മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

അധികാരത്തിന്റെ ഏകാന്തതക്ക് സമാനമാണത്. യാഥാര്‍ഥ്യത്തെ പകര്‍ത്താനുള്ള എഴുത്തുകാരന്റെ ശ്രമം പലപ്പോഴും അയാളെ വക്രീകരിച്ച ഒരു കാഴ്ചയിലാണ് എത്തിക്കുക. യാഥാര്‍ഥ്യത്തെ വിനിമയം ചെയ്യാനുള്ള ശ്രമത്തിനിടെ പലപ്പോഴുമയാള്‍ അതുമായുള്ള ബന്ധം അവസാനിപ്പിച്ച് ദന്തഗോപുരത്തില്‍ അകപ്പെടും. അതിനെതിരെയുള്ള മികച്ച പ്രതിരോധമാണ് ജേണലിസം. അതിനാലാണ് ഞാനിപ്പോഴും പത്രപ്രവര്‍ത്തനം നടത്തുന്നത്. അതെന്നെ, യാഥാര്‍ഥ്യത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നു. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളെഴുതിയതിനു ശേഷം എന്നെ ഗ്രസിച്ചത് എഴുത്തുകാരന്റെ ഏകാന്തതയായിരുന്നില്ല. പ്രശസ്തി നല്‍കുന്ന ഏകാന്തതയായിരുന്നു. അധികാരത്തിന്റെ ഏകാന്തയുമായാണ് അതിന് ചാര്‍ച്ച. സുഹൃത്തുക്കളാണ് അതില്‍നിന്ന് എന്നെ കരകയറ്റാറ്-ലോകത്തെ ഏറ്റവും നല്ല കഥപറച്ചിലുകാരന്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ വാക്കുകള്‍. പാരീസ് റിവ്യൂവിനു വേണ്ടി പീറ്റര്‍. എച്ച്. സ്റ്റോണ്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. സ്വതന്ത്ര വിവര്‍ത്തനം: ലളിത് സുന്ദരം

 

 

മെക്സിക്കൊ സിറ്റിയില്‍, വര്‍ണ്ണശബളമായ പുഷ്പങ്ങള്‍ നിറഞ്ഞ പഴയ നഗരഭാഗമായ സാന്‍ ഏഞ്ചല്‍ ഇന്നിലെ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ വസതിയ്ക്ക് പിന്നിലുള്ള ഓഫീസ് / സ്റുഡിയോ മുറിയില്‍ വച്ചാണ് അദ്ദേഹവുമായി ഈ അഭിമുഖസംഭാഷണം നടന്നത്. പ്രധാന വസതിയില്‍ നിന്ന് അല്പ ദൂരം നടക്കണം ആ സ്റുഡിയോയിലേയ്ക്ക് . ഉയരം കുറഞ്ഞ കെട്ടിടഭാഗം ഒരു അതിഥി മന്ദിരമായി തയാറാക്കിയതുപോലെ കാണപ്പെട്ടു. ഉള്ളില്‍ , ഒരു ഭാഗത്ത്, രണ്ടു ചാരുകസേരകളും ഒരു സോഫയും താല്‍ക്കാലിക ബാറും പിന്നെ വെള്ള നിറത്തിലുള്ള ഒരു റെഫ്രിജെറേറ്ററും കുടി വെള്ള ക്രമീകരണവും. ആ മുറിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകര്‍ഷകമായി തോന്നിച്ചത്, സോഫയുടെ മുകളില്‍ വെച്ച മാര്‍കേസിന്റെ വലിയൊരു ഫോട്ടോയാണ്. ഒരു ഒറ്റപ്പെട്ട ബംഗ്ലാവില്‍ ആഡംബരപൂര്‍വ്വമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന അദ്ദേഹം ആന്റണി ക്വിന്നിനെപ്പോലെ തോന്നിക്കുന്നു.
സ്റ്റുഡിയോയുടെ അങ്ങേയറ്റത്ത് മേശയ്ക്കരികിലെ കസേരയില്‍ ഇതാ മാര്‍കേസ്. ചുറുചുറുക്കോടെ, എന്നാല്‍ പതിഞ്ഞ ചുവടുകള്‍ വച്ച് എന്നെ സ്വീകരിക്കാന്‍ എഴുന്നേറ്റു വന്നു. അഞ്ചടി എട്ടോ ഒമ്പതോ ഇഞ്ച് ആകും ഉയരം, ദൃഢമായ ശരീരം , വിരിഞ്ഞ മാറിടം, കാലുകള്‍ അല്പം മെലിഞ്ഞതാണെന്നു തോന്നും. സാധാരണ രീതിയിലുള്ള പാന്റ്സും ഉയര്‍ന്ന കോളറുള്ള സ്വെറ്ററും ബ്ലാക്ക് ലെതര്‍ ബൂട്സുമാണു ധരിച്ചിരുന്നത്. ഇരുണ്ട ബ്രൌണ്‍ നിറത്തിലുള്ള മുടി.

മൂന്നു സായാഹ്നകൂടിക്കാഴ്ചകളിലായാണ് ഈ ഇന്റര്‍വ്യൂ നടന്നത് ഓരോന്നും ഏതാണ്ട് രണ്ടു മണിക്കൂര്‍ വീതം. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുമെങ്കിലും കൂടുതലും സ്പാനിഷ് ഭാഷയിലായിരുന്നു സംസാരം. അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ മൊഴിമാറ്റം നടത്തി.
സംസാരിക്കുന്നതിനിടെ, അദ്ദേഹം, ശരീരം മുമ്പോട്ടും പിന്നിലേയ്ക്കും മെല്ലെ ചലിപ്പിച്ചുകൊണ്ടിരുന്നു. കൈയുടെ ചലനങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കൂടുതല്‍ വ്യക്തമാക്കി. സംസാരമധ്യേ അദ്ദേഹം മുമ്പോട്ട് കേള്‍വിക്കാരനിലേയ്ക്ക് ആയുകയും, ഇടയ്ക്ക് പിന്നിലേയ്ക്ക് ചാരി കാലുകള്‍ പിണച്ച് ഇരിക്കുകയും ചെയ്തുകൊണ്ടിരുന്നത് സ്വാഭാവികമായിത്തന്നെയായിരുന്നു.

 

 

ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിക്കാന്‍ നാം പഠിച്ചില്ല

അഭിമുഖത്തിന് ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നതിനെകുറിച്ച് എന്താണ് അഭിപ്രായം?

പ്രശ്നം എവിടെയെന്നു വെച്ചാല്‍, ഇന്റര്‍വ്യൂ ടേപ്പ് ചെയ്യുന്നുവെന്ന് തോന്നുന്ന ആ നിമിഷം നിങ്ങളുടെ സമീപനം മാറും. എന്റെ കാര്യത്തില്‍, ഞാന്‍ പെട്ടെന്ന് ഡിഫന്‍സീവാവും. നാമിനിയും അഭിമുഖത്തില്‍ ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിക്കാന്‍ പഠിച്ചില്ല എന്നതാണ്, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ അഭിപ്രായം. ഒരു കുറിപ്പുമെഴുതാതെ നീണ്ട സംസാരം നടത്തുക, പിന്നീട് ആ സംസാരം ഓര്‍ത്തെടുത്ത് ആ അനുഭവം പകര്‍ത്തുക., പറഞ്ഞ അതേ വാക്കുകളൊന്നും അത്യാവശ്യമില്ല. ഇതാവും ഏറ്റവും നല്ല രീതിയെന്നാണ് എന്റെ തോന്നല്‍. മറ്റൊന്ന്, കുറിപ്പെടുത്ത ശേഷം, അഭിമുഖം നടത്തുന്ന വ്യക്തിയോട് പരമാവധി വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അത് വ്യാഖ്യാനിക്കുക. എല്ലാം ടേപ്പ് ചെയ്തെടുക്കുമ്പോള്‍, അഭിമുഖം നടത്തുന്ന വ്യക്തിയോട് വേണ്ടത്ര വിശ്വസ്തരാവാനാവില്ല. കാരണം, ടേപ്പ്റെക്കോര്‍ഡര്‍ നിങ്ങളുടെ പാഴ് പരാമര്‍ശങ്ങള്‍ പോലും പിടിച്ചെടുക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുന്നു. ടേപ്പ് റക്കോര്‍ഡര്‍ മുന്നില്‍ ഉണ്ടാവുന്നതോടെ അഭിമുഖം ചെയ്യപ്പെടുന്നു എന്ന കരുതല്‍ എനിക്കുണ്ടാവുന്നു. ടേപ്പ് ഇല്ലാതിരിക്കുമ്പോഴേ കരുതലില്ലാതെ, സ്വാഭാവികമായി സംസാരിക്കാനാവൂ.

ശരിയാണ്, നിങ്ങളെന്നില്‍ ചെറിയൊരു കുറ്റബോധമുണ്ടാക്കി. എങ്കിലും ഇത്തരം അഭിമുഖങ്ങള്‍ക്ക് ഇത് അനിവാര്യമെന്നാണ് എന്റെ അഭിപ്രായം.

ശരി, എന്തു കൊണ്ട് ഡിഫന്‍സീവ് ആവുന്നു എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്.

പത്രപ്രവര്‍ത്തകനെന്ന നിലയില്‍, അഭിമുഖങ്ങള്‍ക്ക് ഒരിക്കലും ടേപ്പ് റെക്കോര്‍ഡര്‍ ഉപയോഗിച്ചിട്ടില്ലേ?

ഇല്ല. എനിക്ക് നല്ലൊരു ടേപ്പ് റെക്കോര്‍ഡറുണ്ടായിരുന്നു. പക്ഷേ, അത് പാട്ടുകേള്‍ക്കാനാണ് ഉപയോഗിച്ചത്. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാനൊരിക്കലും ഒരഭിമുഖവും നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ചോദ്യവും ഉത്തരവുമായി അഭിമുഖങ്ങള്‍ നടത്തിയിട്ടില്ല.

കപ്പല്‍ചേതത്തില്‍ പെട്ട ഒരു നാവികനുമായി നടത്തിയ പ്രശസ്തമായ അഭിമുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ട്

അത് ചോദ്യോത്തരങ്ങളായിരുന്നില്ല. നാവികന്‍ സാഹസികാനുഭവങ്ങള്‍ പറയും. ഞാനത് അയാള്‍ പറയുന്നത് പോലെ, അയാളുടെ ഭാഷയില്‍ എഴുതും .രണ്ടാഴ്ചയോളം അത് തുടര്‍ച്ചയായി പത്രത്തില്‍ പ്രസിദ്ധീകരിച്ചു. നാവികന്റെ എഴുത്തായി. എന്റേതല്ല. 20 വര്‍ഷത്തിനു ശേഷം അത് പുനപ്രസിദ്ധീകരിക്കുന്നത് വരെ അത് ഞാനെഴുതിയതാണെന്ന് ആരുമറിഞ്ഞില്ല. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എഴുതും വരെ അത് നല്ലതാണെന്ന് ഒരെഡിറ്ററും കരുതിയില്ല.

സൌകര്യങ്ങള്‍ ഇഷ്ടപ്പെടുന്ന പത്രപ്രവര്‍ത്തകനാണ് ഞാന്‍

ഒരിക്കല്‍ പത്രപ്രവര്‍ത്തകനായിരുന്ന, നോവലിസ്റായ താങ്കള്‍ പത്രപ്രവര്‍ത്തനത്തെ എങ്ങനെ കാണുന്നു?

എന്റെ മേഖല പത്രപ്രവര്‍ത്തനമാണ് എന്നെനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അവിടത്തെ ജോലി സാഹചര്യങ്ങള്‍ എനിക്കിഷ്ടമല്ലെങ്കില്‍ കൂടി. പലപ്പോഴും, എന്റെ ആശയങ്ങളും അഭിരുചികളും പത്രത്തിന്റെ താല്‍പര്യത്തിനനുസരിച്ച് പാകപ്പെടുത്തേണ്ടി വന്നിട്ടുണ്ട് . നോവലിസ്റായി പ്രശസ്തനായ ശേഷമുള്ള സാമ്പത്തിക സ്വാതന്ത്യ്രം ഇഷ്ടപ്പെട്ട പ്രമേയങ്ങളും ആശയങ്ങളും തെരഞ്ഞെടുക്കാന്‍ എന്നെ സഹായിക്കുന്നു. ഏതായാലും മികച്ചൊരു ന്യൂസ് സ്റ്റോറി എഴുതാനുള്ള അവസരം ഞാനേറെ ആസ്വദിക്കുന്നു.

മികച്ച റിപ്പോര്‍ട്ട് എന്നുദ്ദേശിക്കുന്നത് ?

ജോണ്‍ ഹെര്‍സിയുടെ ഹിരോഷിമ അസാധ്യ സ്റ്റോറിയാണ്.

ചെയ്യാനാഗ്രഹിക്കുന്ന വല്ല സ്റ്റോറിയുമുണ്ടോ പത്രപ്രവര്‍ത്തനത്തില്‍ ?

പലതുമുണ്ട്. കുറേ ഞാന്‍ എഴുതിയിട്ടുണ്ട്. പോര്‍ച്ചുഗലിനെയും ക്യൂബയെയും അംഗോളയെയും വിയറ്റ് നാമിനെയും കുറിച്ച്. പോളണ്ടിനെക്കുറിച്ചെഴുതാന്‍ എനിക്കേറെ താല്പര്യമുണ്ട്. അവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ കഴിഞ്ഞാല്‍ അതൊരു നല്ല സ്റ്റോറി ആവും. പക്ഷേ പോളണ്ടിലിപ്പോള്‍ നല്ല തണുപ്പാണ്. സൌകര്യങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനാണ് ഞാന്‍.

ജേണലിസത്തിനു സാധ്യമാവാത്ത എന്തെങ്കിലും നോവലിനു കഴിയുമോ?
ഇല്ല. ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്നെനിക്കു തോന്നുന്നില്ല. രണ്ടിന്റെയും ഉറവിടം ഒന്നാണ്. ഭാഷയും പ്രമേയങ്ങളും ഒന്നു തന്നെ. ഡാനിയല്‍ ഡിഫോ എഴുതിയ ‘ദ ജേണല്‍ ഓഫ് ദ പ്ലേഗ് ഇയര്‍’ മഹത്തായ നോവല്‍ ആണ്. ‘ഹിരോഷിമ’ ഒരു നല്ല ജേണലിസ്റിക് പീസുമാണ്.

സത്യത്തെയും ഭാവനയെയും ഉപയോഗിക്കുന്നതില്‍ ജേണലിസ്റിന്റെയും നോവലിസ്റിന്റെയും ഉത്തരവാദിത്തങ്ങളില്‍ അന്തരമുണ്ടോ?
തെറ്റായ ഒരു വസ്തുതപോലും ജേണലിസത്തിന്റെ മാനം കെടുത്തും. മറിച്ച് ഒരേയൊരു വസ്തുനിഷ്ഠമായ കാര്യംമതി ഫിക്ഷന് സാധൂകരണം നല്‍കാന്‍. ഇതൊക്കെ എഴുത്തുകാരന്റെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കും. വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ എഴുത്തുകാരന് എന്തുമാവാം.

ജേണലിസ്റ്റ് എന്ന രീതിയില്‍ താങ്കള്‍ കൂടുതലെഴുതിയിരുന്നെന്ന് തോന്നുന്നു?
എഴുത്ത് എന്ന പ്രക്രിയ പണ്ടത്തെക്കാള്‍ ശ്രമകരമായി തോന്നുന്നു, എനിക്കിന്ന്. നോവലായാലും ജേണലിസമായാലുമതെ. പത്രത്തിലെഴുതിയിരുന്ന സമയത്ത് വാക്കിനെക്കുറിച്ച് ഇപ്പോഴുള്ളത്ര ശ്രദ്ധാലുവായിരുന്നില്ല, ഞാന്‍. El Espectador ല്‍ ജോലി ചെയ്യുന്ന സമയത്ത് ആഴ്ചയില്‍ മൂന്ന് ഫീച്ചറുകളും, ദിവസേന രണ്ടോ മൂന്നോ എഡിറ്റോറിയല്‍ കുറിപ്പുകളും സിനിമാ നിരൂപണങ്ങളും ചെയ്യുമായിരുന്നു. എല്ലാവരും ഓഫീസ് വിട്ടുപോയാല്‍ രാത്രിയില്‍ അവിടെയിരുന്ന് നോവലുകളെഴുതും. മഴപെയ്യുന്നതുപോലുള്ള ലിനോടൈപ്പ് മെഷീനിന്റെ ശബ്ദം എനിക്കൊരു താളം നല്‍കി. അത് നിന്നാല്‍ എനിക്കെഴുതാന്‍ പറ്റുമായിരുന്നില്ല. ഇപ്പോള്‍ വളരെ കുറച്ചുമാത്രമേ എഴുതാറുള്ളൂ. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2-3 മണി വരെയിരുന്നാല്‍ പരമാവധി നാലോ അഞ്ചോ വരികളുള്ള ഒരു ചെറിയ പാരഗ്രാഫ്. മിക്കവാറും ഞാനത് പിറ്റേ ദിവസം കീറിക്കളയും.

കൃതികള്‍ക്ക് വന്ന് ചേര്‍ന്ന പ്രശംസയാണോ സാമൂഹ്യപ്രതിബദ്ധതയാണോ ഈ മാറ്റത്തിനു കാരണം?
രണ്ടുമാണ്. വിചാരിച്ചതിനേക്കാള്‍ എത്രയോ അധികം വായനക്കാര്‍ എനിക്കുണ്ടെന്ന തിരിച്ചറിവ്. ഒരു വലിയ ഉത്തരവാദിത്വം എനിക്കത് നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള നിലവാരത്തില്‍ നിന്ന് താഴരുതെന്ന നിര്‍ബന്ധവുമുണ്ട്.

സ്കൂളില്‍ പഠിക്കുമ്പോഴ ഞാനെഴുത്തുകാരനായിരുന്നു!

എങ്ങനെയാണ് എഴുത്തിലേക്കു വന്നത്.
വരയിലൂടെ. കാര്‍ട്ടൂണ്‍ വരച്ചാണ് ഞാന്‍ തുടങ്ങിയത്. എഴുതാനോ വായിക്കാനോ അറിയാത്ത കാലത്തുപോലും സ്കൂളിലും വീട്ടിലുമിരുന്ന് വരക്കുമായിരുന്നു. തമാശയെന്തെന്നുവെച്ചാല്‍, ഇപ്പോഴാണത് ബോധ്യമാവുന്നത്, ഒരു വരി എഴുതില്ലെങ്കിലും, സ്കൂളില്‍ പഠിക്കുമ്പോഴേ ഞാനെഴുത്തുകാരനായിരുന്നു! ഒരു ലഘുലേഖ, ഒരു പരാതി എഴുതേണ്ടിവന്നാല്‍, ഞാനായിരിക്കും അത് ചെയ്യുന്നത്. ഞാനാവിടത്തെ അംഗീകൃത എഴുത്തുകാരന്‍!. കോളേജിലെത്തുമ്പോഴേക്കും എന്റെ സാഹിത്യ പരിജ്ഞാനം കൂട്ടുകാരേക്കാള്‍ മികച്ചതായിരുന്നു. ബൊഗോട്ട യൂണിവേഴ്സിറ്റിയില്‍നിന്നു ലഭിച്ച കൂട്ടുകാര്‍ സമകാലിക എഴുത്തുകാരുമായി പരിചയപ്പെടുത്തിത്തന്നു.

ഒരു രാത്രി ഒരു സുഹൃത്ത് കാഫ്കയുടെ ചെറുകഥാസമാഹാരം തന്നു. മുറിയിലിരുന്ന് ഞാന്‍ ‘മെറ്റമോര്‍ഫസിസ് വായിക്കാന്‍ ഇരുന്നു. ആദ്യത്തെ വരി എന്നെ അമ്പരപ്പിലേക്ക് എടുത്തെറിഞ്ഞു. ‘അസുഖകരമായ സ്വപ്നങ്ങളില്‍ നിന്നുണര്‍ന്ന ഗ്രിഗര്‍സാംസ താനൊരു വലിയ പ്രാണിയായി രൂപാന്തരം പ്രാപിച്ചതായി കണ്ടു’. ഇങ്ങനെയൊക്കെ എഴുതാന്‍ ആര്‍ക്കെങ്കിലും അനുവാദമുണ്ടാവുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ പണ്ടേ തുടങ്ങുമായിരുന്നു, എഴുത്ത്. പൊടുന്നനെ, ഞാന്‍ കഥകളെഴുതാന്‍ തുടങ്ങി. ബൌദ്ധികമായ കഥകള്‍. എന്റെ സാഹിത്യ പരിജ്ഞാനത്തെ അവലംബിച്ച് എഴുതിയ കഥകളായിരുന്നു അവ. സാഹിത്യവും ജീവിതവും തമ്മിലുള്ള ബന്ധം എനിക്ക് അന്ന് അന്യമായിരുന്നു. El Espectador പത്രത്തിന്റെ സാഹിത്യ പതിപ്പില്‍ അവ അച്ചടിച്ചുവന്നു. കൊളംബിയയില്‍ അന്നാരും അത്തരം ബൌദ്ധിക കഥകള്‍ എഴുതിയിരുന്നില്ല എന്നതിനാല്‍ കുറച്ചൊക്കെ അത് ശ്രദ്ധിക്കപ്പെട്ടു. ഗ്രാമീണ ജീവിതവും മറ്റും പ്രമേയങ്ങളായ കഥകളായിരുന്നു അന്നു വന്നിരുന്ന മിക്കവയും. എന്റെ കഥകള്‍ക്ക് ജെയിംസ് ജോയ്സിന്റെ സ്വാധീനം ഉണ്ടെന്നായിരുന്നു അന്നത്തെ അഭിപ്രായം.

ജോയ്സിനെ വായിച്ചിരുന്നോ?
അതുവരെ ഞാന്‍ ജോയ്സിനെ വായിച്ചിരുന്നില്ല. അതിനാല്‍ ഞാന്‍ യുലീസസ് വായിക്കാന്‍ തുടങ്ങി. ഒരേയൊരു സ്പാനിഷ് വിവര്‍ത്തനമേ അന്ന് ലഭ്യമായിരുന്നുള്ളൂ. പില്‍ക്കാലത്ത് ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള വിവര്‍ത്തനങ്ങള്‍ വായിച്ചപ്പോഴാണ് അത് ഒട്ടും ഭേദമായിരുന്നില്ല എന്ന് ബോധ്യമായത്. ‘ഇന്റീരിയര്‍ മോണോലോഗ്’ എന്ന സങ്കേതത്തെക്കുറിച്ചുള്ള അറിവ് എന്റെ പിന്നീടുള്ള എഴുത്തില്‍ എനിക്കുപകരിച്ചു. പിന്നീട് വിര്‍ജീനിയ വൂള്‍ഫില്‍ ഞാനിത് കണ്ടെത്തി. ജോയ്സിനേക്കാള്‍ ഈ സങ്കേതം വൂള്‍ഫ് ഉപയോഗിച്ചതാണ് എനിക്കിഷ്ടമായത്. പിന്നീടാണ്, Lazarillo de Tormes എഴുതിയ അജ്ഞാത എഴുത്തുകാരനാണ് ഈ സങ്കേതം കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞത്.

 

 

ഞാനാ ഗ്രാമത്തെ വായിക്കുകയായിരുന്നു

എഴുത്തിലെ ആദ്യകാല സ്വാധീനങ്ങളെക്കുറിച്ച്

ബൌദ്ധിക അടിത്തറയുള്ള എന്റെചെറുകഥകളുടെ ദിശമാറ്റാന്‍ സഹായിച്ചത് American Lost Generation എഴുത്തുകാരാണ്. അവരുടെ എഴുത്തിന് ജീവിതവുമായി ബന്ധമുണ്ടെന്നും എന്റെ എഴുത്തില്‍ അതില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അക്കാലത്ത് നടന്ന മറ്റൊരു സംഭവവും എന്നെ മാറ്റിത്തീര്‍ത്തു. ബൊഗോത്താസോയില്‍ 1948 ഏപ്രില്‍ 9ന് Gaitan എന്ന രാഷ്ട്രീയ നേതാവിന് വെടിയേല്‍ക്കുകയും ജനം തെരുവിലിറങ്ങുകയും ചെയ്തു. താമസസ്ഥലത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് ഞാനാ വാര്‍ത്ത അറിഞ്ഞത്. ഞാനവിടെ പാഞ്ഞെത്തുമ്പോഴേക്കും പരിക്കേറ്റയാളെ ടാക്സിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തിരിച്ചു പോവുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി കൊള്ളയും തീവെപ്പുമായി പ്രതിഷേധിക്കുന്നത് കണ്ടു. ഞാനും അവരുടെ കൂടെ കൂടി. ഞാന്‍ ജീവിക്കുന്ന രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥയെന്തെന്ന് അന്നെനിക്ക് ബോധ്യമായി, ആ അവസ്ഥ എന്റെ എഴുത്തില്‍ തരിപോലുമില്ലെന്നും. പിന്നീട്, ബാല്യം ചെലവഴിച്ച Barranquillaയിലേക്ക് പോവാന്‍ നിര്‍ബന്ധിതമായപ്പോള്‍ എനിക്ക് മനസ്സിലായി, അതാണ് ഞാന്‍ ജീവിച്ച, അറിഞ്ഞ ജീവിതം. അതാണ് ഞാന്‍ എഴുതേണ്ടത്.

50-51ല്‍ എന്റെ സാഹിത്യഭിരുചികളെ മാറ്റിമറിച്ച മറ്റൊന്നു കൂടിയുണ്ടായി. ഞാന്‍ ജനിച്ച Aracatacaയിലേയ്ക്ക് ഒപ്പം ചെല്ലാന്‍ അമ്മ ആവശ്യപ്പെട്ടു. ഞാന്‍ കുട്ടിക്കാലത്ത് കഴിഞ്ഞ വീട് വില്‍ക്കണമെന്നും. എനിക്കന്ന് 22ാം വയസ്സിലായിരുന്നു. എട്ടാം വയസ്സിലാണ് ഞാനാ നാട് വിട്ടത്. അവിടെ ഒന്നും മാറിയിരുന്നില്ല. ഞാനാഗ്രാമത്തെ കാണുകയായിരുന്നില്ല, വായിക്കുകയായിരുന്നു. അവിടെ കാണുന്നതെല്ലാം എപ്പോഴേ എഴുതിവെച്ചതാണെന്ന് തോന്നി. അവിടെ ഉണ്ടായിരുന്നതും ഞാന്‍ ഇപ്പോള്‍ കാണുന്നതും ഇരുന്ന് പകര്‍ത്തി വെക്കുക മാത്രമേ ഞാന്‍ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. എല്ലാം സാഹിത്യമായിരുന്നു. വീട്, ജനം, ഓര്‍മ്മ… വില്യം ഫോക്നറെ അന്ന് വായിച്ചിരുന്നോ എന്നെനിക്കുറപ്പില്ല,. പക്ഷേ, ഫോക്നറുടേത് പോലുള്ള ഒരു രചനാ തന്ത്രം കൊണ്ടുമാത്രമേ ഞാനിക്കാണുന്നതെല്ലാം എഴുതാനാവൂ എന്നെനിക്കറിയാമായിരുന്നു. ഫോക്നറില്‍ എനിക്കനുഭവപ്പെട്ടതിനു സമാനമായിരുന്നു അവിടത്തെ അന്തരീക്ഷം, അപചയം, ചൂട് ഒക്കെ. ഫോക്നറുടെ സാഹിത്യ സ്വാധീനത്തെക്കുറിച്ച് നിരൂപകര്‍ പറയാറുണ്ടെങ്കിലും ഞാനത് കാണുന്നത് യാദൃശ്ചികത മാത്രമായാണ്. ഞാന്‍ കണ്ടെത്തിയ മെറ്റീരിയലിനെ, അതേ മെറ്റീരിയല്‍ ഫോക്നര്‍ കൈകാര്യം ചെയ്ത രീതിയില്‍ സമീപിക്കുകയായിരുന്നു, ഞാന്‍.

ഗ്രാമത്തിലേക്കുള്ള ആ യാത്രയില്‍നിന്നുള്ള തിരിച്ചുപോക്ക് Leaf Storm എന്ന നോവല്‍ എഴുതുന്നതിലേക്കായിരുന്നു. എന്റെ ആദ്യ നോവല്‍. ബാല്യത്തില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും സാഹിത്യ മൂല്യമുണ്ടെന്നും ഇപ്പോഴാണ് ഞാന്‍ അത് തിരിച്ചറിയുന്നതെന്ന് Aracatacaയിലേക്ക് നടത്തിയ ആ യാത്രയില്‍ ഞാന്‍ മനസ്സിലാക്കി.

Leaf Storm എഴുതിയ ആ നിമിഷം എനിക്ക് ഒരെഴുത്തുകാരനാവണമെന്നും ആര്‍ക്കുമതില്‍നിന്ന് തടയാനാവില്ലെന്നും ലോകത്തെ ഏറ്റവും മികച്ച എഴുത്തുകാനാവുന്നതിന് ശ്രമം നടത്തേണ്ടതുണ്ടെന്നും എനിക്ക് മനസ്സിലായി.

ഗൃഹാതുരത ഒളിച്ചോട്ടമല്ല

ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളില്‍ ഉപയോഗിച്ച ഭാഷാ ശൈലി എങ്ങനെ സ്വായത്തമാക്കി ?

Leaf Storm എഴുതിയ ശേഷം ഞാന്‍ മറ്റൊരു ചിന്തയിലേക്ക് വീണു. രാജ്യത്തിന്റെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ നേരിടുന്നതില്‍നിന്നും എഴുതുന്നതില്‍നിന്നുമുള്ള വെറും ഒളിച്ചോട്ടം മാത്രമാണ് ഗ്രാമത്തെയും അവിടത്തെ എന്റെ കുട്ടിക്കാലത്തെക്കുറിച്ചുമുള്ള എഴുത്ത് എന്ന ചിന്ത. കത്തുന്ന രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ നേരിടുന്നതിനു പകരം ഇത്തരം ഗൃഹാതുരതകളില്‍ ഒളിച്ചുകഴിയുകയാണ് ഞാനെന്ന തെറ്റായ ധാരണ. സാഹിത്യവും രാഷ്ട്രീയവും തമ്മലുള്ള ബന്ധം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സമയമായിരുന്നു അത്. രണ്ടിനുമിടയിലുള്ള അകലം കുറക്കാന്‍ ഞാന്‍ ശ്രമിച്ചു. ഹെമിങ്വേ ആയിരുന്നു നേരത്തെ എന്റെ സ്വാധീനമെങ്കില്‍ ഇപ്പോഴത് ഹെമിങ്വേയായിരുന്നു. ഞാന്‍ No One Writes to the Colonel, Evil Hour, Big Mama’s Funeral എന്നിവ എഴുതി. ഇവയെല്ലാം ഏതാണ്ട് ഒരേ സമയത്തായിരുന്നു. പൊതുവായ പല കാര്യങ്ങളുമുണ്ടസയിരുന്നു ഇവയില്‍. ലീഫ് സ്റ്റോം, ഏകാന്തയുടെ നൂറ് വര്‍ഷങ്ങള്‍ എന്നിവക്ക് പശ്ചാത്തലമായ സ്ഥലത്തല്ല, മറ്റൊരു ഗ്രാമത്തിലാണ് ഇവ സംഭവിക്കുന്നത്. മാന്ത്രികതക്ക് ഒട്ടും ഇടമില്ലാത്ത ഗ്രാമം.ഒരു തരം ജേണലിസ്റ്റിക് സാഹിത്യം.

വിവര്‍ത്തനം: ലളിത് സുന്ദരം

പക്ഷേ, Evil Hour എഴുതിക്കഴിഞ്ഞപ്പോള്‍, എന്റെ ധാരണകളെല്ലാം വീണ്ടും തെറ്റാണെന്ന് തോന്നി. ഞാന്‍ നേരത്തെ കരുതിയ, രാജ്യത്തിന്റെ യാഥാര്‍ഥ്യത്തേക്കാള്‍ കൂടുതല്‍ രാഷ്ട്രീയമാണ് ബാല്യത്തെക്കുറിച്ചുള്ള എന്റെ എഴുത്തുകളെന്ന് തോന്നി. The Evil Hour കഴിഞ്ഞുള്ള അഞ്ചു വര്‍ഷം ഞാനൊന്നം എഴുതിയില്ല. എന്ത് ചെയ്യണമെന്നതിനെ കുറിച്ച് എനിക്കൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍, അതിന്റെ ചില കാര്യങ്ങള്‍ അജ്ഞാതമായി തുടര്‍ന്നു. ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ എഴുതാനുള്ള യഥാര്‍ഥ ടോണ്‍ എനിക്കു കിട്ടുന്നതുവരെ അക്കാര്യത്തില്‍ എനിക്ക് തീര്‍ച്ചയുണ്ടായിരുന്നില്ല. എന്റെ മുത്തശãി എനിക്ക് പറഞ്ഞുതന്നെ കഥകളുടെ ശൈലിയാണ് ഞാന്‍ അതിന് അവലംബിച്ചത്. അതീതയാഥാര്‍ഥ്യമെന്നും ഭ്രമാത്കമമെന്നും തോന്നുന്ന കാര്യങ്ങള്‍ തികച്ചും സ്വാഭാവികമായി മുത്തശãി പറഞ്ഞു. ഉപയോഗിക്കാനുള്ള ടോണ്‍ ഏതെന്ന് കണ്ടെത്തിയതോടെ 18 മാസങ്ങള്‍ ഞാനിരുന്ന് പ്രയത്നിച്ചു.

എഴുത്തുകാരന്റെ ഏകാന്തത

അധികാരത്തിന്റെ ഒറ്റപ്പെടലിനെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.
അധികാരം കൂടുന്തോറും നിങ്ങള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് അകലും. ആര് സത്യം പറയുന്നു, ആര് നുണ പറയുന്നു എന്ന് തിരിച്ചറിയാതാവും. സര്‍വ അധികാരവും കൈയിലൊതുങ്ങുന്നതോടെ യാഥാര്‍ഥ്യവുമായുള്ള മുഴുവന്‍ ബന്ധവും അറ്റുപോവും. അതാണ് ഏറ്റവും വലിയ ഏകാന്തത. സര്‍വാധികാരി, ഏകാധിപതി, എപ്പോഴും നിക്ഷ്പ്ത താല്‍പ്പര്യങ്ങളുടെയും താല്‍പ്പര്യക്കാരുടെയും പിടിയിലാവും. യാഥാര്‍ഥ്യത്തില്‍നിന്ന് നിങ്ങളെ ഒറ്റപ്പെടുത്താനാവും അവരുടെ ശ്രമം.

എഴുത്തുകാരന്റെ ഏകാന്തത വ്യത്യസ്തമാണോ?
അധികാരത്തിന്റെ ഏകാന്തതക്ക് സമാനമാണത്. യാഥാര്‍ഥ്യത്തെ പകര്‍ത്താനുള്ള എഴുത്തുകാരന്റെ ശ്രമം പലപ്പോഴും അയാളെ വക്രീകരിച്ച ഒരു കാഴ്ചയിലാണ് എത്തിക്കുക. യാഥാര്‍ഥ്യത്തെ വിനിമയം ചെയ്യാനുള്ള ശ്രമത്തിനിടെ പലപ്പോഴുമയാള്‍ അതുമായുള്ള ബന്ധം അവസാനിപ്പിച്ച് ദന്തഗോപുരത്തില്‍ അകപ്പെടും. അതിനെതിരെയുള്ള മികച്ച പ്രതിരോധമാണ് ജേണലിസം. അതിനാലാണ് ഞാനിപ്പോഴും പത്രപ്രവര്‍ത്തനം നടത്തുന്നത്. അതെന്നെ, യാഥാര്‍ഥ്യത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നു. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളെഴുതിയതിനു ശേഷം എന്നെ ഗ്രസിച്ചത് എഴുത്തുകാരന്റെ ഏകാന്തതയായിരുന്നില്ല. പ്രശസ്തി നല്‍കുന്ന ഏകാന്തതയായിരുന്നു. അധികാരത്തിന്റെ ഏകാന്തയുമായാണ് അതിന് ചാര്‍ച്ച. സുഹൃത്തുക്കളാണ് അതില്‍നിന്ന് എന്നെ കരകയറ്റാറ്.

താങ്കളുടെ എഴുത്ത് രീതി എങ്ങനെയാണ് ഇപ്പോള്‍? നിശ്ചിത സമയമുണ്ടോ എഴുത്തിന്?

എഴുത്തുകാരനായി മാറിയതില്‍ പിന്നെ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം എഴുത്തിനുള്ള സമയ ക്രമം കണ്ടെത്തുന്നതായിരുന്നു. പത്രപ്രവര്‍ത്തകന്‍ ആവുക എന്നതിനര്‍ഥം രാത്രി ജോലിയാണ്. മുഴുവന്‍ സമയ എഴുത്തുകാരനായി ഞാന്‍ മാറിയപ്പോള്‍ എനിക്ക് വയസ്സ് 40 ആയിരുന്നു. രാവിലെ 9 മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെ ആയിരുന്നു എഴുത്ത് സമയം. മക്കള്‍ സ്കൂളില്‍ നിന്നും വരുന്നത് വരെ. എന്നാല്‍, രാവിലെ മാത്രം ജോലി ചെയ്യുന്നത് കൊണ്ടെനിക്ക് കുറ്റബോധം തോന്നി, ഞാന്‍ ഉച്ചയ്ക്ക് ശേഷം എഴുതാന്‍ ആരംഭിച്ചു. എന്നാല്‍, പിന്നെ മനസിലായി, ഉച്ച കഴിഞ്ഞ് ചെയ്യുന്ന എല്ലാ പണികളും പിറ്റേ ദിവസം ഒന്നു കൂടെ ചെയ്യേണ്ടി വരുന്നു. അങ്ങനെയാണ് രാവിലെ 9 മുതല്‍ 2.30 വരെ ജോലി ചെയ്യാന്‍ തീരുമാനിച്ചത്, അത് കഴിഞ്ഞ് ഒന്നും ചെയ്യാതിരിക്കാനും. അപ്പോള്‍ ആരെയെങ്കിലും കാണാനും അഭിമുഖങ്ങള്‍ക്കും സമയം കിട്ടി.
മറ്റൊരു പ്രശ്നം ചുറ്റുപാടാണ്. പരിചയമുള്ള ഇടങ്ങളില്‍ ഇരുന്നാല്‍ മാത്രമേ എനിക്ക് എഴുത്ത് നടക്കൂ. ഹോട്ടല്‍മുറികളിലും കടമെടുത്ത ടൈപ് റൈറ്ററുകളിലും എഴുതാന്‍ പറ്റാറില്ല. യാത്രകള്‍ക്കിടെ ജോലി ചെയ്യാന്‍ ഇത് തടസ്സമായി. പണി കുറക്കാന്‍ എപ്പോഴും നമ്മള്‍ കാരണം കണ്ടെത്തുന്നത് സത്യമാണ്. നമ്മള്‍ സ്വയം ഉണ്ടാക്കുന്ന നിബന്ധനകള്‍ , ശീലങ്ങള്‍. സാഹചര്യങ്ങള്‍ എന്തുമാവട്ടെ നമ്മളെപ്പോഴും പ്രചോദനത്തിനു കാത്തിരിക്കും. സാഹചര്യങ്ങള്‍^റൊമാന്റിക്കുകള്‍ ഏറ്റവും ചൂഷണം ചെയ്യുന്ന പദമാണിത്.

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: രചനാവേളയില്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

One thought on “മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

  1. അധികാരം മനുഷ്യനെ ഒറ്റപ്പെടുത്തും….സര്‍വാധികാരം യാതാര്ത്യത്തില്‍ നിന്നും ….എഴുത്തുകാരന്റെ ഏകാന്തതയ്ക്കും ഇതോടു സാദൃശ്യമുന്റെന്നും…..മാര്‍ക്കേസിന് മാത്രമേ ഇങ്ങനെയൊക്കെ പറയാനാവൂ….വിജ്ഞാന പ്രദമായി തോന്നി ഈ അഭിമുഖം …..

Leave a Reply to azeez Cancel reply

Your email address will not be published. Required fields are marked *