വിനോദ് മേത്ത: (ലക് നൌ) പയ്യന്‍ കഥകള്‍

ഇന്ത്യന്‍ പൊതുജീവിതത്തില്‍ വിനോദ് മേത്തയെ പ്രസക്തനാക്കുന്നത് അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധതയും പുലര്‍ത്തുന്ന നിലപാടുകളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ഒരു വേള ദേശീയ ഭരണം നേടുകയും ചെയ്ത സമയത്ത് ദേശീയ മാധ്യമങ്ങളില്‍ പലതിന്റെയും മതനിരപേക്ഷ നിലപാടുകള്‍ക്ക് വെള്ളം ചേര്‍ന്നപ്പോള്‍, സംഘപരിവാറിന്റെ ആക്രമണങ്ങളേറ്റു വാങ്ങിക്കൊണ്ടുതന്നെ മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ച പത്രാധിപനാണ് വിനോദ് മേത്ത. ചാര്‍ത്തിക്കിട്ടിയ ‘കപട മതനിരപേക്ഷ വാദി’ എന്ന വിശേഷണം അലങ്കാരമായി തോളിലണിഞ്ഞുകൊണ്ടുതന്നെ വര്‍ഗീയ -വരേണ്യ രാഷ്ട്രീയ ധാരകളെ അദ്ദേഹം ശക്തമായി നേരിട്ടു- ആത്മകഥയുടെ പശ്ചാത്തലത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ഔട്ട്ലുക്ക് എഡിറ്ററുമായ വിനോദ് മേത്തയുടെ ജീവിതത്തിലൂടെ ഒരു യാത്ര. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനായ മാത്തന്‍ പുല്‍പ്പള്ളി എഴുതുന്നു

 

 

‘നിങ്ങള്‍ ചന്ത സ്ഥലങ്ങളില്‍ അഭിവാദ്യങ്ങളും വിവാഹ വിരുന്നുകളില്‍ ഉയര്‍ന്ന ഇരിപ്പിടവും പ്രതീക്ഷിക്കുന്നു’-എന്ന് ക്രിസ്തു പരീശന്‍മാരെക്കുറിച്ച് പറഞ്ഞത് പത്രപ്രവര്‍ത്തകരെക്കുറിച്ചും പറയാമെന്ന് തോന്നുന്നു. ഉന്നതസ്ഥാനീയരോടുള്ള സാമീപ്യത്തിലും അവരുടെ മധുരവചനങ്ങളിലും രോമാഞ്ച പുളകിതരായി കര്‍മസാഫല്യം അനുഭവിക്കുന്നവരാണ് ഈ തൊഴിലില്‍ ഏറെ.
‘ശ്രീമാന്‍ എഡിറ്റര്‍, നിങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് എത്ര അടുപ്പമുണ്ട്’എന്നായിരുന്നു’ ‘ഔട്ട്ലുക്ക്’ എഡിറ്റര്‍ വിനോദ് മേത്തയുടെ ലേഖന സമാഹാരത്തിന്റെ പേര്. ‘ഒരു പക്കാ പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് പ്രധാനമന്ത്രിയോടുള്ള തന്റെ അടുപ്പം അത്ര പ്രധാനപ്പെട്ട സംഗതിയല്ല. പക്ഷേ, യാഥാര്‍ഥ്യത്തോടുള്ള തന്റെ അടുപ്പം പ്രധാനമാണ് താനും’-എന്ന് വിനോദ് മേത്ത അടുത്തിടെ പുറത്തിറങ്ങിയ ‘ലക്നോ ബോയ്’ എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.
ദേശീയ പത്രപ്രവര്‍ത്തനത്തിലേക്കും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കും സാമൂഹ്യ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ‘Lucknow Boy’ ഇതിനകം ജനപ്രിയമായിക്കഴിഞ്ഞു.
ചുരുങ്ങിയ പക്ഷം ‘ഔട്ട്ലുക്കി’ന്റെ അവസാന പേജിലെ ‘ദല്‍ഹി ഡയറി’ കോളത്തിന്റെ ആരാധകരും വലിയൊരുപക്ഷം പത്രപ്രവര്‍ത്തകരും പെന്‍ഗ്വിന്‍ പുറത്തിറക്കിയ 380 പേജുള്ള പുസ്തകം ഇതിനകം ഒരാവര്‍ത്തി വായിച്ചുകഴിഞ്ഞു.
നര്‍മ്മം കലര്‍ന്നതും നിശിതവുമായ ഭാഷാ പ്രയോഗം, ഉദ്ധരണികള്‍, അതിലേറെ മേത്തയുടെ സംഭവബഹുലമായ പത്രപ്രവര്‍ത്തനത്തിലെ ത്രസിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉള്‍നാടകങ്ങള്‍, ഇവയൊക്കെ നാല് പതിറ്റാണ്ട് എഡിറ്ററായിരുന്ന ഈ പത്രപ്രവര്‍ത്തകന്റെ ആത്മകഥയെ സമ്പന്നമാക്കുന്നുണ്ട്.
പക്ഷേ, ആത്മകഥയുടെ പരസ്യ കൂമ്പസാരത്തില്‍ മേത്ത പങ്കുവെക്കുന്ന ഗോസിപ്പുകളും അദ്ദേഹത്തിന്റെ ആസ്വാദ്യകരമായ ഭാഷയും മാത്രമാണോ ‘ലക്നോ ബോയിയെയും ഈ ആത്മകഥാകാരനെയും പ്രസക്തമാക്കുന്നത്?
തുറന്നുപറയട്ടെ, ഏതാണ്ട് ബിരുദകാലം തൊട്ട് മേത്തയുടെ പത്രപ്രവര്‍ത്തനത്തെയും നിലപാടുകളെയു മനസ്സ്കൊണ്ട് ആവേശകരമായി പിന്തുണക്കുന്നയാളെന്ന നിലയില്‍ ഈ പുസ്തക നിരൂപണ ശ്രമത്തില്‍ ദയവായി നിഷ്പക്ഷത പ്രതീക്ഷിക്കരുത്. മേത്ത നിരാശപ്പെടുത്തിയില്ല. എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ പൊതുജീവിതത്തിലെ തീവ്രപ്രസക്തമായ വാര്‍ത്തകളും വിശേഷങ്ങളും നര്‍മ്മങ്ങളും സംഘര്‍ഷങ്ങളും തീക്ഷ്ണതയോടെ പുറത്തെത്തിക്കുന്ന വാര്‍ത്താ വാരികയെന്ന നിലയില്‍ ‘ഔട്ട്ലുക്കി’നുള്ള ഓജസ്സും നിലവാരവും അതിന്റെ എഡിറ്ററുടെ അനുഭവ പുസ്തകത്തിനുമുണ്ട്.

‘കപട മതനിരപേക്ഷ വാദി’

മാത്തന്‍ പുല്‍പ്പള്ളി

ഇന്ത്യന്‍ പൊതുജീവിതത്തില്‍ വിനോദ് മേത്തയെ പ്രസക്തനാക്കുന്നത് അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധതയും പുലര്‍ത്തുന്ന നിലപാടുകളാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ഒരു വേള ദേശീയ ഭരണം നേടുകയും ചെയ്ത സമയത്ത് ദേശീയ മാധ്യമങ്ങളില്‍ പലതിന്റെയും മതനിരപേക്ഷ നിലപാടുകള്‍ക്ക് വെള്ളം ചേര്‍ന്നപ്പോള്‍, സംഘപരിവാറിന്റെ ആക്രമണങ്ങളേറ്റു വാങ്ങിക്കൊണ്ടുതന്നെ മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ച പത്രാധിപനാണ് വിനോദ് മേത്ത.
തനിക്ക് ചാര്‍ത്തിക്കിട്ടിയ ‘കപട മതനിരപേക്ഷ വാദി’ എന്ന വിശേഷണം അലങ്കാരമായി തോളിലണിഞ്ഞുകൊണ്ടുതന്നെ വര്‍ഗീയ ^വരേണ്യ രാഷ്ട്രീയ ധാരകളെ അദ്ദേഹം ശക്തമായി നേരിട്ടു. വിശാലാര്‍ഥത്തില്‍ ബി.ജെ.പി വിരുദ്ധവും കോണ്‍ഗ്രസ് നിലപാടുകളോട് അടുപ്പം പുലര്‍ത്തുന്നതുമാണ് മേത്തയുടെ രാഷ്ട്രീയം. പത്രപ്രവര്‍ത്തനത്തിലെ ഈ പറയപ്പെടുന്ന ‘നിഷ്പക്ഷതയെക്കുറിച്ച് ‘ മേത്തയുടെ അഭിപ്രായം ‘അക്ഷന്തവ്യവും അസഹനീയവുമായ സംഭവങ്ങളെ സമീപിക്കുമ്പോള്‍ നിഷ്പക്ഷതയും നിയന്ത്രണവും ആവശ്യമില്ല’ എന്നാണ്.
‘പത്രപ്രവര്‍ത്തകന്റ നിഷ്പക്ഷത പടച്ചുകെട്ടിയ മിത്താണ്. ശക്തമായ കാഴ്ചപ്പാടില്ലാത്ത ഒരു റിപ്പോര്‍ട്ടറെയും എഡിറ്ററെയും ഞാനിതുവരെ കണ്ടിട്ടില്ല. സത്യത്തില്‍ കുപ്രസിദ്ധമായ വിധത്തില്‍ അഭിപ്രായവല്‍കരിക്കപ്പെട്ടവരാണ് ഫോര്‍ത്ത് എസ്റ്റേറ്റ്. അടിസ്ഥാന മാര്‍ഗരേഖയോട് വിധേയത്വം വേണം. പക്ഷേ, നിങ്ങള്‍ ഹിജഡയാവരുത്’
തന്റെ രാഷ്ട്രീയ നിലപാട് ഇതായിരിക്കെത്തന്നെ അവ വാര്‍ത്തയെ സ്വാധീനിക്കാതിരിക്കാന്‍ മേത്ത ശ്രദ്ധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് ബിസിനസ് ദല്ലാളുകളുടെ ഉല്‍സവ പറമ്പായി മാറിയതിനെക്കുറിച്ച് എഴുതിയതിനേക്കാള്‍ ഉല്‍സാഹത്തോടെയാണ് ‘ഔട്ട്ലുക്ക്’ യു.പി.എ സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ റാഡിയ ടേപ്പുകള്‍ പുറത്തുവിട്ടത്.
ഗുജറാത്ത് കൂട്ടക്കുരുതിക്കു തൊട്ടുമുമ്പ് നരേന്ദ്രമോഡി നല്‍കിയ, കലാപകാരികളെ നിയന്ത്രിക്കരുതെന്ന നിര്‍ദേശം പുറത്തുവിടാന്‍ യാതൊരു ‘ നിഷ്പക്ഷതയും’ ഔട്ട്ലുക്കിന് പ്രശ്നമായില്ല. അതേസമയം ബസുമതി കയറ്റുമതിയിലെ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്ത വാണിജ്യമന്ത്രി കമല്‍നാഥിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ വ്യക്തി സൌെഹൃദങ്ങള്‍ക്ക് വാര്‍ത്തയെ സ്വാധീനിക്കാന്‍ മേത്ത അനുവദിച്ചില്ല.

വിശാല ലെഫ്റ്റ് ലിബറല്‍
ഇന്ത്യന്‍ ദേശീയ സംവാദത്തില്‍ വിശാല ലെഫ്റ്റ് ലിബറല്‍ പക്ഷത്ത് അപ്രിയകരമായ വാദഗതികളുമായി നിലയുറപ്പിച്ചിരിക്കുകയാണ് മേത്ത. ‘എനിക്ക് ആശയ കടുംപിടിത്തങ്ങളില്ല. പക്ഷേ ചില കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഞാനൊരുക്കമല്ല. വര്‍ഗീയത, അക്രമണോല്‍സുക ദേശീയത, അനിയന്ത്രിത മുതലാളിത്തം എന്നിവയാണവ’.

ഉന്നത വിദ്യാഭ്യാസത്തിലെ സംവരണ ചര്‍ച്ചയില്‍ നഗരമധ്യവര്‍ഗം ഉയര്‍ത്തിപ്പിടിച്ച ‘ജാതിരഹിത വാദം’ മേല്‍ക്കെ നേടിയപ്പോള്‍ അമേരിക്കയിലെ ഐ.വി ലീഗ് സര്‍വകലാശാലകളടക്കം വിദ്യാര്‍ഥി സമൂഹത്തിന് വൈവിധ്യാത്മകതയും സാര്‍വ പ്രാതിനിധ്യവും ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ‘ഗുണാത്മക’ നടപടികളാണ് ‘ഔട്ട്ലുക്ക്’ റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം വായനാ സമൂഹത്തിലെ വലിയൊരു പക്ഷം നഗര വരേണ്യരായിരിക്കെത്തന്നെ അവരുടെ സംവരണ അസഹിഷ്ണുത്വത്തെ നവീന ചിന്താഗതികള്‍ കൊണ്ട് നേരിടുകയാണ് ‘ഔട്ട്ലുക്ക്’ ചെയ്തത്.

മുഖ്യധാരാ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഔട്ട്ലുക്ക് ദണ്ഡേവാഡയിലെ നക്സല്‍ കേന്ദ്രങ്ങളിലെ ആദിവാസി ജീവിതങ്ങളെ അരുന്ധതി റോയിയിലൂടെ പുറത്തെത്തിച്ചത്. നക്സല്‍ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന 21,000 വാക്കുകളുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് മേത്തയുടെ നിലപാട് ‘ഇന്ത്യയിലെ പത്തുകോടി ആദിവാസികള്‍ 1,50,000 നക്സല്‍ പ്രവര്‍ത്തകരുടെ ഭീഷണിക്ക് വഴങ്ങിയാണ് ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നതെന്ന വാദഗതി അസംബന്ധമാണ്.

 

 

ഗുജറാത്തും മോഡിയും
‘നരേന്ദ്ര മോഡിയും ഔട്ട്ലുക്കും സുഹൃത്തുക്കളല്ലാത്തതില്‍ അതിശയമില്ല-മേത്ത തന്നെ പറയുന്നു. കൂട്ടക്കുരുതിക്ക് ശേഷമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ ഔട്ട്ലുക്ക് പരസ്യമായി രംഗത്തുവന്നു. ‘ പൊതുവെ വസ്തുതകള്‍ നിരത്തിവെക്കുക. പിന്നെ വായനക്കാരെ അവരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുക. അതാണ് എന്റെ ശൈെലി. പക്ഷേ, മോഡിയുടെ കാര്യത്തില്‍ അതിലൊരു മാറ്റം വരുത്തി. ഗുജറാത്ത്: ഒരഭ്യര്‍ഥന (Gujarat: an appeal) എന്ന തലക്കെട്ടില്‍ മേത്ത സങ്കല്‍പ്പത്തിലെ മിസ്റര്‍ ആന്റ് മിസിസ് പട്ടേലിന് ഒരു കത്തെഴുതി.
‘യഥാര്‍ഥത്തില്‍ നിങ്ങള്‍, മിസ്റര്‍ ആന്റ് മിസിസ് ഖാനില്‍നിന്ന് ഒട്ടും വ്യത്യസ്തരല്ല. നിങ്ങള്‍ക്കും സഹപൌരന്‍മാര്‍ക്കും സമാധാനത്തോടെ ജീവിക്കാവുന്ന സാഹചര്യമാണ് ഏറ്റവും പ്രധാനം. ‘
ഇപ്പോള്‍ മോഡി കൊടുത്ത മൂന്ന് മാനനഷ്ടക്കേസുകള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ഔട്ട്ലുക്ക് . 2009ല്‍ യു. പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ മേത്ത എഴുതി-‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള അതിന്റെ പ്രതിബദ്ധത ഒരിക്കല്‍കൂടി ഉറപ്പിച്ചിരിക്കുന്നു. നമ്മുടെ അയല്‍ രാജ്യങ്ങള്‍ മത-വംശീയ-തീവ്രവാദങ്ങള്‍ക്ക് കീഴ്പ്പെടുന്ന ഇക്കാലത്ത് നമ്മള്‍ അവയെ ശക്തമായി പുറന്തള്ളിയിരിക്കുന്നു’.

വര്‍ഗീയതയെയും ജാതീയതയെയും പ്രദേശികതയെയും നിരാകരിച്ച കാല്‍പ്പനികവും അയഥാര്‍ഥവുമായ കാലഘട്ടം എന്നാണ് ലക്നൌവിലെ തന്റെ ചെറുപ്പകാലത്തെക്കുറിച്ച് മേത്ത എഴുതുന്നത്. ‘ ബൌദ്ധികവും താത്വികവുമായ തലത്തില്‍നിന്ന് എന്റെ പരിഷ്കൃതരായ സുഹൃത്തുക്കള്‍ ചര്‍ച്ചചെയ്യുന്ന ഈ മതനിരപേക്ഷത ഞാന്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്ത യാഥാര്‍ഥ്യമാണെന്നാണ് മേത്ത ലക്നൌവിലെ സ്വാതന്ത്യ്രാനന്തര പൊതുജീവിതത്തെക്കുറിച്ച് എഴുതുന്നത്. ‘മതനിരപേക്ഷതയിലുള്ള എന്റെ വിശ്വാസത്തിന് യാതൊരു ഉത്തരാധുനിക വ്യതിയാനങ്ങള്‍ക്കും വിധേയമാകേണ്ടി വന്നില്ല. അതിനുകാരണം എന്റെ ലക്നൌ അനുഭവമാണ്’.

മാധ്യമ ജീര്‍ണതക്കെതിരെ
ഇനി, മേത്തയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം പത്ര ലോകത്തെ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ദാക്ഷിണ്യമില്ലാത്ത വിധം മാധ്യമ ജീര്‍ണതകളെ തുറന്നുകാട്ടുന്നതാവണം. ‘മദ്യത്തേക്കാള്‍ അമിത ആത്മ പ്രാധാന്യമാണ് പല ജേര്‍ണലിസ്റുകളെയും നശിപ്പിച്ചത്’ എന്ന വാള്‍ട്ടര്‍ ലിപ്മാന്റെ നിരീക്ഷണം മേത്ത ആവര്‍ത്തിക്കുന്നുണ്ട്.
പതിനഞ്ചു വര്‍ഷം പിന്നിട്ട ഔട്ട്ലുക്ക് മാഗസിനും അതിന്റെ എഡിറ്റര്‍ഷിപ്പും വിനോദ് മേത്തയുടെ തൊഴില്‍ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിങ്സാണ്. അതുവരെ കുറച്ചധികം തകര്‍പ്പന്‍ ഷോട്ട് കളിച്ച് എളുപ്പത്തില്‍ ഔട്ടാവുന്ന ശൈലിയായിരുന്നു മേത്തയുടേത്. പ്രസാധകന്റെ വ്യവസായ, രാഷ്ട്രീയ താല്‍പ്പര്യങ്ങളെ അപകടപ്പെടുത്തിയതിന്റെ പേരില്‍ അല്‍പ്പായുസ്സായിരുന്നു പലപ്പോഴുംഅദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്. ‘The most sacked editor’^ഏറ്റവുമേറെ പുറത്താക്കപ്പെട്ട എഡിറ്റര്‍^ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വി.എം തന്നെയാവും ഇന്ത്യയില്‍ ഏറ്റവും പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിച്ചതും.
തുടക്കത്തിലേ താളം തെറ്റിയ ‘ഡെബണയര്‍’ പ്ലേബോയ് മാഗസിന്റെ എഡിറ്റര്‍ഷിപ്പ് ഏറ്റെടുത്തുകൊണ്ട് തുടക്കം. പിന്നെ, സണ്‍ഡേ ഒബ്സര്‍വര്‍, ഇന്ത്യന്‍ പോസ്റ്,ഇന്‍ഡിപ്പെന്‍ഡന്റ്, പയനിയര്‍ (ഡല്‍ഹി എഡിഷന്‍), ഔട്ട്ലുക്ക് എന്നിവയുടെ സ്ഥാപക എഡിറ്റര്‍. കിടയറ്റ പ്രസിദ്ധീകരണങ്ങളും അവയുടെ നടത്തിപ്പില്‍ നേരിടേണ്ടി വരുന്ന ദുര്‍ഘടങ്ങളും രോമാഞ്ചമുണ്ടാക്കുന്ന വിജയങ്ങളും മേത്തയുടെ പത്രജീവിതത്തെ സംഭവബഹുലമാക്കുന്നു.

 

 

സംഭവ കഥകള്‍
ഇനി, സംഭവവിവരണങ്ങളും പ്രത്യയശാസ്ത്ര വിശദീകരണങ്ങളും ആത്മശകലങ്ങളും മനംമടുപ്പിക്കുന്ന സാധാരണ ആത്മകഥയാണ് ലക്നോ ബോയ് എന്ന് ആരെങ്കിലും വിചാരിച്ചാല്‍ തെറ്റി. രസകരമായ സംഭവ കഥകളുടെ ധാരാളിത്തം കൂടി അതിലുണ്ട്.

അതില്‍നിന്ന് ഏതാനും ചിലത്:
ഒരവസരം പാര്‍ത്തുനടന്ന ആഘോഷപ്രിയരായ വരേണ്യ സ്ത്രീകളില്‍ പലരും യുവതുര്‍ക്കി, പരുക്കന്‍, സുന്ദരനായ ചന്ദ്രശേഖറിനാല്‍ (മുന്‍പ്രധാനമന്ത്രി) ആകര്‍ഷിക്കപ്പെട്ടു പോന്നു. പക്ഷേ, അവരെ അലോസരപ്പെടുത്തിയിരുന്നത് ഒന്നാന്തരം ലൈംഗിക വേഴ്ചക്കുശേഷമുള്ള അങ്ങേരുടെ ഉച്ചത്തിലുള്ള കീഴ് വായുവാണ്.

എഡിറ്റര്‍ എന്ന നിലയില്‍ ധാരാളം തെറിക്കത്തുകള്‍ കിട്ടും വിനോദ് മേത്തക്കും ഔട്ട്ലുക്കിനും. പ്രധാനമായും കപട മതനിരപേക്ഷ വാദിയും സോണിയാ ഗാന്ധിയുടെ ‘ചംച’യുമായ വി.എമ്മിന് നേരിട്ട്. അതില്‍ മൂര്‍ച്ചയേറിയത് നോക്കി പ്രസിദ്ധീകരിക്കുക ഔട്ട്ലുക്കിന്റെ സവിശേഷതയാണ്.
പ്രധാനമന്ത്രിപദം നിരസിച്ച ‘സെയിന്റ് സോണിയ’യെക്കുറിച്ച് ഔട്ട്ലുക്ക് കവര്‍പേജ്. പതിവുപോലെ സ്തുതിപാടലിനെ വിമര്‍ശിച്ചുകൊണ്ടൊരു കത്ത്. ‘ അതീവ ദു:ഖകരം! വളരെ ദൌെര്‍ഭാഗ്യകരം! ഒരു പക്ഷേ, വിനോദ്മേത്ത മണ്ണെണ്ണയൊഴിച്ച് ആത്മാഹുതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ സോണിയാ ഗാന്ധി മനസ്സുമാറ്റിയേക്കും’ (സന്ദീപ് ചെന്നെ)
തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ തെറ്റിപ്പോവുക ഔട്ട്ലുക്കിന് പതിവായിരുന്നു. 2004ലെ ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവാരുമെന്ന പ്രവചനഫലം തെറ്റിയപ്പോള്‍ ഒരു വായനക്കാരി: ‘ഔട്ട്ലുക്ക് അഭിപ്രായ വോട്ടെടുപ്പ് ബി.ജെ.പിയുടെ വിജയം പ്രവചിച്ചതേ എനിക്കറിയാമായിരുന്നു പ്രതീക്ഷക്ക് വകയുണ്ടെന്ന് (ബിസ്വപ്രിയ ഷില്ലോങ്)

സംക്ഷിപ്തം
ലക്നൌ യൂനിവേഴ്സിറ്റിയില്‍നിന്നുള്ള തേഡ് ക്ലാസ് ബി.എ മാത്രമായിരുന്നു വിനോദിന്റെ കൈമുതല്‍. എണ്ണിച്ചുട്ട അപ്പം പോലെ 1812 രൂപ ( കുടുംബത്തിന് 1962ല്‍ അതൊരു വലിയ തുകയായിരുന്നു)^വിലയുള്ള ലണ്ടനിലേക്കുള്ള വണ്‍വേ ടിക്കറ്റ്, ആകപ്പാടെ നാട്ടിലുണ്ടായിരുന്ന ബര്‍മ ഫഷെല്‍ കമ്പനിയിലെ ജോലി സാധ്യത ഇല്ലാതായതു കൊണ്ടും തുടര്‍ന്ന് പഠിക്കാന്‍ പരിമിതിയുള്ളതുമായിരുന്നു അച്ഛന്‍ ലണ്ടന്‍ പ്രവാസം അനുവദിക്കാന്‍ കാരണം. സി.എഫ്.കെ മക്കിന്‍സി, ബര്‍മ ഷെല്ലിലെ സ്കോട്ലാന്റുകാരന്‍ ഉദ്യാഗസ്ഥന്‍ ഇന്റര്‍വ്യൂവിന് ശേഷം തുറന്നു പറഞ്ഞു^’നോ’.
ഇനി മക്കന്‍സി ‘യെസ്’ എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു എന്റെ ജീവചരിത്രം? വിനോദ് ചോദിക്കുന്നു.

ബാല്യകാല സുഹൃത്ത് ആസാദ് മുഖേന ഇംഗ്ലണ്ടില്‍ കാലുകുത്തിയ വിനോദ് ഫാക്റ്ററി ജോലിയും മുനിസിപ്പല്‍ ജോലിയുമടക്കം എട്ടുവര്‍ഷം ഏതാനും ചെറുജോലികള്‍ ചെയ്താണ് കഴിച്ചുകൂട്ടിയത്. പക്ഷേ, ലോകവും രാഷ്ട്രീയവും തിളച്ചുമറിയുന്ന അറുപതുകളില്‍ തന്റെ അജ്ഞതയുടെ ആഴം വിനോദ് തിരിച്ചറിയുന്നത് ഈ ഇംഗ്ലണ്ട് വാസത്തിലാണ്. അതായിരുന്നു തിരിച്ചറിവും തുടക്കവും. ബി.ബി.സിയും ഗാര്‍ഡിയനും ടൈംസും പോസ്റും ന്യൂ സ്റ്റ്റ്സ്മാനും ലണ്ടനിലെ പബ്ലിക് ലൈബ്രറികളും വിനോദ് മേത്തയെ സാമൂഹ്യ ബോധവും കാഴ്ചപ്പാടും ഉള്ളവനായി ജ്ഞാനസ്നാനം ചെയ്തു. തുടര്‍ന്ന് മുംബൈ കാലം. ഒരു പരസ്യ സ്ഥാപനത്തില്‍ കോപ്പി റൈറ്ററായിരുന്നു. ഇതിനിടെ, മുംബൈയുടെ ഇരുണ്ടതും ചുവന്നതും ബഹുവര്‍ണത്തിലുള്ളതുമായ തെരുവുകളിലൂടെ ലക്ഷ്യമില്ലാത്ത യാത്ര. ഫലം ‘Bombay a Private View’ എന്ന പുസ്തകമായിരുന്നു. ഇതിനിടെ, തുടക്കത്തിലെ പാളിപ്പോയ പ്ലേബോയ് മാസിക ‘ഡെബണയര്‍’ ഉടമസ്ഥര്‍ പൂട്ടാന്‍ തുടങ്ങുമ്പോള്‍ ഒരു കൈ നോക്കാന്‍ തനിക്ക് അവസരം തരണമെന്ന് വിനോദ് ആവശ്യപ്പെടുന്നു. നഗ്നമേനികളോടൊപ്പം പ്രസക്തമായ സാഹിത്യ, സാംസ്കാരിക ചര്‍ച്ചകളും കലാസ്വാദനവുമായി മാഗസിന്‍ പച്ച പിടിക്കുന്നു. ശേഷം സംഭവിച്ചത് ചരിത്രം.

തന്റെ ഇംഗ്ലണ്ട് ജീവിതത്തിലെ യൌെവന സന്തോഷങ്ങളെ മേത്ത ഇങ്ങനെയാണ് പറഞ്ഞവസാനിപ്പിക്കുന്നത്.
‘പെണ്ണുപിടിത്തം സ്റാമ്പ് ശേഖരണം പോലെയാണ്. ഒരു പ്രായം കഴിയുമ്പോള്‍ അവസാനിപ്പിക്കണം. നാല്‍പതുകളില്‍ ഒരു പുരുഷന്‍ സാരിത്തുമ്പിനു പിറകെ പായുന്നുണ്ടെങ്കില്‍ അയാള്‍ക്ക് മനശാസ്ത്ര സഹായം ആവശ്യമാണ്. അങ്ങനെയുള്ള മനുഷ്യന്‍മാരെ എനിക്കറിയാം. അവര്‍ ബോറന്‍മാരും പൊങ്ങന്‍മാരുമായിരിക്കും. ഇങ്ങനെയുള്ള സില്‍വിയോ ബെര്‍ലുസ്കൂണിമാര്‍ കോമാളികളും മനോരോഗികളുമാണ്’.

പയനീറില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം പണിയൊന്നുമില്ലാതിരിക്കെ മേത്തയുടെ ബാങ്ക് ബാലന്‍സ് കാലിയായി കൊണ്ടിരുന്നു. പിന്നെ, അഞ്ചു രൂപ ലാഭിക്കാനായി ടാക്സി സ്റാന്റിലേക്ക് നടക്കുക പതിവായിരുന്നു. (ചെറിയ തുകയെങ്കിലും അത് വലിയ കാര്യമായിരുന്നു). ഈ നടപ്പിനിടെയാണ് ഒരിക്കല്‍ മാന്‍ഹോളില്‍ വീണത്. ‘ആ ഗര്‍ത്തത്തിന്റെ അന്ധകാര ഹൃദത്തിനകത്തുവെച്ച് ഞാന്‍ എന്റെ നിരാശയുടെ ആഴം തൊട്ടറിഞ്ഞു. അഞ്ചു രൂപ ലാഭിക്കാന്‍ ഞാനിതാ മാന്‍ഹോളില്‍ വീണിരിക്കുന്നു. എന്റെ ജീവിതത്തിലെ ഒരുപക്ഷേ, ഏറ്റവും താഴ്ന്ന തലമായിരുന്നിരിക്കണം അത്’.

സ്വന്തം പട്ടിക്ക് എഡിറ്റര്‍ എന്നു പേരിട്ട എഡിറ്റര്‍ക്ക് പത്രപ്രവര്‍ത്തകരോട് പറയാനുള്ളത:
‘നമ്മള്‍ പത്രക്കാര്‍ക്ക് കളി കാണാനുള്ള ഏറ്റവും സൌെകര്യപ്രദമായ സീറ്റ് കിട്ടുന്നു. പക്ഷേ, ജനാധിപത്യ മഹോല്‍സവത്തില്‍ നമ്മള്‍ കാഴ്ചക്കാര്‍ മാത്രമാണ്. കളിക്കാരല്ല. അങ്ങനെ വിചാരിച്ചാല്‍ അത് കുഴപ്പം ക്ഷണിച്ചു വരുത്തും.

അവനവന്റെ പത്രപ്രവര്‍ത്തനത്തെ ലെഫ്റ്റ് ലിബറല്‍ ആയിക്കാണുന്ന വിനോദ് മേത്ത തന്നെയാണ് ഈ കാലഘട്ടത്തില്‍ വിശാല ലിബറല്‍ കാഴ്ചപ്പാടിന്റെ ദേശീയ പതാകവാഹകന്‍.

വാല്‍ കഷണം:

പരിഭാഷയുടെ വെല്ലുവിളികളില്‍ ലേഖകന്‍ ആര്‍ഭാട പൂര്‍വ്വം സ്വാതന്ത്യ്രം എടുത്തിട്ടുണ്ട്. പദാനുപത തര്‍ജമക്ക് പകരം സ്വതന്ത്ര വിവര്‍ത്തനമാണ് നടത്തിയത്. ‘അനുഭവ പുസ്തകം, അഭിപ്രായവല്‍കരിക്കപ്പെട്ടവര്‍, തീവ്രപ്രസക്തമായ തുടങ്ങിയ പദങ്ങള്‍ കൊണ്ട് മലയാളശത്ത വികലമാക്കിയതിന് എല്ലാ ഭാഷാസ്നേഹികളോടും മാപ്പ്
ജോര്‍ജ് ഓര്‍വെലിനെ ഉദ്ധരിച്ച് മേത്ത പത്ര ഭാഷയിലെ യാഥാസ്ഥിതികത്വത്തെ ചര്‍ച്ച ചെയ്യുന്നുണ്ട്. ‘യാഥാസ്ഥിതികത്വം പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് ദുരന്തമായിരിക്കും. യാഥാസ്ഥിതികത്വം ആവശ്യപ്പെടുന്നത് ജീവനില്ലാത്ത അനുകരണ ശൈലിയാണ്’.
‘ വ്യക്തമായ ഭാഷക്ക് വെല്ലുവിളി ആത്മാര്‍ഥതയില്ലായ്മയാണ്. എഴുത്തുകാരന്റെ യഥാര്‍ഥ ലക്ഷ്യവും പ്രഖ്യാപിത ലക്ഷ്യവും തമ്മിലെ വിടവ് നീണ്ട വാചകങ്ങളും മടുപ്പിക്കുന്ന പ്രയോഗങ്ങളും സൃഷ്ടിക്കുന്നു’-വീണ്ടും ഓര്‍വല്‍:)

(ലേഖകന്‍ മുംബൈയില്‍ ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയുടെ നടുക്കിരുന്ന് പത്രപ്രവര്‍ത്തനം നടത്തുന്നു.)

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: രചനാവേളയില്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

6 thoughts on “വിനോദ് മേത്ത: (ലക് നൌ) പയ്യന്‍ കഥകള്‍

  1. ഹൃദ്യമായ ഒരു വായനാനുഭവമാണ് എന്റെ പ്രിയപ്പെട്ട പത്ര പ്രവര്‍ത്തകരില്‍ പ്രമുഖനായ വിനോദ്‌ മേഹ്തയുടെ ഓട്ടോബയോഗ്രഫി സമാനിച്ചത്. തന്റെ മാഗസിനില്‍ എന്നാ പോലെ തന്നെ തന്റെ ആത്മകഥയിലെ വാക്കുകളുടെ കാര്യത്തിലും അദ്ദേഹം കാണിച്ച സത്യസന്ധത എന്ത് കൊണ്ട് ഔട്ട്‌ലുക്ക്‌ ഇന്ത്യയിലെ ഒന്നാം നമ്പര്‍ മാഗസിനുകളില്‍ ഒന്നായി തുടരുന്നു എന്നതിന് ഉള്ള ഉത്തരം നല്‍കുന്നു.

  2. മാത്തന്‍ പുല്‍പ്പള്ളിയുടെ എഴുത്ത് നന്നായി. വി കെ എന്നിന്‍റെ പയ്യന്‍ കഥകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് കൊടുത്ത തലക്കെട്ടും കൊള്ളാം. വിനോദ് മേഹ്തയുടെ ജീവിതത്തെ കുറിച്ച വായിക്കാന്‍ ഈ പുസ്തകം പോലെ തന്നെ മാത്തന്റെ റിവ്യൂ-വും പുസ്തകത്തെ കുറിച്ചൊരു ഏകദേശ ധാരണ തരുന്നുണ്ട്. പുസ്തകത്തിന്റെ എല്ലാ ഭാഗവും കവര്‍ ചെയ്യാന്‍ റിവ്യൂവിലൂടെ സാധിച്ചെന്നും പറയാം.Waiting for more!

  3. Such a great piece, well capturing the persona of Vinod Mehta. As rightly pointed out in the article, VM’s relevance in the contemporary Indian history lies in his audacious stance against the Sangh Parivar when it bared its fangs. When the mainstream media, including the likes of India Today, was turned into a kitsch Sangh-worshipping propaganda machine, VM stood his ground. (Remember his editorial: Is India Rwanda?) when Gujarat burned. A stalwart in Indian journalism, he is an editor with his heart in the right place. He showed how to sell a magazine without compromising on the commercial interest of the owner! Journalists like me always watch his innovations with awe. Here’s an editor who showed us how criticisms can be marketed. I don’t think any other mag has popularized it letter column as Outlook has done.

  4. നാലാമിടം നല്‍കിയ പുതു വര്‍ഷ സമ്മാനം കലക്കി !

  5. ‘വി.എമ്മിന്’ പണ്ട് ലണ്ടന്‍ വാസത്തിനിടെ ന്യൂസിലാന്‍ഡുകാരിയായ രഹസ്യ കാമുകിയില്‍ കുട്ടി പിറന്നിരുന്നു. അതെല്ലാം പുസ്തകത്തില്‍ പറയുന്നുണ്ട്. നിലവില്‍ കുട്ടികളില്ലാത്ത അദ്ദേഹത്തിന് ഇപ്പോള്‍ കൂട്ട് ‘എഡിറ്റര്‍’ മാത്രം. most sacked editorടെ ആത്മകഥ ‘ദല്‍ഹി ഡയറി’ പോലെ മനോഹരം

Leave a Reply to Firoz Cancel reply

Your email address will not be published. Required fields are marked *