 54. abdul renish

  ആഖ്യാന രീതി കൊള്ളാം.. അനുഭവ സാക്ഷ്യം. അത് അതിന്റെ സത്യാ സന്ധതയെ വരച്ചു കാട്ടുന്നു..

     0 likes

 55. Pradeep

  Nannayyittundu, I loved it. Of all the food, I love beef most. But doctor asked me to stop eating it fequently because of cholestrol. But I eat twice in a month. and I wait for that. But killing animals for food should be less painful I suggest. Eat but dont persecute ..

     0 likes

 56. Prajesh

  “ഒരു ദലിതായി ജനിച്ചതില്‍ ഏറെ സന്തോഷം തോന്നിയത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്, എനിക്ക് എല്ലാ ഭക്ഷണവും കഴിക്കാം, ആരുടെ വീട്ടില്‍ നിന്നും കഴിക്കാം. ഞങ്ങള്‍ ആസ്വദിക്കുന്ന ഭക്ഷണവൈവിധ്യം ഒരു സവര്‍ണ നോണ്‍വെജിറ്റേറിയന്‍ പോലും ആസ്വദിക്കുന്നില്ല.”

  ഞാന്‍ തന്ന്യാ മീതെ! എന്നു പറഞ്ഞു വെയ്ക്കുന്ന, ഇങ്ങനെയുള്ള ബാലിശമായ റിവേഴ്സ് സവര്‍ണതയാണ് “ദളിത്‌ ശാക്തീകരണത്തിന്റെ” തിയററ്റിക്കല്‍ ഫ്രേംവര്‍ക്ക് എന്നതാണു കഷ്ടം. എണ്ണം പറഞ്ഞ ആഢ്യന്മാരായ പൂണൂല്‍ വീരന്മാരുടെ കൂടെയിരുന്ന് ഞാന്‍ ബീഫ് കഴിച്ചിട്ടുണ്ട്. ഒന്നാന്തരമായി പാചകം ചെയ്യാറുമുണ്ട്. ആരും മുഖം ചുളിച്ചിട്ടില്ല. ഇനി അഥവാ ചുളിച്ചാല്‍ തന്നെ, അത് അവരുടെ ജാതിചിന്തയല്ല, പക്വതയില്ലായ്മയാണ് എന്നു തിരിച്ചറിയാനുള്ള വിവേകവും എനിക്കുണ്ട്.

  “ഞാന്‍ പ്യൂര്‍ വെജ്ജാണ് എന്ന് പറയുമ്പോള്‍ പറയുന്നവന്‍ അല്ലെങ്കില്‍ പറയുന്നവള്‍ അനുഭവിക്കുന്ന വല്ലാത്തൊരു ആത്മാഭിമാനവും അഹങ്കാരവുമുണ്ട്. തന്റെ ജാതിയേയും തന്റെ അഭിരുചികളെയും വളരെ വ്യക്തമായി അവര്‍ തര്‍ജ്ജമചെയ്യുന്നു.”

  എന്തൊരു വങ്കത്തം! തന്റെ ഭക്ഷണശീലങ്ങളുടെ കാര്യത്തില്‍ ലേഖികയ്ക്ക് അഭിമാനമുണ്ടെന്ന് അവര്‍ തുറന്നു സമ്മതിക്കുന്നു. അങ്ങനെയെങ്കില്‍ സസ്യഭുക്കായ ഒരാള്‍ക്കും അതേ അഭിമാനം വെച്ചു പുലര്‍ത്തിക്കൂടേ? എനിക്കറിയുന്ന എത്രയോ പേര്‍, യാതൊരു ജാതിയിലും പെടാത്ത വിദേശികള്‍, സ്വദേശികളും, പ്യൂര്‍ വെജിറ്റേറിയന്‍സായുണ്ട്‌. ഒരു പക്ഷെ, വളരെ എത്തിക്കല്‍ ആയ ഒരു വീക്ഷണത്തില്‍ അവരുടെ ആത്മാഭിമാനം മനസ്സിലാക്കാവുന്നതുമാണ്. അതിനെ ജാതിയിലേക്ക് തര്‍ജ്ജമ ചെയ്യുന്നത്, പറയുന്നയാളല്ല, കേള്‍ക്കുന്നയാളാണ്. (തര്‍ജ്ജമ ഒരിക്കലും പറയുന്നയാളുടെ ചുമതലയല്ല, ഉത്തരവാദിത്തവുമല്ല.)

  “തൈരും അച്ചാറും കൈകൊണ്ടു കശക്കി വൃത്തികേടാക്കി തിന്നുന്ന ഒരു കൂട്ടുകാരിയുണ്ടെനിക്ക്. അവള്‍ ഭക്ഷണം കഴിക്കുന്നത് അവളുടെ സന്തോഷത്തിനാണ്, അതില്‍ എനിക്കെങ്ങനെ ഇടപെടാനാവും?”

  This takes the biscuit. തന്റെ കൂട്ടുകാരി “വൃത്തികേടാക്കിയാണ് തിന്നുന്നത്” എന്നു ലേഖിക പറയുന്നു. ലേഖികയുടെ ഭക്ഷണരീതികളെ പറ്റി ഇതേ തോന്നല്‍ മറ്റുള്ളവര്‍ക്ക് എന്തു കൊണ്ടുണ്ടായിക്കൂടാ? ആ തോന്നല്‍ അവര്‍ പറയുന്നു എന്നിടത്താണോ തെറ്റ്?

     2 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers