മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

‘നോവല്‍ എഴുതുന്ന കാലത്ത്, രാവിലെ നാലുമണിക്ക് ഉണരും. അഞ്ചോ ആറോ മണിക്കുര്‍ എഴുതാനായി ചെലവിടും. ഉച്ച തിരിഞ്ഞ് പത്തു കിലോമീറ്റര്‍ ഓടുകയോ ആയിരത്തഞ്ഞൂറ് മീറ്റര്‍ നീന്തുകയോ ചെയ്യും. ചിലപ്പോള്‍ രണ്ടും ചെയ്തെന്നും വരും. പിന്നീട് അല്പസ്വല്പം വായന, സംഗീതാസ്വാദനം. രാത്രി ഒന്‍പതു മണിക്ക് ഉറങ്ങാന്‍ കിടക്കും. ഈ ദിനചര്യ മാറ്റമില്ലാതെ തന്നെ എഴുത്തുനാളുകളില്‍ ആവര്‍ത്തിക്കും. ഈ തനിയാവര്‍ത്തനങ്ങള്‍ ഒരു വിധത്തിലുള്ള മെസ്മറിസം തന്നെയാണ്. മനസ്സിന്റെ ആഴങ്ങളില്‍ എത്തിപ്പെടുവാനുതകുന്ന തരത്തിലുള്ള മെസ്മറിസം. ആറു മാസത്തോളോം ഈ രീതിയില്‍ തുടരുവാന്‍ വളരെയധികം മാനസിക ശാരീരിക ഊര്‍ജ്ജം ആവശ്യമാണ്. ആ വിധത്തില്‍ പറഞ്ഞാല്‍, ഒരു അതിജീവന പരിശീലനം തന്നെയാണ് നോവലെഴുത്ത്. സര്‍ഗ്ഗാത്മക ശക്തിപോലെ തന്നെ പ്രധാനമാണ് ശാരീരികോര്‍ജ്ജവും’
പറയുന്നത്, ഹരൂകി മുറാകാമി. പല ഭാഷകളിലായി ദശലക്ഷക്കണക്കിനു വായനക്കാരുള്ള മഹാനായ ജപ്പനീസ് എഴുത്തുകാരന്‍. സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിലനില്‍ക്കുന്ന പല ധാരണകളും തകര്‍ത്തെറിയുന്നതാണ് മുറകാമിയുടെ നിലപാടുകള്‍. പുതിയ കാലത്തെ എഴുത്തുകാരനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കലാരൂപം വീഡിയോ ഗെയിമാണെന്നും സര്‍ഗാത്മ ശേഷിയെപ്പോലെ എഴുത്തുകാരന് ശാരീരികാരോഗ്യവും പ്രധാനമാണന്നും മറ്റുമാണ് മുറകാമിയുടെ വീക്ഷണം. എഴുത്തുകാരനെ കുറിച്ചുള്ള നടപ്പു ധാരണകള്‍ക്ക് പുറത്താണ് പലപ്പോഴും മുറകാമിയുടെ ജീവിതവും എഴുത്തും. പാരീസ് റിവ്യൂവിന് വേണ്ടി ജോണ്‍ റേ മാസങ്ങള്‍ക്കു മുമ്പ് നടത്തിയതാണ് ഈ അഭിമുഖം. വിവര്‍ത്തനം: സ്മിതാ മീനാക്ഷി

 

 

 

സര്‍റിയലിസമാണ് എനിക്കിഷ്ടം

താങ്കളുടെ പുതിയ കഥാ സമാഹാരം , ‘ After the Quake ‘ ഞാനിപ്പോള്‍ വായിച്ചു കഴിഞ്ഞതേയുള്ളു, നോര്‍വീജിയന്‍ വുഡ് എന്ന നോവലിന്റെ ശൈലിയില്‍ പറയുന്ന റിയലിസ്റിക് ആയ കഥകളെ , മറ്റുള്ളവയുമായി കോര്‍ത്തിണക്കിയ രീതി കൌതുകകരമായി തോന്നി, മറ്റുള്ളവയാണെങ്കില്‍ The WindUp Bird Chronicle, HardBoiled Wonderland , the End of the World എന്നിവയുടെ മാതൃകയിലാണ്, ഈ രണ്ടു രീതികളും തമ്മില്‍ അടിസ്ഥാനപരമായി എന്തെങ്കിലും വ്യത്യാസം താങ്കള്‍ കാണുന്നുണ്ടോ?

എന്റെ ശൈലി, എന്നു ഞാന്‍ കരുതുന്നത് വാസ്തവത്തില്‍ HardBoiled Wonderland ന്റെ മാതൃകയുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. റിയലിസ്റിക് രീതി എനിക്കത്ര ഇഷ്ടമല്ല. സര്‍റിയലിസ്റിക് ശൈലിയാണു ഞാന്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. പക്ഷേ നോര്‍വീജിയന്‍ വുഡിന്റെ കാര്യത്തില്‍ , ഒരു നൂറുശതമാനം റിയലിസ്റിക് നോവല്‍ എഴുതണമെന്നു ബോധപൂര്‍വ്വം കരുതിയതാണ്, അതൊരു ആവശ്യമായി എനിക്കു തോന്നി

ശൈലീ പരിഷ്കരണത്തിനുള്ള ഒരുപാധിയായിട്ടാണോ ആ കൃതിയെ താങ്കള്‍ കണ്ടത്? അതോ റിയലിസ്റിക് ആയ രീതിയില്‍ പറയാവുന്ന ഒരു കഥ എന്ന നിലയ്ക്കോ?

സര്‍റിയലിസ്റിക് നോവലുകള്‍ മാത്രം എഴുതുകയായിരുന്നെങ്കില്‍ ഞാന്‍ ആ രീതിയില്‍ വിഭാഗീകരിക്കപ്പെട്ടു പോകുമായിരുന്നു. പക്ഷേ എനിക്കു മുഖ്യധാരാ സാഹിത്യത്തിലേയ്ക്ക് കടക്കേണ്ടിയിരുന്നു. അതിനാല്‍ ഒരു റിയലിസ്റിക് രചന നടത്താന്‍ കഴിയുമെന്ന് തെളിയിക്കേണ്ടത് ആവശ്യകതയായി. അങ്ങനെയാണതെഴുതുന്നത്. ആ പുസ്തകം ജപ്പാനില്‍ ബെസ്റ് സെല്ലറായി, ഞാനതു പ്രതീക്ഷിച്ചിരുന്നതുമാണ്.

അതായത് ജാപ്പനീസ് വായനക്കാരും അമേരിക്കന്‍ പുസ്തകപ്രേമികളെപ്പോലെ എന്നാണോ? സുഗമവും ലളിതവുമായ വായനയാണാവശ്യമെന്ന് ?

എന്റെ ഏറ്റവും പുതിയ കൃതി ‘ കാഫ്ക ഓണ്‍ ദി ഷോര്‍’ 300000 പ്രതികളാണു വിറ്റത്, അതും രണ്ടു വാല്യങ്ങളുള്ള സെറ്റ് ആയിട്ട്. ആ വമ്പന്‍ വില്‍പ്പന എന്നെ അതിശയിപ്പിച്ചു, അതൊരു സാധാരണ കാര്യമല്ല. അതിലെ കഥ സങ്കീര്‍ണവും മനസ്സിലാക്കുവാന്‍ വിഷമമുള്ളതും ആണ്. പക്ഷേ എന്റെ ശൈലി, കഥനരീതി, വായനയെ എളുപ്പമാക്കി. അതില്‍ നാടകീയതയും നര്‍മ്മവും ഉദ്വേഗവും ഉണ്ട്. ഈ രണ്ടു ഘടകങ്ങളില്‍ പാലിച്ചിരിക്കുന്ന ഒരു സമതുലനം അതിന്റെ വിജയത്തിന്റെ ഒരു കാരണമായിരിക്കും. എങ്കിലും അത് അവിശ്വസനീയം തന്നെയാണ്. ഓരോ മൂന്നോ നാലോ വര്‍ഷത്തിലും ഞാനൊരു നോവല്‍ എഴുതുന്നു , വായനക്കാര്‍ അതിനുവേണ്ടി കാത്തിരിക്കുന്നു.

ആ രണ്ടു ഘടകങ്ങള്‍ നേര്‍ക്കു നേര്‍ കാര്യങ്ങള്‍ പറയുന്ന, ലളിതമായ കഥനരീതി, നിഗൂഡതയുള്ള കഥാതന്തു ഇവ ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണോ?

അല്ല, അങ്ങനെയല്ല, എഴുതി തുടങ്ങുമ്പോള്‍ അങ്ങനെയൊന്നും ആലോചിച്ചിരുന്നില്ല. ഞാന്‍ കഥയുടെ ഒഴുക്കിനു കാത്തു. എന്തു തരം കഥയാണെഴുതേണ്ടതെന്ന രീതിയില്‍ ഒരു തെരഞ്ഞെടുപ്പൊന്നും നടത്തിയില്ല. നോര്‍വീജിയന്‍ വുഡ് ഒരു വ്യത്യസ്തതയുള്ള പ്രമേയമാണ്, അതിനാല്‍ അതൊരു റിയലിസ്റിക് രീതിയില്‍ പറയാമെന്നു കരുതി. പക്ഷേ അടിസ്ഥാനപരമായി, എനിക്കങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്താനാകില്ല.

വായനക്കാരെപ്പോലെ തന്നെയാണു ഞാനും

എഴുത്തിന്റെ ശൈലി , അത് സ്വാഭാവികമായി വന്നു ചേരുന്നതാണോ?

ഞാന്‍ ഒരു ബുദ്ധിമാനല്ല, അഹങ്കാരിയുമല്ല. എന്റെ രചനകളുടെ വായനക്കാരെപ്പോലെ തന്നെയാണു ഞാനും. ഞാനും സാധാരണ കാര്യങ്ങള്‍ ചെയ്യുന്നു. ഒരു എഴുത്തുകാരനാകണമെന്നുമില്ലായിരുന്നു. അത് സംഭവിച്ചു പോയതാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് കൈ വരുന്ന ഒരു വിശിഷ്ടസമ്മാനം പോലെയാണത്. അതിനാല്‍ ഞാന്‍ വിനയാന്വിതനായിരിക്കണമെന്നു സ്വയം മനസ്സിലാക്കുന്നു.

ആരെയൊക്കെയാണു താങ്കള്‍ മാതൃകകളായി കരുതുന്നത്? ഏതൊക്കെ ജാപ്പനീസ് എഴുത്തുകാര്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ട്?

കുട്ടിയായിരുന്നപ്പോഴോ, കൌമാരത്തിലോ ഞാനധികം ജാപ്പനീസ് കൃതികള്‍ വായിച്ചിട്ടില്ല. എനിക്കീ സംസ്കാരത്തില്‍ മടുപ്പു തോന്നി , അതില്‍ നിന്ന് പുറത്തുകടക്കണമെന്ന് ഞാനാഗ്രഹിച്ചു.

താങ്കളുടെ പിതാവ് ജാപ്പനീസ് സാഹിത്യാദ്ധ്യാപകനായിരുന്നില്ലേ?

വിവര്‍ത്തനം: സ്മിതാ മീനാക്ഷി

അതെ, അതിനാല്‍ അതൊരു പിതൃ പുത്ര ബന്ധത്തിന്റെ ഭാഗം കൂടിയായി. ഞാന്‍ പാശ്ചാത്യ സംസ്കാരത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു, ജാസ് സംഗീതവും ഡോസ്റ്റോവ്സ്കിയും കാഫ്കയും റെയ്മണ്ട് ചാന്‍ഡ്ലറും എനിക്കു പ്രചോദനമായി. അത്, എന്റെ മാത്രമായ ഒരു ഫാന്റസി ലോകമായി. ആവശ്യമെങ്കില്‍ എനിക്ക് സെയിന്റ് പീറ്റേഴ്സ് ബര്‍ഗിലോ വെസ്റ് ഹോളിവുഡിലോ പോകാം. അതാണ് നോവലിന്റെ ശക്തി, നിങ്ങള്‍ക്കെവിടെയും പോകാം. ഇപ്പോള്‍ ആര്‍ക്കുമെവിടെയും പോകാം. പക്ഷേ 1960 കളില്‍ അത് അസാധ്യമായിരുന്നു. അതിനാല്‍ ഞാന്‍ സംഗീതത്തിലൂടെയും വായനയിലൂടെയും അവിടങ്ങളിലെത്തിച്ചേര്‍ന്നു. അത്, സ്വപ്നം പോലെയുള്ള ഒരു മാനസികാവസ്ഥയാണ്.

അത് ഏതോ ഘട്ടത്തില്‍ എഴുത്തിലേയ്ക്ക് നയിക്കപ്പെട്ടു?

അതെ, ഇരുപത്തൊയൊന്‍പതാം വയസ്സില്‍ ഞാനൊരു നോവലെഴുതാനാരംഭിച്ചു. എനിക്കെന്തോ എഴുതാനുണ്ടായിരുന്നു, പക്ഷേ എങ്ങനെയെന്ന് അറിവില്ലായിരുന്നു. ജാപ്പനീസ് എഴുത്തുകാരുടെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലാത്തതിനാല്‍ ഈ ഭാഷയില്‍ എങ്ങനെയെഴുതണമെന്ന് മനസ്സിലായില്ല. അതിനാല്‍ വായിച്ചിട്ടുള്ള പാശ്ചാത്യ കൃതികളില്‍ നിന്ന് ഞാന്‍ ശൈലിയും ഘടനയുമെല്ലാം കടമെടുത്തു. അതിന്റെ ഫലമായി, എന്റേതായ ഒരു ശൈലി രൂപം കൊണ്ടു. അതായിരുന്നു തുടക്കം.

രചനയുടെ സമയത്ത്, എഴുതുന്നതെന്താണെന്നറിയുവാന്‍ ഭാര്യ താല്പര്യം പ്രകടിപ്പിക്കാറുണ്ടൊ?

എന്തെഴുതുമ്പോഴും എന്റെ ആദ്യ വായനക്കാരി ഭാര്യയാണ്. ഞാന്‍ അവളില്‍ വിശ്വസിക്കുന്നു. അവളെനിക്കൊരു പങ്കാളി തന്നെയാണ്.

ഞാന്‍ അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു

സാഹിത്യജീവിതത്തിന്റെ ഒരു ഘട്ടത്തിലും താങ്കള്‍ എഴുത്തുകാരുടേതായ സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ലേ?

ഞാന്‍ ഒരു ഏകാകിയാണ്. എനിക്ക് ഗ്രൂപ്പുകളിലും പ്രത്യേക സ്കൂളുകളിലും സാഹിത്യ കൂട്ടായ്മകളിലും താല്പര്യമില്ല. പ്രിന്‍സ്റണില്‍ വച്ച് ഞാനൊരു വിരുന്നില്‍ ക്ഷണിക്കപ്പെട്ടു. ജോയ്സ് കരോളും ടോണി മോറിസണും ഒക്കെ അതില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അവരുടെയൊക്കെ കൂടെ അവിടെ വച്ച് എന്തെങ്കിലും ഭക്ഷണം കഴിക്കാനാകുമോയെന്നു പോലും ഞാന്‍ ഭയന്നു. മേരി മോറിസ് അവിടെയുണ്ടായിരുന്നു, അവര്‍ വളരെ നല്ലൊരു വ്യക്തിയാണ്, ഏകദേശം എന്റെ പ്രായം തന്നെ. ഞങ്ങള്‍ സുഹൃത്തുക്കളായി. പക്ഷേ എനിക്ക് ജപ്പാനില്‍ എഴുത്തുകാരായ സുഹൃത്തുക്കളാരുമില്ല. കാരണം ഞാന്‍ അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നതു തന്നെ.

The WindUp Bird Chronicle ന്റെ നല്ലൊരു ഭാഗം അമേരിക്കയില്‍ വച്ചാണ് താങ്കളെഴുതിയത്. അവിടെ ജീവിച്ചു എന്നത് രചനാ പ്രക്രിയയിലോ പ്രമേയത്തിലോ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

The WindUp Bird Chronicle ന്റെ രചനാസമയത്ത് , നാലുവര്‍ഷത്തോളേം ഞാന്‍ അമേരിക്കയില്‍ ഒരു അന്യനായി ജീവിക്കുകയായിരുന്നു. ആ അപരിചിതത്വം എന്നെയൊരു നിഴല്‍ പോലെ പിന്‍തുടര്‍ന്നിരുന്നു, അത് നോവലിലെ നായകനെയും ബാധിച്ചു. അങ്ങനെയാലോചിച്ചാല്‍, ജപ്പാനില്‍ വച്ചായിരുന്നു എഴുതപ്പെട്ടതെങ്കില്‍ , തികച്ചും വ്യത്യസ്തമായേനെ ആ കൃതി. അമേരിക്കയിലെ ജീവിതത്തില്‍ അനുഭവപ്പെട്ട അപരിചിതത്വമായിരുന്നില്ല ജപ്പാനിലെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചത്. അമേരിക്കയില്‍ അത് കൂടുതല്‍ പ്രകടമായ ഒന്നായിരുന്നു, അതെന്നെ സ്വയം തിരിച്ചറിയുന്നതിനു കൂടുതല്‍ സഹായിച്ചു. ഈ നോവലെഴുത്ത് ഒരു തരത്തില്‍ സ്വയം നഗ്നമാക്കുന്ന പ്രക്രിയ പോലെ ഒന്നായിരുന്നു.

15ാം വയസ്സിലെ കാഫ്ക

?താങ്കളുടെ കൃതികളിലേയ്ക്ക് തിരിച്ചു വന്നാല്‍, അമേരിക്കന്‍ ഡിറ്റക്ടീവ് കൃതികള്‍ വ്യക്തമായ ഒരു പ്രചോദനമായിട്ടുണ്ടവയ്ക്ക്. അത്തരം വായനയിലേയ്ക്ക് തിരിഞ്ഞതപ്പോഴായിരുന്നു? ആരാണതിനു കാരണമായത്?

ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഞാന്‍ ക്രെെം നോവലുകളുമായി പ്രണയത്തിലായി. ഞാനന്ന് കോബെ എന്ന തുറമുഖനഗരത്തിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വന്നുപോകുന്ന വിദേശികള്‍ വായിച്ചു കഴിഞ്ഞ പേപ്പര്‍ ബാക്ക് ബുക്കുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടകള്‍ക്ക് വിറ്റിരുന്നു. ധനികനായിരുന്നില്ലെങ്കിലും ആ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വാങ്ങിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ആ പുസ്തകങ്ങളിലൂടെയാണ് ഞാന്‍ ഇംഗ്ലീഷ് വായിക്കുവാന്‍ പഠിച്ചത്. ആവേശകരമായിരുന്നു ആ അനുഭവം.

ഇംഗ്ലീഷില്‍ ആദ്യമായി വായിച്ച പുസ്തകമെന്താണ്?

റോസ്സ് മക്ഡോണാള്‍ഡിന്റെ ‘ ദി നെയിം ഈസ് ആര്‍ച്ചര്‍ ‘. ആ പുസ്തകങ്ങളില്‍ നിന്ന് ഞാന്‍ പല കാര്യങ്ങളും മനസ്സിലാക്കി. തുടങ്ങിയാല്‍ നിര്‍ത്താനാവാതെ വായിച്ചു പോകും. അതേ സമയം തന്നെ ഞാന്‍ ടോള്‍സ്റ്റോയിയിലും ഡോസ്റ്റോവ്സ്കിയിലും ആകൃഷ്ടനായി. നീണ്ട പുസ്തകങ്ങളായിട്ടുപോലും എനിക്ക് വായന ഇടയ്ക്ക് വച്ചു നിര്‍ത്താന്‍ തോന്നിയിരുന്നില്ല. ഡോസ്റ്റോവ്സ്കിയും റയ്മണ്ട് ചാന്‍ഡ്ലറുമായിരുന്നു എനിക്കു പ്രിയം. അവര്‍ രണ്ടുപേരെയും ഒരു കൃതിയില്‍ ഒന്നിച്ചു കൊണ്ടുവരുക എന്നതാണ് എഴുത്തിന്റെ മാതൃകയായി ഞാന്‍ കരുതുന്നത്. അതാണെന്റെ ലക്ഷ്യം.

കാഫ്കയെ ആദ്യമായി വായിച്ചതെപ്പോഴാണ്?
പതിനഞ്ചു വയസ്സുള്ളപ്പോള്‍ . ആദ്യം വായിച്ചത് ദി കാസില്‍ ആണ്, ഗംഭീരകൃതി. അതിനു ശേഷം ദി ട്രയല്‍.

അതു രസകരമായി തോന്നുന്നു.ആ രണ്ടു കൃതികളും മുഴുമിക്കപ്പെടാത്തവയാണ്. അപൂര്‍ണതയില്‍ നില്‍ക്കുന്നവ. താങ്കളുടെ നോവലുകളും , പ്രത്യേകിച്ച് അടുത്തയിട എഴുതപ്പെട്ടവ, വായനക്കാര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരവസാനത്തില്‍ എത്തുന്നില്ല. അത് കാഫ്കയുടെ സ്വാധീനമാണെന്നുണ്ടോ?

അതു കൊണ്ടു മാത്രമല്ല. നിങ്ങള്‍ റെയ്മണ്ട് ചാന്‍ഡ്ലറെ വായിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒരു തരത്തിലുള്ള ഉപസംഹാരവും നല്‍കുന്നില്ല. അദ്ദേഹം ഇങ്ങനെയാകും പറയുക, ‘ അയാളാണു കൊലയാളി, പക്ഷേ ആരാണതു ചെയ്തതെന്നതിനെപറ്റി ഞാന്‍ ചിന്തിക്കുന്നില്ല.” ഒരു കൃതിയില്‍ ഉപസംഹാരം എന്നൊന്ന് അര്‍ത്ഥമില്ലാത്തതാണ്. ‘ദി ബ്രദേഴ്സ് കാരമസോവി’ലെ കൊലയാളി ആരാണെന്നത് എന്റെ ചിന്താവിഷയമല്ല.

രചനകള്‍ എത്ര തവണ തിരുത്തലുകള്‍ക്ക് വിധേയമാക്കാറുണ്ട്?
നാലോ അഞ്ചോ തവണ. ആദ്യ രൂപത്തില്‍ എഴുതി പൂര്‍ത്തിയാക്കുവാന്‍ സാധാരണയായി ആറുമാസമെടുക്കും. പിന്നീട് ഏഴോ എട്ടോ മാസങ്ങള്‍ കൊണ്ട് തിരുത്തലുകള്‍ നടത്തും.

 

 

സര്‍ഗ്ഗാത്മക ശക്തിപോലെ പ്രധാനമാണ് ശാരീരികോര്‍ജ്ജം

താങ്കളുടെ ഒരു ദിനം, രചനയുടെ ഒരു ദിനം എങ്ങനെയാണു രൂപപ്പെടുത്തുന്നത്?

ഞാന്‍ നോവല്‍ എഴുതുന്ന കാലത്ത്, രാവിലെ നാലുമണിക്ക് ഉണരും. അഞ്ചോ ആറോ മണിക്കുര്‍ എഴുതാനായി ചെലവിടും. ഉച്ച തിരിഞ്ഞ് പത്തു കിലോമീറ്റര്‍ ഓടുകയോ ആയിരത്തഞ്ഞൂറ് മീറ്റര്‍ നീന്തുകയോ ചെയ്യും. ചിലപ്പോള്‍ രണ്ടും ചെയ്തെന്നും വരും. പിന്നീട് അല്പസ്വല്പം വായന, സംഗീതാസ്വാദനം. രാത്രി ഒന്‍പതു മണിക്ക് ഉറങ്ങാന്‍ കിടക്കും. ഈ ദിനചര്യ മാറ്റമില്ലാതെ തന്നെ എഴുത്തുനാളുകളില്‍ ആവര്‍ത്തിക്കും. ഈ തനിയാവര്‍ത്തനങ്ങള്‍ ഒരു വിധത്തിലുള്ള മെസ്മറിസം തന്നെയാണ്. മനസ്സിന്റെ ആഴങ്ങളില്‍ എത്തിപ്പെടുവാനുതകുന്ന തരത്തിലുള്ള മെസ്മറിസം. ആറു മാസത്തോളോം ഈ രീതിയില്‍ തുടരുവാന്‍ വളരെയധികം മാനസിക ശാരീരിക ഊര്‍ജ്ജം ആവശ്യമാണ്. ആ വിധത്തില്‍ പറഞ്ഞാല്‍, ഒരു അതിജീവന പരിശീലനം തന്നെയാണ് നോവലെഴുത്ത്. സര്‍ഗ്ഗാത്മക ശക്തിപോലെ തന്നെ പ്രധാനമാണ് ശാരീരികോര്‍ജ്ജവും.

താങ്കളുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിക്കണമെന്നുണ്ട്. താങ്കളുടെ സൃഷ്ടികര്‍മ്മത്തില്‍ അവര്‍ എത്രത്തോളോം യഥാര്‍ത്ഥരൂപം കൈവരിക്കുന്നു? വിശദീകരണത്തിനുമപ്പുറം അവര്‍ക്കൊരു സ്വതന്ത്ര ജീവിതം ഉണ്ടായിരിക്കണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

എന്റെ കൃതികളിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ ഞാന്‍ ജീവിതത്തിലെ യഥാര്‍ത്ഥമനുഷ്യരെ നിരീക്ഷിക്കുവാന്‍ താല്‍പര്യപ്പെടുന്നു. അവരോട് കൂടുതല്‍ സംസാരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, മറ്റുള്ളവരുടെ കഥകള്‍ കേള്‍ക്കുവാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അവര്‍ ഏതുതരം മനുഷ്യരാണെന്നൊന്നും ഞാന്‍ ആലോചിക്കാറില്ല, അവരുടെ ചിന്തകള്‍ , യാത്രകള്‍ അതൊക്കെ മനസ്സിലാക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. അവരില്‍ നിന്നൊക്കെ എന്തെങ്കിലുമൊക്കെ ഞാന്‍ ശേഖരിക്കുന്നു. ഇതൊക്കെ യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ എന്നെനിക്കറിയില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളോം എന്റെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥമനുഷ്യരെക്കാള്‍ യാഥാര്‍ത്ഥ്യരാണ്. രചനയുടെ ആറോ ഏഴോ മാസക്കാലം അവര്‍ എന്റെ ഉള്ളിലുള്ളവരാണ്. അതൊരു തരം പ്രപഞ്ചം തന്നെയാണ്.

താങ്കളുടെ നായകന്‍മാര്‍ ക്രിയാത്മകതയുടെ ലോകത്തില്‍ താങ്കളുടെ കാഴ്ചപ്പാടുകളുടെ ഒരു വികസിതഭാഗമായി പ്രവര്‍ത്തിക്കുന്നതായി തോന്നാറുണ്ട് , അതായത് സ്വപ്നങ്ങളിലെ സ്വപ്നകാരന്മാരായി.?

ദയവായി ഇതുപോലൊന്നു ചിന്തിച്ചു നോക്കു, എനിക്കൊരു ഇരട്ട സഹോദരനുണ്ട്, ഞങ്ങള്‍ക്ക് രണ്ടു വയസ്സായിരിക്കുമ്പോള്‍ അതിലൊരാള്‍ ഞാനല്ലാത്ത തട്ടിക്കൊണ്ടുപോകപ്പെടുന്നു. അവന്‍ ദൂരെയെങ്ങോ വളര്‍ത്തപ്പെടുന്നു, അതില്‍ പിന്നെ ഞങ്ങളൊരിക്കലും പരസ്പരം കാണുന്നില്ല. അയാളാണ് എന്റെ നായകനെന്നു ഞാന്‍ കരുതുന്നു. എന്റെ തന്നെ ഒരു ഭാഗം, പക്ഷേ ഞാനല്ല, ഞങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി കണ്ടിട്ടുമില്ല. അത് എന്റെ മറ്റൊരു രൂപം തന്നെയാണ്. ഡി എന്‍ എ യുടെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ ഒന്നു തന്നെയാണ്, പക്ഷേ ഞങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാകുന്നു. അതിനാല്‍ ചിന്താരീതിയും വിഭിന്നമാണ്. ഒരു കൃതി എഴുതുമ്പോഴെല്ലാം ഞാന്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ എന്നെ പ്രതിഷ്ടിക്കുന്നു. മറ്റൊരാളുടെ ചെരിപ്പില്‍ കാല്‍ വയ്ക്കുന്ന അനുഭവം. കാരണം ഞാനായിരിക്കുന്ന അവസ്ഥ എന്നെ പലപ്പോഴും മടുപ്പിക്കുന്നു. അതൊരു രക്ഷാമാര്‍ഗ്ഗമാണ്. അതൊരു ഫാന്റസിയാണ്. ഫാന്റസിയില്ലെങ്കില്‍ എങ്ങനെയാണൊരു സര്‍ഗ്ഗാത്മക സൃഷ്ടിയുണ്ടാകുന്നത്?

നല്ല ലൈംഗികത മുറിവുണക്കുന്നു
താങ്കളുടെ നോവലുകളെല്ലാം പ്രഥമപുരുഷ സര്‍വ്വനാമത്തിലാണെഴുതപ്പെട്ടിരിക്കുന്നത്. അവയിലോരോന്നിലും ഒരു പുരുഷന്‍ ലൈംഗികോത്തേജകമായ പലവിധ സ്ത്രീ ബന്ധങ്ങളിലൂടെ ജീവിത ചക്രം പൂര്‍ത്തിയാക്കുന്നു. അവന്റെ ഭയങ്ങളുടെയും സങ്കല്പങ്ങളുടെയും ആവിഷ്കാരങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം താരതമ്യേന നിഷ്ക്രിയമായ നിലപാടാണവന്‍ പൊതുവെ എടുക്കുന്നത്.

എന്റെ കഥകളിലും നോവലുകളിലും സ്ത്രീകള്‍ ഒരര്‍ത്ഥത്തില്‍ മാധ്യമങ്ങളാണ്, മാധ്യമമെന്നു പറയുമ്പോള്‍ , അവളിലൂടെ എന്തെങ്കിലും സംഭവിക്കാനുള്ള ഒന്നായി വര്‍ത്തിക്കുക എന്നതു തന്നെ. അത് അനുഭവിക്കേണ്ട ഒരു സംവിധാനം തന്നെയാകുന്നു. അവള്‍ , അതായത് സ്ത്രീ , കാണിച്ചുകൊടുക്കുന്ന കാഴ്ചകളിലൂടെയും മാധ്യമങ്ങളിലൂടെയും നായകന്‍ എവിടേയ്ക്കെങ്കിലും നയിക്കപ്പെടുന്നു.

മാധ്യമം എന്നത് വിക്ടോറിയന്‍ സെന്‍സില്‍ ? മാനസികമായ മാധ്യമങ്ങള്‍?

എനിക്കു തോന്നുന്നു ലൈംഗികത അഥവാ സെക്സ് എന്നത് ഒരുതരം ആത്മസമര്‍പ്പണമാണെന്ന്. നല്ല ലൈംഗികത നിങ്ങളുടെ മുറിവുകളെ ഉണക്കുന്നു, ക്രിയാത്മകതയെ ഉണര്‍ത്തുന്നു. അത് ഉന്നതങ്ങളിലേയ്ക്ക്, കൂടുതല്‍ മെച്ചപ്പെട്ട ഇടത്തേയ്ക്ക് ഉള്ള ഒരു യാത്രയാണ്. ആ അര്‍ത്ഥത്തില്‍ , സ്ത്രീകള്‍ എന്റെ കഥകളില്‍ മാധ്യമങ്ങളാണ്, നിമിത്തങ്ങളാണ്. അതിനാലാണ് എന്റെ നായകനിലേയ്ക്ക് അവരെത്തിച്ചേരുന്നത്, അവന്‍ അവരെ തേടി പോകുന്നില്ല.

താങ്കളുടെ നോവലുകളില്‍ രണ്ടു തരം സ്ത്രീകള്‍ കാണപ്പെടുന്നുണ്ട്. നായകനു അടിസ്ഥാനപരമായി ഗൌെരവരീതിയിലുള്ള ബന്ധമുള്ളവര്‍ പലപ്പോഴും അവര്‍ അപ്രത്യക്ഷരാകുകയും അവരുടെ സ്മരണ നായകനെ വേട്ടയാടുകയും ചെയ്യുന്നു രണ്ടാമത്തെഅ വിഭാഗം സ്ത്രീകള്‍ പിന്നീട് വരുകയും നായകനെ അന്വേഷണത്തില്‍ സഹായിക്കുകയും എതിര്‍ രീതിയില്‍ , അതായത് മറക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവര്‍. രണ്ടാമത്തെ വിഭാഗം സ്ത്രീകള്‍ കൂടുതല്‍ തുറന്ന മനോഭാവക്കാരും ഉന്മാദഭാവമുള്ളവരും ഒപ്പം ലൈംഗികമായി സ്വതന്ത്ര ചിന്താഗതിക്കാരും ആയിരിക്കും. അവരുമായി നായകന്‍ കൂടുതല്‍ ഊഷ്മളമായും നര്‍മ്മരസത്തോടെയും പെരുമാറുന്നു, ഗൌെരവമായ ബന്ധമുണ്ടായിരുന്ന സ്ത്രീയുമായി ഉണ്ടായിരുന്നതില്‍ കൂടുതല്‍ അടുപ്പമുള്ള ബന്ധം. ഈ രണ്ടു മാതൃകകള്‍ കൊണ്ട് എന്താണുദ്ദേശിക്കുന്നത്?

എന്റെ നായകന്‍ എപ്പോഴും ആദ്ധ്യാത്മികവും യഥാര്‍ത്ഥവും ആയ ലോകങ്ങളുടെ ഇടയില്‍ പെട്ടുപോകുന്നവനാണ്. ആദ്ധ്യാത്മിക ലോകത്തില്‍ സ്ത്രീകള്‍ അല്ലെങ്കില്‍ പുരുഷന്‍മാര്‍ ശാന്തരും ബുദ്ധിമാന്‍മാരും വിനയാന്വിതരും ആയിരിക്കും. യഥാര്‍ത്ഥലോകത്തില്‍ സ്ത്രീകള്‍ , നിങ്ങള്‍ പറയുന്നതുപോലെ കൂടുതല്‍ തമാശക്കാരും പോസിറ്റീവ് ചിന്താഗതിക്കാരും ക്രിയാത്മക രീതിക്കാരും ആയിരിക്കും. അവര്‍ നര്‍മ്മരസമുള്ളവരും ആയിരിക്കും.തികച്ചും വ്യത്യസ്തമായ ഈ രണ്ടു ലോകത്തിനുമിടയ്ക്ക് പെട്ടുപോകുന്ന നായകന്‍ ഏതു പാത തെരഞ്ഞെടുക്കണമെന്നറിയാതെ ജീവിക്കുന്നു. എന്റെ രചനകളുടെ പ്രധാന ലക്ഷ്യം അതാണെന്ന് ഞാന്‍ കരുതുന്നു. HardBoiled Wonderland എന്ന കൃതിയില്‍ ഈ മാനസിക വിഘടനം വളരെ പ്രത്യക്ഷമാണ്. അതില്‍ അയാളുടെ മനസ്സ് ശരിക്കും വിഭജിക്കപ്പെട്ടിരിക്കുന്നു. അതുപോലെ നോര്‍വീജിയന്‍ വുഡില്‍ തുടക്കം മുതല്‍ ഒടുക്കം വരെ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്, അവരിലൊരാളെ അയാള്‍ക്കു തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല.

എനിക്ക് ജപ്പാനെ എഴുതണം

താങ്കളുടെ കൃതികളുടെ വിവര്‍ത്തനങ്ങളെക്കുറിച്ച് ചോദിക്കണമെന്നുണ്ട്. താങ്കള്‍ സ്വയം ഒരു വിവര്‍ത്തകനായതുകൊണ്ട് അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് താങ്കള്‍ക്ക് അറിവുള്ളതാണ്. എങ്ങനെയാണ് താങ്കള്‍ വിവര്‍ത്തകരെ തെരഞ്ഞെടുക്കുന്നത്?

എനിക്കു മൂന്നു വിവര്‍ത്തകരുണ്ട്, ആല്‍ഫ്രഡ് ബിംബാം, ഫിലിപ്പ് ഗബ്രിയേല്‍ , ജെയ് റുബിന്‍ എന്നിവര്‍, ‘ ഫസ്റ് കം , ഫസ്റ് ഗെറ്റ് ‘ എന്ന നിയമത്തിലാണ് കാര്യങ്ങള്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്, അതിനാല്‍ വളരെ ആത്മാര്‍ത്ഥതയുമുണ്ട്. അവര്‍ എന്റെ പുസ്തകങ്ങള്‍ വായിക്കുന്നു, അവരിലൊരാള്‍ ചിന്തിക്കുന്നു, ‘ ഗംഭീരം , ഇതു ഞാന്‍ ചെയ്യും’ അങ്ങനെ അയാള്‍ ആ ജോലി ഏറ്റെടുക്കുന്നു. ഒരു രചനയെപ്പറ്റി ആവേശം കൊള്ളുകയാണ് വിവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാന ഭാഗം എന്ന് ആ കൃത്യം ചെയ്തിട്ടുള്ള ഞാന്‍ വിചാരിക്കുന്നു. ഒരാള്‍ ഒരു നല്ല വിവര്‍ത്തകനാണെങ്കിലും , പരിഭാഷ ചെയ്യപ്പെടേണ്ട പുസ്തകം അയാള്‍ക്കിഷ്ടമില്ലാത്തതാണെങ്കില്‍ അതോടെ ആ കഥ തീര്‍ന്നു എന്നു കരുതാം. വിവര്‍ത്തനം ഒരു വിഷമകരമായ പ്രവൃത്തിയാണ്, അതിനു നല്ലതുപോലെ സമയവും ആവശ്യമുണ്ട്.

എങ്ങനെയാണ് വിവര്‍ത്തകരുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്? ശരിക്കും എങ്ങനെയാണതു സംഭവിക്കുന്നത്?
മൊഴിമാറ്റത്തിനിടെ അവര്‍ പല കാര്യങ്ങളും എന്നോട് ചോദിക്കാറുണ്ട്, ആദ്യപടി കഴിഞ്ഞാല്‍ ഞാന്‍ അതു വായിച്ചു നോക്കും. ചിലപ്പോള്‍ നിര്‍ദ്ദേശങ്ങളും കൊടുക്കും. എന്റെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകള്‍ വളരെ പ്രധാനമാണ്, ക്രൊയേഷ്യയും സ്ലോവേനിയയും പോലുള്ള ചെറിയ രാജ്യങ്ങള്‍ , ഇംഗ്ലീഷ് പതിപ്പുകളില്‍ നിന്നാണ് അവരുടെ ഭാഷയിലേയ്ക്കുള്ള മൊഴിമാറ്റം നടത്തുന്നത്. പക്ഷേ മറ്റു പല ഭാഷകളിലും , അവര്‍ ജാപ്പനീസ് ഭാഷയില്‍ നിന്ന് നേരിട്ട് പരിഭാഷ ചെയ്യുന്നു.

താങ്കളുടെ രചനകള്‍ അമേരിക്കന്‍ വായനക്കാര്‍ക്ക് ഏറ്റവുമധികം ഗ്രാഹ്യമായ, പ്രാപ്തമായ കൃതികളായി കണക്കാക്കപ്പെടുന്നു. സമകാലീന ജാപ്പനീസ് എഴുത്തുകാരില്‍ വച്ച് ഏറ്റവും കൂടുതല്‍ പാശ്ചാത്യനായ സാഹിത്യകാരന്‍ എന്ന് താങ്കള്‍ തന്നെ താങ്കളെ വിശേഷിപ്പിച്ചിട്ടുണ്ട്. ജാപ്പനീസ് സംസ്കാരവുമായുള്ള താങ്കളുടെ ബന്ധത്തെ സ്വയം എങ്ങനെയാണു നോക്കിക്കാണുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

എനിക്ക് വിദേശരാജ്യങ്ങളെയോ വിദേശികളെയോ പറ്റി എഴുതാന്‍ ആഗ്രഹമില്ല, ഞങ്ങളെക്കുറിച്ചാണെനിക്കെഴുതേണ്ടത്. എനിക്ക് ജപ്പാനെ പറ്റി എഴുതണം, ജപ്പാനിലെ ജീവിതത്തെ കുറിച്ച് എഴുതണം. അതാണെനിക്കു പ്രധാനം. എന്റെ ശൈലി പാശ്ചാത്യര്‍ക്കും സ്വീകാര്യമായതാണെന്ന് പലരും പറയാറുണ്ട്, അതു സത്യമാകാം, പക്ഷേ എന്റെ കഥകള്‍ എന്റേതു മാത്രമാണ്, അവ പാശ്ചാത്യവതകരിക്കപ്പെട്ടവയല്ല.

താങ്കളുടെ നോവലുകള്‍ സമകാലീന ജപ്പാന്‍ നാഗരിക ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം കൃത്യമായി വരച്ചുകാട്ടുന്നുവെന്ന് പറയാമോ?

ആളുകള്‍ പ്രവര്‍ത്തിക്കുന്നത്, സംസാരിക്കുന്നത്, പ്രതികരിക്കുന്നത്, ചിന്തിക്കുന്നത്, എല്ലാം തികച്ചും ജാപ്പനീസ് രീതിയില്‍ തന്നെയാണ്, ഒരു ജാപ്പനീസ് വായനക്കാരനും ഒരാള്‍ പോലും എന്റെ കഥകള്‍ ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് വിഭിന്നമാണെന്ന് പരാതി പറഞ്ഞിട്ടില്ല. ഞാന്‍ ജപ്പാനെ സംബന്ധിച്ചവ തന്നെയാണ് എഴുതാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ആരെന്നും എന്തെന്നും എന്തുകൊണ്ടിവിടെയെന്നുമൊക്കെ പറയാന്‍ ഞാനാഗ്രഹിക്കുന്നു. എന്റെ പ്രമേയം അതാണെന്നാണ് ഞാന്‍ കരുതുന്നത്.

ജപ്പാനിലെ നാടോടി കലകളെക്കുറിച്ച്?
കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ജാപ്പനീസ് നാടോടി കഥകളും മറ്റും കേട്ടിട്ടുണ്ട്. ആ കഥകള്‍ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പങ്കുള്ളവയുമാണ്. അവ കഥകളുടെ സംഭരണശാലകളാണ്, നിങ്ങള്‍ക്ക് തികച്ചും അമേരിക്കനായ ഒരു ഖനി ഉണ്ടാവും, ജര്‍മ്മന്‍ കാര്‍ക്ക് അവരുടേതും റഷ്യക്കാര്‍ക്ക് അവരുടേതും ഉണ്ടാകും, പക്ഷേ ചിലതെല്ലാം പൊതുവായുള്ളതാണ്, ലിറ്റില്‍ പ്രിന്‍സ്, മക്ഡൊണാള്‍ഡ്’സ് , ബീറ്റില്‍സ്… എന്നിങ്ങനെ.

സിനിമകള്‍ കാണുന്ന പതിവുണ്ടോ?
ഉവ്വുവ്വ്, എപ്പോഴും. എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ഫിന്‍ലാന്‍ഡില്‍ നിന്നാണ്, അകി കൌെറിസ്മാകി. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ വഴികള്‍ സാധാരണമല്ല.

വീഡിയോ ഗെയിമുകള്‍

ഗാര്‍സിയ മാര്‍ക്വേസ് , കാഫ്ക എന്നിവരെ താങ്കള്‍ writers of literature എന്നു വിശേഷിപ്പിച്ചിരുന്നു, മുന്‍പ്. താങ്കളെ ആ വിഭാഗത്തില്‍ സ്വയം കരുതുന്നില്ലേ?
ഞാന്‍ സമകാലീന സാഹിത്യത്തിലെ എഴുത്തുകാരനാണ്, അത് തികച്ചും വ്യത്യസ്തവുമാണ്. കാഫ്ക എഴുതിയിരുന്ന സമയത്ത് നിങ്ങള്‍ക്ക് പുസ്തകങ്ങളും നാടകങ്ങളും സംഗീതവും മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് സിനിമയും ഇന്റര്‍നെറ്റും വീഡിയോകാഴ്ചകളുമുണ്ട്. സമയമാണു പ്രശ്നം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് സമയം വളരെയേറെയുണ്ടായിരുന്നു, അതുകൊണ്ട് അവര്‍ വലിയ പുസ്തകങ്ങള്‍ വായിച്ചിരുന്നു. അവര്‍ മൂന്നോ നാലോ മണിക്കൂര്‍ ഓപ്പറകള്‍ക്കായി ചെലവഴിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാവരും തിരക്കുള്ളവരാണ്. വായനയ്ക്കു സമയമില്ലാതായിരിക്കുന്നു. അതിനാല്‍ സാഹിത്യം വളരെയധികം മാറ്റങ്ങള്‍ക്കു പെട്ടെന്നു തന്നെ വിധേയമായിരിക്കുന്നു. വായനക്കാരെ നിര്‍ബന്ധമായി പിടിച്ചെത്തിക്കേണ്ട അവസ്ഥയാണ്. സമകാലീന എഴുത്തുകാര്‍ മറ്റുമേഖലകളിലെ അതായത്, ജാസ്, വീഡിയോ ഗെയിമുകള്‍ എന്നിങ്ങനെയുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണിപ്പോള്‍. ഇക്കാലത്ത് വീഡിയോ ഗെയിമുകള്‍ മറ്റുള്ളവയെക്കാള്‍ കൂടുതലായി സാഹിത്യത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്നതായിട്ടാണെനിക്ക് തോന്നുന്നത്.

വീഡിയോ ഗെയിമുകള്‍ ?
അതെ, ഞാന്‍ അവ കളിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവയുമായി സാഹിത്യത്തിനു സമാനതകള്‍ ഉള്ളതായി ചിന്തിക്കുന്നു. ചിലപ്പൊള്‍ രചനാവേളയില്‍ ഞാന്‍ സ്വയം ഒരു വീഡിയോ ഗെയിമിന്റെ നിര്‍മ്മാതാവായും കളിക്കാരനായും തോന്നാറുണ്ട്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയുന്നില്ല, അതൊരു തരം വിഘടനമാണ്, ഒരുതരത്തിലുള്ള ബന്ധവിച്ഛേദനം.

ജാസിനെക്കുറിച്ചും സംഗീതത്തെക്കുറിച്ചും പൊതുവായി എന്താണു പറയാനുള്ളത്? അത് താങ്കളുടെ സൃഷ്ടികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?

ഞാന്‍ പതിമൂന്നോ പതിനാലോ വയസ്സു മുതല്‍ ജാസ്സ് കേള്‍ക്കുന്നതാണ്. സംഗീതം വളരെ ശക്തമായ ഒരു സ്വാധീനമാണ്. എനിക്കൊരു സംഗീതകാരന്‍ ആകണമെന്നാഗ്രഹമുണ്ടായിരുന്നു, പക്ഷേ സംഗീതോപകരണങ്ങള്‍ എനിക്കു ശരിയായി വഴങ്ങിയില്ല. അതിനാല്‍ ഞാനൊരു എഴുത്തുകാരനായി. ഒരു പുസ്തകമെഴുതുന്നത് ഒരു സംഗീതാലാപനം പോലെ തന്നെയാണ്. ആദ്യം ഞാന്‍ പ്രമേയം അവതരിപ്പിക്കുന്നു, പിന്നീടതിനെ മെച്ചപ്പെടുത്തുന്നു. ഒടുവില്‍ ഒരുതരത്തിലുള്ള ഒരവസാനവും സൃഷ്ടിക്കുന്നു.

മറ്റു സംഗീത വിഭാഗങ്ങളെക്കുറിച്ച്?
എനിക്ക് ശാസ്ത്രീയ സംഗീതവും ഇഷ്ടമാണ്.

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

2 thoughts on “മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

  1. അസംബന്ധമാണ് ഏറ്റവും വലിയ യാഥാര്‍ത്ഥ്യം എന്ന് എനിക്കിന്ന് മനസ്സിലായി….

Leave a Reply to azeez Cancel reply

Your email address will not be published. Required fields are marked *