ഇ.എം.എസ്, നായനാര്‍, കിം: മരണംകൊണ്ട് കരയിക്കുന്ന നേതാക്കള്‍

ഇഎംഎസ്സിനെയും, നായനാരെയും അവരുടെ മരണദിവസങ്ങളിലെ എന്നെയും ഓര്‍ത്തത് ഉത്തര കൊറിയയിലെ കിം ജോംഗ് ഇല്‍ന്റെ മരണ വാര്‍ത്തകള്‍ കണ്ടപ്പോഴാണ്.ബി ബി സിയിലൂടെയും , റോയിട്ടേഴ്സ് തരുന്നതുമായ ദൃശ്യങ്ങളില്‍ ഒരു രാജ്യമൊട്ടാകെ കരയുന്നതാണ് കാണുന്നത്. അടക്കിപ്പിടിച്ച കരച്ചില്‍ അല്ല, കരച്ചില്‍പ്രകടനങ്ങള്‍-ഇ സനീഷിന്റെ നിരീക്ഷണം

 

courtesy: national post

 

ഇ എം എസ് മരിച്ച ദിവസം ബ്രണ്ണന്‍ കോളജ് ഹോസ്റലില്‍ രണ്ടാം നിലയിലെ ഹരിയേട്ടന്റെ മുറിയില്‍ ആയിരുന്നു. എ ബി വാജ് പേയി പ്രധാനമന്ത്രിയായി ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന ദിവസം കൂടിയായിരുന്നു അന്ന്. മുഷിഞ്ഞ വസ്ത്രങ്ങളും, നിറയെ പുസ്തകങ്ങളും കൂടിക്കിടക്കുന്ന ഹോസ്റല്‍ മുറിയില്‍
ദുഖിതരായിരുന്നു ഒരു കൂട്ടം .കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന ഹരിയേട്ടന്റെ കണ്ണ്് നിറഞ്ഞിരുന്നു. കിണര്‍ കുഴിക്കാനും, കല്ല് ചെത്താനും പോയതിന് ശേഷം പഠിക്കാന്‍ വരുന്ന, ഹെല്‍ത്ത് ക്ലബ്ബിലെ ഉപകരണങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്തേണ്ടതില്ലാത്ത കിടിലന്‍ മസിലുകള്‍ക്കുടമയായ അന്നത്തെ എം എ ഹിസ്ററിക്കാരന്‍ ഹരിയേട്ടന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് ഇഎംഎസ് മരിച്ച ദിവസത്തെക്കുറിച്ചുള്ള വ്യക്തതയുള്ള ഓര്‍മ.

മുറിയില്‍ മേശപ്പുറത്ത് മുഴുവന്‍ സമയവും തുറന്ന് വെച്ച റേഡിയോ ഇഎംഎസ്സിന്റെ മരണ വാര്‍ത്ത അറിയിക്കുന്നു. മേശക്ക് താഴെ ഒരു ബക്കറ്റ് നിറയെ ഉരുളന്‍ കല്ലുകള്‍… ചരിത്രം സൃഷ്ടിച്ച് വരുന്ന സര്‍ക്കാരിന് അഭിവാദ്യമറിയിച്ച് ഹോസ്റലിന് മുന്നിലൂടെ ഇതിനകം കടന്ന് പോയ ബിജെപി പ്രവര്‍ത്തകരുടെ പ്രകടനങ്ങളില്‍ നിന്ന് ഓരോ തവണയും ഓരോ കല്ലെങ്കിലും വന്നു വീണു, റോഡിനോട് ചേര്‍ന്നുള്ള ഹോസ്റല്‍ മുറിയുടെ ജനാലകളില്‍. എസ് എഫ് ഐക്കാരുടെ കേന്ദ്രത്തിലേക്ക്് കല്ലെറിയാനുള്ള ബിജെപിക്കാരുടെ ത്വര മനസ്സിലാക്കാനാവുന്നതേയുള്ളൂ. അത് നേരത്തെ അറിയാവുന്നത് കൊണ്ടാണ് കുട്ടികള്‍ ആവശ്യമെങ്കില്‍ തിരിച്ചറിയാന്‍ നല്ല വലുപ്പമുള്ള കല്ലുകള്‍ ബക്കറ്റിലാക്കി മുറിയില്‍ കൊണ്ട് വെച്ചത്. രാഷ്ട്രീയമൊന്നുമില്ലാത്ത, എസ് എഫ്് ഐയും ബിജെപിയും തമ്മിലുള്ള വ്യത്യാസം അറിയാത്ത, പ്രീഡിഗ്രിക്കാരടക്കമുള്ളവര്‍ മുകളിലെ മുറിയില്‍ പേടിച്ച് ഇരുന്നു.

ആ റേഡിയോ, അന്നത്തെ മണിക്കൂറുകള്‍, ഹോസ്റല്‍ മെസ്സില്‍ നിന്ന് വരുന്നുണ്ടായിരുന്ന പച്ചക്കറി വേവുന്നതിന്റെ മണം, വെയില്‍ മുറിച്ച് പ്രകടനം പോകുന്നതിന്റെ ബഹളം, ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയുടെ ബേജാറ് പിടിച്ച മുഖം,( അവര്‍ ഗേറ്റ് ചാടിക്കടന്ന് ഇങ്ങോട്ട് കയറുമോ, പോലീസിനെ വിളിക്കണോ) എല്ലാത്തിനും മേല്‍ ഇ എം എസിന്റെ മരണ വാര്‍ത്ത. കേരളം എന്ന, നമ്മള്‍ ജീവിക്കുന്നയിടത്തെ, ഏറ്റവും പ്രധാനപ്പെട്ട മരണങ്ങളിലൊന്നാണ് നടന്നിരിക്കുന്നത്. ആ ചരിത്ര സങ്കടം ഹരിയേട്ടന്റെ കണ്ണീരിലൂടെ ഉള്ളില്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇഎംഎസിന്റെ മരണത്തെക്കുറിച്ച് അടക്കിപ്പിടിച്ച് കരച്ചിലുകളുടെ ഓര്‍മയാണെങ്കില്‍ ഇകെ നായനാരുടേത് പൊട്ടിക്കരച്ചിലുകളുടേതാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു. കോഴിക്കോട് ബ്യൂറോയില്‍ ട്രെയിനി. ചികില്‍സക്ക് പോകും മുമ്പ് ലിഫ്റ്റില്‍ കയറി കൈ വീശി ‘ഗുഡ് ബൈ, താങ്ക് യു ഓള്‍’ എന്ന് പറയുന്ന നായനാരുടെ ബൈറ്റ് ഏഷ്യാനെറ്റ് ആവര്‍ത്തിച്ചു കാണിക്കുന്നു. കോഴിക്കോട് തൊട്ട് കണ്ണൂര്‍ വരെ വിലാപയാത്രയ്ക്ക്തൊ ട്ടുമുന്നിലായി സഞ്ചരിക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ കരച്ചില്‍കാണുകയായിരുന്നു.ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീ കാണുന്നവര്‍ക്ക് സങ്കടം തോന്നും വിധം കരഞ്ഞ് കൊണ്ട് കണ്ണൂര്‍ ടൌണ്‍ഹാളില്‍ നിന്നിറങ്ങി നടന്ന് പോകുന്നത് കണ്ടു. സ്വന്തം പിതാവാണ് മരിച്ചതെന്ന് പോലെയായിരുന്നു വിശുദ്ധമായ ആ കരച്ചില്‍.

എങ്കിലും അന്നത്തെ സവിശേഷമായ ഓര്‍മ പയ്യാമ്പലത്തേതാണ്. പയ്യാമ്പലം ശ്്മശാനത്തില്‍ ക്യാമറകള്‍ക്ക് വേണ്ടി ഉയര്‍ത്തിക്കെട്ടിയ സ്റ്റാന്‍ിന് മുകളില്‍, ക്യാമറ മഴ നനയാതിരിക്കാന്‍ കുട പിടിച്ചു കൊടുക്കുകയായിരുന്നു. പയ്യാമ്പലത്തെ പാലത്തിനപ്പുറത്ത് നിന്ന്് മുണ്ട്് മാടിക്കെട്ടി , കൈകള്‍ രണ്ടും പുറകില്‍ കെട്ടി, കൂടെ നടക്കുന്നൊരാള്‍ പിടിച്ചു കൊടുത്ത കുടയ്ക്കകത്ത്് ഒതുങ്ങാതെ പാതി മഴ നനഞ്ഞ് നിലത്തോട്ട് നോക്കി എംവി രാഘവന്‍ നടന്നു വരുന്നത് കണ്ടു. പിന്നീട് ശത്രുക്കളായിപ്പോയ സുഹൃത്തുക്കളെ ഓര്‍മ വന്നു. ആ ദിവസത്തില്‍ പല തവണ വന്ന കരച്ചില്‍ അപ്പോഴും ഉള്ളില്‍ നിന്ന് വന്ന് എത്തിനോക്കിപ്പോയി എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.

 

 

ഇഎംഎസ്സിനെയും, നായനാരെയും അവരുടെ മരണദിവസങ്ങളിലെ എന്നെയും ഓര്‍ത്തത് ഉത്തര കൊറിയയിലെ കിം ജോംഗ് ഇല്‍ന്റെ മരണ വാര്‍ത്തകള്‍ കണ്ടപ്പോഴാണ്.ബി ബി സിയിലൂടെയും , റോയിട്ടേഴ്സ് തരുന്നതുമായ ദൃശ്യങ്ങളില്‍ ഒരു രാജ്യമൊട്ടാകെ കരയുന്നതാണ് കാണുന്നത്. അടക്കിപ്പിടിച്ച കരച്ചില്‍ അല്ല, കരച്ചില്‍പ്രകടനങ്ങള്‍.
അറുപത്തൊമ്പതാം വയസ്സിലാണ് കിം മരിക്കുന്നത്. പത്ത് വര്‍ഷത്തോളമായി കിടപ്പിലുമായിരുന്നു. നിറയെ മഞ്ഞ് വീണ് കിടക്കുന്ന പ്യോംഗ് യാംഗ് നഗരത്തിലെ വീഥികളില്‍ ക്യാമറ കണ്ണു തുറക്കുന്നിടത്തെല്ലാം കരയുന്നവര്‍.പൊട്ടിക്കരഞ്ഞ് പോലീസ് വലയം ഭേദിച്ച് നേതാവിന്റെ അടുത്തെത്താന്‍ശ്രമിക്കുകയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍. നാട്ടുകാര്‍ മാത്രമല്ല, പ്രകൃതിയും കരയുകയാണത്രേ..ദൃശ്യങ്ങള്‍ക്കിടയില്‍ ഒരു പട്ടാളക്കാരന്റെ ബൈറ്റ്. ‘കണ്ടില്ലേ, ഈ മഞ്ഞ് വീഴുന്നത്. കരയുകയാണ്. അത്ര മഹാനായ നേതാവിന്റെ വിടവാങ്ങല്‍ പ്രകൃതിക്ക് പോലും സഹിക്കുന്നില്ല’. ഏറ്റവും തമാശ (മരണത്തെക്കുറിച്ച് പറയുമ്പോള്‍ തമാശ എന്ന്് പറയുന്നത് ശരിയല്ല, ക്ഷമിക്കുക) ആ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത അറിയിച്ച രീതിയാണ്. വാര്‍ത്താ അവതാരകര്‍ കണ്ണീരൊഴുക്കി കരയുകയായിരുന്നു വാര്‍ത്ത വായിക്കുമ്പോള്‍.

കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി എന്ന ഒറ്റക്കക്ഷി ഭരിക്കുന്ന രാജ്യം. കിം ഇല്‍ സംഗ് ആണ് രാജ്യത്തിന്റെ എക്കാലത്തെയും പ്രസിഡന്റ്.അദ്ദേഹത്തിന്റെ മകന്‍,ഡിസം ബര്‍ 17ന് മരിച്ച കിം ജോംഗ് ഇല്‍ ആയിരുന്നു മരണം വരെ ഭരണാധികാരി. ഇപ്പോള്‍ മകന്‍ കിം ജോംഗ് ഉന്‍ ഭരണാധികാരിയായിരിക്കുന്നു. സ്വേച്ഛാധിപത്യമാണ് കൊറിയയില്‍ എന്ന് ലോകംപറയുന്നു. അവിശ്വസിക്കാന്‍ തോന്നില്ല. റിപ്പോര്‍ട്ടേഴ്സ് വിത്തൌെട്ട് ബോര്‍ഡേഴ്സ് എന്ന് രാജ്യാന്തര സംഘടന ലോകത്തില്‍ ഏറ്റവും കുറവ് മാധ്യമപ്രവര്‍ത്തന സ്വാതന്ത്യം ഉള്ളയിടമായാണ് കൊറിയയെ വിശേഷിപ്പിക്കുന്നത്. 177ാം സ്ഥാനത്താണ് . എരിത്രിയ എന്ന ഒറ്റ രാജ്യമേ ഉള്ളൂ പിന്നില്‍. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ആണ് ഔദ്യാഗിക മാധ്യമജിഹ്വ. ഭരണാധികാരിയുടെ ദിനസരി റിപ്പോര്‍ട്ട് ചെയ്യലാണത്രേ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം. എന്ന് വെച്ചാല്‍ ഒ വി വിജയന്‍ ധര്‍മ്മപുരാണത്തിലെഴുതിയ തിന്റെ കൊറിയന്‍ വേര്‍ഷന്‍ എന്ന് മനസ്സില്‍ വരുന്നു. ദേശീയ ന്യൂസ് ഏജന്‍സി വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രമേ നമ്മുടെ നാട്ടില്‍ പോലുമെത്തൂ എന്നര്‍ത്ഥം.

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് കൊറിയ എന്ന ‘കമ്യൂണിസ്റ്റ്’ രാജ്യത്തിന്റെ ഭരണാധികാരിയുടെ മരണത്തില്‍ ആ ജനത മുഴുവന്‍ പൊട്ടിക്കരയുകയാണ് എന്ന് അവര്‍ പുറം ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് കണ്ടാല്‍ മതി. ഇഎംഎസും, ഇ കെ നായനാരും, കെ കരുണാകരനും അവരവരുടെ മരണത്തിലൂടെ അവരുടെ ജനത്തെ കരയിച്ചത് പോലെയല്ല, കിം അദ്ദേഹത്തിന്റെ ജനതയെ കരയിക്കുന്നത് എന്ന് സാരം. സോഷ്യലിസ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നുവെങ്കിലും അധികാരം മക്കള്‍ക്ക് മാത്രം. ചൈനാ ലൈനോ, ലാറ്റിന്‍ അമേരിക്കന്‍ ലൈനോ എന്ന്് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യുന്ന നമ്മുടെ നേതാക്കള്‍ക്ക് കൊറിയയെക്കുറിച്ച് ഓര്‍മവരാതിരിക്കട്ടെ. പൊട്ടിക്കരഞ്ഞ് കൊണ്ട് വാര്‍ത്ത വായിക്കുന്നത് ഓര്‍ക്കാന്‍ കൂടി വയ്യ.

 

 

ഓഫീസിലെ ചര്‍ച്ചയില്‍ നിന്ന്

“ഓഹ് , അപ്പോള്‍ അവിടെ ചിരിക്കുന്നത്, അല്ലെങ്കില്‍ കരയാതിരിക്കുന്നത് വിമതപ്രവര്‍ത്തനം ആയിരിക്കും അല്ലേ”

“പിന്നല്ലാതെ , ഈ ദിവസങ്ങളില്‍ കരയാതിരുന്ന ഉത്തര കൊറിയക്കാര്‍ ഇപ്പോള്‍ ജയിലില്‍ ആയിട്ടുണ്ടാകും”

“അവരുടെ പേരുകള്‍ നമുക്ക് അടുത്ത തവണ സമാധാനത്തിനുള്ള നോബേല്‍ പ്രൈസ് കിട്ടിയവരുടേതായി വായിക്കാം”

“ഹ ഹ ഹ…”

……………………………………………….

കരയൂ, കരയൂ എന്ന് നിര്‍ബ്ബന്ധിച്ച് കൊണ്ടിരിക്കുന്ന പരിവാരങ്ങളും, അധികാരസ്ഥാപനങ്ങളും കൂട്ടിനില്ലാത്ത ഒറ്റയാന്‍ വിമതരുടെ മരണവും ജനതയെ കരയിക്കും. എം എന്‍ വിജയന്‍ മാഷുടെ, ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ വെച്ചുള്ള സമാനതകളില്ലാത്ത മരണം കരയിച്ചിട്ടുണ്ട്.ഇ എം എസ്സിനും, നായനാര്‍ക്കും, കെ കരുണാകരനും കിട്ടിയതിനെക്കാള്‍ ഒട്ടും കുറവല്ലാത്ത കണ്ണീര്‍ത്തുള്ളികള്‍ കേരളത്തില്‍ വീണിട്ടുണ്ട് അന്നും.
വിമതര്‍ക്ക് വേണ്ടിപ്പോലും കരയുന്ന ജനത്തില്‍നിന്ന് തങ്ങള്‍ക്കും കിട്ടണം ആദരവിന്റെ കണ്ണീര്‍ എന്ന വിചാരം വേണം ഓരോ പ്രസ്താവന നടത്തുമ്പോഴും, ഓരോ അടി വെക്കുമ്പോഴും നമ്മുടെ നേതാക്കള്‍ക്ക് എന്ന് ആശിക്കുന്ന രാഷ്ട്രീയ കേരളത്തിലെ പാവം പിടിച്ചവരില്‍ ഒരാളാണ് ഞാനും.

13 thoughts on “ഇ.എം.എസ്, നായനാര്‍, കിം: മരണംകൊണ്ട് കരയിക്കുന്ന നേതാക്കള്‍

 1. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കുറിച്ചോ ,അവരുടെ നേതാക്കളെ കുറിച്ചോ , ധാര്‍ഷ്ട്ടിയങ്ങളെ , ധിക്കാരങ്ങളെ കുറിച്ചോ , അവരുടെ മരണങ്ങളെ കുറിച്ചോ ,ബോംബുകളെ കുറിച്ചോ ,വിഭാഗീയതയെ കുറിച്ചോ എന്തെങ്കിലും വായിക്കു തോന്നിയത് എഴുതുക ഏത് മോശകൊടനും ഉടനെ എഴുത്തുകാരന്‍ ,മാധ്യമ പ്രവര്‍ത്തകന്‍ എന്നിവ ആകാന്‍ ഉള്ള കുറുക്കു വഴികള്‍ അഥവാ നടപ്പ് രീതികള്‍(ഫാഷന്‍ ) ആണ് ഇതൊക്കെ!!

  • അതല്ല പ്രകാശാ, വേറെ എന്തൊക്കെയാണ് കുറുക്കു വഴികള്‍? ആകെ ഇതു മാത്രമേ ഉള്ളൂ? അതോ വേറെയുമുണ്ടോ? അതോ ഇതൊന്നും എഴുതാന്‍ പാടില്ല എന്നാണോ. ഇനി ഇതൊക്കെ എഴുതാന്‍ തെരഞ്ഞെടുക്കപ്പെട്ട വേറെ ചിലരൊക്കെ ഉണ്ട് എന്നാണോ. അങ്ങിനെയെങ്കില്‍ അവരോടു പറയൂ. അവരും എഴുതട്ടെ.

   അല്ലാതെ, കാണിന്നിടത്തൊക്കെ ഇങ്ങനെ കാര്‍ക്കിച്ചു തുപ്പുന്നത് ബോറാണ്. ആരെങ്കിലും രണ്ടക്ഷരം എവിടെയെങ്കിലും എഴുതിയത് കണ്ടാല്‍ മതി, ഉടനെ പരമ പുച്ഛത്തിന്റെ തലച്ചുമട് മുഴുവന്‍ അവിടെയങ്ങ് ഇറക്കി വെക്കും! ലേഖനത്തോടാണ് വിയോജിപ്പെങ്കില്‍, ഏത് പരാമര്‍ശം, എന്ത് പ്രശ്നം എന്നൊക്കെ പറയൂ.

  • what kind of comparisons you make, my friend? Two elected leaders and a dictator…. Why you didnt write about people crying when Hitler got killed?????? Have some shame….

 2. “അല്ലെങ്കില്‍ കരയാതിരിക്കുന്നത് വിമതപ്രവര്‍ത്തനം ആയിരിക്കും അല്ലേ”
  ആകാം. എന്തായാലും ചിരിക്കുന്നതു് വിമതപ്രവര്‍ത്തനം ആയ ഒരനുഭവമെങ്കിലും ഉണ്ടു്!

 3. സനീഷ് ഹ്രദയ കാര്യായ ഒരു കുറിപ്പ് , എല്ലാ ഭാവുകങ്ങളും. ഓര്‍മ്മകളില്‍ ഏതു രാഷ്ട്രീയ ആശയക്കരനായാലും മരനംകൊണ്ട് ദുഖ്പ്പിച്ച രണ്ടു പേരായിരുന്നു .
  ഒന്ന് നര്‍മ്മം കൊണ്ടും സ്നേഹം കൊണ്ടും ശത്രുപക്ഷത്തെ പോലും ഒപ്പം നിറുത്തിയ നര്‍മ്മ നായനാരും പിന്നെ
  ഒരു സാമുദായിക പാര്‍ട്ടിയുടെ (ആര്യാടന്റെ ഭാഷയില്‍ ) നതാവായിരുന്നിട്ടും പാണക്കാട് ശിഹാബ് തങ്ങള്‍ മരണവാര്‍ത്ത
  കേള്‍ക്കുന്ന വരെ വല്ലാതെ കരയിച്ചു , ഞാന്‍ കേട്ടതാണ് ഏഷ്യാനെറ്റ്‌ റേഡിയോ വില്‍ വീട്ടു ജോലിക്കാരിയായ ഒരു സ്ത്രീ പൊട്ടിക്കരയുന്നത്‌ അവര്‍ ഒരു മുസ്ലിം സ്ത്രീ ആയിരുന്നില്ല . അവരുടെ മകളുടെ കുടുംബ പ്രശ്നം തങ്ങളായിരുന്നു പോലും പരിഹരിച്ചു കൊടുത്തത് .
  സാധാരണക്കാരില്‍ ഒരാളായി നിന്നവര്‍ അവര്‍ ജനങളുടെ ഹ്രദയത്തില്‍ സ്ഥാനം പിടിച്ചു . ഇനി അങ്ങിനെ എത്ര പേര്‍ … abdul nasar kummankode

 4. തൊട്ടതിനും പിടിച്ചതിനും കമ്മ്യൂണിസ്റ്റ്‌കാരന്റെ നെഞ്ചത്ത് കേറി നിരങ്ങുന്ന ഈ സ്ഥിരം പ്പരിവാടി അങ്ങ് നിര്‍ത്തികൂടെ എന്റെ ശങ്കര്നമാരെ ….മോന്തിയവുമ്പോള്‍ കോട്ടും ടയ്യും കെട്ടി മേയ്ക്കപ്പും ഇട്ടു വന്നു ഗോസിപ്പുകള്‍ ഉണ്ടാക്കി ചര്‍ച്ചിക്കുന്നതും നാലാമിടങ്ങളില്‍ നിരന്തരം കമ്മ്യൂണിസ്റ്റ്‌ വിരുദ്ട ഭാവന ചര്‍ദ്ടികുന്നതിന്റെയും ദുര്‍ഗന്ധം അസഹനീയമാവുംപോള്‍ പ്രതികരിക്കാതെ വയ്യ ശങ്കരാ…..ജീര്‍ണ്ണിച്ചു അളുകിയ മാധ്യമ കൂടുകളില്‍ കിടന്നു പുളയുന്ന പന്നി കുഞ്ഞുങ്ങളെ നന്നാക്കാന്‍ പടച്ചോന് പോലും സാധിക്കില്ല എന്നറിയാമെങ്കിലും ! എഴുതാനും പറയാനും ഉള്ള വിഷയം തിരഞ്ഞെടുക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌കാരേന്റെതില്‍ തോണ്ടി നാട്ടുകാരെ മണപ്പിക്കാനുള്ള വ്യഗ്രത എന്തിന്റെ സൂക്കേട് ആണെന്ന് അറിയാം, പരമപുച്ഛത്തിന്റെ ജയശങ്കര്‍ക്കളരി മാതൃകയാക്കി കളത്തില്‍കളിക്കാന്‍ ഇറങ്ങുന്നവരുടെ സഥാനം ചവറ്റുകൊട്ടയില്‍ ആയിരിക്കും . സഹനസമരങ്ങളുടെ ബലിക്കല്ലില്‍ ജീവിതം തച്ചുടച്ച ജനനായകന്മാരെ ,പ്രസ്ഥാനങ്ങളെ ,നാടിനെ, നിരന്തരം പരിഹസിക്കുന്ന അമൂല്‍സന്താനങ്ങളുടെ ഈ കര്‍മ്മപരിപാടി അതിരുവിടുക തന്നെയാണ് ….

  • ഹോ, ഇതായിരുന്നോ പ്രകാശന്റെ പ്രശനം…! ഞാന്‍ കരുതി ലേഖനമാണെന്നാണ്. ഇതിപ്പോ എഴുതിയ ആളാണല്ലോ വിഷയം. എഴുതിയ ആള്‍ ജോലിയുടെ ഭാഗമായി ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്നു. അത് കഴിഞ്ഞ് നാലാമിടത്തില്‍ എഴുതുന്നു. തീര്‍ച്ചയായും ചാട്ടയടിക്കാന്‍ പറ്റിയ കുറ്റം. എങ്കിലും ഒരു സംശയം ബാക്കിയാവുന്നല്ലോ പ്രകാശാ. ജോലി ചെയ്യുന്നത് എങ്ങനെയാണ് കുറ്റമാവുന്നത്, അതും ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിക്കാരന്. ഇനി ടൈ കെട്ടുന്നതായിരിക്കുമോ പ്രശ്നം. അതാണെങ്കില്‍ കുഴപ്പം സനീഷിന്റേതല്ല. പറയുന്നതില്‍ ഒനം വിചാരിക്കരുത്, അതിന് ചികില്‍സിക്കേണ്ടത് പ്രകാശനാണ്.

   പിന്നെ, ചങ്ങാതീ, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് എഴുതാന്‍ സനീഷ് എന്താണ് ഇനി ചെയ്യേണ്ടത്. ചാനലിലെ പണി കളയുകയോ. അതോ ടൈ ഒഴിവാക്കുകയോ. സനീഷ് മാത്രം ഇങ്ങനെ ചെയ്താല്‍ മതിയോ. അതോ, പാര്‍ട്ടിയെക്കുറിച്ച് എഴുതുന്നവരൊക്കെ ഇങ്ങനെ ചെയ്യണോ. പ്രകാശനെ രസിപ്പിക്കാന്‍ വേണ്ടി പണി കളഞ്ഞാല്‍ ഇവന്‍മാര്‍ക്കൊക്കെ ആര് ചെലവിനു കൊടുക്കും എന്റെ പ്രകാശാ.
   അവസാനമായി ഒരു സംശയം കൂടി, സത്യത്തില്‍ ഈ ലേഖനമെങ്ങനെയാ കമ്യൂണിസ്റ്റുകാരന്റെ നെഞ്ചത്തു കയറലാവുന്നത്. അത് പറയൂ. ഇതിലെവിടെയാണ് കമ്യൂണിസ്റ്റ് വിരുദ്ധത. ആരാനും പ്രസംഗിക്കുന്നത് കേട്ട് വായില്‍ കൊള്ളാത്ത ലളിത കോമള പദാവലിയാക്കെ ഇങ്ങനെ ചര്‍ദ്ദിച്ചാല്‍ വലഞ്ഞു പോവില്ലേ പ്രകാശാ.

 5. വൈയക്തികമായ അനുഭവത്തിനും തോന്നലുകള്‍ക്കും അപ്പുറം ആ‍ഴമില്ലാത്ത കുറിപ്പ്.
  ഗൃഹപാഠം ചെയ്യൂ..

 6. ഇ എം എസിന്‍റെ മരണവും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയവും ആ ദിവസം ഓര്‍മ വരുന്നത് നെയ്ത്തുകാരന്‍ സിനിമ കാണുബോഴാണ്

 7. സോണി എം ഭട്ടതിരിപ്പാട് എന്ന മാധ്യമ പ്രവര്‍ത്തകനെ കുറിച്ച് കേട്ടിട്ടുണ്ടോ സുഹ്ര്തെ ? …. കേരളം മുഴുവന്‍ അറിയപ്പെട്ടിരുന്ന ഈ മാധ്യമ പ്രവര്‍ത്തകനെ കാണാതായിട്ട് മൂന്ന് വര്ഷം കഴിഞ്ഞു…അന്വേഷണം വഴി മുട്ടി.വര്‍ഗ സ്നേഹമില്ലാത്ത മാധ്യമ ലോകത്തിനും ഈ സംഭവത്തില്‍ താല്പര്യമില്ല.. ഇന്ത്യ വിഷനില്‍ തന്നെ മാനേജ്മെന്റ് പറയുന്ന ജോലിയും ചെയ്ത് കുറെ കാലം ജീവിച്ച ഒരു പാവം തൊഴിലാളിയായിരുന്നു ഈ മനുഷ്യന്‍!
  എന്തെ.. ഈ എം എസ് ,നായനാര്‍ ,വിജയന്‍ മാഷ് .. കിം .. തുടങ്ങിയവരെ കുറിച്ച ഉപന്യാസം എഴുതുന്ന വേറിട്ട എഴുത്തുകാര്‍ക്ക് സ്വന്തം സഹജീവിയെ കുറിച്ച എഴുതാന്‍ ,പറയാന്‍ പേനയും നാവും പൊങ്ങന്നില്ല ….?

 8. @ ജയേഷ്.
  ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിന്റെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട
  വിഷ്വലുകളുടെ പശ്ചാത്തലത്തില്‍ രളത്തിലെ ചില പ്രമുഖ നേതാക്കളുടെ
  മരണവും അതോടനുബന്ധിച്ചുള്ള ഓര്‍മ്മകളുമാണ് സനീഷ് ഇവിടെ എഴുതിയത്
  എന്നാണ് എന്റെ ധാരണ. സ്വന്തം കോളത്തില്‍ അയാളെഴുതുന്ന വ്യക്തിപരമായ കുറിപ്പ്.
  ഇങ്ങനെയൊന്ന് എഴുതണമെങ്കില്‍ ആദ്യം സോണി ഭട്ടതിരിപ്പാടിനെ കുറിച്ച് എഴുതണം
  എന്നു പറയുന്നതില്‍ എന്താണ് ലോജിക്. ഒരാള്‍ എന്തെഴുതണമെന്ന് തീരുമാനിക്കേണ്ടത് അയാളല്ലേ?
  പത്രപ്രവര്‍ത്തനവുമായും ചാനലുമായും ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും എഴുതിയ ശേഷം മാത്രമേ
  ഒരാക്ക് സ്വന്തം തോന്നലുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു പറയുന്നത് എന്ത് അസംബന്ധമാണ്.
  സോണി വര്‍ഷങ്ങളോളം മനോരമയുടെ ലേഖകനായിരുന്നു. പിന്നെ മനോരമ ചാനലില്‍ വന്നു.
  അവിടെ നിന്ന് ഇന്ത്യാവിഷനിലും. ഗോവയില്‍ ചലച്ചിത്രമേളക്കിടെ നാട്ടിലേക്കെന്നു പറഞ്ഞു പോയി
  കാണാതായി. അതുമായി ബന്ധപ്പെട്ട പൊലീസ് കേസ് നടക്കുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി
  വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും വന്നു. അതിനപ്പുറം എല്ലാ ദിവസവും അതുതന്നെ പറയണമെന്ന്
  പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അനേകമുണ്ട്. സോണിയെപ്പോലെ കാണാതാവല്‍ മാത്രമല്ല, പൊലീസിന്റെയും ഗുണ്ടകളുടെയുമൊക്കെ ക്രൂരമര്‍ദ്ദനമേറ്റ മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ പോലുള്ള അനേകം ആളുകള്‍. ചെയ്ത ജോലിയുടെ പേരില്‍ ബാംഗ്ലൂര്‍ കോടതിയില്‍ കേസുമായി നടക്കുന്ന ഷാഹിന. ജയിലിലും പുറത്തുമായി അധികാര കേന്ദ്രങ്ങളുടെ അപ്രീതിക്ക് പാത്രമായി ദുരിതമനുഭവിക്കുന്നവര്‍. ഇവരുടെയൊക്കെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് എന്നും കൊടുക്കാനാവുമോ? ഒരേ കാര്യം തന്നെ എന്നും കണ്ടാല്‍ പിന്നെ മാധ്യമങ്ങള്‍തുറക്കാന്‍ ആരെയെങ്കിലും കിട്ടുമോ. അതിനാല്‍, ഇഷ്യൂ ബേസ്സ് ആയി അവരുടെ വിവരങ്ങള്‍ നല്‍കുക, കേസിനെ കുറിച്ച കാര്യങ്ങളില്‍ ഇടപെടുക എന്നിവയൊക്കെയാണ് സാധ്യതയുള്ള കാര്യങ്ങള്‍.അതൊക്കെ ചെയ്യുക എന്നതല്ലാതെ, നിങ്ങള്‍ എന്തു കൊണ്ട് കിമ്മിനെ എഴുതി, സോണിയെ എഴുതിയില്ല എന്നൊക്കെ പറയുന്നതില്‍ എന്തു കാര്യം?

 9. Dear Sanish, ലേഖനം വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട്.
  സനീഷിനെപ്പോലുള്ള വിവരമുള്ള ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ഇത്തരം താരതമ്യങ്ങള്‍ മലയാളികള്‍ പ്രതീക്ഷിക്കുന്നില്ല.ഇമ്മെസ്, ഇകെ നായനാര്‍ കെ കരുണാകരന്‍ എന്നിവരുടെ മരണത്തില്‍ നടന്നത് റിയല്‍ കരച്ചിലും കൊറിയന്‍ ജനതയുടേത് തങ്ങള്‍ ദു:ഖിക്കുന്നവരാണെന്ന് പുറം ലോകത്തെ ബോദ്ധ്യപ്പെടുത്തലുമാണത്രെ.

  ഒരു ദു:ഖത്തെ താരതമ്യപ്പെടുത്താന്‍ ആ൪ക്കെന്തവകാശാം? താങ്കള്‍ക്ക് ഒരു നോ൪ത്ത് കൊറിയന്‍ മനസ്സുണ്ടോ?

  തെമ്മാടി രാഷ്ടമെന്ന് വിളിച്ച് മൂലധനക്കമ്പോളങ്ങള്‍ ഒരു രാഷ്ടത്തെ തകര്‍ക്കുവാന്‍ ഓരോ നിമിഷവും തക്കം പാത്തിരിക്കുമ്പോള്‍, വിയറ്റ്നാമികളെ എന്നപോലെ എപ്പോഴും ഒരു ജനത ഏജന്‍റ് ഓറഞ്ചിന് വിധേയമാക്കപ്പെടുമെന്ന് ഭയന്നിരിക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഇല്ലാതാകുമ്പോള്‍ റെനിഗേഡുകള്‍ക്കല്ലാതെ കരയാനാകില്ല.

  അപ്പോള്‍ കരയാതിരിക്കുക എന്നത് വിമതപ്രവ൪ത്തനമാണോ സനീഷ്?

  എങ്കില്‍ 20 വ൪ഷം മുമ്പ് ആയത്തൊള്ള ഖുമേനി മരണപ്പെട്ടപ്പോള്‍ ടെഹ്റാന്‍ തെരുവിലേക്ക് ഒഴുകിയെത്തിയ ജനതയെക്കുറിച്ച് നാം എന്തു പറയും? 30 ലക്ഷത്തിലേറെ ജനങ്ങള്‍ പഴുത്ത ചൂടില്‍ തെരുവില്‍ വിലപിക്കുകയായിരുന്നുവല്ലോ.മരിക്കുന്ന സമയത്ത് സ്വന്തമായി രണ്ട് ജോടി ഡ്രസ്സും ഒരു തസ്ബീഹ് മാലയും മാത്രം ബാക്കിയാക്കിപ്പോയ തങ്ങളുടെ പ്രിയ നേതാവിനെ ഒന്നു കാണുവാന്‍. അതെന്തായിരുന്നു സനീഷ്?

  അവിടെ കരയാതിരിക്കുക എന്നത് തങ്ങള്‍ സുന്നികളല്ല എന്ന പ്രഖ്യാപനമായിരുന്നുവോ?

  ഗാന്ധിജി മരിച്ചപ്പോള്‍ ഭാരതം മുഴുവന്‍ കരഞ്ഞത് തങ്ങള്‍ ഹിന്ദുമഹാസഭക്കാരല്ല എന്ന പ്രഖ്യാപനമായിരുന്നുവൊ?

  ഇനി ഞാന്‍ താമസിക്കുന്ന നാട്ടില്‍ ഒരു കോ൪പറേറ്റ് വിലാപം നടന്നു..കനേഡിയന്‍ പ്രതിപക്ഷനേതാവ് ജാക് ലെയ്ട്ടന്‍ മരണപ്പെട്ടപ്പോള്‍ ഞങ്ങള്‍ കാനഡക്കാര്‍ വിലപിച്ചത് എങ്ങിനെയെന്ന് പത്രപ്രവ൪ത്തകനായ സനീഷ് കണ്ടുകാണുമല്ലോ. ഡാന്‍സും പാട്ടുമായിരുന്നു മൃതദേഹത്തിനു മുമ്പില്‍.പക്ഷേ, എല്ലാവര്‍ക്കും, സ്തീകള്‍ക്കും, കറുത്ത സൂട്ടുകളുണ്ടായിരുന്നു.

  ഇവിടെ നൃത്തം ചെയ്യാതിരിക്കുക എന്നതും പാടാതിരിക്കുക എന്നതും ഒരു മൂന്നാംലോക അടയാളമായി മാറുന്നു.

  ആരാണിതിനൊക്കെ വിലയിടുന്നത്, ദു:ഖം നിശ്ചയിക്കുന്നത്?

  കമ്മൂണിസ്റ്റ്കാരേയും നേതാക്കന്മാരേയും ഞെരടിവിടുക എന്നത്, പണ്ട് താനും കമ്മൂണിസ്റ്റായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിവു വന്ന ഒരു ബുദ്ധിജീവിയായിരിക്കുന്നുവെന്നും ബോദ്ധ്യപ്പെടുത്തുവാനും അതുവഴി വിവരമുള്ളവരുടെ പട്ടികയില്‍ പെടാനുമുള്ള ഒരു ഞൊളുക്കുവേലയാണ്.സനീഷിന് ഇതിന്‍റെ ആവശ്യമില്ലല്ലോ.
  ഈ കരച്ചിലിന് മറുപടി പറയേണ്ടത് വടക്കന്‍ കൊറിയനാണ്.

  ആരോടും ഒന്നിനോടും സ്വന്തത്തിനോടു പോലും പ്രതിബദ്ധതയില്ലാത്ത ഒന്നും സ്വാംശീകരിക്കാതെ എല്ലാ അനുഭവങ്ങളേയും മിന്നായമാക്കി കടത്തിവിടുന്ന ഒരു മലയാളിക്കറിയുമോ ഈ ജനതയുടെ വികാരങ്ങളെന്തൊക്കെയെന്ന്?

  കുറ‌ഞ്ഞ‌പ‌ക്ഷം, ഹേ മ‌ല‌യാളി, ക‌ര‌യാനുള്ള‌ സ്വാത‌ന്ത്ര്യ‌മെങ്കിലും അവ൪ക്ക് ന‌ല്‍കുക‌.അവ‌രെ മ‌ല‌യാളി അറിവുക‌ള്‍ വ‌ച്ച് വിധിക്കാതിരിക്കുക‌.

  Azeez from Northern Prairies, Canada.

 10. സനീഷിനെപ്പോലുള്ള വിവരമുള്ള ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന്…..
  —————-
  ഇത്തരം തെറ്റി ധാരണകള്‍ ആദ്യം മാറ്റുക സുഹ്ര്തെ

Leave a Reply to Its me Cancel reply

Your email address will not be published. Required fields are marked *