എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

“ജെയിംസ് ജോയ്സ് പറഞ്ഞു, ‘ഡബ്ലിന്‍ നഗരം ഇന്ന് എന്തു ചിന്തിക്കുന്നു എന്നറിയാന്‍ ഞാനെന്റെ ഹൃദയത്തിലേക്കു നോക്കിയാല്‍ മതി’ എന്ന്. ജോയ്സ് പറഞ്ഞ കാലത്ത് അതു ശരിയായിരിക്കാം. എന്നാല്‍, ഇന്നത് ശരിയാവണം എന്നില്ല. ഇന്ന് എന്റെ നാട് എന്തു ചിന്തിക്കുന്നു എന്നത് എന്റെ ഹൃദയത്തിലേക്കു നോക്കിയിട്ട് എനിക്ക് മനസിലാവുന്നതേയില്ല. അത്രയധികം മാററങ്ങള്‍ സംഭവിച്ചിരിക്കുന്നു. ജോയ്സിന് അന്നത്തെ അയര്‍ലന്റിനെക്കുറിച്ച് അതു പറയാന്‍ കഴിയുമായിരുന്നു. ഇന്ന് കേരളം എന്തു ചിന്തിക്കുന്നു എന്നതു പോയിട്ട് എന്റെ ഗ്രാമമോ എന്റെ വീടോ എന്തു ചിന്തിക്കുന്നു എന്നു പോലും എനിക്ക് വ്യക്തമായി പറയാന്‍കഴിയുന്നില്ല. അത്രയധികം ജീവിതം സങ്കീര്‍ണമായിരിക്കുന്നു”-സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രഭാഷണം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു അവാര്‍ഡ് ദാനം

 

 

കേരളത്തിലെ ഒരു കുട്ടിയും എഴുതി തുടങ്ങുന്ന കാലത്ത് എഴുത്തില്‍ നിന്ന് വരുമാനം ഉണ്ടാകുമെന്നോ ഖ്യാതി കിട്ടുമെന്നോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും അങ്ങനെ തന്നെയായിരുന്നു. നാലു മക്കളില്‍ ഏറ്റവും താഴെയുള്ളവന്‍ ആയതിനാല്‍ മുതിര്‍ന്നവര്‍ കളിക്കാന്‍ കൂട്ടിയിരുന്നില്ല. ആരോഗ്യം മോശമായിരുന്നതിനാല്‍ നാട്ടിന്‍പുറത്തെ വിനോദങ്ങളായ കോത്താറിലോ ആട്ടക്കളത്തിലോ ഒന്നും ചേരാനും വയ്യ. അതിനാല്‍ ദൂരെനിന്ന് നോക്കിയാല്‍ കാണാവുന്ന പുഴയെ കണ്ടുകൊണ്ട് കുന്നിന്‍ചെരുവിലൂടെ നടന്നു. ഒരു വിനോദം പോലെ അപ്പോള്‍ തോന്നിയ ചില വാക്കുകള്‍ ശേഖരിച്ചു. ആ വാക്കുകളെ കൂട്ടിച്ചേര്‍ത്ത് ചില വാചകങ്ങള്‍ ഉണ്ടാക്കി. മെല്ലെ അതൊരു ഹൃദ്യമായ വിനോദമായി.

കുറേ കഴിഞ്ഞപ്പോള്‍ അതിലൂടെ ചിലതു പറയണം എന്നു തോന്നി. പറഞ്ഞാല്‍ എല്ലാം ശരിയാകുമോ എന്നറിയില്ല. എഴുതിയതൊന്നും ആരേയും കാണിക്കാനുള്ള ധൈര്യവും അന്ന് ഉണ്ടായിരുന്നില്ല. എന്നിട്ടും കുറേശെãയായി എഴുതി. ആ എഴുത്ത് എവിടെയൊക്കെയോ എത്തി. സത്യത്തില്‍ കുന്നിന്‍ ചെരുവില്‍ ഒറ്റക്ക് ഇരുന്ന് ആ കൊച്ചു പയ്യന്‍ പതുക്കെ ഉദ്ഘോഷിക്കുകയായിരുന്നു, ‘ഹേ ലോകമേ, ഇതാ ഞാനൊരുത്തന്‍ ഇവിടെയുണ്ട്. ദയവായി എന്റെ വാക്കുകള്‍ കേള്‍ക്കൂ, കേള്‍ക്കൂ!..’
കേള്‍ക്കുമോ എന്നെനിക്ക് അറിയില്ലായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ എഴുതിയതില്‍ ചിലതൊക്കെ അച്ചടിച്ചു വരികയും പലരും വായിക്കുകയും ചെയ്തു. എവിടെനിന്നൊക്കെയോ ചില പ്രതികരണങ്ങള്‍ വന്നു. അപ്പോള്‍ ലോകം എന്നോടു തിരിച്ചു ചോദിച്ചു: ‘ ശരി, നിനക്കു ചിലത് പറയാനുണ്ടായിരുന്നു. അതു ഞങ്ങള്‍ കേട്ടു. ആകട്ടെ, ഇനി എന്തു പറയാനുണ്ട് പുതുതായി? ഇതാണ് എപ്പോഴും ലോകത്തെവിടെയും എഴുത്തുകാരന്റെ, എഴുത്തുകാരിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ടേണിംഗ് പോയന്റ്. ഇനി എന്തു പറയാനുണ്ട് ഈ ലോകത്തിനോട് എന്ന ചോദ്യം.

അറിയപ്പെടാത്ത വന്‍കരകളും ഭൂമികകളും ഉണ്ടായിരുന്നു ഈ ലോകത്ത്. ആ വന്‍കരകള്‍ കീഴടക്കാനാണ് വന്‍കിട സാമ്രാജ്യ ശക്തികള്‍ നാവിക സേനകളെ
നിയോഗിച്ചതും ധീര സാഹസികരായ സഞ്ചാരികളെ അയച്ചതും. പുതിയ ഭൂമികള്‍ തേടിയിറങ്ങിയവരെ പലപ്പോഴും കാറ്റ് വഴിതെറ്റിച്ച് മറ്റേതൊക്കെയോ
നാടുകളില്‍ എത്തിച്ചു. വന്‍കരകള്‍ തേടിയിറങ്ങിയവര്‍ക്ക് തങ്ങള്‍ പുറപ്പെട്ട നാടുകള്‍ക്കു വേണ്ടി പലതും നേടികൊണ്ടു വരാനായി. സഞ്ചാരികള്‍ക്കൊക്കെ വലിയ ഖ്യാതികള്‍ കിട്ടി. ചിലപ്പോഴൊക്കെ അവര്‍ നേട്ടങ്ങള്‍ക്കായി പലരെയും കൊല്ലുകയും പല വംശങ്ങളേയും നശിപ്പിക്കുകയും ചെയ്തതും ചരിത്രം.

അജ്ഞാതമായിരുന്ന ഭൂമികകള്‍ പോലെ മനുഷ്യാവസ്ഥകളുടെയും ഒരുപാട് വന്‍കരകള്‍ ഉണ്ട്. ചരിത്രം രേഖപ്പെടുത്താത്ത മണ്ണുകള്‍. ആ വന്‍കരകളെ തേടിയുള്ള യാത്രയാണ് എഴുത്തുകാരന്‍ ഏതു കാലത്തും ഏതു ഭാഷയിലും ഏതു നാട്ടിലും നടത്തുന്നത്. ലക്ഷ്യത്തില്‍ എത്തിപ്പെട്ടു എന്നു വരില്ല, എങ്കിലും
മടികൂടാതെ തേടികൊണ്ടേയിരിക്കണം. ആ വിശ്വാസത്തില്‍, എഴുത്തിന്റെ പ്രചോദനത്തില്‍ സാഹിത്യകാരന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
എന്നെപ്പോലെ തനി ഗ്രാമീണനായ ഒരു കുട്ടി, എഴുത്തുകാരനായി മാറിയതിന്റേയും അനുരണനം ഇതൊക്കെയാവാം. പക്ഷേ, സാഹിത്യകാരന്റെ ഈ സഞ്ചാരം മിക്കപ്പോഴും അത്ര എളുപ്പമായ കാര്യമല്ല. അതില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ഉണ്ടാകണം എന്നുമില്ല. എന്നാല്‍, ഈ ദീര്‍ഘ യാത്രയില്‍ വല്ലപ്പോഴും അനുഗ്രഹത്തിന്റെ ചില തണലുകള്‍ ലഭിക്കുന്നത് നമ്മെ സന്തോഷിപ്പിക്കും.
പൂര്‍വസൂരികളുടെ അനുഗ്രഹത്തിന്റെ ചില ശീതളഛായകള്‍. അതു നമ്മെ മുന്നോട്ടു നയിക്കുന്ന ശക്തിയാണ്. അങ്ങനെ ചില തണലുകള്‍ കിട്ടാനുള്ള ഭാഗ്യം എനിക്കും ഈ യാത്രയില്‍ ഉണ്ടായി. അതിലൊന്നാണ് എന്റെ ഗ്രാമസംസ്കാരവുമായി ഏറ്റവും ബന്ധപ്പെട്ട എഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്കാരം.

എഴുത്തച്ഛന്‍ ബാല്യത്തിന്റെ ഓര്‍മ കൂടിയാണ്. എന്റെ ഗ്രാമത്തില്‍ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം സന്ധ്യകളില്‍ കുട്ടികളും വായിച്ചിരുന്നു. രാമായണം തപ്പിത്തടയാതെ ഒരു കുട്ടി വായിക്കുന്നു എങ്കില്‍ ‘അവന്റെ പഠിപ്പ് ഏകദേശം കഴിഞ്ഞു’ എന്നാണ് നാട്ടിന്‍പുറത്തെ അര്‍ഥം. ഭക്തിയുടെ പേരില്‍ മാത്രമായിരുന്നില്ല അന്നത്തെ അധ്യാത്മ രാമയാണം വായന.
ജീവിതത്തില്‍ തീരുമാനമെടുക്കേണ്ട ചില ഘട്ടങ്ങളില്‍, ‘എന്നാല്‍ നമുക്കു രാമായണം പകുത്തൊന്നു നോക്കാം’ എന്നു പലരും കരുതിയിരുന്നു. രാമായണം
പകുക്കുന്നു, പിന്നെ അതില്‍ ഏഴു വരിവിട്ട് ഏഴ് അക്ഷരവും വിട്ട് അവിടുന്നങ്ങോട്ട് വായിക്കുമ്പോള്‍ ജീവിത പ്രതിസന്ധിക്ക് ഒരു പരിഹാരമോ മാര്‍ഗനിര്‍ദേശമോ ലഭിക്കും എന്നുള്ള സങ്കല്‍പ്പം നാട്ടിലുണ്ടായിരുന്നു.

 

എഴുത്തച്ഛന്‍ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്ന് എ.ടി വാസുദേവന്‍ നായര്‍ ഏറ്റുവാങ്ങുന്നു

 

അമ്മമാര്‍ പലപ്പോഴും മക്കളെപ്പറ്റി ആവശ്യത്തില്‍ അധികം പറയും, ‘മഹാ മിടുക്കനാണ്’ എന്നൊക്കെ. വിരുന്നു പോയ ഏതൊക്കെയോ വീടുകളില്‍ എന്റെ അമ്മ
പറഞ്ഞു ‘ഇവന്‍ അസ്സലായി രാമായണം വായിക്കും’. സത്യത്തില്‍ അത്രക്കൊന്നും വായിക്കാറായിട്ടില്ലായിരുന്നു. അമ്മയുടെ വാക്കു കേള്‍ക്കുന്ന വീട്ടുകാര്‍
രാമായണം എടുത്തു മറിച്ചു തരിക ‘സുന്ദരകാണ്ഡം’ ഒക്കെയാവും. ആറു വയസുകാരന്‍ കുട്ടിക്ക് ‘സുന്ദരകാണ്ഡം’ തപ്പിത്തടയാതെ വായിക്കല്‍ എളുപ്പമായിരുന്നില്ല. എന്നിട്ടും വായിച്ചു. അധ്യാത്മ രാമായണം അങ്ങനെ ബാല്യത്തിന്റേയും ഭാഗമായി. ഭാഷയ്ക്ക് കയ്യും കണക്കും ഉണ്ടാക്കിയ ആ മഹാനായ ആചാര്യന്റെ പേരിലുള്ള പുരസ്കാരം ഇന്നിവിടെ വാങ്ങുമ്പോള്‍ ഞാനെന്റെ ഭാഷയോട് ദേശത്തോട് കാലത്തോട് ഒക്കെ ഏറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഭാഷയെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് അതിനെപ്പറ്റി വീണ്ടും ചിന്തിക്കാനുള്ള അവസരമായിക്കൂടി ഞാനീ പുരസ്കാരത്തെ കാണുന്നു. എന്റെ ഭാഷയോടുള്ള ബാധ്യതകള്‍, എന്റെ എഴുത്തിനോടുള്ള ബാധ്യതകള്‍ ഞാനൊന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഒന്നുകൂടിയല്ല, എന്നും എന്നും കൂടുതല്‍ ശക്തമായി ആലോചിക്കേണ്ടിയിരിക്കുന്നു. ആ പ്രേരണയാണ് ഈ നിമിഷത്തില്‍ എനിക്കു ലഭിക്കുന്നത്.

ഈ കാലഘട്ടത്തില്‍ എഴുത്ത് വളരെ വിഷമം പിടിച്ച ഒന്നാണ്. മോഡേണിസത്തിന്റെ ആചാര്യനെന്നൊക്കെ വിശേഷിപ്പിക്കുന്ന ജെയിംസ് ജോയ്സ് പറഞ്ഞു, ‘ഡബ്ലിന്‍ നഗരം ഇന്ന് എന്തു ചിന്തിക്കുന്നു എന്നറിയാന്‍ ഞാനെന്റെ ഹൃദയത്തിലേക്കു നോക്കിയാല്‍ മതി’ എന്ന്. ജോയ്സ് പറഞ്ഞ കാലത്ത് അതു ശരിയായിരിക്കാം. എന്നാല്‍, ഇന്നത് ശരിയാവണം എന്നില്ല. കാലത്തിന്റെ മാറ്റം അങ്ങനെയാണ്. ഇന്ന് എന്റെ നാട് എന്തു ചിന്തിക്കുന്നു എന്നത് എന്റെ ഹൃദയത്തിലേക്കു നോക്കിയിട്ട് എനിക്ക് മനസിലാവുന്നതേയില്ല. അത്രയധികം മാററങ്ങള്‍ സംഭവിച്ചിരിക്കുന്നു. ജോയ്സിന് അന്നത്തെ അയര്‍ലന്റിനെക്കുറിച്ച് അതു പറയാന്‍ കഴിയുമായിരുന്നു. ഇന്ന് കേരളം എന്തു ചിന്തിക്കുന്നു എന്നതു പോയിട്ട് എന്റെ ഗ്രാമമോ എന്റെ വീടോ എന്തു ചിന്തിക്കുന്നു എന്നു പോലും എനിക്ക് വ്യക്തമായി പറയാന്‍കഴിയുന്നില്ല. അത്രയധികം ജീവിതം സങ്കീര്‍ണമായിരിക്കുന്നു.

സങ്കീര്‍ണതകളുടെ ഈ കാലത്ത് തന്റേതായ പ്രമേയം കണ്ടെത്തുക എന്നതാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളി. പ്രമേയം കണ്ടെത്തിയാല്‍ മാത്രം
പോരാ, അത് എവിടെയൊക്കെയോ ഉള്ള തന്റെ വായനക്കാരുടെ മനസുകളിലേക്ക് എത്തിക്കാനുള്ള മാര്‍ഗവും എഴുത്തുകാരന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ആ
ശ്രമത്തിനിടെ വന്നുചേരുന്ന അനേകം കയ്പുകള്‍ക്കിടയില്‍ ഇതു പോലെ മാധുര്യത്തിന്റെ ചില കണികകള്‍ കിട്ടുന്നു. ആ മാധുര്യത്തിന്റെ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് കടപ്പാടുണ്ട്. പൂര്‍വസൂരികളോട്, സമ്പന്നമായ ഈ ഭാഷയുടെ പൈതൃകത്തോട്. അങ്ങനെയങ്ങനെ…എല്ലാവര്‍ക്കും നല്ലതു വരട്ടെ. നന്ദി.

(സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രഭാഷണം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു അവാര്‍ഡ് ദാനം)

One thought on “എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

  1. ” ഇനി എന്തു പറയാനുണ്ട് പുതുതായി? ഇതാണ് എപ്പോഴും ലോകത്തെവിടെയും എഴുത്തുകാരന്റെ, എഴുത്തുകാരിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ടേണിംഗ് പോയന്റ്. ഇനി എന്തു പറയാനുണ്ട് ഈ ലോകത്തിനോട് എന്ന ചോദ്യം. …… ഇന്ന് കേരളം എന്തു ചിന്തിക്കുന്നു എന്നതു പോയിട്ട് എന്റെ ഗ്രാമമോ എന്റെ വീടോ എന്തു ചിന്തിക്കുന്നു എന്നു പോലും എനിക്ക് വ്യക്തമായി പറയാന്‍കഴിയുന്നില്ല. അത്രയധികം ജീവിതം സങ്കീര്‍ണമായിരിക്കുന്നു. ” ചിന്തയുടെ വഴികള്‍ വെട്ടിത്തെളിച്ച് എം. ടി യുടെ പ്രഭാഷണം.. ! പുതു വര്‍ഷം ഗുരുക്കന്മാരോടൊപ്പം.. അസ്സലായി .

Leave a Reply

Your email address will not be published. Required fields are marked *